Thursday, February 23, 2017

എത്ര കാലമായി ഞാനെന്റെ ദിവസങ്ങളെ പറ്റി പറഞ്ഞിട്ട്!!!!!!

 ദിവസങ്ങളിങ്ങനെ ഓടിയോടിയകലുകയാണ്. പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് രണ്ടു മാസമാവുന്നു. രാവിലെ അച്ഛനും മോളും പോയിക്കഴിഞ്ഞാൽ പിന്നീടുള്ള തനിച്ചാവൽ നല്ല രസമാണ്. അടിച്ചു വാരി തുടയ്ക്കുമ്പോൾ ചുമരുകളോടും, തൂണുകളോടും, ജനാലകളോടും, വാതിലുകളോടുമൊക്കെ ഞാനെന്നെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കും. നിങ്ങളിലെ ഓരോ തരി മണ്ണിനോട് പോലും സ്നേഹവും പ്രതീക്ഷയും പ്രാർത്ഥനയും നിറച്ചിട്ടാണ് ഞാനീ വീട് പണിതേ ട്ടോ ന്നു പറയുമ്പോ വീടെന്നെ നോക്കി ചിരിക്കാറുണ്ട്.

അടുക്കളയിൽ ചിലവാക്കുന്ന നിമിഷങ്ങളിൽ എന്റെ കത്തി പച്ചക്കറികളോടും പാത്രങ്ങളോടും മണങ്ങളോടും രുചികളോടുമൊക്കെയാണ്. പണ്ടെപ്പോഴൊക്കെയോ എവിടുന്നൊക്കെയോ ആരിൽ നിന്നൊക്കെയോ അനുഭവിച്ചറിഞ്ഞ ചില ആഹാര രുചികളെ വീണ്ടും അനുഭവിക്കാൻ വേണ്ടിയുള്ള എന്റെ പെടാപ്പാടു കാണുമ്പോൾ എന്റടുക്കളയും എന്നെ കളിയാക്കി ചിരിക്കാറുണ്ട്. എങ്കിലും ചുരുങ്ങിയ ഈ ദിവസങ്ങൾ കൊണ്ട് മുഴുവനായല്ലെങ്കിലും കുറച്ചൊക്കെ തിരിച്ചു പിടിച്ചിട്ടുണ്ട്  മോളി അച്ചോൾടെ ചീര തോരനെ, വല്യമ്മേടെ ഗ്രീൻപീസ് കറിയെ, രാധ വല്യമ്മേടെ പച്ചക്കായമിട്ട മാങ്ങാക്കറിയെ, അന്ന് ഇൻഡോറിൽ പോവാൻ നേരം തീവണ്ടിയിലിരുന്ന് കഴിച്ച ഉള്ളി തീയലിനെ ........... അങ്ങനെ നാവീന്നിറങ്ങിപ്പോവാൻ ഒരിക്കലും കൂട്ടാക്കാത്ത ചില രുചികളെ.

സ്വന്തമാക്കാനായി ഇനിയുമുണ്ട് കൊതിപ്പിക്കുന്ന ചില രുചികൾ. മുത്തശീടെ പാവയ്ക്ക പൊട്ട്ല, അട ദോശ, പൊക്കുവട അങ്ങനെയൊരുപാട് ....... ഇടയ്‌ക്കോരോ പരീക്ഷണങ്ങളും ണ്ട്. വലിയ പരിക്കൊന്നും ഇല്ലാതെ അതിലെല്ലാം രക്ഷപ്പെട്ടു പോന്നു. ഇന്നലെ ഞാൻ ആദ്യമായി കടുമാങ്ങ ഉണ്ടാക്കീണ്ട്. ദൈവമേ.......മിന്നിച്ചേക്കണേ!!!!!!!!

പിന്നിൽ നട്ടു നനച്ചുണ്ടാക്കിയ  2 നേന്ത്ര വാഴകളോട് അച്ചുവിനോടെന്ന പോലുള്ള കരുതൽ കാണുമ്പോ മറ്റു ചെറുവാഴകൾ എന്നെ നോക്കി പരിഭവിക്കാറുണ്ട്. ഞങ്ങളെ ഇഷ്ടല്ലെങ്കി പിന്നെന്തിനാ ഇങ്ങനെ നിർത്തിയേക്കണേന്നു ചോയ്ക്കുമ്പോ മലർന്നു നിവർന്നു നിക്കണ ഓരോ വാഴയിലകളിലും ഞാൻ തലോടി ഉമ്മ വെക്കാറുണ്ട്. പയറിനും പച്ചമുളകിനും വെണ്ടയ്ക്കും ചീരയ്ക്കും ഒക്കെ എന്നെ പേടിയാണെന്ന് തോന്നുന്നു മിണ്ടല് കൊറവാ.ന്നാലും ഞാൻ അങ്ങട് മിണ്ടും.പാവാ ഒക്കേം.

ഇതിനിടയിൽ ഒരു യാത്രക്കിടയിൽ കലശമല എന്ന സ്ഥലത്തേക്ക് പോയിരുന്നു. വരുന്ന മഴക്കാലത്ത് വീണ്ടും വരാമെന്നും പറഞ്ഞാണവിടെ നിന്നും പോന്നത്. മഴപെയ്യുമ്പോൾ മാത്രം പോകേണ്ടുന്ന ഒരിടമാണത്. അത്രയും വിശുദ്ധം. അശേഷം വെയിലില്ലാതെ എങ്ങോട്ട് തിരിഞ്ഞാലും അപ്പൂപ്പൻതാടികളും , ഊഞ്ഞാൽ വള്ളികളും, പച്ചയുമുള്ള  ഒരിടം. ശാന്തം, സ്വച്‌ഛം.

ബാത്ത് റൂമിനുള്ളിലെ ചുമരിൽ ഒരു ദിവസം ഒരു പല്ലി വന്നിരുന്നു. പിറ്റേന്ന് രാവിലെ ഞാനതിനെ പുറത്തേക്ക് പോകാൻ സഹായിച്ചപ്പോൾ അതിന്റെ ഓട്ടം ഒന്ന് കാണേണ്ടതായിരുന്നു. കൂട്ടിനാരുമില്ലാതെ തിന്നാനും കുടിക്കാനും കിട്ടാതെ എത്ര നേരമെന്നു വെച്ചാ ഇരിക്ക്യാന്ന് അതെന്നോട് ചോദിച്ചിട്ടാണ് പോയത്. പക്ഷെ എനിക്കിഷ്ടമാണ് എൻറെയീ ഏകാന്തതയെ. കാരണം എനിക്ക് ചുറ്റും മറ്റെല്ലാം ശാന്തമാണിന്ന് , എന്റെയുള്ളിലും.....

ഇടയ്ക്കൊരു ദിവസം അടിച്ചു വാരുന്നതിനിടയിൽ ഞാനൊരു എട്ടുകാലിയെ കൊന്നു. അതിനെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യാണ്ടായപ്പോ ചെയ്തതാണ്. ഓരോ തവണേം പുറത്തേക്കയക്കും.പിന്നേം പിന്നേം എന്നെ വെല്ലുവിളിച്ചോണ്ട് കേറി വരും. അച്ചൂനെ പേടിപ്പിക്കാൻ കൃത്യം അവളുടെ മുന്നിൽ തന്നെ വന്നിരിക്കും. സഹികെട്ട് ഞാനൊരടി വെച്ച് കൊടുത്തു. പക്ഷെ അത് ചാവുമെന്നു കരുതിയില്ല. ആദ്യം കൊറച്ച് വിഷമോക്കെ തോന്നി പിന്നെ മാറി. അതിനെ അടിച്ചു കളഞ്ഞപ്പൊ ദൂരേന്നു വേറൊരെണ്ണം എത്തി നോക്കണ കണ്ടു.അന്നേരം ഞാനോർത്തു ഇതിപ്പോ ഓടിച്ചെന്നു അതിന്റെ ആളുകളോട് ഈ വിവരം പറയുംലോ, അവരൊക്കെ ഞെട്ടുമായിരിക്കും  ഇത്രേം ചെറുപ്പമായ ഈ എട്ടുകാലി ചത്തതിൽ. നല്ലോരു പയ്യനായിരുന്നു അതിനിങ്ങനെ വന്നൂലോന്നും പറഞ്ഞ് നെടുവീർപ്പിടുമായിരിക്കും. അതിന്റച്ഛനും അമ്മേം എങ്ങനെ സഹിക്കും....ന്നൊക്കെ അവർ തമ്മിൽ പറയുമായിരിക്കും. ഇനി ഒക്കെ കൂടി ആദ്യേ എന്നെ ബുദ്ധിമുട്ടിക്കാൻ വരുമോ ആവോ!!!!! .

പഴയ വീട്ടിലേക്ക് എന്നും രണ്ടു കാക്കകൾ  വരും. അവരെ കാണുമ്പോ പണ്ട് രണ്ടു ടീമ്സ് ഏകാശി നോറ്റ കഥ ഓർമ്മ വരും. അതിലെ നല്ല കാക്കയാണ് ആദ്യം വരിക.അതിനെന്ത്  കൊടുത്താലും തിന്നോളും.കൊടുക്കാൻ വൈകിയാലും ക്ഷമയോടെ കാത്തിരുന്നോളും. ഏട്ത്തി അതിനു വേണ്ടി മിക്സ്ചർ ഒക്കെ മേടിച്ചു വെക്കും.അതിനത് വലിയ ഇഷ്ടാണ്.ഇനിയൊരെണ്ണം ഉണ്ട്. നമ്മളെ വെറുപ്പിച്ച് കൊല്ലും. ന്ത് കൊടുത്താലും തിന്നില്യ. വായും പൊളിച്ച് തുറിച്ചു നോക്ക്യോണ്ടിരിക്കും . പറഞ്ഞാലൊട്ട് കേൾക്കില്യ. കണ്ണീക്കണ്ടതൊക്കേം അവിടെമിവടേം കൊത്തിക്കൊണ്ടിടും. അതാ കിണറ്റിന്ന് കരിക്കട്ട കിട്ടിയ കാക്കന്ന്യാ.

നിലാവ് പൂക്കണത് കാണാൻ എനിക്കിപ്പോ ജനാല തുറന്നിടണ്ട. എന്റെ നടുമുറ്റത്ത് നിറഞ്ഞു പെയ്യാറുണ്ടിപ്പോ. രാത്രി കൃത്യം പത്തരയ്ക്കാണ് വരാ. എന്നോട് മിണ്ടാൻ വേണ്ടി മാത്രമാണെന്ന് പറയാറുണ്ട്. സന്തോഷം കൊണ്ടെന്റെ ഉള്ളു നിറയുമ്പോൾ,  കണ്ണ് നനയുന്നത് കാണുമ്പോൾ എന്നെ വഴക്ക് പറയാറുണ്ട്, സ്നേഹത്തോടെ കെട്ടിപ്പിടിക്കാറുണ്ട്, ഉമ്മ വെക്കാറുണ്ട്. യാത്ര പറഞ്ഞു പോവുമ്പോൾ എന്റെയുള്ളിൽ സ്നേഹവും നിറഞ്ഞു പൂക്കാറുണ്ട്.

ഇതിനിടയിൽ കല്ല്യാണിക്കാവ് പൂരം കഴിഞ്ഞു. ഇത്തവണ ആദ്യമായി അച്ചു പോയി പൂരം കാണാൻ. അവൾക്കിഷ്ടപ്പെട്ടില്ല. ആ തിരക്കും, ഒച്ചയും ബഹളവും അവൾക്കെന്നല്ല എനിക്കും പ്രിയല്ല്യ.  പക്ഷെ പറയാതെ വയ്യല്ലോ കല്ല്യാണിക്കാവ് പൂരം കൂടാൻ തുടങ്ങ്യ ശേഷാണ് നാടകോം, ബാലേം, ചാക്യാർ കൂത്തും, ഓട്ടന്തുള്ളലും ഒക്കെ കണ്ടേ!! അപ്പപ്പോ ണ്ടാക്കണ ജിലേബീം, ആറാം നമ്പർ ന്ന പലഹാരോം ഇവിടെത്തീട്ടാ കാണണേ!!! കരിങ്കാളി, തിറ, ചോഴീം മക്കളും, മൂക്കൻ ചാത്തൻ അങ്ങനെ കൊറേ പേരും എനിക്കിവിടെ ന്യൂ ഫേസ് ആയിരുന്നു. അച്ചൂനാദ്യൊക്കെ ഈ ഐറ്റംസ് മൊത്തം പേട്യായിരുന്നു. ചെണ്ടേടെ, വെടീടെ ശബ്ദോക്കേം പറ്റൂല്ലാരുന്നു. ഇപ്പഴും ദീപാരാധനയ്ക്ക് അകത്തേക്ക് കേറി നിക്കൂല്ല. ആ ശബ്ദം അവൾടെ പാതി കേടായ കുഞ്ഞു ഹൃദയത്തിന് താങ്ങാൻ വയ്യാത്രെ!!! എന്നാലും എന്നും പോവും. ചെവീം പൊത്തി പൊറത്ത് നിൽക്കും അച്ചൂം അമ്മേം. നട തുറക്കുമ്പോ കല്ല്യാണി ആദ്യം നോക്കുന്നത് ഞങ്ങടെ നേരെയാണെന്ന് ഞങ്ങക്ക് നല്ല ഒറപ്പാ!!!

പുതിയ വീട്ടിൽ താമസം തുടങ്ങ്യേ പിന്നെ അച്ചു ഒന്നൂടെ വല്ല്യേ കുട്ട്യായി. ചില വർത്താനങ്ങളും പ്രവൃത്തികളും എന്നെ ചിരിപ്പിക്കാറും ചിന്തിപ്പിക്കാറും ഇടയ്ക്ക് സങ്കടപ്പെടുത്താറുംണ്ട്. അവള് ഗുരുവായൂരപ്പന്റെ സ്പെഷ്യലാണെന്ന ഒരു ബഹുമാനം എനിക്കവളോടെപ്പഴും തോന്നീട്ടുണ്ട്. മൂപ്പരെനിക്ക് തന്നതിലേറെയും കണ്ണീരാണെങ്കിലും, അതിലൊരു വലിയ സങ്കടക്കടലാണെനിക്കെന്റെ അച്ചു എങ്കിലും ഞാൻ സന്തോഷവതിയാണ്. അവളെന്റെ പുണ്യമാണെന്ന വിശ്വാസം, അവളോളം നന്മ ഇനിയെന്നിൽ സംഭവിക്കാനില്ലെന്ന തിരിച്ചറിവ് , അത് തന്നെയാണ് അവളുടെ അമ്മയായിരിക്കാൻ എന്നെ ധൈര്യപ്പെടുത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഞാനെന്റെ ഇല്ലത്തേക്ക് പോയിരുന്നു. മൂവാണ്ടന്റെ കണ്ണിമാങ്ങ, പച്ച മാങ്ങ, ചെനച്ച മാങ്ങാ, ചന്ദ്രക്കാരന്റെ മാമ്പഴം, തെക്കോർത്തെ പേരറിയാത്ത പുളിയുള്ള മാമ്പഴം, പടിഞ്ഞാറേ പറമ്പിലെ പിന്നേം പേരറിയാത്ത രണ്ടു നാട്ടുമാവുകളിലെ ഉപ്പുമാങ്ങ പ്രായമെത്തിയ കൊറേ മാങ്ങകൾ ഒക്കെ അവിടുന്നെനിക്ക് കിട്ടി. മാമ്പഴം പെറുക്കാൻ നടന്നപ്പോഴും, കുന്നിക്കുരു വള്ളീന്ന്  കഷ്ടപ്പെട്ട് കുന്നിക്കുരു പൊട്ടിച്ചപ്പോഴുമൊക്കെ ഞാനാ പഴയ ബടുക്കൂസ് കുട്ടി ആയീന്നു തോന്നി. നാളെ ആദ്യേ കൊറേ മാങ്ങ കൊണ്ടന്നു തരാൻ പറഞ്ഞ്ണ്ട് ദീപൂനോട്. അതും കാത്തിരിക്ക്യാണ് ഞാൻ. 

ഇന്നത്തെ പേപ്പറിൽ ഐറിഷിന്റേം കൂട്ടുകാരീടേം കല്യാണ വിശേഷം ണ്ടായിരുന്നു. ഫേസ് ബുക്കിൽ ഇടയ്ക്ക് ഞാൻ പോയി നോക്കാറുള്ള ടൈം ലൈൻ ആണ് അയാളുടെ. ഐറിഷ്, വീണ, സജ്‌ന,അനു അങ്ങനെ ഒരു പരിചയവുമില്ലാത്ത കുറേ പ്രിയപ്പെട്ടവർ............ ജീവിതം അവരൊക്കെ എത്ര മനോഹരമായാണ് ജീവിച്ചു തീർക്കുന്നതെന്ന് സ്നേഹത്തോടെയും ബഹുമാനത്തോടെയും ഞാൻ ആലോചിക്കാറുണ്ട്. സ്വന്തം ഇഷ്ടങ്ങൾ കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ അത്രയും ഭംഗിയോടെ, നന്മയോടെ ഒരു ജീവിതം............ഭാഗ്യം, പുണ്യം, മനോഹരം അതിൽ കൂടുതൽ വാക്കുകൾ ഇല്ല എനിക്ക് വിശേഷിപ്പിക്കാൻ.

എനിക്കും പോണം ഒരു യാത്ര........
ഞാനിതുവരേം പോയിട്ടില്ലാത്ത പുതിയൊരു വഴിയിലൂടെ..................
എന്റെയിഷ്ടങ്ങളെ കൂട്ട് പിടിച്ചുകൊണ്ട്......
അത് തരുന്ന കാഴ്ചകളിൽ മനം നിറച്ച്..................
അവയ്‌ക്കൊരുപാട് നിറങ്ങളെ നൽകി....................
അതിനുള്ളിലെ രുചികളറിഞ്ഞ് ................
ചൂടും തണുപ്പും അനുഭവിച്ച്........
ഏറ്റവും മനോഹരമായ ഒരു യാത്ര!!!!!!!!

37 comments:

  1. ഉമയും , പുതിയ വീടും.!
    ഇതെത്ര പറഞ്ഞാലും ഉമയ്ക്ക് മടുക്കില്ലാന്നറിയാം ..
    അത്രയേറെ സ്വപ്നങ്ങളിലും , പ്രതീക്ഷകളിലും പടുത്തുയർത്തിയതാണല്ലോ അത്..
    ബടുക്കൂസിന്റെ നൊസ്സുകൾ തുടരട്ടെ ..:)
    പാവം അയാൾ - നിന്റെ അടുക്കള പരീക്ഷണങ്ങൾ ;)

    ReplyDelete
  2. എത്ര ഭംഗിയായി കയ്യടെ പറഞ്ഞു. .. ആശംസകള്‍ ഉമാ

    ReplyDelete
  3. പുതിയ വീട്ടിലെ വിശേഷങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോന്ന് വിചാരിച്ചിരിക്ക്യായിരുന്നു... കടുമാങ്ങ ഭരണി തുറന്നോ? ചെടികളോട് മിണ്ടി പറയണ സ്വഭാവം നിക്കുമുണ്ട്. കുട്ടികള്‍ കേട്ടാല്‍ കളിയാക്കും... അവര്‍ക്ക് അതൊക്കെ തമാശയാണ് :) ഇനിയുമുണ്ടല്ലോ വിശേഷങ്ങള്‍, ഒക്കെ പറയൂ കേള്‍ക്കട്ടെ... സ്നേഹം <3

    ReplyDelete
    Replies
    1. തിരിച്ചും കൊറേ സ്നേഹം മുബിത്താ.....

      Delete
  4. ഇപ്പോഴെങ്കിലും ഇതൊക്കെ ഒന്നെഴുതിയല്ലോ!

    ReplyDelete
    Replies
    1. വന്നൂലൊ ഇപ്പോഴെങ്കിലും ഇത് വായിക്കാൻ

      Delete
  5. ഇങ്ങനെയൊക്കെ പറയാൻ ഉമച്ചേച്ചിക്കേ കഴിയൂ...!!!!!

    ReplyDelete
  6. ഉമയുടെ ചിന്തകൾ

    ReplyDelete
    Replies
    1. ഇതിനെ ഇങ്ങനേം പറയാമൊ???

      Delete
  7. പറഞ്ഞത് നന്നായി .കാണാതെ പോയേനെ ഈ ചെല്ലം നിറഞ്ഞ കിളിപ്പേച്ചുകൾ. നന്മ ഉണ്ടാവട്ടെ

    ReplyDelete
    Replies
    1. സിയാഫ്ക്കാ ന്റെ വായിക്കലും കമന്റും ഞാൻ പ്രതീക്ഷിച്ചില്ല.വളരെ സന്തോഷം ട്ടോ.

      Delete
  8. ദുഷ്ടത്തീ ( ഉമ ചേച്ചീ )കൊതിപ്പിച്ചു കളഞ്ഞു നാളെ തന്നെ പോയി മാങ്ങ പെറുക്കണം നാവിൻ തുമ്പിൽ ആ ( വായിൽ കപ്പലോടി തുടങ്ങി ) ദീപു എത്തുന്നതിനു മുമ്പേ എത്തണം

    ReplyDelete
    Replies
    1. ആ വഴിയ്ക്ക് പോയാൽ വിവരമറിയും. ദീപു ഇനീം വന്നില്ലാന്നേ!!! :(

      Delete
  9. എത്ര ഭംഗിയായിട്ടാണ് ഉമ ജീവിതം പറയുന്നത്. എനിക്കേറെ ഇഷ്ടായി എല്ലാ ചരാചരങ്ങളോടുമുള്ള കുശലാന്വേഷണം. കല്യാണിക്കാവിലെ പൂരോം വിശേഷോം ഒക്കെ നമ്മുടെ മാത്രം പ്രാദേശിക ഭാഷയിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖാ.. അച്ചു കുസൃതി നിറഞ്ഞ ഓമനക്കുട്ടിയാ, എന്തിഷ്ടാണെന്നോ, മൗഗ്ലിക്കുട്ടിയെ...

    ReplyDelete
    Replies
    1. അപ്പൊ എനിക്കിവിടത്തെ ഭാഷ വന്നൂന്നാണോ പറയണേ?????അച്ചു ഇപ്പൊ തിരുവാതിരക്കളി പഠിക്കലാ സ്‌കൂൾ വാർഷികത്തിന് കളിയ്ക്കാൻ. എന്താലേ!!!!

      Delete
  10. നിന്റെ മുറ്റത്തൊരു നന്മമരം വളരുന്നുണ്ട് ,

    ReplyDelete
    Replies
    1. അത് പറഞ്ഞത് സത്യാ...........വളര് ണ്ട്.

      Delete
  11. പന നൊങ് എങ്കിലും മതീട്ടാ 😜

    ReplyDelete
    Replies
    1. അത് മതീലോ ലെ???ന്നാ മോൻ സ്ഥലം വിട്ടോ അതിവിടെ ല്ല്യ .

      Delete
    2. മുറിച്ചോ അത് കുളത്തിന്റവിടത്തെ 😰

      Delete
    3. ath nd njaan pottikkaarilla

      Delete
  12. പണ്ട് വീണപൂവിലെ ഒരു സ്ഥിരം വായനക്കാരനായരുന്നു ഞാനും, ഇപ്പൊ എന്റെ എഴുത്തും വായനയുമൊക്കെ ഒരുപാട് കുറഞ്ഞു...ഉമേടെ വിശേഷങ്ങൾക്ക് അന്നും ഇന്നും ഒരേ തിളക്കം.

    സ്നേഹം,
    മനു.

    ReplyDelete
    Replies
    1. ഇങ്ങനെ പറയാൻ മനു പണ്ടും ഇപ്പഴും ഒക്കെ വരുന്നുണ്ടല്ലോ.സ്നേഹം മനൂ.............

      Delete
  13. ഒരു നാല് മാസം കൂടി കഴിഞ്ഞോട്ടെ... ഞങ്ങളും വരും നാട്ടിലേക്ക്... പിന്നെ വാഴയോടും മാവിനോടും മുറ്റത്തെ കൂവളത്തിനോടും ഒക്കെ മിണ്ടീം പറഞ്ഞും ഒക്കെ ഞങ്ങളുമുണ്ടാവും നാട്ടിൽ...

    ReplyDelete
    Replies
    1. ആഹാ..............അത് നന്നായി.ദിവസോം ന്റെ മാത്രം വർത്താനം കേട്ടിട്ട് എല്ലാർക്കുമുള്ള ബോറടി മാറിക്കിട്ടുംലോ അപ്പൊ.

      Delete
  14. പറഞ്ഞാലും പറഞ്ഞാലും
    പറഞ്ഞ് തീരാത്ത ഒരു സ്നേഹ വീടും തൊടികളും
    ഇനി നാട്ടിൽ വരുമ്പോൾ ഈ വീട് കാണാൻ ഒന്ന് വരണം

    ReplyDelete
    Replies
    1. ഓ.............ആയ്‌ക്കോട്ടെ

      Delete
  15. ഉമേച്ചീ,

    ഇത്ര മനോഹരമായ എഴുത്ത്‌ കാണാൻ വൈകി.ഇങ്ങനെ കൊച്ചുവർത്തമാനശൈലിയിൽ എഴുതാൻ ഈ ബൂലോഗത്ത്‌ ഒരാൾക്കേ കഴിയൂ.അത്‌ ചേച്ചി മാത്രം.

    ആ വീടൊന്ന് കാണണമെന്ന് തോന്നിപ്പോകുന്നു.സസ്പെൻസായി ഞങ്ങൾ ഒരുദിവസം അവിടെ വരും.സൂക്ഷിച്ചോ!!!!

    ReplyDelete
  16. സസ്പെൻസായി വന്നാൽ യൂ വിൽ ഗെറ്റ് ഓൺലി എ ഗ്ലാസ് സംഭാരം. :(

    ReplyDelete
  17. ഹാ ഹാ ഹാ.ഞാൻ സസ്പെൻസായി കല്ലോലിനിയേം കൂട്ടി വരുവെന്ന് പറഞ്ഞാൽ മൂന്നാലു ദിവസം മുൻപേ അറിയിച്ച്‌ വരുമെന്നേ അർത്ഥമുണ്ടായിരുന്നുള്ളൂ...എന്തായാലും വരും .കേട്ടോ.

    ReplyDelete
    Replies
    1. ആയ്ക്കോട്ടെ. സ്വാഗതം :)

      Delete
  18. വീട്ടു വിശേഷങ്ങളെല്ലാം പറഞ്ഞു തീർന്നോ? രണ്ടു മാസമായി ഒരു വിശേഷം പറച്ചിലും ഇല്ല. വരൂ കുറെ വർത്തമാനം പറയൂ.

    ReplyDelete