Tuesday, February 6, 2018

വൈകുന്നേരം പിന്നിലെ തൈകൾക്ക് നനയ്ക്കാൻ പോയാൽ നല്ല രസാണ്. തടത്തിൽ വെളളം നിറഞ്ഞു കഴിഞ്ഞാൽ എവിടന്നാന്ന് അതിശയിക്കണ വിധത്തിൽ വന്നെത്തും കിളികള്. കുളിക്കാനും വെള്ളത്തിൽ കളിക്കാനും. ന്നാ അപ്പർത്ത് ഒരു പാത്രത്തിൽ വെച്ചു കൊടുത്താലൊ നോക്കന്നെ ഇല്ല്യ. കരിയിലക്കിളികളും, മുളംതത്തകളും, ഓലേഞ്ഞാലികളും, വണ്ണാത്തിപ്പുള്ളുകളും, അരിപ്രാക്കളും, മൈനകളും, തൊപ്പിക്കിളികളും ഒക്കെ കൂടി ആകപ്പാടെ ബഹളാണ്. പൈപ്പ് പിടിച്ച് വെള്ളം അതുങ്ങൾടെ മേലെക്ക് ചീറ്റിക്കാൻ ഞാൻ ശ്രമിക്കുമ്പൊ ഒക്കേം പറന്നു മാറും. വാഴക്കൈകളിൽ മാറി മാറി പറന്നു കളിക്കാൻ വരണ അടയ്ക്കാകുരുവികളും ണ്ട് അതിനിടയിൽ. അവരു ചെലപ്പൊ താഴെ നിക്കണ ഇടിചക്കകളിൽ വന്നും കുറച്ചുനേരം ഇരുന്നു നോക്കും. ഇതൊക്കേം നോക്കി ദൂരെ മാറിയിരിക്കണ ഒരു ഗൗരവക്കാരൻ പൊന്മാനും ണ്ട് കൂട്ടത്തിൽ.

ഇപ്പഴായെ പിന്നെ നട്ടുച്ചക്കും കേൾക്കാം കുറുക്കന്മാരുടെ ഓരിയിടൽ. പിന്നിലെ പാടവക്കത്തെവടെയൊ ആണ് അവറ്റകൾടെ സങ്കേതം. പകലുപോലുമിപ്പൊ പറമ്പിലോട്ടെറങ്ങാൻ പേടിയാണത് കാരണം. ഇടയ്ക്ക് ഓടി വരും ഒരെണ്ണം അപ്പറത്തെ വളപ്പിലോട്ട്. മിക്കവാറും അന്നേരമൊക്കെ ഞാൻ വടുക്കോറത്ത്ണ്ടാവും. എന്റെ നേരെ നോക്കുമ്പൊ ഒക്കേം ഞാൻ ചോയ്ക്കും ന്തേന്ന്. അപ്പൊ ഒന്നൂടെ സൂക്ഷിച്ച് നോക്കീട്ട് ഓടിപ്പോവും.
ഇടയ്ക്ക് വരാറുള്ള മയിലുകൾ, പ്രാപിടിയൻ, തത്തകൾ പണ്ട് വന്നിരുന്ന കുരങ്ങന്മാർ ഇപ്പൊ കുറുക്കന്മാർ മുള്ളൻപന്നി, മരപ്പട്ടി, കീരി, പെരുച്ചാഴി, പാമ്പുകൾ ചുരുക്കി പറഞ്ഞാൽ അത്യാവശ്യം നല്ലൊരു മൃഗശാല സെറ്റപ്പ് ആണ് ന്റെ വീടിന്റെ പിന്നിലെ പാടോം പറമ്പ് വക്കും.

നെല്ലി,പേര, രണ്ടാമത് വെച്ച മാങ്കോസ്റ്റിൻ ഒക്കെ പോയെന്നു തോന്നണൂ. കൊന്ന മാതൈകൾ ഒക്കെ ഉഷാറായി നിക്ക്ണ്ട്. കിണറ്റിലെ വെള്ളൊക്കെ നല്ലോം കൊറഞ്ഞു. വറ്റ്വൊ ആവോ!!! ഇന്നാള് ചന്ദ്രഗ്രഹണം ണ്ടായ അന്ന് ടീവീല് പറയ്ണ്ടായിരുന്നു കാലാവസ്ഥയിലും മഴ പെയ്യണേലും ഒക്കെ ചന്ദ്രനും സ്വാധീനം ണ്ട്ന്ന്. ചന്ദ്രൻ ഭൂമീടട്ത്ത് ന്ന് അകന്നോണ്ടിരിക്ക്യാണ് കൊറെ കഴിഞ്ഞാ നിലാവും മഴേം ഒന്നും ണ്ടാവില്ലാന്നും ഒക്കെ. 
ദൈവമെ അപ്പഴെക്കും ഈ ലോകന്നെ ഇല്ലാണ്ടായാ മത്യാരുന്നു ന്ന് ഞാൻ പറഞ്ഞു. പറഞ്ഞിട്ട് കാര്യല്യ ഞാനുൾപ്പടെ ഉള്ള മനുഷ്യർ അമ്മാതിരിയല്ലെ പ്രകൃതിയെ ഭൂമിയെ ദ്രോഹിക്കണത്. ചന്ദ്രനല്ല സൂര്യൻ വരേം ഓടും. നിലാവും മഴേം ഇളം വെയിലും കാറ്റും മഞ്ഞും ഒന്നും ഇല്ലാത്തൊരു ലോകത്തെ കുറിച്ച് ഓർക്കാനേ വയ്യ!

ഇത്തവണത്തെ കല്ല്യാണിക്കാവ് പൂരോം ദേ ഇന്ന് ഗുരുതീം കഴിഞ്ഞു. കൊറെ വർഷങ്ങൾക്ക് ശേഷം ഇത്തവണ താലപ്പൊലീടെ അന്നത്തെ ദീപാരാധന തൊഴാൻ പോയി. അച്ചൂനെ മൂന്നു മാസം വയറ്റിലുണ്ടായിരുന്ന കാലത്ത് തൊഴുതേനു ശേഷം പിന്നെ ഇപ്പോഴാണ് ദീപാരാധന കാണുന്നത്. കരിങ്കാളി വരവുകളും അതിന്റെ ഒച്ചേം തിരക്കും അത് കഴിഞ്ഞുള്ള വെടിക്കെട്ടും ഒന്നും അച്ചൂന് പറ്റാത്തോണ്ട് പൂരം കണ്ട കാലം മറന്നിരുന്നു. കഴിഞ്ഞ രണ്ട് കൊല്ലായി വെടിക്കെട്ടില്ലാണ്ടായെ പിന്നെ ആ പേടി വേണ്ട. പക്ഷെ കഴിഞ്ഞ കൊല്ലത്തെ നാസിക് ഡോൾ ബഹളോം ഇക്കൊല്ലത്തെ ശിങ്കാരി മേള കോലാഹലങ്ങളും കേട്ട് മടുത്ത അച്ചു പറഞ്ഞു ഇതിലും ഭേദം വെടിക്കെട്ടാന്നാ തോന്നണെ ന്ന്. ശരിയാണ് അതൊക്കെ ചുമ്മാ ശബ്ദമലിനീകരണെ ണ്ടാക്കണള്ളൂ. :( (ഇതിന്റെയൊക്കെ ആരാധകർ ആരും എന്നെ ചീത്ത വിളിക്കല്ലേട്ടൊ. ഞാൻ എന്റെ അഭിപ്രായം പറഞ്ഞൂന്നേള്ളൂ.)

ഈ പൂരം കൂടാൻ തുടങ്ങ്യേനു ശേഷാണ് നാടകോം, ഗാനമേളേം, ഓട്ടന്തുള്ളലും, ചാക്യാർകൂത്തും ഒക്കെ കാണാൻ സാധിച്ചെ. ആ പതിനഞ്ച് ദിവസങ്ങളും നല്ല രസാണ്. പിടിപ്പത് പണികളുണ്ടെങ്കിലും ഊണും ഒറക്കോം ഒക്കെ സമയം തെറ്റിയാണെങ്കിലും പാട്ടുകാലം എനിക്ക് പ്രിയപ്പെട്ട ദിവസങ്ങളാണ്. ഇവിടത്തെ പാട്ടിന്റന്നാണ് ശരിക്കും കളം പാട്ട് മുഴോനും ഞാൻ കാണാറുള്ളത്.

ഇത്തവണ ഹരിയേട്ടനായിരുന്നു കളം പാട്ടിന്റെ അവകാശം. പുള്ളി പണ്ട് കൊറേക്കാലം ഹിമാലയത്തിലൊക്കെ ആയിരുന്നൂത്രേ. അത് കേട്ടതിൽ പിന്നെ ആളെ  കാണുമ്പൊ എനിക്ക് ഒരു സന്യാസിനി ഓർമ്മ വരും. ആ ഒരു ബഹുമാനം തോന്നും. ഹരിയേട്ടനീ കാലത്ത് ഒരുപാട് അമ്പലങ്ങളിൽ പാട്ടുണ്ടാവും. അതുകൊണ്ട് ഇവടെ കളം വരച്ച് വച്ചിട്ട് വേറെ ദിക്കിലോട്ടോടും. അത് കഴിഞ്ഞിവടെ വരും. അങ്ങനെ ആകെ തിക്കും തിരക്കും കൂട്ടി നേരം വൈകി പാട്ട് ദിവസങ്ങൾ കടന്നുപോകും. നേരത്തിന് ഊണൊ ഉറക്കോ ഇല്ലാതെ ഓടിനടന്ന് പുള്ളിക്കീ കാലത്ത് ഷുഗറും പ്രഷറും ഒക്കെ കൂടി എപ്പഴും വിറച്ചോണ്ടാണ്. കണ്ടാൽ നമുക്ക് കഷ്ടം തോന്നും. ചിലര് വിചാരിക്കും കള്ളും കഞ്ചാവും ഒക്കെ അടിച്ചാണെന്ന്. കാണുന്നോര് ചോദിക്കും  ഇയാളിതെന്തിനാ ഇത്ര കഷ്ടപ്പെട്ട് എല്ലാം ഏറ്റെടുക്കണേന്ന്. വെളിച്ചപ്പാട്  വെളിച്ചപ്പെടുമ്പോൾ മാത്രല്ലേ ദൈവാവുന്നുള്ളൂ. അല്ലാത്തപ്പോ അയാളും പ്രാരാബ്ധക്കാരൻ തന്നെ. ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടം. അത്ര തന്നെ.  ഒരിക്കൽ അച്ചൂന് വേണ്ടി വഴിപാടായി ഹരിയേട്ടനെക്കൊണ്ട് ദാരികാവധം പാടിച്ചിട്ടുണ്ട്. മുഴോനും മനസിലാവില്ലെങ്കിലും അത് കേട്ടിരിക്കാൻ നല്ല രസാണ്. ആ വാദ്യോപകരണത്തിന്റെ ശബ്ദോം. അതിന്റെ പേര് ഞാൻ മറന്നു.

ഇത്തവണ പൂരത്തിന്റന്ന് നിലാവ് നിറഞ്ഞിരുന്നു. മഞ്ഞിന്റെ തണുപ്പും നന്നായിട്ടുണ്ടായിരുന്നു. പകലൊക്കെ കാറ്റും വീശിയിരുന്നു. തൃപ്രയാർ തേവരുടെ ഏകാശി കാലങ്ങൾ ഓർമ്മ വന്നു എനിക്കന്നേരം. ഒരിക്കൽ പറഞ്ഞത് പോലെ ഓരോ ഉത്സവകാലങ്ങളും തന്നുപോവുന്നത് ഒരുപാട് നിറങ്ങളെയാണ്. ഓർമ്മകളെയാണ്.

7 comments:

  1. വെള്ളം നിറഞ്ഞ തടങ്ങളിൽ നീരാടാൻ വന്ന കിളികളുടെ ചിത്രങ്ങൾ കൂടി ആവാമായിരുന്നൂട്ടോ... ആ നാട്ടിൻപുറം കാണാൻ ഞങ്ങൾ വരുന്നുണ്ട് ഒരു ദിവസം... സുധിയുടെയും ദിവ്യയുടെയും ഒപ്പം...

    ReplyDelete
  2. :) ചിത്രങ്ങളെടുക്കാനൊക്കെ മറന്നു പോയിരിക്കണൂ. വല്ലപ്പോഴും ഒരു സെൽഫി അത്രേയ് ഇപ്പെന്റെ പടം പിടുത്ത പരീക്ഷണം ള്ളൂ.

    ReplyDelete
  3. പടം മാത്രല്ലാല്ലോ വിശേഷങ്ങളും ഇപ്പോ കുറഞ്ഞൂലോ ഉമേ... ഒട്ടും കുറയാതെ പറഞ്ഞോളൂട്ടോ :)

    ReplyDelete
    Replies
    1. വിശേഷായതോണ്ടാ ഇപ്പൊ വിശേഷങ്ങളൊക്കെ കുറഞ്ഞത് മുബിത്താ.....

      Delete
    2. നിഷ്കളങ്കമായ എഴുതും ശൈലിയും. ഉത്സവങ്ങളെ ഇത്രയും ആഴത്തിൽ ഉൾക്കൊള്ളുന്ന ആളുകൾ ഇപ്പഴും ഉണ്ടെന്നറിയുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. പിന്നെ മൃഗങ്ങളുടെ വൈവിധ്യം വച്ച് നിങ്ങടെ പറമ്പ് ഒരു റിസർവ്ഡ് ഫോറെസ്റ്റ് ആക്കാനുള്ള സെറ്റപ്പ് ഉണ്ട്.

      Delete
  4. ഇതുപോലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും ,
    അതിനൊത്ത പടങ്ങളുമായി ഇനിയും ഇടക്കിടക്ക്
    ഇവിടെ വരണം കേട്ടോ ഉമേ ..

    ReplyDelete
  5. നാട്ടിൽ എത്തിയ ഫീൽ ആയി വായിച്ചപ്പോൾ.. കുട്ടിക്കാലത്ത് തെങ്ങിന് വെള്ളമടിച്ചു ചിന്തിച്ചു കടന്നു പോയ സന്ധ്യാ സമയങ്ങൾ ഓർമ്മ വന്നു..

    ReplyDelete