Sunday, December 20, 2015

കണ്ണീരിനും കല്കണ്ട മധുരാണ്.....

ചിലതങ്ങനെയാണ്!!!
എത്ര കണ്ടാലും മതിയാവാതെ...........ചില കാഴ്ചകൾ ........
എത്ര കേട്ടാലും മതിയാവാതെ ...............ചില ശബ്ദങ്ങൾ ........
എത്ര പറഞ്ഞാലും മതിയാവാതെ ............ചില ഓർമ്മകൾ......
എത്ര ചിന്തിച്ചാലും മതിയാവാതെ ..............ചില സ്വപ്‌നങ്ങൾ.....
എത്ര ഇഷ്ടപ്പെട്ടാലും മതിയാവാതെ ...............ചില ഇഷ്ടങ്ങൾ............
എത്ര കരഞ്ഞാലും മതിയാവാതെ ..................ചില മുറിവുകൾ.........
എത്ര സ്നേഹിച്ചാലും മതിയാവാതെ ..............നീ!!!!!!!!!!!!!


ഈ ചിത്രത്തെ കുറിച്ച് മുൻപൊരു പോസ്റ്റിൽ ഞാൻ എഴുതീരുന്നു. ന്നാലും പിന്നേം പിന്നേം നോക്കിയിരിക്കാനും, അതിനെ കുറിച്ച് സംസാരിക്കാനും ന്നെ നിർബന്ധിക്കുന്നൊരു ചിത്രമാണിത്.കാലത്തെ തിരിച്ചു പിടിക്കാൻ വേണ്ടി സൂക്ഷിച്ചു വെച്ച ചിലതുകളിൽ ഒന്ന്.ഏറ്റവും സ്നേഹത്തോടെ നോക്കാറുണ്ട്, തലോടാറുണ്ട്, വാക്കുകൾ മനപാഠമാക്കാൻ ശ്രമിക്കാറുണ്ട്. സ്നേഹത്തിന്റെ ഇത്തരം പങ്കുവെക്കലുകൾ തന്നെയാണ് അവ പിന്നീട് ഓർമ്മയാകുമ്പോൾ അത്രമേൽ ചന്തമുള്ളതാകുന്നത്.

എഴുത്തുകളും,കാർഡുകളും,അയക്കാനും വായിക്കാനും എനിക്കും   ഇഷ്ടമായിരുന്നു. ഉമ്മറത്തെ തൂണും ചാരി, വെയിലിൽ തെളിയുന്ന വിചാരങ്ങളിൽ മുങ്ങി,കാറ്റിനൊപ്പം വികൃതി കാണിക്കുന്ന തലമുടിയിഴകളിൽ കൈകളോടിച്ചു ചിലപ്പോൾ അറിയാതടഞ്ഞു പോകുന്ന മിഴികളോടെ അലസമിങ്ങനെയിരിക്കുമ്പോൾ കേൾക്കുന്ന സൈക്കിളിന്റെ ബെല്ലടി ശബ്ദം എന്നും തന്നിരുന്നത് ഒരു പകുതി ചിരി കഷ്ണമാണ്.

വായിക്കും തോറും നീളം കൂടിക്കൊണ്ടിരിക്കുന്ന പ്രിയമുള്ളൊരാളുടെ എഴുത്ത് പലപ്പോഴും ഞാൻ കൊതിച്ചിട്ടുണ്ട്. ഡിസംബർ എനിക്ക് കാത്തിരുപ്പിന്റെ കാലമായിരുന്നു. പോസ്റ്റ്‌മാനെ, അയാൾ കൊണ്ടുതരുന്ന നിറമുള്ള കവറുകളെ.ഡിസംബർ ആകുമ്പോഴേക്കും കാശ് കൂട്ടി വെക്കുമായിരുന്നു കാർഡുകൾ മേടിക്കാൻ,അതിനുള്ള സ്റ്റാമ്പ്‌ മേടിക്കാൻ.മേടിക്കുന്ന കാർഡുകളിൽ പകുതിയിലും എഴുതിയിരുന്ന മേൽവിലാസം എന്റെ തന്നെയായിരുന്നു. അത്രയും മനോഹരമായ ആശംസകൾ ഞാൻ എനിക്കായി നൽകിപ്പോന്നു. ദാ....ഇതിൽ കാണുന്ന ആ മഞ്ഞ നിറമുള്ള കാർഡ്,പിന്നെയാ സോറി കാർഡ് ഒക്കെ ഈ തരത്തിൽ ഞാൻ എനിക്കായി അയച്ചതാണ്.

ഡയറികൾ എന്റെ മറ്റൊരിഷ്ടമാണ്.കട്ടിയുള്ള പതുപതുത്ത കാപ്പിനിറമുള്ള അരികിൽ സ്വർണ്ണവരയുള്ള പുറം ചട്ടയുള്ള,ഒരു തീയതിക്കൊരു പേജ് ആയിട്ടുള്ള വല്ല്യേ ഡയറി വേണംന്നുള്ളത് ഇനീം സാധ്യാവാത്ത മോഹാണ്.എന്റെ ബടുക്കൂസ് വിചാരങ്ങളെ വാക്കുകളാക്കി കറുത്ത മഷിയുള്ള പേന കൊണ്ട് ഏറ്റവും ഭംഗിയുള്ള അക്ഷരങ്ങളായി കാലങ്ങൾക്കപ്പുറത്തേക്ക് വേണ്ടി സൂക്ഷിച്ചു വെക്കണം എന്നത് എല്ലാ ഡിസംബറിലും ഉണരുന്ന മോഹമാണ്.

കൂട്ടിവെച്ച മഞ്ചാടി മണികൾ,പളുങ്കുകൾ,ഈ ആശംസാ കാർഡുകൾ........... ഇതൊക്കെ കാണുമ്പോൾ ഇപ്പോഴെനിക്ക്‌ തോന്നുകയാണ് എനിക്കെന്നെ എന്തുമാത്രം ഇഷ്ടമായിരുന്നു എന്നെയെന്ന്. ജീവിതം വഴിമാറി ഒഴുകാൻ തുടങ്ങിയപ്പൊ നഷ്ടമാവാൻ തുടങ്ങിയത് എനിക്കെന്നെ സന്തോഷിപ്പിക്കാനുണ്ടായിരുന്ന ഇത്തരം ചില മാർഗങ്ങൾ ആണ്. നഷ്ടപ്പെടലുകൾ എന്നും കണ്ണീരാണ്. എങ്കിലും അവ ഓർമ്മകൾ ആയി മാറുമ്പോൾ ആ കണ്ണീരിനും കല്കണ്ട മധുരാണ്.
 


26 comments:

  1. "എന്റെ ബടുക്കൂസ് വിചാരങ്ങളെ വാക്കുകളാക്കി കറുത്ത മഷിയുള്ള പേന കൊണ്ട് ഏറ്റവും ഭംഗിയുള്ള അക്ഷരങ്ങളായി കാലങ്ങൾക്കപ്പുറത്തേക്ക് വേണ്ടി സൂക്ഷിച്ചു വെക്കണം എന്നത് എല്ലാ ഡിസംബറിലും ഉണരുന്ന മോഹമാണ്.." എനിക്കും തോന്നാറുണ്ട് പക്ഷെ ഇതുവരെ സാധ്യായിട്ടില്ലാന്ന്‍ മാത്രം.

    ReplyDelete
    Replies
    1. അതിപ്പോ ന്റേം അവസ്ഥ അതന്നെ.

      Delete
  2. വായിക്കും തോറും നീളം കൂടിക്കൊണ്ടിരിക്കുന്ന പ്രിയമുള്ളൊരാളുടെ എഴുത്ത്>>>>>>>> ഇത് കൊള്ളാലോ, ഈ പ്രയോഗം!!

    ReplyDelete
  3. തിരക്കിനിടയിലും ഒളിമിന്നിയെത്തുന്ന ഓര്‍മ്മകള്‍ കല്ക്കണ്ട മധുരമാണ്.......
    ആശംസകള്‍

    ReplyDelete
  4. അതെ. തന്നെ ത്തന്നെയാണ് എല്ലാവർക്കും ഏറ്റവും ഇഷ്ട്ടം, ഏറ്റവും സ്നേഹം. പക്ഷെ ആശംസകൾ സ്വയം അയക്കുന്നത് ആ സ്നേഹം കൊണ്ടല്ല. ഇങ്ങോട്ടയക്കാൻ ആളില്ലാത്തത് കൊണ്ട്. ജീവിതത്തിൽ ആശ്വാസത്തിന് പലരും പല വഴികൾ തേടുന്നു. ഒരു കാർഡ് അയയ്ക്കാൻ മാർഗമില്ലാത്തതിനാൽ നേരിട്ട് ആശംസ നേരുന്നു.

    ReplyDelete
    Replies
    1. ഏയ്‌......അന്നെനിക്ക് ധാരാളം എഴുത്തുകളും കാർഡുകളും ഒക്കെ പ്രിയപ്പെട്ടവർ അയച്ചിരുന്നു കേട്ടോ.

      Delete
  5. നന്നായിട്ടോ.

    ReplyDelete
  6. ചില തിരിച്ചറിവുകൾ...
    ‘ജീവിതം വഴിമാറി ഒഴുകാൻ തുടങ്ങിയപ്പൊ
    നഷ്ടമാവാൻ തുടങ്ങിയത് എനിക്കെന്നെ സന്തോഷിപ്പിക്കാനുണ്ടായിരുന്ന
    ഇത്തരം ചില മാർഗങ്ങൾ ആണ്. നഷ്ടപ്പെടലുകൾ എന്നും കണ്ണീരാണ്.
    എങ്കിലും അവ ഓർമ്മകൾ ആയി മാറുമ്പോൾ ആ കണ്ണീരിനും കല്കണ്ട മധുരാണ്..!‘

    ReplyDelete
    Replies
    1. എന്റെ മാത്രം തോന്നലുകൾ.

      Delete
  7. "വായിക്കും തോറും നീളം കൂടിക്കൊണ്ടിരിക്കുന്ന പ്രിയമുള്ളൊരാളുടെ എഴുത്ത്" എന്നത് “പ്രിയമുള്ളൊരാളുടെ എഴുത്ത്... വായിക്കും തോറും നീളം കൂടിക്കൊണ്ടിരിക്കുന്ന എഴുത്ത്...” എന്നാക്കിയാ‍ാല്‍ മധുരം ഇനിയുമേറും ഉമാജീ...

    നാടിനെക്കുറിച്ച് ഓര്‍ത്ത് സ്വപ്നം കാണണമെന്ന് തോന്നുമ്പോള്‍ ഈ ബ്ലോഗില്‍ വന്നാല്‍ മതി.... ഇത്തിരി വാക്കുകള്‍ കൊണ്ട് ഗൃഹാതുരത്വത്തിന്റെ ഇന്ദ്രജാലം തീര്‍ക്കുന്നതിന് അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. അയ്യൊ....അത് ശരിയാണല്ലൊ.ഇപ്പൊ മൊബൈൽ ന്നാ.പിന്നെ ശരിയാക്കാട്ടൊ.എപ്പഴും വന്ന് നല്ലത് മാത്രം പറഞ്ഞു പോവുന്നതിനു സ്നേഹം.

      Delete
  8. ഒരുപാട് ഓര്‍മ്മകള്‍ വന്നെന്നെ തൊട്ടു..
    നന്നായി എഴുതി... അഭിനന്ദനങ്ങള്‍

    പുതുവത്സരാശംസകൾ

    ReplyDelete
    Replies
    1. New year wishes to you shahid.ഞാൻ ബ്ലോഗിൽ ഒന്നോടി പോയി നോക്കീരുന്നു.വിസ്തരിച്ച് നോക്കാൻ വരാട്ടൊ.

      Delete
  9. നന്നായി...

    പുതുവത്സരാശംസകള്‍!

    ReplyDelete
    Replies
    1. നന്ദി ശ്രീ.....പുത്യെ വർഷം ശ്രീക്കും നന്നാവട്ടെ.

      Delete
  10. ഓർമകളിപ്പോളെന്നെ താലോലിക്കാറില്ല. അവ നിരന്തരം ഹൃദയത്തിലേക്ക് അമ്പുകളെയ്യുന്നു.
    എങ്കിലും ചില ഓർമ്മകൾ വെലിക്കക്കരെ നിന്ന് ഇപ്പോഴും ചിരിക്കാറുണ്ട്.
    അത്തരം ഓർമകളുടെ ഒരു ഇളം കാറ്റ് വീശി, താങ്കളെ വായിച്ചപ്പോൾ..

    ഇനിയൊരു പുതുവത്സരം കൂടി ആശംസിക്കുന്നു..

    ReplyDelete
    Replies
    1. ആ ചിരി ഹൃദയത്തിൽ വെളിച്ചം നിറയ്ക്കട്ടെ.പുതുവൽസര ആശംസകൾ

      Delete
  11. ഇത്പ്പൊ ന്‍റേം സൂക്കേടിതു തന്നെയാണല്ലോ...!!!
    അങ്ങനെയൊരു ഡയറി എന്നെങ്കിലും എവിടെങ്കിലും കാണ്വാച്ചാ... വാങ്ങിത്തരാംട്ട്വോ....!!
    ഉമേച്ചിയെ സന്തോഷിപ്പിക്കാനല്ല. എന്‍റെയൊരു സന്തോഷത്തിന്.... :-P

    ReplyDelete
  12. .മേടിക്കുന്ന കാർഡുകളിൽ പകുതിയിലും എഴുതിയിരുന്ന മേൽവിലാസം എന്റെ തന്നെയായിരുന്നു. അത്രയും മനോഹരമായ ആശംസകൾ ഞാൻ എനിക്കായി നൽകിപ്പോന്നു.

    എനിയ്ക്കും.ഇനി മുതൽ അയച്ചേക്കേ ഉമേച്ചീ.

    ReplyDelete
  13. എത്ര പറഞ്ഞാലും മതിയാവാതെ ............ചില ഓർമ്മകൾ......
    ചില ഓർമ്മകൾ അങ്ങിനെയാണ്.മറക്കാൻ ശ്രമിക്കുന്തോറും ഹൃദയത്തിന്റെ വാതിലിൽ മുട്ടിവിളിക്കും...
    ആശംസകൾ കാർഡിന്റെ കൂട്ട്കാരിക്ക്....

    ReplyDelete