Sunday, June 14, 2020

മഴ ദിവസങ്ങളായിരിക്കുന്നു. എപ്പോ വെള്ളപ്പൊക്കം വരുമെന്ന പേടി ണ്ടെങ്കിലും, ഈ കൊറോണ കുരിശ് ടെൻഷൻ ആക്കുന്നുണ്ടെങ്കിലും  മഴ കാണുമ്പോ സന്തോഷം തന്നെയാണ് തോന്നുന്നത്. മരങ്ങളും ഇലകളും പൂക്കളുമൊക്കെ നനയുന്ന കാണുമ്പോൾ ആ കൂട്ടത്തിലൊന്നായി മാറാൻ കൊതിയാവാറുണ്ട്. അതുകൊണ്ട് തന്നെ mobile gallery മുഴോനും മഴയിലെ പച്ചയും പൂക്കളുമാണ്. കാണുമ്പോ മനസ്സ് നിറയും സന്തോഷവും സ്നേഹവും കൊണ്ട്. എല്ലാ ദിവസോം തലങ്ങും വെലങ്ങും പടംപിടുത്തമാണ് ഇപ്പഴത്തെ പണി. സമാധാനം കിട്ടാനുള്ള ഓരോ വഴികൾ......(എന്നാലും പറയാതെ വയ്യ കടപ്പാട് ലിഷേച്ചിയ്ക്ക് പിന്നെ ചിഞ്ചൂന്. കാണുന്നതൊക്കെ ക്ലിക്കുന്ന പഴയ സ്വഭാവം തിരിച്ചു തന്നതിന്, 🙂🥰😍😘)

ഇതിനിടയിൽ കൊറേ കാലം കൂടി നാദൂനോട്‌, ജെറിയോട്, ഒക്കെ മിണ്ടി. ചില പുതിയ സൗഹൃദങ്ങളിലോട്ട് എത്തി, അങ്ങനെ ചില സന്തോഷങ്ങൾ കൂടി സംഭവിച്ചു 🙂. രാവിലെ  സുപ്രഭാതം കേട്ടുകൊണ്ടുള്ള അടുക്കളപ്പണി പുതിയ വിശേഷാണ്. അതുപോലെ tulsi, ഇഞ്ചി കോമ്പിനേഷനിലുള്ള ആ ചായ or കാപ്പി എന്താച്ചാ അതും. അങ്ങനെ ഇരിക്കുമ്പോ അല്ലെങ്കിൽ പണിത്തിരക്കിനിടയിൽ പാച്ചു അമ്മേ വാ, കമ്മ് ന്നും പറഞ്ഞോണ്ട് കൈ പിടിച്ചു കൊണ്ടോയി കട്ടിലിൽ ഇരുത്തി മടിയിലേക്ക് വന്നിരിക്കും. എന്നിട്ട് പിന്നെ ഉമ്മമഴ പെയ്യിക്കും. ഒരിക്കൽ മാത്രേ അങ്ങനെ കാണിച്ചിട്ടുള്ളൂ അവനോട്. അതീ പിന്നെ അവനത് തിരിച്ചു ചെയ്യാൻ തുടങ്ങി. കണ്ണുകളിലും മൂക്കിലും കവിളുകളിലും ചുണ്ടിലും താടിയിലുമൊക്കെ അവനുമ്മ തന്ന് നിറയ്ക്കുമ്പോ ഒക്കെ എനിക്കെന്റെ അച്ചൂനെ അറിയാൻ പറ്റാറുണ്ട്. ഇന്നലെ അച്ചൂന്റെ അരഞ്ഞാണം അവനെ ഇടീപ്പിച്ചപ്പോ അവൾ കാണിക്കുന്ന പോലെ അവനും അത് ബുദ്ധിമുട്ട് ന്ന് കാണിച്ചു. 

Face ബുക്കിൽ എനിക്കേറ്റവും ഇഷ്ടം memories നോക്കാനാണ്. രാവിലെ എണീറ്റ ഉടനെ ഞാൻ memories ൽ എന്തേലും ണ്ടോ ന്ന് നോക്കും. മിക്കവാറും അച്ചുപ്പടങ്ങൾ ണ്ടാവും. Vs നെ പോലെ ഷെയർ ചെയ്താലോ എന്നോർക്കും. പിന്നെ തോന്നും വേണ്ട ന്ന്. പലരും പറയാറുണ്ട് അവളെ കുറിച്ച് വായിക്കണതന്നെ സങ്കടാണ് ന്ന്. അപ്പൊ ഇനി ഫോട്ടോ കൂടി ഇട്ടിട്ട് വെറുതെ മറ്റുള്ളോരെ സങ്കടപ്പെടുത്താൻ പാടില്ലല്ലോ. അവൾക്ക് വേണ്ടി കരയാനും എത്ര പേരാണെന്ന് ഞാൻ ഓർക്കാറുണ്ട്. അല്ലെങ്കിലും കുഞ്ഞുങ്ങൾ എപ്പോഴും എല്ലാവരുടേയുമാണല്ലോ. ശാരി ചേച്ചി പറഞ്ഞിട്ടുണ്ട് ആമി എന്റേം കൂടി ആണെന്ന്. ലോകത്തിലുള്ള എല്ലാ കുഞ്ഞുങ്ങളും ഇന്നെന്റെ കൂടിയാണ്. അത്കൊണ്ട് തന്നെ സങ്കടാണ് കുട്ട്യോൾക്ക് എന്തേലും വരണത്. വെറുപ്പാണ് കുട്ട്യോളെ സങ്കടപ്പെടുത്തണോരോടൊക്കെ. 

പാച്ചുക്കഥ പറയാൻ തുടങ്ങ്യ തീരില്ല. മാധവൻ ഇട്ട പോലെ പിച്ചാത്തി പാച്ചു ആണ് അവൻ. കൊറേ വാക്കുകൾ പറഞ്ഞു തുടങ്ങി. ഉറങ്ങാൻ അച്ചൂനെ പോലെ അവനും നീലകാർമുകിൽ കേൾക്കണം. അതിനവൻ പറയാ അമ്മേ മഞ്ഞ മഞ്ഞ ന്നാണ്. നീല അവനെങ്ങനെ മഞ്ഞ ആയോ ആവോ..... ഇലയിലുണ്ണാൻ വല്ല്യ ഇഷ്ടാണ്. വൃത്തിയായി കഴിച്ചോളും. സ്വന്തം ഫോട്ടോ, വീഡിയോ okke എത്ര നേരം വേണേലും നോക്കിയിരുന്നോളും. മണ്ണ് തേച്ച ചുമരിൽ പേന കൊണ്ട് വരക്കുമ്പോ നിയ്ക്കും vs നമ്പർ തല ചുറ്റും😓😓😓😓. എന്നെ പോലെ ചോറ് അവനും weakness ആണ്. Vs നെ ചേട്ടാ... ന്നല്ലാതെ വിളിക്കില്ല. ഇരുട്ടും ഇടിയും മാറാലയും മാത്രേ പേടിയുള്ളൂ. അങ്ങനെ പാച്ചു വിശേഷം നീണ്ടു നീണ്ടു പോണു... 

അനു ഒരു ഹിമാലയൻ ഗ്രൂപ്പിൽ ചേർത്തിയെ പിന്നെ ആ സ്വപ്നം ഹിമാലയത്തോളം വലുതായി കൊണ്ടിരിക്കുന്നു. കൊറോണ പേടി കാരണം കള്ളത്തരം കാണിച്ചു മഴ നനയാൻ ഇപ്പോ ശ്രമിക്കാറില്ല. എങ്കിലും കുറച്ചൊക്കെ നനയും. അതിനല്ലെങ്കി പിന്നെന്തിനാപ്പൊ ഈ നടുമുറ്റം 😋. ഇനിയെന്നാ പാച്ചൂന്റെ അമ്മാത്തേക്കു പോവാൻ പറ്റാ... 😓😓😓. രാധ വല്യമ്മ വിളിക്കുമ്പോ ഒക്കെ അതിനെ പറ്റി പറഞ്ഞ് സങ്കടപ്പെടാറുണ്ട്. പത്തു പതിനഞ്ചു കൊല്ലം മുൻപ് നടന്നിരുന്ന പോലെ ഒരിക്കൽ കൂടി പഴയ വഴികളിലൂടെ നടക്കണം അത്രമേൽ പ്രിയമുള്ള സൗഹൃദങ്ങളെ ഒന്നൂടെ ആഘോഷിക്കണം ന്നൊക്കെ വിചാരിച്ചിരുന്നതായിരുന്നു. എന്ന് നടക്കാനാണാവോ !!!!! 

അപ്പൊ ഇതൊക്കെയാണ് ഇവിടുത്തെ എന്റെ വിശേഷങ്ങൾ. വായിച്ച് ഇവടെ വരെ എത്തി, പിന്നെ ചോട്ടിൽ കമന്റ് ഇടണോരോടൊക്കെ കൊറേ സ്നേഹം. അല്ലാത്തവരോട് കൊറച്ചു സ്നേഹം(അല്ലപിന്നെ വന്നു പറയാലോ നന്നായി ന്നോ നന്നായില്ല ന്നോ, ചുമ്മാ like അടയാളപ്പടുത്തി പൊക്കോളും 😏😏😏ഇത്തവണ രണ്ട് വാക്ക് പറഞ്ഞിട്ട് പോയാ മതി എല്ലാവരും)

എല്ലാവരോടും സ്നേഹം 😊❤️

Friday, May 1, 2020

കാലങ്ങൾക്ക് ശേഷം ഒരുപിടി ചിത്രങ്ങളുമായി .........................




എടുത്തു കഴിഞ്ഞ് നോക്കിയപ്പോൾ എനിക്കൊരുപാടിഷ്ടായി ഈ ഫോട്ടോ.എന്നോ എടുക്കാൻ മറന്നു വച്ച ഒരു ചിത്രം. നിറം മങ്ങിയ ചിത്രങ്ങൾ കാണുമ്പോൾ ഒക്കേം എനിക്ക് തോന്നും ഒരുപാട് കാലം ഞാൻ പുറകോട്ടേക്ക് എത്തിയെന്ന്. മനസ്സുകൊണ്ട് കഴിഞ്ഞ കുറേ കാലങ്ങളായി ഞാൻ ചെയ്യുന്നതും അത് തന്നെ. പുറകോട്ടേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുക.......വന്ന വഴിയായിരുന്നു ഇതുവരെ നല്ലത്. എവിടെയൊക്കെയാണ് തട്ടിവീണതെന്ന് കൃത്യമായി അറിയാവുന്നതു കൊണ്ട് നടക്കാൻ എളുപ്പമാണ്, പുതിയൊരു വഴിയിലൂടെ പോവുന്നതിനേക്കാളും.......





നിറമില്ല. മണമില്ല. കാണാൻ ഒരു പ്രത്യേകതയും ഇല്ല. എങ്കിലും ഒരു നന്മയുണ്ട്. ഒരു വിശുദ്ധിയുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തെ എനിക്ക് പ്രിയമുള്ളതാക്കുന്നത്. ഇതെന്റെ മനസ്സാണ്. ഇത് ഞാൻ തന്നെയാണ്. ഈ എന്നെയാണ് ഞാൻ നിനക്കായി സമർപ്പിച്ചിരിക്കുന്നത്.



നിന്നെ കുറിച്ചുള്ള വിചാരങ്ങളിലേക്ക് ഞാൻ പലപ്പഴും യാത്രയിൽ പോവുന്നത് ദാ ഇതുപോലൊരു സ്വപ്നത്തോണിയിലാണ്. ഒരു പൂവായി ഒരു പൂക്കാലത്തിലേക്കുള്ള എന്റെ യാത്ര.......




മഴ നനഞ്ഞു കൊണ്ട് എന്നെ പിന്നിലിരുത്തി നിന്നെക്കൊണ്ട് ഒരു സൈക്കിൾ യാത്ര തരാക്കണം ന്നൊരു മോഹം ശ്ശി കാലം മുന്നേ ള്ളതായിരുന്നു. മുന്നിൽ നിറയെ ആമ്പൽ പൂക്കൾ നിറച്ച ചേമ്പിലപൊതി തിരുകി വച്ചും പിന്നിൽ അത്ര തന്നെ കയ്യിലും പിടിച്ച ആമ്പൽ പൂക്കളും ഞാനും നീയും..... ആഹാ..... ന്താ ചന്തം ലെ ആ ചിത്രത്തിന്.... !!!!!




കൊമ്പുകൾക്കും ഇലകൾക്കുമിടയിലൂടെ വരുന്ന വെളിച്ചം.... ഓർമ്മിപ്പിക്കുന്നത് ഒരിക്കൽ കൂടി നിന്നെ തന്നെയാണ്. എന്റെ വേദനകൾക്കുള്ള മരുന്നായി ദൈവം എനിക്കായി അയച്ചതാണ് നിന്നെ. നീ തന്നെയാണ് എന്റെ വെളിച്ചം.





ഒരു നിമിഷം കൊണ്ട് എനിക്കെന്റെ അഞ്ചു വയസ്സിലേക്ക് തിരിച്ചെത്താൻ വേണ്ടി ഞാൻ സൂക്ഷിച്ചിരിക്കുന്ന ഒന്നാണ് ഈ ചിത്രം. പക്ഷെ ഇപ്പോൾ എനിക്കെന്റെ ബാല്യം മാത്രമല്ല എന്റെയുള്ളിലെ സ്നേഹത്തെയും ഇത് കാണിച്ചു തരുന്നുണ്ട്. മഴത്തുള്ളികൾ അത്രമേൽ ചന്തമുള്ളതാക്കിയ ഈ ഇളം വയലറ്റ് നിറമുള്ള ബലൂൺ ആരുടെ ഉള്ളിലാണ് പ്രണയം നിറയ്ക്കാത്തത്.... അല്ലെ?????






എന്റെ കുഞ്ഞാകാശത്തിലെ ഒരു കുഞ്ഞി കഷ്ണം താഴേക്ക് വീണു. വെയിലതിനെ പലതാക്കി നുറുക്കിയിട്ടു.






ചെറി കായ്കൾക്ക് മധുരം കുറവാണെങ്കിലും കൊമ്പുകൾക്കിടയിൽ പച്ചിലപ്പാമ്പിനെ കണ്ടുവെങ്കിലും എല്ലാവരും വെട്ടിക്കളയാൻ പറഞ്ഞുവെങ്കിലും അതങ്ങനെ നിർത്തിയത് ദേ നിനക്കിതുപോലെ വന്ന് സമാധാനത്തോടെ ഇരിക്കാൻ വേണ്ടിയാണെന്റെ ബുൾബുൾ കിളീ.... നിന്നിലെ അമ്മയെ കാണാനും നിന്റെ മക്കളെ കാണാനും അതിലൂടെ ഞാനെന്റെ അച്ചൂനെ അറിയാനും വേണ്ടി മാത്രം.......





ഈ വെള്ളത്തിനു മുകളിലൂടെ ഒരു ഇല പോലെ  ഒഴുകിയൊഴുകി..... ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഒളിച്ചോടാൻ ഞാൻ ചിലപ്പഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. ഇനി ചിലപ്പോൾ വെള്ളത്തിനു മീതെ നടക്കാനാവുന്ന മായാജാലക്കാരിയാവുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. എങ്കിലും ഏറ്റവും പ്രിയപ്പെട്ട സ്വപ്നം നിനക്കൊപ്പമുള്ളത് തന്നെയാണ്. ആരും കണ്ടിട്ടില്ലാത്ത രണ്ട് സുന്ദരൻ മത്സ്യങ്ങളായി ഈ കടലാഴങ്ങളിലേക്ക് മുങ്ങിയും മഴ നനയാൻ വേണ്ടി മാത്രം പൊങ്ങി വരികയും ചെയ്യുന്ന രണ്ട് പ്രണയ മത്സ്യങ്ങൾ.



ഞാനെടുക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ നിനക്കെന്താ തോന്നാറുള്ളെ ......???
എനിക്കീ കാഴ്ചകളെല്ലാം തന്നെ സ്നേഹമാണ്.
നിനക്കോ ??? 
ഈ ചിത്രങ്ങളെല്ലാം നിന്റെയുള്ളിൽ നിന്റെ കണ്ണുകളിൽ എന്നെ നിറയ്ക്കണം. അതാണെന്റെ ആഗ്രഹം . ഇത് കണ്ടോ നിനക്കായി ഞാൻ സൂക്ഷിച്ച ഏറ്റവും സുന്ദരമായൊരു കാഴ്ച . ഇനിയൊരിക്കൽ കൂടി എനിക്കവിടെ പോണം. രണ്ടു കടലുകളേയും കാണിച്ചു കൊണ്ട് നിന്നോട് പറയണം ഈ രണ്ടല്ല മറിച്ച് ഏഴു കടലും കൂടി ചേർന്നാലുള്ളത്ര സ്നേഹം എനിക്ക് നിന്നോടുണ്ടെന്ന്.



Wednesday, April 29, 2020

പ്രിയപ്പെട്ടവനേ,


ഇവിടെയിരുന്നോണ്ട് ഞാനും അറിയുന്നുണ്ട് അവിടെ 
നിന്നെ തണുപ്പിക്കുന്ന മഴയുടെ കുളിരിനെ....... 
മഴ ശബ്ദം കേട്ടോണ്ട് കണ്ണടച്ച് കിടക്കണ നിന്നെയും നോക്കി അടുത്തൊരു കസേരയിൽ ഞാനിരിപ്പുണ്ട്.
മഴയെ കേട്ട് നിന്നെ കണ്ടോണ്ടിരിക്കുക എന്നതിനേക്കാൾ വലിയ സന്തോഷം വേറെയെനിക്കെന്താണിപ്പോഴുള്ളത്.....
ഒരു ഗ്ലാസ്‌ കട്ടൻകാപ്പി കൂടി ഈ നിമിഷം എന്റെ കൈക്കുള്ളിൽ ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ രസായേനെ. ഞാൻ പോയി അതുണ്ടാക്കി കൊണ്ടുവരാം....
നിനക്ക് വേണോ???

ഈ രാത്രി മുഴുവനും മഴ......
നോക്കിയിരിക്കാൻ കൂടെ നീയും..... കാപ്പിമണക്കുന്ന നമ്മുടെ ഉമ്മകളും....

ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മഴയും നേർത്ത കാറ്റും കൂടി ഇലകളെ നൃത്തം പഠിപ്പിക്കണ പോലെ തോന്നി. അത് കണ്ടപ്പോൾ എനിക്കും ഓടിച്ചെന്ന് അവരുടെ കൂടെ ആടാൻ കൊതിയായി. മഴക്കാറ് കാണുമ്പോ സ്വയം മറന്നാടുന്ന മയിലുകളുടെ ആനന്ദനൃത്തം പോലെ എനിക്കും സ്വയം മറന്നാടണം ഏറ്റവും മനോഹരമായൊരു നൃത്തം. മഴത്തുള്ളികൾ പ്രണയമെന്ന ഭാവം  മാത്രമായിരിക്കും  ഉമ്മ വച്ചുകൊണ്ട് അപ്പോഴെന്റെ മുഖത്ത് നിറയ്ക്കുക.
നിന്നോട് ചേർന്നു നിന്നപ്പോൾ നിന്റെ നെഞ്ചിനുള്ളിൽ നിന്നെന്ന പോലെ കേൾക്കുന്നുണ്ട് മഴ മൂളുന്ന പ്രണയഗീതം....

ദേ... 
ഇപ്പൊ ഇവിടേക്കും എത്തി ആ മഴചാറ്റലുകൾ. 
എനിക്ക് വേണ്ടി നീ പറഞ്ഞ് വിട്ടതെന്ന് മാത്രം ഞാൻ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപിടി മഴനൂലുകൾ..... 

Tuesday, February 18, 2020

രാമേശ്വരത്തേക്ക് പോയി. ഒരുപാട് പോവാനും കാണാനും ആഗ്രഹിച്ച സ്ഥലാണ് അത്. പക്ഷെ പോയതോ അത്രമേൽ സങ്കടപ്പെട്ട ഒരു കാര്യത്തിനും. ഒട്ടും ആഗ്രഹിക്കാത്ത ഒരു സമയത്ത്. അല്ലെങ്കിലും കാലം എപ്പോഴും അങ്ങനെയാണ്. ഇഷ്ടപ്പെട്ടത് ആഗ്രഹിക്കണ സമയത്ത് അനുവദിക്കില്ല.
ഒരു കൊല്ലം തികയുന്ന ദിവസം..... അവൾക്കായി അത് ചെയ്യേണ്ട ദിവസം. (മരണം, ശ്രാദ്ധം എന്ന വാക്കുകളൊന്നും അവളെ ചേർത്ത് എനിക്കിനിയും പറയാൻ സാധിക്കുന്നില്ല)അടുത്താവും തോറും ആ ദിവസത്തേക്കായി ഞാനെന്നെ പാകപ്പെടുത്താൻ കുറച്ചു നാളായി ശ്രമിച്ചു കൊണ്ടിരിക്ക്യായിരുന്നു.

വണ്ടിയിലിരുന്ന് ഞാൻ ഓർത്തുകൊണ്ടേയിരുന്നു എന്റെ കുഞ്ഞിനെ. ആ യാത്ര അവൾക്കും ഇഷ്ടമാവുമായിരുന്നു. Ac ബസ് കൂടെ പ്രിയപ്പെട്ട എല്ലാവരും... അങ്ങനെയൊക്കെ. ആ അവസാന ദിവസം.... അവസാന മണിക്കൂർ..... ചിന്തകൾ,  ഓർമ്മകൾ അവടെ എത്തുമ്പോഴേക്കും എനിക്കാകെ ശ്വാസം മുട്ടാൻ തുടങ്ങും. തൊണ്ടക്ക് പുറത്തേക്ക് കരച്ചിലിന് വരാനാകാതെ മരണവെപ്രാളം പോലെ എന്തോ എന്നെ വരിഞ്ഞു മുറുക്കും.

കരയാൻ തോന്നുമ്പോ കരയണം ഇല്ലെങ്കിൽ അത് വല്ലാത്ത ബുദ്ധിമുട്ട് ആണ്. ഈയിടെ ആയി എനിക്കത് പറ്റാറില്ല പലപ്പോഴും. വണ്ടിയിലിരുന്ന് കുറേ വിഷമിച്ചോണ്ടിരുന്നു. പിന്നേ കുറേ കലപില കൂട്ടി. പിന്നേ പുറത്തേക്ക് നോക്കി. അപ്പോഴെല്ലാം ആൾക്കൂട്ടത്തിൽ തനിച്ചെന്നു തോന്നി. നിന്നെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. നീയും ഞാനും മാത്രമായുള്ള യാത്ര എന്നൊക്കെ സങ്കൽപ്പിച്ചു. നീയുണർന്നിരിക്കുമ്പോൾ ഞാൻ നിന്റെ തോളിലും ഞാനുണർന്നിരിക്കുമ്പോൾ നീയെന്റെ തോളിലും തല ചായ്ച്ചുറങ്ങുന്നതൊക്കെ സങ്കൽപ്പിച്ചു. അപ്പോഴും സമാധാനം കിട്ടിയില്ല എന്റെ മനസ്സിന്. നിന്നിലേക്കെത്തുമ്പോൾ ശാന്തമാവുന്ന സ്വസ്ഥമാവുന്ന എന്റെ മനസ്സ്.... ഈ യാത്രയിലെന്നെ തോൽപ്പിച്ചുകൊണ്ടേയിരുന്നു.

ഒരു കുഞ്ഞ് കുടത്തിലാക്കി കൂടെ കൂട്ടിയ എന്റച്ചൂനെ ഞാനെങ്ങനെ ആ കടലിൽ കൊണ്ടോയി കളയും എന്ന് ഞാനെന്നോടുതന്നെ ചോദിച്ചു കരഞ്ഞോണ്ടിരുന്നു. ഇടക്കെപ്പഴോക്കെയോ ഉറങ്ങുകയും ചെയ്തു. അവിടെയെത്തി പിറ്റേന്ന് കാലത്തെ അതിനായി കടൽക്കരയിലേക്ക് പോയി. ഒരുപാട് ആളുകൾ മുങ്ങുന്നു പലരും കർമ്മങ്ങൾ ചെയ്യുന്നു ഒക്കെ കണ്ട് മനസ്സ് തീർത്തും നിസ്സംഗമായി നിന്നു. അതെടുത്തു ഒഴുക്കിക്കളഞ്ഞപ്പോൾ ആ കൂടെ എന്റെ ജീവനും പോയെന്നു തോന്നി. അതെ ഞാൻ മരിച്ചിട്ടും ഒരു വർഷം ആയിരിക്കുന്നു. അതെനിക്കും കൂടിയുള്ള  ബലിയിടൽ ആണ് എന്ന് ഞാൻ എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.

കടൽ എനിക്കെത്ര കണ്ടാലും മതിയാവാത്ത ഒന്നായിരുന്നു എപ്പഴും. പക്ഷെ ഞാനൊന്നും കണ്ടില്ല ഉദയം കാണൂ സൂര്യൻ പൊങ്ങിവരുന്നത് നോക്കൂ എന്നൊക്കെ ചുറ്റും ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്റെ കണ്ണിലേക്കൊന്നും തെളിഞ്ഞു വന്നില്ല. കൈ പിടിച്ചു കൊണ്ടോയി കടലിലൊന്നു മുങ്ങി. അത്രമേൽ ശൂന്യമായ മനസ്സോടെ ഇതിനുമുൻപൊരിക്കലും ഞാനുണ്ടായിട്ടില്ല.

22തീർത്ഥങ്ങളും നെറുകയിൽ വീണുവെങ്കിലും തലക്കുള്ളിൽ സങ്കടമിങ്ങനെ തിളച്ചു മറിയുന്ന പോലെ അനുഭവപ്പെട്ടു. കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമ ഓർമ്മ വന്നു. അന്നേരം സങ്കടം ഒന്നൂടെ കൂടി. അത്രയധികം എന്നെ കരയിപ്പിച്ച ഒരു സിനിമയാണ് അത്. ധനുഷ്‌കോടി പോയി. വെയിലത്ത്‌ ഒരുപാട് ദൂരം നടന്നോണ്ട്... ഒടുക്കം  രണ്ട് കടലും ചേരണതും നോക്കി നിന്നു. തിരകളിലൂടെ വന്നു തൊട്ട കക്കകളെ ഒന്നിനേം കുനിഞ്ഞെടുക്കാൻ ഞാൻ തുനിഞ്ഞില്ല. അതെല്ലാം എനിക്കത്ര ഇഷ്ടമുള്ള കടലിഷ്ടങ്ങൾ ആയിരുന്നു. ആ ഇഷ്ടങ്ങളും എനിക്ക് നഷ്ടായി.

കണ്ണീരല്പമെങ്കിലും തോർന്നത് നിന്നെ കുറിച്ച് ഓർക്കുമ്പോൾ മാത്രമായിരുന്നു. നിന്റെ ചിരി ഓർക്കുമ്പോൾ മാത്രം ചിരിക്കാനാവുന്ന ഒരുവളായിരിക്കുന്നു നിന്റെയീ ഞാൻ. അതുകൊണ്ട് നീയെപ്പോഴും ചിരിച്ചോണ്ടിരിക്കണമെന്ന് ഞാനിതാ ഒരിക്കൽക്കൂടി നിന്നോട് പറയുന്നു.

തിരിച്ചന്നു രാത്രി അവിടന്ന് പോന്നു. വരുന്ന  വഴി പാച്ചു വലിയ കരച്ചിലായിരുന്നു. അന്നവളുടെ അവസാന നിമിഷങ്ങളിൽ അവൻ കരഞ്ഞ പോലെ ആ രാത്രി വീണ്ടും..... എത്രയൊക്കെ സമാധാനിപ്പിക്കാൻ നോക്കിയിട്ടും അവൻ കരഞ്ഞുകൊണ്ടേയിരുന്നു. എന്നെ ഇവിടെ ഇട്ടിട്ട് എല്ലാരും പോവാണോ ന്ന് അവന്റെ കരച്ചിലിൽ കൂടി അവൾ ചോദിക്കുന്ന പോലെ...... പിറ്റേന്ന് രാവിലെ മധുരമീനാക്ഷിയെ കണ്ടു. ഒരു ഫോട്ടോ മേടിച്ചു. അതൊരു വല്യ ആഗ്രഹായിരുന്നു അതും സാധിച്ചു.

പാച്ചുതല മൊട്ടയാക്കി മുരുകന്റെ മുന്നിൽ വച്ച്. പാതിരാത്രി തിരിച്ചെത്തി. അങ്ങനെ ഒരു യാത്ര. കരഞ്ഞും ചിരിക്കാൻ ശ്രമിച്ചും പ്രണയത്തെ പിന്നെയും പിന്നേയും ചേർത്ത് പിടിച്ചോണ്ടൊരു യാത്ര. എപ്പഴൊക്കെയോ ആഗ്രഹിച്ചു ആ കരച്ചില് മുഴുവൻ തുടച്ചുതരാൻ ഒരു ഹൃദയമിടിപ്പിനപ്പുറം നീയുണ്ടായിരുന്നെങ്കിലെന്ന്. നിനക്കൊപ്പം ഇനിയൊരിക്കൽ പോണം ധനുഷ്കോടിയിൽ രണ്ടുകടലുകൾ ഒന്നാവണ പോലെ നമ്മളും..........


Wednesday, February 5, 2020

നിന്നിലേക്കുള്ള യാത്രയെന്നാൽ നിന്നെ സ്നേഹിക്കുകയെന്നതാണ്.
നിന്നെ സ്നേഹിക്കുന്നതിലൂടെ ഞാനെന്നെയും ഈ പ്രപഞ്ചത്തെ മുഴുവനും സ്നേഹിക്കുന്നുവെന്നതാണ്.

സ്നേഹം.....
എത്ര മൃദുവായൊരു കുഞ്ഞു വാക്കാണ്..... എത്ര ശക്തമായ സത്യമാണ്.....
സ്നേഹമുൾക്കൊള്ളാത്തതെന്താണ് ഈ ഭൂമിയിൽ ഈ പ്രപഞ്ചത്തിൽ ഉള്ളത്..
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിനേക്കാൾ വലിയ ഭാഗ്യം മറ്റെന്തുണ്ട് ഈ ലോകത്തിൽ....
എല്ലാത്തിന്റെയും എല്ലാവരുടേയും തുടക്കവും ഒടുക്കവും ഒക്കെ സ്നേഹം തന്നെ.

സ്നേഹം നിറയുമ്പോൾ മനസ്സ്  തീർത്തും ശാന്തമാവുന്നത് പോലെ എനിക്കനുഭവപ്പെടാറുണ്ട്. ശക്തമായി അലയടിച്ചിരുന്നൊരു  കടൽ ശാന്തമാവുന്നതു പോലെ എന്ന് എനിക്കെന്നെ അപ്പോഴൊക്കെ തോന്നാറുണ്ട്.  സമാധാനത്തോടെ ഒരു നിമിഷമെങ്കിലും ജീവിക്കാനാവുന്നതിനേക്കാൾ വല്ല്യ കാര്യം വേറെന്താണുള്ളത്  അല്ലെ ??? ആരൊക്കെയോ (സർവോപരി നീ ) നൽകിയ സ്നേഹമാണ് എനിക്കെന്റെയീ ജീവിതം. അതുകൊണ്ട് തന്നെ സ്നേഹമാണ് എനിക്കെന്റെ ദൈവവും.
അതെ ആരുടെയൊക്കെയോ സ്നേഹമാണ് ഞാനും നീയും എന്നെല്ലാം ഞാൻ വിശ്വസിക്കുന്നു.

ഒരിക്കൽ ഒരു ചങ്ങാതി  ആരാണെന്റെ പ്രിയദൈവമെന്ന് ചോദിച്ചപ്പോൾ എന്റെ ഉത്തരം സ്നേഹം എന്നായിരുന്നു. എന്റെയുള്ളിലെ സ്നേഹത്തെ എനിക്ക് ഒരു വെളിച്ചം പോലെയാണ് അനുഭവപ്പെടാറുള്ളത്. ഉള്ളിൽ വെളിച്ചം നിറയുമ്പോ ഞാനെന്നിലും മറ്റുള്ളവരിലും മറ്റുള്ളതിലുമൊക്കെ കാണുന്ന ഭംഗി പറഞ്ഞാലും തീരാത്ത അത്രയാണ്. 

നിറവാർന്നതെല്ലാം എനിക്ക്  സ്നേഹമാണ്. നിറഞ്ഞു പെയ്യുന്ന മഴ ചിലപ്പോഴൊക്കെ  നിന്നിലും സ്നേഹത്തെ നിറക്കാറില്ലേ....... നിറഞ്ഞൊഴുകുന്ന പുഴയും നിറഞ്ഞു പൂത്ത മരങ്ങളും ചെടികളും ഒക്കെ സ്നേഹം മാത്രമല്ലെ അനുഭവിപ്പിക്കുന്നത്... നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം 
നിലാവ് നിറഞ്ഞ രാത്രികൾ
വിശക്കുമ്പോൾ വയറു നിറയെ  കഴിക്കാൻ കിട്ടുന്ന ആഹാരം ഒക്കെ സ്നേഹമല്ലേ......
അതെ എനിക്കിതൊക്കെ സ്നേഹമാണ്.....
എനിക്ക് സ്നേഹത്തെ കുറിച്ച് എപ്പോഴും ഇങ്ങനെയൊക്കെയാണ് തോന്നാറുള്ളത്.

ഒരേ സമയം സന്തോഷമായും  സങ്കടമായും  ചിരിയായും കരച്ചിലായും
മുറിപ്പെടുത്തലായും  മുറിവുണക്കലായും  ഓർമ്മകളായും മറവികളായും
അതെ സ്നേഹം അങ്ങനെയൊക്കെയാണ്.....
ഓർക്കാൻ ശ്രമിക്കുംതോറും മറന്നു പോകുന്ന
മറക്കാൻ ശ്രമിക്കുംതോറും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന
ചേർത്ത് പിടിക്കാൻ നോക്കുമ്പോ വിട്ടുപോവുന്ന
ഒഴിഞ്ഞു മാറാൻ നോക്കുമ്പോ കെട്ടിപ്പിടിക്കുന്ന
ആഗ്രഹിക്കുന്നിടത്ത് നിന്നും കിട്ടാതിരിക്കുന്ന പ്രതീക്ഷിക്കാത്തിടത്തുനിന്നും വന്നു ചേരുന്ന ഈ സ്നേഹം എന്തൊരു വികൃതിയാണ് !!!!!

ഇനി നിന്നോട് പറയട്ടെ
നിന്നെ സ്നേഹിച്ചു മതിയാവാത്തതുകൊണ്ടാണ് നിന്നിലേക്കുള്ള എന്റെ യാത്ര ഇനിയും തീരാത്തത്.
അതൊരിക്കലും തീരാതിരിക്കട്ടെ എന്നാണെന്റെ ആഗ്രഹം.
എങ്കിലും ഒരിക്കൽ നിന്നിൽ വന്നു ചേരണം.
അടുത്ത് വന്ന് നിന്ന് നിന്റെ കണ്ണുകളിലെ എന്നെ എനിക്കു കാണണം.
നെഞ്ചിൽ മുഖം ചേർത്ത് നിന്റെ ഹൃദയമിടിപ്പിന്റെ താളവും ശബ്ദവും എനിക്ക് കേൾക്കണം.
ഒരിക്കലും  തീരാത്തൊരുമ്മ നൽകി നിന്റെ സ്നേഹത്തിലേക്കാഴ്ന്നു പോവണം.
ഈ ലോകത്തിലെ മുഴുവൻ സ്നേഹവും നിറച്ചു നിന്നെ കെട്ടിപ്പിടിച്ച് നിന്റെ സ്നേഹത്തിന്റെ മണം മുഴുവനും എന്നിൽ നിറയ്ക്കണം.
എന്റെയോ നിന്റെയോ എന്നറിയാതെ നമ്മളൊരറ്റ മണമായ് മാറണം.

എല്ലാവരോടും സ്നേഹം!!!!!!!
നിന്നോട് അതിലേറെയും !!!!!!!!!

Sunday, January 19, 2020

കഴിഞ്ഞ കുറച്ചു നാളുകളായിട്ട് എല്ലാ ഞായറാഴ്ചകളിലും ഞാനെന്റെ ഇല്ലത്തേക്ക് പോവലുണ്ട്. അവിടെ മതില് കെട്ടൽ കർമ്മം നിർവഹിക്കാൻ. ശരിക്കും ഈ മതില് കെട്ടൽ എനിക്കശേഷം താത്പര്യം ല്ല്യാത്ത കാര്യായിരുന്നു. പക്ഷെ അത് മറ്റുള്ളോർക്കും കൂടി ബുദ്ധിമുട്ട് ആവാൻ തുടങ്ങ്യപ്പോ ചെയ്യാതെ വഴീല്ല്യാന്നായി.  ഇത്തവണ അവടെ ന്റേം പിന്നേ അപ്പറത്തെ ഇല്ലത്തെ മൂവാണ്ടൻസും മാത്രേ മാവുകളിൽ പൂത്തിട്ടുള്ളൂ. കഴിഞ്ഞ രണ്ടു തവണ പോയപ്പഴും കണ്ണിമാങ്ങ പെറുക്കി കൊണ്ടന്നിരുന്നു ഞാൻ. ഇന്ന് കൊറേ പൊട്ടിച്ചോണ്ടും വന്നു.

കണ്ണിമാങ്ങാ മുളക് ചുട്ട് ഉള്ളിയും ഉപ്പും കൂട്ടി തിരുമ്പി വെളിച്ചെണ്ണ ഒഴിച്ച് കഴിക്കാൻ നല്ല സ്വാദാന്ന് ഞാനിവിടെ വന്നിട്ടാ അറിഞ്ഞേ.  ഉപ്പും ഒരിത്തിരി മുളകുപൊടീം ഇട്ട് അപ്പപ്പോ കൂട്ടാൻ പറ്റണ ഉപ്പിലിട്ടതായിട്ടേ ഞാൻ ന്റെ ഇല്ലത്ത് കണ്ടിട്ടുള്ളൂ. കൊറേ മാങ്ങ ഉള്ളതോണ്ട് രണ്ടു തരത്തിലും ഞാൻ ണ്ടാക്കലുണ്ട്. അച്ഛമ്മക്ക് വല്ല്യ ഇഷ്ടായിരുന്നു അത്. അതുകൊണ്ട് കാണുമ്പഴും കഴിക്കുമ്പഴും ഞാൻ അച്ഛമ്മേ ഓർക്കും.

മഴക്കാലായാൽ കൊറേ തൈകൾ കൊണ്ട് നടണം അവടെ.പതുക്കെ പതുക്കെ അവിടത്തെ വീട് നന്നാക്കണം. എന്നിട്ട് ആഴ്ചയിലോ മാസത്തിലോ അവടെ പോയി താമസിക്കണം. ശരിക്കും ആ വീട് എനിക്കെത്ര അന്യമാണെന്ന് ഞാനോർക്കാറുണ്ട്. സ്വന്തം വീടായിട്ട്കൂടി ഞാനവിടെ ഉറങ്ങിയിട്ടുള്ളത് വിരലിൽ എണ്ണാവുന്നത്രെ ഉള്ളൂവെന്ന് തോന്നണു. മനുഷ്യർക്ക് മാത്രല്ല വീടുകൾക്കും നല്ലതും കെട്ടതുമായ കാലവും സമയവുമൊക്കെ ഉണ്ടെന്നെനിക്ക് തോന്നാറുണ്ട്. ഉടമസ്ഥരുടെ സന്തോഷമോ കളിചിരികളോ ഒന്നും അനുഭവിച്ചറിയാൻ സാധിക്കാത്ത ഒരു വീട്. സ്നേഹം കൊണ്ടല്ലാതെ സ്വപ്നത്തിൽ നിന്നല്ലാതെ ഉണ്ടായൊരു വീട്. അവടെ വാടകക്ക് വന്ന് താമസിച്ച രണ്ടു കൂട്ടർക്കും ആ വീട് നല്ലതേ നൽകിയിട്ടുള്ളൂ. ഉടമസ്ഥക്ക് ഒരു കടലോളം കണ്ണീരുമാത്രം....  ഓർക്കാൻ ഒരു ചിരി പോലും നൽകാതെ..... അതുകൊണ്ടല്ലേ ജെസിബി കൊണ്ട് ഇടിച്ചുനിരത്തി കളയാൻ...എന്നിട്ടവടെ നാലു വാഴ നടാൻ  ഞാനിത്ര ലാഘവത്തോടെ പറയുന്നത് !!!!!!

ആയുസ്സിൽ ബാക്കിയെല്ലാ കാലത്തും കണ്ണീരും കഷ്ടപ്പാടും ആണെങ്കിലും ബാല്യം അത് സന്തോഷോം ചിരിയും മാത്രമാവണം. അത് നൽകുന്ന ഊർജ്ജം മതി ബാക്കിയെല്ലാ കാലത്തേയും അതിജീവിക്കാൻ. അന്ന് കിട്ടാത്ത സ്നേഹം സംരക്ഷണം സന്തോഷം ഒക്കെ പിന്നേ എപ്പോഴൊക്കെ കിട്ടിയാലും പൂർണ്ണതയില്ലാത്ത പോലെയാവും.
അറിയില്ല ഒരുപക്ഷെ എന്റെ കുറവായിരിക്കാം ഞാനിങ്ങനെയൊക്കെ ചിന്തിക്കുന്നതും വിശ്വസിക്കുന്നതും. അനുഭവാണല്ലോ ഓരോന്നും വിശ്വസിപ്പിക്കുന്നത്. അല്ലെ?????

അതൊക്കെ പോട്ടെ. കഴിഞ്ഞത് പറഞ്ഞോണ്ടിരുന്നിട്ട് എന്താ കാര്യം. All is well. എല്ലാവരും നന്നാവട്ടെ. എല്ലാവർക്കും നല്ലത് വരട്ടെ.
















Saturday, December 21, 2019

ക്രിസ്മസ് ഫ്രണ്ട് ആയി ആരെയാ കിട്ട്യേ ന്ന് കുഞ്ഞൂട്ടനോട് അമ്മു ചോയ്ക്കണ കേട്ടപ്പഴാണ് ക്രിസ്മസ് ആവാറായല്ലോ എന്നോർത്തെ. ക്രിസ്മസ് എന്ന് കേട്ടാലേ ഗ്രീറ്റിംഗ് കാര്ഡോർമ്മകൾ ഓടിവരും. ഒന്നുരണ്ടു കൊല്ലം ഏകാദശിയോടനുബന്ധിച്ചുള്ള കടകളിൽ കാർഡ്‌സ് മാത്രമുള്ള കടകളും വന്നിരുന്നു. ഒരുകൊല്ലം ഏകാശി സാധനങ്ങൾ വാങ്ങാതെ അതിനു മുഴോനും ക്രിസ്മസ് ന്യൂയെർ കാർഡുകൾ വാങ്ങിക്കൂട്ടിയതിപ്പോ ഓർമ്മ വന്നു.

Archies,  hallmark എന്നൊക്കെയുള്ള കമ്പനികളുടെ കാർഡുകളൊക്കെ തപ്പി നടന്നിരുന്ന ദിവസങ്ങൾ... തൃശ്ശൂരിലെ archies gallery യിൽ പോയി ഓരോ കാർഡുകളിലേക്കും കൊതിയോടെ നോക്കി ഒടുക്കം രണ്ടെണ്ണം മാത്രം വാങ്ങിപ്പോന്ന ഒരു ദിവസം. Gift piece കളേക്കാളും കാർഡുകളായിരുന്നു സമ്മാനിക്കാൻ എന്നും ഇഷ്ടം.

ആശക്കായിരുന്നു ഏറ്റവും കൂടുതൽ അയച്ചിട്ടുള്ളത്.  മിക്കവാറും അവളുടെ കൂടെയാവും കടേൽ പോണത്. അവളുകാണാതെ വേണം മേടിക്കാൻ. അയക്കൽ കഷ്ടിയാണ് കയ്യിൽ കൊടുക്കലാണ് പതിവ്. എത്ര എഴുത്തുകളാണ് ഞാൻ അവൾക്കെഴുതിയിട്ടുള്ളത്. 200പേജ് ന്റെ നോട്ട് ബുക്ക്‌ മേടിച്ച് അതിലാണ് എഴുതിയിരുന്നത്. ഞാൻ അവൾക്ക് കൊടുക്കും അവളത് വായിച്ചു മറുപടി  അതിൽത്തന്നെ എഴുതി തരും. അങ്ങനെ ഒന്നോ രണ്ടോ നോട്ട് ബുക്ക്‌ ണ്ടായിരുന്നു. പിന്നേ എപ്പഴോ അതൊക്കെ കളഞ്ഞു. പക്ഷെ കാർഡുകൾ ഒക്കെ അതേപോലെ സൂക്ഷിച്ചു ഇപ്പഴും.

സത്യത്തിൽ ഇപ്പൊ ഓർക്കുമ്പോ ചിരിവരണൂ എന്താപ്പോ ത്രമാത്രം എഴുത്തെഴുതാൻ ണ്ടായിരുന്നെ എന്നോർത്തിട്ട്.
ദിവസവും കാണുന്ന രണ്ടുപേർ
ക്ലാസ്സിൽ അടുത്തടുത്തിരിക്കുന്ന രണ്ടുപേർ എപ്പോഴും ഒരുമിച്ചു നടക്കുന്ന രണ്ടുപേർ ഇത്രയൊക്കെ പറഞ്ഞുകഴിഞ്ഞിട്ടും പിന്നേയും 10ഉം 15ഉം പേജ് എഴുത്തെഴുതുന്ന രണ്ടുപേർ......
കൊറേ സങ്കടങ്ങൾ കൊറേ ഗോസിപ്പുകൾ രണ്ടുപേരുടെയും പ്രണയങ്ങൾ അങ്ങനെ എന്തൊക്കെയോ കുറേ ബടുക്കൂസ് തരങ്ങൾ.......  രസമായിരുന്നു ആ കാലങ്ങളൊക്കെ. അവളോടൊരിക്കലും തല്ലുകൂടിയ ഓർമ്മയേ ഇല്ല.

ഓട്ടോഗ്രാഫിന് പകരം ഡയറി ആയിരുന്നു അന്നെല്ലാവരും പരസ്പരം എഴുതാൻ കൊടുത്തിരുന്നത്. എന്റെ ആ ഡയറിയും ഞാൻ കളഞ്ഞു. ഇപ്പഴും കുട്ടികളൊക്കെ അതുപോലെ നിറയെ ഗ്രീറ്റിംഗ് കാർഡുകൾ വാങ്ങിക്കുന്നുണ്ടോ ആവോ !!!!!

ചില കാർഡുകളൊക്കെ മേടിച്ച് അതിനോടുള്ള ഇഷ്ടംകൊണ്ട് ആർക്കും അയക്കാതെ ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിട്ടുണ്ട്. പണ്ടേ എനിക്കെന്നോട് അത്രത്ര ഇഷ്ടായിരുന്നു. നഷ്ടപ്രണയത്തിന്റെ നെടുവീർപ്പുകളേന്തിയ(അതിനേക്കാൾ നല്ലത് തേച്ച കാമുകൻ തന്ന എന്ന് പറയുന്നതാവും ലെ ) ഒരുപിടി കാർഡുകൾ  ഇപ്പഴും കയ്യിലുണ്ട്. അതിലെ വരികളൊക്കെ ഇപ്പൊ വലിയ തമാശകളാണ്.

കാലമെത്ര കഴിഞ്ഞാലും കാർഡുകളും കാർഡോർമ്മകളും ഇപ്പഴും കൊതിപ്പിക്കുന്നത് തന്നെയാണ്. ഇന്നിപ്പോ കുറച്ചു മുൻപേ ഹരീഷിനോട് ചോദിച്ചേ  ഉള്ളൂ ഈ ക്രിസ്മസ് പുലരിയിൽ വാതിൽ തുറക്കുമ്പോൾ ഉമ്മറത്ത് ഒരു വല്ല്യ സമ്മാനപ്പൊതി കൊണ്ടന്നു വച്ചിട്ട് പോവുന്ന സാന്റാ ക്ലോസ് ആയിക്കൂടെടോ മാഷേ ന്ന്.... നിറയെ ഗ്രീറ്റിംഗ്‌കാർഡുകളും മിട്ടായികളും സമ്മാനങ്ങളും ഒക്കെയുള്ള ഒരു വല്ല്യ കൊട്ട.  ഹായ്..... ഓർക്കുമ്പോ തന്നെ ന്ത്‌ രസാണ് !!!!!

സമ്മാനങ്ങൾ കിട്ടുന്നത് ഒരു സുഖാണ്. നമ്മളിങ്ങനെ അലസമായിരിക്കുന്ന ഒരു ഉച്ചയ്ക്ക് പോസ്റ്റുമാൻ ഒരെഴുത്ത് ണ്ട് ട്ടോ ന്ന് പറയണത് കേക്കണത് എത്ര സന്തോഷാണ്. ആരാന്നറിയാൻ ഉള്ളിങ്ങനെ തിടുക്കം കൂട്ടും. തിരിച്ചും മറച്ചും അക്ഷരങ്ങളിലേക്കും നോക്കിയിട്ടും മനസ്സിലായില്ലെങ്കിൽ ഹൃദയമിടിപ്പ് കൂടണ പോലെ തോന്നും തുറന്നു നോക്കുന്നതുവരെ. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാവുമ്പോ ശരിക്കും ലോകം പിടിച്ചടക്കിയ സന്തോഷം തോന്നും. കാർഡാണെങ്കിൽ അതിലെ ചിത്രങ്ങളും വരികളും അതയച്ച ആളുടെ വരികളും അക്ഷരങ്ങളും അങ്ങനെ അതിന്റെ ഓരോ മുക്കും മൂലയും എത്രയെത്രയാണ് നോക്കാറുള്ളത്.

ഇപ്പൊ ഇങ്ങനൊക്കെ എഴുതുമ്പോ ഒരു കാർഡ് ഷോപ്പിൽ പോയി നിറയെ കാർഡുകൾ മേടിച്ചു പ്രിയമുള്ള ഓരോരുത്തർക്കും അയക്കാൻ തോന്നാണ്.

ജീവിതത്തിൽ സമ്മാനങ്ങൾ അധികമൊന്നും കിട്ടിയിട്ടില്ല. നിന്റെ കയ്യീന്നൊന്നു പോലും 😏☹️😐.... എന്നാലും,  ഞാൻ ഒരുപാട് ചോദിച്ചാൽ മാത്രം നീ തരാറുള്ള, എനിക്ക് വേണ്ടി നീയെഴുതുന്ന വരികൾ......... അത് തന്നെയാണ് എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും ഭംഗിയുള്ള സമ്മാനങ്ങൾ.  എന്റെയുള്ളിൽ എന്റെ വാക്കുകളിൽ ഇത്രയേറെ പ്രണയം നിറയ്ക്കുന്നത്  നിന്റെയാ വാക്കുകളാണ്.
ഇത്രയൊക്കെ സങ്കടങ്ങളിലും എന്നെ ഞാൻ പിടിച്ചു നിർത്തുന്നത് ഞാൻ നിനക്കത്രമേൽ പ്രിയപ്പെട്ടവളാണെന്നത് മനസ്സിലാക്കുമ്പോൾ മാത്രമാണ്.

പ്രിയപ്പെട്ടവനേ നിന്നോട് പറയട്ടെ

വെയിലിൽ നീയെന്റെ തണലും
മഴയിൽ നീയെന്റെ കുടയും
ഇരുളിൽ നീയെന്റെ വെളിച്ചവും
കണ്ണീരിൽ നീയെന്റെ ചിരിയും
വാക്കുകളിൽ നീയെന്റെ അക്ഷരങ്ങളും
ഏകാന്തതയിൽ നീയെന്റെ മൗനവും
അങ്ങനെ അങ്ങനെയൊക്കെയാണ് നീയെനിക്ക്......
എനിക്കെന്നും നിന്റെയുള്ളിലെ ഒരിക്കലും മായാത്തൊരു ഗസൽ ആയാൽ മതി.

സ്നേഹം മാത്രം നിറയുന്നതാവട്ടെ നിന്റെ ദിവസങ്ങൾ......
ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവർഷ ആശംസകൾ.

ഈ വഴിയിൽ വരുന്നവർക്കെല്ലാം സ്നേഹം നിറഞ്ഞ ആശംസകൾ നവവർഷത്തിന്റെ...... ക്രിസ്മസിന്റെ....


Monday, December 16, 2019

അങ്ങനേയിരിക്കെ ഇന്നു ഞാനെന്റെ ഇല്ലത്തേക്കൊന്നു പോയി. ന്റെ വേളി കഴിഞ്ഞിട്ട് 13 കൊല്ലോക്കെ ആയല്ലോന്ന് വണ്ടീലിരുന്നു ഞാനോർത്തു. അവിടൊക്കെ എന്ത് വേഗാണ് മാറ്റങ്ങൾ വന്നോണ്ടിരിക്കണത്.

പണ്ടൊക്കെ അങ്ങോട്ടേക്ക് പോവുമ്പോഴൊക്കെ ഓരോ കുഞ്ഞി കാര്യങ്ങൾ കണ്ടെത്തി ഞാനെന്റെ പഴയ കാലത്തെ തിരിച്ചു പിടിക്കാൻ ശ്രമിക്കുമായിരുന്നു. പഴയ കണ്ണീരോർമ്മകളെ എടുത്തു നോക്കി കരഞ്ഞും ചിരികളെ നോക്കി ചിരിച്ചും ഇഷ്ടങ്ങളെ നോക്കി പ്രണയിച്ചും ആ പഴയ എന്നെ ഞാൻ പോവുന്ന വഴി മുഴുവൻ ഓമനിച്ചോണ്ടുമ്മ വച്ചിരിക്കുമായിരുന്നു. ഓരോ മാഞ്ചോടും, പറമ്പിന്റെ മുക്കും മൂലയും അങ്ങനെ ഓരോ മണൽത്തരിയിൽ പോലും ഞാനങ്ങനെ എന്നെ തിരഞ്ഞു കണ്ടുപിടിച്ചോണ്ടിരിക്കുമായിരുന്നു.
എത്രയെത്ര ഓർമ്മകളായിരുന്നു അന്നെനിക്ക് അക്കമിട്ട് നിരത്താനുണ്ടായിരുന്നത്. 

പക്ഷെ ഇപ്പൊ കുറച്ചുകാലമായി വീട്ടിലേക്കുള്ള വഴി എനിക്ക് തീർത്തും അപരിചിതമാണെന്നേ തോന്നാറുള്ളൂ. പഴയ കാലവും ഓർമ്മകളും പഴയ എന്നെത്തന്നെയും എനിക്കത്രമേൽ അന്യമായെന്നു തോന്നാൻ തുടങ്ങി. അവിടെ ചെന്ന് മുറ്റത്തേക്കിറങ്ങി മണലിൽ ചവിട്ടിയപ്പോൾ മനസിലൊരു തണുപ്പ് നിറഞ്ഞിരുന്നു. പാച്ചൂനും വല്ല്യ സന്തോഷായി കളിക്കാൻ നല്ല സുഖമുള്ള മണ്ണായതിൽ. 

ഇക്കൊല്ലം മൂവാണ്ടൻ മാത്രേ പൂത്തിട്ടുള്ളൂ. കഴിഞ്ഞ കൊല്ലം എല്ലാ മാവുകളും പ്രാന്ത് പിടിച്ച പോലെ ആയിരുന്നു കായ്ച്ചത്. നാട്ടിലെ ചില ആളുകളെ കാണുമ്പോഴാണ് എനിക്കും പ്രായായി ന്ന ഓർമ്മ  വരണത്.  ഞാൻ കുട്ടി ആയിരുന്നപ്പോൾ കണ്ട അവരുടെ ചെറുപ്പ കാലങ്ങളും ഞാനിപ്പോൾ കാണുന്ന അവരുടെ നരച്ച തലയുമൊക്കെ എന്നെ ഓർമ്മിപ്പിച്ചത് എന്റെ പ്രായത്തെ മാത്രമായിരുന്നു.

ഇന്നലെ വൈകുന്നേരം മഴ ചാറിയിരുന്നു. അതിന്റൊരു ഈറൻ മണം എനിക്ക് എന്നെ പൊതിഞ്ഞ പോലെ തോന്നി. കളപ്പുരേടെ മുറ്റത്തിന്റെ പഴയ ഭംഗിയൊക്കെ തീർത്തും ഇല്ലാതായെന്നു തോന്നി. കാവും മഞ്ചാടി മരോം ഒക്കെ പണ്ടെന്നോ കണ്ട ഒരു സ്വപ്നത്തിലായിരുന്നെന്ന് അവിടം നേരിൽ കണ്ടപ്പോ തോന്നി. കുളത്തിന്റെ ഭാഗത്തേക്കൊന്നും ഞാൻ പോയില്ലാരുന്നു. പണ്ടൊക്കെ അങ്ങട് പോവുമ്പോ വീട്ടിലുള്ളവരോട് മിണ്ടാൻ കഴിഞ്ഞില്ലെങ്കിലും പറമ്പ് മുഴോനും ഒരു പ്രദക്ഷിണം വെക്കുമായിരുന്നു.പക്ഷെ ഇപ്പൊ അവിടെ എത്തിയാൽ മുറിയിലിരുന്ന് വർത്തമാനം പറയുക എന്നത് മാത്രമായി ശീലം. 

ഊണ് കഴിക്കാനിരുന്നപ്പോൾ നാട്ടിലുള്ള കാലിനു വയ്യാത്ത ഒരു ചേച്ചി രാധവല്യമ്മേ കാണാൻ വന്നിരുന്നു. അന്നേരം അവർക്കും ഒരു ഇലയിട്ട് ഊണ് കൊടുത്തു. ഇവിടെ ആര് വന്നാലും വെറും കയ്യോടെ ഞാനിപ്പോ പറഞ്ഞയക്കാറില്ല ഉമേ ന്ന് വല്യമ്മ പറഞ്ഞപ്പോ എനിക്കെന്തോ മനസ്സ് നിറഞ്ഞു കണ്ണീരു വന്നു സന്തോഷം കൊണ്ട്.  ഒരു നേരത്തെ ആഹാരായിട്ടോ പറ്റണ പോലെ കാശായിട്ടോ ഒക്കെ ഞാൻ കൊടുക്കലുണ്ട് ന്നും പറഞ്ഞു രാധ വല്യമ്മ. ഒരുപാട് ബുദ്ധിമുട്ടിയിട്ടുള്ളവർക്കേ മറ്റുള്ളോരുടെ ബുദ്ധിമുട്ട് മനസ്സിലാവൂ എന്നും ഞാനന്നേരം ഓർത്തു. എല്ലാരും സന്തോഷായും സമാധാനത്തോടെയും നന്നായിരിക്കുന്ന ഒരു ലോകം ഞാനപ്പഴും ആഗ്രഹിച്ചു പ്രാർത്ഥിച്ചു.

അവടെ വല്യമ്മേം വല്യച്ഛനും മാത്രേ ഉള്ളൂ. അവർക്കിടയിലുള്ള സ്നേഹം പഴയതിനേക്കാൾ കൂടുകയും ഭംഗിയുള്ളതാവുകയും ചെയ്തതായി എനിക്കനുഭവപ്പെട്ടു. പ്രണയം ഏത് പ്രായത്തിലും എത്ര മനോഹരമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. സ്നേഹം പ്രണയം എന്ന വാക്കുകളൊക്കെ പറയുമ്പോഴും കേൾക്കുമ്പോഴും കാണുമ്പോഴും നമ്മിലും നിറയുന്നതായി എനിക്കെപ്പഴും തോന്നാറുണ്ട്. സ്റ്റാർ ഭാരത് ചാനലിലെ രാധാകൃഷ്ണ് സീരിയൽ കാണാൻ ഞാൻ തിക്കും തിരക്കും കൂട്ടാറുള്ളതിന്റെ കാരണവും അതാണ്. ഈയിടെ ഷെയിൻ നിഗമനം അഭിമുഖത്തിൽ പറഞ്ഞ onelove എന്ന ആശയവും അങ്ങനെയൊന്നാണെന്നാണ് എനിക്ക് തോന്നിയത്.

ഒരു കൊല്ലം കൂടി അവസാനിക്കാറായി. പാച്ചൂനെ പ്രസവിച്ചതിനു ശേഷമുള്ള എന്റെ ദിവസങ്ങൾ സൂപ്പർ ഫാസ്റ്റ് നേക്കാളും വേഗത്തിലാണ് പോണത്. എന്റച്ചു എന്നെ വിട്ടിട്ട് ഒരു കൊല്ലാവാറായി. കല്യാണിക്കാവ്  പൂരം ഇപ്പാവും.

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടിരുന്നു നിറയെ ലാങ്കി ലാങ്കി പൂക്കൾ ഒട്ടിച്ചു ചേർത്തൊരു തൊപ്പി വച്ചോണ്ട് ഇളം സ്വര്ണനിറമുള്ള തലമുടിയുള്ള ഒരു പെൺകുട്ടി എന്റെ കൈപിടിച്ചു എന്നെ ഒരു വഴിയിലൂടെ കൊണ്ടോവുന്നത്. കൊന്നപ്പൂകൊണ്ട് ചുറ്റിക്കെട്ടിയ ഊഞ്ഞാലിൽ അവളെന്നെ കൊണ്ടിരുത്തി.
അവളുടെ കണ്ണുകളിൽ ഈ ലോകത്തെ മുഴുവൻ സ്നേഹവും നിറഞ്ഞിരുന്നു അവളുടെ വിരലുകളിലൂടെ അതെന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്ക് തോന്നി. കണ്ണടച്ചിരുന്നപ്പോൾ എന്റെ നെറ്റിയിൽ  മഴതുള്ളി വീഴണപോലെ ഒരുമ്മ തന്നുകൊണ്ട് പോവാണെന്ന് കാതിൽ പറഞ്ഞു അവളെങ്ങോ മാഞ്ഞുപോയി.
കണ്ണുതുറന്നു നോക്കിയപ്പോൾ എനിക്കു ചുറ്റും ഇതുവരെ കാണാത്ത നിറത്തിലുള്ള ഒരുപാട് പൂമ്പാറ്റകൾ.....മനുഷ്യരുടെ ദുഷ്ടത്തരം കൊണ്ട് ദൈവം പൂമ്പാറ്റകളാക്കി മാറ്റിയ മാലാഖപെൺകുഞ്ഞുങ്ങളാണ് അവയോരോന്നും എനിക്കിപ്പോ അത് വീണ്ടും ഓർക്കുമ്പോൾ തോന്നാണ്.








Tuesday, December 10, 2019

എപ്പഴോ കാണാൻ ബാക്കിവച്ചൊരു സ്വപ്നമുണ്ടായിരുന്നു എനിക്ക്.
ഇന്നലത്തെ നിലാവിലാണ് അത് തെളിഞ്ഞത്.
പവിഴമല്ലിയും പാരിജാതവും മണക്കുന്ന മഞ്ഞുതുള്ളികളാൽ ഈറനണിഞ്ഞ രാത്രിയെ നോക്കി ഉമ്മറത്തിരിക്കുമ്പോൾ ആണ് ഉള്ളിലുള്ള സങ്കടക്കടലിന്റെ അടിത്തട്ടിൽ നിന്ന് എന്റെ പ്രണയം മെല്ലെ മെല്ലെ നിലാവ് കാണാൻ വേണ്ടി പൊങ്ങിവന്നത്.
നിലാവിൽ നിന്റെ മുഖം വരക്കാൻ  തുടങ്ങി എന്റെ പ്രണയം.
നിന്നെയൊന്നു കണ്ടിട്ട് എത്രയോ നാളുകളായെന്നു തോന്നി എനിക്കപ്പോ.
അടുത്തിരുന്നു വർത്തമാനം പറയാനും നിന്റെ കളിയാക്കലുകൾ കേൾക്കാനും ഒക്കെ എനിക്ക് ഒരുപാടാഗ്രഹമായി.
അവസാനം വായിച്ച കഥ നീ പറഞ്ഞുതരുന്നതും ഞാനതും കേട്ട് നിന്റെ തോളിൽ തല ചായ്ച്ചിരിക്കുന്നതും എന്റെയൊരു പഴയ സ്വപ്നമായിരുന്നു.
നിന്നിൽ എന്റെ ഒരുപാട് സ്വപ്‌നങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നുണ്ട്.



Thursday, November 28, 2019

അമ്പലപ്പറമ്പിലെ പാലമരങ്ങൾ ഇക്കൊല്ലം പൂത്തില്ല. ഈയിടെ ഞാനെന്നും പോവാറുണ്ട് അമ്പലത്തിലേക്ക്. മുറ്റത്തു നിക്കണ ഒരെണ്ണത്തിൽ മാത്രം അവടവടെ ആയി മൂന്നാലു കുലകൾ ണ്ട്. കാണാനും മണക്കാനും എന്റച്ചു എനിക്കൊപ്പം ഇല്ലാത്തോണ്ടാവും പൂക്കാഞ്ഞത്.

ഒരു ദിവസം റോഡിലൂടെ ഒരു സ്കൂട്ടറിൽ ഒരച്ഛനും കുട്ടീം കൂടി പോവുന്നുണ്ടായിരുന്നു. ഒരുമ്മക്കുട്ടി. അത് കണ്ടപ്പോ ഷിഫാനയെ ഓർത്തു. അച്ചൂന്റെ കൂട്ടുകാരി ആണ്. ഒന്നാം ക്ലാസ്സ്‌ മുതൽക്കേ സ്കൂളിലെ അച്ചൂന്റെ അമ്മ. വയ്യാത്ത കുട്ട്യാണ്, ബാഗ് പിടിക്കാനൊക്കെ ഒന്ന് സഹായിക്കണം, എപ്പഴും ഒരു ശ്രദ്ധണ്ടാവണം, ബാത്ത് റൂമിൽ പോവാനൊക്കെ കൂടെ പോണംട്ടോ ന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. അതൊക്കെ അത്പോലെ ചെയ്തിരുന്നു. നല്ല കാര്യപ്രാപ്തിയുള്ള വെളുത്തു മെലിഞ്ഞ, നീണ്ട മുടിയുള്ള ഷിഫാന.

അന്നാ ദിവസം അവളുടെ ഉറക്കം കണ്ട് എന്തൊരു കരച്ചിലായിരുന്നു ഷിഫാനേം ബാക്കി കുട്ടികളും. അതൊക്കെ കഴിഞ്ഞ് ഓണം വെക്കേഷനൊരു ദിവസം വന്നിരുന്നു അനിയനേം ഏട്ടനേം ഒക്കെ കൂട്ടി. ഞങ്ങളെല്ലാവരും കരഞ്ഞു. എന്നോട് പറഞ്ഞു ചേച്ചി കരയല്ലേട്ടോ ന്ന്. ഇടയ്ക്ക് വരാമെന്നും. അവളുടെ ഫോട്ടോ നോക്കിയിരുന്നു കുറച്ചു നേരം. അവളുണ്ടായിരുന്നെങ്കിൽ ഓടി നടന്ന് ഇവിടം മുഴോനും കാണിച്ചേനെ.

9മാസം കഴിഞ്ഞു ന്റെ കുട്ടി ന്റട്ത്ത്ന്ന്  പോയിട്ട്. ഓരോ ദിവസോം ഓരോ നിമിഷവും മനസ്സിലിട്ട് ഞാൻ നീറ്റാണ്. ഇടക്കിങ്ങനെ ശ്വാസം പോണ പോലെയാണ്. ഒന്ന് കാണാൻ കണ്ണുകളിങ്ങനെ നീറും. തൊടാനാവാതെ വിരലുകൾ വേദനിപ്പിച്ചു വിറയ്ക്കും. മിണ്ടാൻ പറ്റാതെ വാക്കുകൾ വായ്ക്കുള്ളിൽ നാവിനേം പല്ലുകളേം ചുണ്ടുകളേം ഒക്കെ ഞെരിച്ചമർത്തുന്ന പോലെ അനുഭവിപ്പിക്കും. ഹൃദയം രണ്ടായി ഭാഗിക്കണ പോലെ വേദനിപ്പിക്കും. കൊറേ കൊറേ കരായണമെന്ന് ആഗ്രഹിച്ച്‌ അതിനായി ശ്രമിക്കുമ്പോ കരയാൻ പറ്റാതാക്കും. 

ഇനി മരിക്കുവോളം ഇതിങ്ങനെ തന്നെ കൂടെണ്ടാവും ലോ എന്നോർക്കുമ്പോ...... കാക്കകളെ കാണുന്നത് എനിക്കിപ്പോ സങ്കടാണ്. അമ്മ അമ്മേടെ അമ്മേടെ ബലിയിട്ട് കഴിഞ്ഞ് കൈകൊട്ടിയപ്പോൾ ഒറ്റ കാക്കകളും വന്നില്ല. ഇവടെ കാക്കകൾ പൊതുവെ കുറവാണ് എന്നതാണ് സത്യം. Vs നോട്‌ ഞാൻ പറഞ്ഞു. ഇതുപോലെ നമ്മള് കൈകൊട്ടുമ്പഴും കാക്ക വരൂല്ല അന്നേരം വിഷമിക്കല്ലെട്ടോ ന്ന്. നമ്മടച്ചു ഈ ഒണക്കച്ചോറും എള്ളും ഒന്നും കഴിക്കാൻ കൂട്ടാക്കില്ല അവൾക്കതൊന്നും ഇഷ്ടല്ലന്ന്.

എണ്ണിപ്പെറുക്കി പറയാനും കരയാനും ജീവിതം ഇനിയും ഒരുപാടൊന്നും വേണ്ട എന്ന ആഗ്രഹമേ ഇപ്പോഴുള്ളൂ. 

Tuesday, November 26, 2019

രണ്ട് മൂന്നു മാസങ്ങൾക്കു ശേഷം  ഫേസ് ബുക്ക്‌ വീണ്ടും തുറന്നു. എന്താന്നറിയില്ല ആഴ്ച ഒന്നാവാറായപ്പഴേക്കും വീണ്ടും പൂട്ടിക്കെട്ടി പോന്നു. ഇത്രയധികം ഒരു മടുപ്പ് ഇതിനു മുൻപൊരിക്കൽ പോലും തോന്നീട്ടില്ല. ഓരോ തവണ ഫോട്ടോ ഇടുമ്പഴും പുതിയ ഫ്രണ്ട്സിനെ ആരെയെങ്കിലുമൊക്കെ കിട്ടാറുണ്ട്. കഴിഞ്ഞ കുറേക്കാലമായിട്ട് സൗഹൃദങ്ങൾ ഉണ്ടാക്കാനോ ഉള്ളതിനെ നല്ല രീതിയിൽ കൊണ്ടുനടക്കാനോ ഒന്നും സാധിക്കാറില്ല. വേണമെന്ന് തോന്നണില്ല എന്നതാണ് സത്യം.

ബ്ലോഗിൽ നിന്നും കണ്ട് ഇഷ്ടപ്പെട്ടു ഫേസ് ബുക്കിലൂടെ കണ്ടെത്തി അങ്ങോട്ട് പോയി സുഹൃത്തുക്കൾ ആക്കിയെടുത്ത ഒരു കാലമുണ്ടായിരുന്നു. ഓടി നടന്ന് ചങ്ങാതിമാരെ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു കാലം. എല്ലാം നല്ല മനസുള്ള വ്യക്തിത്വമുള്ള ഭംഗിയായി ജീവിക്കുന്ന എഴുതുന്ന ചിന്തിക്കുന്ന ആളുകൾ..... എല്ലാവരോടും ഇഷ്ടമായിരുന്നു. എന്റെ അപകർഷതാബോധം കൊണ്ടാവും ഒട്ടു മിക്ക സൗഹൃദങ്ങളിൽ നിന്നും ഞാൻ തിരിഞ്ഞു നടക്കാൻ ശ്രമിച്ചത്.

ആർട്ടിസ്റ്റ് സിനിമയിൽ ആൻ ന്റെ ലാസ്റ്റ് ഡയലോഗ് ണ്ട്. ഏതൊരു ബന്ധത്തിനും ഒരു എൻഡിങ് പോയിന്റ് ണ്ട്. അവടെത്തിയാൽ പിന്നേ വേണ്ടെന്നാഗ്രഹിച്ചാൽ പോലും നമുക്ക് തിരിച്ചു നടന്നെ പറ്റൂ ന്ന്. എന്റെ പല relations ലും അത് സത്യമാണെന്ന് തോന്നിയിട്ടുണ്ട്. അത് മനസിലാക്കിയതിൽ പിന്നേ സൗഹൃദങ്ങളെ ഞാൻ ആഗ്രഹിച്ചിട്ടേയില്ല. ഉണ്ടാക്കാൻ ശ്രമിച്ചിട്ടുമില്ല. ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സങ്കടം കിട്ടിയപ്പോൾ ഞാൻ  കൈവിട്ട പല സൗഹൃദങ്ങളും കൂടെ നിന്ന് ആശ്വസിപ്പിച്ചു. പുതിയ സൗഹൃദങ്ങൾ ആ കാരണം കൊണ്ട്തന്നെ തേടിവന്നു. ഞാൻ മനസിലാക്കിയതിനേക്കാൾ കൂടുതൽ ആഴമുള്ള ചില സൗഹൃദങ്ങൾ എനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞു. നാളുകൾക്ക് ശേഷം സംസാരിക്കുകയാണെങ്കിൽ പോലും ആ ഒരു വിടവ് അനുഭവപ്പെടാത്ത അവസാനം നിർത്തിയിടത്ത് നിന്നും പറഞ്ഞുതുടങ്ങാൻ സാധിക്കുന്ന മനോഹരമായ അപൂർവ്വമായ  ചില സൗഹൃദങ്ങൾ എനിക്കുണ്ട്. പലരും അത് പ്രത്യേകമായി എടുത്ത് പറയുമ്പോൾ എനിക്കൊരു സംശയം ഉണ്ടാവാറുണ്ട്  ഞാൻ നല്ലൊരു സുഹൃത്ത്  ആണോന്ന്.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാനിപ്പോഴും എൻറെയോരോ സുഹൃത്തുക്കളിൽ നിന്നും അകലാൻ ശ്രമിക്കുന്നുണ്ട്. പണ്ടൊരിക്കൽ പറഞ്ഞ പോലെ മൗനം കൊണ്ടൊരു കൂടുണ്ടാക്കി അതിനുള്ളിൽ തനിച്ചിരിക്കാൻ ശ്രമിക്കുന്നൊരു ഞാനാണ് ഇപ്പോഴത്തെ ഞാൻ.  ഒറ്റക്കായിപ്പോകുന്നവരുടെ വിഷമം ഒരിയ്ക്കലും ഒറ്റക്കാവണം എന്നാഗ്രഹിക്കുന്നവർക്ക് മനസിലാവില്ല.  ഒരു സഹായത്തിനായി കൈ നീട്ടിയാൽ പിടിച്ചു കേറ്റാൻ ഒരുപാട് കൈകൾ നീണ്ടുവരുമെന്നു ഉറപ്പുണ്ടെനിക്ക്. ആ ധൈര്യത്തിലാവും ഒറ്റക്കാവാൻ ഞാനിങ്ങനെ ആഗ്രഹിക്കുന്നത്.

എന്നെ  എന്റെ സുഹൃത്തുക്കൾ  എങ്ങനെയാവും നിർവചിക്ക്യാ..... അറിയില്ല. ഒരുപക്ഷെ ഒരുപാടു പേരിലൊരാൾ മാത്രമായിരിക്കും പലർക്കും ഞാൻ. ഒന്നെനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. എന്റെ സൗഹൃദങ്ങളിലെല്ലാം ഞാൻ സത്യസന്ധയായിരുന്നു. മുഖംമൂടിയില്ലായിരുന്നു. ഓരോരുത്തരും സ്പെഷ്യൽ ആയിരുന്നു. ഒരുപാടുപേരിൽ ഒരാൾ എന്ന തോന്നൽ ഞാനാർക്കും നൽകാതിരിക്കാൻ  എപ്പോഴും ശ്രദ്ധിച്ചിരുന്നു.


Monday, November 18, 2019

കുറേ കാലങ്ങൾക്ക് ശേഷം ഞാനിന്ന് കല്ല്യാണിക്കാവിലേക്ക് പോയി. പാച്ചു നെ  എടുത്തോണ്ട് നടന്നുപോവുമ്പോ എനിക്ക് തോന്നി അച്ചൂം കൂടെണ്ട്ന്ന്. എട്ടൊൻപത് വയസ്സു വരേം ഞാൻ എട്ത്തോണ്ട് നടന്നത് വഴിയിലെ ഓരോ മുക്കിനും മൂലയ്ക്കും അറിയാം. ഓരോ പുൽക്കൊടിയും മൺതരിയും എനിക്കൊപ്പം സങ്കടപ്പെടണപോലേം തോന്നി. വഴിയിൽ കണ്ട ഒരാൾ ചോദിച്ചു ആദ്യായിട്ടാണൊ വരണേന്ന്.

വീട്ടിലെ ഒരാൾ പോയി കഴിഞ്ഞാൽ വീട്ടുകാർക്ക് മക്കളാണേൽ അമ്മയ്ക്ക് ഭർത്താവാണേൽ ഭാര്യക്ക് സമൂഹം ഓരോ പതിവുകൾ കൽപ്പിച്ചു നൽകീണ്ട്. ആരെ കണ്ടാലും കരയണം പോയവരെ പറ്റി പറയണം‌ ദേഹം ക്ഷീണിക്കണം മുഖത്തെപ്പഴും സങ്കടം ണ്ടാവണം ആഘോഷങ്ങൾക്കൊന്നും പോവരുത് പുതിയ വസ്ത്രങ്ങൾ മേടിക്കരുത് അങ്ങനെ കൊറേ...... എന്നെ കാണുമ്പൊ പലരും അങ്ങനെയൊക്കെ എനിക്കും ണ്ടൊ ന്ന് നോക്കണതായി ഞാൻ മനസ്സിലാക്കീണ്ട്. ചിലപ്പൊ എന്റെ മനസ്സിന്റെ കൊഴപ്പം കൊണ്ടാവും ഇങ്ങനൊക്കെ തോന്നണത്. എന്റെ തെറ്റിദ്ധാരണയുമാവാം. എനിക്ക് ചുറ്റും ഇങ്ങനെയുള്ള ആളുകൾ ണ്ട്.

കല്ല്യാണി നല്ല സുന്ദരിയായിട്ടിരിപ്പുണ്ടായിരുന്നു. ഇന്നലെ മുതൽ ചുറ്റുവിളക്ക് തുടങ്ങി. നാളെ അഖണ്ഡനാമാത്രെ! കഴിഞ്ഞ കൊല്ലം ണ്ടായില്ല ശബരിമല പ്രശ്നം കാരണം. ആ സമയത്ത് എന്നും ഇവടൊരാൾക്ക് അതിന്റെ ചർച്ച കാണാനേ നേരണ്ടായിരുന്നുള്ളൂ. അച്ചു എപ്പോഴും അതും പറഞ്ഞ് തല്ലൂടുമായിരുന്നു. കഴിഞ്ഞ കൊല്ലം ഈ കാലത്താണ് അവൾ ആശുപത്രിയിലാവുന്നത്. ഒരു കൊല്ലം എത്ര വേഗാണ് കടന്നുപോയത്!!!!

പാച്ചൂന് അമ്പലക്കുളം അതിലെ വല്ല്യ മീൻ ഒക്കെ കാണിച്ചുകൊടുത്തു. അവനതൊക്കെ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. അവൻ തന്നെ നടക്കാൻ തുടങ്ങി. വികൃതി കൂടിക്കൂടി വരാണ്. അച്ചൂന്റട്ത്ത്ന്ന്  നല്ലത് കേട്ടേനെ എന്നും. അമ്പലമുറ്റത്തെ പാലമരങ്ങൾ പൂത്തിട്ടില്ലെന്ന് തോന്നുന്നു. അത്ര അങ്ങ്ട് ശ്രദ്ധിച്ചും ഇല്ല.

ഈയിടെ ആയിട്ട് എനിക്ക് കൊറച്ചധികം പച്ചക്കറിക്കൃഷി മോഹം കലശലായിണ്ട്. പിന്നിലെ കാന്താരിത്തൈ വീണ്ടും പൂവിടാൻ തുടങ്ങിയ കോവൽ ഒക്കെ എനിക്കെന്റെ അച്ചുപ്പാച്ചു ആണെന്ന തോന്നലാ.....ഇതിനിടേൽ പിന്നിലെ ഒരു തെങ്ങ് ഒരു രാവിലെ ചെന്നു നോക്കുമ്പൊ കടപുഴകി വീണു കിടക്കുന്നു ഒരപകടോം വരുത്താതെ. രണ്ടു കറിവേപ്പിൻ തൈകൾ ഉണങ്ങിപ്പോയി. വഴുതനകളെല്ലാം നന്നായി നിക്ക്ണ്ട്. ഓമക്കായ തിന്നാൻ എന്നും വവ്വാൽ വരാറുണ്ട്. എനിക്കതിനെ കണ്ടാൽ പേട്യാവും. ഇനി നിപ്പേടെ ഒരു കുറവും കൂട്യേള്ളൂ. ഇവടെ ഉമ്മറത്ത്  മൂലക്കൽ എന്നും വവ്വാൽ വന്ന് വൃത്തികേടാക്കീട്ട് പോവും. രാത്രി ആയാൽ മൂലക്കൽ ചുമരിൽ അവറ്റോൾ വന്നിരിക്കും കാര്യസാധ്യം നടത്തീട്ട് പോവും. ആദ്യം എലി ആണെന്നാ വിചാരിച്ചെ പിന്നെയാ ഈ സാധനാന്ന് മനസ്സിലായെ.ഇത് വരാതിരിക്കാൻ എന്താ ചെയ്യാ????

കൊറേ നാളായില്ലെ ഞാനെന്റെ കുഞ്ഞി കുഞ്ഞി വർത്താനങ്ങൾ പറഞ്ഞിട്ട്. ഇന്നിപ്പൊ എഴുതി വന്നപ്പൊ അതിങ്ങനെയായി. ഇനിയിങ്ങനെ ഓരോന്നായി നിരത്തിയെഴുതാനൊന്നും എനിക്ക് പറ്റും ന്ന് ഞാൻ വിചാരിച്ചേയില്ല്യ. എല്ലാരോടും അങ്ങനെയാണ് പറഞ്ഞിരുന്നതും.

കാലം അങ്ങനെയാണ്. വേദനിപ്പിച്ചോണ്ടിരിക്കും.
നമ്മൾ അതിൽ നീറി നീറി.....
പ്രതീക്ഷിക്കും ഒരിക്കൽ ഈ മുറിവുണങ്ങുമെന്ന്.
ദിവസങ്ങളും ആഴ്ച കളും മാസങ്ങളും വർഷങ്ങളുമെല്ലാം കഴിയും തോറും നമ്മൾ മനസിലാക്കും പഴകും തോറും മുറിവിനു ആഴവും കൂടുന്നുണ്ടെന്ന്. വേദനിച്ച് വേദനിച്ച് വേദന ലഹരിയായി മാറാൻ തുടങ്ങും അന്നേരം. കരയാനൊ ചിരിക്കനൊ ഒന്നും സാധിക്കാത്ത ആ മരവിപ്പിൽ ജീവിക്കാൻ സുഖമെന്ന് മനസിലാക്കാൻ തുടങ്ങും.

ഉള്ളിലെവിടെയൊ ഒളിഞ്ഞുകിടക്കുന്ന സ്നേഹമെ....നീയെന്റെ മുറിവുകളിൽ തണുപ്പേകുന്ന മരുന്നാകില്ലെ????? ഇരുൾ നിറഞ്ഞ ഈയിടത്തിലൊരു തിരി വെളിച്ചമാവില്ലെ?????? നീയൊന്നു തൊട്ടാലെ കെട്ടിപ്പിടിച്ചാലെ ഉമ്മ വച്ചാലെ എനിക്കൊന്ന്  പെയ്തു തോരാനാവൂ!!!!!!!









Friday, November 15, 2019

തൃപ്രയാർ ഏകാദശി ആവാറായീന്നു  ഇന്നാണ് ഓർത്തത്. ഏകാശിക്ക് വരണുണ്ടോ ന്ന് രാധ വല്യമ്മ ചോദിച്ചപ്പോ. മഞ്ഞു കാലം ആയപോലെയൊന്നും തോന്നുന്നേയില്ല. കാറ്റും വീശല് കുറവാണ്. ഏകാദശി ആയെന്നു തോന്നുക ഇത് രണ്ടും അറിയാൻ തുടങ്ങുമ്പോഴാണ്. പാല പൂക്കണ സമയവും ഇതുതന്നെ. അമ്പല മുറ്റത്തെ പാലമരങ്ങൾ പൂത്തോ ആവോ !!!! കോഴിക്കോട്ടേക്ക് പോയിരുന്ന തിങ്കളാഴ്ചകളും മനസ്സിലേക്കോടിയെത്തി.

ഇല കാണാത്ത വിധം പൂത്ത പാലമരങ്ങൾ എന്റെയുള്ളിൽ ഒരുപാട് സ്നേഹത്തെ നിറച്ചിരുന്നു. അല്ലെങ്കിലും നിറവുള്ള കാഴ്ചകളെല്ലാം എനിക്കെന്നും സ്നേഹമാണ്. നിറഞ്ഞു പെയ്യുന്ന മഴ നിറഞ്ഞൊഴുകുന്ന പുഴ നിറഞ്ഞ വെയിൽ  അതിൽ നിറയുന്ന തണൽ മരങ്ങൾ അതിലെ നിറവുള്ള നിറമാർന്ന ഇലകൾ ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ മുഖത്ത് കാണുന്ന നിറഞ്ഞ ചിരി  അങ്ങനെ നിറവുള്ളതെല്ലാം എനിക്ക് സ്നേഹമാണ്.

സ്നേഹം നിറയുമ്പോൾ മനസ്സ്  തീർത്തും ശാന്തമാവും. അല തല്ലി ഒഴുകിയിരുന്ന കടൽ ശാന്തമാവുന്നതു പോലെ....... സമാധാനത്തോടെ ഒരു നിമിഷമെങ്കിലും ജീവിക്കാനാവുന്നതിനേക്കാൾ വല്ല്യ കാര്യം വേറെന്താണുള്ളത്  അല്ലെ ???
സ്നേഹം എത്ര മൃദുവായ ഒരു വാക്കാണ് ... അത്ര തന്നെ ശക്തമായ ഒരു സത്യവും.
ഞാനെപ്പഴും അങ്ങനെ ആലോചിക്കാറുണ്ട്. സ്നേഹത്തെ കുറിച്ച്.

ഒരേ സമയം സന്തോഷവും സങ്കടവും ചിരിയും കരച്ചിലും
മുറിപ്പെടുത്തലും മുറിവുണക്കലും
അങ്ങനെയൊക്കെയാണ്  സ്നേഹം.
ഓർക്കാൻ ശ്രമിക്കുംതോറും മറന്നു പോകുന്ന
മറക്കാൻ ശ്രമിക്കുംതോറും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന
ചേർത്ത് പിടിക്കാൻ നോക്കുമ്പോ വിട്ടുപോവുന്ന
ഒഴിഞ്ഞു മാറാൻ നോക്കുമ്പോ കെട്ടിപ്പിടിക്കുന്ന
സ്നേഹം എന്തൊരു വികൃതിയാണ് !!!!!

ഇനിയൊരിക്കലും ഒരു വാക്കുപോലും എഴുതാനാവില്ലെന്ന് വിചാരിച്ചിടത്ത്  നിന്നും ഇങ്ങനെയെങ്കിലും ഓരോ ബടുക്കൂസ്ത്തരം എഴുതുന്നത്  സമാധാനത്തെ കണ്ടെത്താനുള്ള ശ്രമമാണ്. ഡയറി  എഴുതുന്നത് പോലെ ദിവസോം  ഇങ്ങനെ എഴുതാൻ സാധിക്കണേന്നാണ്  ഇപ്പൊ ആഗ്രഹം. രണ്ടാമതൊന്നുകൂടി വായിച്ചുനോക്കാതെ.... മറ്റുള്ളവർ വായിച്ചു കളിയാക്കിയാലോ എന്നൊരു ചിന്തയില്ലാതെ ഇങ്ങനെ തോന്നീതൊക്കെ എഴ്താൻ കഴിയണം.

എങ്കിലും ഇതും വന്നു വായിച്ച് രണ്ടുവരി അഭിപ്രായം പറഞ്ഞിട്ട് പോകുന്നവരോട്  ഒന്നേ പറയാനുള്ളൂ.  ഒരുപാട് സ്നേഹം.


എല്ലാവരോടും സ്നേഹം !!!!!


Wednesday, November 13, 2019

ഫേസ് ബുക്കിലെ ബാബുക്കെ പോലെ ഹിമാലയത്തിന്റെ ഏതെങ്കിലുമൊരു മൂലേല് ഒരു കുഞ്ഞു കൂടാരം കെട്ടി താമസിക്കണത് ഒരുകാലത്തെ സ്ഥിരം സ്വപ്‌നായിരുന്നു. ചുറ്റിനും മഞ്ഞു മാത്രമാത്രം കാഴ്ചയാവുന്ന ഒരിടം. അതും നോക്കിയിരുന്ന് പുലരികളിൽ കട്ടൻ കാപ്പി കുടിക്കുന്ന എന്നെ ഞാനെപ്പഴും സങ്കല്പിക്കാറുണ്ട്. യാതൊരു വിധ പേടികളുമില്ലാതെ മറ്റാരുടെയും ശല്യമില്ലാതെ തനിച്ചു ജീവിക്കുന്ന ഞാൻ.... കൂടാരത്തിന്റെ ഒരു വശം മുഴോനും പൂക്കളും മറുവശം മുഴോനും പഴങ്ങളും പച്ചക്കറികളും..... പൂക്കൾ കൊണ്ട് കൂടാരമലങ്കരിച്ചും പഴങ്ങളും പച്ചക്കറികളും കൊണ്ട് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി കഴിച്ചും ഞാനിങ്ങനെ ജീവിക്കണത് ആലോചിക്കുമ്പോ എനിക്കെന്നോട്  ഇഷ്ടം തോന്നാറുണ്ട്.

ശരിക്കും വല്ല്യ മോഹാണ് ഹിമാലയം കാണാൻ. Kailash-mansarovar ലോട്ട് പോയി ആരുടേം കണ്ണിൽ പെടാതെ ഒളിച്ചു താമസിച്ച് ശിവനും പാർവതിയും വരണതും നോക്കി ഇരിക്കണം ന്നൊക്കെയുള്ള ബടുക്കൂസ് സ്വപ്നങ്ങളൊക്കെ ഉള്ള ഒരുവളാന്നു  ഞാനെന്നു പറയുമ്പോ എല്ലാരും എന്നെ കളിയാക്കി കൊല്ലും. പണ്ടൊക്കെ ശിവൻ ആയിരുന്നു എന്റെ ഇഷ്ട ദൈവം. പിന്നെ ഗുരുവായൂരപ്പനായി. പക്ഷെ അമ്മ ഇപ്പൊ പറയണത് എനിക്കശേഷം ഈശ്വര വിചാരം അല്ലെങ്കി ഭക്തി ഇല്ലെന്നാണ്.

മറ്റുള്ളവരെ കാണിച്ചോണ്ടുള്ള ഒരു ഭക്തിയും ഇപ്പോഴെനിക്കില്ല എന്നത്  സത്യാണ്. ദൈവം ആരാണ് എന്താണ് എന്നൊക്കെ ഞാനിപ്പോ മറ്റൊരു തരത്തിലാണ് മനസിലാക്കുന്നത്.


ഇൻസ്റ്റാഗ്രാമിൽ ബാബുക്ക ഇട്ട ഒരു ഫോട്ടോ കണ്ടപ്പഴാണ് ഈ ഹിമാലയൻ മോഹങ്ങളെ വീണ്ടും ഓർമ്മ വന്നത്. ഈയിടെ കൽപ്പാത്തിയിൽ നിന്നൊരു പെൺകുട്ടി ബൈക്കിൽ നടത്തിയ കാശ്മീർ യാത്രയെ കണ്ടിരുന്നു. അത്തരം വാർത്തകളൊക്കെ കാണുമ്പോ കേൾക്കുമ്പോ ഒക്കെ വലിയ സന്തോഷാണ്. നമ്മുടെ  ആഗ്രഹങ്ങൾ നമ്മളെ പോലെയുള്ള മറ്റൊരുവളുടെ കൂടിയാണെന്ന് അറിയുമ്പോൾ അവൾക്കത് സാധിക്കുമ്പോ അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ വലിയ സന്തോഷങ്ങളാണ്. സജ്‌ന പ്രവീണ അങ്ങനെ എത്രയെത്ര പെണ്ണുങ്ങളാണ് എന്റെയും സ്വപ്നങ്ങളായതിനെ സഫലമാക്കി ജീവിക്കുന്നത് .......

എല്ലാവരും നന്നായി ജീവിക്കട്ടെ സ്വന്തം സ്വപ്നങ്ങളെ സാധിപ്പിച്ച്..... അതിൽ സന്തോഷിച്ച് .....അതിലൂടെ മറ്റുള്ളവരേം സന്തോഷിപ്പിച്ച്........

എല്ലാവരോടും സ്നേഹം!!!!


Tuesday, November 12, 2019

അത്രയധികം ശൂന്യമായ മനസ്സോടെ ഇതിനു മുൻപൊരിക്കലും ഞാനീ ബ്ലോഗ് തുറന്നുവെച്ചോണ്ട് ഇരുന്നിട്ടില്ല. എത്രയൊക്കെ സങ്കടത്തിലായിരുന്നാലും ഇവിടം എനിക്ക് സന്തോഷമുള്ളിടം ആയിരുന്നു എന്നും. എത്ര ഇഷ്ടത്തോടെ ഞാൻ ഓടിവന്നിരുന്നു ഇങ്ങോട്ടേക്കെന്ന്  നഷ്ടബോധത്തോടെ ഓർക്കാണ്. എടുത്ത ഫോട്ടോകളിടാനും അതിനെകുറിച്ചെന്തേലും ബടുക്കൂസ്ത്തരം എഴുതാനും ഇഷ്ടമായിരുന്ന  ആ പഴയ കാലങ്ങളെ തിരിച്ചു വിളിക്കാൻ പോലും ഇപ്പോഴെനിക്ക് ആവുന്നില്ലല്ലോ.

ഒരിക്കലെപ്പഴോ ഫേസ് ബുക്കിൽ എന്റെയൊരു ഫോട്ടോയിട്ടപ്പോൾ കീയക്കുട്ടി പറഞ്ഞു എന്റെ മുഖത്തെ പ്രകാശം മുഴോനും പോയീന്ന്. കണ്ണാടിയിൽ നോക്കുമ്പോ എനിക്ക് തോന്നാറുണ്ട് അത് സത്യാണെന്ന്. കണ്ണിലെ തെളിച്ചം ഉള്ളിലെ സ്നേഹത്തിന്റെ വെളിച്ചമായിരുന്നു. അതാണ്‌ എന്റെ മുഖത്തിനെന്നും ചന്തം നല്കീരുന്നത്‌. അവൾ പോയപ്പോ എന്റെയുള്ളിലെ സ്നേഹം മുഴോനും കൂടെ കൊണ്ടോയി. എന്നെ ഇരുട്ടിലാക്കി എന്നിലെ എന്നെ ഇല്ലാതാക്കി എന്നൊക്കെ എനിക്ക് തോന്നാറുണ്ട്.

സ്നേഹവും നന്മയും ഒക്കെ വാക്കുകളായും  വരികളായും വിരലിൽ നിന്നൂർന്നു വന്നിരുന്ന ആ ദിവസങ്ങൾ തിരിച്ചു കിട്ടില്ലെന്ന്‌ ഞാനെന്നെ തന്നെ പഠിപ്പിച്ചോണ്ടിരുന്നു. ഒപ്പം എന്റെ മുറിവുകളിൽ വീണ്ടും വീണ്ടും മുറിപ്പെടുത്തി ഞാനെന്നെ ശിക്ഷിച്ചുകൊണ്ടിരുന്നു.  അതങ്ങനെയാണ് ചില കാലങ്ങളിൽ വേദനകൾ നമ്മളെ വിടാതെ പിടികൂടും. ചില വേദനകളെ നമ്മളും കെട്ടിപ്പിടിച്ചോണ്ടിരിക്കും.  വേദനകളും ആശ്വാസങ്ങളാണെന്ന്  തോന്നിപ്പോകുന്ന നാളുകൾ.....

ഉമ ഇനിയും എഴുതൂ ഉമേടെ വാക്കുകളിലെ നിഷ്കളങ്കതക്കെന്തൊരു ഭംഗിയാണ് എന്നൊക്കെ പറയണ കേക്കുമ്പോ എനിക്ക് തോന്നാറുണ്ട് അത്  വേറെ ആരേയോ കുറിച്ചാണെന്ന്. പഴയ എഴുത്തുകളെ കാണുമ്പോ അത്രയധികം സ്നേഹമൊക്കെ എന്നിലുണ്ടായിരുന്നോ എന്ന് അതിശയപ്പെട്ടു പോകാറുണ്ട്. നീലാകാശോം വെളുത്ത മേഘങ്ങളും പിന്നിലെ പാടവും കലപില കൂട്ടണ  കിളികളും മഞ്ഞുമ്മ വക്കണ പുലരികളും ഒക്കെ ഇപ്പഴും എനിക്ക് ചുറ്റിനുമുണ്ടെന്നത് പലപ്പഴും ഞാൻ അറിയണില്ല. കണ്ണുകൾ ണ്ടായിട്ടും കാണാതെ കാതുകൾ  ണ്ടായിട്ടും കേൾക്കാതെ  ചിരിക്കാനറിയാതെ ചിരിച്ചോണ്ടും കരയാനാഗ്രഹിച്ചിട്ടും കരയാനാകാതെയും അങ്ങനെയൊക്കെയുള്ള എന്റെ ദിവസങ്ങൾ.......


Thursday, May 30, 2019

ഇതുവരെ പോയിട്ടില്ലാത്ത ഏതോ ഒരു കാട്ടുവഴിയായിരുന്നു അത്. മുൻപിലൊരു കൈനീട്ടാവുന്നത്ര അകലത്തിൽ നീയും നിന്നെ തുടർന്ന് ഞാനും. രണ്ടു പച്ച പൂമ്പാറ്റകളായി...................... ഒരു ചാറ്റൽമഴയും കുഞ്ഞി കാറ്റും വെയിൽ വിരിച്ച വഴിയിൽ നമുക്കൊപ്പമുണ്ടായിരുന്നു. ഒരപ്പൂപ്പൻതാടി നമ്മളെ തോൽപ്പിക്കുമെന്ന മട്ടിൽ പറന്നു നീങ്ങുന്നുണ്ടായിരുന്നു. വഴിയരികിലെ ഞാവൽമരക്കൊമ്പിലിരുന്ന് പേരറിയാത്ത കാട്ടുകിളികൾ നമ്മളേം നോക്കി ഞാവൽ പഴം തിന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒന്ന് തിരിഞ്ഞുപോലും നോക്കാതെ  നീയിതെവിടേക്കാണീ പോകുന്നതെന്നോർത്തു ഞാനും നിന്റെ പിന്നാലെ...... ഒടുക്കം ഒരു പൂവിതളിൻ മടിയിലോട്ട് നീ പറന്നിറങ്ങിയപ്പോൾ നിനക്കൊപ്പം ഞാനും ചിറകുകൾ ചേർത്ത് വച്ചിരുന്നു. നമുക്കിടയിൽ മനോഹരമായൊരു മൗനം സംസാരിക്കാൻ തുടങ്ങിയപ്പോൾ നിന്റെ ചിറകരികിൽ എനിക്ക് ഉമ്മ വക്കാതിരിക്കാൻ വയ്യെന്നായി. തിരിച്ച് നീയെന്റെ ചിറകിലുമ്മ വച്ചപ്പോൾ ഞാനേതോ ചിത്രത്തിൽ കണ്ടെന്ന പോലൊരു ചിറകുകളുള്ള പെൺകുട്ടിയായി മാറി. അതിശയപ്പെട്ട് ഞാനെന്നെ നോക്കുന്ന നേരം കൊണ്ട് നീയെങ്ങോട്ടേക്കോ മാഞ്ഞുപോയി. സങ്കടപ്പെട്ട് തിരിഞ്ഞു പറക്കാൻ തുടങ്ങിയ എന്റെമേൽ മഴത്തുള്ളികൾ ഒട്ടിച്ചുവച്ച ഒരുപാട് കുഞ്ഞുകുഞ്ഞു പേരറിയാത്ത നറുമണമുള്ള മഞ്ഞപ്പൂവുകൾ ചൊരിഞ്ഞുകൊണ്ട് ഒരായിരം പലനിറമുള്ള പൂമ്പാറ്റകൾ........

Tuesday, February 6, 2018

വൈകുന്നേരം പിന്നിലെ തൈകൾക്ക് നനയ്ക്കാൻ പോയാൽ നല്ല രസാണ്. തടത്തിൽ വെളളം നിറഞ്ഞു കഴിഞ്ഞാൽ എവിടന്നാന്ന് അതിശയിക്കണ വിധത്തിൽ വന്നെത്തും കിളികള്. കുളിക്കാനും വെള്ളത്തിൽ കളിക്കാനും. ന്നാ അപ്പർത്ത് ഒരു പാത്രത്തിൽ വെച്ചു കൊടുത്താലൊ നോക്കന്നെ ഇല്ല്യ. കരിയിലക്കിളികളും, മുളംതത്തകളും, ഓലേഞ്ഞാലികളും, വണ്ണാത്തിപ്പുള്ളുകളും, അരിപ്രാക്കളും, മൈനകളും, തൊപ്പിക്കിളികളും ഒക്കെ കൂടി ആകപ്പാടെ ബഹളാണ്. പൈപ്പ് പിടിച്ച് വെള്ളം അതുങ്ങൾടെ മേലെക്ക് ചീറ്റിക്കാൻ ഞാൻ ശ്രമിക്കുമ്പൊ ഒക്കേം പറന്നു മാറും. വാഴക്കൈകളിൽ മാറി മാറി പറന്നു കളിക്കാൻ വരണ അടയ്ക്കാകുരുവികളും ണ്ട് അതിനിടയിൽ. അവരു ചെലപ്പൊ താഴെ നിക്കണ ഇടിചക്കകളിൽ വന്നും കുറച്ചുനേരം ഇരുന്നു നോക്കും. ഇതൊക്കേം നോക്കി ദൂരെ മാറിയിരിക്കണ ഒരു ഗൗരവക്കാരൻ പൊന്മാനും ണ്ട് കൂട്ടത്തിൽ.

ഇപ്പഴായെ പിന്നെ നട്ടുച്ചക്കും കേൾക്കാം കുറുക്കന്മാരുടെ ഓരിയിടൽ. പിന്നിലെ പാടവക്കത്തെവടെയൊ ആണ് അവറ്റകൾടെ സങ്കേതം. പകലുപോലുമിപ്പൊ പറമ്പിലോട്ടെറങ്ങാൻ പേടിയാണത് കാരണം. ഇടയ്ക്ക് ഓടി വരും ഒരെണ്ണം അപ്പറത്തെ വളപ്പിലോട്ട്. മിക്കവാറും അന്നേരമൊക്കെ ഞാൻ വടുക്കോറത്ത്ണ്ടാവും. എന്റെ നേരെ നോക്കുമ്പൊ ഒക്കേം ഞാൻ ചോയ്ക്കും ന്തേന്ന്. അപ്പൊ ഒന്നൂടെ സൂക്ഷിച്ച് നോക്കീട്ട് ഓടിപ്പോവും.
ഇടയ്ക്ക് വരാറുള്ള മയിലുകൾ, പ്രാപിടിയൻ, തത്തകൾ പണ്ട് വന്നിരുന്ന കുരങ്ങന്മാർ ഇപ്പൊ കുറുക്കന്മാർ മുള്ളൻപന്നി, മരപ്പട്ടി, കീരി, പെരുച്ചാഴി, പാമ്പുകൾ ചുരുക്കി പറഞ്ഞാൽ അത്യാവശ്യം നല്ലൊരു മൃഗശാല സെറ്റപ്പ് ആണ് ന്റെ വീടിന്റെ പിന്നിലെ പാടോം പറമ്പ് വക്കും.

നെല്ലി,പേര, രണ്ടാമത് വെച്ച മാങ്കോസ്റ്റിൻ ഒക്കെ പോയെന്നു തോന്നണൂ. കൊന്ന മാതൈകൾ ഒക്കെ ഉഷാറായി നിക്ക്ണ്ട്. കിണറ്റിലെ വെള്ളൊക്കെ നല്ലോം കൊറഞ്ഞു. വറ്റ്വൊ ആവോ!!! ഇന്നാള് ചന്ദ്രഗ്രഹണം ണ്ടായ അന്ന് ടീവീല് പറയ്ണ്ടായിരുന്നു കാലാവസ്ഥയിലും മഴ പെയ്യണേലും ഒക്കെ ചന്ദ്രനും സ്വാധീനം ണ്ട്ന്ന്. ചന്ദ്രൻ ഭൂമീടട്ത്ത് ന്ന് അകന്നോണ്ടിരിക്ക്യാണ് കൊറെ കഴിഞ്ഞാ നിലാവും മഴേം ഒന്നും ണ്ടാവില്ലാന്നും ഒക്കെ. 
ദൈവമെ അപ്പഴെക്കും ഈ ലോകന്നെ ഇല്ലാണ്ടായാ മത്യാരുന്നു ന്ന് ഞാൻ പറഞ്ഞു. പറഞ്ഞിട്ട് കാര്യല്യ ഞാനുൾപ്പടെ ഉള്ള മനുഷ്യർ അമ്മാതിരിയല്ലെ പ്രകൃതിയെ ഭൂമിയെ ദ്രോഹിക്കണത്. ചന്ദ്രനല്ല സൂര്യൻ വരേം ഓടും. നിലാവും മഴേം ഇളം വെയിലും കാറ്റും മഞ്ഞും ഒന്നും ഇല്ലാത്തൊരു ലോകത്തെ കുറിച്ച് ഓർക്കാനേ വയ്യ!

ഇത്തവണത്തെ കല്ല്യാണിക്കാവ് പൂരോം ദേ ഇന്ന് ഗുരുതീം കഴിഞ്ഞു. കൊറെ വർഷങ്ങൾക്ക് ശേഷം ഇത്തവണ താലപ്പൊലീടെ അന്നത്തെ ദീപാരാധന തൊഴാൻ പോയി. അച്ചൂനെ മൂന്നു മാസം വയറ്റിലുണ്ടായിരുന്ന കാലത്ത് തൊഴുതേനു ശേഷം പിന്നെ ഇപ്പോഴാണ് ദീപാരാധന കാണുന്നത്. കരിങ്കാളി വരവുകളും അതിന്റെ ഒച്ചേം തിരക്കും അത് കഴിഞ്ഞുള്ള വെടിക്കെട്ടും ഒന്നും അച്ചൂന് പറ്റാത്തോണ്ട് പൂരം കണ്ട കാലം മറന്നിരുന്നു. കഴിഞ്ഞ രണ്ട് കൊല്ലായി വെടിക്കെട്ടില്ലാണ്ടായെ പിന്നെ ആ പേടി വേണ്ട. പക്ഷെ കഴിഞ്ഞ കൊല്ലത്തെ നാസിക് ഡോൾ ബഹളോം ഇക്കൊല്ലത്തെ ശിങ്കാരി മേള കോലാഹലങ്ങളും കേട്ട് മടുത്ത അച്ചു പറഞ്ഞു ഇതിലും ഭേദം വെടിക്കെട്ടാന്നാ തോന്നണെ ന്ന്. ശരിയാണ് അതൊക്കെ ചുമ്മാ ശബ്ദമലിനീകരണെ ണ്ടാക്കണള്ളൂ. :( (ഇതിന്റെയൊക്കെ ആരാധകർ ആരും എന്നെ ചീത്ത വിളിക്കല്ലേട്ടൊ. ഞാൻ എന്റെ അഭിപ്രായം പറഞ്ഞൂന്നേള്ളൂ.)

ഈ പൂരം കൂടാൻ തുടങ്ങ്യേനു ശേഷാണ് നാടകോം, ഗാനമേളേം, ഓട്ടന്തുള്ളലും, ചാക്യാർകൂത്തും ഒക്കെ കാണാൻ സാധിച്ചെ. ആ പതിനഞ്ച് ദിവസങ്ങളും നല്ല രസാണ്. പിടിപ്പത് പണികളുണ്ടെങ്കിലും ഊണും ഒറക്കോം ഒക്കെ സമയം തെറ്റിയാണെങ്കിലും പാട്ടുകാലം എനിക്ക് പ്രിയപ്പെട്ട ദിവസങ്ങളാണ്. ഇവിടത്തെ പാട്ടിന്റന്നാണ് ശരിക്കും കളം പാട്ട് മുഴോനും ഞാൻ കാണാറുള്ളത്.

ഇത്തവണ ഹരിയേട്ടനായിരുന്നു കളം പാട്ടിന്റെ അവകാശം. പുള്ളി പണ്ട് കൊറേക്കാലം ഹിമാലയത്തിലൊക്കെ ആയിരുന്നൂത്രേ. അത് കേട്ടതിൽ പിന്നെ ആളെ  കാണുമ്പൊ എനിക്ക് ഒരു സന്യാസിനി ഓർമ്മ വരും. ആ ഒരു ബഹുമാനം തോന്നും. ഹരിയേട്ടനീ കാലത്ത് ഒരുപാട് അമ്പലങ്ങളിൽ പാട്ടുണ്ടാവും. അതുകൊണ്ട് ഇവടെ കളം വരച്ച് വച്ചിട്ട് വേറെ ദിക്കിലോട്ടോടും. അത് കഴിഞ്ഞിവടെ വരും. അങ്ങനെ ആകെ തിക്കും തിരക്കും കൂട്ടി നേരം വൈകി പാട്ട് ദിവസങ്ങൾ കടന്നുപോകും. നേരത്തിന് ഊണൊ ഉറക്കോ ഇല്ലാതെ ഓടിനടന്ന് പുള്ളിക്കീ കാലത്ത് ഷുഗറും പ്രഷറും ഒക്കെ കൂടി എപ്പഴും വിറച്ചോണ്ടാണ്. കണ്ടാൽ നമുക്ക് കഷ്ടം തോന്നും. ചിലര് വിചാരിക്കും കള്ളും കഞ്ചാവും ഒക്കെ അടിച്ചാണെന്ന്. കാണുന്നോര് ചോദിക്കും  ഇയാളിതെന്തിനാ ഇത്ര കഷ്ടപ്പെട്ട് എല്ലാം ഏറ്റെടുക്കണേന്ന്. വെളിച്ചപ്പാട്  വെളിച്ചപ്പെടുമ്പോൾ മാത്രല്ലേ ദൈവാവുന്നുള്ളൂ. അല്ലാത്തപ്പോ അയാളും പ്രാരാബ്ധക്കാരൻ തന്നെ. ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടം. അത്ര തന്നെ.  ഒരിക്കൽ അച്ചൂന് വേണ്ടി വഴിപാടായി ഹരിയേട്ടനെക്കൊണ്ട് ദാരികാവധം പാടിച്ചിട്ടുണ്ട്. മുഴോനും മനസിലാവില്ലെങ്കിലും അത് കേട്ടിരിക്കാൻ നല്ല രസാണ്. ആ വാദ്യോപകരണത്തിന്റെ ശബ്ദോം. അതിന്റെ പേര് ഞാൻ മറന്നു.

ഇത്തവണ പൂരത്തിന്റന്ന് നിലാവ് നിറഞ്ഞിരുന്നു. മഞ്ഞിന്റെ തണുപ്പും നന്നായിട്ടുണ്ടായിരുന്നു. പകലൊക്കെ കാറ്റും വീശിയിരുന്നു. തൃപ്രയാർ തേവരുടെ ഏകാശി കാലങ്ങൾ ഓർമ്മ വന്നു എനിക്കന്നേരം. ഒരിക്കൽ പറഞ്ഞത് പോലെ ഓരോ ഉത്സവകാലങ്ങളും തന്നുപോവുന്നത് ഒരുപാട് നിറങ്ങളെയാണ്. ഓർമ്മകളെയാണ്.

Friday, November 3, 2017

എന്റെയീ ബടുക്കൂസ് തരങ്ങളാണ് എന്റെ സന്തോഷങ്ങൾ!!!

പറഞ്ഞു പറഞ്ഞ് ഇവിടുത്തെ വേട്ടേക്കരന്റേയും ഭഗവതീടേം പ്രതിഷ്ഠ ദിനം കഴിഞ്ഞു. ഇപ്പോഴിപ്പോൾ എല്ലാ ദിവസോം ഞാൻ അമ്പലത്തിൽ പോവാറുണ്ട്. അതൊരു സുഖാണ്. നേരം വെളുക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. സന്ധ്യയിൽ നിന്ന് ഇരുട്ടിലേക്കെത്തുന്നതും ഭംഗി തന്നെ. ഇരുട്ടിലേക്കെത്തുന്നതെന്ന് വേണ്ട രാത്രിയെന്നു മതി. ഇരുട്ടിലേക്ക്ന്നു പറയുമ്പോ എന്തോ ഒരു വിഷമം വരും. പെട്ടെന്നോർമ്മ വരിക ഒരു പെൺകുട്ടിയെ ആണ്. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ നൽകിയ നിസ്സഹായത കണ്ണുകളിൽ നിറച്ച് ഒരു തരി വെളിച്ചവും കടന്നുവരാത്ത ഇരുട്ടിനെ നോക്കിനിൽക്കുന്നൊരു പെൺകുട്ടിയെ............അവളെത്ര പാവമായിരുന്നു!!!!! വേണ്ട അവളവിടെ ആ ഇരുട്ടിൽ തന്നെ നിൽക്കട്ടെ. ഇന്നിപ്പോൾ പറഞ്ഞു പറഞ്ഞു സങ്കടപ്പെടാൻ വയ്യ. ഇന്നെഴുതേണ്ടത് മുഴുവനും അവളുടെ സന്തോഷങ്ങളെ കുറിച്ചാവണം. സന്തോഷങ്ങൾ ഈയിടെയായി എനിക്കേറെയുണ്ട്. എന്തിലും ഒരു നന്മ കണ്ടെത്തുക എന്നൊരു സ്വഭാവം ഈയിടെയായി എന്നിൽ കേറിക്കൂടിയതുകൊണ്ട് കുഞ്ഞു കാര്യങ്ങളിൽ പോലും എനിക്കൊരുപാട് സന്തോഷാണ്.

പുലരികളിൽ മെല്ലെ മെല്ലെ വെളിച്ചം പരക്കുന്നത് കാണുന്നത്, മേഘങ്ങൾ നീങ്ങണത്, ദൂരേന്നു മഴയിറങ്ങി വരണ കാണുന്നത്, സന്ധ്യ കനത്ത് ഇരുൾ പരക്കുന്നത്, സൂര്യരശ്മികൾ നീണ്ടു നീണ്ടു വന്നു വെയിൽ വിരിയുന്നത്, അതൊക്കെ എത്ര ഭംഗിയുള്ള കാഴ്ചകളാണ്!!!! തൊഴുതു കഴിഞ്ഞ്  കല്ല്യാണിപ്പാടം കാണുന്നതും കണ്ണിനു തണുപ്പ് തരണ ഒന്നാണ്. പല തരം പച്ചയാണ് പാടത്ത്. ഞാറുകളുടെ ഇളം പച്ചയും, മീശ പോലെ നിക്കണ വലിയ പുല്ലുകളുടെ കടും പച്ചയും, വരമ്പിലെ മഞ്ഞച്ച പച്ചയും, പാടവക്കത്ത് ചാഞ്ഞു നിക്കണ പാലമരത്തിലെ തളിരില പച്ചയുമൊക്കെയായി പലതരം പച്ചകൾ............ആ പച്ചയിലേക്ക് മഞ്ഞ് നേർത്ത പുതപ്പ് നീർത്തി കൊണ്ടുവരുന്നത് ഞാൻ ഏറെനേരം നോക്കാറുണ്ട്. വരമ്പിനിപ്പുറം മതിലുകെട്ടിയ അമ്പലക്കുളമാണ്. അതിലെ വെള്ളം ഒരു നീലിച്ച പച്ചയാണ്. മഞ്ഞു തുള്ളികൾ ഇടയ്ക്കൊന്നു വീഴുമ്പോൾ ഉണ്ടാകുന്ന കുഞ്ഞോളങ്ങൾ ഒഴിച്ചാൽ കുളം ധ്യാനിക്കയാണെന്ന പോൽ തീർത്തും അനക്കല്ല്യാണ്ടാണ്. പടവുകളെ തിരിക്കുന്ന മതിലിനു മോളിൽ പറ്റിപ്പിടിച്ച പായലുകളിലും വക്കത്തുള്ള ചെടികളിലും ഒക്കെ ഓടിപ്പോയി ചെന്നിരിക്കുന്ന, വെള്ളത്തിന് മീതെ വേഗത്തിൽ പറക്കുന്ന തുമ്പിക്കൂട്ടത്തെ കാണുമ്പോൾ മിടുക്കരായി രാവിലെ നേരത്തെ എണീറ്റ് വർക്ക്ഔട്ട് ചെയ്യുകയാണെന്ന് തോന്നാറുണ്ട്.  മഞ്ഞു പുകേം ഗണപതിഹോമത്തിന്റെ പുകേം കൂടിച്ചേർന്ന് ആകാശത്തോട്ട് പൊങ്ങി കാണാതാകുന്നതും എനിക്ക് പ്രിയപ്പെട്ട ദൃശ്യമാണ്.

ഒരു മണ്ഡലകാലം കൂടി ഇങ്ങെത്താറായി. ഇനിയുള്ള ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും എവിടെനിന്നെങ്കിലുമൊക്കെ അയ്യപ്പനാമം കേട്ടോണ്ടായിരിക്കും. മഞ്ഞിന്റെ തണുപ്പിൽ ഈറൻ കാറ്റിൽ കുളിർന്നു കൊണ്ട്  ശരണം വിളി കേൾക്കാൻ എനിക്കിഷ്ടാണ്. കേൾക്കുമ്പോൾ അറിയാതെ ഞാനും കൂടെ വിളിക്കാറുണ്ട് സ്വാമിയേ ശരണമയ്യപ്പാന്ന്. ഇവിടങ്ങളിലെ അമ്പലങ്ങളിലൊക്കെ അഖണ്ഡനാമജപം ണ്ടാവും. ഇക്കൊല്ലം അച്ചൂനെ മല ചവിട്ടിക്കണംന്നുണ്ട്. സാധിച്ചാൽ സന്തോഷം. തീർത്തും അപ്രതീക്ഷിതമായി അത്രയധികം സ്നേഹിക്കുന്ന ഒരാളെ കാണുക.... ഫോൺ വിളിക്കുമ്പൊ പറയണമെന്നാഗ്രഹിച്ചത് പലപ്പോഴും പറയുവാനാകാതെ.... വാക്കുകളിൽ മൗനം കടുങ്കെട്ടിട്ട് മുറുക്കുമ്പോൾ പറയാതെ തന്നെ മനസിലാക്കി സംസാരിക്കുക .... പ്രിയപ്പെട്ടൊരാൾ വിചാരിക്കാത്തൊരു നിമിഷത്തിൽ വന്നു കെട്ടിപ്പിടിച്ചുമ്മ വെക്കുക...... അങ്ങനേയിരുന്ന് എന്തൊക്കെയോ ആലോചിച്ച് പെട്ടെന്ന് മനസ്സ് ശൂന്യമാവുമ്പൊ അത്രയധികം ഇഷ്ടമുള്ള പാട്ട് നമ്മിലേക്കെത്തുക....ഒരു തയ്യാറെടുപ്പുകളുമില്ലാത്തൊരു യാത്ര പോവുക....... നിനക്ക് വേണ്ടിയെന്ന് കേൾക്കാനാഗ്രഹിക്കുമ്പോൾ കേൾക്കാൻ പറ്റുക.....അത്രമേൽ ഭംഗിയുള്ളൊരു സമ്മാനം കിട്ടുക........ വല്ലാതെ വിശന്നിരിക്കുമ്പോൾ അത്രയും സ്വാദുള്ള ദോശ കഴിക്കാൻ സാധിക്കുക.....കണ്ണിൽ വെള്ളം വരുന്നത്ര ചിരിക്കാനും ചിരിപ്പിക്കാനും ഒരാളുണ്ടാവുക..........ഒറ്റപ്പെടൽ എന്ന സങ്കടത്തോന്നലിൽ നിസ്സഹായപ്പെടുമ്പോൾ ചേർത്തു നിർത്താനൊരാളുണ്ടാകുക... ഇല്ലെന്നറിയാമെങ്കിലും വെറുതെ ഒരു പ്രതീക്ഷയെ കണ്ണിൽ നിറച്ച് മെയിൽ ബോക്സ് തുറന്നു നോക്കുമ്പോൾ  ഒട്ടുമൊട്ടും വിചാരിക്കാതെ പ്രിയമുള്ളൊരാളുടെ വായിച്ചാലും തീരാത്തത്ര വല്ല്യ മെയിൽ വന്നു കിടക്കുന്നതു കാണുക...... എന്റെയിഷ്ടങ്ങളെയെല്ലാം അറിയുമ്പോൾ ഇതൊക്കെ എന്റേം ഇഷ്ടങ്ങളാണല്ലൊ എന്ന് നമുക്കത്രയും ഇഷ്ടമുള്ളൊരാൾ പറയുന്നത് കേൾക്കുക...........ഇതെല്ലാം എനിക്കിപ്പോഴെന്റെ സന്തോഷങ്ങളാണ്. ജീവിതം ഇതുപോലത്തെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുടെ ആകെത്തുകയാകുന്നത് ഇങ്ങനെയൊക്കെ ആവ്വൊ!!!!!


കെടക്കാൻ‌ പോകുന്നേനു മുൻപേ ഉമ്മറത്തെ മുറ്റത്തേക്കൊന്നു പോയി നോക്കാറുണ്ട് ദിവസവും. അപ്പോഴാണ് രാത്രിയ്ക്ക് മണം കൊടുക്കാൻ വേണ്ടി പവിഴമല്ലിമൊട്ടുകൾ വിരിയാൻ തയ്യാറായി നിൽക്കുക.വെളുപ്പിനേ എണീറ്റ് വാതിൽ തുറക്കുന്നത് ആ പൂമണം വീണ്ടും എനിക്ക് മുന്നിലേക്ക് നിറയാനാണ്. എന്റെ ദിവസങ്ങളുടെ ആരംഭവും അവസാനവും ഇങ്ങനെയൊക്കെയാണ്. വെളിച്ചായി കഴിഞ്ഞാൽ കാണാം മുറ്റം നിറയെ വീണു കിടക്കുന്ന, മഞ്ഞുമ്മ വെച്ച പവിഴമല്ലി പൂക്കളെ. നല്ല ഭംഗിയുള്ള കാഴ്ച്ചയാണത്. കൊമ്പിലൊന്നു തൊട്ടാൽ‌ മതി പൂക്കളിങ്ങനെ ഉതിർന്നു വീഴാൻ.....പെറുക്കിയെടുത്ത് ചിലപ്പോഴൊക്കെ മാല കോർക്കും.ചിലപ്പൊ വെറുതെ കൂട്ടിവെക്കും. ഇനി ചിലപ്പൊ നീയെന്റെ മുഖത്തേക്കെറിയുകയെന്നു വിചാരിച്ച് ഞാൻ തന്നെ എന്റെ മുഖത്തേക്കിടും. ചിലപ്പൊ കമ്മലായി കാതിൽ ഒട്ടിച്ചു വെക്കും. വല്ലാണ്ട് പ്രാന്ത് മൂക്കുമ്പൊ മഞ്ഞളില പൊട്ടിച്ച് അറ്റം കൂട്ടിക്കെട്ടി വഞ്ചി പോലെയാക്കി അതിൽനിറയെ ഇത് നിറയ്ക്കും. അതും നോക്കിയിരുന്ന് അതിൽ കേറിയൊരു യാത്ര കിനാവ് കാണും. പണ്ട് കോളേജ് കാലത്ത് പതിവായി പോകുമായിരുന്ന ഒരു കടയുണ്ടായിരുന്നു. അവിടെ ധാരാളം ആശംസാ കാർഡുകൾ ഉണ്ടായിരുന്നു. ആ കൂട്ടത്തിലൊരു പിറന്നാളാശംസ കാർഡ് മേടിച്ച് ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിട്ടുണ്ട്. ഒരു പെൺകുട്ടി പുറം തിരിഞ്ഞു നിൽക്കുന്നതാണ് ചിത്രം. നീണ്ട സ്വർണ്ണത്തലമുടിയിഴകളിൽ നിറയെ പവിഴമല്ലി പോലുള്ള പൂക്കൾ കുറെ തിരുകി വച്ചിരിക്കുന്നു. എനിക്കത് ഒരുപാടിഷ്ടായി. ആരും സമ്മാനിക്കാനില്ലാത്തോണ്ട് ഞാൻ തന്നെ അതെനിക്കായി മേടിച്ചു. ഇപ്പഴും അതെന്റെ കയ്യിലുണ്ട്. അതുപോലെ എന്റെ മുടിയിഴകളിലും നിറയെ പവിഴമല്ലിപ്പൂക്കളെ തിരുകി വെക്കണം ന്ന് കൊതിച്ച്ണ്ട്. എനിക്കിഷ്ടാണ് ഇതുപോലെയുള്ള എന്റെ പ്രാന്തിഷ്ടങ്ങളെ..........  നിനക്കൊ???????

അമ്പലപ്പറമ്പിലെ പാലകൾ രണ്ടും പൂക്കാനുള്ള ദിവസങ്ങളെണ്ണി കാത്തുനിൽപ്പു തുടങ്ങീട്ട് കുറച്ചീസായി. ഓരോ കൊമ്പുകളേം ഇലകളേം കണ്ടാലറിയാം എന്നെ കൊതിപ്പിക്കാനുള്ള അവരുടെ പൂക്കാലത്തിനുള്ള തിടുക്കം. ഇടയ്ക്കുള്ള മഴ പെയ്യലു കാണുമ്പോൾ അവരുടെ ഉള്ളിൽ ആധിയാവും. എനിക്കാണേലോ പെയ്യാതാവുമ്പോഴാണ് ആധി. ത്ലാവർഷം എന്ന് പറയണ ഐറ്റം ഇതുവരേം നേരം പോലെ പെയ്തിട്ടില്ല.ഇനി ഈ കൊല്ലോം വെള്ളം വറ്റിയാൽ കിണറ്റിൽ റിംഗും കൂടി ഇറക്കാൻ പാകല്ല്യാന്ന് അന്നേ ആ റിംഗുകാരൻ പറഞ്ഞ്ണ്ട്. കിണർ റീചാർജിങ്ങ് പരിപാടി ശരിയായതുംല്ല്യ. മുറ്റത്ത് ആദ്യായി മന്ദാരം വിരിഞ്ഞു. കട്ടയിതളുകളുള്ള കടും ചുവപ്പാർന്ന  ചെമ്പരത്തിയും ആദ്യായിട്ടിന്നു വിരിഞ്ഞു. കുഞ്ഞു‌ നന്ത്യാർവട്ടം, നീലേം വെള്ളേം ശംഖുപുഷ്പം ഒക്കെം നിറയേ ണ്ടായി. എന്നാലും സന്തോഷം കുറച്ചധികം തോന്നിയത് ഇല കാണാത്ത വിധം പൂത്ത നാലുമണിപ്പൂക്കളെ കണ്ടപ്പഴാണ്. നിനക്കത്ര പ്രിയപ്പെട്ടതെന്ന ഒറ്റക്കാരണം കൊണ്ട് ഞാനെന്റെ മുറ്റം നിറയെ നാലുമണിച്ചെടികളെ നടാൻ തീരുമാനിച്ചു.ഓരോ പൂവും വിരിയുമ്പോൾ എന്റെയുള്ളിൽ നിന്നോടുള്ള സ്നേഹം കൂടിക്കൊണ്ടേയിരിക്കും. കാത്തിരിപ്പുകൾക്കൊടുവിൽ നീയെന്നെ കാണാൻ വരുമ്പോൾ നിന്റെ കൈക്കുമ്പിൾ നിറയ്ക്കാൻ വേണ്ടത്ര പൂക്കൾ അന്നും വിരിയുമായിരിക്കുമല്ലേ??? 

തനിച്ചിരിക്കുമ്പോൾ മുഴുവൻ വരികളും അറിയുന്ന പാട്ടുകൾ പാടുകയും അതാസ്വദിക്കലും ആണ് ഇപ്പോഴത്തെ പുതിയൊരു ഇഷ്ടം. നന്നായിണ്ടല്ലോ ഉമ്മൂ ന്ന് ഞാനെന്റെ തോളിൽ തട്ടി പറയാറുണ്ട്. കണ്ണാടിയിലെ എനിക്ക് ഞാൻ ഫ്‌ളൈയിങ് കിസ് കൊടുക്കാറുണ്ട്. റാണി പദ്മിനിയിലെ  "ഒരു മകര നിലാവായ് തളിരില തഴുകൂ.......  പെരുമഴ ചെവിയോർക്കും പുതുനിലമായ് നിൽപ്പൂ ഞാൻ..................." എന്ന പാട്ട്  കാതിലിങ്ങനെ നിറയുകയാണ്. ആദ്യമായ് കേട്ടപ്പഴേ അസ്ഥിക്ക് പിടിച്ചൊരു പാട്ടാണിത്. ഇന്ന് മുഴുവനും ഇത് പഠിക്കലായിരുന്നു പണി. ഇനിയും ശരിയായില്ല. എന്നാലും ശ്രമിച്ചോണ്ടേയിരിക്കുന്നു. ഇത് പോലെ ആ വണ്ടി കൂടി ഒന്നോടിക്കാൻ പഠിച്ചൂടെ ന്ന് ഇവിടൊരാള് ചോദിക്കുന്നുണ്ട്. വണ്ടിയിൽ കാഴ്ചകളും നോക്കി ഇരിക്കാനും, കേക്കണ പാട്ടിനു ഒപ്പം മൂളാനും, ഇടയ്ക്കൊന്ന് ഒറങ്ങാനും ഓടിക്കണ ആൾക്കുള്ള സീറ്റിലിരുന്നാൽ സാധിക്കൂല്ലല്ലൊ ന്ന് ഞാൻ. മോഹോക്കെണ്ട്. ഇരുവശോം കാടിന്റെ പച്ച മണക്കണ വഴിയിലൂടെ ഒരു ലക്ഷ്യവുമില്ലാതെ വണ്ടിയോടിച്ചു പോവാൻ. അതൊക്കെ അതിമോഹമാണെന്ന് ഞാനെന്നേ എന്നെ പഠിപ്പിച്ചു കഴിഞ്ഞു. ഇത് പോലെ അതിമോഹങ്ങൾടെ ഒരു വല്ല്യേ ലിസ്റ്റ്ണ്ട് ന്റെ കയ്യിൽ. ചിത്രകാരിയാവുക, ശിൽപ്പിയാവുക, ഫ്ലൂട്ട് വിദ്വാൻ ആവുക, കഥക് നൃത്തം ചെയ്യാൻ സാധിക്കുക, നെയ്ച്ചർ ഫോട്ടോഗ്രാഫർ ആവുക, നോർത്തേൺ ലൈറ്റ്സ് കാണുക, എവറസ്റ്റിൽ പോയി എന്റേം എന്റെ നിന്റേം പേരെഴുതി വെക്കുക, എല്ലാ കുഞ്ഞുങ്ങൾടെ മുഖത്തും ചിരിയും സന്തോഷവും നിറയ്ക്കുക, എല്ലാവരുടെ സങ്കടങ്ങളും ഇല്ലാതാക്കാൻ സാധിക്ക്യാ, അങ്ങനെ കൊറേ............... ഈ ലിസ്റ്റ്  ഇതൊന്നും പെട്ടെന്ന് തീരൂല്ല എങ്കിലും ഇടയ്ക്കിങ്ങനെ എടുത്തു നോക്കുന്നതും ഒരു കുഞ്ഞു സന്തോഷം തന്നെ.






Friday, June 23, 2017

മഴ പോസ്റ്റാ!!!!!!!

വല്ലാതെ സങ്കടപ്പെടുത്തിയ വേനലിനെ പറഞ്ഞു വിട്ട് വീണ്ടും മഴയിങ്ങെത്തി ............  ഈ മഴക്കാലം എന്റെ മൺവീട്ടിൽ എനിക്ക് പുതിയൊരു മഴയനുഭവമാണ് സമ്മാനിച്ചോണ്ടിരിക്കുന്നത്. പുറത്തെ മുറ്റത്തും അകത്തെ മുറ്റത്തും ഒക്കെ മഴനനവ്...... മഴമണം .........മഴക്കുളിര് ............. അങ്ങനെയാകെ മഴയുടെ നിറവ്!!!!! നടുമുറ്റത്തിനു ചുറ്റുമുള്ള നാലിറയത്തിന്റെ ചുവരുകളിൽ മഴ വെള്ളത്തിന്റെ പ്രതിബിംബങ്ങളിങ്ങനെ ഇളകിക്കൊണ്ടിരിക്കുന്നത് നോക്കിയിരിക്കാനൊരു രസാണ്. ഇന്നലെ തിരുവാതിര ഞാറ്റുവേല തുടങ്ങീത്രെ! ആ വാക്കുകൾ കേക്കുമ്പഴേ എനിക്കച്ഛമ്മേനെ ഓർമ്മ വരും.
ഇന്ന് മുഴോനും മഴയോട് മഴ തന്നെ. കൊറേ കാലങ്ങൾക്ക് ശേഷാണ് മഴയിങ്ങനെ നിർത്താതെ പെയ്തോണ്ടിരിക്കണത്. നടുമുറ്റം മുഴോനും ഇന്ന് വെള്ളം നിറഞ്ഞു. രാവിലെ അതിലിറങ്ങി കളിക്കലായിരുന്നു അച്ചൂന്റേം എന്റേം പണി.

വീടിനു പിന്നിലും മഴക്കാഴ്ച മനോഹരമാണ്. മഴയിങ്ങനെ ദൂരെന്നേ ഇറങ്ങി വരണത് , അതിനുള്ള ഒരുക്കങ്ങളും അതിന്റെ ബഹളങ്ങളും ഒക്കെ വടുക്കോർത്തിരുന്നാൽ കേൾക്കേം  കാണേം ചെയ്യാം. ആദ്യ മഴദിവസങ്ങളിൽ പാടത്ത് വിണ്ട നിലത്ത് മഴനീരുകൾ പതിയുമ്പോൾ ഓരോ ചേറിൻ തരികളും സന്തോഷത്തിലലിയുന്നത്  കാണേണ്ട കാഴ്ചയായിരുന്നു. മരങ്ങളും ഇലകളും വള്ളികളും പൂക്കളും എന്നെക്കാൾ കൂടുതൽ മഴയെ കാത്തിരുന്നിരുന്നു സ്നേഹിക്കുന്നു എന്നൊക്കെ കാണുമ്പോൾ എന്റെ സന്തോഷം കൂടാറുണ്ട്.

അതങ്ങനെയാണ് ഞാൻ സ്നേഹിക്കുന്നതിനെ മറ്റുള്ളവർ അതിൽ കൂടുതൽ സ്നേഹിക്കുന്ന കാണുമ്പോൾ എനിക്കത് സന്തോഷമാണ്. നാളെയൊരിക്കൽ എന്റെ അഭാവം ആ സ്നേഹത്തിൽ ഇല്ലാതാവുമല്ലോ എന്നൊക്കെയുള്ള ഹൈ വോൾട്ട് തത്വചിന്തകൾ  മനസ്സിനു ശക്തി പകരാൻ വേണ്ടി ഇടയ്ക്ക് ഞാൻ ചിന്തിച്ചു കൂട്ടാറുണ്ട്. പക്ഷെ ഞാനത്ര നിസ്വാർത്ഥയൊന്നുമല്ല. സ്നേഹത്തിൽ കുഞ്ഞു കുഞ്ഞു തല്ലൂട്ടങ്ങൾക്കു വേണ്ടി കുറച്ചൊക്കെ സ്വാർത്ഥത ആവാംന്ന അഭിപ്രായാണ് എനിക്ക്.

ഇന്നലെ ആര്യവേപ്പിനെ ചുറ്റിപ്പിടിച്ചോണ്ട് മൂന്നു നിശാഗന്ധിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്നു. വിരിയാൻ കാത്തിരിക്ക്യായിരുന്നു ഞങ്ങളെല്ലാവരും. മുഴുവനും വിരിഞ്ഞപ്പൊ ഞങ്ങളെല്ലാം ഓടിപ്പോയി തൊട്ടും മണത്തും തലോടിയും ഒക്കെ അതിന്റടുത്തൂന്ന് പോയില്ല. ആ പൂക്കളും ഞങ്ങളെ പോലെ തന്നെ വളരെ സന്തോഷത്തിലായിരുന്നു. അതങ്ങനെയാണ് കാത്തിരിക്കാനും സ്നേഹിക്കാനും നമ്മളെ കണ്ടും കേട്ടും സന്തോഷിക്കാനും ഒക്കെ ആരെങ്കിലും ഉണ്ടാവുക എന്നത് വളരെ വലിയ പുണ്യം തന്നെയാണ്. ഇന്നത്തെ മഴയിൽ വാടിക്കൂമ്പി കിടക്കുന്ന ആ പൂമൊട്ടിനെ കണ്ടപ്പൊ സങ്കടായി. ഒരു ദിവസം ഒരു നേരം മാത്രം ഭൂമിയിൽ ജീവിക്കാൻ അനുവദിക്കപ്പെട്ട ഒരു പാവം. എങ്കിലും സമാധാനിക്കാം പകൽ വെളിച്ചത്തിൽ ഈ ഭൂമിയിലെ കള്ളത്തരങ്ങളൊന്നും കാണേണ്ടി വരുന്നില്ലല്ലോ!!!


മഴയ്ക്ക് മുൻപേ കൊറേ മരത്തൈകൾ നട്ടിരുന്നു വീടിനു ചുറ്റും. നെല്ലി, പേര,കാപ്പി,മാവ്,മാതളം,ചാമ്പ,റമ്പുട്ടാൻ,സപ്പോട്ട,നാരകം അങ്ങനെ പലതും. മാവ് മൂവാണ്ടനും ചന്ത്രക്കാരനും ണ്ട് . നന്നായാൽ മത്യാരുന്നു. ഒക്കേം പിടിച്ചെന്ന് തോന്നുന്നു. അതിലെ നെല്ലീടെ കുഞ്ഞിലകൾ മഴ നനയണ കാണുമ്പോ എനിക്ക് പാവം തോന്നും. എല്ലാ വൈന്നേരോം ഞാൻ പോയി നോക്കാറുണ്ട് അതിനെ. ഇലകളുറങ്ങണ കാണാനും കൗതുകൊക്കെണ്ട്. ഇലകളോടുള്ള എന്റെയിഷ്ടം ഞാൻ പണ്ടെപ്പഴോ ഒരു നൂറു വാക്കിൽ കവിഞ്ഞുപന്യസിച്ചിട്ടുണ്ട്. ഞാനൊരിലകളേം പൂക്കളേം ആവശ്യമില്ലാതെ പൊട്ടിക്ക്യേല്ല്യ. എനിക്കത് സങ്കടാണ്.

അന്ന് പറഞ്ഞില്ലായിരുന്നോ ഞാനാദ്യായിട്ട്ണ്ടാക്കിയ കടുമാങ്ങേടെ കാര്യം, പിന്നെ ഈയിടെ ണ്ടാക്ക്യ ചമ്മന്തിപ്പൊടി അതൊക്കേം വല്ല്യേ പരിക്കില്ലാതെ രക്ഷപ്പെട്ടു. ദേഹണ്ണക്കാരന്റെ പേരക്കുട്ടിയല്ലേ തീർത്തും മോശമാവില്ലെന്ന് വല്ല്യമ്മ പറഞ്ഞപ്പൊ എനിക്ക് വല്ല്യ സന്തോഷായി. ഫേസ് ബുക്കിലെ ഫുഡ് ഗ്രൂപ്പിലെ തളിക പോസ്റ്റുകൾ കണ്ടിട്ട് ഞാനും അതുപോലെ ഇടയ്ക്ക് ണ്ടാക്കാറുണ്ട്. എനിക്ക് ഇല നിറയെ പലതരം വിഭവങ്ങൾ നിറച്ച് കാണുന്നതേ സന്തോഷാണ്. അതുകൊണ്ട് തന്നെ സദ്യ ഉണ്ണുക എന്നത് ഞാൻ നല്ല ഭംഗിയായി ചെയ്യുന്ന ഒന്നാണ്. അങ്ങനെ ഒരു മോഹത്തിന്ണ്ടാക്കിയ തളികയാണിത്.

പിന്നിലെ വാഴക്കൂട്ടത്തിലേക്ക് ഇപ്പൊ തൊപ്പിക്കിളികളും കളിക്കാൻ വരാറുണ്ട്. പകുതി വളഞ്ഞു നിക്കണ വാഴയിലകളുടെ മുകളിൽ വന്നിരുന്ന് ഒച്ചയുണ്ടാക്കണത് ഞാൻ ശ്രദ്ധിക്കാറുണ്ട്. അടുത്ത് നിക്കണ ചുണ്ടേടെ കൊമ്പും അവരുടെ കളിസ്ഥലമാണ്. തീരെ ചെറുതായതോണ്ട് പറന്ന് നടക്കണ കാണാൻ നല്ല ചന്താണ്. പണ്ട് അനൂന്റെ പോസ്റ്റുകളിൽ ഈ പേര് കണ്ടിട്ടുണ്ടെങ്കിലും ഇവിടെ  സ്ഥിരം കളിക്കാൻ വരുന്ന ഈ കുഞ്ഞൂഞ്ഞു കൂട്ടുകാരുടെ പേരാണെന്ന് ഈയിടെ ഗൂഗിളാ പറഞ്ഞന്നെ.

ഇതിനിടെ ഞാൻ ആർട്ട് ഓഫ് ലിവിങ് ന്റെ കോഴ്സ് ചെയ്തിരുന്നു. അത് ചെയ്തേ പിന്നെ എനിക്കെല്ലാത്തിനോടും സ്നേഹം കൂടീട്ടോ. (എക്സെപ്റ്റ് എട്ടുകാലി കൂറ etc ) അതൊരു നല്ല അനുഭവമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. എന്റെയുള്ളിലെ നന്മയെ വെളിച്ചത്തെ സ്നേഹത്തെ ധൈര്യത്തെ ഒക്കെ എനിക്ക് മനസിലാക്കാൻ കിട്ടിയൊരു അവസരം.

ഇനിയുള്ള ചിത്രങ്ങൾ നിനക്ക് വേണ്ടി മാത്രമെടുത്തതാണ്.നിന്നെ നിന്നിലൂടെ എന്നെ അടയാളപ്പെടുത്തി സൂക്ഷിക്കാനായി...............


എനിക്ക് നൽകാനായി ഒരു മഴ എട്ത്ത് വെച്ച്ണ്ട് ന്ന് നീയാരോടൊ സ്വകാര്യായി പറയണത് ഞാനിന്ന് കേട്ടൂട്ടൊ. 









    



മഴ പെയ്യുമ്പൊ‌ തോന്നും നിറയെ ഇലകളുള്ള ഒരു മരാവണംന്ന്. കാറ്റ് വീശുമ്പൊ തോന്നും നല്ലോം‌ നിറോം രോമോം ള്ള അപ്പൂപ്പൻ താടിയാവണം ന്ന്. വെയിലു വിരിയണ കാണുമ്പൊ തോന്നും പുഴയിലെ ഓളങ്ങളാവണം ന്ന്. മഞ്ഞു കുളിരുമ്പൊ തോന്നും മണ്ണിനെ പുൽകിയുറങ്ങുന്ന പുൽനാമ്പുകളാവണം ന്ന്. പ്രിയപ്പെട്ട പൂക്കളെ കാണുമ്പൊ പൂമ്പാറ്റയാവാനും ഇഷ്ടപ്പെട്ട പാട്ട് കേൾക്കുമ്പൊ നൃത്തം ചെയ്യാനും  ഒക്കെ തോന്നാറുണ്ട്. പക്ഷെ നിലാവ് കാണുമ്പൊ ഗസലു കേൾക്കുമ്പൊ  കടലു കാണുമ്പൊ നീയടുത്തുണ്ടായിരുന്നെങ്കിൽ എന്നല്ലാതെ മറ്റൊന്നും തോന്നൂല്ല.

ഞാനും നീയും ഒരു യാത്ര പോവുകയാണ്.
ഞാൻ മണ്ണായും നീ മഴയായും മാറുന്നൊരു യാത്ര.
നീയെന്നിൽ ആഴ്ന്നിറങ്ങുമ്പോൾ .........
ഞാൻ നിന്നിൽ അലിഞ്ഞമരുമ്പോൾ.........
എന്റെയും നിന്റെയും യാത്ര തീരുന്നത് നമ്മിലേക്കായിരുന്നുവെന്ന് തിരിച്ചറിയുമ്പോൾ 
ഞാൻ ഭൂമിയുടെയും നീ ആകാശത്തിന്റെയും തടവുകാരായി തീർന്നിരിക്കും.
എങ്കിലും.........

ഈ മഴയിൽ നനഞ്ഞ്....
മൗനത്തിൽ മൊഴിഞ്ഞ്.....
നമ്മളിന്നു കാട് കേറും.....
വഴി തെറ്റി തെറ്റി എങ്ങോട്ടൊക്കെയോ എത്തിച്ചേരും...........


        


ചില സ്നേഹങ്ങൾ അങ്ങനെയാണ് . ഈ വീണു കിടക്കുന്ന പൂക്കളെ പോലെ.......തീർത്തും ലാളിത്യമാർന്ന, സുന്ദരമായ ചില(ർ)ത് ............. അത്തരം സ്നേഹങ്ങൾക്ക് സമയമൊ കാലമൊ നിബന്ധനകളൊ നിർബന്ധങ്ങളൊ ഒന്നും വേണ്ട. കാലങ്ങൾക്കു ശേഷവും മുറിഞ്ഞിടത്തു നിന്നും പൊടിപ്പ് വന്നുകൊണ്ടേയിരിക്കും. എല്ലാ കാലങ്ങളിലും അവ പൂത്തു കൊണ്ടേയിരിക്കും. ഞെട്ടിലും, ഞെട്ടറ്റാലും അവ സുന്ദരവും വിശുദ്ധവും ആയിരിക്കും. അവസാനിക്കുന്നിടത്ത് നിന്നും തുടങ്ങാൻ സാധിക്കുന്നത് അതുകൊണ്ടാണ്.


"നിന്റെ കണ്ണുകളിൽ  ചിരിയിൽ നോക്കിൽ വാക്കുകളിൽ നിറയുന്ന പ്രണയം അത് തന്നെയാണ് നീ പറയുന്നത് പോലെ എന്നിൽ ചിലപ്പൊഴൊക്കെ നിനക്ക് പ്രിയപ്പെട്ട നന്ത്യാർവട്ടപൂവിനോളം നൈർമ്മല്യം നിറയ്ക്കുന്നത്. പ്രണയിയ്ക്കപ്പെടുന്നതിനേക്കാൾ വലിയൊരു ഭാഗ്യം ജീവിതത്തിൽ‌‌‌ മറ്റെന്താണുള്ളതെന്ന് അപ്പോഴൊക്കെയും ഞാൻ വിചാരിക്കാറുണ്ട്."  ഈ ഇലകളിൽ ഇങ്ങനെനെയൊക്കെ എഴുതി നിനക്ക് നൽകണമെന്ന് ഇതിങ്ങനെ നിക്കണ കണ്ടപ്പോൾ സത്യമായും അന്നെനിക്ക് തോന്നീന്നെ!!!



മഴ തോർന്നു. തവളകളും ചീവീടുകളും ഇന്നുറങ്ങാൻ ഭാവല്ല്യാന്ന് തോന്നണൂ. കൊറേ കാലം കൂടിയാണ് ഇന്നെന്റെ അടുത്തേക്കിത്രയൊക്കെ വാക്കുകൾ ഓടിയെത്തിയെ. അതിന്റെ സന്തോഷത്തിൽ ഞാനും പോയി ഉറങ്ങട്ടെ. ഷഹബാസ് പറയണ പോലെ.....................

എല്ലാവരോടും സ്നേഹം!!!!!!!!!!!!





















Friday, May 5, 2017

പഴയ ഫേസ് ബുക്ക് പോസ്റ്റുകളാ!!!!

ആരൊക്കെയോ കൊണ്ടിട്ട സങ്കടത്തിന്റെ ഒരു വിത്ത് മുളച്ച് 
വലുതായി മരമായിക്കൊണ്ടിരിക്കുന്നത് 
നിസ്സഹായതയോടെ നോക്കിക്കാണുകയായിരുന്നു. 
കണ്ണീരതിന്റെ വളർച്ചയെ നിമിഷനേരത്തിനുള്ളിലാക്കുന്നതു കാണുമ്പോഴും 
നിസ്സഹായതയുടെ പരിഹാസം ഏറ്റു വാങ്ങേണ്ടി വരുമ്പോഴും 

പിടിച്ചു നിൽക്കാനും
ആ മരത്തിനു നേരെ നോക്കി ചിരിക്കാനും സാധിക്കുന്നത് 

നിന്റെ കണ്ണുകളിലെ
എനിക്കായി മാത്രം തെളിയുന്ന 

സ്നേഹത്തിന്റെ വെളിച്ചം കൊണ്ട് മാത്രമാണ്.....
കരയാൻ കാരണങ്ങൾ ഏറെയുണ്ടെങ്കിലും 

അതില്ലാതാക്കാൻ നീയെന്ന ഒന്നു മാത്രമേയുള്ളുവെന്ന് 
വീണ്ടും വീണ്ടും തിരിച്ചറിയുമ്പോൾ ജീവിക്കാൻ എനിക്ക് ധൈര്യം കിട്ടുന്നുണ്ട്.
ജീവിതത്തോട് എനിക്കിഷ്ടമാവുന്നുണ്ട്.
അതിനുമുപരി നിന്നോടത്ര 
അത്ര അത്ര സ്നേഹം കൂടിക്കൊണ്ടേയിരിക്കുന്നുണ്ട്.

                                                     ***********************************

സൂര്യോദയത്തിന്റെ ആദ്യ കിരണം 
ഇരുളിൽ നിറയ്ക്കുന്ന വെളിച്ചം പോലെയാണ് നീയെനിക്കെന്ന് 
ഞാനിന്നും എന്റെ ദൈവത്തിനോട് പറഞ്ഞു. 
നിന്റെ സ്നേഹം കൊണ്ട് സ്വയം പുലരിയായും, 
ചിലപ്പോഴൊക്കെ ഒരു പുലർകാല മഞ്ഞുതുള്ളിയായും ഞാൻ മാറുന്നുണ്ട്. 
നോക്കൂ എന്റെ കണ്ണുകളിൽ 
നിനക്കായി ഇതിനേക്കാളധികം സ്നേഹം മറ്റെവിടെയുമില്ലെന്നു മനസിലാകുന്നില്ലെ?????
നോക്കൂ എന്റെ ചുണ്ടുകളിൽ 
നിനക്കായി ഇതിനേക്കാൾ മനോഹരമായുള്ളൊരു ചിരി മറ്റാരിലുമില്ലെന്നു മനസിലാകുന്നില്ലെ??????
ഇനി നീ പറയു 
എന്നെക്കാളധികം നിന്നെ നിറയ്ക്കുന്ന മറ്റൊന്നും 
മറ്റാരും ഈ ഭൂമിയിലില്ലെന്ന്!!!!! 
നീ പറയു എന്നെക്കാളധികം മറ്റാരും 
മറ്റൊന്നും നിന്നെ പ്രണയിക്കുന്നില്ലെന്ന്!!!

                                                    *****************     
                           
രണ്ട് പൂമ്പാറ്റക്കുഞ്ഞുങ്ങൾ വന്ന് കണ്ണുകളിലുമ്മ വെച്ചാലെ 
അവൾക്കുറങ്ങാൻ പറ്റൂത്രെ!!!!!!
മുറിയിലൊരു മിന്നാമിനുങ്ങിൻ വെട്ടവും 
കാറ്റുപേക്ഷിച്ചു പോയ താരാട്ട്മൂളലും 
നിലാവു കൊണ്ട് തുന്നിയൊരു പുതപ്പും 
നിന്റെ മണമുള്ള തലയിണയും
മഞ്ഞിൻ കുളിരുള്ള സ്വപ്നങ്ങളും
കൂടി അവൾക്ക് വേണംത്രെ!!!!!!!!!


                                                    **********************************

അങ്ങു ദൂരെയെവിടെയൊ 
ഒരു മഞ്ഞുമലയുടെ താഴ് വരയിൽ 
വസന്തകാലം നിറച്ച പലവർണ്ണ പൂക്കൾക്കിടയിൽ
ആരാലും ശ്രദ്ധിയ്ക്കപ്പെടാതൊരു കുഞ്ഞു പൂവായി നിൽക്കുന്ന എന്നെ......
ഏക്താരയിൽ ശ്രുതിയിട്ട് പാടുന്ന പ്രിയപ്പെട്ട ബാവുൽ ഗായകാ......
ഈ ഇലകൾക്കിടയിൽ നിന്നും നീയെന്നെ അടർത്തിയെടുക്കുക.......
നിനക്ക് നിവേദിയ്ക്കപ്പെട്ടൊരു പൂവ് ...
അങ്ങനെയാണ് എനിക്ക് ഞാൻ...!!!
പ്രണയം കൊണ്ട് നീയീ പൂവിനൊരു പൂക്കാലം‌ നൽകുക.