Sunday, September 9, 2012

അങ്ങനെ............. ഒടുവില്‍ കണ്ണൂര്‍ക്ക്‌ പോയി!!!!!!!!

കാത്തു കാത്തൊരു യാത്ര .
അതായിരുന്നു കണ്ണൂര്‍ക്കുള്ള യാത്ര.
മൂകാംബിക്ക് പോണ വഴി കണ്ണൂര് കണ്ട്ണ്ട് എന്നല്ലാതെ അവിടെ പോയതേയില്ല.
രമ്യെടെ വേളിയ്ക്കും, കൊച്ചിന്റെ ചോറൂണിനും പോവാന്‍ കഴിഞ്ഞില്ല.
വീടിന്‍റെ കുറ്റൂശയ്ക്ക്(ഇവിടത്തെ ഭാഷയാണ് അത് .എന്ന് വെച്ചാല്‍ ഗൃഹപ്രവേശം.) വിളിച്ചപ്പോഴാണ് അത് നടന്നെ.
പോയി.

പണ്ട് ഡ്രൈവിംഗ് പഠിക്കാന്‍ പോയപ്പോ ഓര്‍ത്തിരുന്നു എന്നെങ്കിലും അവള്‍ടെ ഇല്ലത്തേക്ക് ഓടിച്ചു പോവുന്നത്.
നിലവില്‍ അതാണ്‌ ലോങ്ങ്‌ ഡ്രൈവ്.
അത് നടന്നില്ല.
(ആ കഥ അറിഞ്ഞില്യാലോ ആരും????കഷ്ടായിപ്പോയി.
"വേദ" വന്നപ്പോ ഒരു മോഹം അതോടിക്കാന്‍.
പോയി ചേര്‍ന്ന് ഒപ്പിച്ചു.
ലൈസെന്‍സ് കിട്ടാന്‍ വേണ്ടി മാത്രം പഠിച്ചു.
വീട്ടില്‍ കാര്‍ ഒതുക്കിയിടാന്‍ കുറച്ചു പാടാണ്.
കാരണം മുറ്റത്ത് നടുക്ക് ഒരു തുളസി തറയുണ്ട്.
അത് കാരണം തിരിക്കാന്‍ വല്യ പാടാ.
ടെസ്റ്റ്‌ന്‍റെ തലേന്ന് വേദേടെ മേലൊന്നു പ്രയോഗിച്ചു.
അതങ്ങട്(ആ തുളസി തറ ) പൊളിച്ചു കൊടുത്ത് സഹായിച്ചു.
ഇപ്പൊ സുഖായി ഒതുക്കാം.
അതോടെ ഡ്രൈവിംഗ് എന്ന സ്വപ്നത്തിന് തീരുമാനായി.
ഇതാണ് കഥ.)

രാവിലെ ഇറങ്ങാന്‍ നേരം പെരുമഴ.
നാലുമണിക്ക് പോണംന്നൊക്കെ തീരുമാനിച്ചത് ആ മഴ കൊണ്ടോയി.
...ന്നാലും ഒരു അഞ്ചര ഒക്കെ ആയപ്പഴേക്കും ഇറങ്ങി.
കേറിയ പാടെ ഉറക്കം തുടങ്ങി ഈ ഞാന്‍..
..ന്നാലും കുറ്റിപ്പുറം പാലം എത്തിയാല്‍ കൃത്യം ഞാന്‍ ഉണരും.
അതെങ്ങനെ????
ഇനി നിളയിലുറങ്ങുന്ന ആത്മാക്കള്‍ ആണോ ന്നെ വിളിക്കുന്നെ????
നിളയെ കണ്ണെത്തുവോളം നോക്കും.
ആ വെളുപ്പാന്‍ കാലം നിളയെ അതി മനോഹരിയാക്കിയിരുന്നു.
മഞ്ഞും,മഴയും,നേര്‍ത്ത പ്രകൃതി വെളിച്ചവും,വെള്ളത്തിന്‍റെ നേര്‍ത്ത തിളക്കവും,ഒക്കെ കൂടി നിളയെന്ന സുന്ദരി.
നിളയിലെ തുരുത്തുകള്‍ കണ്ടപ്പോള്‍ അതിനു മുന്‍പു മറ്റൊരു പുഴവക്കത്തു നിന്ന് കണ്ട തുരുത്തുകളെ ഓര്‍മ്മ വന്നു.
അവന്‍റെ തോളില്‍ ചാരി കണ്ട.................
രാവിലെ തന്നെ ദാ അവന്‍ വന്നു ചിന്തകളില്‍..

പിന്നെ കോഴിക്കോട് എത്തിയപ്പഴാ അച്ചൂം ഞാനും ഉണര്‍ന്നെ.
സുഖായി ഉറങ്ങി.
എസീം പാട്ടും ആയാല്‍ ഏതു മനുഷ്യനാ ഉറങ്ങിപോവാത്തെ?
ആദ്യായാ കോഴിക്കോട്ടെ തളി അമ്പലം കാണുന്നെ.
കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള കോഴിക്കോട് യാത്ര ഇപ്പൊ അവിടം എനിക്കൊരുപാട് പ്രിയമാക്കിയിരിക്കുന്നു.
പണ്ട് ഒട്ടും ഇഷ്ടല്യാത്ത സ്ഥലായിരുന്നു.

ആദ്യായി കാണുന്ന അമ്പലത്തില്‍ പ്രാര്‍ത്ഥന ഒന്നും നടക്കില്ല.
ചുറ്റും കാണാത്ത കാഴ്ചകള്‍ അല്ലെ???
അപ്പൊ എങ്ങനെയാ പ്രാര്‍ഥിക്ക്യാ!!!!!!!
ഞാന്‍ ഒരു മാത്ര പോലും കണ്ണടച്ചില്ല.
ഒന്നും മിസ്സ്‌ ആവരുതല്ലോ!!!!
വല്യഅമ്പലം.
എല്ലായിടത്തും ഒറ്റ മാല മാത്രം.
താമരയിതള്‍ ഒരേ നിരയില്‍ കെട്ടിയ ഒരു വല്യ മാല.
നല്ല ഭംഗിയുണ്ട്.
പെരുവനത്തെ അമ്പലം പോലെ തോന്നി ഈ അമ്പലോം.
പ്രദക്ഷിണ വരിയ്ക്കടുത്ത് ഒരു കുഞ്ഞു മുരിങ്ങ മരം നിന്നിരുന്നു.
മുറ്റം മുഴോനും കുഞ്ഞു കുഞ്ഞു തുമ്പ ചെടി പൂക്കളുമായി നിറയെ നിന്നിരുന്നു.
നല്ല ഭംഗിയുണ്ടായിരുന്നു.

അവിടന്ന് നേരെ വിട്ടു വണ്ടി.
പിന്നെ നിര്‍ത്തിയത് കൊയിലാണ്ടിയിലെ കൊല്ലം പിഷാരിക്കാവ്‌ ക്ഷേത്രമുറ്റത്ത് ആണ്.
ഭാഷയാകെ മാറി.
ഒന്നും മനസിലായില്ല വഴി ചോദിക്കുമ്പോള്‍... ,ന്നാലും എത്തിപ്പെട്ടു.
ഭദ്രകാളി,പിന്നെ വാളും ചിലമ്പും ഒക്കെ ആണ് അവിടത്തെ പ്രതിഷ്ഠകള്‍..
അവിടന്നും വേഗം ഇറങ്ങി.
നേര്‍ത്ത വെയിലും അതില്‍ ഒരു ചാറ്റല്‍ മഴയും.
ഈ വെയിലും മഴയും ഒപ്പം വന്നാല്‍ കുറുക്കന്റെ കല്യാണംന്നല്ലേ പറയ്യാ!!!!
അന്ന് നല്ല മുഹൂര്‍ത്തള്ള ദിവസായിരുന്നൂന്നു തോന്നണു.
കൊറേ കുറുക്കന്മാര്‍ കല്യാണം കഴിച്ചിരിക്കും.
തളീം, പിഷാരിക്കാവും ഒക്കെ മലബാര്‍ ദേവസ്വത്തിന്റെ കീഴിലെ അമ്പലങ്ങള്‍ ആണ്.

പൂണൂല്‍ ഇട്ട ആള്‍ കൂടെള്ളത് നല്ലതാട്ടോ.
എല്ലായിടത്തുനിന്നും പ്രസാദം കിട്ടി.
എല്ലാരുംചോദിച്ചു എവിടെയാ,ഏത് ഇല്ലത്ത്യാന്നൊക്കെ .
അവിടെ സസ്യ ഭോജന ശാല എന്നയിടത്ത് നിന്നും പൂരി മസാല കഴിച്ചു.

വടകര വളവില്‍ എത്തിയപ്പോള്‍ അറുപതു തെങ്ങും പിന്നെയാ നത്തിനേം കുറെ നോക്കി കണ്ടില്ല.
ഹൈവേടെ ഇരു വശോം നിറയെ മരങ്ങള്‍ ആണുട്ടോ.
പറയാന്‍ വയ്യ അത്രേം ഭംഗിയാ കാണാന്‍.
ഇട തിങ്ങിയ മരങ്ങള്‍.
അതിനിടയിലൂടെ മഴ പെയ്യുന്നു.
ഇടയ്ക്കിടെ നേര്‍ത്ത വെയില്‍. ..........................
റോഡിലേക്ക് നില്‍ക്കുന്ന വലിയ മരങ്ങളിലെ കൊമ്പുകള്‍,അതിലെ കുഞ്ഞു കുഞ്ഞു കൊമ്പുകള്‍ ഒക്കെ നല്ല രസാണ് കാണാന്‍..
ആ കുഞ്ഞു കുഞ്ഞു കൊമ്പുകള്‍ ശരിക്കും ഞരമ്പുകള്‍ എന്ന് തോന്നും.
ദൈവം,അവന്‍റെ സൃഷ്ടികള്‍ ഒക്കെ എത്ര മനോഹരമെന്നു ഓര്‍ത്തു.

വടകര കണ്ടപ്പോ ഒരു ബ്ലോഗ്ഗര്‍നെ ഓര്‍ത്തു.
ഇപ്പൊ ഏത് സമയോം ഫേസ് ബുക്ക്‌,ബ്ലോഗ്‌ എന്ന ചിന്തയാണ് അതോണ്ട് എന്ത് കണ്ടാലും അതിനേം,അതിലെ അവരേം ഒക്കെ കൂട്ടിച്ചേര്‍ക്കും ഓര്‍മ്മകള്‍ക്കായ്.
വടകര ലോകനാര്‍കാവ് ക്ഷേത്രം ആണ് പിന്നെ കണ്ടത്.
ഒതേനന്റെ ആരാധനാ മൂര്‍ത്തി ആയിരുന്നു ലോകനാര്‍ കാവിലമ്മ.
അങ്ങോട്ടുള്ള വഴി നല്ല രസാണ്.
കൊറേ ഉള്ളിലോട്ടു പോവണം.
ഈ വഴിക്കൊരു അവസാനോം ഇല്ലേന്നു തോന്നും പോവുമ്പോള്‍..
നല്ല തണുപ്പും.
രണ്ടു വശോം നിറയെ മരായോണ്ട് സുഖാണ് യാത്ര.
തനി ഗ്രാമം പോലെയുള്ള സ്ഥലം.
അക്കേഷ്യാ മരങ്ങള്‍ നിറയെ ഉണ്ടായിരുന്നു.
എന്താന്നറിയില്യ എനിക്കതിന്റെ പൂവ് ഇഷ്ടല്യ .
അവിടെ രണ്ടു ദിവസം കഴിഞ്ഞാല്‍ ആദ്യമായി രുദ്രാഭിഷേകം നടക്കുവാണ് എന്ന് മൈക്കില്‍ കൂടി പറഞ്ഞോണ്ടിരിക്കുന്നുണ്ടായിരുന്നു .
താഴെയാണ് വിഷ്ണു,ശിവ ക്ഷേത്രങ്ങള്‍.
അങ്ങോട്ടേക്കുള്ള വഴിയില്‍ നിറയെ കറുകയുള്ളത് കാരണം നടക്കാന്‍ നല്ല സുഖായിരുന്നു.
അവിടത്തെ ശാന്തിക്കാരനും ചോദിച്ചു എവിടത്തെയാ,എങ്ങോട്ടെയ്ക്കാ എന്നൊക്കെ.
അദ്ദേഹത്തിന്റെ ഇല്ലോം കണ്ണൂരാത്രേ.
രമ്യെടെ ഇല്ലമൊക്കെ അറിയാംന്നു പറഞ്ഞു.
സ്കൂളിലെ ആണാവോ കൊറേ കുട്ട്യോളും ടീച്ചറും ഒക്കെ ഇണ്ടായിരുന്നു അമ്പലത്തില്‍..
ഓരോയിടോം കാണിച്ചു ടീച്ചര്‍ എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.
ഒതേനന്റെം,ചന്തൂന്റെം ഒക്കെ കഥയാണാവോ!!!!!!!!!!
കഥ കേള്‍ക്കാന്‍ എല്ലാര്‍ക്കും ഇഷ്ടാല്ലേ?
അതിനു ഒരു പ്രായഭേദോം ഇല്യാ.
എനിക്കിഷ്ടാണ്.
ഇപ്പഴും വല്ല വേളിയ്ക്കും മറ്റും പോവുമ്പോള്‍ കൂട്ടത്തിലെ മുത്തശ്ശന്മാര്‍ അങ്ങനെ എന്തെങ്കിലും ഒക്കെ പറയുമ്പോള്‍ ഞാനാ പിന്നില്‍ നില്‍ക്കും,കേട്ടോണ്ട്.
എനിക്കീ വയസ്സായോരെ 'ശ്ശി' ഇഷ്ടാ!!!!!

മാഹി.
മയ്യഴിപ്പുഴയുടെ തീരം.
പണ്ടെന്നോ വായിച്ചിരുന്നു ആ പുസ്തകം.
കണ്ടപ്പോള്‍ അന്ന് പോയ മട്ടാഞ്ചേരിയിലെ ജൂത തെരുവുകളെ പോലെ തോന്നി.
അല്ല,അവിടെ എന്താ ഈ കള്ളിന് ഇത്ര വിലക്കുറവ്?
അതെന്താ നികുതിയില്ലാത്തെ?
ആ കട,പിന്നെ ലാമ്പുകള്‍ വില്‍ക്കുന്ന കട,പിന്നെ വെള്ളി ആഭരണങ്ങള്‍ ഉള്ള കട.
ഇതാണ് കൂടുതലും.
നിറയെ ബോട്ടുകള്‍ കിടന്നിരുന്നു മയ്യഴിപ്പുഴയില്‍..
മമ്മൂട്ടി പറഞ്ഞ പോലെ മത്സ്യബന്ധനനൌകകള്‍. ..

തലശ്ശേരി എത്തിയപ്പോ "ദം ബിരിയാണി" എന്ന ചിന്ത വന്നു.
ബ്രണ്ണന്‍ കോളേജ് ,മാണിക്യക്കല്ല് സിനിമ,ബാവലിപ്പുഴ അങ്ങനെ കുറെ കാര്യങ്ങള്‍.
ആ കോളേജിന്റെ പേര് എനിക്കിഷ്ടാണ്.
പിന്നെയാ പുഴേടേം.
നല്ല സുന്ദരിപ്പേര്.
ബാവലി.
അതിലെ വെള്ളം ആണ് വൈശാഖോല്സവത്തിനു കൊട്ടിയൂരപ്പനെ അഭിഷേകം ചെയ്യാനോ മറ്റോ എടുക്കുന്നെ.
(എനിക്ക് കൃത്യായി ഓര്‍മ്മയില്ല.)
വൈശാഖോല്സവം ആണ് പ്രധാനം.
രണ്ടു കൊട്ടിയൂരുണ്ട്.അക്കരേം,ഇക്കരേം.
അക്കരേക്കു ആ സമയത്ത് മാത്രേ പോവാനാവൂ.
ബാവലിപ്പുഴയില്‍ മുങ്ങിയിട്ട് വേണം പോവാന്‍.()
(അതിനി സ്ത്രീകള്‍ക്ക് മാത്രാണോന്നറിയില്ല .)
അങ്ങനെ കുറച്ചു പ്രത്യേകതകള്‍ ഉണ്ട് ആ അമ്പലത്തിനു എന്നേ അറിയൂ.
അവിടെ പോവണം എന്ന വലിയ മോഹം ഇനിയൊരിക്കല്‍ നടക്കുമായിരിക്കും.

കഴിഞ്ഞ വല്യ വെക്കേഷന് നാട്ടില്‍ പോയപ്പോ കണ്ടതാ കടല്.
പിന്നെ ദേ ഇപ്പഴാ കാണുന്നെ.
അതും ഇറങ്ങാനൊന്നും പറ്റിയില്ല.
ചുമ്മാ കാണാന്‍. മാത്രം.
അല്ലേലും കടലില്‍ കളിക്കേണ്ട പ്രായൊക്കെ കഴിഞ്ഞു.
ഇപ്പൊ ചുമ്മാ കാണാന്‍ മാത്രേ മോഹള്ളൂ.
നോക്കിയിരിക്കാന്‍,തിരയെണ്ണാന്‍,മണലില്‍ പേരെഴുതാന്‍,കക്ക പെറുക്കാന്‍,
ഇതിലൂടെയൊക്കെ നിന്നെ പ്രണയിക്കാന്‍ .................
എന്‍റെ പ്രണയം പകരാന്‍ മാത്രേ ഇപ്പൊ ഇഷ്ടള്ളൂ.

റോഡിന്‍റെ ഇടതുവശത്തെ വീടുകള്‍ക്ക് പിന്നില്‍ കടലാണ്.
ഞാന്‍ ഓര്‍ത്തു രാത്രികിടക്കുമ്പോള്‍ അവര്‍ക്കെന്ത് പേടിയാവും!!!!
അത്ര വല്യ ഇരമ്പല്‍ ഒന്നും ഇല്ലെങ്കിലും കടല്‍ അല്ലെ!!!!
ഈ ആനേടെ കാര്യം പറഞ്ഞപോലെയാ.
ഔ സെക്കണ്ട് മതി സ്വഭാവം മാറാന്‍..
എന്നാല്‍ നല്ല സ്വഭാവത്തില്‍ ആണെങ്കിലോ.............
ഇത്രേം ഭംഗി വേറൊന്നിനും ഇല്ല.
എന്നാലും ഒരു സങ്കടം വരുമ്പോള്‍ അവര്‍ക്കൊക്കെ വീടിന്റെ പിന്നിലേക്ക്‌ പോയാല്‍ മതി.
അവിടെ നിന്ന് അവളെ നോക്കിയാല്‍ അവള്‍ വന്നു ആ കണ്ണീരു കൊണ്ടോവുന്നത് അറിയുകയേയില്ല.
സന്തോഷം വരുമ്പോഴോ.............
അവള്‍ വന്നു കൂടെ ചിരിക്കും.
തിരയിലൂടെ പൊങ്ങി നമ്മെ നോക്കും.
അനുവിന്റെ പോസ്റ്റുകളില്‍ പറയുന്ന പോലെ കടല്‍ കണ്ണീരിനെ പകുതിയും,ചിരിയെ വലുതാക്കുകയും ചെയ്യുന്നു.
അത് വെക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു സുഹൃത്ത് വേറെ ഇല്ല തന്നെ.
(അനൂ........... അപ്പൊ ഞാന്‍ അനൂനെ കൊറേ ഓര്‍ത്തുട്ടോ.)

ചില കാഴ്ചകള്‍ ഒരിക്കലും തീരാത്ത കൌതുകമാണ്.
മഴ,കടല്‍,ആന,വിമാനം,തീവണ്ടി,ജെ സി ബി അങ്ങനെയങ്ങനെ...........
(ജെ സി ബി മണ്ണ് മാന്തുന്നത് കണ്ടോണ്ട് അച്ചൂം അമ്മേം എത്ര നേരം വേണേലും നില്‍ക്കും.)
ഈ കടലിനു നീല നിറമേ ഇല്ലായിരുന്നു.
ആകാശത്തിനും കടലിനും ഒരേ നിറം.
മഴ പെയ്തു പെയ്തു ആകെ കലങ്ങി മറിഞ്ഞ പോലെ...........
തിരകള്‍ അവിടവിടെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പാറ കൂട്ടത്തിലേക്ക് തിരയടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ കനമില്ലാത്ത ഇടിവെട്ട് പോലെ തോന്നി.
അത് നോക്കി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ എന്റെ പ്രൊഫൈല്‍ ഫോട്ടോ.
നല്ലതല്ലേ?
പാറക്കല്ലുകളില്‍ നിറയെ ഞണ്ടുകള്‍ ഉണ്ടായിരുന്നു.
എനിക്കീ ഞണ്ടിനെ പേടിയാ.
ഞണ്ടിനെ മാത്രല്ല ആ ഗ്രൂപ്പിലെ മൊത്തം ഐറ്റംസിനേം എനിക്ക് പേടിയാ.

തിര തൊടാന്‍ വരുന്ന പാറക്കൂട്ടത്തിന്റെ ഫോട്ടോ ഫേസ് ബുക്കില്‍ കണ്ടപ്പോ ഒരു ചങ്ങാതി അതിനു കമന്റ്‌ ഇട്ടത് ഇങ്ങനെയാണ്.
തിര തീരത്തിന്റെ കാതില്‍ ചോല്ലുന്നതെന്തായിരുന്നു ????
ഇപ്പൊ ഞാനും ചോദിക്ക്യാണ്.
അതെന്തായിരുന്നു?????
നമ്മുടെ പ്രണയം കണ്ട് കുശുമ്പ് പറഞ്ഞത് തന്നെ.
അല്ലെങ്കില്‍ ഈ പ്രണയം എന്നെന്നും ഇങ്ങനെയുണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചതാവും.

ഈ കടലിനപ്പുറം എന്തായിരിക്കും എന്ന ചിന്ത വന്നപ്പോ മനസ്സില്‍ തെളിഞ്ഞത് നിഷ്കളങ്കമായ ഒരു ചിരിയാണ്.
ഗള്‍ഫിലെക്കെന്നും പറഞ്ഞു മദിരാശിയിലേക്ക് കപ്പലില്‍ കേറ്റി വിട്ട ദാസനേം വിജയനേം നോക്കി ചിരിച്ച ഗഫൂര്‍ക്കയുടെ ചിരി.
സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ കൂട്ട്കെട്ടിന്റെ ബെസ്റ്റെസ്റ്റ് എന്നെ ആ സിനിമയെ ഞാന്‍ പറയൂ.
എനിക്കത്രേം ഇഷ്ടമാണ് ദാസനേം വിജയനേം.
തിരിച്ചു പോരുമ്പോള്‍ ആണ് കടലിനെ കാണാന്‍ നിന്നത്.
അവിടന്ന് പോരാന്‍ മോഹമേ ഇല്ലായിരുന്നു.
കടലില്‍ പെയ്യുന്ന മഴയെ കാണണം ,മഴ നനഞ്ഞു കടല്‍ കാണണം എന്നൊക്കെയുള്ള മോഹങ്ങള്‍ എന്നെ വീണ്ടും വീണ്ടും വല്ലാതെ കൊതിപ്പിച്ചു.
അതിനു വേണ്ടി കാത്തിരിക്കാന്‍ എന്‍റെ മനസ് ഒരു പ്രണയിനിയായി.
കടലിന്‍റെ,മഴയുടെ ഒക്കെ....................

തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ക്കുള്ള വഴിയില്‍ ഒരിടത്ത് കുറെ അക്കേഷ്യാ മരങ്ങള്‍ നിന്നിരുന്നു.
കാട് പോലെ.
നിറയെ മങ്ങിയ മഞ്ഞ നിറമുള്ള അക്കേഷ്യാ പൂവുകള്‍. പറന്നു കിടന്നിരുന്നത് റെയില്‍ പാളത്തില്‍ ആയിരുന്നു.
തളി പറമ്പില്‍ നിന്നും അവള്‍ടെ ഇല്ലത്തേക്ക് തിരിയുന്ന വഴി ഒരു കാടിനു നടുവിലൂടെ പോണ പോലെ.....
ഇരു വശോം നിറയെ മരങ്ങള്‍ ആണ്.
റബ്ബര്‍ ആണ് കൂടുതലും.
മലക്ക് മുകളില്‍ കേറുന്ന പോലെ ആയിരുന്നു വഴി.
ഹെയര്‍ പിന്‍ വളവുകള്‍...
റബ്ബര്‍ തൈകള്‍ക്ക് ചുറ്റും പയര്‍ മുളച്ച് കുഞ്ഞു ചെടിയായിരുന്നു.
നല്ല ഭംഗിയാണ് കാണാന്‍.
ഈ കണ്ണൂര്‍ ഇത്രേം നല്ല സ്ഥലാന്നു ഞാന്‍ ഇപ്പോഴാ അറിഞ്ഞേ.
ഭാഷ വല്യ പ്രശ്നാണ്.
വഴി ചോദിക്കുമ്പോള്‍ പലപ്പോഴും കിട്ടുന്ന ഉത്തരം പിന്നെ ചോദിക്കാന്‍ പ്രേരിപ്പിച്ചേ ഇല്ല.
പറയുന്നത് മനസിലാവണ്ടേ!!!!!

തിരച്ചു വന്നത് കണ്ണൂര്‍ തൊടാതെ നേരെ തലശ്ശേരിക്ക് കേറുന്ന വഴിയിലൂടെ ആണ്.
അപ്പൊ ദേ പിന്നേം ഇരുവശോം കാട് പോലെ.
ഈ ടീ പി നെ കൊന്ന ആളുകളെ പിടിച്ച ആ കാട് ഇവിടെ എങ്ങാനും ആണാവോ എന്നോര്‍ത്തു ഞാന്‍.
ആ കാടും ആ പാര്‍ട്ടി ഗ്രാമംന്നൊക്കെ പറയുന്ന സ്ഥലോം കാണാന്‍ മോഹംണ്ടായിരുന്നു.
വരുന്ന വഴി ഒറ്റയ്ക്ക് ഒരു അക്കേഷ്യാ മരം നിന്നിരുന്നു.
അടിമുടി പൂത്ത്.
ഞാന്‍ മൈന്‍ഡ് ചെയ്തില്ല.
കാറിന്റെ കണ്ണാടിയില്‍ കൂടി നോക്കിയപ്പോ എനിക്കാകെ സങ്കടായി.
അതെന്നെ നോക്കി ചോദിക്കുന്ന പോലെ......
ഞങ്ങളും നിന്നെ പോലെ തന്നെ സൌന്ദര്യല്യാത്തോരാ !!!!!
അപ്പൊന്തിനാ ഞങ്ങളോട് ദേഷ്യം???? എന്ന്.
ശരിയാ സൌന്ദര്യല്യാത്തോര്‍ക്കും ഈ ലോകത്തില്‍ ജീവിക്കണ്ടെലെ?????????
അപ്പൊ എന്‍റെ ദേഷ്യൊക്കെ മാറ്റി.
തിരിച്ചു പോരുമ്പോള്‍ പിന്നെ കണ്ട അക്കേഷ്യാ മരങ്ങളോടൊക്കെ കൂട്ടായി.

ഈ കോഴിക്കോട് രാത്രിയില്‍ അതിസുന്ദരിയാണ് ട്ടോ.
ഓണം ആയേന്റെ തിരക്കും ഉണ്ടായിരുന്നു.
ആകെ ലൈറ്റ്മയം.
വല്യ വല്യ കടകള്‍,കെട്ടിടങ്ങള്‍ ഒക്കെ.....
ഓരോ സ്ഥലോം കാണുമ്പോള്‍ ദേവഫന്‍ ഓര്‍മ്മകളെ വീണ്ടെടുക്കുന്ന കണ്ടപ്പോള്‍ ഓര്‍ത്തു സ്വന്തം നാട് എന്ന വികാരം എത്ര വലുതാണ്‌ ഓരോരുത്തര്‍ക്കും എന്ന്.
നല്ല വെജ് ഫുഡ്‌ കിട്ടണ ഹോട്ടലെ ഇല്ല എന്ന എന്‍റെ വിശ്വാസത്തെ ദക്ഷിണ്‍ ദി വെജ് എന്ന ഹോട്ടല്‍ ഇല്ലാതാക്കി.
നല്ല ഫുഡ്‌ ആണ് അവിടത്തെ.
കഴിച്ചിട്ട് കൊഴപ്പോന്നും ണ്ടായില്യ.
(പറയുന്ന പോലെ വിശ്വാസം അതല്ലേ എല്ലാം.)
ആ ഹോട്ടലിനെ പറ്റി പറഞ്ഞു തന്നെ സുഹൃത്തെ............. താങ്കള്‍ക്കു നന്‍ട്രി.

അങ്ങനെ ഒരു യാത്ര.
കാണാന്‍ മോഹിച്ചതോന്നും കണ്ടില്ല.
തൃച്ചംബരം,മാടായിപ്പാറ,കൊട്ടിയൂര്‍,മൊടപ്പിലങ്ങാട് ബീച്ച്,നാരായണേട്ടന്‍ അങ്ങനെ ഒന്നും കണ്ടില്ല.
തളി രാജരാജേശ്വര ക്ഷേത്രത്തില്‍ അന്തര്‍ജനങ്ങള്‍ പോവില്ല.
ബ്രാഹ്മണര്‍ തറ്റുടുത്ത്‌ പോയാല്‍ എപ്പോ വേണേല്‍ കേറി തൊഴാം.
അല്ലെങ്കില്‍ ഒരു പ്രത്യേക സമയണ്ട്.
അപ്പഴേ പറ്റൂ.
തൃച്ചംബരം ക്ഷേത്രത്തില്‍ ആ നാട്ടിലെ അന്തര്‍ജനങ്ങള്‍ ആദ്യായി പോവുമ്പോള്‍
ചില ചിട്ടകള്‍ ഒക്കെയുണ്ട്.
കൊട്ടിയൂരപ്പനെ കണ്ടില്ല.
കണ്ണൂരിലെ എന്‍റെ ചങ്ങാതി നാരയണേട്ടനെ കണ്ടില്ല.
മോടപ്പിലങ്ങാട് ബീച്ചിലൂടെ ഒരു കാര്‍ ഡ്രൈവ് എന്ന മോഹം നടന്നില്ല.
എന്നാലും സാരല്യ ഇഷ്ടായി ഈ യാത്ര.
കണ്ണൂര് അവിടെ തന്നെ ഉണ്ടാവുംലോ.
എപ്പോ വേണേല്‍ പോയി കാണാംലോ .
അല്ലെ???????????

അടുത്ത യാത്രയില്‍ എനിക്കൊപ്പം നീ കൂടി വേണം.
മഴ പെയ്യുമ്പോള്‍ കാട്ടിലൂടെ നടക്കാന്‍,കുന്നും മലയും കേറിയിറങ്ങാന്‍ .......
അങ്ങനെയങ്ങനെ എന്‍റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങള്‍ക്കൊക്കെ ഒപ്പം കൂടാന്‍................
വരില്ലേ??????????????























17 comments:

  1. ഈ പോസ്റ്റിനു പതിവുപോലെ അടുക്കും ചിട്ടേം ഒന്നും ഇല്യാ.
    നീളോം കൂടിപ്പോയി.
    കുറെ ദിവസായി പോസ്റ്റണോ വേണ്ടയോ എന്ന സംശയത്തില്‍..
    ഈ വഴി വരുന്ന ആള്‍ക്കാരെ ദേഷ്യം പിടിപ്പിച്ചിട്ട് വിടരുതല്ലോ.

    പിന്നെ തോന്നി കഷ്ടപ്പെട്ട് ടൈപ്പ് ചെയ്തു ഉണ്ടാക്കിയതല്ലേ.
    ഇനിയിപ്പോ പോസ്റ്റുക തന്നെ.
    ഒരു സോറി മുന്‍‌കൂര്‍ പറഞ്ഞു വെച്ചാല്‍ എല്ലാരും ദേഷ്യം മാറ്റുമായിരിക്കും.
    അല്ലെ???????

    ReplyDelete
  2. അങ്ങനെ കാത്തിരുന്ന ആ കണ്ണൂര്‍ യാത്രയും വന്നെത്തിയല്ലോ!!ശരിക്കും ദേ,ആ കൂടെവന്നു ഞങ്ങളും കണ്ടല്ലോ കണ്ണൂരെല്ലാം!!!
    ഇഷ്ടമായി...നന്ദി ഉമാ..

    ReplyDelete
  3. പ്രിയപ്പെട്ട ഉമ,

    മനോഹരമായ യാത്ര വിവരണം. എന്റെ മുത്തശ്ശന്റെ തറവാട് കണ്ണൂരാണ്.സന്തോഷം നല്‍കുന്ന സത്യമാണ്. പേരറിയാത്ത ഒരു സുഹൃത്ത്‌ അവിടെയുണ്ട്. :)

    ഓര്‍ത്തെടുത്ത നീണ്ട ലിസ്റ്റില്‍ ഒരാള്‍ ആയതില്‍ ഒത്തിരി സന്തോഷം ഉണ്ട്.

    ഒത്തിരി ഇഷ്ടമാണ് ബാവലിപ്പുഴയും മുത്തപ്പന്റെ അമ്പലവും. രാജരാജേശ്വര ക്ഷേത്രത്തിലും പോയിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ ബന്ധം തലശ്ശേരി വരെ............ആഹാ........ആ ബിരിയാണി...! എന്ത് രസം !എന്തൊരു രുചി..!

    മാഹിയിലൂടെ, വീതി കുറഞ്ഞ ഇടവഴികളിലൂടെ ഇത്രോ തവണ യാത്ര ചെയ്തിരുന്നു.

    ഇത്തവണയും തലശ്ശേരി വരെ പോയിരുന്നു. വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍. ഹോട്ടലില്‍ താമസിച്ചു, പുഴയുടെ ഭംഗി കണ്ടു ചിലവഴിച്ച ആ രാത്രി എത്ര മനോഹരം...!അവിടെ വെച്ചു പ്രശസ്തനായ ഒരാളെ പരിചയപ്പെട്ടിരുന്നു. എന്നെങ്കിലും എഴുതാം. :)

    നിലാവേ.............നിലാവേ.............നീ....... മയങ്ങല്ലേ...................

    എന്ന് പാടാന്‍ തോന്നുന്ന രാത്രികള്‍ അപൂര്‍വ്വം !

    അച്ചുവിന്റെ അമ്മെ, നമ്മുടെ ചിന്തകള്‍ക്ക് സമാനതകളുണ്ട്. അല്പം മുന്‍പ്, എന്റെ കിട്ടാതെ പോയ ലൈസെന്‍സ് എന്നെ ശല്യപ്പെടുത്തിയിരുന്നു. തൃശൂരില്‍, ഈ തിരക്കില്‍ എത്ര സുന്ദരമായി നന്ദ കാറോടിക്കുന്നു.

    മംഗലാപുരം വരെയുള്ള യാത്ര മോഹിപ്പിക്കുന്നതാണ്.

    എന്തേ,ഉമ ഫോട്ടോസ് ഒന്നും തന്നെ കണ്ടില്ല?

    എഴുത്തു കൂടുതല്‍ മനോഹരമാകുന്നു. അപ്പോള്‍,ആത്തോലെ,സന്തോഷം നിറഞ്ഞ ദിവസം ആശംസിക്കുന്നു.

    സസ്നേഹം,

    അനു

    ReplyDelete
  4. അപ്പോള്‍ എന്‍റെ നാട് ഇഷ്ടായി അല്ലെ ഉമ ...തളിപ്പറമ്പ വരുന്നു എങ്കില്‍ ഒന്ന് പറയാമായിരുന്നു ....ഞാന്‍ വന്നു കണ്ടേനെ ....ഇവിടുന്നു അടുത്താ തളിപ്പറമ്പ

    ReplyDelete
  5. മോഹനേട്ടന് ഇഷ്ടായീലോ.
    നിയ്ക്ക് അത് മതി.
    നല്ല രസായിരുന്നു ഏട്ടാ.......
    പറയാന്‍ ഇനീം കൊറേ ഉണ്ട്.
    മടിയായി.
    പിന്നെ ഇപ്പൊ തന്നെ നീളോം കൂടി അതാ

    ReplyDelete
  6. ഒരുയാത്ര ..അല്ലെങ്കില്‍ മനസ്സിനെ സന്തോഷിപ്പിച്ച ഒന്ന്.
    അതിവിടെ പകര്‍ത്തിയപ്പോള്‍ വാക്കുകള്‍ക്ക്‌ നല്ല ഒഴുക്കുണ്ട് .
    ഏറ്റവും നല്ല ഊര്‍ജ്ജവും സന്തോഷവും ഒക്കെ നല്‍കുന്ന ഒന്നാണ് യാത്രകള്‍ .
    അതൊരു ചെറിയ ബസ് യാത്ര ആണെങ്കിലും അതേ.
    ഭക്തിയുടെ ഒരു തലം കൂടെ വന്നപ്പോള്‍ ഇതിനൊരു ഭംഗി കൂടി ട്ടോ.
    അത്യാവിശ്യം നര്‍മ്മവും.
    എനിക്കിഷ്ടായി ട്ടോ ഈ യാത്ര

    ReplyDelete
  7. ഇഷ്ടായി ....... ഇനിയും വരണം, കണ്ണൂരിനെ കുറിച്ച് ഇനിയും എഴുതണം

    ReplyDelete
  8. അനൂ,
    ആ തറവാട്ടില്‍ ഇപ്പൊ ആരൊക്കെ ഉണ്ട്?ഉമേടെ ലിസ്റ്റില്‍ അനൂന്റെ പേര് ഒരിക്കലും മായ്ക്കാത്തതാണ്.
    സ്നേഹിക്കുന്നവരെ ഓര്‍മ്മിക്കാന്‍ ഉമ ഇപ്പോഴും എന്തേലും കാരണങ്ങള്‍ കണ്ടെത്തും.
    ഫോട്ടോ കൊറച്ചൊക്കെ എടുത്തു അനൂ.
    പക്ഷെ അതോടെ ആയാല്‍ ഈ പോസ്റ്റ്‌ നീളം കൂടി കൂടി വന്മതിലിന്റെ ആത്രേം ആവും.
    അതോണ്ടാ വേണ്ടാന്നു വച്ചേ.
    ഇഷ്ടങ്ങള്‍ക്കും ചിലതൊക്കെ സാമ്യമുണ്ട് അനൂ.
    അതല്ലേ ഈ അനു ഉമക്ക് ഇത്രേം പ്രിയപ്പെട്ടതായെ!!!!!!!!
    പിന്നേയ്............ആ അവസാനത്തെ വിളി....അതങ്ങട് "ക്ഷ" പിടിച്ചുട്ടോ.
    ആത്തെമ്മാരെ എന്നാ വിളി.
    ബഹു സന്തോഷായി.

    ReplyDelete
  9. bindu,
    ഓ ..........അപ്പൊ ഈ ലോകതൊക്കെ ഉണ്ടല്ലേ???????????
    ഞാന്‍ കരുതി ന്നെ ഒക്കെ മറന്നു കാണുംന്ന്.
    അതെ ഈ കുട്ടീടെ നാട് വല്യ ഇഷ്ടായി .
    അവിടെ അടുത്താന്നു പറഞ്ഞില്യാലോ ന്നാല്‍ വന്നേനെ.
    പറഞ്ഞപോലെ കണ്ണൂരെന്നും അവിടെ ഉണ്ടാവൂലോ.
    എവിടേം പോവാതെ.
    അപ്പൊ ഇനിയൊരിക്കല്‍ ആവാം.
    അന്നെനിക്ക് കാണാന്‍ പറ്റാതെ പോയ സ്ഥലങ്ങള്‍ ഒക്കെ കാണിക്കാന്‍ കൂടെ വരണംട്ടോ.

    ReplyDelete
  10. മന്‍സൂര്‍ എന്തിലും നല്ലതും നന്മയും മാത്രം കണ്ടെത്തുന്ന ഒരാള്‍ ആണ് താങ്കള്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
    അപ്പൊ പിന്നെ ന്‍റെ ഈ വല്യേ യാത്ര എങ്ങനെയാ ഇഷ്ടാവാതിരിക്യാ ...................

    ReplyDelete
  11. ജലീല്‍,
    യ്യോ............ഈ പ്രൊഫൈല്‍ ഫോട്ടോ ന്നെ പേടിപ്പിച്ചു.
    കണ്ണൂരിനെ കുറിച്ച് എഴുതിയതല്ല ന്‍റെ കണ്ണൂര്‍ യാത്രേനെ കുറിച്ചാ .......
    അതിനീം എഴുതാം.അല്ലാതെ കണ്ണൂരിനെ കുറിച്ച് എഴുതാന്‍ മാത്രം ഞാന്‍ ആയില്ല.

    ReplyDelete
  12. പിന്നെ തലശ്ശേരി ഒട്ടേറേ പ്രത്യേകതയുള്ള സ്ഥലമാണ്..
    ഇന്ത്യയിലെ തന്നെ ആദ്യ ക്രിക്കറ്റിന്റെ, ബേക്കറിയുടെ, കളരിയുടെ, സർക്കസ്സിന്റെ ബിരിയാണിയുടെ, സംസ്കാരിക തനിമയുടെ ഒക്കെ ഇറ്റില്ലം…

    കണ്ണൂർ എന്നത് മനോഹരമായ സ്ഥലമാണ്.. ഏഴിമലയിലാണ് നേവൽ അക്കാദമി, ഏഴിമലയിലെ ഹനുമാൻ ശില്പം , അവിടത്തെ കടലിന്റെ മലയുടെ സൌന്ദര്യം ഒക്കെ കാണാൻ വരിക..

    പറശ്ശിനി കടവിലൊക്കെ വരിക.(.അതൊക്കെ കണ്ടിട്ട് ഇഷ്ടപ്പെട്ട് അവിടത്തെ ഭക്ഷണമൊക്കെ കഴിച്ച് തിരിച്ചു പോവുക.. അവിടെ തന്നെ ചുറ്റിപ്പറ്റി നടക്കേണ്ട എന്നു സാരം..ഒന്നിനേയും വിശ്വസിക്കാൻ പറ്റില്ല ha ha)
    .ഭാഷ മനസ്സിലാവുന്നില്ല എന്നൊരു പരിഭവം കണ്ടു..ഉൾ നാട്ടിലേക്ക് പോയതു കൊണ്ടാണ് ഭാഷ മനസ്സിലാവാത്തത്.. പിന്നെ താങ്കളുടെ നാട്ടിലെ ഭാഷയും മറ്റുള്ളവർക്കും മനസ്സിലാവില്ലല്ലോ? ( വീടിന്റെെ കുറ്റൂശയ്ക്ക് ---താങ്കൾ വിവരിച്ചപ്പോഴാണ് മനസ്സിലായത്?..ഞാൻ കരുതി നമ്മുടെ നാട്ടിൽ വീടിന്റെ സ്ഥാനം കാണാൻ കുറ്റിയടിക്കൽ കർമ്മമുണ്ട് ( വാസ്തു വിധിപ്രകാരം ആശാരി അഥവാ വിശ്വകർമ്മാവ് വീടിനു പറ്റുന്ന സ്ഥലം നോക്കി (വീടിന്റെ പ്ലാൻ തയ്യാറാക്കി) കുറ്റിയടിക്കുന്ന പ്രവർത്തി ) അതാകും എന്നാണ് ) അതിനാൽ അതിൽ കുറ്റം കാണേണ്ടതില്ല...

    യഥാർത്ഥ കണ്ണൂരിലെ ഭാഷ ഉപയോഗിച്ചിട്ടാണ് അവിടെ നിന്നും കേട്ടിട്ടും പഠിച്ചിട്ടും ആണ് ഡോക്ടർ ഗുണ്ടർട്ട് ആദ്യത്തെ മലയാള ഭാഷയുടെ നിഘണ്ടു തയ്യാറാക്കിയത്.. അതു താങ്കൾക്കറിയുമോ?
    എന്തായാലും വിവരണം അസ്സലായിട്ടുണ്ട്..
    ആശംസകൾ നേരുന്നു

    ReplyDelete
  13. പ്രിയപ്പെട്ട ഉമ,

    ശ്രീ ഗണേഷ് ചതുര്‍ഥി ആശംസകള്‍ !

    സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് വളരെ നന്ദി.

    ഇവിടെ നഗരം മുഴുവന്‍ ഉത്സവത്തിരക്കിലാണ്.എല്ലാവരും ഗ്രാമത്തിലെ തറവാട്ടിലേക്ക് ഗണപതി സ്ഥാപനക്ക് പോയിരിക്കുന്നു.

    ഞാവല്‍ പഴം തരാലോ. അതിനിടയില്‍ അത്തിപ്പഴം ചോദിക്കല്ലേ. :)

    ഇവിടെ എപ്പോഴും ചാറ്റല്‍ മഴയുണ്ട്.

    സന്ധ്യാദീപം കേട്ടുകൊണ്ട്, ഈ വരികള്‍ കുറിക്കുമ്പോള്‍,

    മനസ്സില്‍ ശാന്തിയുണ്ട്.അച്ചുവിന്, കണ്ണന്റെ അനുഗ്രഹം മൂലം, ആയുസ്സും ആരോഗ്യവും സന്തോഷവും ജീവിതത്തില്‍ നിറയട്ടെ !ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  14. OT:
    എന്തേ ഉമാ ഇത്ര നല്ല ദിവസമായിട്ടും ഇവിടെ അത് ആഘോഷിച്ചില്ലാന്നു അദ്ഭുതപ്പെട്ടു..
    അനു പറഞ്ഞപ്പോഴാ അറീന്നത് ഇന്നാണ് അച്ചൂന്‍റെ പിറന്നാളെന്നു...
    കുറെ പോസ്റ്റുകളില്‍ അച്ചൂനെ പറ്റി പറഞ്ഞിരിക്കുന്നല്ലോ ഉമാ.. എന്നിട്ട് ഇന്ന്!!!

    എന്തായാലും കൊച്ച് അച്ചുവിനോട്‌ എന്‍റെ ഹാര്‍ദ്ദവമായ പിറന്നാള്‍ ആശംസകള്‍ അറിയിക്കണേട്ടോ, സമ്മാനമായി നല്‍കാന്‍ എന്നില്‍ അവശേഷിച്ച നന്മയും സ്നേഹവാത്സല്യവും മാത്രംട്ടോ..

    ReplyDelete
  15. കുറച്ചു ദിവസായി ഈ വഴി വന്നിട്ട്, നിത്യ ഹരിത പറഞ്ഞപോലെ ഇന്നലത്തെ ദിവസത്തിന്റെ വിശേഷങ്ങള്‍ ഉണ്ടാകുമെന്ന് കരുതി വന്നതാ..ഒന്നും കാണുന്നില്ലല്ലോ ഉമാ...
    കണ്ണൂര്‍ വിശേഷങ്ങള്‍ നന്നായിട്ടുണ്ട്, പതിവുപോലെ നാട്ടു കാഴ്ച്ചകളിലേയ്ക്ക് എന്റെ കണ്ണും ഒരു യാത്ര പോയി.....
    സുഖമല്ലേ?
    പിന്നെ വരാം കേട്ടോ.

    മനു..

    ReplyDelete
  16. അങ്ങനെ വെറുതെ പറഞ്ഞു പോകുന്നു . വായിക്കാന്‍ ഒരു രസോണ്ട് .
    പിന്നെ കണ്ണൂരാന് പോകുന്നത് .... ആ ചിന്ത വല്ലതും ഉണ്ടായിരുന്നോ ? ധൈരശാലി

    ReplyDelete
  17. രസികന്‍ ഭാഷ.വിവരണം വളരെ നന്നായിരിക്കുന്നുട്ടോ...

    ReplyDelete