Thursday, July 5, 2012

നിന്നോട് പറയാനുള്ള വിശേഷങ്ങള്‍................!!!!!!!!

മുന്നില്‍ പെയ്യുന്ന മഴയെ നോക്കി കാറിനുള്ളില്‍ ഞാന്‍ ഇരുന്നു.

"ദേവീ ആത്മരാഗമേകാം............" എന്ന അതിമനോഹരമായ പാട്ട് കേട്ട് കൊണ്ടുള്ള യാത്ര ഏറെ സുഖമായിരുന്നു.

ഒരുപാടു പ്രിയമുള്ള ചിത്രമാണ് ഞാന്‍ ഗന്ധര്‍വന്‍.

ആ ഒരു ഫാന്റസി തന്നെയാണ് അതില്‍ ഏറെ ഇഷ്ടമായത്.

ഗന്ധര്‍വന്‍റെ പ്രണയം.

പിന്നെ ചില സീനുകള്‍,സംഭാഷണങ്ങള്‍,പാട്ടുകള്‍,അങ്ങനെയൊക്കെ.

മുറിയില്‍ എത്തുന്ന മിന്നാ മിനുങ്ങിനെ കണ്ടു കൊതിക്കുമ്പോള്‍ അവള്‍ക്കു ചുറ്റും ഒരായിരം മിന്നാ മിനുങ്ങുകളുടെ വെളിച്ചം നിറയ്ക്കുന്ന ഗന്ധര്‍വനെ ഏതു പെണ്ണാ മോഹിക്കാത്തത്!!!!!!!

പ്രണയം എത്ര മനോഹരമാണ്!!!!ഞാന്‍ ഓര്‍ത്തു.


നിന്നെ കുറിച്ചെഴുതാന്‍ വാക്കുക്കളെ കാത്തു കൊണ്ടിരിക്കുമ്പോള്‍ വന്നെത്തിയത് ദാ ഒരു മഴയാണ്.

അടഞ്ഞ വാതിലിന്‍ വിടവിലൂടെ,മഴയുടെ ശബ്ദം മുട്ടി വിളിക്കുന്നു.

ഞാറ്റുവേല മഴയുടെ ശക്തിയില്ലെങ്കിലും മഴ പെയ്തിരുന്നു പലപ്പോഴായി............
കാത്തിരുന്നും,നോക്കിയിരുന്നും,കളിക്കാന്‍ കൂടിയും ഒടുക്കം പനി പിടിച്ചു.
മഴയുടെ സമ്മാനമല്ലേ!!!!
ഇഷ്ടത്തോടെ വാങ്ങി.

ഒരു വിളിക്കപ്പുറം എനിക്കൊപ്പം മറ്റൊരാള്‍ കൂടി മഴയില്ലാത്ത നാട്ടിലിരുന്നു ഈ മഴ അറിയുന്നുണ്ട്.
കാണുന്നുണ്ട്.
അനുഭവിക്കുന്നുണ്ട്.
"നിന്നിലൂടെ ഈ മഴ നനയാന്‍ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു"വെന്ന് അവന്‍ പറഞ്ഞപ്പോള്‍ അവനു വേണ്ടി ഞാന്‍ ഒരു മഴയാവാന്‍
ശ്രമിക്കുകയായിരുന്നു.
മുറ്റത്തെ മഴ നനഞ്ഞ എല്ലാ പൂക്കളുടെം ചിത്രങ്ങള്‍ എടുത്തു.
അവനെ കാണിക്കാന്‍.,അവനെ കൊതിപ്പിക്കാന്‍........................
ഇലകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഒരു വെള്ള ചെമ്പകം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു "നിന്‍റെ പ്രണയം ഈ പൂവ് പോലെ എത്ര നിര്‍മ്മലമാണെന്ന്...."
കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.
അവനോടു പറഞ്ഞു.
ഇത് എന്‍റെ പ്രണയമാണ്.

കൈകുടന്നയില്‍ പവിഴമല്ലി പൂക്കള്‍ നിറച്ചു പിടിച്ച ചിത്രം കണ്ടപ്പോള്‍ അവന്‍ ചോദിച്ചു, "എന്‍റെ പെണ്ണെ നിക്കെന്താ വട്ടാണോ" എന്ന്.
ചിരിയോടെ ഞാന്‍ പറഞ്ഞു ഇത് നിനക്കാണ്.

മനസ്സില്‍ സൂര്യനെ പോലെ ജ്വലിക്കുന്ന പ്രണയവും കൊണ്ട് നീ വരുമ്പോള്‍...................
അപ്പോള്‍ നിന്‍റെ മേല്‍ ഞാന്‍ ഈ പവിഴമല്ലി പൂക്കള്‍ വര്‍ഷിക്കും.
കാല്‍ വിരല്‍ നിലത്തൂന്നി ഞാന്‍ ഒന്നുയര്‍ന്നു നിന്‍റെ നെറ്റിയില്‍ ഉമ്മ വെക്കും.
അപ്പോള്‍ ഒഴിഞ്ഞു കിടന്നിരുന്ന എന്‍റെ കാതുകളില്‍ നീ രണ്ടു പൂക്കള്‍ എടുത്ത് കമ്മല്‍ പോലെ ഒട്ടിച്ചു വെക്കണം.
പിന്നെ ഒരു പൊട്ടു പോലെ നെറ്റിയില്‍,
ഒടുവില്‍ ഒന്നെടുത്ത് എന്‍റെ തലമുടിയിഴകളില്‍ തിരുകിയും വെക്കണം.

നീ വരുമ്പോള്‍ മഴയുണ്ടാവുമോ??????
അറിയില്ല.
ഉണ്ടാവണം എന്നാഗ്രഹിക്കുന്നു.
എങ്കിലല്ലേ മഴ നനഞ്ഞുകൊണ്ട് നിന്നെ കാത്തു നില്‍ക്കാന്‍ എനിക്ക് സാധിക്കൂ!!!
എങ്കിലല്ലേ ഒരു കുടക്കീഴില്‍ എന്നോ............. ഒന്നായ മനസുള്ള നമുക്ക് ഒരു ശരീരമായും നടക്കാന്‍ സാധിക്കൂ!!!
മഴ തുള്ളികള്‍ പതിച്ച എന്‍റെ മുഖത്ത് നീ നല്‍കുന്ന ഇളം ചൂടുള്ള ചുംബനത്തിന്റെ സുഖം അപ്പോഴല്ലേ അറിയാന്‍ സാധിക്കൂ!!!

(മഴയോട് പറയട്ടെ,
ഒരു തിരിമുറിയാ പെയ്ത്ത് നീ അന്ന് പെയ്യണം.
അതിനായി ഇപ്പോള്‍ പെയ്തില്ലെങ്കിലും എനിക്ക് വേണ്ടില്യാ.....)

ഇപ്പോള്‍ ഒരു മോഹം.
ഒരു സൈക്കിളില്‍ അല്ലെങ്കില്‍ ഒരു ബൈക്കില്‍ മഴ നനഞ്ഞുകൊണ്ട് നമുക്കൊരു യാത്ര പോണം.
(അപ്പോള്‍ മുഖത്ത് പതിക്കുന്ന മഴ തുള്ളികള്‍ കാറ്റിലൂടെ വന്നു നല്‍കുന്ന വേദന എന്നെ ചിരിപ്പിക്കാരുണ്ട്.
മഴ തുള്ളികളും വേദനിപ്പിക്കുന്നോ എന്നോര്‍ത്ത്.)

കാട്ടില്‍ പെയ്യുന്ന മഴ കാണാന്‍,
മഴ ബാക്കി വെച്ചത് ഇരുവശത്തുമുള്ള മരങ്ങള്‍ പെയ്യിക്കുന്ന വഴിയിലൂടെ ..............
കടലില്‍ പെയ്യുന്ന മഴ കാണാന്‍ നനഞ്ഞ മണലിലൂടെ ............ .
ഞാറു നിറഞ്ഞ പാടങ്ങളില്‍ പെയ്ത മഴയില്‍ നനഞ്ഞ കൊറ്റികള്‍ കൂട്ടത്തോടെ പറന്നു പൊങ്ങുന്നത് കാണാന്‍,
പാടവരമ്പിലൂടെ ............
ഒക്കെ നമുക്ക് പോവണം.
നിന്നോടൊപ്പം കാണാന്‍ എനിക്കെത്ര മഴക്കാഴ്ചകള്‍ ആണ് ഇനിയും ബാക്കിയുള്ളത്!!!


(കാര്‍മേഘത്തിനിടയിലൂടെ വരാന്‍ ശ്രമിക്കുന്ന സൂര്യന്‍റെ കുഞ്ഞു വെളിച്ചം നീ കണ്ടിട്ടില്ലേ?
കവുങ്ങുകള്‍ക്കിടയിലൂടെ,തെങ്ങോലകള്‍ക്കിടയിലൂടെ, മാവിന്‍ കൊമ്പുകള്‍ക്കിടയിലൂടെ അത് കാണാന്‍ എന്ത് രസമാണെന്നോ!!!!!
അത് കാണുമ്പൊള്‍ മനസ്സില്‍ തോന്നുന്ന വികാരം എന്താണെന്ന് എനിക്കിനിയും മനസിലായില്ല.
ദൈവത്തിന്റെ അടയാളം,പ്രകാശം എന്നാണ് ഞാന്‍ അത് കാണുമ്പോള്‍ എന്നോട് തന്നെ പറയാറുള്ളത്.)

നിന്നോട് പറയാന്‍ ഇനിയും വിശേഷങ്ങള്‍ ഏറെയുണ്ട്.
തോട്ടം മുഴുവനും മുക്കുറ്റി നിറഞ്ഞു.
പൂക്കള്‍ തല പൊക്കി നോക്കി തുടങ്ങിയിരിക്കുന്നു.
പടിക്കല്‍ മുഴുവനും നിലപ്പനയും.
നിലപ്പനയിലെ കുഞ്ഞു മഞ്ഞ പൂക്കള്‍ക്കെന്തു വിശുദ്ധഭാവമാണ്!!!!
"ഒരു കര്‍ക്കിടകം വീണ്ടും എത്താറായി ആത്തെമ്മാരെ" എന്ന് പറയുന്നു അവരൊക്കെ എന്നോട്.
നിനക്കറിയാമോ എനിക്കേറെ ഇഷ്ടമാണ് എന്നെ അങ്ങനെ വിളിക്കുന്നത്‌...
അമ്പലമുറ്റം മുഴുവനും കറുക നിറഞ്ഞു.
കറുക തുമ്പിലെ മഴ തുള്ളികള്‍,പ്രഭാതത്തിലെ മഞ്ഞു തുള്ളികള്‍ ഒക്കെ കാലുകളില്‍ തൊടുമ്പോള്‍
എന്നില്‍ വീണ്ടും വീണ്ടും പ്രകൃതിയോടുള്ള(ഒപ്പം നിന്നോടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.) പ്രണയം നിറയാരുണ്ട്.
അമ്പലക്കുളത്തിലെ വെള്ളം ഇപ്പോള്‍ ഒരു ഇളം നീല നിറമായിരിക്കുന്നു.
അതില്‍ നിറയെ പരല്‍ മീനുകളും ഉണ്ട്.
(അതിനേം കൂടി ഓടിച്ചിട്ടേ ഞാന്‍ ഒന്ന് കാലു കഴുകന്‍ പോലും ഇറങ്ങൂ...എനിക്ക് പേടിയാ മീനിനെ.)
പടവുകളില്‍ ഇരുന്നു നിന്നെ സ്വപ്നം കണ്ടു ചിരിക്കാന്‍ മനസ് മോഹിക്കുന്നു അവിടെയെത്തുമ്പോള്‍..
പാടത്തിനു അരികില്‍ വെള്ളിലംതാളി പടര്‍ന്നു നില്‍ക്കുന്നുണ്ട്.
നിറയെ വെളുത്ത ഇലകള്‍ കൊണ്ടും,ഓറഞ്ച് നിറമുള്ള പൂക്കള്‍ കൊണ്ടും.
അതൊക്കെ കണ്ടപ്പോ അച്ഛമ്മേ ഓര്‍ത്തുട്ടോ .
അപ്പൊ സങ്കടം വന്നു.

ആ......പിന്നേയ് ഇവിടെ ഒരു അമ്മപ്പൂച്ചേം,കുട്ടിപ്പൂച്ചേം എത്തിയിട്ടുണ്ട്.
മഴ പെയ്യുമ്പോള്‍ പിന്നിലെ മേശപ്പുറത്തു വന്നു കിടക്കും.
മഴയില്ലാത്ത ഒരു പകലില്‍ നോക്കുമ്പോള്‍ അമ്മ പഠിപ്പിക്യാണ് കൊച്ചിനെ.
പിന്നിലെ ഇരുമ്പാംപുളിയുടെ മരത്തില്‍ കേറി അതിലൂടെ ഓടുംപുറത്തു കേറാന്‍..
ഞാന്‍ അതും നോക്കി കൊറേ നേരം ഇരുന്നു.
പിന്നെ ഒരു കുന്നന്‍ വാഴ കൂടി കുലച്ചു.
കുടപ്പനിലെ തേന്‍ കുടിക്കാന്‍ ഇന്ന് സന്ധ്യക്കും കൂടി ഒരു വല്യ വവ്വാല് വന്നു.
എനിക്ക് പേടിയാണ് വവ്വാലിനെ.
ന്നാലും ഞാന്‍ വാതിലിന്‍റെ പിന്നില്‍ വന്നു നിന്ന് എത്തി നോക്കി.
എല്ലാരും ന്നെ കളിയാക്കി അതും പറഞ്ഞ്.
അത് സാരല്യ നിക്ക് പേടിയായിട്ടല്ലേ!!!!!

പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ പങ്കു വെക്കാന്‍ ഇനിയുമുണ്ട്.
കാതോര്‍ത്തിരിക്കാന്‍ നീയുണ്ടെന്ന അറിവ് എന്നെ പ്രണയിനിയാക്കുന്നു.
നിറമുള്ള സ്വപ്‌നങ്ങള്‍ കൊണ്ട് നീയെന്റെ നിദ്രയുടെ പടിവാതില്‍ക്കല്‍ നില്‍പ്പുണ്ട്.
ഇനി നീയും ഞാനും മാത്രം...!!!!!!!!!!


20 comments:

 1. ഉമയുടെ ഈ കുറിപ്പുകള്‍ വായിക്കുമ്പോള്‍ സത്യം പറയാല്ലോ...25 വര്‍ഷം മുമ്പുള്ള ആ പ്രണയകാലമൊക്കെ ഓടി വരികയാണ് മനസ്സിലേയ്ക്ക്. വേറൊന്നും എഴുതാനില്ലേ ഈ കുട്ടിയ്ക്ക്?

  ReplyDelete
 2. അതെന്താ സാറേ അങ്ങനെ പറഞ്ഞെ?
  എന്‍റെ പോസ്റ്റ്‌ അത്രേം തല്ലിപ്പൊളിയാ???????

  പിന്നെ ഇരുപത്തഞ്ചു വര്‍ഷം മുന്‍പുള്ള പ്രണയകാലം ഒക്കെ ഓടിവരുന്നു ഇത് വായിക്കുമ്പോള്‍ എന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു.

  ReplyDelete
 3. മഴ ഒരു നല്ല മീഡിയമാണ്, പല രംഗങ്ങളും ആവിഷ്കരിക്കാൻ. സങ്കടമോ, സന്തോഷമോ പ്രണയമോ അങ്ങിനെ എന്തും മഴയുടെ സാമീപ്യത്തിൽ പൂർണതയിലെത്തും.

  മീര ഈ പോസ്റ്റിൽ മഴയെ നന്നായി ഉപയോഗപ്പെടുത്തു. നല്ല വരികൾ. ഇതിനെയൊക്കെ ഒരു കഥയിലേക്കു പരിവർത്തിപ്പിച്ചാൽ കൂടുതൽ നന്ന്.
  :-)

  ഉപാസന

  ReplyDelete
 4. പ്രണയമഴ , പ്രണയപൂക്കള്‍
  പോസ്റ്റ്‌ സുഖം സുന്ദരം

  ReplyDelete
 5. എനിക്ക് പലപ്പോഴും തോന്നാറുണ്ട് ചെമ്പകപൂവിന് എപ്പോഴും പ്രണയത്തിന്റെ സുഗന്ധമാണെന്ന് ,ഈ അക്ഷരങ്ങളിലും അനുഭവപ്പെടുന്നു പ്രണയത്തിന്‍റെ സുഗന്ധം ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 6. മന്‍സൂര്‍,
  നന്ദി ബ്ലോഗിലേക്ക് വന്നതിനും നല്ല വാക്കുകള്‍ പറഞ്ഞിട്ട് പോയതിനും.ഞാന്‍ എന്നും വന്നു വായിക്കാറുണ്ട് കേട്ടോ.കമന്റ്‌ ഇടാറില്ലെന്നെ ഉള്ളൂ.

  ReplyDelete
 7. മയില്‍‌പ്പീലി,
  വന്നതിനും നല്ല വാക്കുകള്‍ പറഞ്ഞതിനും നന്ദി.

  ReplyDelete
 8. ഉമാ..

  രാവിലെ ആദ്യം വായിച്ച ബ്ലോഗ്ഗ് വീണപൂവാണ്. സന്തോഷം തോന്നുന്നു. മിന്നലിന്‍റെ വെള്ളിനൂലില്‍ പവിഴമല്ലിപ്പൂക്കള്‍ കൊരുത്ത പ്രണയഹാരം!! ഒരു ദിവസത്തിന്‍റെ നല്ലതുടക്കത്തിനു ഇതില്‍ കൂടുതല്‍ എന്ത് വേണം? പ്രണയമെഴുതാന്‍ ഉമയ്ക്ക്‌ അസാധ്യ കഴിവുണ്ടെന്ന് ഒരിക്കല്‍ കൂടി അറിയുന്നു, സന്തോഷിക്കുന്നു.

  സ്നേഹത്തോടെ മനു.

  ReplyDelete
 9. "മനസ്സില്‍ സൂര്യനെ പോലെ ജ്വലിക്കുന്ന പ്രണയവും കൊണ്ട് നീ വരുമ്പോള്‍...................
  അപ്പോള്‍ നിന്‍റെ മേല്‍ ഞാന്‍ ഈ പവിഴമല്ലി പൂക്കള്‍ വര്‍ഷിക്കും.
  കാല്‍ വിരല്‍ നിലത്തൂന്നി ഞാന്‍ ഒന്നുയര്‍ന്നു നിന്‍റെ നെറ്റിയില്‍ ഉമ്മ വെക്കും." ഓരോ വരികളിലും പ്രണയം നിറഞ്ഞു നില്‍ക്കുന്നു....
  മഴ, പ്രണയം ,അനുഭവങ്ങള്‍ ഇതെല്ലാം പൂര്‍ണ്ണമാകുന്നത് ഉമ എഴുതുമ്പോള്‍ ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം....
  വിശേഷങ്ങള്‍ ഇനിയും ഇനിയും പറയൂ...കേള്‍ക്കാന്‍ ഗന്ധര്‍വ്വന്‍ കാത്തിരിക്കുകയാവും-പാലപ്പൂവിന്‍റെ മണമുള്ള പ്രണയവുമായി....
  ഇത് വായിച്ചപ്പോ പടവുകളിലിരുന്നു സ്വപ്നം കാണാന്‍ എനിക്കും കൊതി തോന്നുന്നു...
  ഈ പോസ്റ്റ്‌ ഞാന്‍ വീണ്ടും വീണ്ടും വായിക്കുകയാണ്.."പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ.." എന്ന പാട്ട് കേട്ടുകൊണ്ട് ......

  ReplyDelete
 10. പ്രിയപ്പെട്ട മനൂ,
  മനൂ മനുവിന്റെ പുതിയ പോസ്റ്റ്‌ അതിനോളം നല്ലതല്ല എന്‍റെ വാക്കുകള്‍. എനിക്കറിയാം.അത് വായിച്ചിട്ട് എനിക്കൊരുപാട് സന്തോഷം തോന്നി.അതിനെക്കാള്‍ ഏറെ മനസിലെ പ്രണയം വീണ്ടും ഒരുപാട് നിറഞ്ഞു.പ്രണയം,അതില്‍ നിന്നുമുള്ള നോവ്‌,അത് നല്‍കിയ ചിരി,പറഞ്ഞാലും തീരാത്ത അനുഭൂതി ഒക്കെ കൂടി എന്‍റെ കണ്ണ് നിറയിച്ചു.അവനോടുള്ള പ്രണയത്തിന്‍റെ ആഴവും,പരപ്പും,ഒഴുക്കും വീണ്ടും ഒരുപാടായി.

  "പ്രണയമെഴുതാന്‍ ഉമയ്ക്ക്‌ അസാധ്യ കഴിവുണ്ടെന്ന് ഒരിക്കല്‍ കൂടി അറിയുന്നു, സന്തോഷിക്കുന്നു."
  എന്ന് മനു പറഞ്ഞത് എനിക്കിപ്പോ ഒരു അംഗീകാരമാണ്.

  ReplyDelete
 11. ഉമാ..

  മഴയും,
  മഴ പോലെ പെയ്യുന്ന പ്രണയവും,
  നീര്‍ച്ചാലുകളായി കുസൃതിയും,
  പുഴ പോലെയോഴുകുന്ന സ്നേഹവും..
  അവനെന്ന സാഗരത്തിലെത്തില്‍ അലിഞ്ഞു ഒന്നാവാന്‍....
  ആശംസകള്‍....

  ReplyDelete
 12. വളരെ സുഖമുള്ള എഴുത്ത് ഉമ :)
  ഇഷ്ടായി. മഴ വല്ലാത്ത ഒരു സംഭവം തന്നെയാ അല്ലെ?
  ആശംസകള്‍ :)

  ReplyDelete
 13. മൃദു,
  സുഖാണോ ന്‍റെ കുട്ടിക്ക്?
  ദേ മഴ പെയ്യണൂ.
  നോക്കിയിരിക്കാനെ രസമാണ് രാത്രി മഴ.
  പ്രിയപ്പെട്ട ആളുകളുടെ മുഖം തെളിയും ഈ മഴയില്‍.
  മഴ വരച്ചു തരും ആ രൂപങ്ങള്‍ ഒക്കെയും.
  പൂത്ത ഗുല്‍മോഹര്‍ മരം കണ്ടപ്പോള്‍ എന്നെ ഓര്‍ത്തു അല്ലെ?
  നിറയെ പൂത്ത മാവും.
  അതെ എനിക്കും അതിശയായി അത്.
  സന്തോഷം ഉണ്ട്.
  വാക്കുകളിലൂടെ അറിഞ്ഞ എന്നെ ഇഷ്ടമായി എന്ന് പറഞ്ഞതില്‍.
  ഇങ്ങനെ ഒക്കെ തന്നെയാണ് ഞാന്‍.
  ഒരു പാവം ആത്തേമ്മാര് .

  ReplyDelete
 14. കീയക്കുട്ടിയുടെ ബ്ലോഗിലെ കമന്റുകളിലൂടെ ആണ് എനിക്ക് താങ്ങളെ പരിചയം.
  അവിടേക്ക് വരാറുണ്ട്.
  പറയാതെ അറിയാതെ താങ്കള്‍ ഇവിടേക്കും എത്തി.
  സന്തോഷം.
  നന്ദി നല്ല വാക്കുകള്‍ക്ക്.

  ReplyDelete
 15. മഴയുടെ ഭംഗി ഏറെ മനോഹരമാവുന്നത് ശ്രീവേദയുടെ വല്യേട്ടന്‍ എഴുതുമ്പോള്‍ ആണ്.
  ആ ബ്ലോഗില്‍ നിറയുന്ന പ്രണയവും,മഴയും അതിനോളം വരില്ല എന്റെ വാക്കുകള്‍ക്ക് ഭംഗി.

  മഴ ഒരു സംഭവം ആണ് വാക്കുകള്‍ക്ക് അപ്പുറം.
  ആ പിന്നേ ഒന്ന് ചോദിക്കട്ടെ ഈ മെയ്‌ ഒന്നിന് തന്നെ എങ്ങനെയാ കൃത്യമായി മെയ്‌ ഫ്ലവര്‍ വിരിയുന്നത്?
  ഇവിടെ കൃത്യം അന്ന് തന്നെ ഈ പ്രൊഫൈല്‍ ഫോട്ടോയിലെ പോലെ വിരിഞ്ഞു.

  ReplyDelete
 16. പ്രണയം..ചിലപ്പോൾ ഒച്ചവച്ചും ശല്യപ്പെടുത്തിയും കടന്ന് വരും..ചിലപ്പോൾ ഒരു പൂച്ചയെപ്പോലെ... മഴയും അങ്ങനെയല്ലേ...മാമരത്തെ കടപുഴക്കിയും,എല്ലാം നശിപ്പിച്ച് കൊണ്ട് കാറ്റിനെ കൂട്ട് പിടിച്ച്, ചിലപ്പോൾ വെള്ളിനൂൽ പോലെ,അല്ലെങ്കിൽ തുള്ളിക്കൊരുകുടം പോലെ, അതുമല്ലെങ്കിൽ മനസ്സും കുളിർക്കുന്ന ചാറ്റൽ മഴയായി.... പ്രണയത്തെക്കുറിച്ച് വാചാലനാകൻ ഞാൻ യോഗ്യനല്ലാ..കാരണം ഞാൻ പ്രണയിച്ചിരുന്നോ എന്നൊരു സംശയം..മനുവിന്റെയും,ഇവിടെഉമയുടേയും വാക്കുകൾ പ്രണയത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നൂ..ഇവിടെ ആദ്യമായി വരികയാണെന്ന് തോന്നുന്നൂ...കുഞ്ഞേ ഈ നല്ല വരികൾക്കെന്റെ ആശംസകൾ

  ReplyDelete
 17. ചന്തു മാഷേ,
  ആ കുഞ്ഞേ വിളി എനിക്കിഷ്ടമായി.
  ആശംസകള്‍ക്ക് നന്ദി.
  പ്രണയം എങ്ങനെ വന്നാലും എനിക്കിഷ്ടമാണ്.
  ഒച്ച വെച്ചും ശല്യപ്പെടുത്തിയും വന്നു ബുദ്ധിമുട്ടിച്ചാലും,
  ഒരു പൂച്ചക്കുഞ്ഞിനെ പോല്‍ പതുങ്ങി വന്നു ചേര്‍ന്നാലും രസം തന്നെ.
  പ്രണയം ഏറ്റോം സുന്ദരമാവുന്നത്,മനസ്സില്‍ നിറയുന്നത്,പ്രണയിക്കപ്പെടാന്‍ വല്ലാതെ കൊതിക്കുന്നത് മഴ പെയ്യുന്നത് കാണുമ്പോള്‍ ആണ്.
  ഒരിക്കല്‍ ശ്രീവേദ പറഞ്ഞതുപോലെ

  "നിന്നെ കാണുന്നതിനു മുന്‍പ് മഴ നനഞ്ഞപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.
  മഴ നനയാന്‍ ഒപ്പം ഒരു കൂട്ടുകാരനുണ്ടായിരുന്നെങ്കിലെന്ന്.
  പിന്നീട് നിന്നെ ഓരോ തവണയും കാണുമ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്,
  ഒരുമിച്ചു നനയാന്‍ ഒരു മഴ പെയ്തെങ്കിലെന്ന്."

  എനിക്കിഷ്ടമുള്ള വരികള്‍ ആണ് അത്.

  ReplyDelete
 18. ഉമാ..
  പ്രണയം വളരെ മനോഹരമായി പലരും എഴുതിയിട്ടുണ്ട്.
  ‌കണ്ണുനിറയുന്നതരത്തില്‍..
  ഇവിടെ കണ്ണും,
  കരളും,
  മനസ്സും നിറഞ്ഞു..
  ആശംസകള്‍..

  ReplyDelete
 19. പ്രിയ ശ്രീജിത്ത്‌,
  നല്ല വാക്കുകള്‍ക്കു നന്ദി.
  സന്തോഷം.
  പലരും മനോഹരമായി എഴുതുന്ന പ്രണയത്തെ എന്‍റെ വാക്കുകള്‍ തീരെ ഭംഗിയില്ലാതാക്കി എന്ന് വിശ്വസിക്കുന്നു ഞാന്‍.
  വളരെ സന്തോഷംട്ടോ.

  ReplyDelete