Wednesday, July 22, 2015

എങ്ങനേണ്ട് ന്റെ ഒരു ദിവസം??????

പതിവ് പോലെ നാളെയും വെളുപ്പിനെ ഞാനുണരും.
അമ്പലത്തിൽ നിന്നും സുപ്രഭാതം കേട്ട് കൊണ്ട് ചുമ്മാ കിടക്കും.
അച്ചൂനെ കെട്ടിപ്പിടിച്ചൊരുമ്മ വെക്കും.
എണീറ്റ് ജനലിൽ കൂടി മഴേം മഞ്ഞും ന്നെ നോക്കി ചിരിക്കണ കാണും.
കട്ടൻ കാപ്പീടെ ആവി മണം ആസ്വദിച്ച് അടുപ്പിനടുത്ത് പോയി ചൂട് കായും.
ഈറൻ മണക്കണ മുടിത്തുമ്പ്‌ കെട്ടി അമ്പലത്തിലേക്ക് പോവും.
കല്യാണിയോട് പരദൂഷണോം പ്രണയരഹസ്യോം പറഞ്ഞ്,,,,,
അടുത്ത വീടുകളിൽ നിന്നും വന്ന,
ഉള്ളി വഴറ്റണതും,ദോശ വേവണതും,ചട്ട്ണിക്ക് വറുത്തിടണതുമായ മണങ്ങളുണ്ടാക്കിയ
കൊതിയും കൊണ്ട് തിരിച്ചു വരും.
മുറ്റത്തെ ചട്ടികളിൽ വിരിയാനൊരുങ്ങി നിക്കണ റോസ പൂമൊട്ടുകളുടെ സന്തോഷം കാണും.
അഴുവിന്മേൽ അമ്മയിലകൾ ആലസ്യം വിട്ട് തലേന്നുരാത്രി മഴ പറഞ്ഞ വർത്താനങ്ങൾ പറഞ്ഞു തരുന്നത് കേക്കാൻ കാതോർക്കും.
കുഞ്ഞു മഴത്തുള്ളികളുടെ കനം പോലും താങ്ങാൻ വയ്യാത്ത തളിരിലകളുടെ ഉത്സാഹം കാണും.
തണുത്തു വിറച്ചു, കെട്ടിപ്പിടിച്ചു നിക്കണ ആര്യവേപ്പിനേം പവിഴമല്ലിച്ചെടിയേം നോക്കി ഞാനും നീയുമെന്നു ചിന്തിച്ച് ചിരിക്കും.
മഴ മേഘങ്ങൾ മറച്ച നിലാ വെളിച്ചത്തിന്റെ സങ്കടത്തിനെ പറ്റി പറയാൻ തിരക്ക് കൂട്ടുന്ന തെങ്ങോലകളെ കാണും.
കറിവേപ്പിൻ കൊമ്പിൽ വന്നിരിക്കുന്ന കരിയിലക്കിളിയെ നോക്കി നല്ല പ്രഭാതമെന്നാശംസിക്കും.
തുണി നനക്കുന്നതിനിടയിൽ സോപ്പ് പതപ്പിച്ച് പൊള്ളയുണ്ടാക്കി കളിക്കും.
അച്ചൂന്റെ ഓട്ടോ മാമനോട് താമര വിരിയിക്കുന്ന കഥകളെ ചോദിക്കും.
ഉച്ച വെളിച്ചത്തിൽ ഫേസ് ബുക്കിൽ സമയം കളയും,
ഗസലുകളിൽ സ്വയം മറന്നെങ്ങടൊക്കെയോ മനസ്സ് അലഞ്ഞു കൊണ്ടിരിക്കും.
ഒരു മണി വാർത്തക്കൊപ്പം വെച്ച കറികളുടെ സ്വാദ് പങ്കു വെക്കും.
വിറകു പുരയിൽ പോയി എട്ടുകാലി കാണല്ലേ ന്നും പറഞ്ഞോണ്ട് വിറകെടുത്തോണ്ടോടി വരും.
കറണ്ട് കമ്പിയിലിരുന്നു കത്തി വെക്കുന്ന വണ്ണാത്തിയേം ഓലേഞ്ഞാലിയേം ഓടിച്ചു വിടും.
ഒറ്റ ശ്രീകോവിലിലെ ഒരു തിരി വെളിച്ചത്തിലിരുന്നു ബോറടിക്കുന്ന വേട്ടെയ്ക്കരനേം ഭഗവതിയേം നോക്കി സഹതപിക്കും.
പപ്പടം തല്ലിച്ചുട്ടും,ഉള്ളീം മുളകും തിരുമ്പിയും അത്താഴം വിളമ്പും.
നിലത്തു വിരിച്ച കോസടിയിൽ കിടക്കണ അച്ചൂനെ നീലക്കാർമുകിൽ വർണ്ണൻ പാടി താളം പിടിച്ചുറക്കിയുറങ്ങും.
അങ്ങനെ "നാളെ"യും തീരും.
ഇതിനിടയിൽ എപ്പോഴൊക്കെയാണ് നീയെന്നോട്‌ മിണ്ടാൻ വന്നത്???
എന്നെ ഉമ്മ വെച്ചത്??????
കെട്ടിപ്പിടിച്ചത്???????(ഒറ്റ വരി സ്റ്റാറ്റസ് ഇടാൻ വേണ്ടി ഫേസ് ബുക്ക് തുറന്നപ്പൊ എവിടുന്നോ വന്നു തലേൽ കേറിയ ഐഡിയ  അതാണീ പോസ്റ്റ്‌).

11 comments:

 1. അന്തമില്ലാത്ത ആവർത്തനം... അല്ലേ?

  ReplyDelete
 2. തിളക്കമാര്‍ന്ന വരികള്‍.
  നന്മകള്‍ നേരുന്നു.എന്നുമെന്നും ഈ പ്രസരിപ്പും,ആനന്ദവും ഉണ്ടാകുമാറാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

  ReplyDelete
 3. സ്റ്റാറ്റസ് നിലനിര്‍ത്തി!!!

  ReplyDelete
 4. കൊതിപ്പിക്കുന്നതിന് അതിരുണ്ട് ചങ്ങാതി..... ദോശ ചട്ട്ണി..... പിന്നെ പുളിയം മുളകും ഞെരടിയത്. .... നാട്ടു വഴികളിലൂടെ കൊണ്ട് പോയി എഴുത്ത്..... ആവര്‍ത്തനങ്ങളുടെ ആവര്‍ത്തനം...... നല്ലെഴുത്തിന് ആശംസകൾ....

  ReplyDelete
 5. വിരസത ആണോ സന്തോഷമാണോ എന്നറിയാതെ പോകുന്നു. ദിവസങ്ങളുടെ അർത്ഥ ശൂന്യത. നന്നായി എഴുതി.

  ReplyDelete
 6. എല്ലാ ദിവസവും അങ്ങിനെയങ്ങിനെയെങ്കിലും ..... എഴുത്ത് നല്ല ഇഷ്ടായിട്ടോ ഉമേ..

  ReplyDelete
 7. ഓർത്ത്‌വെക്കാൻ മറക്കുന്ന എത്രയെത്ര ചെറു ചിരികളാണ് ദിനവും നമുക്ക് ചുറ്റും ...സുന്ദരം ഉമേയ് ....
  അച്ചൂനും അച്ഛനും എന്റെ ഹായ് !!

  ReplyDelete
 8. നല്ല ഒരു ദിവസം.

  ReplyDelete
 9. ഓരോ ദിനവും പ്രകൃതിയെ അറിഞ്ഞുണരാനും ആസ്വദിച്ച് ജീവിക്കാനും കഴിയുന്നതൊരു നല്ല കാര്യമല്ലേ... ആവര്‍ത്തനങ്ങളാണെങ്കിലും...!!!
  രാവിലെ ചാടിപ്പിടച്ചെഴുന്നേറ്റ് ക്ലോക്കിലെ സൂചികള്‍ മാത്രം കണ്ട് കഴിച്ചെന്നും ഇല്ലെന്നും വരുത്തി ആ ഒരു ദിവസത്തെ തിരക്കുകളില്‍ ലയിക്കുകയും വൈകിട്ട് ക്ഷീണത്തോടെ കൂടണയുകയും പിന്നെയുമെന്തൊക്കെയോ കാട്ടിക്കൂട്ടി " യ്യോ.. നാളെ നേരത്തേ എഴുന്നേല്‍ക്കണം" എന്നു പറഞ്ഞ് ഉറക്കത്തിലേക്കൂളിയിടുകയും ചെയ്യുന്നതിനേക്കാള്‍... എത്രയോ മനോഹരമല്ലേ... ഉമച്ചേച്ചീ... ഇത്.
  വളരെ നന്നായി എഴുതിയിരിക്കുന്നു.
  പ്രസരിപ്പാര്‍ന്ന വരികള്‍.!!!

  ReplyDelete
 10. അമ്പലത്തിലെ സുപ്രഭാതം കേട്ടുണരുന്നത്‌ മുതൽ രാത്രിയിൽ അച്ചൂനെ കെട്ടിപ്പിടിച്ചുറങ്ങുന്നത്‌ വരെയുള്ള ആവർത്തന ദിനചര്യകൾ എത്ര മനോഹരമായി,ലളിതമായി ഹൃദയസ്പർശ്ശിയായി ചേർത്തിരിക്കുന്നു.മതി വരാതെ എത്രയോ വട്ടം വായിച്ചു....


  ആശംസകൾ!!!!!!!!!!!!


  ReplyDelete
 11. ആവർത്തനങ്ങളുടെ അവസാനമില്ലായ്മകൾ കൊണ്ട് നിറയുന്ന ദിനങ്ങൾ

  ReplyDelete