Sunday, October 27, 2013

സ്നേഹത്തോടുള്ള ന്റെ സ്നേഹം.

മിനിഞ്ഞാന്നത്തെ പത്രത്തിൽ ഒരു കോളത്തിൽ ഓരോരുത്തരും അവർക്കിഷ്ടമുള്ള വാക്കിനെ കുറിച്ച് പറഞ്ഞത് കണ്ടു.എനിക്കാ കോളം  ഇഷ്ടായി. ഈയിടെ കുറച്ചു കാലായിട്ട്  വാക്കുകളേം അക്ഷരങ്ങളേം കുറിച്ച് ചിന്തിക്കൽ എനിക്ക് പ്രധാനാണ് . വായനയൊക്കെ കൊറവാണെങ്കിലും എഴുതുകാന്ന കഴിവില്ലെങ്കിലും വാക്കുകളും അക്ഷരങ്ങളും ഒക്കെ എനിക്കേറെ പ്രിയപ്പെട്ടതാണ്.അവരോട് നിയ്ക്ക് വല്യേ സ്നേഹാണ്.അവ നല്ല രീതിയിൽ ഉപയോഗിക്കുന്ന ആളുകളോട്  ബഹുമാനോം ആണ്.

അത് വായിച്ചപ്പൊ ഞാനും ഓർത്തു നിയ്ക്ക് പ്രിയപ്പെട്ട വാക്കുകൾ ഏതൊക്കെന്ന്.ഏറ്റവുമിഷ്ടം "സ്നേഹം" തന്നെ.അതിന്റെ പര്യായങ്ങളേം,പല ഭാവങ്ങളേം അതിനെ വർണ്ണിക്കുന്ന,ഉപമിക്കുന്ന വാക്കുകളേം ഒക്കെ നിയ്ക്കിഷ്ടാണ്.എങ്കിൽ പോലും സ്നേഹമെന്ന പദം എന്നെ വല്ലാതെ കീഴ്പ്പെടുത്തുന്നു.ആ അനുഭവവും.സ്നേഹത്തെ കുറിച്ച് പറയുന്നവൻ യഥാർത്ഥത്തിൽ സ്നേഹമെന്തെന്ന് അറിയാത്തവനാണത്രേ!!!!!! കാരണം യഥാർത്ഥ സ്നേഹം ഒരിക്കലും വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത ഒന്നാണ്. അങ്ങനെ എന്തോ എവിടുന്നോ ഞാൻ വായിച്ച്ണ്ട്. അത് സത്യമാണെങ്കിൽ കൂടിയും ഞാൻ വൃഥാ ശ്രമിക്കാറുണ്ട് എന്റെയുള്ളിലെ സ്നേഹത്തെ വാക്കുകളിൽ നിറയ്ക്കാൻ.

ഇത്രത്തോളം മൃദുവായ എന്നാൽ മൂർച്ചയുള്ള ,അളക്കാനാവാത്ത ആഴവും പരപ്പുമുള്ള, മറ്റൊന്നിനുമില്ലാത്തത്ര വിശുദ്ധിയും സൌന്ദര്യവുമുള്ള ,
 എത്രയൊക്കെ  പറഞ്ഞാലും പിന്നേയും പറയാൻ  അവശേഷിക്കുന്ന മറ്റേത് വാക്കാണുള്ളത് !!!! എനിക്കിനിയും കണ്ടെത്താനായിട്ടില്ല .പത്മ പറഞ്ഞത് പോലെ അദൃശ്യമായ ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കിൽ .ഈ പ്രപഞ്ചത്തെ മുഴുവനും ഉൾക്കൊള്ളുന്ന ഒരു വാക്ക്.അതുകൊണ്ട് തന്നെ ആ വാക്കിനോട് എനിക്ക് തീരാത്ത ആരാധനയാണ്.സ്നേഹമെന്ന അനുഭവത്തോട്‌ തീരാത്ത സ്നേഹവും.അതെ,സ്നേഹത്തിന്റെ ഉപാസകയാണ് ഞാൻ. എനിക്കിഷ്ടമാണ് സ്നേഹത്തെ കുറിച്ച് ചിന്തിക്കാനും, സംസാരിക്കാനും, എഴുതാനും ഒക്കെ.സ്നേഹിക്കപ്പെടുന്നതിനേക്കാൾ ഇഷ്ടമാണ് സ്നേഹിക്കാൻ.ഓരോ തവണയും സ്നേഹമെന്ന വാക്കുച്ചരിക്കുമ്പോൾ , അതെഴുതുമ്പോൾ, എന്റെയുള്ളിൽ അത് നിറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇപ്പോൾ ഈ നിമിഷത്തിൽ പോലും എവിടെ നിന്നോ ഒഴുകിയെത്തുന്നുണ്ട് എന്നിലേക്കീ സ്നേഹം.

സ്നേഹവും ഇഷ്ടവും ഒന്നാണോ??????എനിക്കറിയില്ല.പ്രേമമെന്ന വാക്കിൽ ഒരു ഭക്തിയുണ്ട് .പ്രണയത്തിൽ ഒരു കാൽപനികതയും.രാഗമെന്നത് സാഹിത്യഭംഗി തുളുമ്പുന്ന ഒന്നാണ്.ഈ വാക്കുകളെല്ലാം തന്നെ  എനിക്കിഷ്ടമാണ്. ഇവയെല്ലാം സ്നേഹമെന്ന പദത്തിൽ എത്ര ഭംഗിയായി സമന്വയിച്ചിരിക്കുന്നു എന്നെനിക്ക് തോന്നാറുണ്ട്.ഇതൊക്കെ എന്റെ മാത്രം തോന്നലുകളാണ്. ഒന്നുണ്ട്, സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും തീർച്ചയായും ഭാഗ്യം വേണം. ഒപ്പം സ്നേഹത്തോളം വല്യൊരു മനസ്സും.ആ ഭാഗ്യവും ആ മനസ്സും എനിക്കുണ്ടെന്ന് എല്ലാവർക്കും എന്നോടുള്ള സ്നേഹം കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്.

സ്നേഹത്തിന്റെ ഏറ്റവും സുന്ദരമായ മുഖം സംശയമില്ലാതെ തന്നെ പറയാം അമ്മയുടേതെന്ന്.അതുകൊണ്ട് അമ്മയെന്ന വാക്കും എനിക്കേറെ പ്രിയം തന്നെ. പക്ഷെ......ആ സ്നേഹം ......എനിക്കത് നഷ്ടമാണ്.
എന്നിലേക്കെത്തിയ സ്നേഹം..........
ഇങ്ങനെയൊക്കെ  തോന്നാൻ മാത്രം സ്നേഹമെന്ന അനുഭൂതിയെ  കാലം എന്നിലേക്കെത്തിച്ചത് നിന്നിലൂടെയാണ്.
ഒരക്ഷരത്തിലൂടെ ......ഒരു വാക്കായി മാറിയ നീ...........
ഒരു വാക്കിലൂടെ ........എന്നിലെ സ്നേഹത്തെ പൂർണ്ണമാക്കിയ നീ................
നീ എത്ര മനോഹരമായ വാക്കാണ്‌!!!!!!!
മറ്റാരേക്കാളുമധികം നീയെന്നെ സ്നേഹിക്കുന്നു.
അതുകൊണ്ട് തന്നെ " നീ " എനിക്കേറെ പ്രിയപ്പെട്ട മറ്റൊരു  വാക്കാണ്‌.
നിന്നിലൂടെ പൂർണ്ണത നേടിയ എന്റെ സ്നേഹം പോലെ!!!!!

കടൽ കാണുമ്പോൾ എന്റെയുള്ളിൽ ഒരു കടലോളം സ്നേഹം നിറയുന്നു. നിന്നിലേക്ക്‌ മാത്രമായി ഒഴുകുന്നൊരു സ്നേഹക്കടൽ അപ്പോഴെന്റെയുള്ളിൽ അലയടിക്കുന്നതായി എനിക്കനുഭവപ്പെടുന്നു. അതുകൊണ്ട് കടൽ എന്ന വാക്കിനോടെനിക്കേറെ ഇഷ്ടമാണ്.
അടഞ്ഞ കണ്ണുകൾക്കുള്ളിലേക്ക് സ്വപ്നങ്ങളുടെ തേരിലേറി നീ വന്നപ്പോൾ മുതൽ, പിടിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് നിന്റെയീ മിഴികളിലുണ്ടെന്നു നീ പറഞ്ഞപ്പോൾ മുതൽ ഞാനെന്റെ മിഴികളേയും,മിഴികളെന്ന വാക്കിനേയും ഇഷ്ടപ്പെടാൻ തുടങ്ങി.നിന്നെ നിറച്ച മനസ്സിൽ , നീ നിറയ്ക്കുന്നത് നിലാവിനോളം ചന്തമുള്ള പ്രകാശമാണ്.അതുകൊണ്ട് തന്നെ നിലാവെന്ന വാക്കിനോടും എനിക്കിഷ്ടമാണ്.

മഴ കാണുമ്പോഴും,അതിൽ നനയുമ്പൊഴും എനിക്ക് തോന്നാറുണ്ട് എന്റെയുള്ളിൽ സ്നേഹം മാത്രമേ ഉള്ളൂ എന്ന് .പെയ്തു പോവുന്ന, എന്നെ നനയിച്ച  ഓരോ മഴയിലും ഞാനറിഞ്ഞ അമ്മക്കൊതി .....
നിന്റെ സ്നേഹം ഒരു തോരാമഴയെന്നും ഈ മഴ നനയാൻ ഇനിയുമൊരുപാട്  ജന്മം നേടണമെന്നുമുള്ള  നിന്റെ വാക്കുകൾ  ...........
പെയ്യാൻ കൊതിക്കുന്നൊരു കുഞ്ഞു മേഘം എപ്പോഴും നിന്റെയുള്ളിലുണ്ടെന്നും,നിന്റെ വാക്കുകൾക്കെപ്പോഴുമൊരു  മഴ നനവാണെന്നുമുള്ള പ്രിയ സുഹൃത്തിന്റെ വാക്കുകൾ .........
മഴയെന്ന വാക്ക് എന്നിലൊരുപാട് സ്നേഹമുണ്ടാക്കിയിട്ടുണ്ട്.
അതുകൊണ്ട് മഴയെനിക്ക് സ്നേഹത്തിന്റെ മറ്റൊരു വാക്കാണ്‌.

കാരണങ്ങളില്ലാതെ പലപ്പോഴും കരഞ്ഞപ്പോഴും,വിരഹം കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചപ്പോഴും, നിന്നിൽ ഞാൻ കാണുന്നതെന്നെ തന്നെയെന്ന് നാം പരസ്പരം മനസിലാക്കിയപ്പോഴും ,ആ വാക്കുകളോടൊക്കെയും  ഇഷ്ടമായി. ഓരോ നക്ഷത്രങ്ങളിലും സൌഹൃദങ്ങളുടെ മുഖങ്ങളെ ചേർത്തു വയ്ക്കാൻ തുടങ്ങിയപ്പോൾ , സന്തോഷങ്ങളുടെ പങ്കു വെക്കലുകൾ കൽക്കണ്ടം പോലെ മെല്ലെ മെല്ലെ അലിഞ്ഞ് മധുരമായി ഉള്ളിൽ ശേഷിച്ചപ്പോൾ സൌഹൃദത്തോടും ഇഷ്ടമായി.ഓരോ പൂമണങ്ങളിലും ഓർമ്മകൾ അനുഭവപ്പെട്ടപ്പോൾ, കൂട്ടി വെച്ച മഞ്ചാടി മണികൾ  നിനക്കായുള്ള കാത്തിരിപ്പെന്നു കരുതാൻ തുടങ്ങിയപ്പോൾ,ഓർമ്മകളെന്ന വാക്കെനിക്കേറെ പ്രിയമായി. എന്നെന്നുമുള്ള കുഞ്ഞു കുഞ്ഞു മോഹങ്ങളായ പളുങ്ക് വളകൾ, ശംഖു മാല, അരികിൽ തവിട് നിറമുള്ള കക്കകളൊട്ടിച്ച കണ്ണാടി , മയിൽപ്പീലിയും  അപ്പൂപ്പൻ താടിയും ഒട്ടിച്ച തൊപ്പി അവയോടുമിഷ്ടം  തന്നെ.

സ്വപ്നങ്ങളിലെ പതിവുകളായിരുന്ന ചെമ്പക മണമുള്ള കാറ്റ്,കാടിന്റെ പച്ച, മുളങ്കൂട്ടത്തിന്റെ പാട്ട് നീലാകാശവും വെള്ളി മേഘങ്ങളും ഒരിക്കലും മാറാത്ത ഇഷ്ടങ്ങൾ.കണ്‍പീലികൾ പരസ്പരം ചേർത്തു  വെച്ച് ഒരില വീഴുന്ന പോൽ  നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക്ക് മെല്ലെ വന്നു പതിയണം.അങ്ങനൊരു ചുംബനം നീയെനിക്കെന്നോ എന്റെ സ്വപ്നങ്ങളിലേതിലോ നൽകിയിട്ടുണ്ട്.പിന്നെ പിന്നെ ചുംബിക്കുക എന്ന വാക്ക് കേൾക്കുമ്പോൾ എനിക്കതാണ്‌ ഓർമ്മ വരാറ്. ഈ ഓർമ്മ കൊണ്ട് ആ വാക്കും ഇന്നെനിക്കേറെ പ്രിയമാണ്.

നഷ്ടപ്പെടലുകളും സ്നേഹം തന്നെയാണ്. നഷ്ടപ്പെടൽ തന്നെയാണ് സ്നേഹത്തിന്റെ മാറ്റ് കൂട്ടുന്നത്. പകരം  വെക്കാനാവാത്ത  എനിക്ക്സംഭവിച്ച സ്നേഹനഷ്ടങ്ങൾ...... അവയെ നൊമ്പരങ്ങൾ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. പ്രിയമേയുള്ളൂ അതിനോടും.
അതുകൊണ്ടല്ലേ ഒരേ സമയം നേട്ടവും നഷ്ടവുമായി നീയെന്നിലിങ്ങനെ..............!!!!

10 comments:

  1. ഈ വാക്കുകളൊക്കെയും പ്രീയങ്കരം. ഉമ ഭംഗിയായ് സംസാരിക്കുന്നു..അഭിനന്ദനങ്ങള്‍..

    ReplyDelete
  2. നേട്ടം തന്നെയാണ് നമ്മുടെ നഷ്ടം ,സ്നേഹം തന്നെയാണ് പ്രണയം....

    ReplyDelete
  3. സ്നേഹം എന്ന വാക്കിന്റെ ആഴവും അര്‍ത്ഥവും!!!!
    അത്ഭുതകരം

    ReplyDelete
  4. സ്നേഹത്തോട് സ്നേഹമില്ലാത്തവരായി ആരുണ്ട്...?
    :)

    ReplyDelete
  5. എനിക്കും സ്നേഹം സ്നേഹത്തോടു ...

    ReplyDelete
  6. സ്നേഹം എന്ന വാക്കിന്റെ പൊരുള്‍ പറഞ്ഞോ എഴുതിയോ തീര്‍ക്കാവുന്നതിലും ഉപരിയായാണ് , ഞാന്‍ സ്നേഹത്തിനെ കാണുന്നത് ജീവനുള്ള ഒരു വക്കായാണ് ,ഏതു വികാരത്തോടെയും ചെര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന ഒരു വാക്ക് , പ്രണയമായും, സൌഹൃദമായും,
    നൊമ്പരമായും , വിരഹമായും ഒക്കെ ഇതു നമ്മുടെ ജീവിതത്തോടെ ചേര്‍ന്നുനില്‍ക്കുന്നു. സ്നേഹത്തെ ഗാഡമായി പുണരുന്ന ഉമയുടെ ഈ വരികള്‍ സ്നേഹിക്കുന്ന മനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കുന്നു, ഒരു തേനരുവിപോലെ ഒഴുകി മനസ്സുകളിലേക്ക് പടരുന്നു.

    സ്നേഹാശംസകള്‍

    ReplyDelete
  7. അതുകൊണ്ടല്ലേ ഒരേ സമയം നേട്ടവും നഷ്ടവുമായി നീയെന്നിലിങ്ങനെ..............!!!!

    ReplyDelete
  8. “നീ”. കുഞ്ഞുങ്ങളെയും ദൈവത്തെയും ‘നീ’ എന്നുവിളിക്കും. അതിൽ ഒരു ആത്മബന്ധത്തിന്റെ തൃപ്തിയുണ്ട്. ആ വാക്കിൽ.

    സ്നേഹത്തെപ്പറ്റി എഴുതിയിരിക്കുന്നവ എനിക്ക് പലപ്പോഴും നീരസമാണ്‌ ഉണ്ടാക്കാറുള്ളത്. അതുകൊണ്ട് കമന്റ് ചെയ്യാൻ കഴിയാറുമില്ല.
    സത്യത്തെ അനുഭവിക്കാനേ കഴിയൂ...വിവരിക്കാൻ കഴിയില്ല. എന്നാൽ സത്യസ്പർശിയായി എഴുതാം... അനുഭവസ്ഥരെങ്കിൽ ... അതിവിടെ സാധിച്ചു !! സ്നേഹത്തെക്കുറിച്ച് എഴുതിയപ്പോൾ സ്നേഹം, ദൈവം, ഭക്തി ഈ വാക്കുകൾക്കെല്ലാമുള്ള മനോഹരമായ ഒരു നിർവ്വചനമായി..!!! സംശയമുണ്ടെങ്കിൽ ഒന്നുകൂടി വായിച്ചുനോക്കൂ...
    ആശംസകൾ....

    ReplyDelete
  9. ഒഴുകുന്ന കാറ്റുപോലെയും പെയ്യുന്ന മഴപോലെയും വെയിലും നിലാവും പോലെയൊയുള്ള സ്നേഹമുണ്ട് അത് നല്ലതാണ്.കെട്ടി നിർത്തി തോട് കീറി തെങ്ങിന്റെയും കവുങ്ങിന്റെയും തടങ്ങളിലേക്ക് മാത്രം ഒഴുക്കിവിടുന്ന സ്നേഹത്തിനു പിന്നിൽ സ്വാർഥതയുണ്ടോ?? ഉണ്ടെങ്കിലും അതും നല്ലതുതന്നെ. സ്നേഹത്തിനു പകരം സ്നേഹം മാത്രം.
    നന്നായി എഴുതി... ആശംസകൾ ഉമ്മുസേ.. :)

    ReplyDelete
  10. സ്നേഹം, അമ്മ, നിലാവ്, പൂക്കള്‍, കുഞ്ഞുങ്ങള്‍. മഴ,ഇതെല്ലാം എനിക്കും (ഒരു പക്ഷെ എല്ലാര്‍ക്കും) ഇഷ്ടമുള്ള വാക്കുകള്‍ തന്നെ എന്റെ ഉമക്കുട്ടീ
    എനിക്ക് ഒരു പാട് ഇഷ്ടം ഈ പുഴയൊഴുകും പോലുള്ള വാക്കുകള്‍.

    ReplyDelete