Saturday, December 21, 2019

ക്രിസ്മസ് ഫ്രണ്ട് ആയി ആരെയാ കിട്ട്യേ ന്ന് കുഞ്ഞൂട്ടനോട് അമ്മു ചോയ്ക്കണ കേട്ടപ്പഴാണ് ക്രിസ്മസ് ആവാറായല്ലോ എന്നോർത്തെ. ക്രിസ്മസ് എന്ന് കേട്ടാലേ ഗ്രീറ്റിംഗ് കാര്ഡോർമ്മകൾ ഓടിവരും. ഒന്നുരണ്ടു കൊല്ലം ഏകാദശിയോടനുബന്ധിച്ചുള്ള കടകളിൽ കാർഡ്‌സ് മാത്രമുള്ള കടകളും വന്നിരുന്നു. ഒരുകൊല്ലം ഏകാശി സാധനങ്ങൾ വാങ്ങാതെ അതിനു മുഴോനും ക്രിസ്മസ് ന്യൂയെർ കാർഡുകൾ വാങ്ങിക്കൂട്ടിയതിപ്പോ ഓർമ്മ വന്നു.

Archies,  hallmark എന്നൊക്കെയുള്ള കമ്പനികളുടെ കാർഡുകളൊക്കെ തപ്പി നടന്നിരുന്ന ദിവസങ്ങൾ... തൃശ്ശൂരിലെ archies gallery യിൽ പോയി ഓരോ കാർഡുകളിലേക്കും കൊതിയോടെ നോക്കി ഒടുക്കം രണ്ടെണ്ണം മാത്രം വാങ്ങിപ്പോന്ന ഒരു ദിവസം. Gift piece കളേക്കാളും കാർഡുകളായിരുന്നു സമ്മാനിക്കാൻ എന്നും ഇഷ്ടം.

ആശക്കായിരുന്നു ഏറ്റവും കൂടുതൽ അയച്ചിട്ടുള്ളത്.  മിക്കവാറും അവളുടെ കൂടെയാവും കടേൽ പോണത്. അവളുകാണാതെ വേണം മേടിക്കാൻ. അയക്കൽ കഷ്ടിയാണ് കയ്യിൽ കൊടുക്കലാണ് പതിവ്. എത്ര എഴുത്തുകളാണ് ഞാൻ അവൾക്കെഴുതിയിട്ടുള്ളത്. 200പേജ് ന്റെ നോട്ട് ബുക്ക്‌ മേടിച്ച് അതിലാണ് എഴുതിയിരുന്നത്. ഞാൻ അവൾക്ക് കൊടുക്കും അവളത് വായിച്ചു മറുപടി  അതിൽത്തന്നെ എഴുതി തരും. അങ്ങനെ ഒന്നോ രണ്ടോ നോട്ട് ബുക്ക്‌ ണ്ടായിരുന്നു. പിന്നേ എപ്പഴോ അതൊക്കെ കളഞ്ഞു. പക്ഷെ കാർഡുകൾ ഒക്കെ അതേപോലെ സൂക്ഷിച്ചു ഇപ്പഴും.

സത്യത്തിൽ ഇപ്പൊ ഓർക്കുമ്പോ ചിരിവരണൂ എന്താപ്പോ ത്രമാത്രം എഴുത്തെഴുതാൻ ണ്ടായിരുന്നെ എന്നോർത്തിട്ട്.
ദിവസവും കാണുന്ന രണ്ടുപേർ
ക്ലാസ്സിൽ അടുത്തടുത്തിരിക്കുന്ന രണ്ടുപേർ എപ്പോഴും ഒരുമിച്ചു നടക്കുന്ന രണ്ടുപേർ ഇത്രയൊക്കെ പറഞ്ഞുകഴിഞ്ഞിട്ടും പിന്നേയും 10ഉം 15ഉം പേജ് എഴുത്തെഴുതുന്ന രണ്ടുപേർ......
കൊറേ സങ്കടങ്ങൾ കൊറേ ഗോസിപ്പുകൾ രണ്ടുപേരുടെയും പ്രണയങ്ങൾ അങ്ങനെ എന്തൊക്കെയോ കുറേ ബടുക്കൂസ് തരങ്ങൾ.......  രസമായിരുന്നു ആ കാലങ്ങളൊക്കെ. അവളോടൊരിക്കലും തല്ലുകൂടിയ ഓർമ്മയേ ഇല്ല.

ഓട്ടോഗ്രാഫിന് പകരം ഡയറി ആയിരുന്നു അന്നെല്ലാവരും പരസ്പരം എഴുതാൻ കൊടുത്തിരുന്നത്. എന്റെ ആ ഡയറിയും ഞാൻ കളഞ്ഞു. ഇപ്പഴും കുട്ടികളൊക്കെ അതുപോലെ നിറയെ ഗ്രീറ്റിംഗ് കാർഡുകൾ വാങ്ങിക്കുന്നുണ്ടോ ആവോ !!!!!

ചില കാർഡുകളൊക്കെ മേടിച്ച് അതിനോടുള്ള ഇഷ്ടംകൊണ്ട് ആർക്കും അയക്കാതെ ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിട്ടുണ്ട്. പണ്ടേ എനിക്കെന്നോട് അത്രത്ര ഇഷ്ടായിരുന്നു. നഷ്ടപ്രണയത്തിന്റെ നെടുവീർപ്പുകളേന്തിയ(അതിനേക്കാൾ നല്ലത് തേച്ച കാമുകൻ തന്ന എന്ന് പറയുന്നതാവും ലെ ) ഒരുപിടി കാർഡുകൾ  ഇപ്പഴും കയ്യിലുണ്ട്. അതിലെ വരികളൊക്കെ ഇപ്പൊ വലിയ തമാശകളാണ്.

കാലമെത്ര കഴിഞ്ഞാലും കാർഡുകളും കാർഡോർമ്മകളും ഇപ്പഴും കൊതിപ്പിക്കുന്നത് തന്നെയാണ്. ഇന്നിപ്പോ കുറച്ചു മുൻപേ ഹരീഷിനോട് ചോദിച്ചേ  ഉള്ളൂ ഈ ക്രിസ്മസ് പുലരിയിൽ വാതിൽ തുറക്കുമ്പോൾ ഉമ്മറത്ത് ഒരു വല്ല്യ സമ്മാനപ്പൊതി കൊണ്ടന്നു വച്ചിട്ട് പോവുന്ന സാന്റാ ക്ലോസ് ആയിക്കൂടെടോ മാഷേ ന്ന്.... നിറയെ ഗ്രീറ്റിംഗ്‌കാർഡുകളും മിട്ടായികളും സമ്മാനങ്ങളും ഒക്കെയുള്ള ഒരു വല്ല്യ കൊട്ട.  ഹായ്..... ഓർക്കുമ്പോ തന്നെ ന്ത്‌ രസാണ് !!!!!

സമ്മാനങ്ങൾ കിട്ടുന്നത് ഒരു സുഖാണ്. നമ്മളിങ്ങനെ അലസമായിരിക്കുന്ന ഒരു ഉച്ചയ്ക്ക് പോസ്റ്റുമാൻ ഒരെഴുത്ത് ണ്ട് ട്ടോ ന്ന് പറയണത് കേക്കണത് എത്ര സന്തോഷാണ്. ആരാന്നറിയാൻ ഉള്ളിങ്ങനെ തിടുക്കം കൂട്ടും. തിരിച്ചും മറച്ചും അക്ഷരങ്ങളിലേക്കും നോക്കിയിട്ടും മനസ്സിലായില്ലെങ്കിൽ ഹൃദയമിടിപ്പ് കൂടണ പോലെ തോന്നും തുറന്നു നോക്കുന്നതുവരെ. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാവുമ്പോ ശരിക്കും ലോകം പിടിച്ചടക്കിയ സന്തോഷം തോന്നും. കാർഡാണെങ്കിൽ അതിലെ ചിത്രങ്ങളും വരികളും അതയച്ച ആളുടെ വരികളും അക്ഷരങ്ങളും അങ്ങനെ അതിന്റെ ഓരോ മുക്കും മൂലയും എത്രയെത്രയാണ് നോക്കാറുള്ളത്.

ഇപ്പൊ ഇങ്ങനൊക്കെ എഴുതുമ്പോ ഒരു കാർഡ് ഷോപ്പിൽ പോയി നിറയെ കാർഡുകൾ മേടിച്ചു പ്രിയമുള്ള ഓരോരുത്തർക്കും അയക്കാൻ തോന്നാണ്.

ജീവിതത്തിൽ സമ്മാനങ്ങൾ അധികമൊന്നും കിട്ടിയിട്ടില്ല. നിന്റെ കയ്യീന്നൊന്നു പോലും 😏☹️😐.... എന്നാലും,  ഞാൻ ഒരുപാട് ചോദിച്ചാൽ മാത്രം നീ തരാറുള്ള, എനിക്ക് വേണ്ടി നീയെഴുതുന്ന വരികൾ......... അത് തന്നെയാണ് എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും ഭംഗിയുള്ള സമ്മാനങ്ങൾ.  എന്റെയുള്ളിൽ എന്റെ വാക്കുകളിൽ ഇത്രയേറെ പ്രണയം നിറയ്ക്കുന്നത്  നിന്റെയാ വാക്കുകളാണ്.
ഇത്രയൊക്കെ സങ്കടങ്ങളിലും എന്നെ ഞാൻ പിടിച്ചു നിർത്തുന്നത് ഞാൻ നിനക്കത്രമേൽ പ്രിയപ്പെട്ടവളാണെന്നത് മനസ്സിലാക്കുമ്പോൾ മാത്രമാണ്.

പ്രിയപ്പെട്ടവനേ നിന്നോട് പറയട്ടെ

വെയിലിൽ നീയെന്റെ തണലും
മഴയിൽ നീയെന്റെ കുടയും
ഇരുളിൽ നീയെന്റെ വെളിച്ചവും
കണ്ണീരിൽ നീയെന്റെ ചിരിയും
വാക്കുകളിൽ നീയെന്റെ അക്ഷരങ്ങളും
ഏകാന്തതയിൽ നീയെന്റെ മൗനവും
അങ്ങനെ അങ്ങനെയൊക്കെയാണ് നീയെനിക്ക്......
എനിക്കെന്നും നിന്റെയുള്ളിലെ ഒരിക്കലും മായാത്തൊരു ഗസൽ ആയാൽ മതി.

സ്നേഹം മാത്രം നിറയുന്നതാവട്ടെ നിന്റെ ദിവസങ്ങൾ......
ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവർഷ ആശംസകൾ.

ഈ വഴിയിൽ വരുന്നവർക്കെല്ലാം സ്നേഹം നിറഞ്ഞ ആശംസകൾ നവവർഷത്തിന്റെ...... ക്രിസ്മസിന്റെ....


18 comments:

  1. വർത്തമാനം പറയുന്നത് പോലെ എത്ര മനോഹരമായ എഴുത്ത്... എനിയ്ക്ക് ക്രിസ്തുമസ് എന്നാൽ പുൽക്കൂട് ഉണ്ടാക്കൽ ആയിരുന്നു. ഇന്നും കൂടി ഓർത്തു.... എന്ത് രസമുള്ള കാലമായിരുന്നു അത്. ഇനിയൊരിയ്ക്കലും തിരികെ വരാത്ത നഷ്ടബാല്യം.

    ReplyDelete
    Replies
    1. അതൊക്കെ ഇനീം ആവാലോ. പിന്നെന്താ.......

      Delete
  2. നന്നായി എഴുതി, സുധി പറഞ്ഞത് പോലെ. എനിക്ക് പറയാൻ പ്രത്യേക ക്രിസ്തുമസ് ഓർമ്മകൾ ഒന്നും ഇല്ല. ഇഷ്ടായിട്ടോ.


    വെയിലിൽ നീയെന്റെ തണലും
    മഴയിൽ നീയെന്റെ കുടയും
    ഇരുളിൽ നീയെന്റെ വെളിച്ചവും
    കണ്ണീരിൽ നീയെന്റെ ചിരിയും
    വാക്കുകളിൽ നീയെന്റെ അക്ഷരങ്ങളും
    ഏകാന്തതയിൽ നീയെന്റെ മൗനവും
    അങ്ങനെ അങ്ങനെയൊക്കെയാണ് നീയെനിക്ക്......
    എനിക്കെന്നും നിന്റെയുള്ളിലെ ഒരിക്കലും മായാത്തൊരു ഗസൽ ആയാൽ മതി....


    ഇഷ്ടം

    ReplyDelete
    Replies
    1. ടാ കൊപ്പേ..നീ എന്റെ ബ്ലോഗിൽ വരാത്തത് എന്താടാ..ഇതിപ്പോ
      വീണപ്പൂവ് അല്ലെ ആരും കൊണ്ടോവില്ല.
      അപ്പറത്ത് ഒരു വഴി മരം ഇണ്ട് ആദ്യം മരത്തിൽ പൊ

      Delete
    2. ആദി ആദ്യായിട്ടാണോ ഇങ്ങട് വരണേ?

      Delete
    3. Mr വഴിമാമൻ വീണപൂവിൽ രണ്ട് പ ഇല്ല. ദേ എന്റെ ബ്ലോഗിന്റെ പേരിനെ തെറ്റിച്ച് എഴുതിയാൽ നല്ല അടികിട്ടും ട്ടോ പറഞ്ഞേക്കാം.

      Delete
    4. അതേലോ... ആദ്യമാണ്. മാമന ആളെ പിടിക്കാൻ ഇറങ്ങീക്കാണ് തോന്നുന്നു ചേച്ചീ

      Delete
  3. ഈ പറഞ്ഞ സൂക്കേട് ഒക്കെ എനിക്കും ഉണ്ടായിരുന്നു . അതുപോലെ ഒരു കൂട്ടുകാരിയും കത്തെഴുത്തും ഉണ്ടായിരുന്നു ...
    കൂട്ടുകാരി ഇപ്പോഴും ഉണ്ട് . കാർഡ്‌ അയക്കുന്നത് വാട്സാപ്പിൽ ആണെന്ന് മാത്രം .....

    ReplyDelete
    Replies
    1. ഞാനിപ്പോ അതും ഇല്ല. 😓

      Delete
  4. പിന്നേയ്...ഉമേയ്...തേച്ച കാർഡുകൾ ഇപ്പഴും ഉണ്ട് ലെ.
    അപ്പോ എന്റെ ഭാര്യ മാത്രം എന്താ ഇങ്ങനെ...ഞാൻ എന്നെ തേച്ചവൾ മാരുടെ എല്ലാ കാർഡും,ഡയറീം, ഒക്കെ കത്തിച്ചു.. മെയിലുകൾ ഡിലിറ്റി.
    Sms കൾ മായ്ച്ചു..
    ഇപ്പോ..ബാക്കിയുള്ളത് ഓർമ്മകൾ മാത്രമാ...അത് ഫിംഗർ പ്രിന്റ് ലോക്ക് ആണ്.
    നല്ല രസംണ്ടാർന്നു വായിക്കാൻ..
    പദ്യവും ഗദ്യവും ഇടകലർന്ന്.. അങ്ങനെ...
    സമാധാനം ഉണ്ടാകട്ടെ എന്നും

    ReplyDelete
    Replies
    1. ചുമ്മാ ഭാര്യേനി കുറ്റം പറയാൻ നിക്കണ്ടാട്ടൊ. ഞാൻ അതേപടി ആ ചെവിയിൽ എത്തിച്ചുകൊടുക്കും. ഭാര്യോട് ക്രിസ്മസ് ന്യൂയെർ വിഷസ് പറഞ്ഞേക്കണേ....

      Delete
  5. ഞാനും കുട്ടിക്കാലം തൊട്ടു ഇതുവരെ കിട്ടിയ എല്ലാ കാർഡുകളും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കാര്യമായി ആരും അയക്കാൻ ഇല്ലാതിരുന്നതുകൊണ്ടു എന്നതിൽ ശുഷ്‌കമാണ് എന്നേയുള്ളൂ!

    മൊബൈലും വാട്സാപ്പും വന്നപ്പോൾ കാർഡുകൾ അതിലേക്കു ചുരുങ്ങി അല്ലെ? നല്ല രസം ഈ പോസ്റ്റ് വായിക്കാൻ.... പഴയ കാലത്തെ ഓർമ്മിപ്പിച്ചു. വായിച്ചു തീർന്നത് അറിഞ്ഞില്ല!

    ReplyDelete
    Replies
    1. കാലത്തെ തിരിച്ചു പിടിക്കാനുള്ള വഴികൾ

      Delete
  6. 'വെയിലിൽ നീയെന്റെ തണലും
    മഴയിൽ നീയെന്റെ കുടയും
    ഇരുളിൽ നീയെന്റെ വെളിച്ചവും
    കണ്ണീരിൽ നീയെന്റെ ചിരിയും
    വാക്കുകളിൽ നീയെന്റെ അക്ഷരങ്ങളും
    ഏകാന്തതയിൽ നീയെന്റെ മൗനവും
    അങ്ങനെ അങ്ങനെയൊക്കെയാണ് നീയെനിക്ക്......
    എനിക്കെന്നും നിന്റെയുള്ളിലെ ഒരിക്കലും മായാത്തൊരു ഗസൽ ആയാൽ മതി.'



    ഹായ് ..എനിക്ക് ഇങ്ങിനെയൊരു പ്രണയിനി ഉണ്ടായിരുന്നുവെങ്കിൽ ...!

    ReplyDelete
  7. മനസ്സ് നിറയ്ക്കുന്ന കുറിപ്പ് <3

    ReplyDelete