Friday, May 15, 2015

മഴ-യാത്ര-ഓർമ്മ

നോക്കിയിരിക്കാൻ നിർബന്ധിക്ക്യാണ്‌ മഴ............
മഴ മണക്കുന്ന ഈ ദിവസങ്ങളോട് വല്ലാത്ത ഇഷ്ടം തോന്നുന്നു. ഇന്നലെ രാത്രി ഇടീം മിന്നലും കുറച്ചധികമുണ്ടായിരുന്നു. ലൈറ്റ് പോയപ്പൊ,ഫാൻ ന്റെ ഒച്ച നിന്നപ്പോ പിന്നെ ഉറക്കം വന്നതേയില്ല.മുറിയിൽ ഒരു കുഞ്ഞു വെളിച്ചമെങ്കിലും ഇല്ലാതെ കിടന്നുറങ്ങാൻ അച്ചു സമ്മതിക്കില്ല. അതിപ്പോ എനിക്കും ശീലമായി. അതുകൊണ്ടിന്നലെ ഏറെ വൈകിയാണ് ഉറങ്ങിയത്. ലൈറ്റ് പോയാൽ ആകെയൊരു നിശബ്ദതയാണ്.ആ നിശബ്ദത മനസ്സിൽ ഒരു ഭാരം വെച്ച് തരുന്നതായി തോന്നും ചിലപ്പഴൊക്കെ.

വർഷങ്ങൾക്കു മുൻപൊരു ഞാൻ ണ്ടായിരുന്നു.ആ എനിക്ക് ഇരുട്ടായിരുന്നു ഏറെയിഷ്ടം.മഴ കനക്കുന്ന രാത്രികളിൽ ജനാല തുറന്നിട്ട് അതിലൂടെ നേർത്ത തിളക്കമുള്ള മഴയെ നോക്കിക്കൊണ്ട് ഉറങ്ങാതെ കിടക്കുമായിരുന്നു ഞാൻ.ആ കാലങ്ങളിൽ രാത്രികൾ തീർന്നിരുന്നത് കണ്ണിൽ കുത്തുന്ന ഇരുട്ടും, റേഡിയോയിലെ നാടകങ്ങളും,കഥകളി പദങ്ങളും പിന്നെ മഴ ശബ്ദങ്ങളും കൊണ്ടായിരുന്നു. നനഞ്ഞ മണ്ണിന്റെ മണം വരുമ്പൊ, തവളകളും ചീവീടുകളും കരയണ കേക്കുമ്പൊ, പുരപ്പുറത്തു വീഴുന്ന മഴയൊച്ച കേക്കുമ്പൊ, ഇടിമിന്നലിൽ തെളിയുന്ന മരങ്ങളെ കാണുമ്പൊ,മഴത്തുള്ളി വീഴുമ്പൊ ഇലകളുണ്ടാക്കുന്ന കലപില കേൾക്കുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ഇതെല്ലാം ഞാൻ മാത്രേ ഇപ്പൊഴീ ലോകത്തിൽ അറിയണുള്ളൂ എന്ന്. ഞാൻ മാത്രമുള്ള ഒരിടം...... എനിക്ക് ചുറ്റും എന്റെ സങ്കടങ്ങൾ,പേടികൾ.........
അങ്ങനോർക്കുമ്പഴേക്കും സങ്കടം വരുമായിരുന്നു. എന്നിട്ടും ആ മഴക്കാല രാത്രികളിൽ എന്റെ ചിന്തകളിൽ എന്നും ആദ്യം കടന്നു വന്നിരുന്നത് ഇത് മാത്രമാണ്. പിന്നീടെപ്പഴോ എനിക്കിഷ്ടമായി തുടങ്ങി എന്റെയീ  ബടുക്കൂസ് ചിന്തയെ.കണ്ണീരു ചുവയുള്ള നാളുകളായിരുന്നു അവയെങ്കിലും എനിക്കിഷ്ടമായിരുന്നു ആ ദിനങ്ങളെ. 

ഉറക്കം വരണ വരെ ഒരിക്കലും നടക്കാൻ ഇടയില്ലാത്ത കാര്യങ്ങളെ വിഷ്വലൈസ് ചെയ്യുക എന്ന വട്ട് സ്വഭാവങ്ങളൊക്കെ അന്നും ഇന്നും എനിക്കുണ്ട്.ഒരിക്കലും മടുക്കാത്ത കൊറേ പ്രാന്ത് സ്വപ്നങ്ങളെ താലോലിച്ചു കിടക്കലും ഉണ്ട് .പക്ഷെ നോക്കും തോറും കൂടുന്ന ഇരുട്ടിന്റെ ഭംഗിയിൽ ആ പ്രാന്തുകളെ പലപ്പഴും മറന്നു പോവും. ഇരുട്ടിൽ ചുവന്ന നിറമുള്ള കുറെ കുത്തുകൾ ഉണ്ടെന്നെനിക്ക് തോന്നാറുണ്ട്. കണ്ണടച്ചാലും തുറന്നാലും അവയിങ്ങനെ നിറയാറുണ്ട്. എണ്ണാനൊന്നും പറ്റാത്തത്ര..............(എങ്കിലും ഞാനെണ്ണി നോക്കാറുണ്ട്). അതിലൂടെ ഇരുട്ടിനും ഒരു വെളിച്ചമുണ്ടെന്ന് തോന്നും. ഇതൊക്കെ എന്റെ മാത്രം തോന്നലുകളാണോ എന്നറിയില്ല. എനിക്കിഷ്ടമാണ് ഇരുട്ടിനെ............വെളിച്ചത്തോളം!!!!!!!

 മഴ പെയ്തപ്പൊ ആകാശത്തേക്ക് നോക്കിയിരുന്നു ഞാൻ.അപ്പൊ തോന്നി പൊയ്പ്പോയ ഇഷ്ടങ്ങളൊക്കെ, ഓർമ്മകളൊക്കെ ആ മഴ നൂലുകളെ പിടിച്ച് എന്നിലേക്കിറങ്ങി വരികയാണെന്ന്. ഓട്ടിൻ തുമ്പുകളിൽ നിന്നുതിർന്നു വീണ മഴമണിമുത്തുകൾ മുറ്റത്തുണ്ടാക്കിയ ചാലുകളിലേക്ക് ഒഴുക്കി വിട്ട കുഞ്ഞു കടലാസ് വഞ്ചികളെ പോലെ മെല്ലെ മെല്ലെ അവയെന്നിലേക്ക് വന്നപ്പോ സന്തോഷത്തോടെ തന്നെ ഞാനവയെ സ്വീകരിച്ചു.സംസാരിച്ചു.പരസ്പരം കെട്ടിപ്പിടിച്ചുമ്മ വെച്ചു.വീണ്ടുമൊരിക്കൽ കൂടി ആ മഴച്ചാലിൽ വെള്ളം തെറ്റിച്ചു കളിക്കാനും,അങ്ങ് പൊക്കത്തിൽ വച്ചേ ആ മഴനൂലുകളെ പിടിച്ചു കെട്ടാനും എനിക്ക് തോന്നി.മഴയിൽ പറക്കുന്ന പക്ഷിയാവാൻ,നനഞ്ഞു കൂമ്പിയൊരിലയാവാൻ അങ്ങനെ മോഹങ്ങളുടെ ലിസ്റ്റ് നിമിഷനേരം കൊണ്ട് നീളാൻ തുടങ്ങി.മഴ നനഞ്ഞ വൈശാഖാണ് ഈ തവണ.തീരുമ്പൊ കൊട്ടിയൂരുത്സവോം തീരും.കൊട്ടിയൂര് പോണംന്നുള്ളത് ശ്ശി കാലായിട്ടുള്ള മോഹാണ്.കാടിന് നടുവിൽ എന്നതുകൊണ്ട്മാത്രം.ചില മോഹങ്ങളുണ്ട്.അത് സാധിക്കാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കും.നടക്കാതിരിക്കുമ്പോൾ സങ്കടം തോന്നും. ചിലത് ചുമ്മാ മോഹിച്ചോണ്ടിരിക്കാൻ മാത്രമാണിഷ്ടം. അവയൊരിക്കലും സാധ്യമാവരുത്. അതിലാണ് അതിന്റൊരു ത്രില്ല്. അതിന്റെം ഒരു വലിയ ലിസ്റ്റ്ണ്ട്.

മിനിഞ്ഞാന്ന് വീട്ടിലേക്ക് പോയപ്പോ മഴ ചാറിയിരുന്നു.തിരക്കില്ലായിരുന്നു  ബസ്സിൽ.മഴച്ചാറൽ മുഖത്തേക്ക് വീഴാൻ വേണ്ടി ഗ്ലാസ്‌ നീക്കി വെച്ചു.ഓരോ തുള്ളിയും വന്ന് പതിച്ചപ്പോൾ അറിയാതെ തന്നെ ചിരിച്ചോണ്ടിരുന്നു.ആരും എന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു.എനിക്കൊപ്പം നനയുന്ന വീടുകൾ, മരങ്ങൾ , വഴികൾ ഒക്കെ കണ്ടപ്പോ സന്തോഷം തോന്നി. ഓരോ വീടുകളെ കുറിച്ചും ചിന്തിച്ചു കൊണ്ടിരിക്കുക എന്നത് യാത്രയിൽ നല്ലൊരു നേരമ്പോക്കാണ്. ആ വീടിനു പറയാനുള്ള കഥകളെന്തൊക്കെയാവും, ആ വീടിന്റെ മണം എന്താവും, അവിടെയുള്ളവർ ഇപ്പോഴെന്ത്‌ ചെയ്യുകയാവുംന്നൊക്കെ ഓർത്തു നോക്കാറുണ്ട് ഞാൻ.വലിയ മുറ്റമുള്ള പഴേ വീടുകളെ കാണുമ്പൊ എനിക്കെന്റെ ഇല്ലത്തേക്ക് പോവാൻ തോന്നും.നിറയെ മരങ്ങൾക്കിടയിലുള്ള വീട് കാണുമ്പൊ എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നും.മുറ്റത്തൊരു വലിയ പൂന്തോട്ടമുള്ള വീട് കാണുമ്പൊ കൊറേ പൂമ്പാറ്റകളെ പറത്തി വിടാൻ തോന്നും.മഴവഴികളെ കാണുമ്പൊ നിന്നെ മിസ്സ്‌ ചെയ്യാറുണ്ട്.ഒരു കുടക്കീഴിൽ നിനക്കൊപ്പം ചേർന്ന് നടന്ന് കൊറച്ച് മഴ നനയണം എന്നത് എന്റെ പ്രണയമോഹമാണ്.പ്രണയത്തിൽ മോഹങ്ങളെല്ലാം നടന്നാലും ഇല്ലെങ്കിലും എവർഗ്രീൻ ആണ്.

ഇരു വശത്തും ഗുൽമോഹർ നിറഞ്ഞു പൂത്ത കാഴ്ച കണ്ടു.ഒരു സ്റ്റോപ്പിൽ നിർത്തിയപ്പോ ചെമ്പകപ്പൂ മണം വന്നു. എനിക്കപ്പൊ സങ്കടോം. ഇവിടെ മുറ്റത്തെ ആ മരം ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ ഈ പെയ്യുന്ന മഴകൾക്കെല്ലാം ചെമ്പകമണം ആയേനെ !!!!പിന്നെയെവിടെയോ ബസ്സ്‌ നിർത്തിയപ്പോ കുടമുല്ല പൂവിന്റെ മണവും വന്നു. പണ്ട് ന്റെ ഇല്ലത്ത്ണ്ടായിരുന്നു നിറയെ.രാത്രികളിൽ ടോർച്ചും പിടിച്ച് എത്ര നടന്നേക്കുന്നു അത് പൊട്ടിക്കാനായിട്ട്!!!!

ബസ്സിൽ പാട്ടുപെട്ടി പാടിക്കൊണ്ടേയിരുന്നു.ഞാൻ കേട്ടുകൊണ്ടും.എങ്കിലും എന്റെ ചുണ്ടിൽ നിറഞ്ഞിരുന്നത് aawaargi എന്ന വാക്കായിരുന്നു. ഞാൻ മൂളിക്കൊണ്ടിരുന്നതും അത് മാത്രമായിരുന്നു.yeh  dil yeh paagal dil mera kyon bujh gaya  aawaargi ................ അസ്ഥിയിൽ പിടിച്ചു പോയി എനിക്കത്.സൈറത്ത പറഞ്ഞത് ശരിയാണ്.ഓരോ പാട്ടുകളിലും ഓരോ ഓർമ്മകളുണ്ട്.ഓർമ്മകൾ ഇത്തിൾക്കണ്ണികൾ പോലെയാണ്. പടർന്നു കേറാൻ ഒരിടം കിട്ടിയാൽ  വിട്ടു പോവാതെ  ഇളം തണലിന്റെ സുഖം തന്ന് എപ്പോഴും കൂടെയുണ്ടാകും. ഈ ഗസലിലും എനിക്കൊരു ഓർമ്മയുണ്ട്.ആരോടും പങ്കുവെക്കാൻ ഇഷ്ടപ്പെടാത്ത പ്രിയതരമായൊരു ഓർമ്മ.11 comments:

 1. ►പ്രണയത്തിൽ മോഹങ്ങളെല്ലാം നടന്നാലും ഇല്ലെങ്കിലും എവർഗ്രീൻ ആണ്.◄

  ശരിയാണ്, എല്ലാം എവർഗ്രീൻ ആയിത്തന്നെയിരിക്കട്ടെ....
  നന്മയുള്ള നിഷ്കളങ്കമായ വരികൾക്ക് നന്ദി...

  ‌_ മ ല യാ ളി

  ReplyDelete
 2. എല്ലാ മനസ്സിലും ഉണ്ടാകും ആകാശം കാണിക്കാതെ ഒളിച്ചു വച്ച കുറച്ചു മയിൽപീലികൾ.
  വേനല മഴയ്ക്ക് മുൻപ് ഇടിശബ്ദം കേൾക്കുമ്പോൾ എന്റെ മനസ്സില് ഒരു മയിൽ ഉണരും. അറിയാതെ ഒരു സന്തോഷം നിറയും.
  സന്ധ്യപോയി ഇരുട്ട് വരുമ്പോൾ ഒരു നേരിയ സങ്കടം കൊണ്ട് മനസ്സ് വിങ്ങും.
  ഇഷ്ടായി ഈ വായന.

  ReplyDelete
 3. മഴയോടുള്ള പ്രണയം

  ReplyDelete
 4. മഴ എനിക്കും ഇഷ്ടമാണ്. മഴ കണ്ടിരിക്കാനാണ് ഏറെയിഷ്ടം...

  ReplyDelete
 5. ഉമേയ്....മഴയാത്ര രസിച്ചു ..ഒരു തൂവാനം വന്ന് മുഖം തൊട്ട് പോയപോലെ

  ReplyDelete
 6. മഴ പെയ്ത് തീർന്ന് മരം പെയ്യുന്നത് അതിലേറെ രസം...

  ReplyDelete
 7. പ്രിയതരമായ ഓര്‍മ്മകള്‍

  ReplyDelete
 8. അലറി പൊടിച്ച് പെയ്യുന്ന മഴ ഉത്സവമാണ്.......
  മഴമായുള്ള പ്രണയത്തേ കുറിച്ച് ഭംഗിയായി എഴുതി.......നല്ല എഴുത്ത്.....മഴ കണ്‍മുമ്പിലുള്ള പോലെ തോന്നി .......ആശംസകൾ

  ReplyDelete
 9. "ഉറക്കം വരണ വരെ ഒരിക്കലും നടക്കാൻ ഇടയില്ലാത്ത കാര്യങ്ങളെ വിഷ്വലൈസ് ചെയ്യുക എന്ന വട്ട് ....." - ആ വട്ടുള്ള ആത്മാക്കളിലൊന്നാണു ഞാനും...ഈ മനോഹര എഴുത്ത് എന്റെയും ഗതകാലസുഖ സ്മരണകളെ തലോടുന്നു..

  ReplyDelete
 10. ഓർമ്മകൾ , കടിഞ്ഞാണില്ലാത്ത കുതിരകൾ ! നല്ല എഴുത്തിനു എൻറെ ആശംസകൾ...

  ReplyDelete
 11. അപ്പൊ.. യ്ക്ക് മാത്രല്ല.. ഈ വട്ടുള്ളത്.!!!!!

  ReplyDelete