Tuesday, November 10, 2015

ചുമ്മാ.....ഒരു തട്ടിക്കൂട്ട് അത്രേള്ളു!!!!!

ത്ലാവർഷൊക്കെ കഴിഞ്ഞൂന്ന് തോന്നണു.രാവിലെ ഇപ്പൊ കൊറേ നേരത്തേക്ക് മഞ്ഞാണ്.മഞ്ഞു കാലം വന്നൂട്ടോന്നും പറഞ്ഞോണ്ട് അമ്പലമിറ്റത്തെ പാലമരങ്ങൾ ഒക്കേം പൂത്തു തുടങ്ങി.ഇന്നലെ നേരം വൈക്യോണ്ടും ഇന്ന് കോഴിക്കോട് പോകേണ്ടിയിരുന്നത്‌ കൊണ്ടും അമ്പലത്തിൽക്ക് രണ്ടു ദിവസായി പോവാൻ പറ്റീല്യ.പൂക്കൾ മുഴോനും വിരിഞ്ഞു കാണും.എനിക്കെന്തോരം ഇഷ്ടാന്നോ ഈ മണം.പാത്രം കഴുകാൻ വേണ്ടി വടുക്കോർത്ത് നിന്നപ്പോ മൂക്കിൽക്ക് വലിച്ചു കേറ്റി.അവടന്ന് പോരാനേ തോന്നീല്ല്യ.മഞ്ഞു കാലത്തിനെ കാത്തിരിക്കാൻ ന്നെ പ്രേരിപ്പിക്കണ പ്രധാന ഘടകം.നാളെ രാവിലെ അമ്പലത്തിൽക്ക് പോയി വരുമ്പോ ഒരു പിടി വാരിക്കൊണ്ട് വരണം. 

ഇന്ന് കോഴിക്കോട് പോണ വഴി ഇരുവശോം ഒരുപാട് പാലമരങ്ങൾ ഈ വിധത്തിൽ മനോഹരമായി നിന്നിരുന്നു.കാറിലിരുന്ന് എപ്പഴോ ഉറങ്ങിപ്പോയ ഞാൻ എണീറ്റപ്പോ കണ്ട കാഴ്ച്ച അതായിരുന്നു.ഗ്ലാസ്‌ താഴ്ത്താൻ അച്ചു സമ്മതിക്കാത്തോണ്ട് മണം മൂക്കിലോട്ട് കിട്ടീല്ലെങ്കിലും മനസ്സിൽ നിറഞ്ഞു. പാലമരങ്ങൾക്കിടയിൽ അവിടവിടെയായി പൂത്ത മുരിക്കു മരങ്ങളും പേരറിയാത്ത ഏതൊക്കെയോ മരങ്ങളെ കെട്ടിപ്പിടിച്ചോണ്ട്  നിക്കണ പൂത്ത പുല്ലാനി വള്ളികളും ഉണ്ടായിരുന്നു.പൂത്തൊ,പൂക്കളാൽ ചുറ്റപ്പെട്ടോ നിക്കണ മരങ്ങളെ കാണുമ്പോ തോന്നാറുണ്ട് യൌവനത്തിലെ സൌന്ദര്യം കൊണ്ട് ജ്വലിച്ചു നിക്കണ പെണ്‍കുട്ട്യോൾ ആണെന്ന്.എത്ര സന്തോഷത്തോടെയാന്നോ അവരുടെ നിൽപ്പ്.


പുല്ലാനി പൂക്കളെ കണ്ടപ്പോ ഞാനും ആ കാവ്യാ മാധവൻ ആയി."കാലി  മേയുന്ന പുല്ലാനി കാട്ടിൽ മുക്കാൽ ഇറക്കമുള്ള പാവാടേം നീണ്ട ബ്ളൌസും ഇട്ട കണ്ണിമാങ്ങ കടിച്ചോണ്ടു നടക്കണ ഒരു എട്ടാം ക്ലാസ്സ്‌കാരി.ആ പാട്ടും അത്രയധികം ഇഷ്ടമാണ്.പണ്ടൊക്കെ ഞാനത് നന്നായി പാടിയിരുന്നു എന്ന് അന്നു പലരും പറഞ്ഞിരുന്നു.അന്നൊക്കെ ഇറങ്ങുന്ന ഇറങ്ങുന്ന പാട്ടുകൾ കാണാണ്ട് പഠിക്കാൻ എന്തൊരു ഉത്സാഹായിരുന്നു.പവർ കട്ട് സമയത്ത് തന്നെയിരുന്നു പാടും. ചിലപ്പോ അന്താക്ഷരി കളിക്കും.ഞാൻ എപ്പഴും ജയിക്കുമായിരുന്നു.പാട്ടുകളുടെ എന്സൈക്ലോപീടിയ ആയിരുന്നു അന്നൊക്കെ ഞാൻ.അന്ന് പാട്ടെഴുതിയെടുത്തു കൂട്ടിയ ആ നോട്ടുബുക്കുകൾ ഒക്കെ ഇപ്പൊ വീണ്ടും കയ്യീ കിട്ടീരുന്നെങ്കിൽന്ന് ആലോചിച്ച് പിന്നീടെത്ര തവണ സങ്കടപ്പെട്ടിരിക്കുന്നു!!!!!!

ഇന്ന് കൊറേ നാളുകൾക്കു ശേഷം ഇവടൊരു മൈന വന്നു.എനിക്കത് വല്യേ സന്തോഷായി.പിന്നെ മിക്ക ദിവസോം സന്ധ്യ കഴിഞ്ഞാഒരു പ്രാപിടിയനെ കാണാറുണ്ട്.അതിന്റെ വല്യേ ചിറകുകൾ കാണുമ്പോ പേട്യാവും.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവടെ രണ്ടു കാക്കകൾ എന്നും വരും. ഇവടെവിടെയോ അവരൊരു കൂട് ണ്ടാക്കീണ്ടാവും.എന്നും രാവിലേം വൈന്നേരോം കൃത്യ സമയത്ത് വരും.മിക്ചർ ആണ് അവർക്കിഷ്ടം.എന്നും അത് കൊടുക്കും.ഈയിടെ അവർക്ക് കൊടുക്കാൻ വേണ്ടി മാത്രം അത് മേടിക്കും കടേന്ന്.അത് കഴിച്ചു പറന്നു പോവും.ഇവിടത്തെ മുത്തശ്ശനും,മുത്തശ്ശീം ആണെന്ന് പറയും എല്ലാരും.ഞാൻ ഓർത്തു.അങ്ങനെ വിചാരിച്ചിട്ടെങ്കിലും അതുങ്ങൾടെ വയറു നിറയ്ക്കണ പുണ്യം ഇവിടുള്ളോരെല്ലാം ചെയ്യുന്നുണ്ടല്ലോ,അത് കണ്ട് അച്ചൂനും കുഞ്ഞൂട്ടനും നാളെ അങ്ങനെ ചെയ്യുംലോ ന്ന്.അതൊരു സന്തോഷാണ്.

"കാടിനെ ചെന്ന് തൊടുമ്പോൾ" വായിച്ചേ പിന്നെ എന്റെ മനസ്സിൽ മരങ്ങളോടും മൃഗങ്ങളോടും പക്ഷികളോടും ഒക്കെ സ്നേഹം കൂടി.മനുഷ്യരേക്കാൾ നിഷ്കളങ്കരാണവർ, നല്ലവരും.ഒരിക്കൽ അച്ചൂനു മേടിച്ചു കൊടുക്കണം ആ പുസ്തകം.അതിൽ പറഞ്ഞ ഒരു കാര്യം പണ്ട് മുതലേ ഞാൻ ഓർക്കാറുണ്ട്. ഏതൊരു അമ്പലത്തിനേക്കാൾ,പള്ളിയേക്കാൾ വിശുദ്ധമാണ്‌ ഒരു കാടകം.സത്യമാണത്.കാടിനെ ഞാനും സ്വപ്നം കാണാറുണ്ട്.ഒരു കാടകം കാണാൻ എനിക്ക് മോഹവും ഉണ്ട്.പക്ഷെ അവിടേക്ക് കടന്നു ചെല്ലാൻ മാത്രം മനസ് അത്രമേൽ പവിത്രമായിരിക്കണം.എന്റെയുള്ളിലും എവിടെയൊക്കെയോ അല്പം കളങ്കമുണ്ട്.അതുകൊണ്ടെനിക്ക് പേടിയാണ്.
എന്നാലും ഞാൻ സ്വപ്നങ്ങളിൽ പോകും 
കാട്ടിലെ മഴ നനയാൻ,
മരങ്ങളിൽ നിറയുന്ന മിന്നാമിനുങ്ങുകളേം,
ആകാശത്ത് നിറയുന്ന നക്ഷത്രങ്ങളേം,
വെള്ളത്തിലെ അവരുടെ പ്രതിബിംബങ്ങൾക്കൊപ്പം കാണാൻ.....
മൃഗങ്ങളോടും,പക്ഷികളോടുമുള്ള മരങ്ങളുടെ സൗഹൃദം കാണാൻ.........
പച്ചയുടെ ഭംഗീം,മണോം ആസ്വദിക്കാൻ.......
കാറ്റ് കാടിന് വേണ്ടി മാത്രം ഉണ്ടാക്കുന്ന പാട്ട് കേക്കാൻ.........
അങ്ങനെയങ്ങനെ കാടിനെ അറിയാൻ.......

കുറച്ചു ദിവസം മുൻപ് ഇവടെ ആദ്യായി നിശാഗന്ധി വിരിഞ്ഞു.ഞാൻ ആദ്യായിട്ടാ കാണുന്നെ.കൊറേ ഫോട്ടോ എടുത്തു.ഒന്നൊഴികെ പിന്നൊന്നും നന്നായില്ല്യ.ഇപ്പൊ പഴേപോലെ....ഭംഗിയുള്ള,എനിക്ക് പ്രിയപ്പെട്ട ഫോട്ടോകൾ എടുക്കാൻ സാധിക്കുന്നേയില്ല്യ.നല്ല കാഴ്ചകളെ കാണാനുള്ള കഴിവും അത് ഫ്രെയിമിലാക്കാനുള്ള ശ്രമവും മനസും ഒക്കെ നഷ്ടപ്പെട്ട പോലെ..............അത് പോലെയാണ് പോസ്റ്റുകളുടെ കാര്യവും.ഇപ്പോഴിപ്പോൾ ബ്ളോഗ് തുറന്നു വെച്ച് സങ്കടപ്പെട്ട് ഇരിക്കും.ഏറ്റവും ശൂന്യമായ മനസോടെ പഴേ പോസ്റ്റുകൾ നോക്കി നെടുവീർപ്പിടും.ചിലതൊക്കെ വായിക്കുമ്പൊ എനിക്കന്നെ അതിശയാവും ഞാൻ തന്നെയാണോ ഇതൊക്കെ പടച്ചു വിട്ടേ.....ന്നോർത്ത്.അത്രേം കേമായോണ്ടൊന്നും അല്ല.അന്നേരത്തെ മാനസികാവസ്ഥ കൃത്യമായി ഞാൻ എഴുതീലോന്നോർത്ത്.മരിക്കണേനു മുന്നേ ഏറ്റവും ഭംഗിയുള്ളൊരു ഫോട്ടോയെടുക്കണം.ഏറ്റവും ഭംഗിയുള്ളൊരു പോസ്റ്റ്‌ എഴുതണം.ഒരിക്കലൊരു നാളിൽ സാധ്യമാവുമായിരിക്കും അതും.

വരണ മൂന്നാം ഞായറാഴ്ച്ച ഗുരുവായൂർ ഏകാദശിയാണ്‌. പിന്നത്തെ തൃപ്രയാർ,അത് കഴിഞ്ഞ് വലിയ താമസല്ല്യാതെ തിരുവാതിര വരും.പിന്നെ കല്യാണിക്കാവ് താലപ്പൊലി. ദിവസങ്ങൾ എന്ത് വേഗാണ് പോണത്.ന്റെ തലമുടി ഇപ്പൊ കൊറേ നരച്ചു.ന്നാലും നിന്നെയോർക്കുമ്പോ............... എനിക്ക് പ്രായം പതിനേഴാ!!!!!!

പറഞ്ഞു വന്നപ്പോ ഞാൻ ദേ വീണ്ടും പതിവ് വാക്കുകളിലേക്ക് വന്നെത്തി.ഉമക്കെന്നും പറയാൻ പതിവ് കാര്യങ്ങളെ ഉള്ളൂ എന്ന് പലരും എന്നെ കളിയാക്കിയിട്ടുണ്ട്.എന്നും മഴേം നിലാവും, അവനും പൂക്കളും കിളികളും ഇതൊക്കെയല്ലാതെ നിനക്ക് മറ്റു വല്ലതും എഴുതിക്കൂടെ?ഇല്ലെങ്കിൽ എഴുതാതിരുന്നു കൂടെ എന്ന് ഞാനും മറ്റുള്ളവരും എന്നോട് പല തവണ ചോദിച്ചിട്ടുണ്ട്.

എന്റെ ദിവസങ്ങളിൽ ഒന്നും പുതുതായി സംഭവിക്കുന്നില്ല. എനിക്ക് ചുറ്റിനും അങ്ങനെ തന്നെ.ഈ പതിവ് കാഴ്ച്ചകൾ തന്നെയാണ് ഇപ്പോഴെന്റെ സന്തോഷം.എന്റെ സന്തോഷങ്ങളെ കുറിച്ചല്ലാതെ പിന്നെ ഞാൻ എന്തെഴുതാൻ????? 
എനിക്കിഷ്ടമുള്ളതിലെല്ലാം നീയുണ്ട്.നിന്റെ ഓർമ്മകൾ ഉണ്ട്.
നിന്റെ സ്നേഹമുണ്ട്.പിന്നെ ഞാൻ എങ്ങനെ എന്റെ ചിന്തകളിൽ നിന്നും,വാക്കുകളിൽ നിന്നും,സ്വപ്നങ്ങളിൽ നിന്നുമെല്ലാം നിന്നെ ഒഴിവാക്കും.എന്നെത്തന്നെ പൂർണ്ണമാക്കുന്ന നിന്നെ കുറിച്ച്,നിന്നോടുള്ള നിനക്കെന്നോടുള്ള സ്നേഹത്തെ കുറിച്ച് പറയാനാകാതെ എനിക്കൊരു വരിയും മുഴുവനാക്കാനാവില്ല.എന്നിട്ടും പറഞ്ഞതിലും എത്രയോ കൂടുതൽ പറയാതെ എന്റെ അക്ഷരങ്ങളിൽ നിറഞ്ഞു നിൽക്കുന്നുവെന്നോ!!!!!!

ഇന്നത്തെ ഫേസ് ബുക്ക്‌ പോസ്റ്റിൽ അബ്ബാസ്ക്ക പറഞ്ഞത് എന്റെ കാര്യത്തിലും ശരിയാണ്."എന്നെ വായിച്ചു കൊണ്ടിരിക്കുന്നവർക്ക് എന്നെ മടുത്തു കാണും.അത് അവരുടെ കുറ്റമല്ല. എഴുത്തിൽ പുതുമ കൊണ്ട് വരാൻ കഴിയാത്തത് എന്റെ മാത്രം കുറ്റമാണ്.ഞാൻ എവിടുന്നു പുതുമ കൊണ്ട് വരും. ഇതെന്റെ പ്രൊഫഷൻ അല്ലല്ലോ".എനിക്കറിയുന്നത് ചുറ്റുമുള്ള എനിക്കിഷ്ടമുള്ള കാഴ്ച്ചകളെ  കുറിച്ച് പറയാൻ, നിന്നോടുള്ള എന്റെ സ്നേഹത്തെ എത്രയെന്ന് വാക്കുകളിൽ നിറയ്ക്കാൻ മാത്രമാണ്.എന്റെ ലോകം അത്രമാത്രം ചെറുതാണ്.എന്റെ അറിവ് അത്രമാത്രം ശുഷ്കവും.എങ്കിലും എന്റെ ഹൃദയത്തിൽ നന്മയുണ്ട്,സ്നേഹമുണ്ട്.

20 comments:

  1. 'തട്ടികൂട്ടില്ലാതെ' വെവ്വേറെ തരംതിരിച്ച് ക്രമത്തില്‍ പാകപ്പെടുത്തിയിരുന്നുവെങ്കില്‍ ആസ്വാദ്യകരമാകുമായിരുന്നു ഈ രചന.എഴുത്തിന് തിളക്കമേറുകയും.ചെയ്യുമായിരുന്നു.
    നല്ല ഭാഷാശൈലി.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇതന്നെ പടച്ച്ണ്ടാക്കാൻ പെട്ട പാട് എനിക്കെ അറിയൂ.ഇനീം ക്രമപ്പെടുത്തൽ ന്നെക്കൊണ്ട് വയ്യ.അടുത്ത പോസ്റ്റിൽ ശ്രദ്ധിക്കാം.നല്ല വാക്കിനു നന്ദി ട്ടൊ.

      Delete
  2. Chechiyude ezhuthukalkk eniyum chirakukal virichu kure doooram parakkkan und elllaaaa aaaasamsakalum ::::;!!!!!

    ReplyDelete
  3. എന്തൊക്കെ ആയാലും വായിക്കാൻ നല്ല രസോണ്ട്‌... നാട്ടുപാതകളിലൂടെ നടക്കുമ്പോഴുള്ള ആ സുഖം...

    ReplyDelete
    Replies
    1. വിനുവേട്ടൻ പറഞ്ഞാൽ നിയ്ക്ക് വിശ്വാസാ

      Delete
  4. വിനുവേട്ടന്റെ കമന്റിന് എന്റേം ഒരു ലൈക്ക്.
    ഇടക്കൽപ്പം ,,സംഭാരവും തണലും...
    ഉമയുടെ വരികൾ തരുന്നത് അതൊക്കെയാണ്‌.

    ReplyDelete
    Replies
    1. :) സംഭാരോം തണലും ഒക്കെ ഇഷ്ടപ്പെടുന്ന ചുരുക്കം ചിലരിൽ ഒരാളായ്‌ മാധവൻ ണ്ടായതിൽ വല്ല്യേ സന്തോഷം ട്ടോ.

      Delete
  5. വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പഴയ നാടന്‍ വഴികളിലൂടെ നടന്നു പോകുന്ന പോലെ തോന്നി.......
    ഇപ്പോള്‍ കുറച്ച് കാലമായി കാട്ടിലായതുകൊണ്ട്......
    പാലപ്പൂവിന്‍റെ മണവും മിന്നാമിനുങ്ങും കാട്ടിന്‍റെ കോലാഹലവും നിശബ്ദതയും നിത്യസംഭവങ്ങളായി.....
    നന്മകള്‍ നേരുന്നു.......

    ReplyDelete
  6. എഴുത്തിന്‍റെ രീതിയും സത്യസന്ധതയും എനിക്കും ഇഷ്ടമായി- ആശംസകള്‍ -വീണ്ടും വരാം

    ReplyDelete
  7. നല്ലൊരു വായനാസുഖം തന്നു. വളരെ ലളിതമായ അവതരണം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇതു വായിക്കുമ്പോള്‍ തന്നെ നാടിന്റെ ഒരു കുളിര് അനുഭവപെട്ടു.

    ReplyDelete
    Replies
    1. ആണൊ?????സന്തോഷായി.

      Delete
  8. ഉമേച്ചി എന്തെഴുതിയാലും വായിയ്ക്കാന്‍ നിക്കിഷ്ടാ... ഒരിക്കലും മനസ്സിനെ അസ്വസ്ഥമാക്കാത്ത, ചുണ്ടിന്‍റെ കോണില്‍ ഒരു പുഞ്ചിരി വിരിയിക്കുന്ന, ഒരിടവഴിയിലൂടെ അലസം നടക്കുന്ന സുഖം തരുന്ന വരികള്‍...

    ReplyDelete