Wednesday, February 5, 2020

നിന്നിലേക്കുള്ള യാത്രയെന്നാൽ നിന്നെ സ്നേഹിക്കുകയെന്നതാണ്.
നിന്നെ സ്നേഹിക്കുന്നതിലൂടെ ഞാനെന്നെയും ഈ പ്രപഞ്ചത്തെ മുഴുവനും സ്നേഹിക്കുന്നുവെന്നതാണ്.

സ്നേഹം.....
എത്ര മൃദുവായൊരു കുഞ്ഞു വാക്കാണ്..... എത്ര ശക്തമായ സത്യമാണ്.....
സ്നേഹമുൾക്കൊള്ളാത്തതെന്താണ് ഈ ഭൂമിയിൽ ഈ പ്രപഞ്ചത്തിൽ ഉള്ളത്..
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിനേക്കാൾ വലിയ ഭാഗ്യം മറ്റെന്തുണ്ട് ഈ ലോകത്തിൽ....
എല്ലാത്തിന്റെയും എല്ലാവരുടേയും തുടക്കവും ഒടുക്കവും ഒക്കെ സ്നേഹം തന്നെ.

സ്നേഹം നിറയുമ്പോൾ മനസ്സ്  തീർത്തും ശാന്തമാവുന്നത് പോലെ എനിക്കനുഭവപ്പെടാറുണ്ട്. ശക്തമായി അലയടിച്ചിരുന്നൊരു  കടൽ ശാന്തമാവുന്നതു പോലെ എന്ന് എനിക്കെന്നെ അപ്പോഴൊക്കെ തോന്നാറുണ്ട്.  സമാധാനത്തോടെ ഒരു നിമിഷമെങ്കിലും ജീവിക്കാനാവുന്നതിനേക്കാൾ വല്ല്യ കാര്യം വേറെന്താണുള്ളത്  അല്ലെ ??? ആരൊക്കെയോ (സർവോപരി നീ ) നൽകിയ സ്നേഹമാണ് എനിക്കെന്റെയീ ജീവിതം. അതുകൊണ്ട് തന്നെ സ്നേഹമാണ് എനിക്കെന്റെ ദൈവവും.
അതെ ആരുടെയൊക്കെയോ സ്നേഹമാണ് ഞാനും നീയും എന്നെല്ലാം ഞാൻ വിശ്വസിക്കുന്നു.

ഒരിക്കൽ ഒരു ചങ്ങാതി  ആരാണെന്റെ പ്രിയദൈവമെന്ന് ചോദിച്ചപ്പോൾ എന്റെ ഉത്തരം സ്നേഹം എന്നായിരുന്നു. എന്റെയുള്ളിലെ സ്നേഹത്തെ എനിക്ക് ഒരു വെളിച്ചം പോലെയാണ് അനുഭവപ്പെടാറുള്ളത്. ഉള്ളിൽ വെളിച്ചം നിറയുമ്പോ ഞാനെന്നിലും മറ്റുള്ളവരിലും മറ്റുള്ളതിലുമൊക്കെ കാണുന്ന ഭംഗി പറഞ്ഞാലും തീരാത്ത അത്രയാണ്. 

നിറവാർന്നതെല്ലാം എനിക്ക്  സ്നേഹമാണ്. നിറഞ്ഞു പെയ്യുന്ന മഴ ചിലപ്പോഴൊക്കെ  നിന്നിലും സ്നേഹത്തെ നിറക്കാറില്ലേ....... നിറഞ്ഞൊഴുകുന്ന പുഴയും നിറഞ്ഞു പൂത്ത മരങ്ങളും ചെടികളും ഒക്കെ സ്നേഹം മാത്രമല്ലെ അനുഭവിപ്പിക്കുന്നത്... നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം 
നിലാവ് നിറഞ്ഞ രാത്രികൾ
വിശക്കുമ്പോൾ വയറു നിറയെ  കഴിക്കാൻ കിട്ടുന്ന ആഹാരം ഒക്കെ സ്നേഹമല്ലേ......
അതെ എനിക്കിതൊക്കെ സ്നേഹമാണ്.....
എനിക്ക് സ്നേഹത്തെ കുറിച്ച് എപ്പോഴും ഇങ്ങനെയൊക്കെയാണ് തോന്നാറുള്ളത്.

ഒരേ സമയം സന്തോഷമായും  സങ്കടമായും  ചിരിയായും കരച്ചിലായും
മുറിപ്പെടുത്തലായും  മുറിവുണക്കലായും  ഓർമ്മകളായും മറവികളായും
അതെ സ്നേഹം അങ്ങനെയൊക്കെയാണ്.....
ഓർക്കാൻ ശ്രമിക്കുംതോറും മറന്നു പോകുന്ന
മറക്കാൻ ശ്രമിക്കുംതോറും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന
ചേർത്ത് പിടിക്കാൻ നോക്കുമ്പോ വിട്ടുപോവുന്ന
ഒഴിഞ്ഞു മാറാൻ നോക്കുമ്പോ കെട്ടിപ്പിടിക്കുന്ന
ആഗ്രഹിക്കുന്നിടത്ത് നിന്നും കിട്ടാതിരിക്കുന്ന പ്രതീക്ഷിക്കാത്തിടത്തുനിന്നും വന്നു ചേരുന്ന ഈ സ്നേഹം എന്തൊരു വികൃതിയാണ് !!!!!

ഇനി നിന്നോട് പറയട്ടെ
നിന്നെ സ്നേഹിച്ചു മതിയാവാത്തതുകൊണ്ടാണ് നിന്നിലേക്കുള്ള എന്റെ യാത്ര ഇനിയും തീരാത്തത്.
അതൊരിക്കലും തീരാതിരിക്കട്ടെ എന്നാണെന്റെ ആഗ്രഹം.
എങ്കിലും ഒരിക്കൽ നിന്നിൽ വന്നു ചേരണം.
അടുത്ത് വന്ന് നിന്ന് നിന്റെ കണ്ണുകളിലെ എന്നെ എനിക്കു കാണണം.
നെഞ്ചിൽ മുഖം ചേർത്ത് നിന്റെ ഹൃദയമിടിപ്പിന്റെ താളവും ശബ്ദവും എനിക്ക് കേൾക്കണം.
ഒരിക്കലും  തീരാത്തൊരുമ്മ നൽകി നിന്റെ സ്നേഹത്തിലേക്കാഴ്ന്നു പോവണം.
ഈ ലോകത്തിലെ മുഴുവൻ സ്നേഹവും നിറച്ചു നിന്നെ കെട്ടിപ്പിടിച്ച് നിന്റെ സ്നേഹത്തിന്റെ മണം മുഴുവനും എന്നിൽ നിറയ്ക്കണം.
എന്റെയോ നിന്റെയോ എന്നറിയാതെ നമ്മളൊരറ്റ മണമായ് മാറണം.

എല്ലാവരോടും സ്നേഹം!!!!!!!
നിന്നോട് അതിലേറെയും !!!!!!!!!

17 comments:

  1. ഒന്നും പറയാനില്ല. എല്ലാർക്കും സ്നേഹം. എവിടേയും സ്നേഹം. എപ്പോഴും സ്നേഹം. സ്നേഹം കൊണ്ട് തല്ലും പിടി.

    പറഞ്ഞാലും പറഞ്ഞാലും തീരാത്ത, എഴുതിയാലും തീരാത്ത വല്ലാത്ത ഒരു അവസ്ഥയാണ് സ്നേഹം.


    "ശക്തമായി അലയടിച്ചിരുന്നൊരു കടൽ ശാന്തമാവുന്നതു പോലെ എന്ന് എനിക്കെന്നെ അപ്പോഴൊക്കെ തോന്നാറുണ്ട്. സമാധാനത്തോടെ ഒരു നിമിഷമെങ്കിലും ജീവിക്കാനാവുന്നതിനേക്കാൾ വല്ല്യ കാര്യം വേറെന്താണുള്ളത് അല്ലെ ??" ഇവിടെ എന്തോ ഒരു മിസ്സിംഗ് പോലെ തോന്നിട്ടോ.

    ഒരു പാടിഷ്ടായി
    ഇഷ്ടം. ആശംസകൾ

    ReplyDelete
    Replies
    1. ആദിക്കുഞ്ഞേ സ്നേഹം....

      Delete
  2. ഇളനീർ മധുരമുള്ള വരികൾ 👌 വായനക്കൊടുവിൽ ഹൃദയത്തിൽ ഒരു താമര വിരിഞ്ഞു❤️

    ReplyDelete
    Replies
    1. അല്ലിപ്പൂവേ നിന്നോടും സ്നേഹം. എല്ലാവരുടെ ഹൃദയത്തിലും താമര വിരിയട്ടെ അല്ലെ???

      Delete
  3. സർവത്ര സ്നേഹം നിറഞ്ഞുകവിഞ്ഞൊഴുകുന്ന പ്രണയനദിപോലെ ഒഴുകിപ്പരക്കട്ടെ..



    ഇഷ്ടം ഉമച്ചേച്ചീ..

    ReplyDelete
    Replies
    1. സുധിയോടും സ്നേഹം. സുധീടെ ജീവിതത്തിലും സ്നേഹം മാത്രം നിറയട്ടെ.

      Delete
  4. നന്നായിരിക്കുന്നു. ഇനിയും എഴുതൂ.

    ഇടക്ക് ഒരല്പം gap ഇടണേ ഒരു rest ന് വേണ്ടി.

    ReplyDelete
  5. സ്നേഹമാണഖിലസാരമൂഴിയിൽ ...
    സ്നേഹാർദ്രമായ വരികൾ
    ആശംസകൾ

    ReplyDelete
  6. ഉമേയ്...കൂയ്‌..
    എനിക്കും കട്ട സ്നേഹം ട്ടാ.ഉപാധികളുടെ
    പ്രൈസ് സ്റ്റിക്കർ ഒട്ടിക്കാത്ത സ്നേഹത്തെക്കാൾ അപൂർവ്വമായത് അധികമൊന്നുമില്ല നമ്മടെ ലോകത്ത്.

    ReplyDelete
    Replies
    1. മിസ്റ്റർ മാധവൻ താങ്കളോട് കൊട്ട സ്നേഹം

      Delete
  7. ഒരേ സമയം സന്തോഷമായും 
    സങ്കടമായും  ചിരിയായും കരച്ചിലായും
    മുറിപ്പെടുത്തലായും  മുറിവുണക്കലായും 
    ഓർമ്മകളായും മറവികളായും സ്നേഹം നമ്മെ
    വന്ന് ഇഷ്ടത്തോടെ ,ദേഷ്യത്തോടെ ,പ്രണയത്തോടെയൊക്കെയും
    ആശ്ളേഷിക്കും ...ഇതിൽ നിന്നും കിട്ടുന്ന സുഖദു:ഖങ്ങളൊക്കെയാണ്
    നാം മറ്റുള്ളവർക്കും പകർന്നു കൊടുക്കുക ..

    ReplyDelete
    Replies
    1. എന്നും വന്ന് രണ്ട് വരി എഴുതി പോവുന്ന ഈ സ്നേഹത്തിനോടും സ്നേഹം

      Delete
  8. സ്നേഹമെങ്ങനെ ഒരു പുഴയായി ഒഴുകിപ്പരക്കട്ടെ.....

    ReplyDelete
    Replies
    1. ഒഴുകിക്കോട്ടെ.....

      Delete
  9. മാതൃസ്നേഹം... ഒരിക്കലും നിലയ്ക്കാത്ത ഉറവായി ഒഴുകട്ടെ...

    ReplyDelete