Sunday, June 28, 2015

പൂമ്പാറ്റ മോഹം

ഇന്നലെ വെളുപ്പിന് അമ്പലത്തിലേക്ക് വേണ്ടി ഇറങ്ങിയപ്പോഴാണ് നേരെ മുന്നിലെ മാവിൻ കൊമ്പുകൾക്കിടയിലൂടെ നിലാവിനെ കണ്ടത്.
പെട്ടെന്നെന്തോ...............ഒരു മോഹമുദിച്ചു .
ഒരു പൂമ്പാറ്റെ കാണണംന്ന്.
ചിറകിനറ്റം തിളക്കമുള്ള മഞ്ഞ നിറത്തിലുള്ള ഒരു പൂമ്പാറ്റ.
പിന്നെ തോന്നി ഒന്ന് പോര കൊറേ വേണംന്ന്.
ഒക്കെത്തിനേം ഒരു ചില്ല് കുപ്പീല് എട്ത്ത് വെക്കണം.
ആരെങ്കിലും കണ്ടാലും ജീവിനില്ലാത്തതാന്നു വിചാരിക്കണം.
രാത്രി എല്ലാരും ഉറങ്ങിക്കഴിയുമ്പോൾ ഞാനാ കുപ്പി തുറക്കും.
അപ്പൊ എനിക്ക് ചുറ്റും നിറച്ചും തിളങ്ങുന്ന മഞ്ഞ പൂമ്പാറ്റകൾ പാറി പറക്കും.
എന്നോടൊത്തിരി സംസാരിക്കും.
കാട്ടിൽ കണ്ട വനദേവതയുടെ ഭംഗിയെ കുറിച്ച് പറഞ്ഞു മോഹിപ്പിക്കും.
ഞാനിന്നേവരെ കണ്ടിട്ടില്ലാത്ത,
മണത്തിട്ടില്ലാത്ത കാട്ടുപൂവിന്റെ തേനിന്റെ സ്വാദ് പറഞ്ഞു കൊതിപ്പിക്കും.
നിലാവ് നിറഞ്ഞൊരു രാവിൽ,
കാട്ടിലെ പാറയിടുക്കിലെ വള്ളിപ്പുല്ലിൽ വിശ്രമിക്കാനിരുന്നപ്പോൾ കേട്ട,
കാറ്റിന്റെ താരാട്ടു മൂളലിൽ
നിറഞ്ഞ വാത്സല്യത്തിന്റെ അമ്മമണം
കാതിനരികിൽ വന്നു മൂളിയും,
കവിളിൽ ഉമ്മ വെച്ചും പകർന്നു തരും.
ഒടുക്കം ഞാൻ അവർക്കൊപ്പം കാട്ടിൽ ചെന്ന് വനദേവതയെ കണ്ട് ന്നേം പൂമ്പാറ്റയാക്കാൻ പറയും.
ഹോ............എന്നിട്ട് വേണം എനിക്ക് ഒരു പ്രാരാബ്ധോം,ടെൻഷനും ഇല്ലാതെ
വെയിലും മഴേം മഞ്ഞും നിലാവും അമാവാസീം
ഒക്കേം കണ്ട് കാട്ടിലിങ്ങനെ കൊറേക്കാലം സുഖായി ജീവിക്കാൻ.


10 comments:

  1. നല്ല ആഗ്രഹം.ഇഷ്ടമായി!!!

    ReplyDelete
  2. അതു വേണ്ട നമ്മുടെ ബ്ലോഗൊക്കെ വായിച്ച് ഒരു പരുവമായിട്ട് പോയാൽ മതി...... അഥവാ ഗ്യാപ്പു പിടിച്ച് പോയി വനദേവതയെ കണ്ടാൽ ഫോൺ നമ്പറു വാങ്ങണേ..... സൗകര്യം പോലെ നമുക്കും വരം വാങ്ങാമല്ലോ.......

    ReplyDelete
  3. പൂമ്പാറ്റയെ കുപ്പികളില്‍ അടച്ചുവയ്ക്കരുത്!!!!!!!!!!

    ReplyDelete
  4. മനസ്സിൽ ഒരു പൂമ്പാറ്റ പറന്ന് തുടങ്ങിയപ്പോഴേക്കും ഠിം!!
    ആകസ്‌മികമായ സമാപ്‌തി.

    ReplyDelete
  5. ബാക്കി ഒക്കെ ഇഷ്ടപ്പെട്ടു ഉമേ 
    പക്ഷെ ചില്ലുകുപ്പീൽ അടക്കണ്ടാ

    ReplyDelete
  6. പറന്ന്പറന്ന്.....
    നന്നായി
    ആശംസകള്‍

    ReplyDelete
  7. യ്യോ.......
    ഒരു കാട്ടുപൂഞ്ചോലയ്ക്കരികില്‍ അതിന്‍റെ രാഗവും താളവും പല്ലവിയും കേട്ട് കിളികളുടെ കളകൂജനവും കേട്ട് ഇളവെയിലും നിലാവും മഴയും കൊണ്ട് ജീവിക്കാനുള്ള എന്‍റെ മോഹം പോലെ.......
    അപ്പൊ.. ഉമേച്ചീ.... നമ്മക്കവിടെ വച്ച് കാണാട്ടോ......!!!
    പിന്നേയ്... ചിറകു മുളച്ചതിനു ശേഷം വന്നാമതീട്ടോ.... പുഴുക്കളെ കാണാൻ യ്ക്കിഷ്ടല്ല്യാ.... :-)

    ReplyDelete
  8. "കാട്ടിലെ പാറയിടുക്കിലെ വള്ളിപ്പുല്ലിൽ വിശ്രമിക്കാനിരുന്നപ്പോൾ കേട്ട,
    കാറ്റിന്റെ താരാട്ടു മൂളലിൽ
    നിറഞ്ഞ വാത്സല്യത്തിന്റെ അമ്മമണം"

    ആശംസകളോടെ..

    ReplyDelete
  9. എന്നിട്ട് വേണം എനിക്ക് ഒരു പ്രാരാബ്ധോം,ടെൻഷനും ഇല്ലാതെ
    വെയിലും മഴേം മഞ്ഞും നിലാവും അമാവാസീം
    ഒക്കേം കണ്ട് കാട്ടിലിങ്ങനെ കൊറേക്കാലം സുഖായി ജീവിക്കാൻ.‘

    ഇന്നൊക്കെ കാട്ടിലും ഉണ്ട് കേട്ടൊ പൂമ്പാറ്റ പിടിയന്മാർ...!

    ReplyDelete