Friday, December 23, 2016

പ്രണയവിസ്മയങ്ങൾ.....

പല നിറങ്ങളിലുള്ള പൂക്കളുടെ ചിത്രങ്ങൾ നിറഞ്ഞൊരു കുട മേടിക്കണം.
ഒരുനാൾ മുറ്റത്ത് അതിങ്ങനെ നീർത്തി വെച്ചിരിക്കണത്  കണ്ട പൂമ്പാറ്റകൾ
പൂക്കളെന്നു കരുതി അതിനടുത്തേക്ക് വരുമ്പോ
ഓടിച്ചെന്നു കുട മടക്കി എടുത്തു വെക്കണം.
നിനക്ക് വേണ്ടി ഞാൻ ഒരുക്കുന്ന candle light dinner ൽ
നിന്റെ മുന്നിൽ വെച്ച് ആ കുട നിവർത്തുമ്പോൾ
ചിത്രങ്ങൾ പൂക്കളായി മാറുകയും
അതിനുള്ളിൽ നിന്ന്  പല നിറമുള്ള പൂമ്പാറ്റകൾ പാറിപ്പറക്കുകയും
ചെയ്യുന്നത് കണ്ട്
സന്തോഷത്തോടെ,
അൽപ്പം അതിശയത്തോടെ
അതിലേറെ പ്രണയച്ചിരിയോടെ നിൽക്കുന്ന
നിന്റെ കാതിൽ പറയണം
"കണ്ടോ...........നിനക്ക് വേണ്ടി ഞാൻ കരുതി വെച്ച കുഞ്ഞു കുഞ്ഞു വിസ്മയങ്ങൾ" എന്ന്.

ഇനിയൊരുനാൾ നമ്മളിങ്ങനെ നടന്നു പോവുമ്പോൾ
ഇലകളെ ചുംബിച്ചു മതിയാവാത്ത മഞ്ഞുതുള്ളികളെ ഓരോന്നിനേയും
ചൂണ്ടുവിരൽ കൊണ്ട് ഞാനൊപ്പിയെടുത്ത്
നിന്റെ കൈ വെള്ളയിൽ വരിയായി ഒട്ടിച്ചു വെക്കുമ്പോൾ
അത് താനേ ഒരു മുത്തുമാലയാകുന്നത് നിനക്കായ് കരുതിയ മറ്റൊരു വിസ്മയമാകണം.

തീരത്തിരുന്നു മയിൽനിറമുള്ള കക്കകളും പിരിയൻ ശംഖുകളും പെറുക്കിയെടുക്കുന്നതിനിടയിൽ അങ്ങ് ദൂരെയുള്ള വഞ്ചി നോക്കി
അതിൽ കേറി തുഴഞ്ഞു പോയാൽ ഞാനും നീയും മാത്രമുള്ളൊരു ദ്വീപിലേക്കെത്തിയാലോ എന്ന് നീ ചോദിക്കുമ്പോൾ
തിരമാലകളെ ചിറകുകളാക്കി മാറ്റി ആ ചിറകുകളുള്ള രണ്ടു പക്ഷികളായി  നമുക്കീ ആകാശം മതിയെന്നും പറഞ്ഞുകൊണ്ട് നമ്മൾ പറന്നു പൊങ്ങുന്ന മായക്കാഴ്ചയും നിനക്കായ് ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

നീയിതെല്ലാം എവിടുന്നൊപ്പിച്ചു എന്ന് നീ ചോദിക്കുമ്പോൾ എന്റെയുത്തരം എന്തായിരിക്കുമെന്ന്  നിനക്കറിയൂലോ ലെ??????


6 comments:

  1. നീയിതെല്ലാം എവിടെ നിന്ന് ഒപ്പിച്ചു

    ReplyDelete
  2. ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു ഉമേ??

    ReplyDelete
  3. ഭാവനകൾ. അതാണ് ജീവിതത്തെ നയിക്കുന്നത്

    ReplyDelete
  4. സന്തോഷത്തോടെ,
    അൽപ്പം അതിശയത്തോടെ
    അതിലേറെ പ്രണയച്ചിരിയോടെ
    നിൽക്കുന്ന നിന്റെ കാതിൽ പറയണം
    "കണ്ടോ..നിനക്ക് വേണ്ടി ഞാൻ കരുതി വെച്ച
    കുഞ്ഞു കുഞ്ഞു വിസ്മയങ്ങൾ" എന്ന്...

    ഭാവന സമ്പുഷ്ടം

    ReplyDelete
  5. പ്രണയലോകത്ത്‌ എന്നെന്നും വിരാജിക്കട്ടെ .

    ശ്ശോ.ഞാനിത്‌ കാണാൻ വൈകിയല്ലോ.അസൂയ തോന്നിക്കുന്ന ശൈലി കൈയ്യിലുള്ള എഴുത്തുകാരീ,അടുത്ത കവിത പോരട്ടെ.!!!

    ReplyDelete