Thursday, July 2, 2015

നീ നിറയുന്ന നിമിഷങ്ങൾ ....

ഈ ഇലകളും പച്ചയും എന്നിൽ നിന്നെ നിറയ്ക്കുന്നു. ഇലനിഴലുകളുടെ തണലിൽ, തണുപ്പിൽ നിനക്കൊപ്പമിരുന്ന് എനിക്കെന്റെ ബാല്യ കൌമാരങ്ങളെ ഓർമ്മിക്കണം. നിനക്കായി പാട്ടുകൾ പാടിത്തരണം. നിന്റെ കളിയാക്കലുകൾ കേട്ട് പരിഭവിക്കണം. വള്ളികൾക്കും, വല്ലികൾക്കും ഇടയിലൂടെ നിലാവ് നോക്കി, നീലാകാശം നോക്കി, മഴ നോക്കി കുറേ ദിനങ്ങൾ ജീവിച്ചു തീർക്കണം. ന്റമ്മോ...............നിന്നോടെനിക്കെന്തൊരു പ്രേമാണ്!!!!!!(ഹ ഹ...... ചുമ്മാ!!!)


കാറ്റിലാടുന്ന നെല്ലോലത്തൂമ്പുകൾ, മഴ നനഞ്ഞു നിൽക്കുന്ന നെൽപൂവുകൾ, വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങൾ ആരുടേയും കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകൾ ആണ്. എനിക്കിതൊക്കെ കണ്ണിലേം മനസിലേം കളങ്കങ്ങൾ ഇല്ലാതാക്കുന്ന കാഴ്ചകൾ ആണ്. തൂമ്പിലകളുടെ അരികു തട്ടുമ്പോൾ മുള്ള് കുത്തണ പോലൊരു കുഞ്ഞു നോവുണ്ട്.അതൊരു സുഖാണ്. ഈ ഫോട്ടോ എനിക്കിത്രയേറെ റീഫ്രെഷിംഗ് നൽകുന്ന ഒന്നാവുമെന്നു ഞാൻ ഇതെടുക്കുമ്പോ വിചാരിച്ചതേയില്ല . ഈ മഴമുത്തുകളുടെ കുളിരെപ്പോഴും അനുഭവിക്കാനാവുമെന്നും. മനസ്സിൽ പ്രണയം നിറയുമ്പോൾ നിന്നോടൊപ്പമുള്ള  ഒരു മഴനിമിഷം ഇതിനിടയിലൂടെ ഇരുന്നും,നടന്നും ഒക്കെ ആവണം എന്നതൊരു പൈങ്കിളി മോഹാണ്.


എന്നെന്നെക്കുമെന്നു പറഞ്ഞ സൌഹൃദ വാഗ്ദാനങ്ങളും, കാലത്തെ തോൽപ്പിക്കുമെന്ന പ്രണയ പ്രാർത്ഥനകളും, വിരഹത്തിന്റെ ആഴമളന്ന കടലോളം സ്നേഹം നിറച്ച വാക്കുമ്മകളും, ഈ കട്ടിക്കടലാസുകളിൽ ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത എന്റെ പ്രണയമേ എന്നൊരു വരി അതിൽ പലതിലും ഉണ്ടായിരുന്നത് മാഞ്ഞു പോയോ എന്തോ!!!!ഇനിയൊരിക്കൽ നിന്നെ കാണുമ്പോൾ ഞാനതെല്ലാം നിനക്കായി തരാം. "എന്നിലെ എന്നെ നിന്നിലൂടെ കാണിച്ചു തന്ന......നിന്നിലൂടെ നിന്നെയും, ഈ ലോകത്തേയും, എന്നെ തന്നെയും സ്നേഹിക്കാൻ പഠിപ്പിച്ച നിനക്കായ്‌......." എന്നൊരു വരിയുമെഴുതി.



ആരും പോകാത്ത കാട്ടുവഴികളിലൂടെ തീർത്തും തനിച്ചായി നടക്കാനാണ് നിനക്കിഷ്ടം. നിന്റെ തുടർച്ചയാവാനാണ് എനിക്കിഷ്ടം.നീ നടന്നു പോയ വഴിയിലൂടെ നടക്കാൻ.......നീ കണ്ട കാഴ്ചകളുടെ ബാക്കി കാണാൻ .........നീ നനഞ്ഞ മഴയുടെ ബാക്കി നനയാൻ ........നീ കേട്ട പാട്ടിന്റെ ബാക്കി കേൾക്കാൻ ........ നിനക്കറിയാമോ കാടും, കാട്ടരുവിയും, ഇരുളും, മഴയും, നിശബ്ദതയും ഒക്കെ എന്നോട് സംസാരിക്കും നീയവരോട് പങ്കു വെച്ചതിനെ കുറിച്ച്. അവരെന്നെ കുറിച്ച് അസൂയയോടെ ചോദിക്കും നീയെങ്ങനെ അവനിത്രയേറെ പ്രിയപ്പെട്ടവളായി ??? അവന്റെ പ്രിയ സംഗീതമായി??? അവന്റെ പ്രിയ ഗസലായി?????????

ഈ ചിത്രം കാണുമ്പോഴോക്കേം ആ നിമിഷങ്ങളിൽ ഉണ്ടായിരുന്ന അതേ മാനസികാവസ്ഥയിലാവും ഞാൻ. അത് പറഞ്ഞു ഫലിപ്പിക്കാൻ എനിക്ക് നിശ്ശല്ല്യ. സ്നേഹവും, സന്തോഷവും, കൌതുകവും ഒക്കെ കൂടി നിറഞ്ഞു കവിഞ്ഞിങ്ങനെ..........കാട്ടിലെ മഴ നനയണംന്ന ആ മോഹോം അങ്ങനെ സാധിച്ചു. തിരിച്ചു വരുമ്പോൾ എന്റെ കണ്ണുകൾ  നിറഞ്ഞിരുന്നു. സ്നേഹത്തിന്റെം,സന്തോഷത്തിന്റെം  ഒക്കെ അങ്ങേയറ്റം എന്ന് പറയുന്നത് കണ്ണീരന്നെയാണ്. 


ഭംഗിയുള്ള മച്ചിങ്ങകളും ഓമനത്തം നിറഞ്ഞ ഈ അടയ്ക്കാ കുട്ട്യോളേം പെറുക്കി സൂക്ഷിച്ച് എടുത്തു വെച്ചിരുന്ന ദിവസങ്ങൾ അന്നെനിക്കുണ്ടായിരുന്നു. അതിന്റെ മണോം, ഇഷ്ടം കൂടിക്കൂടി ചെറുതായി കടിക്കുമ്പോ ഉള്ള ഒരു കറ രുചീം ഒക്കെ എനിക്കിഷ്ടായിരുന്നു. ഇടയ്ക്ക് ഓരോ ഉമ്മേം വെക്കുമായിരുന്നു. കൊറേ അടയ്ക്കാ കുട്ട്യോളെ കോർത്തൊരു മാലയാക്കി പഴേ ആ കാലത്തിന്റെ ഓർമ്മയ്ക്ക് സൂക്ഷിച്ചു വെക്കായിരുന്നു എന്ന് ഈ ചിത്രം കാണുമ്പോ കാണുമ്പോ എനിക്ക് നഷ്ടബോധത്തോടെ തോന്നാണ്.




68 comments:

  1. കൊതിപ്പിക്കുന്ന ചിത്രങ്ങളും വരികളും

    ReplyDelete
  2. എന്തൊരു പ്രേമമാണിത്!!!

    ReplyDelete
  3. നന്നായി ഇഷ്ടപ്പെട്ടു.

    ചില പുതിയ വാക്കുകളും,അതിന്റെ പ്രയോഗവും എല്ലാം ഇഷ്ടമായി.

    ReplyDelete
  4. (കാറ്റിലാടുന്ന നെല്ലോലത്തൂമ്പുകൾ, മഴ നനഞ്ഞു നിൽക്കുന്ന നെൽപൂവുകൾ, വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങൾ ആരുടേയും കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകൾ ആണ്. എനിക്കിതൊക്കെ കണ്ണിലേം മനസിലേം കളങ്കങ്ങൾ ഇല്ലാതാക്കുന്ന കാഴ്ചകൾ ആണ്. തൂമ്പിലകളുടെ അരികു തട്ടുമ്പോൾ മുള്ള് കുത്തണ പോലൊരു കുഞ്ഞു നോവുണ്ട്.അതൊരു സുഖാണ്. )


    കുറേ തവണ വായിച്ചു..വീടിനു ചുറ്റും പാടം ഉള്ളത്‌ കൊണ്ടാണോന്നറിയില്ല ഈ ഭാഗം നല്ല ഇഷ്ടമായി.

    നല്ല എഴുത്ത്‌.ആശംസകൾ!!!!

    ReplyDelete
    Replies
    1. ഇന്നലെ പിന്നേം വായിച്ചാരുന്നോ

      Delete
  5. നന്നായി ഇഷ്ടപ്പെട്ടു

    ReplyDelete
  6. ചിത്രങ്ങളെകൊണ്ട് കഥ പറയിക്കുന്ന മാജിക്ക് വീണ്ടും .......
    കാടിന്‍റെ മഴ മനഞ്ഞ് ,കാടിന്‍റെ പാട്ടു കേട്ട്.....കാലടിന്‍റെ സുഖ ശീതളിമയില്‍ സുഖിച്ച് കഴിയുന്ന എനിക്കീ എഴുത്ത് ഇഷ്ട മായി .....ആശംസകൾ....

    ReplyDelete
    Replies
    1. സ്നേഹം വിനോദേട്ടാ

      Delete
  7. ഇഷ്ടമാകാതെ പോകാൻ കഴിയില്ല ആർക്കും!

    ReplyDelete
  8. ശാലീനത തുളുമ്പുന്ന പോസ്റ്റുകൾ അപൂർവ്വമാണ്...
    നന്നായി... ആശംസകൾ..

    ReplyDelete
  9. നൊസ്റ്റി..!!!!
    ഓർമ്മകളുടെ വേലിയേറ്റം സൃഷ്ടിക്കുന്നു.....

    ReplyDelete
    Replies
    1. ഇടയ്ക്ക് നല്ലതാ അങ്ങനെ

      Delete
  10. ചിലരങ്ങിനെയാണ് ഓര്‍മ്മകളെ കുന്നിമണികളെ പോലെ സൂക്ഷിക്കും

    ReplyDelete
  11. നടവഴിയിലെ മഞ്ഞുവരികൾ....!!

    ReplyDelete
  12. മഴ... മിണ്ട്പ്പോവരുത്‌... അല്ല പിന്നെ... മനുഷ്യനെ കൊതിപ്പിച്ച്‌ കൊല്ലാനായിട്ട്‌...

    ഹൃദയംഗമം... അല്ലാതെന്ത്‌ പറയാൻ... ആശംസകൾ...

    ReplyDelete
    Replies
    1. വിനുവേട്ടനോട് കൊറേ സ്നേഹം

      Delete
  13. ഹൃദ്യം!
    ആശംസകള്‍

    ReplyDelete
    Replies
    1. ഏട്ടനോടും സ്നേഹം

      Delete
  14. ഹൊ.!! കൊതിപ്പിക്കുന്ന വരികള്‍..!!!
    ഈ വക എല്ലാ വകുപ്പുകളും നുണഞ്ഞു നുണഞ്ഞു നടക്കുന്നതിനാല്‍ വളരെ ഇഷ്ടം ഈ വരികളോട്.!!!

    ReplyDelete
    Replies
    1. ഉമചേച്ചീ...
      എന്റെ പഴയ കമന്റ്‌ കാണുമ്പോൾ വല്ലാത്ത നഷ്ടബോധം തോന്നുന്നു....!!!
      ഇനിയുമിനിയും എഴുതൂ ... എഴുതിയെഴുതി നിറയ്‌ക്കൂ ... ഒരായിരം ആശംസകൾ !!!

      Delete
    2. ദിവ്യോട് എനിക്കും 1000000000000000ഇത്ര സ്നേഹം. നഷ്ടബോധോ... എന്തിന്.... ഇനി ഒരിക്കലും ഇത്പോലെ ഒന്നും ഞാനെഴുതും എന്ന് തോന്നുന്നില്ല 😓

      Delete
  15. കാലത്തെ തോൽപ്പിക്കുമെന്ന പ്രണയ പ്രാർത്ഥനകളും,
    വിരഹത്തിന്റെ ആഴമളന്ന കടലോളം സ്നേഹം നിറച്ച വാക്കുമ്മകളും,
    ഈ കട്ടിക്കടലാസുകളിൽ ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത
    എന്റെ പ്രണയമേ എന്നൊരു വരി അതിൽ പലതിലും ഉണ്ടായിരുന്നത് മാഞ്ഞു പോയോ എന്തോ...

    അതൊന്നും ജീവിതകാലം വരെ മാഞ്ഞു പോകില്ല കേട്ടൊ

    ReplyDelete
    Replies
    1. പണ്ട് അനുപമ വിളിച്ചിരുന്ന പോലെ ബിലാത്തിക്കാരാ..... എന്നും നല്ല വാക്ക് വന്ന് പറയുന്നതിന് നന്ദിയും സ്നേഹവും ട്ടോ

      Delete
  16. കുട്ടിക്കാലം ഓർമ്മ വന്നു. സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  17. മഴ മുത്തുകളുടെ സംഗീതവും കുളിരും നിറഞ്ഞ ഗ്രാമഭംഗിയും അതിലേറെ ഹൃദയം വഴിഞ്ഞൊഴുകുന്ന പ്രമവും.
    ഒത്തിരി ഇഷ്ടമായി ഈ കവിത

    ReplyDelete
  18. "ആരും പോകാത്ത കാട്ടുവഴികളിലൂടെ തീർത്തും തനിച്ചായി നടക്കാനാണ് നിനക്കിഷ്ടം. നിന്റെ തുടർച്ചയാവാനാണ് എനിക്കിഷ്ടം...."

    വാക്കുകൾ കൊണ്ട് അങ്ങ് അമ്മാനമാടുകയാണല്ലോ ഉമച്ചേച്ചീ <3

    ReplyDelete
    Replies
    1. 🏃‍♀️🏃‍♀️🏃‍♀️🏃‍♀️ഒന്ന് പോയേ കളിയാക്കാതെ

      Delete
  19. പിന്നിട്ട വഴികളോടുള്ള പ്രണയം വാക്കുകളിൽ കാണാം ❤️"നിന്നിലൂടെ നിന്നെയും ഈ ലോകത്തെയും എന്നെത്തന്നെയും സ്നേഹിക്കാൻ പഠിപ്പിച്ച നിനക്കായ്‌ "- ഗസൽ പോലെ സുന്ദരം !!

    ReplyDelete
    Replies
    1. സ്നേഹം ട്ടോ. ഗസൽ പോലെ സുന്ദരം ന്നൊക്കെ പറഞ്ഞാൽ ഞാനങ്ങു പൊങ്ങിപ്പൊങ്ങി പോവും

      Delete
  20. ഉമേയ്...
    ഞാൻ ഇത് മുമ്പ് കണ്ടിട്ടില്ലാത്തതാണ് ട്ടാ.
    ഉമയുടെ പോസ്റ്റുകൾ എപ്പോഴും കുറെ നല്ല ഓർമ്മകളെ തിരികെത്തരുന്നവയാണ്.
    കടന്നുപോന്ന വഴികൾ,വയലുകൾ,പൂവുകൾ.. മഴ അങ്ങനെ ..

    ReplyDelete
    Replies
    1. ഇനി മേലാൽ സ്ഥിരമായി വന്നില്ലെങ്കിൽ.....
      എനിക്കതൊക്കെ മാത്രേ പറയാനുള്ളൂ എന്നും എപ്പഴും

      Delete
  21. ഇവിടെ തൃപ്രയാർ ന്ന് പുറപ്പെട്ട ഒരു ട്രക്ക് നൊസ്റ്റി മറിഞ്ഞല്ലോ, ആ അടയ്ക്കാ കുട്ട്യോളുടെ പടം ഒത്തിരി ഇഷ്ടമായി. കാലം ഒത്തിരി ആയി അങ്ങനെ കണ്ടിട്ട്. ഈ തണുപ്പിൽ ഇതു വായിക്കുമ്പോൾ കാണുമ്പോൾ ഞാൻ അനുഭവിക്കുന്ന ആനന്ദം എന്തെന്ന് പറഞ്ഞറിയിക്കാൻ വയ്യ. വല്ലാത്ത നഷ്ടബോധം തോന്നുന്നുണ്ട്.. നന്ദി ഉമാ.. പ്രത്യേകിച്ച് സുന്ദരമായ ആ പടങ്ങൾക്ക്.. നെൽനാമ്പ് തട്ടി വേദനിക്കുന്ന കാലുകൾ ഓര്മിപ്പിച്ചതിന്..രാവിലെ തന്നെ മനസ്സിൽ മരം പെയ്യിച്ചതിന്

    ReplyDelete
  22. ബാല്യത്തിലെ കുഞ്ഞിക്കുഞ്ഞി കാഴ്ചകൾ വീണ്ടും കാണിച്ച് ഓർമ്മപ്പെടുത്തി. ഇന്നും ഇവയൊന്നുമത്ര അന്യമായിട്ടില്ലാത്തതാണ്‌. നാട്ടിടവഴികളിലും വേലിക്കലും തോപ്പിലും ഒരിക്കൽ കൂടി നടക്കാനും അവഗണിച്ചിട്ട അടയ്ക്കാക്കുഞ്ഞുങ്ങളെ ഒന്നെടുത്ത് ഓമനിക്കാനും പ്രേരിപ്പിക്കുന്ന എഴുത്ത്. അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. എന്നാൽ അടുത്ത ഞായറാഴ്ച അങ്ങനെ ഒന്ന് നടന്നോളണം കേട്ടല്ലോ തെളിവ് ഇവടെ കാണിക്കണം

      Delete
    2. ഒന്ന് ഓർമ്മിപ്പിച്ചേക്കൂ. :)

      Delete
  23. This comment has been removed by the author.

    ReplyDelete
  24. "നിന്റെ തുടർച്ചയാകാനാണെനിക്കിഷ്ടം"

    പ്രണയം എന്നുമങ്ങനെയാണ്. അത് അവനവനെ / അവളവളെ മായ്ച്ച് പ്രണയിനിയിൽ ഒടുങ്ങിത്തീരാനുള്ള അഭിനിവേശമാണ്. പ്രണയിക്കുമ്പോൾ അങ്ങനെ പരസ്പരം ഇല്ലാതാവുകയും എന്നാൽ  എല്ലാ പ്രകൃതിവിശേങ്ങളിലും അവർ നിറയുകയും ചെയ്യുന്നു.   നിങ്ങളെങ്ങനെയാണ് നിങ്ങളുടെ ഏറ്റവും പ്രണയാർദ്ര നിമിഷങ്ങളെ ഓർത്തെടുക്കുന്നത്?  ഒരു ചെറു മഴ ചാറ്റലോ മഞ്ഞിൻ കുളിരോ ഇളം തെന്നലോ പച്ചവിരിപ്പോ ചിലപ്പോഴെല്ലാം തീക്കാറ്റോ മഴക്കെടുതിയോ  പശ്ചാത്തലമായില്ലാതെ ആ ചിത്രം പൂർണ്ണമാകുമോ?

    പ്രകൃതിയിൽ നിന്നെ അടയാളപ്പെടുത്തലാണ് നിന്നോടുള്ള എന്റെ പ്രണയം എന്നെനിക്ക് പറയാൻ തോന്നിയിട്ടുണ്ട്.

    ഈ കുറിപ്പ് ഇങ്ങനെ ചിലതെല്ലാം അടിവരയിടുന്നുണ്ട്. 

    നന്ദി പ്രണയ നിമിഷങ്ങളെ ഓർമ്മിപ്പിച്ചതിന്

    ReplyDelete
    Replies
    1. റുമാന്റിക് ആയി ഗൊച്ചു ഗള്ളൻ. 🙂

      Delete
  25. ചില ചിത്രങ്ങൾ ഓർമകളിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. ഓരോ ചിത്രങ്ങളെക്കുറിച്ചുമുള്ള പ്രണയാർദ്രമായ ഈ കുറിപ്പ് മനോഹരമായിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ട്ടോ. ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കാൻ ഞാൻ കൂട്ടി വച്ച വേറെ ചിലത് ഇവടെ ണ്ട് എനിക്ക് ഇതിനേക്കാൾ അതാണ് എളുപ്പവഴി

      Delete
  26. എനിക്ക് വട്ടായതാണോ, നാട്ടാർക്ക് മൊത്തം വട്ടായതാണോന്ന് ഒരു സംശയം. വളരെ മനോഹരമായി കുട്ടിക്കാലത്തെ ഓർമിപ്പിക്കും വിധം എഴുതി. അതിനനുസരിച്ചുള്ള ഫോട്ടോയും, അടക്കാ കുട്ടി എന്ന് ആദ്യായിട്ട് കേൾക്കാണ് ട്ടോ.

    നല്ല എഴുത്ത്. ഇഷ്ടായി.

    ReplyDelete
    Replies
    1. വട്ട്.... അതില്ലാത്ത ആരേലും ണ്ടോ മനുഷ്യാ.... അടക്കേടെ കുഞ്ഞീതിനെ അടക്കാകുട്ടി ന്ന് ഞാൻ സ്നേഹത്തോടെ വിളിച്ചതാ.

      Delete
  27. അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും വായിക്കുമ്പോഴും ഒന്നേ പറയാനുള്ളൂ... എത്രയൊക്കെ വേദനകളും നഷ്ടങ്ങളും സമ്മാനിച്ചാലും മഴ ഒരു ഹരമാണ്... ഒരു ഗൃഹാതുരത്വമാണ്... അത് ആവോളം അനുഭവിക്കാനാകുന്നു ഈ പോസ്റ്റിൽ...

    ReplyDelete
    Replies
    1. ഈ വിനുവേട്ടനൊക്കെ കൂടി കമന്റ്‌ ഇട്ട് കമന്റ്‌ ഇട്ടാണ് ഞാനിങ്ങനെ പിന്നേം പിന്നേം ബടുക്കൂസ് തരങ്ങൾ എഴുതിക്കൊണ്ടിരിക്കണേ

      Delete
  28. ഇതിൽ മുഴച്ചു നിൽക്കുന്ന ഒരു പ്രശ്നമുണ്ട്.. അത് പറയാതിരിക്കാൻ വയ്യ... ആ റിഫ്രഷിങ് എന്ന വാക്ക് മാറ്റമായിരുന്നു...
    കാരണം ഇത്ര മനോഹരമായി ആസ്വദിച്ചു വരികയായിരുന്ന വരിലാക്കിടയിൽ അതൊരു കല്ലുകടിയായി...

    പക്ഷെ ഒന്നു പറയട്ടെ ചേച്ചി... ഇതിലൊരു മായികമായ സുഖമുണ്ട്.. പ്രണയമായാലും പഴയ കാലമായാലും... നിങ്ങളുടെ ഹ്രസ്വമായ ഈ വരികളിൽ അത് നിറഞ്ഞു തുളുമ്പുന്ന... ഇത് പെട്ടന്ന് തീർന്നു പോയി.. കുറേക്കൂടി വേണമായിരുന്നു...

    ReplyDelete
    Replies
    1. അതിപ്പോ ഞാനൊരു സത്യം പറയാം അന്നേരം റിഫ്രഷിങ് ന്ന വാക്കിന്റെ മലയാളം ഓർമ്മ വന്നില്ല പിന്നെ ഞാൻ പോസ്റ്റ്‌ എഴുതണത് ഞാൻ സംസാരിക്കണ കൂട്ടന്നെയാണ്. വർത്താനം പറയുമ്പോ ഇടക്ക് ഓരോ ഇംഗ്ലീഷ് വാക്കൊക്കെ കടന്നുവരൂല്ലേ അതാണ്‌ അങ്ങനെ ണ്ടായത്. ന്നാലും ഇനി ശരിയാക്കാൻ നോക്കാട്ടോ മാഷേ

      Delete
  29. ഹൌ... വീണപൂവിനു മാത്രം എഴുതാൻ കഴിയുന്ന മനോഹരകാവ്യം.

    എത്ര വായിച്ചാലും മതിവരാത്ത ഉമേയ കാവ്യം.


    ReplyDelete
  30. മഞ്ഞണിഞ്ഞ് നിൽക്കുന്ന നെല്ലോലത്തുമ്പുകളിൽ പ്രഭാത കിരണങ്ങൾ പതിക്കന്നത് കാണാൻ എനിക്കും ഇഷ്ടാ.

    ReplyDelete
  31. 2015ൽ വായിച്ചതാണെങ്കിലും ഓർമ്മ പുതുക്കുന്നു. ആശംസകൾ നന്മകൾ

    ReplyDelete
  32. പച്ചപ്പ് നിറഞ്ഞ മനോഹര ചിത്രങ്ങളും എഴുത്തും …. എന്റെ ആശംസകൾ .

    ReplyDelete
  33. മുമ്പ് വായിച്ചതാണ്. വാക്കുകൾക്ക്‌ നല്ല ഒഴുക്ക്.. ഇഷ്ടമായി.. ആശംസകൾ

    ReplyDelete
  34. ആദ്യം എനിക്ക് മനസിലായില്ല എന്താണ് ഈ വായിക്കുന്നത് എന്ന്. രണ്ടാമത്തെ പാരഗ്രാഫ് വായിച്ചപ്പോഴാണ് ഫോട്ടോയുമായി ബന്ധപ്പെടുത്തിയാണ് എഴുതിയിരിക്കുന്നത് എന്ന് മനസ്സിലായത്. ഓരോ ഫോട്ടോയ്ക്കും പിന്നിൽ ഒരു കഥയുണ്ട് ആവും എന്ന് പറയാറുണ്ട്. ഫോട്ടോയ്ക്ക് ക്യാപ്ഷൻ ഇടുന്നതിൽ തൽപ്പരനായ ഒരാളാണ് ഞാൻ എങ്കിലും ഒരു വരിയിൽ കൂടുതൽ എഴുതാൻ എന്നെക്കൊണ്ട് സാധിക്കാറില്ല. അതുകൊണ്ടുതന്നെ അഭിനന്ദനങ്ങൾ. നല്ല എഴുത്ത്.

    ReplyDelete
  35. കമന്റിടാൻ മറന്നുപോയി ...😐😐😐

    ReplyDelete
  36. വളരെ വൈകിയ വായന എന്ന് ക്ഷമാപണത്തോടെ പറയട്ടെ . ചിത്രങ്ങളും അതിനെചേർത്തെഴുതിയ കുറച്ചു വാക്കുകളും ... എന്തിനാണ് അധികം എഴുതി കൂട്ടുന്നത് . ഇത് ധാരാളം . വായനക്കാരെയും ആ നാട്ടുവഴികളിലൂടെ കൂട്ടിക്കൊണ്ടുപോയില്ലേ . മനോഹരം . ആശംസകൾ വീണപൂവേ ..

    ReplyDelete