Friday, January 1, 2016

പ്രിയപ്പെട്ട നിനക്ക്..........

ഇരുണ്ട നിലാവിൽ മഞ്ഞുതുള്ളികളെ ചിതറിച്ചു കൊണ്ടൊരു കാറ്റ് വീശുന്നുണ്ട് പുറത്ത്.
ജനവാതിലിൽ വന്നൊന്നു മുട്ടിയിരുന്നു.
തുറന്നു നോക്കിയപ്പോൾ മൂക്കിൻ തുമ്പത്തേക്കും വന്നു പതിച്ചു ഒരു കുഞ്ഞു മഞ്ഞുതുള്ളി.
എനിക്കത് നിന്റെ ഉമ്മയാണെന്നു തോന്നി.
രണ്ടു തോളിലും പിടിച്ചു കൊണ്ട് നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് നീ തരാറില്ലേ "മൂക്കുംമേലുമ്മ" ന്നും പറഞ്ഞോണ്ട്....... 
ഈ മഞ്ഞുമ്മേം അതേ പോലെ തന്നെ.
നീയെന്തു ചെയ്യുകയാണവിടെ?????
ആഘോഷങ്ങളുടെ ശബ്ദവും വർണ്ണങ്ങളും ഒറ്റക്കിരുന്ന് അനുഭവിക്കുകയാണോ???
അതോ എനിക്ക് കിട്ടിയ പോലത്തെ മഞ്ഞുമ്മകൾ നിനക്കും കിട്ടാൻ കാത്തിരിക്കുകയോ???

ചുറ്റിനും ശബ്ദങ്ങൾ ഉണ്ടെങ്കിൽ നിശബ്ദയാവാനാണ് എനിക്കിഷ്ടം.
രാവിലെ അമ്പലത്തിൽ പോവുമ്പോ നിശബ്ദമാണ് ഞാനും വഴിയും ഇലകളും മരങ്ങളും വീടുകളും ഒക്കെ.
മഞ്ഞ് മാത്രം ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. 
അതും കേട്ട് അവ ഉമ്മ വെച്ച ഇലച്ചുണ്ടുകളിലെ ആലസ്യമാർന്ന ഉറക്കച്ചിരി കണ്ടുകൊണ്ടാണ് ഞാനെന്നും നടന്നു പോവാറ്.
തീർത്തും തനിച്ചുള്ള ആ നടത്തം എനിക്ക് എന്തിഷ്ടമാണെന്നോ.........
മനസ്സിൽ നീയിങ്ങനെ നിറയും........ 
ഒപ്പം നടന്നും,സ്വകാര്യം പറഞ്ഞും,കൈ പിടിച്ചും!!!
അന്നേരം നിന്റെ മണമുള്ളൊരു ഒരു കാറ്റ് വന്നെന്നേം കെട്ടിപ്പിടിക്കും.
ഇലകളിൽ വെച്ച ചുംബനം എന്റെ ചുണ്ടിലും വെച്ചിട്ട് മഞ്ഞുത്തുള്ളികൾ എങ്ങോട്ടേക്കോ ഒളിക്കും.

എത്ര കണ്ടാലും മതിയാവാതെ............
എത്രയൊക്കെ മിണ്ടിയാലും അത്രയും,അതിലധികവും ഇനിയും മിണ്ടാനുണ്ടെന്ന തോന്നൽ..........
നിന്നെ എത്രയെത്രയെത്രയാണ് ഞാൻ പ്രണയിക്കുന്നത്!!!!!!!!!!!!
ഉള്ളം കയ്യിൽ നീ വെച്ച് തന്ന ഉമ്മകളെ ഞാനെന്റെ മഞ്ചാടിക്കുപ്പീലാക്കി സൂക്ഷിച്ചിട്ടുണ്ട്.
നമ്മടെ ഉമ്മകളെ കൂട്ടി മുട്ടിക്കാൻ തോന്നുമ്പോൾ ഇപ്പൊ ഞാൻ അവയെടുത്തെന്റെ ചുണ്ടോട് ചേർക്കും.

ഉറങ്ങാൻ വേണ്ടി ഞാനിപ്പോൾ നേരത്തേ കിടക്കും.
നിന്നെ കുറിച്ച് ഞാൻ കണ്ടു കൂട്ടുന്ന പകൽ കിനാവുകളേക്കാൾ സുന്ദരമായ സ്വപ്‌നങ്ങൾ എന്റെ ഉറക്കങ്ങളിലേക്ക് ഇപ്പോൾ കടന്നു വരാറുണ്ട്.
അന്ന് പറഞ്ഞൊരു സ്വപ്നം നിനക്കോർമ്മയുണ്ടോ???
തീർത്തും അപരിചിതമായൊരു കാട്ടിൽ ഞാനെങ്ങനെയോ എത്തിപ്പെടുന്നത്. 
ദൂരെയെവിടുന്നോ നീയെന്റെ പേരുറക്കെ വിളിക്കുന്നുണ്ട്......
പക്ഷെ നിന്നിലേക്കെത്താൻ സാധിക്കാതെ ഞാൻ കരയുന്നത്.......
ഒടുക്കം ഇരുൾ പരക്കാൻ തുടങ്ങുമ്പോൾ ദിക്കും ദിശയുമറിയാതെ മുന്നിൽ കാണുന്ന വഴിയിലൂടെ ഞാൻ ഓടുന്നു.
പിന്നാലെ ആരുടെയൊക്കെയോ പാദസ്പർശം കേക്കുമ്പോൾ പേടിക്കുന്ന ഞാൻ ചിറകുകളില്ലാതെ എങ്ങനെയോ ഉയർന്നു പറക്കുന്നു.
മലകളും, അരുവികളും,താഴ്വരകളും ഒക്കെ ഞാൻ പറക്കലിൽ കടന്നു പോകുന്നുണ്ട്. 
പേരറിയാത്ത മരങ്ങളുടെ ഏറ്റവും ഉയരത്തിലുള്ള കൊമ്പിൽ ഒളിച്ചിരിക്കുന്നുണ്ട്.
ഒടുവിലെപ്പഴോ നിന്റെ അരികിലേക്ക് കരഞ്ഞു കൊണ്ട് തളർന്നു വീഴുന്നു ഞാൻ.

എന്നോ ഒരിക്കൽ കണ്ട സ്വപ്നാണ്.
പക്ഷെ ഇതൊന്ന് മാത്രം അശ്ശേഷം മറന്നിട്ടില്ല. 
ഓർമ്മയിൽ ഏറ്റവും വ്യക്തമായി..........
ഒരേ സമയം എന്നെ എക്സൈറ്റട് ആക്കുന്ന,സങ്കടപ്പെടുത്തുന്ന ഒന്ന്.
ചിറകുകളില്ലാതെ എങ്ങനെയാണ് പറക്കുന്നത്????? 
സ്നേഹം അങ്ങനെയാണ്.
ചിറകുകൾ ഇല്ലാതെയും പറക്കാൻ സാധിപ്പിക്കും.
അതിനായി ഒരാകാശം തരും.
എന്റെ ആകാശം നീയാണ്.
എന്റെ കടലും നീ തന്നെ.
ചിറകുകൾ ഇല്ലാതെ കൈകൾ കോർത്ത്‌ പിടിച്ച് നമ്മുടേത്‌ മാത്രമായൊരു ലോകത്തിൽ നമുക്കേറെ ദൂരം പറക്കണം.
താഴേക്കൊരു കടലിൽ ഒരുമിച്ചു വീഴണം.
പിന്നെ രണ്ടു മത്സ്യങ്ങൾ ആയി നീന്തി തുടിച്ചു ജീവിക്കണം.
ഒടുക്കം കരയിലേക്ക് ഒരുമിച്ചു പിടഞ്ഞു വീണു മരിക്ക്യേം വേണം.

അല്ലാ......ന്തിനാപ്പോ ത്രേം ബടുക്കൂസ്തരം ലെ??????നമുക്ക് ജീവിച്ചാ മതി.ദേ ഇത് പോലെ.............കൊറേക്കാലം.

തിരുവാതിര നോറ്റു.
അതിന്റെ കൃത്യമായി.
മൂന്നും കൂട്ടി,പാതിരാപ്പൂ വെച്ചു , ഉറക്കൊഴിച്ചു,ചുവടു വെച്ചു, നിനക്കായി മാത്രം............
അടുത്ത തവണ ഉറങ്ങാതെ ഉമ്മറത്തെ തൂണിൽ ചാരി ഇരുന്ന് കണ്ടോളണം ന്റെ തിരുവാതിരക്കളി.
ഒപ്പമിരുന്ന് മൂന്നും കൂട്ടി ഏറെ നേരം സംസാരിക്കണം.
നിന്റെ നെഞ്ചിൽ ചാരിയിരിക്കുമ്പൊ നിന്റെ ഹൃദയത്തിനോടെനിക്ക് പറയണം ഇതിനുള്ളിലെ എല്ലാ സങ്കടങ്ങളും എന്റെയീ കണ്ണുകളിലേക്ക് പകർത്തി പകരമവിടെ നിറയെ സന്തോഷം നിറയ്ക്കാൻ.
നിന്റെ കണ്ണുകളിൽ അമർത്തി ഉമ്മ വെക്കണം.
ഒരിക്കലും തീരാത്തൊരുമ്മ നിന്റെ ചുണ്ടുകളിലേക്ക് ഒളിപ്പിച്ചുകൊണ്ടു നിന്നോട് പറയാതെ പറയണം 
മറ്റെന്തിനെക്കാളുമധികം  
മറ്റാരെക്കാളുമധികം 
നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന്!!!!!!!!!!!!!!!

 
  


 

19 comments:

 1. ഉമേച്ചീ.!!!!!

  ഇതെന്നതാ ഇത്‌??മഹാകാവ്യം പോലെ.രണ്ട്‌ വട്ടം വായിച്ചു.ഇങ്ങനെയൊക്കെ എഴുതാൻ കഴിവുണ്ടായിരുന്നെങ്കിൽ ഞാൻ എന്തെല്ലാമായേനേ?

  എക്സൈറ്റഡ്‌ എന്ന വാക്ക്‌ എടുത്ത്‌ മാറ്റ്‌.

  ഒന്നൂടെ വായിച്ചിട്ട്‌ നല്ലൊരു അവലോകനം തരാമേ.


  നല്ലൊരു വായന സമ്മാനിച്ചതിനു നന്ദി.

  ReplyDelete
  Replies
  1. ഇതാണു മകനെ.......പ്രണയലേഖനം.
   നല്ല ഒന്നാം ക്ലാസ് love letter.;)
   ആ വാക്കൊക്കെ മാറ്റാം ട്ടൊ.

   Delete
 2. പുല്‍നാമ്പുകളില്‍ നിന്ന് ഇറ്റ് വീഴാന്‍ വെമ്പുന്ന മഞ്ഞു തുള്ളികളെ ഏറ്റുവാങ്ങി ഒറ്റയടിപ്പാതയിലൂടെയുള്ള നടപ്പ്... അത് വല്ലാതെ ഗൃഹാതുരത്വം പകര്‍ന്നു.... ഞാന്‍ മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ, വീണ്ടും നാട്ടിന്‍പുറത്ത് എത്തിയ പ്രതീതി....

  സുധി പറഞ്ഞത് ശരിയാണ്... “ഒരേ സമയം എന്നെ എക്സൈറ്റട് ആക്കുന്ന,സങ്കടപ്പെടുത്തുന്ന ഒന്ന്...” ഇതിന് പകരം “ഒരേ സമയം എന്നെ ഉദ്ദീപിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന ഒന്ന്...” എന്നാക്കിയാല്‍ കല്ലുകടി ഒഴിവാക്കാം കേട്ടോ ഉമാജീ...

  ReplyDelete
  Replies
  1. നമുക്കീ വിവരം കൊറച്ച് കൊറവാന്നെ.excitement ന്നെ അന്നേരം കിട്ട്യൊള്ളൂ.അതോണ്ടല്ലെ.....!!!!!

   Delete
 3. വര്‍ണ്ണിക്കാന്‍ വാക്കുകളില്ലല്ലോ... ഉമേച്ചീ....
  എന്തൊരു മനോഹര സ്വപ്നമാണത്...!!!!!..
  ഓരോ വാക്കും അതിമനോഹരവും മാധുര്യമാര്‍ന്നതുമാണ്.!!
  വിനുവേട്ടന്‍ പറഞ്ഞതു പോലെ ഉമേച്ചിയുടെ എഴുത്ത് കൊണ്ട് വരുന്ന ഗൃഹാതുരത്വത്തിന് കണക്കില്ല.!!
  നാട്ടുവഴികളിലൂടെ നടക്കുന്നതിന്‍റെയൊരു സുഖം.... എവിടെപ്പോയാലും കിട്ടില്ല്യ...

  ReplyDelete
  Replies
  1. നന്ദി മകളെ ദിവ്യേ......സുഖല്ലെ?

   Delete
  2. സുഖാണ് . ചേച്ചീ...

   Delete
 4. എത്ര പറഞ്ഞിട്ടും തീരുന്നില്ല അല്ലേ? കൈപ്പിടിയിൽ ഒതുങ്ങുന്നത് വരെ പ്രണയം അത്രത്തോളം മധുരമാണ്.

  ReplyDelete
  Replies
  1. ഒതുങ്ങിയില്ലെങ്കിലും മധുരം തന്നേന്നെ.

   Delete
 5. പ്രണയം; പ്രണയ ലേഖനം! രണ്ടും കൊള്ളാം!
  എഴുത്ത് ഘംഭീരം. അതങ്ങിനെയേ പറയാനാവുനുള്ളൂ.
  ആശംസകളോടെ

  ReplyDelete
  Replies
  1. സന്തോഷത്തോടെ നന്ദി.

   Delete
 6. ഒരിക്കലും തീരാത്തൊരുമ്മ നിന്റെ
  ചുണ്ടുകളിലേക്ക് ഒളിപ്പിച്ചുകൊണ്ടു നിന്നോട്
  പറയാതെ പറയണം മറ്റെന്തിനെക്കാളുമധികം
  മറ്റാരെക്കാളുമധികം നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന്!

  അതാണ് യഥാർത്ഥ പ്രണയത്തിന്റെ ഇരു ഇത്...!

  ReplyDelete
 7. ആശംസകൾ!!
  പ്രണയമങ്ങനെ തിമിർത്തുപെയ്യട്ടെ

  ReplyDelete
 8. നന്നായി.. ആശംസകള്‍

  ReplyDelete
 9. മധുരം കിനിയുമീവരികള്‍!
  ആശംസകള്‍

  ReplyDelete
 10. ഈ പ്രേമത്തെയോര്‍ത്ത് ഞെട്ടുന്നു. <3

  ReplyDelete