കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലാപ്പി പണി പറ്റിച്ചു.
ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നപ്പോള്‍ എടുത്തു കൂട്ടിയ ഫോട്ടോ മുഴോനും പോയി കിട്ടി.ഇഷ്ടപ്പെട്ടതൊക്കെ ഫേസ് ബുക്കില്‍ ഉണ്ടല്ലോ എന്ന സമാധാനത്തില്‍ ആണ് ഇപ്പോള്‍.
ഇപ്പൊ കുറച്ചു ദിവസം ഫേസ് ബുക്കിനോട് പെണക്കാ!!!!അതോണ്ട് ഈ ഇഷ്ടള്ള ഫോട്ടോ ഒന്നും അവിടെ കൊണ്ടോയി സൂക്ഷിക്കാന്‍ പറ്റില്ല.(ചെലതൊക്കെ അവിടെ ഉള്ളതാണ്,അത് വേറെ കാര്യം)
അപ്പൊ പിന്നെ ഇതില്‍ ആവട്ടെ എന്ന് കരുതി.
ഈ പൂവിനെ ഇവിടെ ഒക്കെ പഞ്ചാര പൂവെന്നാ വിളിക്ക്യാ.
പഞ്ചാരെടെ മണം ആണ് ഇതിന് .വഴിയരികില്‍ ഒക്കെ കൂട്ടം കൂട്ടമായി നില്ക്കുന്നു ഇവിടെ.
കല്യാണിക്കാവിലെ അമ്പല പറമ്പില്‍ മൂന്നു വല്യേ പാലമരങ്ങള്‍ ഉണ്ട്.അവിടവിടെ ആയി പൂത്തിട്ടും ഉണ്ട്.ഞാന്‍ ദേ കഴിഞ്ഞ കൊല്ലോ മറ്റോ ആണ് ഈ പാലപ്പൂവിനെ ഇത്രേം അടുത്ത കണ്ടതും,തൊട്ടതും,മണത്തു നോക്കിയതും ഒക്കെ.ചുമ്മാ അല്ലാട്ടോ യക്ഷീം ഗന്ധര്‍വനും ഒക്കെ വരുന്നേ.
അസാധ്യ ഗന്ധാണ്.ആരേം മോഹിപ്പിക്കുന്ന മണം .ഉത്സവങ്ങളുടെയും,പൂരങ്ങളുടെയും,ഒക്കെ കാലമാകുമ്പോഴേക്കും മുഴോനും പൂക്കും.മഞ്ഞു പെയ്യുന്ന നിലാവുള്ള രാത്രിയില്‍ പാലപ്പൂക്കളുടെ ഗന്ധവും,പ്രണയാര്‍ദ്രമായ ഒരു പാട്ടും,ആസ്വദിച്ച് നിനക്കെഴുത്തുകള്‍ അയക്കാന്‍ എനിക്കേറെയിഷ്ടം.എന്റെ അക്ഷരങ്ങളില്‍ പാലപ്പൂവിന്റെ മണം നിറയുന്നു എന്ന് നീ പറയുന്നത് കേള്‍ക്കാന്‍ അതിലേറെ ഇഷ്ടം.
ഈ രണ്ടു ചെമ്പരത്തി പൂക്കളെ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്ന ചിന്ത വാക്കുകള്‍ ഇതാണ്.
"ഇന്ന് ഞാന്‍ നാളെ നീ!!!"
പിന്നെ ആശാന്റെ വീണപൂവിലെ മുന്‍പെങ്ങോ കാണാതെ പഠിച്ച ചില വരികളും.
ഓട മരത്തിന്റെ കൊമ്പോ മറ്റോ ചതച്ച് ഉണ്ടാക്കുന്നതാണ് ഇത്.
പൂവെന്നു പറയാന്‍ പറ്റില്ല.
കൊട്ടിയൂര്‍ അമ്പലത്തിലെ പ്രധാന വഴിപാടാണ്.
അവിടെ നിന്നും മാത്രമേ ഇത് കിട്ടൂ.
വേറെ എങ്ങും ഇല്ല .
വെള്ളി രോമം പോലെ...........
വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യം ആണത്രേ!!!!
ഇനി അപ്പൊ അതില്ലാതെ ഐശ്വര്യം കൊറയണ്ട.
(ജയേട്ടന് അമ്പലത്തിന്റെ അടുത്തുള്ള ആരോ കൊടുത്തതാണ്.
തിരുമേനീടെ ഇല്ലത്ത് ഐശ്വര്യം ഉണ്ടായിക്കോട്ടെ എന്ന് കരുതിയ ആരോ.)
മണ്ണിനെ പ്രണയിക്കുന്ന ഒരു തൊട്ടാവാടി പൂവ്.
എന്തൊരു നിഷ്കളങ്കതയാണല്ലേ ഈ തൊട്ടാവാടി പൂവുകള്‍ക്ക്?????????
എനിക്കൊരുപാടിഷ്ടമുള്ള ഒരു പൂവാ ഇത്.
ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പരിശോകത്തിന്റെ പൂവ്.
പണ്ട് ഈ പൂവിലെ ദേ ആ താഴെ കാണുന്ന മെറൂണ്‍ ഭാഗത്ത് നിന്ന് വട്ടത്തില്‍ വെട്ടിയെടുത്ത് പൊട്ടാണെന്നും പറഞ്ഞ് നെറ്റിയില്‍ ഒട്ടിച്ചു വെച്ച് നടക്കുമായിരുന്നു.
(യാത്രകളില്‍ , ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നു മടിയില്‍ ഉറങ്ങുന്ന അച്ചൂനേം പിടിച്ച് ഒരു കൈ കൊണ്ട് വളരെ കഷ്ടപെട്ടാണ് ചില ഫോട്ടോ ഒക്കെ എടുക്കുന്നേ !!!!
അങ്ങനെയുള്ള ഒരു ഫോട്ടോയാ ഇതും.)
ഓരോ മഴയും ബാക്കി വെച്ച് പോകുന്നത് ഒരുപാടാണ് .
നാളെ മറ്റൊരു മഴയിലൂടെ "പെയ്തൊഴിയാനുള്ള ഓര്‍മ്മകള്‍" " എന്ന പുനര്‍ ജന്മത്തിനായി
ഇന്ന് പെയ്തു നിറയ്ക്കുന്ന ഒരുപാട്..............
നീ ആകാശം.
ഞാന്‍ ഭൂമി.
എനിക്കും നിനക്കും ഇടയിലെ ദൂരം ഒരു കടലോളമായിരുന്നു.
എന്നേ ആ കടല്‍ നമുക്കിടയിലെ ദൂരം ഇല്ലാതാക്കിയേ????
അറിയില്ല.
ഇന്ന്............ ഞാനും,നീയും അല്ല നമ്മള് ആണ്.
ദാ ഇത് പോലെ .....
നമ്മെ ഒരുമിച്ച് ചേര്‍ത്ത ഈ കടല്‍ ................
ഇത്.... നമ്മുടെ പ്രണയമാണ്.
അതെ നീ ആകാശം.
ഞാന്‍ ഭൂമി.
നമ്മുടെ പ്രണയം ഈ കടല്‍..
മനസ്സ് ചിലപ്പോള്‍ ഇങ്ങനെയാണ് .
അലയടിച്ചുയരുന്ന ഓര്‍മ്മകള്‍,
അതിലെവിടെയോ ഒരു കുന്നു നോവുകള്‍,
ചില ഇഷ്ടങ്ങളെ നഷ്ടപ്പെടുത്തുന്ന നേരുകള്‍,
നിസ്സഹായതയുടെ നിര്‍വികാരത.........
അങ്ങനെ എന്തൊക്കെയോ....
എനിക്കെത്ര കണ്ടാലും മതിയാവാത്ത ഒരു കാഴ്ച .
നീലാകാശം .
എന്റെ എന്തിനൊക്കെയോ ഉള്ള സങ്കടങ്ങള്‍ ചിലപ്പോഴൊക്കെ ഓടി പോവാറുണ്ട് നീലാകാശത്തെ കാണുമ്പോള്‍. .
പ്രതീക്ഷയുടെ പ്രതീകം .
ജീവിക്കാനുള്ള മോഹമാണ് എനിക്ക് പച്ച .
അതെ ജീവിതത്തിന്റെ നിറം പച്ച തന്നെയാണ്.
ഈ നീലാകാശം നിന്റെ പ്രണയമാണ്
ഞാനെന്ന ഈ പച്ച നിന്നിലേക്ക് .............
നീലയും വെള്ളയും പച്ചയും കൂടി ഭംഗിയാക്കിയ എന്റെ കാഴ്ച.
ഒരു വൈകുന്നേരത്തിലെ ആകാശം.
മേഘങ്ങള്‍ അങ്ങ് ദൂരെ എങ്ങോട്റെക്കോ ഉള്ള വഴി പോലെ നിറയെ പടിക്കെട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്
നിന്നോട് ചോദിക്കട്ടെ നമുക്ക് പോകാം ആ പടികള്‍ കയറി കയറി അങ്ങോട്ടേക്ക്................
അവിടെ മേഘങ്ങളുടെ കൊട്ടാരമുണ്ട് .
അവിടെ ഇരുന്നാല്‍ ഇങ്ങു ഭൂമിയിലെ പ്രണയിനികളെ കാണാം.
അവരുടെ പ്രണയത്തില്‍ പനിനീരായി നമുക്ക് ,നമ്മുടെ പ്രണയത്തിന്റെ മഴ പൊഴിക്കാം.
ഈ ലോകം മുഴുവനും സ്നേഹം മാത്രം.
എല്ലാ മുഖങ്ങളിലും ചിരിയും സന്തോഷവും നന്മയും മാത്രം.
എന്റെ ഒരു വലിയ ആഗ്രഹം .
മഴ പെയ്യണേനു മുന്‍പുള്ള ഈ ഒരു അവസ്ഥ എനിക്കേറെ ഇഷ്ടം .
എന്റെ മനസ് പല കാര്യങ്ങളിലും ഇങ്ങനെയാണ്.
അപ്പൊ പിന്നെ പ്രണയത്തില്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ !!!!!
പെയ്തു തോരല്‍ എന്ന നിര്‍വൃതിയ്ക്കായുള്ള കാത്തിരിപ്പ് ...!!!!അതിനേക്കാള്‍ മനോഹരമായ ഒരു കാത്തിരിപ്പ് വേറെയില്ല.
"മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍."".
ഒരിക്കല്‍ വളരെ സങ്കടത്തോടെ "മരണമെത്തുന്ന നേരത്ത് " എന്ന കവിത ചൊല്ലിയപ്പോള്‍ മനസ്സില്‍ നന്മ മാത്രമുള്ള ഒരു സുഹൃത്ത് പറഞ്ഞു എന്തിനാണ് ഇത്രയേറെ സങ്കടത്തോടെ അതിനെക്കാള്‍ സങ്കടപ്പെടുത്തുന്ന ആ വരികള്‍ പാടുന്നെ..........
അതിനേക്കാള്‍ നല്ലതല്ലേ പ്രതീക്ഷകള്‍ നല്കുന്ന ഈ പാട്ട് പാടുന്നെ എന്ന്.
ശരിയാണ്.
ഈ പാട്ടിലെ ആദ്യത്തെ രണ്ടു വരികള്‍ കേള്‍ക്കുമ്പോള്‍ മഴ നല്കുന്ന കുളിരും പ്രതീക്ഷയും പിന്നെ ജീവിക്കാന്‍ മോഹിപ്പിക്കുന്ന പച്ച നിറവും മനസ്സില്‍ നിറയ്ക്കും.
പ്രിയ സുഹൃത്തേ...........നിന്റെ വാക്കുകള്‍ക്കു നന്ദി.
ഈ ചിത്രം നിനക്കായ്..........
നിന്നില്‍ വിരിഞ്ഞ നിലാവ് ഞാന്‍. നമ്മുടെ പ്രണയത്തെ നോക്കി നില്ക്കുന്ന പച്ച.
ഇലകള്‍ക്കിടയിലൂടെ ആകാശം കാണാനുള്ള എന്റെ ഇഷ്ടാണ് താഴെയുള്ള ചിത്രങ്ങളില്‍. ..
മുളയുടെ നേര്‍ത്ത ഇലകള്‍. ............
ആ ഇലകളുടെ കൂമ്പുകള്‍ കൊണ്ട് കുത്തുമ്പോള്‍ നല്ല വേദനയാണ് പണ്ട് കുഞ്ഞു നാളിലെ ഓരോ കൌതുകങ്ങള്‍
അന്ന് ഡോക്ടര്‍ ആയി കളിച്ച നാളുകളില്‍ ഇതായിരുന്നു സിറിഞ്ച് .
ഈ ഇലകള്‍ക്കിടയിലെ വെണ്മ അതിന്റെ ചന്തം ഒന്ന് വേറെ തന്നെ.
തൃശൂരിലെ നെഹ്റു പാര്‍ക്കില്‍ പോയപ്പോള്‍ അവിടെ കണ്ട മരം പേര് ഓര്‍മ്മയില്ല .
സൂര്യന് ഇലകള്‍ക്കിടയിലൂടെ എന്നെ നോക്കിയപ്പോള്‍ അത് കാണാതെ മുഖം തിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
മുള പോലെയാണ്ഓട മരവും .
ഇലകളും ഒരു പോലെ തന്നെ.
ഒരിത്തിരി വീതിയും വലുപ്പവും കൂടുമെന്ന് മാത്രം.

നേര്‍ത്ത കാറ്റില്‍ പോലും വിറയ്ക്കുന്ന അരയാലിന് ഇലകള്‍ .
അവക്കിടയിലൂടെ സൂര്യന് മങ്ങിയ ആകാശം.
പാര്‍ക്കില്‍ പോയപ്പോള്‍ കിട്ടിയ മഞ്ചാടിമണികള്‍. .
അവിടത്തെ ആ വലിയ മഞ്ചാടി മരത്തിനു താഴെ നിറയെ വീണു കിടപ്പുണ്ടായിരുന്നു.
സമയം കിട്ടിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ പെറുക്കി എടുത്തേനെ ഞാന്‍. .
മയില്‍പീലീം മഞ്ചാടി മണീം ന്റെ ഇഷ്ടം.ന്റെ സ്വന്തം.
സൊ............റൊമാന്റിക്.!!!!!!!
ഇത് കണ്ടോ ഇത് മുഴോനും ന്റെ മാത്രാ!!!!
ന്റെ സ്വന്താ!!!!!!
അവിടെ എന്റെ ഇല്ലത്തെ രണ്ടു സര്‍പ്പ കാവുകളുടെ അടുത്തും മഞ്ചാടി മരംണ്ട് .
അതീന്നു വീണത് മുഴോനും പെറുക്കി കൂട്ടിയതാ ഇതിന്റെ ഭൂരിഭാഗോം.
പിന്നെ കൊറേ അവിടന്നും ഇവിടന്നും ഒക്കെ.ഒരു ഇരുപതിനായിരത്തിന്റെ അടുത്തൊക്കെ വരും.
കൃത്യായി എണ്ണിയില്ല ഇനിയും.
അതിന് ഇട കിട്ടിയില്ല എന്ന് വേണം പറയാന്‍..
ദിവസം മുഴോനും ഇതും വെച്ചോണ്ട് ഇരിക്കാനും ഞാന്‍ റെഡിയാ !!!!!!
അത്രേം അത്രേം അത്രേം ഇഷ്ടാ എനിക്കിത്.
ന്റെ സന്തോഷം,വല്യേ നിധി,പ്രണയം,ഒക്കെ..............
അച്ഛമ്മ പറയുമായിരുന്നു ആരേലും മഞ്ചാടി തരാംന്ന് പറഞ്ഞാല്‍ അവള് അയാള്ടെ കൂടെ പോവും എന്ന്.
എനിക്കത്രേം പ്രാന്താ ഈ മഞ്ചാടി.
എത്ര കിട്ടിയാലും മതിയാവില്ല .
നിന്റെ പ്രണയം പോലെ.............
പിന്നെ പറയുമായിരുന്നു ഗുരുവായൂര്‍ക്ക് കൊടുക്കാന്‍ .
ഞാന്‍ പറയും ഗുരുവായൂരപ്പന് നേരിട്ട് വന്നു ചോദിച്ചാലും ഞാന്‍ കൊടുക്കില്ല .കണ്ണന് അതിനേക്കാള്‍ ഇഷ്ടം ഇതെന്റെ കയ്യില്‍ ഇരിക്കുന്നത് കാണാന്‍ ആണെന്ന്.
പക്ഷെ നീ ചോദിച്ചാല്‍ തരുംട്ടോ .....
എന്റെ എല്ലാം നിനക്കല്ലേ !!!!
(എന്നാലും......നീ ചോദിക്കില്ലല്ലോ????? :) )
ഈ ഫോട്ടോ ഫേസ് ബുക്കില്‍ ഇട്ടപ്പോള്‍ കൊറേ പേര് എന്നെ കളിയാക്കി .
ആ സിനിമേലെ ഉര്‍വ്വശീടെ പെട്ടി പോലെ എന്നും പറഞ്ഞ് .
ഈ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ എനിക്ക് നല്കുന്ന സന്തോഷം എത്ര വലുതാണ്!!!!!!!!!!!!!!!!!!!!!!!!!!
ന്റെ അച്ചു......
അച്ചൂനും ഇഷ്ടാ അമ്മേടെ മഞ്ചാടി പ്രാന്ത്.