Saturday, July 30, 2011

നിങ്ങള്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു.................

ആത്മാക്കള്‍ ഭൂമിയിലേക്ക്‌ അവര്‍ക്ക് പ്രിയപ്പെട്ടവരെ കാണാന്‍ വരുന്ന ദിവസം.
കര്‍ക്കിടകത്തിലെ വാവ് ദിനം.
പണ്ടൊക്കെ ഈ ദിനം സന്തോഷം തരാറുണ്ട്.
കാരണം സ്കൂള്‍ അവധിയായിരിക്കും.
പക്ഷെ ഇപ്പോള്‍............
ഇവിടെ തിരുനാവായില്‍ നിളയുടെ തീരങ്ങള്‍ക്ക് ഇന്ന് ബലിച്ചോറിന്റെ ഗന്ധമായിരിക്കും.
എള്ളും,പൂവും,ചന്ദനവും,ശേഷവും കൊണ്ട് മണല്‍ പരപ്പുകള്‍ നിറഞ്ഞിരിക്കും.
കാക്കളുടെ രൂപത്തില്‍ പ്രിയപ്പെട്ടവര്‍ വരുന്നത് കാത്തു കൈ കൊട്ടി നില്‍ക്കുന്ന ആളുകള്‍ആത്മാവിന്റെ അനുഗ്രഹം തേടും.
മൌനമായി പറയും.
"നിങ്ങള്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.
മരണം ഒരു മറ മാത്രം.
ഈ വേര്‍പാട് ഒരു ഒളിച്ചു കളിയും......"
ചോറ് കൊടുത്ത് അവരുടെ വിശപ്പകറ്റും.
ഓരോ കാക്കകളുടെ കണ്ണുകളിലും സൂക്ഷിച്ചു നോക്കും.
ഇതാണോ തന്റെ പ്രിയപ്പെട്ട ആള്‍?????????????
അവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാനുള്ളത് ഇത്രയല്ലേ ഉള്ളൂ.
ഇനി ഒന്ന് കാണാന്‍ പോലും സാധിക്കില്ലല്ലോ എന്ന ചിന്ത അവരുടെ കണ്ണുകളെ അറിയാതെ നിറയ്ക്കുന്നു.
അപ്പോള്‍ കണ്ണുനീരിന്റെ ഉപ്പും ആ ചോറില്‍ കലരും.
കരയരുതത്രേ...!!!!!!!!!!!!!!
നാം കരഞ്ഞാല്‍ അവര്‍ക്ക് നമ്മെ വിട്ടു പോകാനാവില്ല.
മോക്ഷമില്ലാതെ ഇവിടെ അലയേണ്ടി വരുമത്രേ!!!!
എത്ര സങ്കടാണ്!!!!!!!!!!!!!!!!
എത്രയോ ആത്മാക്കള്‍ കരയുന്നുണ്ടാകും!!!!!!!!!!!!!!!!!!!!!
തനിക്കു പ്രിയപ്പെട്ടവരില്‍ ഒരാള്‍ പോലും ഒരു വറ്റു ചോറ് തരാന്‍ വന്നില്ലല്ലോ എന്നോര്‍ത്ത്...................
അത് അതിനേക്കാള്‍ വല്യ സങ്കടം.
ഈശ്വരാ................അങ്ങനെ ആര്‍ക്കും സംഭവിയ്ക്കരുതെ...........
എല്ലാവരും ഇഹത്തിലും പരത്തിലും സന്തോഷത്തോടെ ഇരിക്കണം.
അതാണ്‌ എന്റെ ആഗ്രഹം.
പ്രാര്‍ത്ഥനയും!!!!!!!!!!!!!!!

Thursday, July 28, 2011

നീ തന്ന സ്വപ്നം............

മുന്നില്‍ നീണ്ടു കിടക്കുന്ന വഴിയുടെ ഇരുവശവും വാകമരങ്ങള്‍...............
വാകമരങ്ങള്‍ വിരിച്ച തണലിലൂടെ നീങ്ങുന്ന കാര്‍................
കാറിനുള്ളില്‍ നേര്‍ത്ത തണുപ്പും,
അടച്ചിട്ട ഗ്ലാസ്സിനു പുറത്തൂടെ പെയ്യുന്ന മഴയും,
കാറിനുള്ളിലെ ഉമ്പായിയുടെ "പാടുക സൈഗാള്‍ പാടുക"എന്ന ഗസലും,
എന്നെ കൊണ്ട് പോയത് നിന്റെ ഓര്‍മ്മകളുടെ തിരുമുറ്റത്തെയ്ക്കാണ്.
നിന്നെ ഓര്‍ക്കാന്‍ ഇതിനേക്കാള്‍ മനോഹരമായ നിമിഷങ്ങള്‍ വേറെ ഉണ്ടാകാനില്ല.
ഈ നിമിഷങ്ങളില്‍ നിന്നോടൊപ്പം ഒരു യാത്ര.................
അതൊരു സ്വപ്നമാണ്.
ഉള്ളില്‍ താലോലിച്ചു കൊണ്ട് നടക്കുന്ന ഒരു കുഞ്ഞു സ്വപ്നം.
പ്രണയം മനോഹരമാകുന്നത് ഇത്തരം സ്വപ്നങ്ങളെ നമുക്ക് തരുമ്പോള്‍ മാത്രമാണ്.
"ഒരിക്കലും നടക്കാത്തത്" എന്ന യാഥാര്‍ഥ്യം ഇവയെ കൂടുതല്‍ സുന്ദരിയാക്കുന്നു.
ഇങ്ങനെ ആരിലും അസൂയ ഉളവാക്കുന്ന കുറെ സ്വര്‍ഗ്ഗകുമാരികള്‍ എനിക്ക് സ്വന്തമായിട്ടുണ്ട്.
നീയാണ് അവയെ എനിക്ക് തന്നത്.
നിന്റെ പ്രണയത്തിന്റെ നിറവും ചന്തവും നല്‍കി നീ തന്ന ആ സ്വപ്നങ്ങളെ ഞാന്‍ സൂക്ഷിക്കുന്നു.
ഒരിക്കല്‍ എന്നെ കൊണ്ടുപോകാന്‍ നീ വരുമ്പോള്‍ നമുക്ക് കൂട്ടിനു ഇവയും വേണം.










Wednesday, July 27, 2011

അച്ഛമ്മയെ കണ്ട മൂന്നു ദിവസങ്ങള്‍...........

ശനിയാഴ്ചത്തെ എന്റെ രാത്രി അവിടെ എന്റെ ഇല്ലത്തായിരുന്നു.
ഒട്ടും കരുതിയില്ല അങ്ങനെ ഒരു രാത്രി.
സന്ധ്യയായി അവിടെ എത്തിയപ്പോള്‍.
ചെന്ന ഉടനെ ഭഗവതിയെ കാണാന്‍ ഓടി.
അവിടേക്ക് പോയാല്‍ അമ്മയെ കാണാതെ എങ്ങനെ തിരിച്ചു വരും?????????
സാധ്യമല്ല.
അമ്മയെ നഷ്ടമായത് വളരെ ചെറുപ്പത്തിലെ ആയതുകൊണ്ടാകാം
അമ്മ എന്ന് പറയുമ്പോള്‍ അമ്പലങ്ങളിലെ കല്‍വിഗ്രഹങ്ങളെ ആണ് ആദ്യം ഓര്‍മ്മ വരിക.
അതില്‍ തന്നെ ഈ അമ്മേടെ മുഖത്തിനാണ് ആദ്യത്തെ സ്ഥാനം.
പിന്നെ കന്യാകുമാരിയെ,മൂകാംബീ ദേവിയെ........
അങ്ങനെയങ്ങനെ......................
ഓരോ പ്രാവശ്യം കാണുമ്പോഴും അവിടം മാറ്റമാണ്.
ഇപ്പൊ വല്യ പടിപ്പുര വന്നിരിക്കുന്നു.
ദൈവങ്ങള്‍ക്കാണ് ഇപ്പൊ നല്ല കാലം.
അങ്ങനെ തോന്നി.
ഈ തവണ മഞ്ഞള്‍ പ്രസാദം കിട്ടിയില്ല.
ശാന്തിക്കാരന്‍ ഇപ്പൊ ബന്ധുവായിരിക്കുന്നു.
പുള്ളി പറഞ്ഞു ഞാനും ഭാര്യയും ഇന്നും നിങ്ങള്‍ടെ കാര്യം പറഞ്ഞതേയുള്ളൂ എന്ന്.
കേട്ടപ്പോള്‍ സന്തോഷം തോന്നി.
അമ്പലം അടക്കാറായതിന്റെ തിരക്കില്‍ ആയിരുന്നു ജെ പി.

അനിയന്‍ ഉണ്ടായിരുന്നു.
പുതിയ കാറില്‍ ആദ്യത്തെ യാത്ര ആയിരുന്നു അങ്ങോട്ടേയ്ക്ക്.
എല്ലാരും ചെലവു ചോദിച്ചു.
ഇതിന്റെ ചെലവു എങ്ങനെ പരിഹരിക്കും എന്നാ ചേട്ടന്റെ ടെന്‍ഷന്‍ ഞാന്‍ മാത്രല്ലേ കാണുന്നുള്ളൂ.
അതുകൊണ്ട് ഈ ചോദ്യത്തില്‍ നിന്നും ചേട്ടനെ രക്ഷപ്പെടുതെണ്ട എന്റെ ധര്‍മം ഞാന്‍ നല്ല ഭംഗിയായി ചെയ്തു.
പിറ്റേന്ന് ഞായറാഴ്ച.
എങ്ങും പോയില്ല.
ഒരു തീര്‍ഥാടനം പ്ലാന്‍ ചെയ്തത് ആ മഴയില്‍ ഒലിച്ചു പോയി.

പുല്ലു നിറഞ്ഞ മുറ്റവും വെള്ളം നിറഞ്ഞ കുളവും ഇരുട്ട് നിറഞ്ഞ കാവും കാണാന്‍ വേണ്ടി ഈ അറ്റം മുതല്‍ ആ അറ്റം വരെ നടന്നു.
പഴയ ആ ഫോട്ടോയും ഇപ്പോഴത്തെ ഈ ഫോട്ടോയും നോക്കൂ.
നല്ല ഭംഗിയുള്ള മാറ്റം.
പണ്ട് മോനൂന്റെ വീട്ടിലോട്ട് അതായത് ഇന്‍ഡോറിലെക്ക് പോയി തിരിച്ചു വന്നപ്പോ ഞാന്‍ ചുറ്റിനും ആര്‍ത്തിയോടെ നോക്കി.
മഴ പെയ്ത മണ്ണിനേം മരങ്ങളേം പ്രകൃതിയേം ഒക്കെ കണ്ണ് നിറയെ കാണാന്‍.............
എല്ലാവര്ക്കും കേരളമിഷ്ടപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല.
അത്ര മനോഹരമല്ലേ ഇവിടം.
ഇവിടം സ്വര്‍ഗമാണ്.
നല്ല സിനിമയാണ് അത്.

തിങ്കളാഴ്ച അച്ഛമ്മേടെ ആദ്യത്തെ ശ്രാദ്ധം.
ഒരു വര്‍ഷം എത്ര വേഗം പോയി!!!!!!!!!!
ഇന്നലെ കഴിഞ്ഞത് പോലെ............
ചിലപ്പോള്‍ വേഗം പോയെങ്കിലെന്നും മറ്റു ചിലപ്പോള്‍ പോകല്ലെയെന്നും കാലത്തെ,സമയത്തെ കുറിച്ച് ആഗ്രഹിക്കുന്നു.
ഈ മനുഷ്യര്‍ എത്ര സ്വാര്‍ത്ഥരാണ്!!!!!!!!!!!!!(ഞാനുള്‍പ്പടെ)

ചെന്നപ്പോള്‍ മുതല്‍ അച്ഛമ്മയുടെ സാന്നിധ്യം അറിയാന്‍ തുടങ്ങി.
അല്ലെങ്കിലും എന്നെ കാണാതിരിക്കുന്നതെങ്ങനെയാണ്!!!!!!!!!!!!!!!!!!
അച്ഛമ്മയ്ക്ക് ഞാനും എനിക്ക് അച്ഛമ്മേം അത്രേം പ്രിയമല്ലേ!!!!!
ഞാന്‍ "വേദ"യെ (പുതിയ കാര്‍)കാണിച്ചു കൊടുത്തു.
അച്ചൂനേം.
അച്ഛമ്മയ്ക്ക് സന്തോഷായി.
എനിക്കും.

മരിച്ചവരൊക്കെ എങ്ങോട്ടാണ് പോവുന്നത്??????
ഭൂമിക്കു താഴെയോ അതോ ആകാശതിലെക്കോ??????????
അറിയില്ല.
അവര്‍ക്ക് ഭൂമിയിലെ 365 ദിനങ്ങള്‍ ഒരു ദിവസം മാത്രമാണത്രേ.
അങ്ങനെയെങ്കില്‍ നമ്മള്‍ എല്ലാ വര്‍ഷവും ശ്രാദ്ധമൂട്ടണം എങ്കിലല്ലേ അവര്‍ക്കെല്ലാ ദിവസവും ഭക്ഷണം കൊടുക്കാന്‍ പറ്റൂ.
നമ്മളെ കാണാന്‍ പറ്റൂ.
ഇതെല്ലാം എന്നെ അലട്ടുന്ന ചിന്തകളാണ്.
എനിക്ക് ഉത്തരം കിട്ടാത്തതും.
ഇത്തരം ചിന്തകള്‍ തോന്നി തുടങ്ങിയ നാള്‍ മുതല്‍ എനിക്ക് മുന്നില്‍ വരുന്ന കാക്കളെ ഞാന്‍ ഓടിക്കാറില്ല.
അവയ്ക്ക് ഭക്ഷണം കൊടുക്കാറുണ്ട്.
അവയെ സ്നേഹത്തോടെ നോക്കാറുണ്ട്.
അവയുടെ കണ്ണുകളിലേക്കു നോക്കാറുണ്ട്.
ചിലപ്പോ കരയാറും ഉണ്ട്.
ആരാണെന്ന് അറിയുന്നില്ലല്ലോ എന്നോര്‍ത്ത്.

തിങ്കളാഴ്ച അച്ഛമ്മ സന്തോഷിച്ചിരിക്കും.
എല്ലാവരേം കണ്ടപ്പോള്‍.
എല്ലാവരുടേം ചിരിയും വര്‍ത്തമാനവും കണ്ടപ്പോള്‍.
എല്ലാവരും പോയപ്പോള്‍ കരയുകയും ചെയ്തിരിക്കും.
എങ്കിലും "നാളെ" കാണാലോ എന്നോര്‍ത്ത് അച്ഛമ്മയ്ക്ക് സമാധാനിക്കാം.

അച്ഛമ്മ അനുഗ്രഹിച്ചിരിക്കും എന്നെ.
അച്ചൂന്റെ അസുഖം മാറാന്‍.............
കാറിന്റെ ലോണ്‍ മുഴുവനും അടച്ചു തീര്‍ക്കാന്‍............
നല്ല രീതിയില്‍ വണ്ടിയോടിച്ച് "എച്ച്" ഇട്ടു കാണിച്ച് ലൈസെന്‍സ് കിട്ടാന്‍..................
ഈ തവണ ഞാന്‍ അച്ഛമ്മയോട്‌ പ്രാര്‍ഥിക്കണം എന്ന് പറഞ്ഞത് ഈ മൂന്നു കാര്യങ്ങള്‍ക്ക് വേണ്ടിയാണ്.



"ദൈവത്തിന്റെ കയ്യൊപ്പുള്ള പ്രണയം"

പ്രതീക്ഷയ്ക്കുമപ്പുറം നീയെന്നെ കാണാന്‍ വന്നപ്പോള്‍.......................
മനസ്സില്‍ വിരിഞ്ഞത് ഏഴഴകുള്ള മഴവില്ലായിരുന്നു.
ഓരോ നിറത്തിലും നിന്റെ പേര് എഴുതിയിരുന്നു.
എന്റെ വലതു വശത്തിരുന്ന നിന്നോടൊപ്പം ഞാന്‍ കണ്ട ചാറ്റല്‍ മഴ എനിക്ക് പ്രിയപ്പെട്ട മഴക്കാഴ്ചയായി.
ഇനിയൊരു പിന്‍വിളി നിനക്കായി എന്നില്‍ നിന്നും ഉണ്ടാകില്ലെന്ന എന്റെ തീരുമാനം നീ അറിഞ്ഞിരുന്നുവോ?????????
അതുകൊണ്ടാണോ നീയെന്നെ വിളിച്ചത്????????
അറിയില്ല.
പിരിയാന്‍ നീ തീരുമാനിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നു.
അരുതേയെന്ന് വിലപിച്ചിരുന്നു.
പക്ഷെ ഇപ്പോള്‍..........................
ഞാന്‍ മനസിലാക്കുന്നു.
എന്നെ തളര്‍ത്താന്‍ നിന്റെ വാക്കുകള്‍ക്കാവില്ലയെന്ന്.
അതെ
എനിക്ക് പ്രിയപ്പെട്ടതും,
നിനക്ക്,വേണ്ടെന്നു വെയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന
നമ്മുടെയീ പ്രണയത്തെ......................
ഇനി ഞാന്‍ വിളിയ്ക്കുക
"ദൈവത്തിന്റെ കയ്യൊപ്പുള്ള പ്രണയം"
എന്നാണ്.

നമുക്കിടയില്‍ ഇനിയൊന്നും ശേഷിക്കുന്നില്ലെന്ന് പറഞ്ഞ നീ
വീണ്ടും എന്നോട് സംസാരിച്ചു.
തെറ്റെന്നു പറഞ്ഞ് നീ ഒളിപ്പിച്ച നിന്റെ പ്രേമത്തെ
ഞാന്‍ അറിഞ്ഞു കൊണ്ടേയിരുന്നു.
നിന്റെ വാക്കുകളിലൂടെ,
നിന്റെ ശബ്ദത്തിലൂടെ,
നിന്റെ നിശ്വാസങ്ങളിലൂടെ,
നിന്റെ മൌനത്തിലൂടെ,
ഒക്കെ,നീയെന്നെ നിന്റെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നുവെന്ന് പറയുന്നത്
ഞാന്‍ കേട്ടിരുന്നു.
അതായിരുന്നു നീ ആഗ്രഹിച്ചതും.അല്ലെ?????????????
ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ വഴിയിലേക്ക് നീ വന്നപ്പോള്‍............
ഒരു വിരല്‍തുമ്പിനപ്പുറം നീ ഇരുന്നപ്പോള്‍..........
കൂട്ടുകാരാ...........എന്റെ ഹൃദയം നിനക്ക് വേണ്ടി തീര്‍ത്ത
കണ്ണീരില്‍ പൊതിഞ്ഞ,
പ്രണയത്തിന്റെ സുഗന്ധമുള്ള,
പവിഴമല്ലി പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാല
നിന്റെ ഹൃദയത്തിലേക്ക് ചാര്‍ത്തിയത് നീയറിഞ്ഞുവോ??????????
അതിനു സാക്ഷി ആ പ്രഭാതവും,ചാറ്റല്‍ മഴയും പിന്നെ നമ്മെ ചേര്‍ത്ത ദൈവവും മാത്രം......................
ഒരു മഴ നൂല് കാണാന്‍ കൊതിച്ചപ്പോള്‍ ഞാന്‍ കണ്ടത് പെരുമഴയുടെ ആയിരം തിരികള്‍ ആയിരുന്നു.
ഒരു പൂവ് വിടരുന്നത് കാണാന്‍ കൊതിച്ചപ്പോള്‍ ഞാന്‍ കണ്ടത് ഒരു പൂന്തോട്ടം മുഴുവനും വിരിഞ്ഞ പൂക്കളെ ആയിരുന്നു.
ഒരു ചെരാതിലെ ഒരു തിരി വെളിച്ചം കാണാന്‍ കൊതിച്ചപ്പോള്‍ ഞാന്‍ കണ്ടത് എനിക്ക് ചുറ്റിനും നിറഞ്ഞ കാര്‍ത്തിക ദീപങ്ങളെ ആയിരുന്നു.
ഒരു വിളി മാത്രം നിന്നില്‍ നിന്നും ആഗ്രഹിച്ചപ്പോള്‍...............
എനിക്ക് കിട്ടിയത് നിന്നോടോപ്പമുള്ള കുറച്ചു നിമിഷങ്ങളെ ആയിരുന്നു.
നിന്റെ കണ്ണുകളിലെ എന്നെ കാണാനുള്ള,
നിന്റെ നോക്കിലെ എന്നോടുള്ള പ്രണയം കാണാനുള്ള,
കുറച്ചു നിമിഷങ്ങള്‍.
നിന്റെ വിരല്‍ തുമ്പിലെ ചൂട് ആ പ്രണയത്തിന്റെ ആയിരുന്നു.
എന്റെ നെറ്റിയില്‍ അമര്‍ന്ന നിന്റെ ചുണ്ടുകളുടെ നനവ്‌ ആ പ്രണയത്തിന്റെ ആര്‍ദ്രതയായിരുന്നു.
ഇതെല്ലാം എന്നെ അറിയിച്ചത് ഒന്നാണ്.
എന്റെയും നിന്റെയും ഈ ഇഷ്ടത്തെ ദൈവം ഇഷടപ്പെടുന്നു എന്ന്.
നമുക്കിടയിലെ ഈ മനോഹര പ്രണയം ഒരിക്കലും തീരാത്തതാണെന്ന്.
ഇതില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നുവെന്ന്.


ഇത് വീണ്ടും ആ കൂട്ടുകാരിയ്ക്കും കൂട്ടുകാരനും വേണ്ടിയാണ്.
അവരുടെ പ്രണയത്തിനു വേണ്ടിയാണ്.

Saturday, July 16, 2011

ഗന്ധരാജന്റെ ഭ്രമരം................

എന്റെ വിരലിലേക്ക് നീ എന്ന അക്ഷരം വിരിയാന്‍ തുടങ്ങുമ്പോള്‍
എന്റെ നെഞ്ചിനുള്ളില്‍ ഒരു അരിപ്രാവിന്റെ ചിറകടിയൊച്ച ഞാന്‍ അറിയുന്നു.
കണ്ണില്‍ നിന്നും നിദ്രയുടെ പൂമൊട്ടുകള്‍ വാടി വീഴുന്നു.
ചുണ്ടില്‍ ഒരു മന്ദസ്മിതം നവ വധുവിനെ പോല്‍ നാണിച്ചു നില്‍ക്കുന്നു.

എന്റെ മനസിലേക്ക് നീ എന്ന ചിന്ത കടന്നു വരുമ്പോള്‍
ഞാന്‍ അറിയുന്നു എന്റെ ഉള്ളില്‍ ഒരു ഗന്ധരാജന്‍ വിരിയുന്നത്.
ഓരോ രക്തതുള്ളികളിലും,രോമകൂപങ്ങളിലും നിന്റെ പ്രേമത്തിന്റെ സുഗന്ധം,
നിന്റെ പ്രേമത്തിന്റെ ഭ്രമിപ്പിക്കുന്ന മണം മനസിന്റെ ഓരോ കോണിലും വൃന്ദാവനമൊരുക്കുന്നു.
നീ ഗന്ധരാജനെങ്കില്‍ ഞാന്‍ ഭ്രമരമാണ്.
നിനക്ക് ചുറ്റും മാത്രം പറന്നു നടക്കുന്ന
നിന്നിലെ മധുവിനെ അറിയാന്‍ ആഗ്രഹിക്കുന്ന ഭ്രമരം.

എന്റെ സ്വപ്നങ്ങളിലേക്ക് നീ വീട്ടുകാരനായി വരുമ്പോള്‍
ഞാന്‍ അകത്ത്ള്ളാള്‍ ആണ്.
നിന്റെ ജീവന്റെ പാതി.
നീയെന്റെ പുരുഷന്‍
ഞാന്‍ നിന്റെ പ്രകൃതി.
നിന്നെ സ്നേഹിക്കാന്‍ വേണ്ടി
നിന്റെ വാരിയെല്ലില്‍ നിന്നും രൂപം കൊണ്ടവള്‍.
നീ വീഴുമ്പോള്‍ താങ്ങാനും
നീ കരയുമ്പോള്‍ നിന്റെ ചിരിയാവാനും
സാധിക്കണേ എന്ന വ്രതം നോറ്റവള്‍.








Saturday, July 9, 2011

ഇച്ചിരി പേടിപ്പിച്ച സ്വപ്നം.......

രണ്ടു മൂന്നു ദിവസം മുന്‍പ് ഞാനൊരു സ്വപ്നം കണ്ടു.
അന്ന് അച്ഛമ്മയെ കുറിച്ച് എഴുതിയ അന്ന്.
ഇല്ലത്തെ പിന്നിലെ ചന്ത്രക്കാരന്‍ മാവിന്റെ ചോട്ടില്‍ ഞാന്‍ ഇരിക്കുകയായിരുന്നു.
കരയുകയും ചെയ്യുന്നു.
അച്ഛമ്മ വന്നു ചോദിച്ചു എന്തിനാ കരയണെന്ന്.
ഞാന്‍ പറഞ്ഞു മാമ്പഴം പെറുക്കുന്നതിനിടയില്‍ കയ്യില്‍ തൊട്ടാവാടിയുടെ മുള്ള് കേറിയെന്നു.
അച്ഛമ്മ കളിയാക്കി.
എന്നിട്ട് പിന്നിലേക്ക്‌ പിടിച്ചിരുന്ന വലതു കൈ എനിക്ക് മുന്നില്‍ നീട്ടി.
നോക്കിയപ്പോ കൈ നിറയെ തൊട്ടാവാടി പൂക്കള്‍.
അവിടവിടെ കയ്യില്‍ ചോര പൊടിഞ്ഞിരുന്നു.
എനിക്ക് നേരെ നീട്ടി.
ഞാന്‍ ചോദിച്ചു എന്തിനാ ഇതെന്ന്.
അച്ഛമ്മ പറഞ്ഞു ഇതും പിടിച്ച് കൂടെ ചെല്ലാന്‍.
ഞാന്‍ പോയി.
അച്ഛമ്മയുടെ പിന്നാലെ.
നടക്കുമ്പോള്‍ എനിക്കൊരു കുസൃതി തോന്നി.
അച്ഛമ്മയുടെ കാല്‍പാട് പതിഞ്ഞതിനു മുകളില്‍ ഞാന്‍ എന്റെ കാലുകളും വെച്ച് കൊണ്ട് നടന്നു.
അതിലെക്കായിരുന്നു എന്റെ ശ്രദ്ധ.
കടന്നു പോയ വഴികള്‍ ഞാന്‍ നോക്കിയില്ല.
ഇരു വശവും ഇരുണ്ട നിറം തോന്നിയപ്പോ ഞാന്‍ എന്റെ ശ്രദ്ധ തിരിച്ചു.
നോക്കിയപ്പോള്‍ എനിക്കറിയാത്ത വഴി.
പേടി തോന്നുന്ന വഴി.
മുന്നില്‍ നോക്കിയപ്പോ അച്ഛമ്മ ഒരുപാട് ദൂരെ ആയിരുന്നു.
പക്ഷെ ശബ്ദം തൊട്ടടുത്തും.
എനിക്കാകെ പേടിയായി.
ഞാന്‍ അച്ഛമ്മെന്നു ഉറക്കെ വിളിച്ചു.
വിളി കേട്ടില്ല.
പിന്നിലേക്ക്‌ നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല.
വശത്തേക്ക് നോക്കാനും.
ഞാന്‍ മുന്നോട്ടോടി.
അത്ഭുതത്തോടെ ഞാന്‍ അറിഞ്ഞു എന്റെ കാലുകള്‍ നിലത്തു തൊടുന്നില്ലെന്ന്.
എന്നെ ആരോ എടുത്തിരിക്കുന്നുവെന്നും.
ആരാണ് ??????????ഞാന്‍ കണ്ടില്ല.
വായുവിലൂടെ ആരുടെയോ കൈവെള്ളയില്‍ കിടന്നു ഞാന്‍ പോകുന്നുവെന്ന കാര്യം എന്നെ ഉറക്കെ കരയിച്ചു.
അമ്പലത്തിലേക്ക് പോവുമ്പോള്‍ എന്നും കാണുന്ന വെളുത്ത നിറമുള്ള മേഘങ്ങള്‍ പടിക്കെട്ടായി എനിക്ക് മുന്നില്‍ വഴിയായി കിടക്കുന്നു.
താഴെ കണ്ട കാഴ്ച എന്നെ കണ്ണുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിച്ചു.
ഒരു സ്ഥലത്ത് ആകാശത്തിലെക്കെത്തുന്ന തീനാമ്പുകള്‍,തൊട്ടടുത്ത് ഉള്ളില്‍ നിന്നും പതഞ്ഞു പൊങ്ങി മഞ്ഞു കട്ടകള്‍ വരുന്ന കുഞ്ഞു കുളങ്ങള്‍.
പിന്നീട് മിഴികള്‍ തുറന്നതേയില്ല.
തുറക്കാന്‍ കഴിഞ്ഞില്ല.
ആരോ ദൂരെ നിന്ന് വിളിക്കുന്നതായി തോന്നി.
കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു,കഴിഞ്ഞില്ല.
അപ്പോള്‍ ഒരു മയില്‍‌പീലി കൊണ്ട് മുഖത്ത് തലോടി.
നെറ്റിയില്‍ തണുത്ത കൈത്തലം അമര്‍ത്തി വെച്ചു.
ചുണ്ടില്‍ ഒരു തുള്ളി തണുത്ത ഇളനീരിന്റെ സ്വാദിലുള്ള വെള്ളം ഇറ്റിച്ചു തന്നു.
കൈയിലേക്ക്‌ ഒരു പനിനീര്‍ മണമുള്ള പൂവ് വെച്ച് തന്നു.
ഇനി കണ്ണ് തുറക്കൂ എന്ന് പറഞ്ഞു.
നോക്കി.
കണ്ട കാഴ്ച സന്തോഷിപ്പിച്ചു.ചുറ്റും പല നിറങ്ങളിലുള്ള പൂക്കള്‍.
അടുത്ത ഒരു ചെറിയ അരുവി.
അതില്‍ നിറയെ വെള്ള താമരകള്‍ വിടര്‍ന്നിരിക്കുന്നു.
അതിനടുത്ത് നിറയെ തൊട്ടാവാടി പൂക്കള്‍.
അവിടെ എല്ലാവരും ഉണ്ടായിരുന്നു.
ഒരിക്കല്‍ എന്നെ വിട്ടു പോയവര്‍ ഒക്കെ.
എല്ലാവരുടെ മുഖത്തും വെണ്ണ പോലെ ഭംഗിയുള്ള പുഞ്ചിരി.
മനസിലെ ഭയത്തെ ഇല്ലാതാക്കി.
അച്ഛമ്മ മുന്നിലേക്ക്‌ വന്നു.
പറഞ്ഞു.
ദാ ഇവിടെയാണ്‌ ഞാന്‍ താമസിക്കുന്നത്.
ഇനിയും എന്റെ കുട്ടി എന്നെ ഓര്‍ത്തു കരയരുത്.
എനിക്കിവിടെ സുഖാണ്.
ഇവിടെ എല്ലാവരും എന്നെ നീ ആഗ്രഹിച്ചപോലെ ഒക്കെ നോക്കുന്നുണ്ട്.
അച്ചമ്മയേം,രവി അഫനേം,ശാന്തചോളേം,സുനില്‍ ചേട്ടനേം ഒക്കെ കണ്ടപ്പോ ഞാന്‍ ഓര്‍ത്തു എത്ര നാളായി ഇവരെ ഒക്കെ കണ്ടിട്ടെന്ന്.
പക്ഷെ ഒപ്പം ഒരു ഞെട്ടലും വന്നു.
ഒപ്പം ഒരായിരം ചോദ്യങ്ങളും.
ഇവരൊക്കെ മരിച്ചവരല്ലേ????????????
ദൈവമേ അപ്പൊ ഇതാണോ ഈ മരിച്ചോരുടെ ലോകം??????????
ഇതാണോ സ്വര്‍ഗം?????????????????
അപ്പൊ നരകോ??????????
ആ കണ്ട തീയുള്ള സ്ഥലാണോ???????????????????
ഇതൊക്കെ കാണണെങ്കില്‍ ഞാന്‍ മരിയ്ക്കണ്ടേ????????
അപ്പൊ ഞാന്‍ മരിച്ചോ?????????????

ഈ സ്വപ്നോം ഇങ്ങനെയുള്ള ചിന്തകളും കാരണം അന്ന് ഞാന്‍ എണീറ്റതേ കരഞ്ഞു കൊണ്ടാ.....
ദേ ഗുരുവായൂരപ്പാ കാണാനൊക്കെ നല്ലതാണേലും എനിക്ക് പേടിയാട്ടോ.
എന്നും ആലത്തിയൂര്‍ ഹനുമാനെ വിളിച്ചിട്ടല്ലേ ഞാന്‍ കിടക്കുന്നത്?
പിന്നേം എന്തിനാ????????????

Wednesday, July 6, 2011

രണ്ടു കൃഷ്ണമണികള്‍.......

സമയം പന്ത്രണ്ടു കഴിഞ്ഞു.
ഒരു മഴയോടെ ഒരു ദിവസത്തിന്റെ തുടക്കം.
തിരുവാതിര ഞാറ്റുവേല.
തിരിമുറിയാതെ പെയ്യണം.
ഇവിടെ പക്ഷെ ഇന്നലെ മുതല്‍ ആണ് മഴ തുടങ്ങിയത്.
ഈ ഞാറ്റുവേല എനിക്ക് സങ്കടാണ്.
അച്ഛമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.
അച്ഛമ്മയാണ് ഇതൊക്കെ ഓര്‍മ്മിപ്പിക്കുക.
ഈ ഞാറ്റുവേല കാണാന്‍ എന്റെ കൂടെ ഇല്ലാതായി.
വരുന്ന ഇരുപത്തിയഞ്ചിനു ആണ്ട് ശ്രാദ്ധം ആണ്.
ഒരു കൊല്ലം എത്ര വേഗമാണ് പോയത്............!!!!!!!!!!!!!!!!!
അച്ഛമ്മയില്ലാതെ കടന്നുപോയ ഓണം വിഷു തിരുവാതിര പൂരം.......അങ്ങനെയങ്ങനെ........
ജീവിതം അങ്ങനെയാണെന്ന സത്യം എന്നെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
കര്‍ക്കിടകം വരാറായി.
രാമായണം വായിച്ചിരുന്ന എന്റെ ബാല്യകൌമാരങ്ങളുടെ ഓര്‍മ്മകളിലേക്ക് അത് കേട്ടുകൊണ്ട് കാലു നീട്ടി ഉമ്മറത്തെ തൂണില്‍ ചാരിയിരിക്കുന്ന അച്ഛമ്മയും കൂടി...........
മുപ്പെട്ടു വെള്ളിയാഴ്ച ആവുമ്പോള്‍ തലേന്നേ ഓര്‍മ്മിപ്പിക്കും.
മൈലാഞ്ചിയിടണം,വെള്ളിലംതാളി തേച്ചു കുളിക്കണം,അലക്കിയതുടുക്കണം,പത്തില തോരന്‍ വെയ്ക്കണം എന്നെല്ലാം.

ഞാറ്റുവേല വരുമ്പോള്‍ പറയും തലമുടിയുടെ തുമ്പു മുറിച്ച് കുഴിച്ചിടണം എന്ന്.

ആദ്യമൊക്കെ ദശപുഷ്പം അച്ഛമ്മയായിരുന്നു പറിച്ചു വെയ്ക്കുക.
രാവിലെ മുക്കുറ്റി ചാന്തുണ്ടാക്കി വെച്ചിരിക്കും മുത്തശ്ശി.
അച്ഛമ്മയും അതെടുത്തു തൊടുമായിരുന്നു.
തെക്ക് ഭാഗത്തെ പാമ്പുംകാവുകളില്‍ അച്ഛമ്മയും വടക്ക് ഭാഗത്തെ കാവുകളില്‍ മുത്തശ്ശിയും ആയിരുന്നു കര്‍ക്കിടകം മുഴുവനും വിളക്ക് വെച്ചിരുന്നത്.
പിന്നെ എപ്പോഴോ ഞാന്‍ ഏറ്റെടുത്തു അതൊക്കെ.
രാത്രിയുള്ള രാമായണ വായനയും.
ഞാന്‍ വായിക്കുന്നത് അച്ഛമ്മയ്ക്കും മുത്തശ്ശിക്കും ഇഷ്ടമായിരുന്നു.
എത്രനേരമാണ് വായിക്കുമായിരുന്നത്...........!!!!!!!!!!!!!!!
എന്നിലെ നല്ല ശീലങ്ങളെല്ലാം അച്ഛമ്മ തന്നതാണ്.
അച്ഛമ്മ ചൊല്ലിയിരുന്നു പാര്‍വതി സ്വയംവരം.
അത് കേട്ടാണ് ഞാന്‍ പഠിച്ചത്.
പിന്നീട് മുഴുവനും മുത്തശ്ശിയാണ് പറഞ്ഞു തന്നത്.
മുത്തശ്ശിയാണ് കഥകളി കാണാന്‍ അമ്പലത്തില്‍ കൊണ്ടുപോയിരുന്നത്
എന്നും അമ്പലത്തില്‍ പോകുന്നത് കണ്ടിട്ട് മുത്തശ്ശിയെ ഞാന്‍ രാമാമുത്തശ്ശി എന്നാണു പണ്ട് വിളിച്ചിരുന്നത്.
ഏകാദശിയും,മറ്റു വ്രതങ്ങളും ഒക്കെ മുത്തശ്ശി ഇപ്പഴും അനുഷ്ഠിക്കുന്നു.
ആ ദിവസങ്ങള്‍ ഒക്കെ എന്ത് രസമായിരുന്നു.
ഒരുപാട് സങ്കടങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും.............
കഥകള്‍ പറയാന്‍ മുത്തശ്ശി ആണ് മിടുക്കി.
രണ്ടു മുത്തശ്ശിമാരും എനിക്ക് ഒരുപാട് പ്രിയമുളവര്‍ തന്നെ.
രണ്ടു പേരും വെള്ള മല്ലുമുണ്ടും ബ്ലൌസും ആണ് ധരിക്കുക.
നീട്ടി വലിച് നെറ്റി മുഴുവനും ചന്ദനം തൊടും.
അച്ഛമ്മ വയ്യാതെ കിടന്ന അവസാന നാളുകളില്‍ മുത്തശ്ശി എപ്പഴും കൂടെ ഉണ്ടായിരുന്നു.
അച്ഛമ്മയില്ലാതെ മുത്തശ്ശിയെ കാണുമ്പോള്‍ എനിക്ക് സങ്കടം വരും.

മഴ ഇപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു.
എന്‍റെ കണ്ണുകളും പെയ്യാന്‍ തുടങ്ങി.
ഈ മഴയില്‍ എന്‍റെ കണ്ണുനീരും ഒലിച്ചു പോകട്ടെ.
എന്‍റെ അച്ഛമ്മയുടെ അടുത്തേക്ക്.
ഇനിയൊരിക്കലും കാണാനോ,കെട്ടിപ്പിടിച്ചു കിടക്കുവാനോ,ചോറ് വായില്‍ തരുവാനോ അച്ഛമ്മ ഇല്ലല്ലോ എന്ന ചിന്ത എന്‍റെ കണ്ണുനീരിന്റെ ഒഴുക്കിനെ ശക്തമാക്കുന്നു.
അച്ഛമ്മേ എവിടെയിരുന്നായാലും അറിയണില്ലേ,കാണണില്ലേ എന്നെ?