Saturday, December 21, 2019

ക്രിസ്മസ് ഫ്രണ്ട് ആയി ആരെയാ കിട്ട്യേ ന്ന് കുഞ്ഞൂട്ടനോട് അമ്മു ചോയ്ക്കണ കേട്ടപ്പഴാണ് ക്രിസ്മസ് ആവാറായല്ലോ എന്നോർത്തെ. ക്രിസ്മസ് എന്ന് കേട്ടാലേ ഗ്രീറ്റിംഗ് കാര്ഡോർമ്മകൾ ഓടിവരും. ഒന്നുരണ്ടു കൊല്ലം ഏകാദശിയോടനുബന്ധിച്ചുള്ള കടകളിൽ കാർഡ്‌സ് മാത്രമുള്ള കടകളും വന്നിരുന്നു. ഒരുകൊല്ലം ഏകാശി സാധനങ്ങൾ വാങ്ങാതെ അതിനു മുഴോനും ക്രിസ്മസ് ന്യൂയെർ കാർഡുകൾ വാങ്ങിക്കൂട്ടിയതിപ്പോ ഓർമ്മ വന്നു.

Archies,  hallmark എന്നൊക്കെയുള്ള കമ്പനികളുടെ കാർഡുകളൊക്കെ തപ്പി നടന്നിരുന്ന ദിവസങ്ങൾ... തൃശ്ശൂരിലെ archies gallery യിൽ പോയി ഓരോ കാർഡുകളിലേക്കും കൊതിയോടെ നോക്കി ഒടുക്കം രണ്ടെണ്ണം മാത്രം വാങ്ങിപ്പോന്ന ഒരു ദിവസം. Gift piece കളേക്കാളും കാർഡുകളായിരുന്നു സമ്മാനിക്കാൻ എന്നും ഇഷ്ടം.

ആശക്കായിരുന്നു ഏറ്റവും കൂടുതൽ അയച്ചിട്ടുള്ളത്.  മിക്കവാറും അവളുടെ കൂടെയാവും കടേൽ പോണത്. അവളുകാണാതെ വേണം മേടിക്കാൻ. അയക്കൽ കഷ്ടിയാണ് കയ്യിൽ കൊടുക്കലാണ് പതിവ്. എത്ര എഴുത്തുകളാണ് ഞാൻ അവൾക്കെഴുതിയിട്ടുള്ളത്. 200പേജ് ന്റെ നോട്ട് ബുക്ക്‌ മേടിച്ച് അതിലാണ് എഴുതിയിരുന്നത്. ഞാൻ അവൾക്ക് കൊടുക്കും അവളത് വായിച്ചു മറുപടി  അതിൽത്തന്നെ എഴുതി തരും. അങ്ങനെ ഒന്നോ രണ്ടോ നോട്ട് ബുക്ക്‌ ണ്ടായിരുന്നു. പിന്നേ എപ്പഴോ അതൊക്കെ കളഞ്ഞു. പക്ഷെ കാർഡുകൾ ഒക്കെ അതേപോലെ സൂക്ഷിച്ചു ഇപ്പഴും.

സത്യത്തിൽ ഇപ്പൊ ഓർക്കുമ്പോ ചിരിവരണൂ എന്താപ്പോ ത്രമാത്രം എഴുത്തെഴുതാൻ ണ്ടായിരുന്നെ എന്നോർത്തിട്ട്.
ദിവസവും കാണുന്ന രണ്ടുപേർ
ക്ലാസ്സിൽ അടുത്തടുത്തിരിക്കുന്ന രണ്ടുപേർ എപ്പോഴും ഒരുമിച്ചു നടക്കുന്ന രണ്ടുപേർ ഇത്രയൊക്കെ പറഞ്ഞുകഴിഞ്ഞിട്ടും പിന്നേയും 10ഉം 15ഉം പേജ് എഴുത്തെഴുതുന്ന രണ്ടുപേർ......
കൊറേ സങ്കടങ്ങൾ കൊറേ ഗോസിപ്പുകൾ രണ്ടുപേരുടെയും പ്രണയങ്ങൾ അങ്ങനെ എന്തൊക്കെയോ കുറേ ബടുക്കൂസ് തരങ്ങൾ.......  രസമായിരുന്നു ആ കാലങ്ങളൊക്കെ. അവളോടൊരിക്കലും തല്ലുകൂടിയ ഓർമ്മയേ ഇല്ല.

ഓട്ടോഗ്രാഫിന് പകരം ഡയറി ആയിരുന്നു അന്നെല്ലാവരും പരസ്പരം എഴുതാൻ കൊടുത്തിരുന്നത്. എന്റെ ആ ഡയറിയും ഞാൻ കളഞ്ഞു. ഇപ്പഴും കുട്ടികളൊക്കെ അതുപോലെ നിറയെ ഗ്രീറ്റിംഗ് കാർഡുകൾ വാങ്ങിക്കുന്നുണ്ടോ ആവോ !!!!!

ചില കാർഡുകളൊക്കെ മേടിച്ച് അതിനോടുള്ള ഇഷ്ടംകൊണ്ട് ആർക്കും അയക്കാതെ ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിട്ടുണ്ട്. പണ്ടേ എനിക്കെന്നോട് അത്രത്ര ഇഷ്ടായിരുന്നു. നഷ്ടപ്രണയത്തിന്റെ നെടുവീർപ്പുകളേന്തിയ(അതിനേക്കാൾ നല്ലത് തേച്ച കാമുകൻ തന്ന എന്ന് പറയുന്നതാവും ലെ ) ഒരുപിടി കാർഡുകൾ  ഇപ്പഴും കയ്യിലുണ്ട്. അതിലെ വരികളൊക്കെ ഇപ്പൊ വലിയ തമാശകളാണ്.

കാലമെത്ര കഴിഞ്ഞാലും കാർഡുകളും കാർഡോർമ്മകളും ഇപ്പഴും കൊതിപ്പിക്കുന്നത് തന്നെയാണ്. ഇന്നിപ്പോ കുറച്ചു മുൻപേ ഹരീഷിനോട് ചോദിച്ചേ  ഉള്ളൂ ഈ ക്രിസ്മസ് പുലരിയിൽ വാതിൽ തുറക്കുമ്പോൾ ഉമ്മറത്ത് ഒരു വല്ല്യ സമ്മാനപ്പൊതി കൊണ്ടന്നു വച്ചിട്ട് പോവുന്ന സാന്റാ ക്ലോസ് ആയിക്കൂടെടോ മാഷേ ന്ന്.... നിറയെ ഗ്രീറ്റിംഗ്‌കാർഡുകളും മിട്ടായികളും സമ്മാനങ്ങളും ഒക്കെയുള്ള ഒരു വല്ല്യ കൊട്ട.  ഹായ്..... ഓർക്കുമ്പോ തന്നെ ന്ത്‌ രസാണ് !!!!!

സമ്മാനങ്ങൾ കിട്ടുന്നത് ഒരു സുഖാണ്. നമ്മളിങ്ങനെ അലസമായിരിക്കുന്ന ഒരു ഉച്ചയ്ക്ക് പോസ്റ്റുമാൻ ഒരെഴുത്ത് ണ്ട് ട്ടോ ന്ന് പറയണത് കേക്കണത് എത്ര സന്തോഷാണ്. ആരാന്നറിയാൻ ഉള്ളിങ്ങനെ തിടുക്കം കൂട്ടും. തിരിച്ചും മറച്ചും അക്ഷരങ്ങളിലേക്കും നോക്കിയിട്ടും മനസ്സിലായില്ലെങ്കിൽ ഹൃദയമിടിപ്പ് കൂടണ പോലെ തോന്നും തുറന്നു നോക്കുന്നതുവരെ. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാവുമ്പോ ശരിക്കും ലോകം പിടിച്ചടക്കിയ സന്തോഷം തോന്നും. കാർഡാണെങ്കിൽ അതിലെ ചിത്രങ്ങളും വരികളും അതയച്ച ആളുടെ വരികളും അക്ഷരങ്ങളും അങ്ങനെ അതിന്റെ ഓരോ മുക്കും മൂലയും എത്രയെത്രയാണ് നോക്കാറുള്ളത്.

ഇപ്പൊ ഇങ്ങനൊക്കെ എഴുതുമ്പോ ഒരു കാർഡ് ഷോപ്പിൽ പോയി നിറയെ കാർഡുകൾ മേടിച്ചു പ്രിയമുള്ള ഓരോരുത്തർക്കും അയക്കാൻ തോന്നാണ്.

ജീവിതത്തിൽ സമ്മാനങ്ങൾ അധികമൊന്നും കിട്ടിയിട്ടില്ല. നിന്റെ കയ്യീന്നൊന്നു പോലും 😏☹️😐.... എന്നാലും,  ഞാൻ ഒരുപാട് ചോദിച്ചാൽ മാത്രം നീ തരാറുള്ള, എനിക്ക് വേണ്ടി നീയെഴുതുന്ന വരികൾ......... അത് തന്നെയാണ് എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും ഭംഗിയുള്ള സമ്മാനങ്ങൾ.  എന്റെയുള്ളിൽ എന്റെ വാക്കുകളിൽ ഇത്രയേറെ പ്രണയം നിറയ്ക്കുന്നത്  നിന്റെയാ വാക്കുകളാണ്.
ഇത്രയൊക്കെ സങ്കടങ്ങളിലും എന്നെ ഞാൻ പിടിച്ചു നിർത്തുന്നത് ഞാൻ നിനക്കത്രമേൽ പ്രിയപ്പെട്ടവളാണെന്നത് മനസ്സിലാക്കുമ്പോൾ മാത്രമാണ്.

പ്രിയപ്പെട്ടവനേ നിന്നോട് പറയട്ടെ

വെയിലിൽ നീയെന്റെ തണലും
മഴയിൽ നീയെന്റെ കുടയും
ഇരുളിൽ നീയെന്റെ വെളിച്ചവും
കണ്ണീരിൽ നീയെന്റെ ചിരിയും
വാക്കുകളിൽ നീയെന്റെ അക്ഷരങ്ങളും
ഏകാന്തതയിൽ നീയെന്റെ മൗനവും
അങ്ങനെ അങ്ങനെയൊക്കെയാണ് നീയെനിക്ക്......
എനിക്കെന്നും നിന്റെയുള്ളിലെ ഒരിക്കലും മായാത്തൊരു ഗസൽ ആയാൽ മതി.

സ്നേഹം മാത്രം നിറയുന്നതാവട്ടെ നിന്റെ ദിവസങ്ങൾ......
ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവർഷ ആശംസകൾ.

ഈ വഴിയിൽ വരുന്നവർക്കെല്ലാം സ്നേഹം നിറഞ്ഞ ആശംസകൾ നവവർഷത്തിന്റെ...... ക്രിസ്മസിന്റെ....


Monday, December 16, 2019

അങ്ങനേയിരിക്കെ ഇന്നു ഞാനെന്റെ ഇല്ലത്തേക്കൊന്നു പോയി. ന്റെ വേളി കഴിഞ്ഞിട്ട് 13 കൊല്ലോക്കെ ആയല്ലോന്ന് വണ്ടീലിരുന്നു ഞാനോർത്തു. അവിടൊക്കെ എന്ത് വേഗാണ് മാറ്റങ്ങൾ വന്നോണ്ടിരിക്കണത്.

പണ്ടൊക്കെ അങ്ങോട്ടേക്ക് പോവുമ്പോഴൊക്കെ ഓരോ കുഞ്ഞി കാര്യങ്ങൾ കണ്ടെത്തി ഞാനെന്റെ പഴയ കാലത്തെ തിരിച്ചു പിടിക്കാൻ ശ്രമിക്കുമായിരുന്നു. പഴയ കണ്ണീരോർമ്മകളെ എടുത്തു നോക്കി കരഞ്ഞും ചിരികളെ നോക്കി ചിരിച്ചും ഇഷ്ടങ്ങളെ നോക്കി പ്രണയിച്ചും ആ പഴയ എന്നെ ഞാൻ പോവുന്ന വഴി മുഴുവൻ ഓമനിച്ചോണ്ടുമ്മ വച്ചിരിക്കുമായിരുന്നു. ഓരോ മാഞ്ചോടും, പറമ്പിന്റെ മുക്കും മൂലയും അങ്ങനെ ഓരോ മണൽത്തരിയിൽ പോലും ഞാനങ്ങനെ എന്നെ തിരഞ്ഞു കണ്ടുപിടിച്ചോണ്ടിരിക്കുമായിരുന്നു.
എത്രയെത്ര ഓർമ്മകളായിരുന്നു അന്നെനിക്ക് അക്കമിട്ട് നിരത്താനുണ്ടായിരുന്നത്. 

പക്ഷെ ഇപ്പൊ കുറച്ചുകാലമായി വീട്ടിലേക്കുള്ള വഴി എനിക്ക് തീർത്തും അപരിചിതമാണെന്നേ തോന്നാറുള്ളൂ. പഴയ കാലവും ഓർമ്മകളും പഴയ എന്നെത്തന്നെയും എനിക്കത്രമേൽ അന്യമായെന്നു തോന്നാൻ തുടങ്ങി. അവിടെ ചെന്ന് മുറ്റത്തേക്കിറങ്ങി മണലിൽ ചവിട്ടിയപ്പോൾ മനസിലൊരു തണുപ്പ് നിറഞ്ഞിരുന്നു. പാച്ചൂനും വല്ല്യ സന്തോഷായി കളിക്കാൻ നല്ല സുഖമുള്ള മണ്ണായതിൽ. 

ഇക്കൊല്ലം മൂവാണ്ടൻ മാത്രേ പൂത്തിട്ടുള്ളൂ. കഴിഞ്ഞ കൊല്ലം എല്ലാ മാവുകളും പ്രാന്ത് പിടിച്ച പോലെ ആയിരുന്നു കായ്ച്ചത്. നാട്ടിലെ ചില ആളുകളെ കാണുമ്പോഴാണ് എനിക്കും പ്രായായി ന്ന ഓർമ്മ  വരണത്.  ഞാൻ കുട്ടി ആയിരുന്നപ്പോൾ കണ്ട അവരുടെ ചെറുപ്പ കാലങ്ങളും ഞാനിപ്പോൾ കാണുന്ന അവരുടെ നരച്ച തലയുമൊക്കെ എന്നെ ഓർമ്മിപ്പിച്ചത് എന്റെ പ്രായത്തെ മാത്രമായിരുന്നു.

ഇന്നലെ വൈകുന്നേരം മഴ ചാറിയിരുന്നു. അതിന്റൊരു ഈറൻ മണം എനിക്ക് എന്നെ പൊതിഞ്ഞ പോലെ തോന്നി. കളപ്പുരേടെ മുറ്റത്തിന്റെ പഴയ ഭംഗിയൊക്കെ തീർത്തും ഇല്ലാതായെന്നു തോന്നി. കാവും മഞ്ചാടി മരോം ഒക്കെ പണ്ടെന്നോ കണ്ട ഒരു സ്വപ്നത്തിലായിരുന്നെന്ന് അവിടം നേരിൽ കണ്ടപ്പോ തോന്നി. കുളത്തിന്റെ ഭാഗത്തേക്കൊന്നും ഞാൻ പോയില്ലാരുന്നു. പണ്ടൊക്കെ അങ്ങട് പോവുമ്പോ വീട്ടിലുള്ളവരോട് മിണ്ടാൻ കഴിഞ്ഞില്ലെങ്കിലും പറമ്പ് മുഴോനും ഒരു പ്രദക്ഷിണം വെക്കുമായിരുന്നു.പക്ഷെ ഇപ്പൊ അവിടെ എത്തിയാൽ മുറിയിലിരുന്ന് വർത്തമാനം പറയുക എന്നത് മാത്രമായി ശീലം. 

ഊണ് കഴിക്കാനിരുന്നപ്പോൾ നാട്ടിലുള്ള കാലിനു വയ്യാത്ത ഒരു ചേച്ചി രാധവല്യമ്മേ കാണാൻ വന്നിരുന്നു. അന്നേരം അവർക്കും ഒരു ഇലയിട്ട് ഊണ് കൊടുത്തു. ഇവിടെ ആര് വന്നാലും വെറും കയ്യോടെ ഞാനിപ്പോ പറഞ്ഞയക്കാറില്ല ഉമേ ന്ന് വല്യമ്മ പറഞ്ഞപ്പോ എനിക്കെന്തോ മനസ്സ് നിറഞ്ഞു കണ്ണീരു വന്നു സന്തോഷം കൊണ്ട്.  ഒരു നേരത്തെ ആഹാരായിട്ടോ പറ്റണ പോലെ കാശായിട്ടോ ഒക്കെ ഞാൻ കൊടുക്കലുണ്ട് ന്നും പറഞ്ഞു രാധ വല്യമ്മ. ഒരുപാട് ബുദ്ധിമുട്ടിയിട്ടുള്ളവർക്കേ മറ്റുള്ളോരുടെ ബുദ്ധിമുട്ട് മനസ്സിലാവൂ എന്നും ഞാനന്നേരം ഓർത്തു. എല്ലാരും സന്തോഷായും സമാധാനത്തോടെയും നന്നായിരിക്കുന്ന ഒരു ലോകം ഞാനപ്പഴും ആഗ്രഹിച്ചു പ്രാർത്ഥിച്ചു.

അവടെ വല്യമ്മേം വല്യച്ഛനും മാത്രേ ഉള്ളൂ. അവർക്കിടയിലുള്ള സ്നേഹം പഴയതിനേക്കാൾ കൂടുകയും ഭംഗിയുള്ളതാവുകയും ചെയ്തതായി എനിക്കനുഭവപ്പെട്ടു. പ്രണയം ഏത് പ്രായത്തിലും എത്ര മനോഹരമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. സ്നേഹം പ്രണയം എന്ന വാക്കുകളൊക്കെ പറയുമ്പോഴും കേൾക്കുമ്പോഴും കാണുമ്പോഴും നമ്മിലും നിറയുന്നതായി എനിക്കെപ്പഴും തോന്നാറുണ്ട്. സ്റ്റാർ ഭാരത് ചാനലിലെ രാധാകൃഷ്ണ് സീരിയൽ കാണാൻ ഞാൻ തിക്കും തിരക്കും കൂട്ടാറുള്ളതിന്റെ കാരണവും അതാണ്. ഈയിടെ ഷെയിൻ നിഗമനം അഭിമുഖത്തിൽ പറഞ്ഞ onelove എന്ന ആശയവും അങ്ങനെയൊന്നാണെന്നാണ് എനിക്ക് തോന്നിയത്.

ഒരു കൊല്ലം കൂടി അവസാനിക്കാറായി. പാച്ചൂനെ പ്രസവിച്ചതിനു ശേഷമുള്ള എന്റെ ദിവസങ്ങൾ സൂപ്പർ ഫാസ്റ്റ് നേക്കാളും വേഗത്തിലാണ് പോണത്. എന്റച്ചു എന്നെ വിട്ടിട്ട് ഒരു കൊല്ലാവാറായി. കല്യാണിക്കാവ്  പൂരം ഇപ്പാവും.

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടിരുന്നു നിറയെ ലാങ്കി ലാങ്കി പൂക്കൾ ഒട്ടിച്ചു ചേർത്തൊരു തൊപ്പി വച്ചോണ്ട് ഇളം സ്വര്ണനിറമുള്ള തലമുടിയുള്ള ഒരു പെൺകുട്ടി എന്റെ കൈപിടിച്ചു എന്നെ ഒരു വഴിയിലൂടെ കൊണ്ടോവുന്നത്. കൊന്നപ്പൂകൊണ്ട് ചുറ്റിക്കെട്ടിയ ഊഞ്ഞാലിൽ അവളെന്നെ കൊണ്ടിരുത്തി.
അവളുടെ കണ്ണുകളിൽ ഈ ലോകത്തെ മുഴുവൻ സ്നേഹവും നിറഞ്ഞിരുന്നു അവളുടെ വിരലുകളിലൂടെ അതെന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്ക് തോന്നി. കണ്ണടച്ചിരുന്നപ്പോൾ എന്റെ നെറ്റിയിൽ  മഴതുള്ളി വീഴണപോലെ ഒരുമ്മ തന്നുകൊണ്ട് പോവാണെന്ന് കാതിൽ പറഞ്ഞു അവളെങ്ങോ മാഞ്ഞുപോയി.
കണ്ണുതുറന്നു നോക്കിയപ്പോൾ എനിക്കു ചുറ്റും ഇതുവരെ കാണാത്ത നിറത്തിലുള്ള ഒരുപാട് പൂമ്പാറ്റകൾ.....മനുഷ്യരുടെ ദുഷ്ടത്തരം കൊണ്ട് ദൈവം പൂമ്പാറ്റകളാക്കി മാറ്റിയ മാലാഖപെൺകുഞ്ഞുങ്ങളാണ് അവയോരോന്നും എനിക്കിപ്പോ അത് വീണ്ടും ഓർക്കുമ്പോൾ തോന്നാണ്.








Tuesday, December 10, 2019

എപ്പഴോ കാണാൻ ബാക്കിവച്ചൊരു സ്വപ്നമുണ്ടായിരുന്നു എനിക്ക്.
ഇന്നലത്തെ നിലാവിലാണ് അത് തെളിഞ്ഞത്.
പവിഴമല്ലിയും പാരിജാതവും മണക്കുന്ന മഞ്ഞുതുള്ളികളാൽ ഈറനണിഞ്ഞ രാത്രിയെ നോക്കി ഉമ്മറത്തിരിക്കുമ്പോൾ ആണ് ഉള്ളിലുള്ള സങ്കടക്കടലിന്റെ അടിത്തട്ടിൽ നിന്ന് എന്റെ പ്രണയം മെല്ലെ മെല്ലെ നിലാവ് കാണാൻ വേണ്ടി പൊങ്ങിവന്നത്.
നിലാവിൽ നിന്റെ മുഖം വരക്കാൻ  തുടങ്ങി എന്റെ പ്രണയം.
നിന്നെയൊന്നു കണ്ടിട്ട് എത്രയോ നാളുകളായെന്നു തോന്നി എനിക്കപ്പോ.
അടുത്തിരുന്നു വർത്തമാനം പറയാനും നിന്റെ കളിയാക്കലുകൾ കേൾക്കാനും ഒക്കെ എനിക്ക് ഒരുപാടാഗ്രഹമായി.
അവസാനം വായിച്ച കഥ നീ പറഞ്ഞുതരുന്നതും ഞാനതും കേട്ട് നിന്റെ തോളിൽ തല ചായ്ച്ചിരിക്കുന്നതും എന്റെയൊരു പഴയ സ്വപ്നമായിരുന്നു.
നിന്നിൽ എന്റെ ഒരുപാട് സ്വപ്‌നങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നുണ്ട്.



Thursday, November 28, 2019

അമ്പലപ്പറമ്പിലെ പാലമരങ്ങൾ ഇക്കൊല്ലം പൂത്തില്ല. ഈയിടെ ഞാനെന്നും പോവാറുണ്ട് അമ്പലത്തിലേക്ക്. മുറ്റത്തു നിക്കണ ഒരെണ്ണത്തിൽ മാത്രം അവടവടെ ആയി മൂന്നാലു കുലകൾ ണ്ട്. കാണാനും മണക്കാനും എന്റച്ചു എനിക്കൊപ്പം ഇല്ലാത്തോണ്ടാവും പൂക്കാഞ്ഞത്.

ഒരു ദിവസം റോഡിലൂടെ ഒരു സ്കൂട്ടറിൽ ഒരച്ഛനും കുട്ടീം കൂടി പോവുന്നുണ്ടായിരുന്നു. ഒരുമ്മക്കുട്ടി. അത് കണ്ടപ്പോ ഷിഫാനയെ ഓർത്തു. അച്ചൂന്റെ കൂട്ടുകാരി ആണ്. ഒന്നാം ക്ലാസ്സ്‌ മുതൽക്കേ സ്കൂളിലെ അച്ചൂന്റെ അമ്മ. വയ്യാത്ത കുട്ട്യാണ്, ബാഗ് പിടിക്കാനൊക്കെ ഒന്ന് സഹായിക്കണം, എപ്പഴും ഒരു ശ്രദ്ധണ്ടാവണം, ബാത്ത് റൂമിൽ പോവാനൊക്കെ കൂടെ പോണംട്ടോ ന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. അതൊക്കെ അത്പോലെ ചെയ്തിരുന്നു. നല്ല കാര്യപ്രാപ്തിയുള്ള വെളുത്തു മെലിഞ്ഞ, നീണ്ട മുടിയുള്ള ഷിഫാന.

അന്നാ ദിവസം അവളുടെ ഉറക്കം കണ്ട് എന്തൊരു കരച്ചിലായിരുന്നു ഷിഫാനേം ബാക്കി കുട്ടികളും. അതൊക്കെ കഴിഞ്ഞ് ഓണം വെക്കേഷനൊരു ദിവസം വന്നിരുന്നു അനിയനേം ഏട്ടനേം ഒക്കെ കൂട്ടി. ഞങ്ങളെല്ലാവരും കരഞ്ഞു. എന്നോട് പറഞ്ഞു ചേച്ചി കരയല്ലേട്ടോ ന്ന്. ഇടയ്ക്ക് വരാമെന്നും. അവളുടെ ഫോട്ടോ നോക്കിയിരുന്നു കുറച്ചു നേരം. അവളുണ്ടായിരുന്നെങ്കിൽ ഓടി നടന്ന് ഇവിടം മുഴോനും കാണിച്ചേനെ.

9മാസം കഴിഞ്ഞു ന്റെ കുട്ടി ന്റട്ത്ത്ന്ന്  പോയിട്ട്. ഓരോ ദിവസോം ഓരോ നിമിഷവും മനസ്സിലിട്ട് ഞാൻ നീറ്റാണ്. ഇടക്കിങ്ങനെ ശ്വാസം പോണ പോലെയാണ്. ഒന്ന് കാണാൻ കണ്ണുകളിങ്ങനെ നീറും. തൊടാനാവാതെ വിരലുകൾ വേദനിപ്പിച്ചു വിറയ്ക്കും. മിണ്ടാൻ പറ്റാതെ വാക്കുകൾ വായ്ക്കുള്ളിൽ നാവിനേം പല്ലുകളേം ചുണ്ടുകളേം ഒക്കെ ഞെരിച്ചമർത്തുന്ന പോലെ അനുഭവിപ്പിക്കും. ഹൃദയം രണ്ടായി ഭാഗിക്കണ പോലെ വേദനിപ്പിക്കും. കൊറേ കൊറേ കരായണമെന്ന് ആഗ്രഹിച്ച്‌ അതിനായി ശ്രമിക്കുമ്പോ കരയാൻ പറ്റാതാക്കും. 

ഇനി മരിക്കുവോളം ഇതിങ്ങനെ തന്നെ കൂടെണ്ടാവും ലോ എന്നോർക്കുമ്പോ...... കാക്കകളെ കാണുന്നത് എനിക്കിപ്പോ സങ്കടാണ്. അമ്മ അമ്മേടെ അമ്മേടെ ബലിയിട്ട് കഴിഞ്ഞ് കൈകൊട്ടിയപ്പോൾ ഒറ്റ കാക്കകളും വന്നില്ല. ഇവടെ കാക്കകൾ പൊതുവെ കുറവാണ് എന്നതാണ് സത്യം. Vs നോട്‌ ഞാൻ പറഞ്ഞു. ഇതുപോലെ നമ്മള് കൈകൊട്ടുമ്പഴും കാക്ക വരൂല്ല അന്നേരം വിഷമിക്കല്ലെട്ടോ ന്ന്. നമ്മടച്ചു ഈ ഒണക്കച്ചോറും എള്ളും ഒന്നും കഴിക്കാൻ കൂട്ടാക്കില്ല അവൾക്കതൊന്നും ഇഷ്ടല്ലന്ന്.

എണ്ണിപ്പെറുക്കി പറയാനും കരയാനും ജീവിതം ഇനിയും ഒരുപാടൊന്നും വേണ്ട എന്ന ആഗ്രഹമേ ഇപ്പോഴുള്ളൂ. 

Tuesday, November 26, 2019

രണ്ട് മൂന്നു മാസങ്ങൾക്കു ശേഷം  ഫേസ് ബുക്ക്‌ വീണ്ടും തുറന്നു. എന്താന്നറിയില്ല ആഴ്ച ഒന്നാവാറായപ്പഴേക്കും വീണ്ടും പൂട്ടിക്കെട്ടി പോന്നു. ഇത്രയധികം ഒരു മടുപ്പ് ഇതിനു മുൻപൊരിക്കൽ പോലും തോന്നീട്ടില്ല. ഓരോ തവണ ഫോട്ടോ ഇടുമ്പഴും പുതിയ ഫ്രണ്ട്സിനെ ആരെയെങ്കിലുമൊക്കെ കിട്ടാറുണ്ട്. കഴിഞ്ഞ കുറേക്കാലമായിട്ട് സൗഹൃദങ്ങൾ ഉണ്ടാക്കാനോ ഉള്ളതിനെ നല്ല രീതിയിൽ കൊണ്ടുനടക്കാനോ ഒന്നും സാധിക്കാറില്ല. വേണമെന്ന് തോന്നണില്ല എന്നതാണ് സത്യം.

ബ്ലോഗിൽ നിന്നും കണ്ട് ഇഷ്ടപ്പെട്ടു ഫേസ് ബുക്കിലൂടെ കണ്ടെത്തി അങ്ങോട്ട് പോയി സുഹൃത്തുക്കൾ ആക്കിയെടുത്ത ഒരു കാലമുണ്ടായിരുന്നു. ഓടി നടന്ന് ചങ്ങാതിമാരെ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു കാലം. എല്ലാം നല്ല മനസുള്ള വ്യക്തിത്വമുള്ള ഭംഗിയായി ജീവിക്കുന്ന എഴുതുന്ന ചിന്തിക്കുന്ന ആളുകൾ..... എല്ലാവരോടും ഇഷ്ടമായിരുന്നു. എന്റെ അപകർഷതാബോധം കൊണ്ടാവും ഒട്ടു മിക്ക സൗഹൃദങ്ങളിൽ നിന്നും ഞാൻ തിരിഞ്ഞു നടക്കാൻ ശ്രമിച്ചത്.

ആർട്ടിസ്റ്റ് സിനിമയിൽ ആൻ ന്റെ ലാസ്റ്റ് ഡയലോഗ് ണ്ട്. ഏതൊരു ബന്ധത്തിനും ഒരു എൻഡിങ് പോയിന്റ് ണ്ട്. അവടെത്തിയാൽ പിന്നേ വേണ്ടെന്നാഗ്രഹിച്ചാൽ പോലും നമുക്ക് തിരിച്ചു നടന്നെ പറ്റൂ ന്ന്. എന്റെ പല relations ലും അത് സത്യമാണെന്ന് തോന്നിയിട്ടുണ്ട്. അത് മനസിലാക്കിയതിൽ പിന്നേ സൗഹൃദങ്ങളെ ഞാൻ ആഗ്രഹിച്ചിട്ടേയില്ല. ഉണ്ടാക്കാൻ ശ്രമിച്ചിട്ടുമില്ല. ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സങ്കടം കിട്ടിയപ്പോൾ ഞാൻ  കൈവിട്ട പല സൗഹൃദങ്ങളും കൂടെ നിന്ന് ആശ്വസിപ്പിച്ചു. പുതിയ സൗഹൃദങ്ങൾ ആ കാരണം കൊണ്ട്തന്നെ തേടിവന്നു. ഞാൻ മനസിലാക്കിയതിനേക്കാൾ കൂടുതൽ ആഴമുള്ള ചില സൗഹൃദങ്ങൾ എനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞു. നാളുകൾക്ക് ശേഷം സംസാരിക്കുകയാണെങ്കിൽ പോലും ആ ഒരു വിടവ് അനുഭവപ്പെടാത്ത അവസാനം നിർത്തിയിടത്ത് നിന്നും പറഞ്ഞുതുടങ്ങാൻ സാധിക്കുന്ന മനോഹരമായ അപൂർവ്വമായ  ചില സൗഹൃദങ്ങൾ എനിക്കുണ്ട്. പലരും അത് പ്രത്യേകമായി എടുത്ത് പറയുമ്പോൾ എനിക്കൊരു സംശയം ഉണ്ടാവാറുണ്ട്  ഞാൻ നല്ലൊരു സുഹൃത്ത്  ആണോന്ന്.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാനിപ്പോഴും എൻറെയോരോ സുഹൃത്തുക്കളിൽ നിന്നും അകലാൻ ശ്രമിക്കുന്നുണ്ട്. പണ്ടൊരിക്കൽ പറഞ്ഞ പോലെ മൗനം കൊണ്ടൊരു കൂടുണ്ടാക്കി അതിനുള്ളിൽ തനിച്ചിരിക്കാൻ ശ്രമിക്കുന്നൊരു ഞാനാണ് ഇപ്പോഴത്തെ ഞാൻ.  ഒറ്റക്കായിപ്പോകുന്നവരുടെ വിഷമം ഒരിയ്ക്കലും ഒറ്റക്കാവണം എന്നാഗ്രഹിക്കുന്നവർക്ക് മനസിലാവില്ല.  ഒരു സഹായത്തിനായി കൈ നീട്ടിയാൽ പിടിച്ചു കേറ്റാൻ ഒരുപാട് കൈകൾ നീണ്ടുവരുമെന്നു ഉറപ്പുണ്ടെനിക്ക്. ആ ധൈര്യത്തിലാവും ഒറ്റക്കാവാൻ ഞാനിങ്ങനെ ആഗ്രഹിക്കുന്നത്.

എന്നെ  എന്റെ സുഹൃത്തുക്കൾ  എങ്ങനെയാവും നിർവചിക്ക്യാ..... അറിയില്ല. ഒരുപക്ഷെ ഒരുപാടു പേരിലൊരാൾ മാത്രമായിരിക്കും പലർക്കും ഞാൻ. ഒന്നെനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. എന്റെ സൗഹൃദങ്ങളിലെല്ലാം ഞാൻ സത്യസന്ധയായിരുന്നു. മുഖംമൂടിയില്ലായിരുന്നു. ഓരോരുത്തരും സ്പെഷ്യൽ ആയിരുന്നു. ഒരുപാടുപേരിൽ ഒരാൾ എന്ന തോന്നൽ ഞാനാർക്കും നൽകാതിരിക്കാൻ  എപ്പോഴും ശ്രദ്ധിച്ചിരുന്നു.


Monday, November 18, 2019

കുറേ കാലങ്ങൾക്ക് ശേഷം ഞാനിന്ന് കല്ല്യാണിക്കാവിലേക്ക് പോയി. പാച്ചു നെ  എടുത്തോണ്ട് നടന്നുപോവുമ്പോ എനിക്ക് തോന്നി അച്ചൂം കൂടെണ്ട്ന്ന്. എട്ടൊൻപത് വയസ്സു വരേം ഞാൻ എട്ത്തോണ്ട് നടന്നത് വഴിയിലെ ഓരോ മുക്കിനും മൂലയ്ക്കും അറിയാം. ഓരോ പുൽക്കൊടിയും മൺതരിയും എനിക്കൊപ്പം സങ്കടപ്പെടണപോലേം തോന്നി. വഴിയിൽ കണ്ട ഒരാൾ ചോദിച്ചു ആദ്യായിട്ടാണൊ വരണേന്ന്.

വീട്ടിലെ ഒരാൾ പോയി കഴിഞ്ഞാൽ വീട്ടുകാർക്ക് മക്കളാണേൽ അമ്മയ്ക്ക് ഭർത്താവാണേൽ ഭാര്യക്ക് സമൂഹം ഓരോ പതിവുകൾ കൽപ്പിച്ചു നൽകീണ്ട്. ആരെ കണ്ടാലും കരയണം പോയവരെ പറ്റി പറയണം‌ ദേഹം ക്ഷീണിക്കണം മുഖത്തെപ്പഴും സങ്കടം ണ്ടാവണം ആഘോഷങ്ങൾക്കൊന്നും പോവരുത് പുതിയ വസ്ത്രങ്ങൾ മേടിക്കരുത് അങ്ങനെ കൊറേ...... എന്നെ കാണുമ്പൊ പലരും അങ്ങനെയൊക്കെ എനിക്കും ണ്ടൊ ന്ന് നോക്കണതായി ഞാൻ മനസ്സിലാക്കീണ്ട്. ചിലപ്പൊ എന്റെ മനസ്സിന്റെ കൊഴപ്പം കൊണ്ടാവും ഇങ്ങനൊക്കെ തോന്നണത്. എന്റെ തെറ്റിദ്ധാരണയുമാവാം. എനിക്ക് ചുറ്റും ഇങ്ങനെയുള്ള ആളുകൾ ണ്ട്.

കല്ല്യാണി നല്ല സുന്ദരിയായിട്ടിരിപ്പുണ്ടായിരുന്നു. ഇന്നലെ മുതൽ ചുറ്റുവിളക്ക് തുടങ്ങി. നാളെ അഖണ്ഡനാമാത്രെ! കഴിഞ്ഞ കൊല്ലം ണ്ടായില്ല ശബരിമല പ്രശ്നം കാരണം. ആ സമയത്ത് എന്നും ഇവടൊരാൾക്ക് അതിന്റെ ചർച്ച കാണാനേ നേരണ്ടായിരുന്നുള്ളൂ. അച്ചു എപ്പോഴും അതും പറഞ്ഞ് തല്ലൂടുമായിരുന്നു. കഴിഞ്ഞ കൊല്ലം ഈ കാലത്താണ് അവൾ ആശുപത്രിയിലാവുന്നത്. ഒരു കൊല്ലം എത്ര വേഗാണ് കടന്നുപോയത്!!!!

പാച്ചൂന് അമ്പലക്കുളം അതിലെ വല്ല്യ മീൻ ഒക്കെ കാണിച്ചുകൊടുത്തു. അവനതൊക്കെ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. അവൻ തന്നെ നടക്കാൻ തുടങ്ങി. വികൃതി കൂടിക്കൂടി വരാണ്. അച്ചൂന്റട്ത്ത്ന്ന്  നല്ലത് കേട്ടേനെ എന്നും. അമ്പലമുറ്റത്തെ പാലമരങ്ങൾ പൂത്തിട്ടില്ലെന്ന് തോന്നുന്നു. അത്ര അങ്ങ്ട് ശ്രദ്ധിച്ചും ഇല്ല.

ഈയിടെ ആയിട്ട് എനിക്ക് കൊറച്ചധികം പച്ചക്കറിക്കൃഷി മോഹം കലശലായിണ്ട്. പിന്നിലെ കാന്താരിത്തൈ വീണ്ടും പൂവിടാൻ തുടങ്ങിയ കോവൽ ഒക്കെ എനിക്കെന്റെ അച്ചുപ്പാച്ചു ആണെന്ന തോന്നലാ.....ഇതിനിടേൽ പിന്നിലെ ഒരു തെങ്ങ് ഒരു രാവിലെ ചെന്നു നോക്കുമ്പൊ കടപുഴകി വീണു കിടക്കുന്നു ഒരപകടോം വരുത്താതെ. രണ്ടു കറിവേപ്പിൻ തൈകൾ ഉണങ്ങിപ്പോയി. വഴുതനകളെല്ലാം നന്നായി നിക്ക്ണ്ട്. ഓമക്കായ തിന്നാൻ എന്നും വവ്വാൽ വരാറുണ്ട്. എനിക്കതിനെ കണ്ടാൽ പേട്യാവും. ഇനി നിപ്പേടെ ഒരു കുറവും കൂട്യേള്ളൂ. ഇവടെ ഉമ്മറത്ത്  മൂലക്കൽ എന്നും വവ്വാൽ വന്ന് വൃത്തികേടാക്കീട്ട് പോവും. രാത്രി ആയാൽ മൂലക്കൽ ചുമരിൽ അവറ്റോൾ വന്നിരിക്കും കാര്യസാധ്യം നടത്തീട്ട് പോവും. ആദ്യം എലി ആണെന്നാ വിചാരിച്ചെ പിന്നെയാ ഈ സാധനാന്ന് മനസ്സിലായെ.ഇത് വരാതിരിക്കാൻ എന്താ ചെയ്യാ????

കൊറേ നാളായില്ലെ ഞാനെന്റെ കുഞ്ഞി കുഞ്ഞി വർത്താനങ്ങൾ പറഞ്ഞിട്ട്. ഇന്നിപ്പൊ എഴുതി വന്നപ്പൊ അതിങ്ങനെയായി. ഇനിയിങ്ങനെ ഓരോന്നായി നിരത്തിയെഴുതാനൊന്നും എനിക്ക് പറ്റും ന്ന് ഞാൻ വിചാരിച്ചേയില്ല്യ. എല്ലാരോടും അങ്ങനെയാണ് പറഞ്ഞിരുന്നതും.

കാലം അങ്ങനെയാണ്. വേദനിപ്പിച്ചോണ്ടിരിക്കും.
നമ്മൾ അതിൽ നീറി നീറി.....
പ്രതീക്ഷിക്കും ഒരിക്കൽ ഈ മുറിവുണങ്ങുമെന്ന്.
ദിവസങ്ങളും ആഴ്ച കളും മാസങ്ങളും വർഷങ്ങളുമെല്ലാം കഴിയും തോറും നമ്മൾ മനസിലാക്കും പഴകും തോറും മുറിവിനു ആഴവും കൂടുന്നുണ്ടെന്ന്. വേദനിച്ച് വേദനിച്ച് വേദന ലഹരിയായി മാറാൻ തുടങ്ങും അന്നേരം. കരയാനൊ ചിരിക്കനൊ ഒന്നും സാധിക്കാത്ത ആ മരവിപ്പിൽ ജീവിക്കാൻ സുഖമെന്ന് മനസിലാക്കാൻ തുടങ്ങും.

ഉള്ളിലെവിടെയൊ ഒളിഞ്ഞുകിടക്കുന്ന സ്നേഹമെ....നീയെന്റെ മുറിവുകളിൽ തണുപ്പേകുന്ന മരുന്നാകില്ലെ????? ഇരുൾ നിറഞ്ഞ ഈയിടത്തിലൊരു തിരി വെളിച്ചമാവില്ലെ?????? നീയൊന്നു തൊട്ടാലെ കെട്ടിപ്പിടിച്ചാലെ ഉമ്മ വച്ചാലെ എനിക്കൊന്ന്  പെയ്തു തോരാനാവൂ!!!!!!!









Friday, November 15, 2019

തൃപ്രയാർ ഏകാദശി ആവാറായീന്നു  ഇന്നാണ് ഓർത്തത്. ഏകാശിക്ക് വരണുണ്ടോ ന്ന് രാധ വല്യമ്മ ചോദിച്ചപ്പോ. മഞ്ഞു കാലം ആയപോലെയൊന്നും തോന്നുന്നേയില്ല. കാറ്റും വീശല് കുറവാണ്. ഏകാദശി ആയെന്നു തോന്നുക ഇത് രണ്ടും അറിയാൻ തുടങ്ങുമ്പോഴാണ്. പാല പൂക്കണ സമയവും ഇതുതന്നെ. അമ്പല മുറ്റത്തെ പാലമരങ്ങൾ പൂത്തോ ആവോ !!!! കോഴിക്കോട്ടേക്ക് പോയിരുന്ന തിങ്കളാഴ്ചകളും മനസ്സിലേക്കോടിയെത്തി.

ഇല കാണാത്ത വിധം പൂത്ത പാലമരങ്ങൾ എന്റെയുള്ളിൽ ഒരുപാട് സ്നേഹത്തെ നിറച്ചിരുന്നു. അല്ലെങ്കിലും നിറവുള്ള കാഴ്ചകളെല്ലാം എനിക്കെന്നും സ്നേഹമാണ്. നിറഞ്ഞു പെയ്യുന്ന മഴ നിറഞ്ഞൊഴുകുന്ന പുഴ നിറഞ്ഞ വെയിൽ  അതിൽ നിറയുന്ന തണൽ മരങ്ങൾ അതിലെ നിറവുള്ള നിറമാർന്ന ഇലകൾ ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ മുഖത്ത് കാണുന്ന നിറഞ്ഞ ചിരി  അങ്ങനെ നിറവുള്ളതെല്ലാം എനിക്ക് സ്നേഹമാണ്.

സ്നേഹം നിറയുമ്പോൾ മനസ്സ്  തീർത്തും ശാന്തമാവും. അല തല്ലി ഒഴുകിയിരുന്ന കടൽ ശാന്തമാവുന്നതു പോലെ....... സമാധാനത്തോടെ ഒരു നിമിഷമെങ്കിലും ജീവിക്കാനാവുന്നതിനേക്കാൾ വല്ല്യ കാര്യം വേറെന്താണുള്ളത്  അല്ലെ ???
സ്നേഹം എത്ര മൃദുവായ ഒരു വാക്കാണ് ... അത്ര തന്നെ ശക്തമായ ഒരു സത്യവും.
ഞാനെപ്പഴും അങ്ങനെ ആലോചിക്കാറുണ്ട്. സ്നേഹത്തെ കുറിച്ച്.

ഒരേ സമയം സന്തോഷവും സങ്കടവും ചിരിയും കരച്ചിലും
മുറിപ്പെടുത്തലും മുറിവുണക്കലും
അങ്ങനെയൊക്കെയാണ്  സ്നേഹം.
ഓർക്കാൻ ശ്രമിക്കുംതോറും മറന്നു പോകുന്ന
മറക്കാൻ ശ്രമിക്കുംതോറും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന
ചേർത്ത് പിടിക്കാൻ നോക്കുമ്പോ വിട്ടുപോവുന്ന
ഒഴിഞ്ഞു മാറാൻ നോക്കുമ്പോ കെട്ടിപ്പിടിക്കുന്ന
സ്നേഹം എന്തൊരു വികൃതിയാണ് !!!!!

ഇനിയൊരിക്കലും ഒരു വാക്കുപോലും എഴുതാനാവില്ലെന്ന് വിചാരിച്ചിടത്ത്  നിന്നും ഇങ്ങനെയെങ്കിലും ഓരോ ബടുക്കൂസ്ത്തരം എഴുതുന്നത്  സമാധാനത്തെ കണ്ടെത്താനുള്ള ശ്രമമാണ്. ഡയറി  എഴുതുന്നത് പോലെ ദിവസോം  ഇങ്ങനെ എഴുതാൻ സാധിക്കണേന്നാണ്  ഇപ്പൊ ആഗ്രഹം. രണ്ടാമതൊന്നുകൂടി വായിച്ചുനോക്കാതെ.... മറ്റുള്ളവർ വായിച്ചു കളിയാക്കിയാലോ എന്നൊരു ചിന്തയില്ലാതെ ഇങ്ങനെ തോന്നീതൊക്കെ എഴ്താൻ കഴിയണം.

എങ്കിലും ഇതും വന്നു വായിച്ച് രണ്ടുവരി അഭിപ്രായം പറഞ്ഞിട്ട് പോകുന്നവരോട്  ഒന്നേ പറയാനുള്ളൂ.  ഒരുപാട് സ്നേഹം.


എല്ലാവരോടും സ്നേഹം !!!!!


Wednesday, November 13, 2019

ഫേസ് ബുക്കിലെ ബാബുക്കെ പോലെ ഹിമാലയത്തിന്റെ ഏതെങ്കിലുമൊരു മൂലേല് ഒരു കുഞ്ഞു കൂടാരം കെട്ടി താമസിക്കണത് ഒരുകാലത്തെ സ്ഥിരം സ്വപ്‌നായിരുന്നു. ചുറ്റിനും മഞ്ഞു മാത്രമാത്രം കാഴ്ചയാവുന്ന ഒരിടം. അതും നോക്കിയിരുന്ന് പുലരികളിൽ കട്ടൻ കാപ്പി കുടിക്കുന്ന എന്നെ ഞാനെപ്പഴും സങ്കല്പിക്കാറുണ്ട്. യാതൊരു വിധ പേടികളുമില്ലാതെ മറ്റാരുടെയും ശല്യമില്ലാതെ തനിച്ചു ജീവിക്കുന്ന ഞാൻ.... കൂടാരത്തിന്റെ ഒരു വശം മുഴോനും പൂക്കളും മറുവശം മുഴോനും പഴങ്ങളും പച്ചക്കറികളും..... പൂക്കൾ കൊണ്ട് കൂടാരമലങ്കരിച്ചും പഴങ്ങളും പച്ചക്കറികളും കൊണ്ട് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി കഴിച്ചും ഞാനിങ്ങനെ ജീവിക്കണത് ആലോചിക്കുമ്പോ എനിക്കെന്നോട്  ഇഷ്ടം തോന്നാറുണ്ട്.

ശരിക്കും വല്ല്യ മോഹാണ് ഹിമാലയം കാണാൻ. Kailash-mansarovar ലോട്ട് പോയി ആരുടേം കണ്ണിൽ പെടാതെ ഒളിച്ചു താമസിച്ച് ശിവനും പാർവതിയും വരണതും നോക്കി ഇരിക്കണം ന്നൊക്കെയുള്ള ബടുക്കൂസ് സ്വപ്നങ്ങളൊക്കെ ഉള്ള ഒരുവളാന്നു  ഞാനെന്നു പറയുമ്പോ എല്ലാരും എന്നെ കളിയാക്കി കൊല്ലും. പണ്ടൊക്കെ ശിവൻ ആയിരുന്നു എന്റെ ഇഷ്ട ദൈവം. പിന്നെ ഗുരുവായൂരപ്പനായി. പക്ഷെ അമ്മ ഇപ്പൊ പറയണത് എനിക്കശേഷം ഈശ്വര വിചാരം അല്ലെങ്കി ഭക്തി ഇല്ലെന്നാണ്.

മറ്റുള്ളവരെ കാണിച്ചോണ്ടുള്ള ഒരു ഭക്തിയും ഇപ്പോഴെനിക്കില്ല എന്നത്  സത്യാണ്. ദൈവം ആരാണ് എന്താണ് എന്നൊക്കെ ഞാനിപ്പോ മറ്റൊരു തരത്തിലാണ് മനസിലാക്കുന്നത്.


ഇൻസ്റ്റാഗ്രാമിൽ ബാബുക്ക ഇട്ട ഒരു ഫോട്ടോ കണ്ടപ്പഴാണ് ഈ ഹിമാലയൻ മോഹങ്ങളെ വീണ്ടും ഓർമ്മ വന്നത്. ഈയിടെ കൽപ്പാത്തിയിൽ നിന്നൊരു പെൺകുട്ടി ബൈക്കിൽ നടത്തിയ കാശ്മീർ യാത്രയെ കണ്ടിരുന്നു. അത്തരം വാർത്തകളൊക്കെ കാണുമ്പോ കേൾക്കുമ്പോ ഒക്കെ വലിയ സന്തോഷാണ്. നമ്മുടെ  ആഗ്രഹങ്ങൾ നമ്മളെ പോലെയുള്ള മറ്റൊരുവളുടെ കൂടിയാണെന്ന് അറിയുമ്പോൾ അവൾക്കത് സാധിക്കുമ്പോ അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ വലിയ സന്തോഷങ്ങളാണ്. സജ്‌ന പ്രവീണ അങ്ങനെ എത്രയെത്ര പെണ്ണുങ്ങളാണ് എന്റെയും സ്വപ്നങ്ങളായതിനെ സഫലമാക്കി ജീവിക്കുന്നത് .......

എല്ലാവരും നന്നായി ജീവിക്കട്ടെ സ്വന്തം സ്വപ്നങ്ങളെ സാധിപ്പിച്ച്..... അതിൽ സന്തോഷിച്ച് .....അതിലൂടെ മറ്റുള്ളവരേം സന്തോഷിപ്പിച്ച്........

എല്ലാവരോടും സ്നേഹം!!!!


Tuesday, November 12, 2019

അത്രയധികം ശൂന്യമായ മനസ്സോടെ ഇതിനു മുൻപൊരിക്കലും ഞാനീ ബ്ലോഗ് തുറന്നുവെച്ചോണ്ട് ഇരുന്നിട്ടില്ല. എത്രയൊക്കെ സങ്കടത്തിലായിരുന്നാലും ഇവിടം എനിക്ക് സന്തോഷമുള്ളിടം ആയിരുന്നു എന്നും. എത്ര ഇഷ്ടത്തോടെ ഞാൻ ഓടിവന്നിരുന്നു ഇങ്ങോട്ടേക്കെന്ന്  നഷ്ടബോധത്തോടെ ഓർക്കാണ്. എടുത്ത ഫോട്ടോകളിടാനും അതിനെകുറിച്ചെന്തേലും ബടുക്കൂസ്ത്തരം എഴുതാനും ഇഷ്ടമായിരുന്ന  ആ പഴയ കാലങ്ങളെ തിരിച്ചു വിളിക്കാൻ പോലും ഇപ്പോഴെനിക്ക് ആവുന്നില്ലല്ലോ.

ഒരിക്കലെപ്പഴോ ഫേസ് ബുക്കിൽ എന്റെയൊരു ഫോട്ടോയിട്ടപ്പോൾ കീയക്കുട്ടി പറഞ്ഞു എന്റെ മുഖത്തെ പ്രകാശം മുഴോനും പോയീന്ന്. കണ്ണാടിയിൽ നോക്കുമ്പോ എനിക്ക് തോന്നാറുണ്ട് അത് സത്യാണെന്ന്. കണ്ണിലെ തെളിച്ചം ഉള്ളിലെ സ്നേഹത്തിന്റെ വെളിച്ചമായിരുന്നു. അതാണ്‌ എന്റെ മുഖത്തിനെന്നും ചന്തം നല്കീരുന്നത്‌. അവൾ പോയപ്പോ എന്റെയുള്ളിലെ സ്നേഹം മുഴോനും കൂടെ കൊണ്ടോയി. എന്നെ ഇരുട്ടിലാക്കി എന്നിലെ എന്നെ ഇല്ലാതാക്കി എന്നൊക്കെ എനിക്ക് തോന്നാറുണ്ട്.

സ്നേഹവും നന്മയും ഒക്കെ വാക്കുകളായും  വരികളായും വിരലിൽ നിന്നൂർന്നു വന്നിരുന്ന ആ ദിവസങ്ങൾ തിരിച്ചു കിട്ടില്ലെന്ന്‌ ഞാനെന്നെ തന്നെ പഠിപ്പിച്ചോണ്ടിരുന്നു. ഒപ്പം എന്റെ മുറിവുകളിൽ വീണ്ടും വീണ്ടും മുറിപ്പെടുത്തി ഞാനെന്നെ ശിക്ഷിച്ചുകൊണ്ടിരുന്നു.  അതങ്ങനെയാണ് ചില കാലങ്ങളിൽ വേദനകൾ നമ്മളെ വിടാതെ പിടികൂടും. ചില വേദനകളെ നമ്മളും കെട്ടിപ്പിടിച്ചോണ്ടിരിക്കും.  വേദനകളും ആശ്വാസങ്ങളാണെന്ന്  തോന്നിപ്പോകുന്ന നാളുകൾ.....

ഉമ ഇനിയും എഴുതൂ ഉമേടെ വാക്കുകളിലെ നിഷ്കളങ്കതക്കെന്തൊരു ഭംഗിയാണ് എന്നൊക്കെ പറയണ കേക്കുമ്പോ എനിക്ക് തോന്നാറുണ്ട് അത്  വേറെ ആരേയോ കുറിച്ചാണെന്ന്. പഴയ എഴുത്തുകളെ കാണുമ്പോ അത്രയധികം സ്നേഹമൊക്കെ എന്നിലുണ്ടായിരുന്നോ എന്ന് അതിശയപ്പെട്ടു പോകാറുണ്ട്. നീലാകാശോം വെളുത്ത മേഘങ്ങളും പിന്നിലെ പാടവും കലപില കൂട്ടണ  കിളികളും മഞ്ഞുമ്മ വക്കണ പുലരികളും ഒക്കെ ഇപ്പഴും എനിക്ക് ചുറ്റിനുമുണ്ടെന്നത് പലപ്പഴും ഞാൻ അറിയണില്ല. കണ്ണുകൾ ണ്ടായിട്ടും കാണാതെ കാതുകൾ  ണ്ടായിട്ടും കേൾക്കാതെ  ചിരിക്കാനറിയാതെ ചിരിച്ചോണ്ടും കരയാനാഗ്രഹിച്ചിട്ടും കരയാനാകാതെയും അങ്ങനെയൊക്കെയുള്ള എന്റെ ദിവസങ്ങൾ.......


Thursday, May 30, 2019

ഇതുവരെ പോയിട്ടില്ലാത്ത ഏതോ ഒരു കാട്ടുവഴിയായിരുന്നു അത്. മുൻപിലൊരു കൈനീട്ടാവുന്നത്ര അകലത്തിൽ നീയും നിന്നെ തുടർന്ന് ഞാനും. രണ്ടു പച്ച പൂമ്പാറ്റകളായി...................... ഒരു ചാറ്റൽമഴയും കുഞ്ഞി കാറ്റും വെയിൽ വിരിച്ച വഴിയിൽ നമുക്കൊപ്പമുണ്ടായിരുന്നു. ഒരപ്പൂപ്പൻതാടി നമ്മളെ തോൽപ്പിക്കുമെന്ന മട്ടിൽ പറന്നു നീങ്ങുന്നുണ്ടായിരുന്നു. വഴിയരികിലെ ഞാവൽമരക്കൊമ്പിലിരുന്ന് പേരറിയാത്ത കാട്ടുകിളികൾ നമ്മളേം നോക്കി ഞാവൽ പഴം തിന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒന്ന് തിരിഞ്ഞുപോലും നോക്കാതെ  നീയിതെവിടേക്കാണീ പോകുന്നതെന്നോർത്തു ഞാനും നിന്റെ പിന്നാലെ...... ഒടുക്കം ഒരു പൂവിതളിൻ മടിയിലോട്ട് നീ പറന്നിറങ്ങിയപ്പോൾ നിനക്കൊപ്പം ഞാനും ചിറകുകൾ ചേർത്ത് വച്ചിരുന്നു. നമുക്കിടയിൽ മനോഹരമായൊരു മൗനം സംസാരിക്കാൻ തുടങ്ങിയപ്പോൾ നിന്റെ ചിറകരികിൽ എനിക്ക് ഉമ്മ വക്കാതിരിക്കാൻ വയ്യെന്നായി. തിരിച്ച് നീയെന്റെ ചിറകിലുമ്മ വച്ചപ്പോൾ ഞാനേതോ ചിത്രത്തിൽ കണ്ടെന്ന പോലൊരു ചിറകുകളുള്ള പെൺകുട്ടിയായി മാറി. അതിശയപ്പെട്ട് ഞാനെന്നെ നോക്കുന്ന നേരം കൊണ്ട് നീയെങ്ങോട്ടേക്കോ മാഞ്ഞുപോയി. സങ്കടപ്പെട്ട് തിരിഞ്ഞു പറക്കാൻ തുടങ്ങിയ എന്റെമേൽ മഴത്തുള്ളികൾ ഒട്ടിച്ചുവച്ച ഒരുപാട് കുഞ്ഞുകുഞ്ഞു പേരറിയാത്ത നറുമണമുള്ള മഞ്ഞപ്പൂവുകൾ ചൊരിഞ്ഞുകൊണ്ട് ഒരായിരം പലനിറമുള്ള പൂമ്പാറ്റകൾ........