Saturday, September 1, 2012

കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങളും,നടക്കാത്ത മോഹങ്ങളും.........

മയില്‍‌പീലി വര്‍ണ്ണങ്ങള്‍ നിറഞ്ഞൊരു കക്കയുണ്ട് എന്‍റെ ഓര്‍മ്മകളില്‍. . .

ഒരിക്കല്‍ കടല് കാണാന്‍ പോയപ്പോള്‍ പെറുക്കി കൂട്ടി വെച്ചത്.

പിന്നെയെപ്പോഴോ അത് നഷ്ടപ്പെട്ടു.

അതൊരു സങ്കടമായി ഇന്നുമുണ്ട്.

ഇപ്പോഴും കടല്‍ കാണാന്‍ പോകുമ്പോള്‍ ആ കക്കകളെ തപ്പി നടക്കാറുണ്ട്.


ചില നഷ്ടങ്ങള്‍ പിന്നീട് മനസ്സില്‍ തീരാത്ത പ്രണയമായി മാറും.

നിന്നെ പോലെ.


ശംഖു കോര്‍ത്തൊരു മാല നീയെന്‍റെ കഴുത്തില്‍ ഇട്ടു തരുന്നത് സ്വപ്നം കണ്ട നാളുകള്‍ ഉണ്ടായിരുന്നു.

വെളുത്ത കക്കകള്‍ അരികിലൊട്ടിച്ച ഒരു കണ്ണാടിയും വല്യ മോഹായിരുന്നു.


ചിലതങ്ങനെ ആണ്.

ഒരിക്കലും തീരാത്ത ഒപ്പം സംഭവിക്കാത്തതും ആയ ഒരു മോഹമായി ശേഷിക്കും.

നിന്നെ പോലെ.


കന്യാകുമാരിയില്‍ പോകണം.

കടല്‍ തീരത്തൊരു രാത്രി മുഴുവനും .............

മഞ്ഞും,മഴയും,നേര്‍ത്ത കാറ്റും,നിലാവും,നക്ഷത്രങ്ങളും,ചന്ദ്രനും ഒക്കെ ആയി............

നിശബ്ദതയില്‍ അവയുടെ മനോഹാരിത അറിഞ്ഞ്,അവയോടു സംസാരിച്ച് നിനക്കൊപ്പം ................

അങ്ങനെയങ്ങനെ..............


ഉദയാസ്തമയങ്ങളെക്കാള്‍ കാണാന്‍ കൊതിച്ചത് പകലിന്‍റെ പ്രകാശം നേര്‍ത്ത്നേര്‍ത്ത് ഇരുളിലേക്ക് മാറുന്നതും,

തിരിച്ച് ഇരുളിലേക്ക് പ്രകൃതിയുടെ പ്രകാശം പടരുന്നത് കാണാനും ആണ്.


പാറക്കല്ലില്‍ തട്ടി തിരമാലകള്‍ ഉണ്ടാക്കുന്ന ഒച്ച എന്നെ വല്ലാതെ അസ്വസ്ഥമാക്കി.

തിരമാലകളുടെ തല തല്ലിയുള്ള നിലവിളി പോലെ എന്നെനിക്കു തോന്നി.

ആ ഒരു നിമിഷം ഞാനും കരഞ്ഞു.

കണ്ണീരിന്‍റെ ഒരു കുഞ്ഞു തിരമാല എന്‍റെ ഹൃദയത്തിലും .................

കാരണങ്ങളില്ലാതെ കരയാന്‍ എനിക്കേറെ ഇഷ്ടമാണ്.

കണ്ണീരിന്‍റെ നിഷ്കളങ്കത എന്നൊക്കെ ഞാന്‍ പറയും അതിനെ.

ബടുക്കൂസ് അല്ലെ !!!!അപ്പൊ ഇമ്മാതിരിയൊക്കെ തോന്നും.


കാറ്റ് വീശുമ്പോള്‍ പളുങ്കുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കുന്ന ,

നിറയെ പളുങ്കുകള്‍ ഉള്ള ഒരു "wind-chime" സ്വന്തമാക്കണം എന്നത് ഇനിയും നടക്കാത്ത മറ്റൊരു മോഹം.

തൊടിയിലേക്കുള്ള ജനാല തുറക്കുമ്പോള്‍ ഉള്ളില്‍ കടക്കുന്ന ഇളം കാറ്റില്‍ അവയുണ്ടാക്കുന്ന ആ സ്വരം എന്നെ വല്ലാതെ പ്രണയാര്‍ദ്രയാക്കും.

സ്ഫടിക പാവകളെയും ഏറെയിഷ്ടമാണ്.

മുറിയില്‍ ചുവരിലെ അലമാരയില്‍ നിറയെ സ്ഫടിക പാവകള്‍,ഒരു കോണില്‍ ഒരു ചില്ലുഭരണിയില്‍ നിറയെ,ഉള്ളില്‍ ചുവപ്പുള്ള പളുങ്കുകള്‍ അതില്‍ ഒരു കെട്ട് മയില്‍പീലികള്‍ ഒക്കെ എന്‍റെ കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങള്‍ ആണ്.

പൂജാമുറിയില്‍ ഒരു വലിയ വെണ്ണ കണ്ണന്‍ വേണം.

അവനു മുന്നില്‍ ഒരു ഓട്ടുരുളി .

അതില്‍ എന്‍റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് ഞാന്‍ കരുതുന്ന മഞ്ചാടി മണികള്‍..

ഗുരുവായൂര് നടക്കലെ ഉരുളിയില്‍ മഞ്ചാടി വരുന്ന പോലെ എന്നും ന്‍റെ വെണ്ണ കണ്ണന്‍റെ മുന്നിലെ ഉരുളിയിലെ മഞ്ചാടി വാരണം എനിക്ക്.

നടുമുറ്റത്തൊരു കോണില്‍ ഒരു മരത്തിന്‍റെ സ്റ്റൂളില്‍ വെച്ച ഒരു കളിമണ്‍ ഉരുളി.

അതില്‍ നിറയെ വെള്ളം അതിനു മുകളില്‍ നിറയെ വെളുത്ത പൂക്കള്‍ .

അതും ഇഷ്ടങ്ങളാണ്.


കടല്‍ ഇപ്പോള്‍ ശാന്തമാണ്.

തലതല്ലി കരഞ്ഞ തിരമാലകള്‍ തളര്‍ന്നുറങ്ങിയെന്ന് തോന്നുന്നു.
വരികള്‍ക്കിടയിലൂടെ ഞാന്‍ പറഞ്ഞതെല്ലാം നീ കേട്ടില്ലേ???????

പുറത്തൊരു മഴ തുടങ്ങി.
താരാട്ട് പാടാന്‍ വന്നെന്ന പോല്‍.............. ഒരു മഴ.
മഴയിപ്പോള്‍ ഒരു അമ്മയെ പോലെ........
ജനലിലൂടെ കൈ നീട്ടി വിരലില്‍ തൊട്ട മഴത്തുള്ളിക്ക് അമ്മേടെ മണം.
അമ്മ വിളിക്കുന്നു.
എനിക്ക് പോകണം.
ഇനിയുള്ള നിമിഷങ്ങള്‍ ഞാനും അമ്മയും മാത്രം.
അമ്മയോട് പറയാന്‍ ഏറെയുണ്ട്.
അമ്മയുടെ ചൂട് കൊള്ളുവാനും വല്ലാതെ കൊതിയാവുന്നു.
















12 comments:

  1. ഈ എഴുത്ത് എനിക്കിഷ്ടമായി ഉമാ...
    ഇളകിയാടുന്ന മാനസസഞ്ചാര ഗതിവിഗതികള്‍ മനോഹരമായി എഴുതാന്‍ ഉമയ്ക്ക്‌ എപ്പോഴും കഴിയും..അതിന്‍റെ നെറ്റിയില്‍ പ്രണയത്തിന്‍റെ ഒരു കുങ്കുമപ്പൊട്ടും!!!

    പ്രേമം, മധുവര്‍ഷമായ് പൊഴിയട്ടെ..സ്വപ്‌നങ്ങള്‍ സഫലമാകട്ടെ..
    സ്നേഹത്തോടെ മനു..

    ReplyDelete
  2. മോഹമേ നീ മറക്കല്ലേ എന്നെയീ മണ്ണിന്റെ മാറില്‍നിന്ന് ,നിന്റെ വിരലുകളെല്ലാം എന്നെ തൊടുംമുന്‍പ് .

    ആശംസകള്‍

    ReplyDelete
  3. എഴുത്ത് വരുന്നത് ഹൃദയത്തില്‍ നിന്നാവുമ്പോള്‍ ഭാഷക്കും ലാളിത്യം ഉണ്ടാവും.
    ഉമ ഒരു പോസ്റ്റ്‌ എഴുതുകയായിരുന്നില്ല... ഇവിടെ ,
    മനസ്സിലുള്ളത് പകര്‍ത്തുക ആയിരുന്നു.
    ഹൃദ്യം. അഭിനന്ദനങ്ങള്‍

    ReplyDelete
  4. എന്തൊക്കയോ എഴുതണം എന്നുണ്ട്.... പക്ഷെ... ഈ വിവരണം എന്തൊക്കയോ ഓര്‍മിപ്പിക്കുന്നു.... മനസ്സിനകത്ത് ഒരു വിങ്ങല്‍ ഉരുണ്ടു കൂടുന്നു.... അതൊരു മഴയായ്‌ പെയ്യും മുന്നേ.., വെറുതെ കരയാന്‍ ഇഷ്ട്ടപ്പെടുന്ന ഈ മോഹങ്ങളുടെ ഉടമയ്ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.... മനസിനെ ഉഴുതുമറിച്ചതിനു... ഇവടെ ഞാന്‍ ഉണ്ടെന്നു ഓര്മിപ്പിച്ചതിനു

    ReplyDelete
  5. ഇന്നാദ്യം മനുവാ വന്നെ????
    അത് കൊള്ളാം.
    ഓണമൊക്കെ നന്നായില്ലേ?
    സുഖല്ലേ????

    ഇവിടെ ഉമയ്ക്ക്‌ സുഖം.
    ഈയിടെ ഉമയ്ക്ക്‌ ബ്ലോഗിങ്ങ് ഏറെയിഷ്ടം.
    ഉമേടെ മനസ്സില്‍ വരുന്നത് മാത്രേ ഇതിലുള്ളൂട്ടോ.
    ഇതേ വാക്കുകളില്‍,ഇതേ താളത്തില്‍ ഒക്കെ തന്നെയാണ് ഉമേടെ ചിന്തകളും.

    പിന്നെ പ്രണയം.
    അതില്ലാതെ ഉമാക്കൊരു വാക്ക് പോലും എഴുതാന്‍ പറ്റില്ല മനൂ.
    ഈ ഉമേടെ ഒരു കാര്യം.

    ReplyDelete
  6. നല്ല വരികള്‍ ഗോപാ.....
    നടന്നതിനേക്കാള്‍ നടക്കാത്ത ഈ മോഹങ്ങളേ ആണ് എനിക്കിഷ്ടം.
    നടക്കുമെന്ന പ്രതീക്ഷ അതിനുള്ള കാത്തിരിപ്പ് അതൊക്കെ തന്നെയാണ് ഇവയുടെ അലങ്കാരവും.

    ReplyDelete
  7. വായിച്ച് വായിച്ച് മന്‍സൂര്‍ ഉമയെ അറിയാന്‍ തുടങ്ങീലോ.
    സന്തോഷം തോന്നുന്നു കേട്ടോ.
    ഈ വാക്കുകള്‍ ഹൃദയത്തോട് ചേര്‍ക്കുന്നു.

    ReplyDelete
  8. നല്ല വാക്കുകള്‍ക്കു നന്ദി അഖില്‍.
    പറഞ്ഞത് സത്യമാണ്.
    കാരണങ്ങള്‍ ഇല്ലാതെ കരയുവാന്‍ ഏറെയിഷ്ടം.
    കണ്ണീരിന്‍റെ സാന്ത്വനം മനസിന്‌ കിട്ടുമ്പോഴത്തെ സുഖം അപ്പോള്‍ മാത്രമാണ് അറിയുന്നത്.

    ReplyDelete
  9. മോഹനേട്ടന്റെ വാക്കുകളിലെ സ്നേഹം,സാഹോദര്യം,പ്രോത്സാഹനം ഒക്കെ എന്നെ സന്തോഷം കൊണ്ട് കരയിക്കാന്‍ തുടങ്ങുന്നു ട്ടോ.
    ഈ ഉമ ഇങ്ങനെയാണ് എന്തിനും കണ്ണുനീര്‍.

    ReplyDelete
  10. പ്രിയപ്പെട്ട ഉമ,

    ചില മോഹങ്ങളും ഇഷ്ടങ്ങളും ബാക്കിയാകട്ടെ !ചേര്‍ത്തു വെക്കാന്‍ ഓര്‍മകളില്‍ മുഖങ്ങള്‍ അകലെയാകട്ടെ !

    അപ്പോള്‍ ഹൃദയത്തില്‍ ഒരു പൂമാല എന്നും കൊരുക്കാനുണ്ടാകും. വിരിയുന്ന പൂക്കള്‍ സൌരഭ്യം നല്‍കും.

    എഴുത്തു കൂടുതല്‍ ഭംഗിയാകുന്നു. അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  11. അനുവിന്റെ വാക്കുകള്‍ക്കു ഉമ്മ.
    ഓണം മുതല്‍ ഞാന്‍ അനുവിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു .
    എന്താന്നറിയില്ല.
    കൊറേ ..........മിണ്ടിക്കൊണ്ടിരിക്കാന്‍ തോന്നുന്നുട്ടോ.
    പറഞ്ഞത് ശരിയാണ്.
    ചിലതങ്ങനെ ബാക്കിയായി നില്‍ക്കുന്നത് ഉമയ്ക്കിഷ്ടമാണ്.

    ReplyDelete