Saturday, June 9, 2012

നടക്കാം നമുക്കീ മഴ നനഞ്ഞ്..............!!!!!!???

മകീരം ഞാറ്റുവേല തുടങ്ങി.
മഴ എങ്ങനെ പെയ്യേണ്ട നാളുകളാണ്!!!!!!!!!!!!!!!!!
ഈ തവണ മഴ കുറവാണോ????????
ഇന്നലേം ഇന്നും ഒന്നും പെയ്തെയില്ല.
ചൂടാണ് മഴ നിന്നപ്പോള്‍..............
കിണറ്റിലും,കുളത്തിലും വെള്ളം കൂടിയേ ഇല്ല.
കല്യാണി പാടം ഇപ്പോഴും കറുക പുല്ലു നിറഞ്ഞു ക്രിക്കെറ്റ് ഗ്രൌണ്ട് പോലെ തന്നെ.
ഒന്ന് പെയ്തു കൂടെ ഈ മഴയ്ക്ക്???????????

മകീരം കഴിഞ്ഞാല്‍ പിന്നെ തിരുവാതിര ഞാറ്റുവേല.
മഴയുടെ തിരിമുറിയാ പെയ്ത്തിന്റെ പതിനഞ്ചു നാളുകള്‍..............
(ഈ തവണ ജൂണ്‍ ഇരുപത്തിയൊന്നു മുതല്‍ ജൂലൈ അഞ്ചു വരെ.)
ചെടികളും മറ്റും നടാന്‍ ഏറ്റോം നല്ല സമയം.
അവിടെ എന്‍റെ ഇല്ലത്ത് പണ്ടൊക്കെ ആ സമയത്ത് ചെടികളും വിത്തുകളും ഒക്കെ നടും,പാവും.
മുല്ലക്കൊമ്പുകള്‍,ചെമ്പരത്തി കൊമ്പുകള്‍,അതൊക്കെയാണ്‌ ഞങ്ങള്‍ പിള്ളേര് സെറ്റ് നടുക.
അച്ഛമ്മ ഓര്‍മ്മിപ്പിക്കും ആ സമയം ആവുമ്പോള്‍ തലമുടി തുമ്പ് വെട്ടാന്‍.
ആ സമയത്താത്രെ തലമുടി വെട്ടുക,എന്നാലെ കൊറേ ഉണ്ടാവൂത്രേ.
എനിക്കൊന്നും ഉണ്ടായില്ല.
പക്ഷെ രമ്യയ്ക്ക് കൊറേ ഉണ്ടായി.

വല്യ വെക്കേഷന് എല്ലാരും പോവുമ്പോള്‍ ഞാന്‍ മാത്രേ ഇല്ലത്ത് ഉണ്ടാവൂ.
അപ്പഴാണ് നിറയെ മുല്ലപ്പൂ ഉണ്ടാവുന്നതും.
അമ്മയ്ക്ക് മാല കെട്ടാന്‍ അറിയാമായിരുന്നു.
പിന്നെ അറിയുമായിരുന്നതു ലിസ ചേച്ചിയ്ക്കാണ്.
പിന്നെ എങ്ങനെയോ,എവിടുന്നോ ഞാനും പഠിച്ചു.
പക്ഷെ അത്ര ഭംഗിയില്ല ഞാന്‍ കെട്ടുന്ന മാലയ്ക്ക്.
എന്നാലും കെട്ടും,ആകെ ഇച്ചിരി പോന്ന മുടിയില്‍ അത് മുഴോനും വെക്കും.
അപ്പൊ വല്യ അഹങ്കാരാണ്.
ആരും ഇല്ലല്ലോ ഞാന്‍ തന്നെ മുഴോനും വെക്കുന്നു എന്നോര്‍ത്ത്...............

ഈ മുല്ല വള്ളികളുടെ വലത്തേ വശത്തായി ഒരു ചെടിയുണ്ടായിരുന്നു.
ലില്ലി പൂവിന്‍റെ.
അവിടെ രണ്ടെണ്ണം ഉണ്ടായിരുന്നു.
ഒന്ന് ഇതും പിന്നൊന്ന് പാരിജാതത്തിന്റെ അടുത്തും.
അതിന്‍റെ ഇലകള്‍ക്ക് തന്നെ നല്ല ചന്തം ആണ്.
നീണ്ട കട്ടിയുള്ള നല്ല പച്ച നിറം.
നല്ല മണം ആണ് ലില്ലി പൂവിന്.
മഞ്ഞ പൂമ്പൊടി യുള്ള ആ വെളുത്ത പൂവിനെ കാണുമ്പോള്‍
വെളുത്തു മെലിഞ്ഞ,തലയില്‍ വെള്ള നെറ്റ് ഇട്ട,കയ്യില്‍ ബൈബിളും,കൊന്തയും പിടിച്ച് പോവുന്ന ഒരു ക്രിസ്ത്യാനി പെണ്ണിനെ എനിക്ക് ഓര്‍മ്മ വരും.
ഇപ്പൊ പക്ഷെ ഓര്‍മ്മ വന്നത് നിന്‍റെ ചിരിക്കുന്ന മുഖം ആണ് കേട്ടോ.
"എന്‍റെ പെണ്ണെ" എന്ന എനിക്കേറെ ഇഷ്ടമുള്ള വിളിയും ആ ശബ്ദവും ആണ്.
ഒന്ന് ചോദിക്കട്ടെ?????????
പാടാമോ എനിക്ക് വേണ്ടി "ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും................"??????????
നിന്‍റെ ശബ്ദത്തില്‍ അത് കേള്‍ക്കാന്‍ ഇപ്പോള്‍ ഏറെ ആഗ്രഹിക്കുന്നു.


മഴ പെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ചിലപ്പോഴൊക്കെ സങ്കടം വരും.
അവിടെ എന്‍റെ ഇല്ലത്തെ മഴ ...................
ഞാന്‍ കണ്ടത്തില്‍ വച്ചേറ്റവും മനോഹരമായ മഴ അതവിടെയാണ്.
നീളന്‍ ഇറയത്തെ തൂണുകളില്‍ ഏതിലെങ്കിലും ഒന്നില്‍ ചാരി ഇരുന്നു കാണുന്ന മഴ...............
എനിക്ക് നഷ്ടപ്പെട്ട ഇഷ്ടങ്ങളില്‍ ഒന്ന്‍.
സ്വപ്നം കാണാന്‍ ഞാന്‍ ശീലിച്ചത് അങ്ങനെയുള്ള ഏതോ ഒരു നിമിഷത്തില്‍ നിന്നും ആണെന്ന് തോന്നുന്നു.
മനസ്സില്‍ പ്രണയം മറ്റൊരു മഴയായ് പെയ്തിറങ്ങാന്‍ തുടങ്ങിയതും അന്ന് തന്നെ.
ഓട്ടിന്‍ തുമ്പില്‍ നിന്നും ഇട്ടു വീഴുന്ന മഴത്തുള്ളികള്‍ വിരലുകൊണ്ട് തൊട്ടെടുക്കുക പണ്ട് എന്‍റെ സ്ഥിരം പരിപാടിയായിരുന്നു.
എന്നിട്ടത് പൊട്ടുപോലെ നെറ്റിയില്‍ ഒട്ടിക്കും.
പിന്നെ മൈലാഞ്ചിയിടുന്ന പോലെ കൈകളില്‍ വെക്കും.
എല്ലാ തുള്ളികളും കൂടി ഒറ്റ തുള്ളിയായി ഉള്ളം കയ്യില്‍ ചേരുമ്പോള്‍ എനിക്ക് കൌതുകമായിരുന്നു.
കൊമ്പുകള്‍ പിടിച്ചു കുലുക്കാവുന്ന എല്ലാ മരങ്ങളുടേം ചോട്ടില്‍ പോയി നിന്ന് അതില്‍ പറ്റി പിടിച്ച മഴത്തുള്ളികളെ മേലേക്ക് വീഴിക്കുന്നതും എന്‍റെ മഴയിഷ്ടമായിരുന്നു.
കുളത്തില്‍ പെയ്യുന്ന മഴ നോക്കി നില്‍ക്കാന്‍ അന്നു വലിയ മോഹമായിരുന്നു.
സര്‍പ്പക്കാവിലെ ചിത്രകൂടക്കല്ലുകള്‍ നനയുന്നത് കാണാന്‍ ഒക്കെ നില്‍ക്കുമ്പോള്‍ സമയം പോകുന്നത് അറിയുമായിരുന്നില്ല.
കാവുകള്‍ക്ക് പുറത്തുള്ള മഞ്ചാടി മരം അതിലെ മഞ്ചാടി മണികള്‍ ഒക്കെ മഴയില്‍ മെല്ലെ മെല്ലെ ആടുന്നത് കാണുമ്പോള്‍ അതിലൊന്നാവാന്‍ ഞാനും മോഹിക്കാരുണ്ടായിരുന്നു.
പിന്നീടെപ്പോഴാണ് മഴയില്‍ ഞാന്‍ പ്രണയത്തിന്‍റെ നനവ്‌ അറിയാന്‍ തുടങ്ങിയത്......!!!!!!!!!!!!!
എപ്പോഴോ...................
കിഴക്കേ പാടത്ത് ഇപ്പോള്‍ നിറയെ ഇളം റോസ് നിറത്തിലും,തൂവെള്ള നിറത്തിലും ഉള്ള അക്കാപ്പൂക്കള്‍ (ആമ്പല്‍ )വിരിഞ്ഞിട്ടുണ്ടാകും.
അതിലൂടെ മതിയാവോളം നടക്കുക എന്നത് എന്‍റെ എന്നത്തേയും ഒരു മോഹമാണ്.
ഇതുവരെയും സാധിക്കാത്ത ഒന്ന്.
മഴ വെള്ളം നിറഞ്ഞു ആകെ ചേറും ചളിയും ആവും അവിടെ.
ആ പേടി കാരണം അതിതുവരെ നടന്നില്ല.
(ഇന്നാള് അടുത്തുള്ള ആ ഉപനയനത്തിനു പോയപ്പോ അതുപോലൊരു പാടത്ത്ചേറില്‍ കാലു താഴ്ന്നു പോയി വീണതായിരുന്നു.)
മഴ എന്നെ എന്‍റെ ഇല്ലത്തേക്ക് കൊണ്ട് പോകുന്നുവെങ്കിലും,
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല ദിവസങ്ങളെ കുറിച്ച് ഓര്‍ത്ത് മിഴികള്‍ നിറയ്ക്കുന്നുവെങ്കിലും മഴയെന്നെ ഒടുവില്‍ എത്തിക്കുന്നത് നിന്നിലേക്ക്‌ തന്നെ.
ഇന്ന് വീണ്ടും ഞാന്‍ ആ പാട്ട് അപ്രതീക്ഷിതമായി കേട്ടു.
"എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്കെന്നോട് മാത്രമായി.
ഏറെ സ്വകാര്യമായി.................."
എനിക്കേറെ ഇഷ്ടമുള്ള പാട്ട്.

ഈ തിരുവാതിര ഞാറ്റുവേലയില്‍ എന്‍റെ മുറ്റത്തെ ആ നല്ല മഴ കാണാന്‍ നീ പോരുന്നോ????????
ഇറയത്തെ തൂണിന്റെ ഒരു വശം നീയും മറു വശം ഞാനും ചാരിയിരിക്കാം.
അങ്ങനെ നമുക്ക് മഴ കാണാം.
ഞാന്‍ കാണാതെ നീയും നീ കാണാതെ ഞാനും കയ്യിലെടുക്കുന്ന മഴത്തുള്ളികളെ പരസ്പരം മുഖത്തേക്ക് എറിഞ്ഞു നമുക്ക് തല്ലു കൂടാം.
മഴ നനഞ്ഞു കൊണ്ട് മഞ്ചാടി മണി പെറുക്കാന്‍ പോവാം.
നീ മരക്കൊമ്പ് താഴ്ത്തി തരുമ്പോള്‍ ഞാന്‍ അത് പൊട്ടിക്കാം.
മഴ നനഞ്ഞു കൊണ്ട് സര്‍പ്പക്കാവിലെ ചിത്ര കൂടക്കല്ലുകള്‍ക്ക് മുന്നില്‍ നിന്ന് നമുക്കൊരുമിച്ചു പ്രാര്‍ഥിക്കാം.
കുളപ്പടവില്‍ ഇരുന്നുകൊണ്ട് പെറുക്കിയെടുത്ത,പൊട്ടിച്ച മഞ്ചാടിക്കുരു എണ്ണി നോക്കാം.
പരിശോക വള്ളികള്‍ക്കിടയില്‍ ഒരു ഇലയില്‍ പൊതിഞ്ഞു ആ മഞ്ചാടി മണികളെ നമുക്കൊളിപ്പിച്ചു വെക്കാം.
എന്നിട്ട് പാടത്തേക്കു പോകാം.
അവിടന്ന്‌ ചേറില്‍ ഇറങ്ങി കൈ നിറയെ ആമ്പല്‍ പൊട്ടിക്കാം.
അതിലെ ഏറ്റവും വലിയ രണ്ടു പൂവിന്‍റെ തണ്ട് പൊട്ടിച്ച് മാലയുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും ഇടാം.
അങ്ങനെ നമുക്ക് വീണ്ടും കല്യാണം കഴിക്കാം.
എന്നിട്ട് ആ മാലയുമിട്ട് നമുക്കീ തിരിമുറിയാ പെയ്ത്തില്‍ കൈകോര്‍ത്തു പിടിച്ചു നടക്കാം.
എങ്ങോട്ടെന്നില്ലാതെ...........!!!!!!!!!!!!!!!!







9 comments:

  1. mazhapole orezhuth nannaayi..............................................................................................mazha nananju ............................. magragami@gmail.com

    ReplyDelete
  2. mazhapole vaayichu..............................................mazha nananju.......................................................

    ReplyDelete
  3. ഋതുഭേതങ്ങള്‍ പോയ്‌മറയുന്നു !
    നിഴലിച്ച രൂപങ്ങള്‍ പോലെ എല്ലാം ഓര്‍മ്മകളുടെ പിന്നാമ്പുറത്ത് !

    ReplyDelete
  4. ഉണ്ണീ മഴ നനയല്ലേ....നീരുവീഴ്ച്ച പിടിക്കും

    ReplyDelete
  5. ശരിക്കും തോന്നുണ്ട് ആ മഴ നനഞ്ഞു നടക്കാന്‍ കേട്ടോ..ആകാശത്തിന്‍റെ തണുപ്പ് കൊണ്ട് വന്നു ഈ മഴ ഭൂമിയേയും, മനസ്സിനേയും തണുപ്പിക്കട്ടെ!!
    കുറെ ദിവസായി ഈ വഴി വന്നിട്ട്..സുഖമല്ലേ ഉമയ്ക്ക്‌?

    സ്നേഹത്തോടെ മനു.....

    ReplyDelete
  6. മഴയും മുല്ലപൂവും , പത്താം ക്ലാസ്സിലെ ഓര്‍മവരുന്നു ...ജൂണ്‍ മഴയത്ത് കുടയും കയ്യില്‍ മുല്ലാപ്പൂവും കൊണ്ട് ക്ലാസ്സില്‍ പോയിരുന്നത് . ആര്‍ക്കാണെന്ന് ചോദിക്കരുത് ട്ടോ :)
    ഇത് വായിച്ചപ്പോ ആ ഓര്‍മകളിലേക്ക് വീണ്ടും പോയി ...ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  7. പ്രിയപ്പെട്ട ഉമാ..
    എന്താ പുതിയതായി ഒന്നും എഴുതാത്തത്???
    ഉമയുടെ ഓരോ പോസ്റ്റുകളും വായിച്ചാണ് എന്‍റെ ഓരോ ദിവസങ്ങളും തുടങ്ങുന്നത്.....
    പലപ്പോഴും കരുതിയിട്ടുണ്ട് ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ക്ക്‌ കമന്റ്‌ ഇടണം എന്ന്...ഉമക്ക് ഇഷ്ടമായില്ലെങ്കിലോ
    എന്ന് കരുതി വേണ്ടെന്നു വച്ചു.ഇപ്പോള്‍ ഒരുപാട് നാളായി ഒന്നും എഴുതിക്കാണുന്നില്ല ..അപ്പോള്‍ എന്തോ ഒരു സങ്കടം.
    സുഖമല്ലേ ഉമയ്ക്ക്‌????
    സ്നേഹത്തോടെ മൃദുല.....

    ReplyDelete