Wednesday, February 8, 2012

കാറ്റ് കൊണ്ട് പോയത് മുത്തശ്ശന്റെ അടുത്തേക്കും അവിടുന്ന് അമ്മാത്തെക്കും..............

വെയിലിനു കനം വെയ്ക്കുന്നതുവരെ കാറ്റാണ്.
വൃശ്ചികത്തിലെ കാറ്റ് പോലെ....................
രാവിലെ നനുത്ത തണുപ്പും,ഇളം ചൂടും,കാറ്റും.
അതൊരു സുഖമാണ്.

കാറ്റിലാടുന്ന തെങ്ങിന്‍റെ മുകള്‍ വശം,ഓലതുമ്പുകള്‍,കറുത്തിരുണ്ട് നില്‍ക്കുന്ന കവുങ്ങിന്‍ ഓലകള്‍ക്കിടയിലെ നല്ല ഓറഞ്ച് നിറത്തിലെ പഴുത്ത അടയ്ക്കക്കുലകള്‍, ഒക്കെ കാണാന്‍ നല്ല ചന്തമാണ്.
ചിലപ്പോള്‍ നോക്കി നില്‍ക്കാറുണ്ട്.
മുറ്റത്ത്‌ ഒരു കവുങ്ങുണ്ട്,അത്ര വലുതല്ലാത്ത.
കളിയടയ്ക്ക ഉണ്ടാവുന്ന കവുങ്ങ്.
രണ്ടു കുലയുണ്ടായി.
നല്ല ചുവന്ന നിറത്തില്‍ പാകമാവാത്ത ഈന്തപ്പഴം പോലെ തോന്നും അത് കണ്ടാല്‍...
ഇവിടത്തെ കളം പാട്ടിനു പാട്ട് പന്തല്‍ അലങ്കരിക്കാന്‍ അത് കൊണ്ട് പോയിരുന്നു.
കുരുത്തോലക്കിടയില്‍ ചുവന്ന അടയ്ക്കക്കുലകള്‍.. നല്ല ഭംഗിയായിരുന്നു.

കറുത്ത കളിയടയ്ക്ക കുഞ്ഞായിരുന്നപ്പോള്‍ കുറെ കഴിച്ചിട്ടുണ്ട്.
മൂന്നും കൂട്ടി.................
അമ്മാത്തെ മുത്തശ്ശന്‍ മുറുക്കുന്ന കാര്യത്തില്‍ കേമനായിരുന്നു.
ഇപ്പോഴും വിശേഷങ്ങള്‍ക്ക് സദ്യ കഴിഞ്ഞാല്‍ ഒന്ന് മൂന്നും കൂട്ടും.
മുത്തശ്ശനെ ഓര്‍ക്കും ആ മുറുക്കാന്‍ തട്ട് കാണുമ്പോള്‍...
മുത്തശ്ശനെ ഓര്‍ക്കുമ്പോള്‍ കൂടെ ആ കൈപ്പുണ്യം നിറഞ്ഞ സാമ്പാര്‍ ഓര്‍മ്മ വരും.
കറുത്ത കല്‍ച്ചട്ടിയില്‍ നല്ല കുറുകിയ സാമ്പാര്‍...
ആ സ്വാദ് വേറെ ഇവിടുന്നും അറിഞ്ഞിട്ടില്ല എന്ന് ഇപ്പോള്‍ മനസിലാക്കുന്നു.
അമ്മയ്ക്കും കുറച്ചൊക്കെ കിട്ടിയിട്ടുണ്ട്.
പക്ഷെ അത് നന്നായി അറിയാന്‍ വിധി സമ്മതിച്ചില്ല.

അമ്മാത്തില്ലത്ത് ഇറയത്തായി ഒരു വല്യ ചാര്കസേരയുണ്ട്.
അവിടന്നാണ് ഞാന്‍ ആദ്യമായി ചാര്കസേര കണ്ടത്.
മുത്തശ്ശന്‍ അതിലാണ് ഇരിക്കുക.
വീട് ഒരു ചെറുതാണ്.
ഇറയത്തു രണ്ടു അറ്റത്തും തിണ്ണയുണ്ട്.
മഴ പെയ്യുമ്പോള്‍ തൂവാലയടിക്കാതിരിക്കാന്‍ പനയോല കൊണ്ട് മെനഞ്ഞ തട്ട് കെട്ടിയിരുന്നു.
മുറ്റത്തിന്റെ അങ്ങേ അറ്റത്തായി കിണറുണ്ട്.
പടിക്കല്‍ രണ്ടു തൂണ് ഉണ്ടായിരുന്നു.
അതിന്‍റെ മുകളില്‍ സിംഹത്തിന്‍റെ രൂപം ഉണ്ടാക്കി വെച്ചിരുന്നു.

തിണ്ണയില്‍ ചാരുകസേരയുടെ അടുത്ത് മുറുക്കാന്‍ ചെല്ലം ഉണ്ടായിരുന്നു.
വെറ്റിലയും,അടയ്ക്കയും,ചുണ്ണാമ്പും,പുകലയും ഇപ്പോഴും അതില്‍ നിറഞ്ഞിരുന്നു.
എന്നെ കാണുമ്പോള്‍ മുത്തശ്ശന്‍ പറയും മുറുക്കാനെടുത്തു ചതച്ചു കൊടുക്കാന്‍.
അതിനായി ഒരു കുഞ്ഞു ഇരുമ്പു കത്തിയും അതിലുണ്ടായിരുന്നു.
മുത്തശ്ശന്റെ കൂടെ ഒന്ന് മൂന്നും കൂട്ടും.
വെറ്റിലയുടെ മണം എനിക്കൊരുപാടിഷ്ടമാണ്.

മുത്തശ്ശന്‍ നല്ല സദ്യ ഉണ്ടാക്കുമായിരുന്നു.
മുത്തശ്ശന്റെ മാങ്ങാക്കറിയും,പുളിയിഞ്ചിയും ഒക്കെ അസാധ്യമായിരുന്നു.
തനി നാട്ടിന്‍ പുറത്തുകാരന്‍,നിഷ്കളങ്കന്‍,ശുദ്ധന്‍ അങ്ങനെ ഒക്കെ ആയിരുന്നു മുത്തശ്ശന്‍..
അതൊക്കെ ഇപ്പോഴാണു മനസിലാവുന്നത്.
മുറുക്കി കേടായ പല്ലുകള്‍ മുഴുവനും കാനിച്ചുകൊണ്ടേ മുത്തശ്ശന്‍ ചിരിക്കുമായിരുന്നുള്ളൂ.
കറുത്ത് വണ്ണത്തില്‍ ഒട്ടും സുന്ദരനല്ലാത്ത ഒരാള്‍..
(പക്ഷെ മനസ്സോ.............ശുദ്ധ പശുവിന്‍ പാല് പോലെ വെളുത്ത്............)
മുത്തശ്ശി വെളുത്തു മെലിഞ്ഞിട്ടും.

അടുത്തുള്ള ചിറ്റെങ്കര അമ്പലത്തില്‍ മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു കഴകവും,വിളക്ക് വെയ്പ്പും ഒക്കെ.
പൂജയോ,മറ്റൊന്നുമോ അവിടെ ഉണ്ടായിരുന്നില്ല.
ആരും തൊഴാനും പോവാറില്ല.
ഇപ്പൊ,കാലങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോ എന്തായി എന്നറിയില്ല.
മുത്തശ്ശി എന്നും അവിടെ അടിച്ചു തുടയ്ക്കും,വിളക്ക് വെക്കും.
ഒരു മാല ചാര്‍ത്തും.
കൃഷ്ണനാണെന്ന് തോന്നുന്നു പ്രതിഷ്ഠ.
ആ ശ്രീ കോവിലിനുള്ളില്‍ ഞാന്‍ ഒക്കെ കേറിയിട്ടുണ്ട്.
ഈ പറഞ്ഞതൊക്കെ എനിക്കൊരു പത്തില്‍ അഞ്ചില്‍ താഴെ പ്രായമുള്ളപ്പോഴത്തെ കഥകളാണ് കേട്ടോ.
ഇപ്പൊ കാലം കുറെ ആയി.
ദേവസ്വം ഒക്കെ ഏറ്റെടുത്തോന്നൊരു സംശയണ്ട്.
കൂടുതലായി നിശ്ശല്യ.
കണ്ടാല്‍ പോലും അറിയുമെന്ന് തോന്നുന്നില്ല.

ആ അമ്പലത്തിന്‍റെ കാര്യം പറയുമ്പോള്‍ വേറൊന്നു കൂടി പറയണം.
അവിടെ മുറ്റത്ത്‌ രണ്ടു വലിയ അരളി അമരം നിന്നിരുന്നു.
(ഇവിടെ അതിനെ കുങ്കുമാപ്പൂവേന്നാത്രേ പറയുന്നേ.)
ഇലയില്ലാത്ത മരത്തില്‍ ഒന്നില്‍ നിറയെ വെളുത്തതും,മറ്റേതില്‍ ചുവന്നതും ആയ അരളിപ്പൂക്കള്‍ നിറയെ പൂത്തു നില്‍ക്കും.
താഴെ വീണ വാടാത്ത പൂക്കള്‍ പെറുക്കിയെടുത്ത് ഈര്ക്കിലയില്‍ കോര്‍ക്കും.
പൂക്കാവടി എന്നും പറഞ്ഞു അതും പിടിച്ചു കൊണ്ട് നടക്കും.
മഞ്ഞ കോളാമ്പിയും,ചെമ്പരത്തിയും ഒക്കെ ഈ കൂടെ കോര്‍ക്കും.
ഒരു രസം.

വെളുത്ത പൂക്കള്‍ക്ക് മറ്റെതിനെക്കാളും വല്ലാത്ത വിശുദ്ധിയുണ്ട്.
നൈര്‍മല്യം,നിഷ്കളങ്കത അങ്ങനെയൊക്കെ അവയ്ക്ക് കൂടുതലാണ്.
ഗന്ധര്‍വനെ ഓര്‍മ്മിപ്പിക്കുന്ന മണമാണ് അരളിപ്പൂക്കള്‍ക്ക്.
ഒരു പതിവ്രതയുടെ സൌന്ദര്യമുണ്ട് വെളുത്ത അരളി പൂവിന്.
ചുവപ്പിനാണെങ്കില്‍ പ്രണയത്തിന്‍റെ ഭാവവും.
(ഈ പൊട്ടത്തരമൊക്കെ എനിക്ക് മാത്രമേ തോന്നുള്ളൂ.)

അടുത്തുള്ള അമ്പലത്തിലേക്ക് മാല കെട്ടി കൊടുക്കാറുണ്ടായിരുന്നു അവിടന്ന്.
മുത്തശ്ശീം,മുത്തശ്ശനും,ചിറ്റമാരും ഒക്കെ കൂടും.
നനച്ച ദര്‍ഭ പുല്ലില്‍,ചെറിയ നന്ത്യാര്‍വട്ടവും,നല്ല തെച്ചിയും,തുളസിയും ഇടവിട്ടും,ഒറ്റയ്ക്കും കെട്ടും.
മുത്തശ്ശനും,മുത്തശ്ശിയും ഒരുമിച്ചു നാരായണീയം ജപിക്കും.
പൂക്കള്‍ ചേര്‍ത്ത് കൊടുക്കാന്‍ ഞാനും കൂടും.
പിറ്റേന്ന് അത് അമ്പലത്തില്‍ കൊടുക്കാനും.

അമ്മാത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വളരെ കുറച്ചേയുള്ളൂ.
ഇതിനു മുന്‍പ് ഒരിക്കല്‍ എഴുതിയതും ഇതൊക്കെ തന്നെയാണെന്ന് തോന്നുന്നു.
ഒരു കളിയടയ്ക്കയില്‍ നിന്നുണ്ടായതാണ് ഈ ഓര്‍മ്മകള്‍ മുഴുവനും.
ഈ ഓര്‍മ്മകള്‍ ചിലപ്പോള്‍ വെടിക്കെട്ട്‌ പോലെ ആണ്.
ഒരു വലിയ അമിട്ടില്‍ നിന്ന് തുടങ്ങും.
പിന്നെ വലുതോ ചെറുതോ എന്നാ വ്യത്യാസമില്ലാതെ പൊട്ടി തുടങ്ങും.
ഒടുവില്‍ കലാശക്കൊട്ടില്‍ വാക്കുകള്‍ കൊണ്ട് നിരത്താനാവാത്ത വിധം മനസ്സില്‍ നിറയും.

രണ്ടു മൂന്നു ദിവസങ്ങളായി എന്‍റെ സായാഹ്നങ്ങള്‍ മനോഹരങ്ങളായിരുന്നു.
അന്ന് നവാ മുകുന്ദനെ കണ്ടു.
പിറ്റേന്ന് കാലങ്ങള്‍ക്ക് ശേഷം കൂട്ടുകാരിയോട് സംസാരിക്കാന്‍ സാധിച്ചു.
മനസ്സില്‍ പ്രകാശം നിറയ്ക്കുന്ന അവളുടെ വാക്കുകളുടെ മനോഹാരിത നേരിട്ട് കേട്ട് സന്തോഷിച്ചു.
കൂട്ടുകാരീ.............നിന്നോട് പറഞ്ഞോട്ടെ......
"നീ ഇപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു."
ഇന്നലെ അമ്പലത്തില്‍ ഗുരുതിയോടൊപ്പം ലക്ഷദീപം തെളിയിച്ചത് കണ്ടു.
ചെരാതില്‍ നിറയെ എണ്ണയില്‍ ആളാതെ,ആടാതെ കത്തുന്ന തിരികളുടെ പ്രകാശം മനസ്സില്‍ നിന്നും ആത്മാവിലേക്കിറങ്ങി.
ഹൃദയം നിറഞ്ഞ ഭക്തി,സ്നേഹം,ഒക്കെ ആ കാഴ്ച തന്നു.
കല്യാണി അതിസുന്ദരി ആയിരുന്നു.
അച്ചുവും,അമ്മയും കൂടി അമ്പലത്തിന്‍റെ ഉള്ളില്‍ വരിയായി വെച്ചിരുന്ന ചെരാതുകള്‍ കത്തിച്ചു.
മനസ്സില്‍ സന്തോഷം നിറയാന്‍ ഇത്രയൊക്കെ പോരെ????????????





2 comments:

  1. വായിക്കാന്‍ നല്ല സുഖമുണ്ടായിരുന്നു ...ആശംസകള്‍ ...

    ReplyDelete
  2. വായിക്കാന്‍ നല്ല സുഖമുണ്ടായിരുന്നു ...ആശംസകള്‍ ...

    ReplyDelete