Friday, September 11, 2015

ഇന്നെന്നെ കരയിപ്പിച്ചു ഈ ചിത്രങ്ങൾ

വഴിയുടെ തുടക്കം ദാ ഇവിടെ നിന്നാണ്.ഇരു വശവും വീട്‌കളില്ലായിരുന്നു.വലതുവശത്തൊരു വീട് കാണുന്നില്ലേ?അതിനിരുവശവും കാവുകളായിരുന്നു.അതിലൊരു കാവിൽ നിറയെ മഞ്ചാടി പെയ്യിക്കുന്നൊരു മരമുണ്ടായിരുന്നു.അതീന്നാണ് ന്റെ മഞ്ചാടിക്കൂട്ടം മുക്കാലും.അതിനും കുറച്ചു മുന്നിലേക്ക് വഴിയുടെ അടുത്തായി കരിമ്പച്ച മാങ്ങോണ്ട് ചമ്മന്തി അരച്ചാൽ അന്ന് വെച്ച ചോറ് മുഴോനും ഞാൻ കഴിക്കുംന്ന് എന്നും ന്നെക്കൊണ്ട് പറയിക്കാൻ മാത്രം എപ്പോഴും ആർത്തി നിറയ്ക്കുന്ന,നല്ലോം പഴുക്കുമ്പോ തൊലിക്ക് ചോപ്പ് നിറോം ഉള്ളിൽ നിറയെ പുഴൂം വരണ മാങ്ങ ണ്ടാവണ മാവ് നിന്നിരുന്നു.അത് കഴിഞ്ഞുള്ള വശങ്ങളിൽ നിറയെ ബുഷ്‌ ചെടി നിന്നിരുന്നു.കൃത്യമായി വെട്ടാതെ അവ കാട് പിടിച്ചു നിക്കുന്നത് ഇവടെ മാത്രമാണെന്ന് ഞാൻ വിചാരിച്ചിരുന്നു.ഒളിച്ചു കളിക്കുമ്പോൾ അതിനു പിന്നിൽ പോയിരിക്കുമായിരുന്നു.ഏതോ കാലത്ത് അത് നിറയെ നല്ല കുങ്കുമ നിറമുള്ള കടുകോളം വലുപ്പമുള്ള പൂക്കൾ കൊണ്ട് നിറയുമായിരുന്നു.ചില രാത്രികളിൽ വഴിക്ക് അതിന്റെ മണമായിരുന്നു.ബുഷ്‌ കഴിഞ്ഞാൽ പിന്നെ നിന്നിരുന്നത് മൈലാഞ്ചി മരങ്ങൾ.............മഴ ബാക്കി വെച്ചത് നനയാൻ വേണ്ടി ഞാനോടി ചെന്നിരുന്നത് ഈ മൈലാഞ്ചി മരത്തിനു ചോട്ടിലായിരുന്നു.അതിലെ കുഞ്ഞു കായ്മണികളിൽ വീഴുമോന്നു പേടിച്ചു പറ്റിപ്പിടിച്ചു നിക്കണ മഴത്തുള്ളികളെ കാണുമ്പോ ഞാൻ വാത്സല്യത്തോടെ നോക്കി ചിരിക്കുമായിരുന്നു.കുറുമ്പോടെ ന്റെ മുഖത്തേക്ക് വീഴിക്കുമായിരുന്നു.കൈ ചോപ്പിക്കാൻ തോന്നുമ്പോ ഓടിച്ചെന്നു ഒരു പിടി പറിച്ചോണ്ട് വരും.ഇലയും,പ്ലാവില ഞെട്ടും,തേയില മട്ടും ഒക്കെക്കൂടി അരച്ച് വരുമ്പോഴേക്കും ഉള്ളം കൈ രണ്ടും ചോന്നിരിക്കും.അന്നൊക്കെ പല ഡിസൈൻ വേണം ന്നായിരുന്നു മോഹം.പക്ഷെ ഇപ്പൊ കൈ നിറച്ചും പൊത്തണം.ന്നിട്ട് ചുരുട്ടി മടക്കി പിടിച്ചിരിക്കണം.അന്നേരം രാത്രി ചോറ് വായിൽ തരാൻ അച്ഛമ്മ വേണം.കൈ കഴുകാതെ അങ്ങനെ മടക്കിപ്പിടിച്ച് ഉറങ്ങണം.വെളുപ്പിനെ എണീറ്റ് പാതിയുമടർന്നു പോയ മൈലാഞ്ചി മുഴോണ്‍ കഴുകി വൃത്തിയാക്കി പച്ച വെളിച്ചെണ്ണ തേച്ച് സൂര്യനെ കാണിക്കണം.ന്നിട്ട് മൂക്ക് വിടർത്തി മണത്തു നോക്കണം.ഹോ..............ത്ര നിഷ്കളങ്കമായ മണം.......!!!!!!!!!  


വഴിയുടെ അവസാനം ദേ ഇവിടെയാണ്‌.ഈ പുളി മരം മുതൽ മുറ്റമാണ്.വേനലിൽ പൂത്ത് കായ്ക്കാൻ മറന്ന മഞ്ഞ പുളിപ്പൂവുകൾ ഇടവപ്പാതികളിൽ ഒലിച്ചെത്തി നിറം മാറി ഈ മുറ്റത്ത് അടിഞ്ഞു കൂടുമായിരുന്നു.അപ്പഴേക്കും മുറ്റം മുഴുവനും പുല്ലു നിറയും.അരികൊപ്പിച്ച് ഈ ചീഞ്ഞ പൂക്കളും അടിഞ്ഞു കൂടും.വഴിയവസാനിക്കുന്നയീ ഇടത്തേയറ്റത്ത് പണ്ട് നിറയെ കുടമുല്ല പൂക്കുമായിരുന്നു.അതിനപ്പുറത്ത് ഒരു പാരിജാതവും ഉണ്ട്.രാത്രിയാണ് ഈ കുടമുല്ല മുഴോനും വിരിയുക.അത് മുഴോനും പൊട്ടിച്ചോണ്ടു വന്ന് കോർത്ത് മാലയാക്കി ചിലപ്പോൾ തളത്തിലെ ഗുരുവായൂരപ്പന്റെ ഫോട്ടോലോ,അല്ലെങ്കിൽ എന്റെ തലയിലോ വെക്കുമായിരുന്നു.ഈ മുറ്റത്തൂടെ ഇവിടം മുതൽ ദാ അങ്ങേയറ്റം വരെ നടക്കാറുണ്ട് രാത്രികളിൽ ചിലപ്പോഴൊക്കെ.നിലാവുള്ള രാത്രികളിൽ,തേവര് പറയെടുക്കാൻ വരണ രാത്രികളിലും ആ നടത്തം മനോഹരമായ ഒരനുഭവമാവാറുണ്ട്.രാത്രി എന്റെ പ്രിയ സുഹൃത്താണ്.പകലിനെക്കാൾ എനിക്കിഷ്ടം,എന്റെ സ്വകാര്യങ്ങളുടെ പങ്കു പറ്റുന്നത്,എന്റെ കണ്ണീരുകളെ ഉമ്മ വെച്ചൊപ്പിയെടുക്കുന്നത്,എന്റെ പ്രണയത്തെ എന്നെക്കാൾ അറിയുന്നത് എല്ലാം രാത്രിയാണ്.അതുപോലെയാണ് ഈ മുറ്റത്തിനും രാത്രി എന്ന് തോന്നാറുണ്ട് ചിലപ്പോ.എല്ലാരും ഉറങ്ങിക്കഴിയുമ്പോ ഇവർ തമ്മിൽ സംസാരിക്കുന്നുണ്ടാകും. എന്നെപ്പോലെ........


ഇനിയുമുണ്ട് ഏറെ പറയാനായി........മഴയൊഴുകി വന്നിരുന്ന ഈ വഴിയെ കുറിച്ച്..........മിഴിയൊഴുകിയൊഴുകി മനസൊരു കണ്ണീർ പുഴയാക്കിയ പഴയ എന്നെ കാണാൻ തോന്നുമ്പോഴൊക്കെയും ഞാൻ നടക്കാറുണ്ട് ഈ വഴിയിലൂടെ.......തീർത്തും തനിച്ചായി..........!!!!


വഴിയവസാനിക്കുന്നത് ഇവിടെയാണ്‌.ഈ മുറ്റത്ത്.ഈ ഇറയത്ത്‌.ഈ തൂണുകൾ പറയും ഞാൻ പറഞ്ഞ സ്വകാര്യങ്ങളെ......ആ ജനാലക്കമ്പികൾ പറയും എന്റെ ഉള്ളിലെ സ്വപ്നങ്ങളെ,ആ അകത്തളങ്ങൾ പറയും ന്റെ കണ്ണീരിന്റെ ചൂട് അവയെ പൊള്ളിച്ചതെങ്ങനെയെന്ന്. ന്റെ നിഷ്കളങ്കതക്കെത്ര ചന്തമായിരുന്നുവെന്ന്!!!!!!!!!!!!!!ഈ ഇറയത്തിരുന്നു കണ്ട മഴഭംഗി ഇനിയെവിടെയും എനിക്ക് കാണാൻ കിട്ടുമെന്ന് തോന്നുന്നില്ല.ഇവിടെയിരുന്നു നെയ്തു കൂട്ടിയ നിറമുള്ള സ്വപ്നങ്ങളെ പിന്നീടൊരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല.

പക്ഷെ ഇവിടെ ജീവിച്ച ആ ഞാനേയല്ല ഇപ്പൊ ഈ ഞാൻ...........!!!!!ഒരിക്കൽ ഈ ചിത്രങ്ങളിലെ നിഷ്കളങ്കതയും,വിശുദ്ധിയും ഇതുപോലെ ഉണ്ടായിരുന്ന എന്റെയാ മനസ്സിനെ ഞാനിവിടെയെവിടെയോ മറന്നു വെച്ചിട്ടുണ്ട്. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ഇടയ്ക്ക് വെറുതെ തപ്പി നോക്കാൻ വേണ്ടി ഞാൻ സൂക്ഷിക്കുകയാണീ ചിത്രങ്ങളെ!!!!!!!!!!!


നോക്കിയിരിക്കും തോറും ന്നെ സങ്കടപ്പെടുത്തുന്നു ഇന്നീ ചിത്രങ്ങൾ.എങ്കിലും നോട്ടം മാറ്റാനാവാതെ ഞാൻ.............എന്തൊക്കെയോ നഷ്ടപ്പെട്ടു.അതൊക്കെയും അത്രയധികം വിലപ്പെട്ടതായിരുന്നു.

37 comments:

  1. ഉമാ..
    നന്നായിട്ടുണ്ടെടോ..
    വയിക്കുകയല്ല ആ വഴിയിലൂടെ ഒക്കെ ഞാനും നടക്കാരുന്നു.
    ഇനീം വന്നോട്ടെ ചിത്രങ്ങളും , വിശേഷങ്ങളും.

    ReplyDelete
    Replies
    1. നല്ലതാന്നു പറയണ കേക്കുമ്പോ സന്തോഷണ്ട് സമ്യെ . നല്ല രസല്ല്യെ വഴീ കൂടെങ്ങനെ നടക്കാൻ??????????

      Delete
  2. ഉമയെ കൊതിപ്പിക്കുന്ന നാട്ടുവഴികളുടെ മാസ്മരീകത നമ്മളേയും കൊതിപ്പിക്കുന്നു.... ഉമയുടെ പ്രത്യേകതയാണ് ചിത്രങ്ങളെ കൊണ്ട് സംസാരിപ്പിച്ച് മനോഹരമായ വാക്കുകള്‍ കൊണ്ട് വര്‍ണ്ണവിസ്മയമൊരുക്കുന്ന അടിക്കുറിപ്പെഴുതുക എന്നത്......നന്മകള്‍ നേരുന്നു......

    ReplyDelete
    Replies
    1. ചിത്രങ്ങൾക്ക് അടിക്കുറിപ്പെഴുതാൻ ഞാനെത്ര മോശാണ് ന്നാ എനിക്കെന്നും തോന്നാറ്.ഞാനെടുക്കുന്ന ചിത്രങ്ങളെ കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മതിയാവുന്നില്ലെന്നത് വേറെ കാര്യം.നല്ലതെന്നും,ഇഷ്ടമായെന്നും പറഞ്ഞുള്ള ഈ ആശംസക്ക് പകരം സ്നേഹവും,നന്ദിയും .

      Delete
  3. മടങ്ങിവരാത്ത കാലങ്ങള്‍!!

    ReplyDelete
    Replies
    1. അതെ.മടങ്ങി വരില്ലെന്ന തിരിച്ചറിവാണ് ഇത്രമേൽ പ്രിയമാക്കുന്നത്.

      Delete
  4. കുട്ടിക്കാലത്തേക്ക് തിരിച്ചു നടത്തിയ എഴുത്തും ചിത്രങ്ങളും. നഷ്ടങ്ങളുടെ പട്ടികയിലെ ബാക്കി പത്രം

    ReplyDelete
  5. ചിത്രങ്ങള്‍ കഥ പറയുന്നു!!
    ആശംസകള്‍

    ReplyDelete
  6. ഹൊ...!!! എന്നെയങ്ങ് കൊല്ല്... അല്ല പിന്നെ....

    മനുഷ്യനെ ഗൃഹാതുത്വമടിപ്പിച്ച് ഇങ്ങനെ സെന്റിയാക്കാൻ പാടുണ്ടോ...?

    ReplyDelete
    Replies
    1. പിന്നല്ലാതെ......ഞാനിനീം കൊല്ലും.

      Delete
  7. ഉമേയ് വീണപൂവിൽ  എനിക്കേറ്റവും  പ്രിയപെട്ടത്‌..ഇത്‌ന്ന്യാ ട്ടാ....
    എല്ലാരും പൊയ്പ്പോകും മറന്നു പോന്ന പിൻവഴികളിലേക്ക്‌..,,
    ചാരിയിരുന്നേക്കും
    സങ്കടം പറഞ്ഞു തീർത്ത മുഷിഞ്ഞ ഉമ്മറത്തൂ  ണുകളിലേക്ക്‌.

    ReplyDelete
    Replies
    1. സന്തോഷം മാധവാ ഇതിഷ്ടായി ന്നു പറഞ്ഞതിന്.
      മാധവനും അങ്ങനൊന്നു പോയോ???????
      ഒരു യാത്ര.

      Delete
  8. ഈ വഴിയിലൂടെ ഞാനും നടന്ന് നടന്ന് പോയി ഉമേ.... തിരിച്ചു വരാനെ തോന്നണില്യ.. :(

    ReplyDelete
    Replies
    1. തിരിച്ചു വരണം മുബിത്താ.
      ന്നാലല്ലേ ഇനീം ഇനീം പോവാൻ പറ്റൂ.
      അല്ലെ?

      Delete
  9. Replies
    1. manjith ഇവിടെയോ?????????
      ഇത് അതിശയായീലോ!!!!!!!!!!!!
      thanks dear

      Delete
  10. ഈ വഴിയിലൂടൊക്കെ പണ്ടു ഞാനും നിഷ്ക്കളങ്കമായി നടന്നിട്ടില്ലേ...!?

    ReplyDelete
  11. പിന്നില്ലേ!!!!!!

    ReplyDelete
  12. thurumbu pidikkaathe sookshicha ormakalude manam.....

    ReplyDelete
    Replies
    1. നല്ല മണാണോ ചേച്ചി?

      Delete
  13. അതെ ആ വഴിയിൽ നഷ്ട്ട വസന്തത്തിന്റെ ദുഃഖം പേറിയ മനസ്സുമായി നിൽക്കുക മാത്രമാണ് വിധി. നമ്മുടെ മക്കൾക്ക്‌ ഓർക്കാൻ ഇത്തരം എന്തെങ്കിലും കാഴ്ചകൾ, അനുഭവങ്ങൾ നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? അതോ ചോട്ടാ ഭീമും മറ്റും മാത്രമായിരിക്കുമോ അവരുടെ ഗത കാല സ്മരണകൾ? എഴുത്ത് നന്നായി.

    ReplyDelete
    Replies
    1. ഞാനെപ്പഴും ഓർത്ത് സങ്കടപ്പെടുന്ന ഒരു കാര്യാണത്.
      നന്നായെന്നു പറഞ്ഞതിൽ സന്തോഷം.

      Delete
  14. നല്ല നാട്.. നല്ല കാഴ്ച്ചകള്‍..അതിലും നല്ല വാക്കുകള്‍

    ReplyDelete
    Replies
    1. നല്ല അഭിപ്രായവും.

      Delete
  15. രാത്രി എന്റെ പ്രിയ സുഹൃത്താണ്.
    പകലിനെക്കാൾ എനിക്കിഷ്ടം,എന്റെ
    സ്വകാര്യങ്ങളുടെ പങ്കു പറ്റുന്നത്,എന്റെ കണ്ണീരുകളെ
    ഉമ്മ വെച്ചൊപ്പിയെടുക്കുന്നത്,എന്റെ പ്രണയത്തെ എന്നെക്കാൾ
    അറിയുന്നത് എല്ലാം രാത്രിയാണ്.അതുപോലെയാണ് ഈ മുറ്റത്തിനും
    രാത്രി എന്ന് തോന്നാറുണ്ട് ചിലപ്പോ.എല്ലാരും ഉറങ്ങിക്കഴിയുമ്പോ ഇവർ
    തമ്മിൽ സംസാരിക്കുന്നുണ്ടാകും. എന്നെപ്പോലെ......‘

    ഹായ് എത്ര സുന്ദരമീവർകൾ...

    ReplyDelete
    Replies
    1. ബഷീർ തലശ്ശേരിOctober 17, 2015 at 1:58 PM

      ഹൃദ്യാവിഷ്കാരം....ഉമക്ക്...അഭിനന്ദനങ്ങൾ..

      Delete
    2. അഭിനന്ദനങ്ങൾക്ക് നന്ദി :)

      Delete
  16. ബാല്യം കൊതിപ്പിക്കാത ജന്മങ്ങള്‍ ഭൂമിയിലുണ്ടോ. എഴുത്ത് ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. ഇല്ല തന്നെ. ഇഷ്ടപ്പെട്ടെന്നു പറഞ്ഞു കേട്ടതിൽ സന്തോഷം :)

      Delete
  17. ഓർമ്മകളിൽ ഭംഗി ചോരാതെ ഇരിക്കട്ടെ എന്നും..

    ReplyDelete
    Replies
    1. അങ്ങനെ തന്നെയാവട്ടെ.

      Delete
  18. പക്ഷെ ഇവിടെ ജീവിച്ച ആ ഞാനേയല്ല ഇപ്പൊ ഈ ഞാൻ...........!!!!!ഒരിക്കൽ ഈ ചിത്രങ്ങളിലെ നിഷ്കളങ്കതയും,വിശുദ്ധിയും ഇതുപോലെ ഉണ്ടായിരുന്ന എന്റെയാ മനസ്സിനെ ഞാനിവിടെയെവിടെയോ മറന്നു വെച്ചിട്ടുണ്ട്. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ഇടയ്ക്ക് വെറുതെ തപ്പി നോക്കാൻ വേണ്ടി ഞാൻ സൂക്ഷിക്കുകയാണീ ചിത്രങ്ങളെ!!!!!!!!!!!

    ല്ലാരും... ങ്ങനെയൊക്കെ തന്ന്യാല്ലേ.... :-( :-( :-(

    ReplyDelete
  19. ഹൃദ്യമായ ശൈലി പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല

    മധുരവും വേദനയും നിറഞ്ഞ ബാല്യകാല ഓർമകളിലേക്ക് കൊണ്ടുപോയതിന് നന്ദി

    ReplyDelete