Tuesday, March 26, 2013

ഞാനും നീയും പിന്നെ കൊറേ വിശേഷങ്ങളും,


കാറിൽ ഇരുന്നപ്പോൾ ഞാൻ ആദ്യം ആകെ സന്തോഷത്തിലായിരുന്നു.ന്റെ ഇല്ലത്തേക്ക് പോവാണ്,അവിടെ ല്ലാരും വന്ന്ണ്ടാവും പറ കൂടാൻ ന്ന് ഓർക്കുമ്പോ തന്നെ ന്തായിരുന്നൂന്നൊ സന്തോഷം!!!!!!!പക്ഷെ അതാ കുന്ദംകുളം എത്തീപ്പോ പോയി കിട്ടി.റോഡിലാകെ ബ്ലോക്ക്.ന്റെ ക്ഷമേടെ നെല്ലിപ്പടി ന്നെ തന്നെ കാണിക്കാൻ വേണ്ടീട്ടായിരുന്നു അത്ന്ന് ഇപ്പൊ തോന്നാ!!!!!!!എവിടെ എത്തീന്ന് ഓരോരുത്തരും വിളിച്ചു ചോദിക്കുമ്പോ നിയ്ക്ക് ദേഷ്യം വന്നു. പക്ഷെ വായിന്റെ ഉള്ളില്  മൊത്തം തൊലി പോയോണ്ട്നേരം പോലെ ഒന്ന് ചീത്ത പറയാനും എണ്ണിപ്പെറുക്കാനും കഴിയാതെ മിണ്ടാതിരിക്കാനെ പറ്റിയുള്ളൂ.


കൊറേ കൊന്ന മരങ്ങളേം,വാകേം,പൂക്കാൻ തുടങ്ങുന്ന ഗുൽമോഹറുകളേം ഒക്കെ കണ്ടപ്പോ ആ ദേഷ്യം ഒരു പൊടിയ്ക്കു കുറഞ്ഞു.എങ്കിലും  ഞാനാകെ മൂഡ്‌ ഓഫ്‌ ആയിരുന്നു .അതോണ്ട് മനസ്സിൽ തെളിഞ്ഞു വന്നത് കണ്ണീരോർമ്മകൾ മാത്രായിരുന്നു. ഓർക്കുമ്പോൾ ഒക്കെയും കണ്ണ് നനയിക്കുന്ന ഒരുപാട് മുഖങ്ങൾ,ഒരുപാട് സംഭവങ്ങൾ,കാതിൽ നിന്ന് ഇറങ്ങി പോകാൻ കൂട്ടാക്കാത്ത ചില വാക്കുകൾ ഒക്കേം ന്നെ വല്ലാതെ അസ്വസ്ഥമാക്കി.ഇരുട്ടായപ്പോഴേക്കും അവിടെ എത്തി . നല്ല  നിലാവുണ്ടായിരുന്നു. നിലാവ് കാണണത് ഒരു സുഖാണ്.അവിടെ എത്തി ആ മുറ്റത്തെ മണലിൽ ചവിട്ടിയപ്പോ,അവിടെ നിന്ന് നിലാവ് കണ്ടപ്പോ, പടിക്കലേക്കുള്ള വഴി കണ്ടപ്പോ,കാണും തോറും പിന്നേം പിന്നേം പൊക്കം കൂടണൂന്ന് തോന്നിക്കണ ചന്ദ്രക്കാരൻ മാവ് കണ്ടപ്പോ,തേവരെ സ്വീകരിക്കാൻ തയ്യാറാക്കിയ പന്തല് കണ്ടപ്പോ,ശ്രീച്ചിയേം ലക്ഷ്മി ചേച്ച്യേം പിള്ളേരേം ഒക്കെ കണ്ടപ്പോ ന്റെ എല്ലാ ദേഷ്യോം,സങ്കടോം,അസ്വസ്ഥതേം ഒക്കെ  പോയി. സുലൈമാനി കുടിക്കാതെ തന്നെ ഈ ലോകത്തോട് മുഴോനും മുഹബ്ബത്ത് തോന്നി.

ദീപ്തീടെ പിറന്നാൾ ഇന്നായിരുന്നെങ്കിലും എല്ലാരുംള്ളത് പ്രമാണിച്ച് ഇന്നലെ കേയ്ക്കൊക്കെ മുറിച്ചു.അത് പങ്കു വെക്കലും കഴിക്കലും ക്രീം മുഴോനും അവൾടെ  മുഖത്ത്  വെച്ച് തേക്കലും  നല്ല രസായി.അത് കഴിഞ്ഞ് പിള്ളേരുടെ വക ഡാൻസും പാട്ടും ഒക്കെ കൂടി ആകെ മേളായിരുന്നു.കണ്ടപ്പോ എപ്പഴുംങ്ങനെ ഒരു കുട്ട്യായിരുന്നാൽ മതീന്ന മോഹം ചന്ദ്രക്കാരൻ മാവിനെക്കാൾ വല്യേതായി.രാത്രി ഏറെ വൈകി കിടക്കാൻ.എന്നിട്ടും വർത്താനം പറഞ്ഞു തീർന്നില്യായിരുന്നു ലക്ഷ്മി  ചേച്ച്യോട്.

വന്നു കിടന്നിട്ട് ഉറക്കം വന്നതേയില്ല പിന്നെ . എല്ലാരും ഉറങ്ങുമ്പോൾ ഞാൻ മാത്രം ഉണർന്നിരിക്ക്യ എനിക്കിഷ്ടാണ് . ആ തനിച്ചാകലിൽ ന്റെ മനസിങ്ങനെ പോകും കാണാൻ മോഹിച്ച സ്ഥലങ്ങളിലേക്ക്...............അങ്ങനെ കണ്ട സ്ഥലങ്ങൾ  ശ്ശി ആണ് . കണ്ണുകൾ  അടച്ചാൽ കാണാൻ ആഗ്രഹിക്കണ കാഴ്ചകൾ ഒക്കേം എനിക്കപ്പൊ കാണാം . ന്നാലും കുംഭമേളേം,ബിനാലേം അങ്ങനെ അല്ലാതെ നേരിട്ടന്നെ കാണാൻ വല്യേ മോഹായിരുന്നു .  :( അതൊട്ട്‌ നടന്നൂല്ല്യ . അതിനെ പറ്റി  വായിക്കുമ്പോഴും ചിത്രങ്ങൾ കാണുമ്പോഴും എനിക്ക് വല്ലാതെ നഷ്ടബോധം തോന്നും .


നേർത്ത കാറ്റ് വീശുന്നുണ്ട് . മഴയൊഴിഞ്ഞു തുടങ്ങി .നനയുന്ന ചെമ്പകത്തിന്റെ ചോട്ടിൽ പോയി നിക്കാൻ ഉള്ളു തുടിക്കുന്നുണ്ട് . ഇറ്റു വീഴുന്ന  ഓരോ തുള്ളിക്കും തന്റെ മണം കൊടുക്കുന്ന ചെമ്പകത്തിന്റെ ഇലകൾ ....... 
അതിൽ തൊട്ടാൽ എന്റെ വിരലുകൾക്കും ആ സുഗന്ധം കിട്ടുമെന്നൊരു മോഹം ................. പണ്ടൊരു രാത്രിയിൽ ജനലിലൂടെ മഴയെ നോക്കി നിന്നപ്പോൾ തോന്നിയൊരു മോഹാണ് . ഈയിടെ ഒരു ദിവസം നടക്കാത്ത മോഹങ്ങൾടെ ലിസ്റ്റ് ഞാൻ ണ്ടാക്കി .അതിന്റെ നീളം കണ്ട് ഞാൻ തന്നെ അന്തം വിട്ടു . ന്നാലും സൂക്ഷിച്ചു വച്ചു . ഇടക്കെടുത്ത് നോക്കാലോ!!!!!!!അതൊരു രസാണ്.  ഒരുപക്ഷെ സാധ്യാവാത്തോണ്ടാവും നിയ്ക്കിത്രേം ഇഷ്ടം . ഓരോ ദിവസോം ഓരോ മോഹം ജനിക്കും .ചെലപ്പോ വേഗം തന്നെ ഇല്ലാണ്ടാവും.ചെലത് കാലങ്ങളോളം ശേഷിക്കും . ഇനി ചിലത് ഒരിക്കലും ഇല്ലാണ്ടാവില്ല .ന്നാലും  സാധിച്ചതിൽ അമിതമായ് സന്തോഷമോ നടക്കാത്തതിൽ വല്ലാത്ത നിരാശയോ ഇല്ല .ഇതൊക്കെ തന്നെയാണ് ജീവിക്കാനുള്ള സൂത്രപ്പണികൾ അല്ലെ???


കഴിഞ്ഞ പോസ്റ്റിന്  ആരോ  പറഞ്ഞത് ശരിയാണ് ലോകത്തിന്റെ ഒരു മൂലക്കലിരുന്നു ഞാനിങ്ങനെ എന്നെ കുറിച്ച് മാത്രം പറയുന്നു.ആ തിരിച്ചറിവ് വന്നെ പിന്നെ പോസ്റ്റ്‌ ഇടാൻ വല്യേ മടിയാണ്.എന്നാലും വന്ന് വായിച്ച് പോകുന്നവരോട് നന്ദി പറയുന്നത് പോലും നന്ദി കേടാവും. ഈയിടെ ഒരാള് ചോദിച്ചു ന്തേ വീണപൂവിൽ ഇപ്പൊ പ്രണയമെന്ന വാക്ക് പോലും കാണാറില്ലല്ലോന്ന് . ഒരിടക്ക് അത് മാത്രല്ലേ ണ്ടായിരുന്നുള്ളൂന്നും . അത് സത്യാണ് .അതെനിക്കും തോന്നാറുണ്ട് .പണ്ട് ഞാൻ പറഞ്ഞിരുന്നത്  മുഴോനും നിന്നെ കുറിച്ച് മാത്രായിരുന്നു .

പക്ഷെ ഇപ്പൊ ............ നിയ്ക്ക് മനസിലായി അന്ന് പറഞ്ഞിരുന്നതൊന്നും അല്ല നിന്നോടുള്ള എന്റെ സ്നേഹം . അതീ വാക്കുകൾക്കൊന്നും ഉൾക്കൊള്ളാനാവാത്ത  വിധം ഏറെ..............എനിക്കറിയാം
ഹൃദയം കൊണ്ട് ഞാൻ സംസാരിക്കുന്നത് കേൾക്കാൻ നിനക്ക് മാത്രമേ കഴിയൂ അതുകൊണ്ടല്ലേ ഇത് "ദൈവം കയ്യൊപ്പിട്ട സ്നേഹ"മാവുന്നത് !!!!!!

ഇന്ന് വീണ്ടും ഈ ജനലിലൂടെ നിലാവ് കാണുമ്പോൾ പൂർണ്ണ ചന്ദ്രനേയും നക്ഷത്രങ്ങളേയും കാണുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ട് സന്തോഷം കൊണ്ട് .ഫേസ് ബുക്കിലെ അബ്ബാസിന്റെ സ്റ്റാറ്റസിൽ കണ്ട പോലെ ഞാനും നീയും ഒരുമിച്ചിരുന്നല്ലെങ്കിലും കാണുന്നുണ്ടല്ലോ ഈ നിലാവിനെ...........
ഈ നക്ഷത്രങ്ങളെ ...................... !!!!!!!


സ്നേഹം മാത്രം


Monday, February 25, 2013

മേഘങ്ങളും ഗുല്‍മോഹറും എന്‍റെ ഇഷ്ടങ്ങളും !!!!!

വാതില്‍ അടച്ചിരിക്ക്യായിരുന്നു . ബൈക്കിന്‍റെ ശബ്ദം കേട്ടപ്പോള്‍ ഓടി ചെന്നു.പോസ്റ്റ്‌മാന്‍ ആണ് അയാള്‍ടെ വണ്ടീടെ ശബ്ദം ഇപ്പൊ പരിചയാണ്.പതിവ് പോലെ ഈ തവണേം കേസരിയും,പോളിസി അടക്കാനുള്ള എല്‍ ഐ സീടെ നോട്ടിഫിക്കേഷന്‍ ലെറ്ററും.കൂടെ ഒന്നും കൂടി ഉണ്ടായിരുന്നു.അത് ഏടത്തീടെ ഏഴാച്ചേരിയിലുള്ള കസിന്‍റെ കുഞ്ഞിന്‍റെ ചോറൂണ്‍ ക്ഷണം.ഓരോ പ്രാവശ്യോം പോസ്റ്റ്‌മാന്‍ വരുമ്പോള്‍ ന്‍റെ ഉള്ളില്‍ ഒരു ലഡ്ഡു പൊട്ടും. അത് ആ ചങ്ങായീനെ കണ്ട സന്തോഷം അല്ല. അയാള്‍ടെ കയ്യില്‍ എനിക്ക് എന്തേലും കവര്‍ണ്ടാവ്വോന്നോര്‍ത്ത്. എവടെ ..................ഒന്നും ണ്ടാവില്ല്യാന്നറിയാം ........ ന്നാലും ഒരു മോഹം ....... ആരെങ്കിലും ഒരു കത്ത് അല്ലെങ്കില്‍ ഒരു കാര്‍ഡ്  അയച്ചിരുന്നെങ്കില്‍ എന്ന്.അത് വായിക്കാന്‍ ന്ത്‌ സുഖാണ്!!!!!ഇവിടെ എത്തിയേനു ശേഷം അത് കുറവാ.ഐ സി ഐ സി ഐ ടെ വല്ല കടലാസോ മറ്റോ വന്നാല്‍ ആയി.അതും ഇപ്പൊ നിന്നു.ഈ (കേടായ)മൊബൈലും,(ഹാക്ക് ചെയ്ത)ഫേസ് ബുക്കും ഒക്കെ കാരണം ഒരൊറ്റ ആളും ഒരെഴുത്തോ കാര്‍ഡോ ഒന്നും അയക്കണില്ല.

ഇപ്പൊ ഓര്‍ക്കുവാ പണ്ട് ന്‍റെ കല്യാണത്തിന് മുന്‍പ് എനിക്കെന്നും കിട്ടുമായിരുന്നു എഴുത്തോ കാര്‍ഡോ അങ്ങനെ എന്തെങ്കിലുമൊക്കെ.മിക്കവാറും ആഷേടെ,നാദൂന്റെ,ദീപ്തീടെ,ലക്ഷ്മി ചേച്ചീടെ ഒക്കെ ആയിരിക്കും.അല്ലെങ്കില്‍ പിന്നെ അയച്ച ഏതേലും അപേക്ഷേടെ അറിയിപ്പ് കാര്‍ഡ് ആവും.അവിടെ വരാറുള്ള പോസ്റ്റ്മാന്‍ ഒരു ആന്റണി മാപ്ല ആയിരുന്നു. ആ ചങ്ങായിക്കെന്തൊരു പൊക്കായിരുന്നുന്നോ !!!!!!!!!!!ഒട്ടും വണ്ണോംണ്ടായിരുന്നില്ല.ശരിക്കും ഒരു മുരിങ്ങക്കോല് പൊലെ. ഹീറോ സൈക്കിളില്‍ ആയിരുന്നു വരാറ്. 2 കൂട്ടബെല്‍ അടിക്കും..... ന്തായാലും പോസ്റ്റ്മാനെ കാണുമ്പോള്‍ അന്നും ലഡ്ഡു പൊട്ടുമായിരുന്നു. ആരോ എന്നെ ഓര്‍ത്ത്,എനിക്ക് വേണ്ടി സമയം കളഞ്ഞ്,എന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ചിന്ത.............. എന്തൊരു സന്തോഷായിരുന്നു!!!!

അന്നും ഇന്നും (ഒരുപക്ഷെ എന്നും)എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് എഴുത്ത് എഴുതുക എന്നത്.ഇന്‍ലണ്ട്നെക്കാളും എനിക്കിഷ്ടം കവറുകള്‍ തന്നെ ആയിരുന്നു. ഇന്‍ലണ്ടില്‍ കൊറച്ചു സ്ഥലല്ലേണ്ടാവൂ. എനിക്കാണേല്‍ കൊറേ എഴുതാന്‍ണ്ടാവും.വായിക്കണോരൊക്കെ പറയാറുണ്ട് ന്‍റെ എഴുത്ത് വായിക്കുമ്പോള്‍ ഞാന്‍ അടുത്തിരുന്ന് വര്‍ത്താനം പറയണ കൂട്ടാ തോന്ന്വാന്ന്(ഇപ്പൊ ന്‍റെ പോസ്റ്റുകളെ പറ്റിയും എല്ലാരും അതന്ന്യാ പറയണേ ). അതങ്ങനെയേ പാടൂന്ന് എനിക്ക് വല്യേ നിര്‍ബന്ധാണ്.അപ്പഴല്ലേവായിക്കാന്‍ രസംണ്ടാവൂ?????എഴുതിയ ആള്‍ടെ സ്നേഹം അറിയാനാവൂ!!!!!!എനിക്കങ്ങനെ ആണ്.ചെലപ്പോ ഒരു ദിവസം കൊണ്ടൊന്നും എഴുതി തീരില്ല അപ്പൊ ഡയറി എഴുതണ കൂട്ട് തീയതീം,സമയോം,ദിവസോം ഒക്കെ കുറിച്ചോണ്ടാ എഴുത്ത് അയക്കുക.അതിന്‍റെ മറുപടി വരണ വരെ ആകെ കൂടി ഒരു ശ്വാസം മുട്ടല്‍ ആണ്.ഞാന്‍ എഴുതിയെനെക്കാള്‍ നീളം കൂടണം മറുപടിയ്ക്ക് . ഇല്ലെങ്കില്‍ എനിക്ക് സങ്കടാവും .പോസ്റ്റ്‌ ഓഫീസില്‍ പോവുമ്പോള്‍ ഒക്കെ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് എനിക്ക് അവിടെ ഒരു ജോലി കിട്ടിയാല്‍ മതി എന്ന്.അതിനുള്ളില്‍ അങ്ങനെ ഭാരിച്ച ജോലിയൊന്നുംണ്ടാവില്ല എന്ന ഒരു വിചാരാണ് അന്നൊക്കെ.നല്ല ഭംഗിയുള്ള കടലാസ്സില്‍ കറുത്ത മഷി നിറച്ച ഹീറോ പെന്‍ കൊണ്ട് എഴുതാന്‍ ഏറെയിഷ്ടം .മഷീടെ,കടലാസിന്‍റെ ഒക്കെ മണം എന്തിഷ്ടായിരുന്നു!!!!!

പഴേ നോട്ട് ബുക്കിന്റെ ചട്ടയില്‍ നിറള്ള കടലാസ്സ്‌(അരങ്ങൊക്കെ  കെട്ടാന്‍ എടുക്കണ തരം) പല ഷേയ്പ്പില്‍ വെട്ടി ഒട്ടിച്ച് അതില്‍ വേറെ നിറത്തിലുള്ള കടലാസ്സ്‌ ഒട്ടിച്ച് അതിന്‍റെ മോളില്‍ എഴുതുക,കടലാസ്സ്‌,പൂവ് പോലെ വെട്ടി ഒട്ടിച്ച് അതില്‍ എഴുതുക,അങ്ങനെ പല പരീക്ഷണങ്ങളും ഞാന്‍ എഴുത്തില്‍ ചെയ്യാറുണ്ട്.അതൊക്കെ ആയിരുന്നു അന്ന് കാലത്തെ എന്‍റെ സന്തോഷങ്ങള്‍ . ഇപ്പൊ തീര്‍ത്തും ഇല്ലാതായി.എങ്കിലും ഇപ്പഴും ഇടയ്ക്ക് തോന്നും അങ്ങനെയൊക്കെ .പക്ഷെ  ഇപ്പൊ ന്‍റെ എഴുത്ത് ആഗ്രഹിക്കണ ആരുംല്ല്യ,എനിക്കയക്കാനും :( . അന്നൊക്കെ എല്ലാ എഴുത്തുകളും സൂക്ഷിച്ചു വച്ചിരുന്നു . പക്ഷെ പിന്നെ എപ്പഴൊ............. ഒക്കെ എടുത്ത് കളയേണ്ടി വന്നു.മെയില്‍ അയക്കാന്‍ പഠിച്ചപ്പോ പിന്നെ അതായി മാര്‍ഗം .പക്ഷെ എഴുത്ത് അയക്കുന്നതിന്റെയോ ,വായിക്കുന്നതിന്റെയോ സുഖല്ല്യ മെയില്‍ന് .
കടലാസില്‍ ആണെങ്കില്‍ അക്ഷരങ്ങളിലൂടെ വിരലോടിക്കുമ്പോള്‍ ആ സ്നേഹം തൊട്ടറിയാന്‍ കഴിയുന്നു.എഴുത്ത് ശരിക്കുള്ള പൂവാണെങ്കില്‍ മെയില്‍ പ്ലാസ്റ്റിക് പൂ പോലെയാണ്. ......ന്നാലും അതയക്കുന്നവര്‍/അത്  വായിക്കുന്നവര്‍  ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ആയതുകൊണ്ടാവും മെയില്‍ വായിക്കുമ്പോള്‍ ,അക്ഷരങ്ങളിലൂടെ കണ്ണുകള്‍ ഓടിക്കുമ്പോള്‍ സ്നേഹത്തിന്‍റെ നിറവ് എവിടെയൊക്കെയോ കാണാറുണ്ട്. ഹൊ............ പറഞ്ഞു പറഞ്ഞു ഇപ്പൊ ഒരെഴുത്ത് അയക്കാന്‍ തോന്നുവാണ്.കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ ഒക്കെ പറഞ്ഞോണ്ട് അവിടുത്തെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചോണ്ട് ഒരു വല്യേ നീളള്ള എഴുത്ത്.

********************************************************************************

മഴയ്ക്ക്‌ ശേഷം ആകാശത്തില്‍ മേഘങ്ങള്‍ ഒരുപാട് കൂടിയത് പോലെ തോന്നി.നല്ല തെളിഞ്ഞ നീലാകാശം,അതില്‍ നിറയെ പല നിറത്തിലുള്ള,  വലുപ്പത്തിലുള്ള, രൂപത്തിലുള്ള മേഘങ്ങള്‍. ഇളം കറുപ്പ് ,തൂവെള്ള അങ്ങനെ പല തരംനിറം . കോഴിക്കോട് നിന്ന് തൃശ്ശൂര്‍ക്ക് വരുമ്പോള്‍ ഞാന്‍ നോക്കിയതും, ചിന്തിച്ചതും ഒക്കെ ഈ മേഘങ്ങളെ കുറിച്ചാണ് . പണ്ട് സ്കൂളില്‍  പല  തരം മേഘങ്ങള്‍ ഉണ്ട് എന്ന് ജ്യോഗ്രഫി എടുത്തിരുന്ന സിസ്റ്റര്‍ ജെസ്മിന്‍  പഠിപ്പിച്ചത് ഓര്‍മ്മ വന്നു. ക്യുമുലസ്സ്,നിംബസ് എന്നീ രണ്ടു പേരുകളും ഇപ്പഴും നല്ല ഓര്‍മ്മയുണ്ട്.ഇതില്‍ ഏതാ  അത്,ഏതാവും ഇത്.എനിക്ക് മനസിലായില്ല.അല്ലെങ്കിലും അതൊക്കെ മനസിലാക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ ആരായേനെ............. !!!!!!!!!പണ്ടൊക്കെ ഒരു സയന്റിസ്റ്റ് ആവാന്‍ വല്യേ മോഹായിരുന്നു . നക്ഷത്രങ്ങളേം മേഘങ്ങളേം അന്നും ഇന്നും വല്യേ ഇഷ്ടം.(ദേ,എന്തോ..... ഇപ്പൊ പെട്ടെന്ന് സുജേടെ കഥ ഓര്‍മ്മ വന്നു .എനിക്കിഷ്ടായിരുന്നു അത് .)

വണ്ടിയില്‍ ഇരിക്കുമ്പോള്‍ മഴയില്ലെങ്കില്‍,ഇരു വശോം മരങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ നോക്കി ഇരിക്കാന്‍ ഇഷ്ടം ആകാശം ആണ്.മേഘങ്ങളെ നോക്കിയിരിക്കുമ്പോള്‍ സമയം പോണത് അറിയാറെ ഇല്ല.
അതിങ്ങനെ പതുക്കെ പതുക്കെ പോണത് കാണാന്‍ .....ന്ത്‌ ചന്താണ്!!!!!!!
ചിലതിനെ തൊട്ടു നോക്കാനും ചിലതിനെ കയ്യിലെടുക്കാനും ചിലതില്‍ മുഖമൊളിപ്പിക്കാനും ചിലതിനെ വാരി ചുറ്റാനും ഒക്കെ തോന്നി .
ഒരു മഴക്കുള്ള പ്രതീക്ഷ മനസ്സില്‍ നിറയ്ക്കാന്‍ വേണ്ടി അവിടവിടെ ഉണ്ടായിരുന്ന കാര്‍മേഘങ്ങള്‍...........................
അവ നീങ്ങി നീങ്ങി വെള്ള മേഘങ്ങളെ  പതുക്കെ വന്നു തൊട്ട് പിന്നെ അവയ്ക്ക് മേലെ കൂടെ അപ്പുറത്തേക്ക് നീങ്ങുന്നത് കണ്ടപ്പോള്‍ യശോധ അറിയാതെ ഉണ്ണിക്കണ്ണന്‍ വെണ്ണ എടുക്കണ ഒരു ചിത്രം   മനസ്സില്‍ തെളിഞ്ഞു .മേഘങ്ങളുടെ ഒരു കുഞ്ഞു കുറുമ്പ്. അല്ലാണ്ടെന്താ!!!!!

വഴികളില്‍ പലയിടത്തും ഗുല്‍മോഹര്‍ മരങ്ങള്‍ ഇല മുഴുവനും പൊഴിച്ച് അവിടവിടെ തളിര്‍ത്ത് നിന്നിരുന്നു.ഒരു  വസന്തമൊരുക്കി  വേനലിനെ സ്വീകരിക്കാന്‍ തീക്കനല്‍  പോലത്തെ പ്ലാശിന്‍ പൂക്കള്‍,
ലാളിത്യത്തോടെ നിഷ്കളങ്കമായി ചിരിക്കുന്ന കൊന്ന പൂവുകള്‍,
എവിടെയോ നഷ്ടപ്പെട്ടു പോയ പ്രണയത്തെ ഓര്‍മ്മിപ്പിക്കാന്‍ ഇലകള്‍ ഇല്ലാത്ത മരക്കൊമ്പുകളില്‍ പൂത്ത ഇളം റോസ് നിറമുള്ള ശീമക്കൊന്ന പൂവുകള്‍(മിക്കവാറും ഇലകള്‍ കാണില്ല കൊമ്പുകളില്‍ നിറയെ പൂക്കുലകളെ മാത്രേ കാണൂ.)
ഈ യാത്ര തീരാതിരുന്നെങ്കില്‍ എന്ന് മോഹിപ്പിക്കാന്‍ വേണ്ടി,
നിറഞ്ഞ പച്ചക്കിടയില്‍ പൂത്ത മദിരാശി പൂവുകള്‍ ഒക്കെ......
എന്‍റെ കാഴ്ചക്ക് നല്‍കിയ സൌന്ദര്യം  വാക്കുകള്‍ക്കും അപ്പുറത്താണ്.മനസ്സില്‍ നിറച്ച സന്തോഷം,സ്നേഹം ഒക്കെ എനിക്കൊരിക്കലും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല.വേനലിലെ ഈ വസന്തം ഇതിന്‍റെ ഈ നിറക്കാഴ്ച അതിന്‍റെ പാരമ്യത്തില്‍ എത്തണമെങ്കില്‍ തളിര്‍ത്ത് നില്‍ക്കുന്ന ഈ ഗുല്‍മോഹര്‍ മരങ്ങള്‍ മുഴുവനും ഇല കാണാത്ത വിധത്തില്‍ പൂക്കണം  എന്ന് ഞാനോര്‍ത്തു .നീലാകാശത്തിനു കീഴെ നിറഞ്ഞു പൂത്ത ഒരു ഗുല്‍മോഹര്‍ മരം ...... എന്ത് ഭംഗിയാണ് !!!!!!

ഈ ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് മഴയത്തും,വെയിലത്തും അങ്ങനെ എല്ലാ കാലത്തും പൂത്തു കൂടെ?????
ആ ചോദ്യം മനസ്സില്‍ വന്നപ്പോള്‍ ഒരു മഴ മോഹം കൂടി മനസ്സില്‍ കൂട് കൂട്ടി .
ഒരു നിറമഴയില്‍ നിറഞ്ഞു പൂത്ത ഒരു ഗുല്‍മോഹര്‍ മരത്തിനു ചുവട്ടില്‍ ഇരിക്കണം .
ആ മരത്തിലൂടെ.............
അതിലെ ഇലകളിലൂടെ....................
അതിനിടയിലെ പൂക്കളിലൂടെ..............
പെയ്തിറങ്ങുന്ന മഴ നൂലുകളെ ഉള്ളം കയ്യില്‍ ഇക്കിളിയിടാന്‍,
ഉമ്മ വെക്കാന്‍ അനുവദിച്ചു കൊണ്ട്..................
മുഖമുയര്‍ത്തി നോക്കുമ്പോള്‍ മഴത്തുള്ളികള്‍ ചുംബിച്ച പൂക്കളുടെ ചുവപ്പിതളുകള്‍ കണ്ണുകളില്‍ വന്നു പതിക്കണം.
(മഴ നനയുമ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി നില്‍ക്കാറുണ്ട്.
വന്നു വീഴുന്ന തുള്ളികള്‍ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങുമ്പോള്‍ അവ കൂടെ കൂട്ടുന്നത് കാഴ്ചയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ ആണെന്ന് എനിക്ക് തോന്നാറുണ്ട്.)

വരാന്തയിലെ അഴികള്‍ക്കപ്പുറം ടെറസ്സിനു മുകളില്‍ കവറുകളില്‍ നില്‍ക്കുന്ന കോളി ഫ്ലവര്‍ വിരിഞ്ഞ ചെടികള്‍ നിലാവ് നോക്കി ചിരിക്കുന്നു.
ഇനിയും രൂപപ്പെടാത്ത പാവം കാബേജു തൈകളെ നോക്കി അവ സഹതപിക്കുകയും ചെയ്യുന്നുണ്ട് .ഞാന്‍ ആ കാബേജ് തൈകളെ സമാധാനിപ്പിച്ചു.സാരല്ല്യ ,അടുത്ത മഞ്ഞു കാലത്ത് നല്ലോം വെള്ളോം ഭക്ഷണോം തന്ന് നിങ്ങളെ ഒക്കെ വളര്‍ത്തി വലുതാക്കി ആരും പൊട്ടിച്ചു പോകുന്ന പരുവത്തില്‍ ആക്കി തരാംന്ന് പറഞ്ഞു കൊണ്ട് (ഈ പ്രാവശ്യം കൃഷി ഭവനീന്ന് വിത്ത് കിട്ടാന്‍ വൈകീന്നെ!!!! ).  :)

കുറച്ചു ദിവസായി ഒരു പുതിയ മോഹം മൂക്കുത്തി ഇടണം.എന്നെ കണ്ടാല്‍ ഒരു അമ്മ്യാരു കുട്ടീടെ കൂട്ടുണ്ട്ന്ന് അവള്‍ പറഞ്ഞെ പിന്നെ മൂക്കുത്തി മോഹം കലശലായി.കുത്തുമ്പോള്‍ വേദനിക്കില്ലേ എന്നോര്‍ക്കുമ്പോള്‍ വേണ്ടായ്ക്ക്യാണ്.

അവളെ കണ്ടു .
എത്രയോ കാലമായി മോഹിക്കുന്നു!!!!!
നീണ്ട ഇരുപതു വര്‍ഷങ്ങള്‍ ................
ഒരു വലിയ കാലയളവ്‌ തന്നെ.
പക്ഷെ സ്നേഹം എന്ന മനോഹരമായ അനുഭവത്തിന്‍റെ,അനുഭൂതിയുടെ മാന്ത്രികത ആ വലിയ കാലയളവിനെ എത്ര വേഗമാണ് ഒന്നുമല്ലാതാക്കി മാറ്റിയത് !!!!!!!
ആ കണ്ടുമുട്ടലില്‍ ഉരുകിയൊലിച്ചു പോയ കുറേ പരാതികള്‍ ................ പരിഭവങ്ങള്‍ ................ സങ്കടങ്ങള്‍ ......................... !!!!!!!
ചില ഓര്‍മ്മകള്‍ മനസിനെ വല്ലാതെ നോവിക്കുമ്പോള്‍ അവ കണ്ണുകളെ പൊള്ളിക്കുന്നു എന്ന് തോന്നാറുണ്ട് .
അപ്പോള്‍ ആഗ്രഹിക്കാറുണ്ട് ഇരു കൈകള്‍ കൊണ്ടും കണ്ണുകളെ തുറന്നു പിടിച്ച് ആരെങ്കിലും ഒന്ന് ഊതി തന്നെങ്കില്‍ എന്ന് .
വേദനകളില്‍ ലഹരി കണ്ടെത്തുമ്പോള്‍ ആഗ്രഹിക്കും ഈ പൊള്ളല്‍ ഇനിയുമിനിയുമെന്ന് .
ഉള്ളില്‍ കാലങ്ങളായി ഉറഞ്ഞു കൂടിയിരുന്ന ഒരു സങ്കടമുണ്ട്.
അതിങ്ങനെ മെല്ലെ മെല്ലെ ഒഴുകി പോകുന്നുണ്ട്.
ഞാന്‍ ഓര്‍ത്തേയില്ല കരയുന്നത് ഞാന്‍ മാത്രമല്ല എന്ന്.
തിരിച്ചറിയാന്‍ ഇനിയുമേറെ സമയമെടുക്കും .
എങ്കില്‍ പോലും ഇപ്പോഴും ബാക്കിയുണ്ട് ഒരു ചോദ്യം.
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ക്കിടയില്‍ അതും മറഞ്ഞു കൊള്ളട്ടെ.

കടന്നു പോകുന്ന ഈ ദിനങ്ങള്‍ ഏറെ മനോഹരമാണ് .
ഓരോ രാവിലും നിറയുന്ന സംഗീതം,
ഉറക്കത്തില്‍ നിറയുന്ന നിന്നെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍,
പകലുകളില്‍ നിറയുന്ന അച്ചുവിന്‍റെ കുസൃതികള്‍ ,
ഒറ്റക്കിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആരുടേയോ സ്നേഹം,
സൌഹൃദങ്ങളുടെ പച്ചപ്പ്‌,
ഹൃദയം സംസാരിക്കുന്ന നിമിഷങ്ങള്‍ ................
അങ്ങനെ എന്‍റെ ദിവസങ്ങളുടെ മനോഹാരിതക്ക് മാറ്റ് കൂട്ടാന്‍ ഒരുപാടൊരുപാട് ................... !!!!!!!


Wednesday, February 13, 2013

രൂപമില്ലാത്ത,ശബ്ദമില്ലാത്ത ഒരു സ്നേഹം.........


കണ്ണുകള്‍ അടയ്ക്കാന്‍ കാത്തിരിക്കുകയാണ് ഈ ഓര്‍മ്മകള്‍.
അവ നിറഞ്ഞ കാഴ്ചകള്‍.
അവ മിണ്ടിയ വാക്കുകള്‍.
ഉറങ്ങാതെ കിടക്കുമ്പോള്‍ ഞാന്‍ എന്‍റെ കാഴ്ചയും കേള്‍വിയും ഒക്കെ ഈ ഓര്‍മ്മകള്‍ക്ക്  കൊടുക്കും.
അവയെന്റെ കണ്ണുകളിലും കാതുകളിലും മഴ പെയ്യിക്കും.
ചിലപ്പോള്‍ ചിരിമഴ.
മറ്റു ചിലപ്പോള്‍ കണ്ണീര്‍...............
എന്ത് തന്നെ ആയാലും അതില്‍ എന്‍റെ മനസ് ആവോളം നനയും.
ഓര്‍മ്മകളില്‍ കരയാനും ചിരിക്കാനും എനിക്കിഷ്ടമാണ് .

ചിലരെ ഓര്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട് എനിക്ക് വേണ്ടി മാത്രമാണ് ദൈവം അവരെ സൃഷ്ടിച്ചത് എന്ന് .
എനിക്ക് സ്നേഹിക്കാന്‍........എന്നെ സ്നേഹിക്കാന്‍....................
അത് പ്രണയത്തില്‍ മാത്രമല്ല അങ്ങനെ ഒരു തോന്നല്‍.
എന്‍റെ  ജീവിതത്തില്‍ അധികമൊന്നുമില്ല അത്തരം ആളുകള്‍ .
ഏറിയാല്‍ ഒരു കയ്യിലെ  വിരലുകളില്‍ എണ്ണി  തീര്‍ക്കാം അവരെ.
അതില്‍ ഒരാളാണ് ശ്രീച്ചി .
"നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു,നിന്‍റെ കൂടെയുണ്ട് എന്തിനും എപ്പോഴും എന്നും
എന്നൊക്കെ മറ്റാര് പറയുന്നതിനെക്കാളും ശ്രീച്ചി പറയുന്നതാണ് എനിക്ക് വിശ്വാസം.
ഒരുപക്ഷെ ആ സ്നേഹം,ആ വാക്കുകളിലെ സത്യം എല്ലാം അത്രമേല്‍ അനുഭവിച്ചത് കൊണ്ടാകാം..........

പകുതി ദൂരം എത്തിയപ്പോഴേക്കും ഉറങ്ങി ഞാന്‍.
ഈ ഓര്‍മ്മകള്‍ക്ക് ഒരു കൊഴപ്പംണ്ട്.
ആദ്യം നമ്മടെ ഒറക്കം കളഞ്ഞ് നമ്മളെ അവരുടെ ലോകത്തേക്ക് കൊണ്ടോകും.
അവിടെ എത്തിച്ചു കഴിഞ്ഞാല്‍ സ്വപ്നങ്ങളുടെ താരാട്ട് പാടി ഉറക്കും.
ഉറക്കത്തീന്ന് എണീറ്റാലോ സ്വപ്നോംല്ല്യ ,താരാട്ടും ഇല്ല്യ.
നമ്മളിങ്ങനെ ബ്ലിങ്ങസ്യാന്നാവും.

വെളുപ്പിനേയുള്ള യാത്രകള്‍ ഏറെ സുഖമാണ്,സുന്ദരമാണ്.
കോഴിക്കോട്ടേക്കുള്ള യാത്രകള്‍ എന്നും അങ്ങനെയാണ്.
ഇതും അങ്ങനെ ആയിരുന്നു.
ഒരു ദിവസം തുടങ്ങുന്നത് കാണാനാവും.
സൂര്യന്‍ ഉദിക്കുന്നതും വെളിച്ചം മെല്ലെ മെല്ലെ നിറയുന്നതും ഒക്കെ കാണാം.
നേര്‍ത്ത തണുപ്പേ മഞ്ഞിനുണ്ടായിരുന്നുള്ളൂ,വേനല്‍ ആവാറായല്ലോ എന്നപ്പോള്‍ ഓര്‍ത്തു.
കുംഭം,മീനം,മേടം ചൂട് ആവാന്‍ പോണേ ഉള്ളൂ.മൂന്നു നാല് ദിവസം മുന്‍പ് മഴക്കാറ് കണ്ടപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു മകരത്തില്‍ മഴ പെയ്താല്‍ മലയാള നാട് മുടിയും എന്നാ പറയുക.കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം എന്നും.മുടിയാന്‍ ഇനിയെന്താ ഉള്ളെ?????മാണിക്യം........അതൊക്കെ വളരെ വിദൂരം!!!!എന്തായാലും മഴ പെയ്തില്ല.കുംഭത്തില്‍ തന്നെ പെയ്യട്ടെ ആ മഴ അല്ലെ??????

ഈയിടെ മുറ്റത്തെ നാല്മണി പൂവ് വിരിയുന്നത് നോക്കി നില്‍ക്കുക എന്ന ഒരു ഇഷ്ടം കൂടി പുതിയതായി കൂടിയിട്ടുണ്ട്.
വൈകുന്നേരം ആവുമ്പോഴേക്കും ഇങ്ങനെ വിടരാന്‍ തയ്യാറായി നില്‍ക്കും.
പിന്നെ,പതുക്കെ പതുക്കെ ഇങ്ങനെ വിടര്‍ന്നു വരും.
നല്ല രസമാണ് നോക്കി നില്‍ക്കാന്‍.മുല്ലപ്പൂ വിരിയണത് കണ്ടിട്ടുണ്ട്.
ഇപ്പൊ ഇതും.ഇന്നലെ വൈകുന്നേരം രണ്ടു കാക്കകള്‍ പിന്നിലത്തെ മുറ്റത്തേക്ക് വന്നു.കണ്ടപ്പോ ചോറിട്ടു കൊടുത്തു.ആരുടെയൊക്കെയോ ആത്മാക്കള്‍ ആണെന്നല്ലേ പറയുന്നത്.ജയേട്ടന്‍ പറഞ്ഞു അത് ഇവിടത്തെ മുത്തശ്ശനും മുത്തശ്ശീം ആണെന്ന്.മുത്തശ്ശി കാക്കയാവും വന്നു ചോറ് കൊത്തിക്കൊണ്ടുപോയി മുത്തശ്ശന് കൊടുത്തിരുന്നത്.ആ പുള്ളി അവിടെ ഒരു കൊമ്പില്‍ ഇരുന്നെ ഉള്ളൂ.അവരിങ്ങനെ കഴിക്കുന്നതും നോക്കിയിരിക്കാനും എനിക്ക് രസം തോന്നി.

പാലം എത്തിയപ്പോള്‍ ഓര്‍മ്മകള്‍ take diversion എന്ന് ഒരു മുഖം കാണിച്ചു കൊണ്ട് പറഞ്ഞു.ഒരിക്കല്‍ അടച്ചതാണ് ഓര്‍മ്മകളുടെ ആ വഴി.അതുകൊണ്ടുതന്നെ തുറന്നില്ല.
ഇഡ്ഡലി കഴിക്കാന്‍ പാകത്തില്‍ കൃത്യ സമയത്ത് തന്നെ ശ്രീച്ചീടെ അടുത്തെത്തി.കാണുമ്പോള്‍ ഒന്നും മിണ്ടാനില്ല ഫോണിലൂടെ ആണെങ്കിലോ പറഞ്ഞാലും തീരില്ല വിശേഷങ്ങള്‍.അങ്ങനെയാണ് ഞാനും ശ്രീച്ചീം.ഇത്തവണേം അതന്നെ പാട്.ഇരുട്ടായതിന് ശേഷമാണ് അവിടന്ന് തിരിച്ചത്.വരുന്ന വഴി ഏതോ ഒരു വല്യേ പള്ളിയില്‍ ന്തോ വിശേഷായിരുന്നു.അതുകൊണ്ട് റോഡ്‌ മുഴുവനും ബ്ലോക്ക് ആയിരുന്നു.ഓരോ പാലത്തിന്റെ മുകളില്‍ എത്തുമ്പോഴും ഞാന്‍ താഴെ പുഴയിലേക്ക് നോക്കും.പുഴയില്‍ തെളിയുന്ന പ്രതിബിംബങ്ങളെ കാണാന്‍ എനിക്കെന്നും ഇഷ്ടമാണ്.

ഇടയ്ക്കൊരു ദിവസം ഏതോ ഒരു ടി വി ചാനലില്‍ ഒരു പെണ്‍കുട്ടിയുമായി അഭിമുഖം കണ്ടു.ആ കുട്ടിയ്ക്ക് സിവില്‍ സര്‍വീസില്‍ റാങ്ക് കിട്ടിയതാണ്.
എത്ര അഭിമാനത്തോടെയാണ് അത് സംസാരിക്കുന്നുണ്ടായിരുന്നത്!!!
അല്ലെങ്കിലും കഠിന പ്രയത്നം കൊണ്ട് ജീവിതത്തില്‍ ലക്‌ഷ്യം സാധിച്ചവരുടെ കഥ കേള്‍ക്കാനും കാണാനും എനിക്കെന്നും ഇഷ്ടമാണ്.
അവരുടെ മുഖത്തെ സന്തോഷം,അഭിമാനം ഒക്കെ എന്നെ സ്വാധീനിക്കാറുണ്ട്.
അവരെ പോലെ ഒരിക്കല്‍ ഞാനും എന്നൊക്കെ സ്വപ്നം കാണാറുണ്ട്.
പക്ഷെ തൊട്ടടുത്ത നിമിഷം മുതല്‍ എന്‍റെ കോംപ്ലക്സ് വര്‍ക്കൌട്ട് ചെയ്യാന്‍ തുടങ്ങും.ഞാന്‍ എവിടേം എത്തിയില്ല,ജീവിതത്തില്‍ ലക്‌ഷ്യം കണ്ടെത്താന്‍ കഴിയാത്തവള്‍ ആയി.പരാജയപ്പെട്ടവള്‍ ആയി എന്നൊക്കെ എന്നെ ഞാന്‍ തന്നെ വിളിക്കാന്‍ തുടങ്ങും.

തിരിച്ച് വരുമ്പോള്‍  മനസ് ഏറെ ശാന്തമായിരുന്നു.
പുല്ലാങ്കുഴലില്‍ വിരിഞ്ഞ രാത്രിയുടെ സംഗീതം കേട്ട്,
പുതു മഴയുടെ മോഹിപ്പിക്കുന്ന താളത്തില്‍ ലയിച്ച്,
തിരമാലകളുടെ മാസ്മരിക ശബ്ദത്തില്‍ മുഴുകി,
മനസ്സില്‍ ഇനിയും ഒരുപാട് ബാക്കിയുള്ള പ്രണയത്തെ,
പെയ്തു തോരാന്‍ കൊതിക്കുന്ന മഴ മേഘങ്ങളാക്കി മാറ്റുന്ന ഗസലുകള്‍ കേട്ട്,
കണ്ണുകള്‍ അടച്ച് സീറ്റിലേക്ക് ചാരിയിരുന്നു.
എനിക്ക് തോന്നി,അല്ല ,,,,,,,ഞാന്‍ അറിഞ്ഞു.....
അങ്ങ് ദൂരെ ......എവിടെയോ മഴ പെയ്യുന്നുണ്ട്.
എനിക്ക് പ്രിയപ്പെട്ട ആരോ അത് നനയുന്നും ഉണ്ട്,ആ കൂടെ ഞാനും ......!!!!!
ഞങ്ങള്‍ ഒരുമിച്ച് മഴ കാണുകയാണ്.
തിരമാലകളില്‍ ഒളിക്കുന്ന മഴ നൂലുകളെ രാത്രി വെളിച്ചത്തില്‍ കണ്ടെത്താന്‍ നോക്കുകയാണ്.
മഴ മണക്കുന്ന ആ വിരലുകള്‍ കൊണ്ട് എന്‍റെ നെറുകയില്‍ വാത്സല്യത്തോടെ തലോടുന്നു.
മഴ മൂളിയ താരാട്ട് കൂടി കേട്ടപ്പോള്‍ ഒരു മാത്ര ഞാന്‍ ഉറങ്ങി പോയോ???

"മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ....................."
ഉണ്ണി മേനോന്‍റെ ശബ്ദമാണ് എന്നെ ആ ഉറക്കത്തില്‍ നിന്നും എണീപ്പിച്ചത്.(എത്ര കേട്ടാലും മതി വരാത്ത ഒന്ന്.)
ഗ്ലാസ് താഴ്ത്തി പതുക്കെ കൈ പുറത്തേക്ക് നീട്ടി നോക്കി ഒരു മഴത്തുള്ളിയെ തൊടാന്‍ വേണ്ടി.
ഇല്ല മഴ പെയ്തില്ലായിരുന്നു .എനിക്ക് തോന്നിയതാണ്.
പക്ഷെ ആ തോന്നല്‍,......എന്‍റെ മനസ്സിനെ വളരെയധികം ശാന്തമാക്കിയിരുന്നു.

മഴ നനയുമ്പോള്‍ ഒക്കെ എനിക്ക് തോന്നാറുണ്ട് 
"ആരുടേയോ സ്നേഹമാണ് എനിക്ക് മീതെ പെയ്യുന്ന ഈ മഴ" എന്ന്.
എന്‍റെ സങ്കടങ്ങളെ ഇഷ്ടമില്ലാത്ത ആരോ ഒരാള്‍..............
രൂപമില്ലാത്ത,ശബ്ദമില്ലാത്ത ഒരു  സ്നേഹം.........
അയാളോടെനിക്ക് സഹോദര്യമോ,സൗഹൃദമോ,പ്രണയമോ അങ്ങനെ ഒന്നും അല്ല.
നിര്‍വചിക്കാനാവാത്ത ഒരു സ്നേഹം.

ഒറ്റപ്പെടലെന്ന വേദനയ്ക്ക് മഴ നല്‍കുന്ന ആശ്വാസം,
അതിനോളം വലുതായി മറ്റൊന്നില്‍ നിന്നും,ആരില്‍ നിന്നും എനിക്ക് കിട്ടിയിട്ടില്ല.
പെയ്തു തുടങ്ങുമ്പോള്‍ ഞാന്‍ സന്തോഷിക്കും.
പിന്നെ കരയും.
ഒടുവില്‍ തീരുമ്പോഴേക്കും മനസ് തീര്‍ത്തും ഭാരമില്ലാതാകും.
അതുകൊണ്ട് തന്നെ നീ എനിക്കീമഴ പോലെ.............!!!!!!!!

തനിച്ചിരിക്കുമ്പോള്‍,തനിച്ചിരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഒക്കെ ഞാനെന്‍റെ കണ്ണീരിനെ തേടി ചെല്ലാറുണ്ട്.
അതിന്‍റെ മേച്ചില്‍ പുറങ്ങളില്‍  അങ്ങനെ നടക്കാന്‍ വളര രസമാണ്.
ഹൃദയം തകര്‍ന്നു കരഞ്ഞിരുന്ന നിമിഷങ്ങളെ,മതി മറന്നു സന്തോഷിച്ച നിമിഷങ്ങളെക്കാളും എനിക്കിഷ്ടമാണ്.
അതാണ്‌ എന്നേയും എന്‍റെ ജീവിതത്തെയും ബാലന്‍സ് ചെയ്തു കൊണ്ട് പോകുന്നത്.
മറ്റുള്ളവര്‍ പറയുന്ന പോലെ എന്നെ ഒരു "പാവം " ആക്കുന്നത്.
എന്നില്‍ അഹങ്കാരത്തിന്‍റെ ഒരു കുഞ്ഞു തരി പോലും ഇല്ലാതാക്കുന്നത്.
എന്‍റെ മനസ്സില്‍ നിഷ്കളങ്കത നിറയ്ക്കുന്നത്.
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കടന്നു വന്ന വഴികളിലൂടെ ഇടയ്ക്കിടെ മനസുകൊണ്ടൊരു യാത്ര നടത്തുന്നത് നല്ലതാണ്.
ഞാന്‍ എന്നോട് തന്നെ പറയുന്ന ഒരു കാര്യം.

സ്നേഹം അതിന്‍റെ ഏറ്റവും മനോഹരമായ ഭാഷയില്‍ പങ്കു വെച്ച,
എനിക്കൊരുപാട് പ്രിയപ്പെട്ടവര്‍..........
ചിലപ്പോഴൊക്കെ അവരില്‍ നിന്നെല്ലാം തിരിഞ്ഞു നടക്കാന്‍  എനിക്ക് തോന്നിയിട്ടുണ്ട്.
അതിനായി ശ്രമിച്ചിട്ടുണ്ട്.
(അത് അഹങ്കാരം കൊണ്ടല്ല.ഇത്രയേറെ സ്നേഹിക്കപ്പെടാന്‍ ഞാന്‍ യോഗ്യയാണോ എന്ന എന്‍റെ സംശയം കൊണ്ട്.)
എങ്കിലും ഒരിക്കല്‍ പോലും സാധ്യമായിട്ടില്ല.
ഒരു പക്ഷെ അതിനെ തന്നെയാണ് സ്നേഹത്തിന്‍റെ ശക്തി എന്ന് പറയുന്നത്.

കാരണമേതുമില്ലാതെ നിന്നില്‍ നിന്നും ഞാന്‍ പോവുകയാണ്.
പൊയ്ക്കോട്ടെ????????
എത്രയൊക്കെ ചേര്‍ന്നാലും നമുക്കിടയില്‍ എന്തിന്റെയോ ഒരു കുറവുണ്ട്.
 "പിന്നെ" എന്ന ഒരു അപൂര്‍ണ്ണത നിറഞ്ഞ ഒരു വാക്കേ പലപ്പോഴും എനിക്ക് നിന്നോട് മിണ്ടാനുള്ളൂ.
സംസാരിക്കാന്‍ വാക്കുകള്‍ വിസമ്മതം കാണിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ 
ഞാന്‍ ഭയപ്പെടുകയായിരുന്നു  എനിക്കും നിനക്കും ഇടയിലെ നമ്മളെ നമുക്ക് നഷടമാവുകയാണോ എന്ന്.
ഇന്ന് ഞാന്‍ വേദനയോടെ തിരിച്ചറിയുന്നു അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്.
എന്‍റെ മുഖം ,എന്‍റെയീ  വാക്കുകള്‍ ഇതെല്ലാം എന്‍റെ മനസാണ്.
നീ പലപ്പോഴും പറഞ്ഞിട്ടുള്ള വാക്കുകള്‍.
അതുകൊണ്ട് തന്നെ നിനക്ക് മുന്നില്‍ അഭിനയിക്കാനോ,കള്ളം പറയാനോ എനിക്കൊരിക്കലും കഴിയില്ല.

തിരിച്ചു വരുന്ന വഴി അവിടെ എന്‍റെ സ്വപ്ന ഭൂമിയിലേക്കും ഞാന്‍ പോയി.
ന്‍റെ ഇല്ലം........ഒട്ടും വിചാരിക്കാതെ അവിടെ ചെന്നപ്പോള്‍ എനിക്ക് ശരിക്കും സന്തോഷായി.മുത്തശ്ശി ഉണ്ടാക്കിയ മത്തങ്ങ(തേങ്ങ വറുത്തിടാത്ത) എരിശ്ശേരിയും പാവയ്ക്ക മെഴുക്കുപുരട്ടീം കഴിക്കാന്‍ പറ്റിയപ്പോ ആ നിമിഷങ്ങളില്‍ എനിക്കീ ലോകത്തിനോട് മുഴുവനും ഇഷ്ടം തോന്നി.
ഇവിടെ എത്തുന്നതുവരെ പിന്നെ ഉറങ്ങിയില്ല.
ശ്രീച്ചിയെ കണ്ട,
സമാധാനം അല്‍പ്പമെങ്കിലും നല്‍കിയ വാര്‍ത്ത കേട്ട,
വിചാരിക്കാതെ ഇല്ലത്തേക്ക് പോയ,
മുത്തശ്ശി ണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പറ്റിയ ഈ ദിവസം ................. എല്ലാത്തിനുമുപരി നിന്നോടുള്ള സ്നേഹം നിറഞ്ഞൊഴുകിയ,നീ എന്നില്‍ നിറഞ്ഞ ,കുറെ നിമിഷങ്ങള്‍ നല്‍കിയ ഈ ദിവസം ......................
ഈ ദിവസവും എനിക്ക് പ്രിയപ്പെട്ടതായി!!!!!!


Saturday, February 2, 2013

"മിട്ടായി ഓര്‍മ്മകള്‍"

                        അന്ന് മലമക്കാവ് പോയി തിരിച്ചു വരുമ്പോള്‍ തേന്‍ നിലാവ് വാങ്ങിച്ചു. ആ പഴയ മിട്ടായി.പഞ്ചസാര പാവില്‍ മുക്കി വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന ഓറഞ്ച് നിറമുള്ള മിട്ടായി.എനിക്കൊരുപാടിഷ്ടമാണ്.
പക്ഷെ ഇപ്പോഴത്തെ തേന്‍ നിലാവിന് പഴേ സ്വാദില്ല.മുറുക്കം കൂടി.ഉണങ്ങിയ പോലെ ആയി.എല്‍ പി സ്കൂളില്‍ പഠിക്കുമ്പോള്‍ അടുത്തുള്ള പെട്ടിക്കടയില്‍ നിന്ന് മറ്റു കുട്ടികള്‍ പോയി വാങ്ങിക്കൊണ്ടു വരും.ഒരു പങ്ക് എനിക്കും. അവിടന്ന്  വേറേം മിട്ടായികള്‍ കഴിച്ചിട്ടുണ്ട്.പല നിറത്തില്‍ ചോക്ക് പോലെ ഉള്ള ഒരു തരം ,പിന്നെ കവറില്‍  പൊതിഞ്ഞ ഒരു കറുത്ത തരം അങ്ങനെ പലതും....ഇതിന്‍റെ പേരുകള്‍ ഒന്നും ഇപ്പോള്‍ ഓര്‍മ്മയില്ല.അന്നതൊക്കെ എന്തിഷ്ടായിരുന്നു!!!!!!പിന്നേം ണ്ടായിരുന്നു ഇഷ്ടപ്പെട്ട മിട്ടായികള്‍.ജീരക മിട്ടായി,പാരീസിന്‍റെ ഒരു ഓറഞ്ച് നിറമുള്ള സ്വാദുള്ള ഉണ്ട മിട്ടായി. അതിന്റെ കടലാസ് കൊണ്ട് പാവക്കുട്ടിയെ ഉണ്ടാക്കിയാല്‍ നല്ല ഭംഗിയാണ്. പോപ്പിന്‍സ്‌,കോഫീ ബൈറ്റ് അങ്ങനെ കൊറേ.........തറവാട്ടില്ലത്തെ മുത്തശ്ശനഫനു ആ ഓറഞ്ച് മിട്ടായി വല്യേ ഇഷ്ടായിരുന്നു.മരിക്കണടത്തോളം വരേം അത് കഴിച്ചിരുന്നു.അതീ പിന്നെ അത് വാങ്ങല്‍ നിര്‍ത്തി.ഇപ്പൊ ഒക്കെ ഇണ്ടോ ആവോ........ഇണ്ടെങ്കില്‍ തന്നേം ഒറിജിനല്‍ ആവില്ല.

                    അന്നത്തെ കളികളും എത്രയായിരുന്നു!!!!ഇപ്പൊ അതൊന്നും ഇല്ലന്നെ !!!!കളം വരച്ച് ഞൊണ്ടി കളിക്കലും,സൂചി എറിഞ്ഞു അത് തപ്പി എടുക്കലുംപുള്ളി കുത്തി കളിക്കലും,ഈര്‍ക്കില്‍ കൊണ്ട് കോല്‍ കളിക്കലും,രാജാവും,റാണീം എഴുതി കളിക്കലും,ചീട്ട് കളിക്കലും,കവടി കളിക്കലും,പല്ലാങ്കുഴി കളിക്കലും,കണ്ണ് കെട്ടി കളിക്കലും,ഒളിച്ചു കളിക്കലും,കുളം കുളം-കര കളിക്കലും,തൂപ്പിട്ട് കളിക്കലും,അങ്ങനെ ഒരു നൂറു കൂട്ടം കളികള്‍.മുറ്റത്ത് രാക്കൂന്റെ കൂട്ടുകാര്‍ ഒക്കെ കൂടി ക്രിക്കറ്റ് കളിക്കാന്‍ വരും.ഷട്ടിലും കളിക്കും.അതൊക്കെ നോക്കിയിരിക്കുന്ന കളികള്‍ ആണ്.അവരൊക്കെ കൂടി മാങ്ങ എറിഞ്ഞു വീഴ്ത്തും.അതിനുള്ള ഉപ്പും മുളകും,ഉള്ളീം തിരുമ്പല്‍ ന്‍റെ വകയാണ്.വല്യോരും കൂടും കഴിക്കാന്‍.ഒക്കെ ന്ത്‌ രസായിരുന്നു!!!!!!
                  
                  "ദയ"എന്ന കഥ വായിക്കാന്‍ വേണ്ടിയാണ് ബാലഭൂമി സ്ഥിരായി വാങ്ങി തുടങ്ങിയത്.പിന്നീട് അത് സിനിമ ആയപ്പോള്‍,അതും മഞ്ജു വാര്യര്‍ അഭിനയിച്ചപ്പോള്‍ ആ സിനിമയും ആ കഥയും എനിക്കേറെ പ്രിയപ്പെട്ടതായി. ഇപ്പഴും ടീവിയില്‍ വരുമ്പോള്‍ ഒക്കെ ഞാന്‍ കാണാന്‍ ശ്രമിക്കുന്ന ഒരു സിനിമയാണ് അത്.അച്ചൂന്  ബാലരമ വല്യേ പ്രാന്താണ്. വെള്ളിയാഴ്ച്ച അത് വന്നാല്‍ പിന്നെ അടുത്ത വെള്ളിയില്‍ പുതീത് കിട്ടണ വരെ കയ്യീന്ന് താഴെ വെക്കില്ല.അതോണ്ട് വെള്ളിയാഴ്ച അവള്‍ ഉണരുന്നേനു മുന്നേ എല്ലാരും എണീക്കും.അല്ലെങ്കില്‍ പിന്നെ ആരേം വായിക്കാന്‍ സമ്മതിക്കില്ല.എനിക്കും നല്ല ഇഷ്ടാണ്.അതൊക്കെ.കപീഷിന്റെ വാല് നീട്ടലും,വൈദ്യരുടെ ശക്തി മരുന്നും,ഡിങ്കന്റെ കൌശലവും,ശിക്കാരി ശംഭൂന്റെ പേടീം ഒക്കെ ന്ത് രസാണ്!!!!എത്ര വായിച്ചാലും മതിയാവില്ല.ഇപ്പഴത്തെ ബാലരമയില്‍ ജമ്പനും തുമ്പനും ,സൂത്രനും ഷേരുവും,തുരുമ്പന്‍സ്  ഡയറിയും ഒക്കെ നല്ലതാണ്.ഈ രാജൂം രാധേം ഒരു കാലത്തും വലുതാവില്ലേ!!!!!!ന്ന് ഞാന്‍ എപ്പഴും ഓര്‍ക്കാറുണ്ട്.ഇപ്പൊ ബാലഭൂമീല് പ്രിയ എ സ് എഴുതുന്നുംണ്ട്. എനിക്കിഷ്ടാണ് അതും.

                   എല്‍ പി സ്കൂളിന്‍റെ പിന്നിലെ വീട്ടിലെ അതിരില്‍ മുളങ്കൂട്ടം ഉണ്ട്. അതിനിടയില്‍ ഒരു കുഞ്ഞു ഇലവംഗം ഉണ്ടായിരുന്നു.അതിന്‍റെ ഇലയ്ക്ക് എന്തൊരു മണം ആയിരുന്നു!!!!!ദാ.....ഇപ്പോഴും മൂക്കില്‍ നിറയുന്നു. കൊടമ്പുളിയുടെ തളിരില പൊട്ടിച്ചു തിന്നുമായിരുന്നു.തെച്ചിപ്പഴം,കാരപ്പഴം അങ്ങനെ കുഞ്ഞു കുഞ്ഞു കായ്കള്‍ ഒക്കേം പ്രാന്തായിരുന്നു.കോണ്‍വെന്റില്‍ എത്തിയപ്പോള്‍ പല നിറമുള്ള ചോക്കുകള്‍,ഹീറോ പേനകള്‍,ഇരുന്നൂറു പേജ് ന്‍റെ വരയുള്ള പുസ്തകങ്ങള്‍ ഒക്കേം ആയി  കൊതികള്‍.ഇപ്പഴും  കടേല്‍ കേറുമ്പോള്‍ നോട്ട് ബുക്ക്‌ ഇരിക്കുന്ന കണ്ടാല്‍  എന്‍റെ മനസ്സ് അത് വാങ്ങാന്‍ ബഹളം വെക്കാറുണ്ട്. ബ്രില്‍ ന്‍റെ കറുത്ത മഷിക്കുപ്പി കാണുമ്പോഴും. 

                 ഒരു കാലത്തൊക്കെ ഗിഫ്റ്റ് എന്ന് പറയുമ്പോള്‍ മിക്കവരും പേന  ആണ് സമ്മാനമായി കൊടുക്കുക.ആദ്യമായി കിട്ടിയ പ്രണയലേഖനത്തോടൊപ്പം കാര്‍ഡും,യൂണിബോള്‍ ന്‍റെ പേനയും കിട്ടിയിരുന്നു.എന്‍റെ കൂട്ടുകാരന്‍ എനിക്ക് ആദ്യായി തന്നതും ഒരു പേന തന്നെ.മോണ്ട്ട് ബ്ലാങ്ക് ന്‍റെ ആണെന്നാണ്‌ ഓര്‍മ്മ.ഞാന്‍ ടീച്ചറായപ്പോ സമ്മാനം കൊടുത്തിരുന്നതും പേന തന്നെ.പേന ആര്‍ക്കും എന്തിനും എപ്പഴും കൊടുക്കാവുന്ന ഒരു നല്ല സമ്മാനമാണ് അല്ലെ????????

                  സ്കൂളില്‍ ഞാന്‍ ഒരു പാവം ആയിരുന്നു.(ആ ഇമേജ് മാറിയിട്ട് ശ്ശി കാലായില്ല.)ടീച്ചര്‍മാര്‍ക്കൊന്നും എന്‍റെ ഈ പാവത്തരം കാരണം എന്നെ അറിയുകയേ ഇല്ല.പഠിക്കാനും ഒരു ആവറേജ് മാത്രം.പിന്നെ ബിന്ദു അച്ചോള്‍ ടീച്ചറായി എത്തിയപ്പോള്‍ ആണ് എന്നെ മറ്റു ടീച്ചര്‍മാരും,സിസ്റ്റര്‍മാരും ഒക്കെ അറിയാന്‍ തുടങ്ങിയത്.ഒരിക്കല്‍ ഒരു ഓണ പരീക്ഷകാലത്ത് എന്‍റെ വലത്തേ കൈ ഒടിഞ്ഞിരുന്നു.കോണ്‍വെന്റ് സ്കൂളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ക്യാറ്റീസവും മറ്റു കുട്ടികള്‍ സന്മാര്‍ഗവും,(ഇംഗ്ലീഷ് വാക്ക് മോറല്‍ സയന്‍സ്)
പഠിക്കണമായിരുന്നു.അതാവും ആദ്യത്തെ പരീക്ഷ.അന്ന് ആ പരീക്ഷ എനിക്കെഴുതാന്‍ സാധിച്ചില്ല.അതെഴുതിയില്ലെങ്കില്‍ ഫുള്‍ പാസ് ആവില്ല.അസ്സെംബ്ലി യില്‍ നിന്ന് സ്റ്റെയ്ജില്‌ കയറി ബാഡ്ജ് വാങ്ങാന്‍ പറ്റില്ല.അതോണ്ട് അതെഴുതിയെ പറ്റൂ.ക്ലാസ്സ്‌ സിസ്റ്റര്‍ പറഞ്ഞു ഉമ പരീക്ഷ എഴുതണം അതിന് ഒരു വഴീണ്ട് ഉത്തരം  പറഞ്ഞാല്‍ മതി ഞാന്‍ എഴുതിക്കോളാംന്ന്.ആകെ അബദ്ധായീന്ന് പറഞ്ഞാല്‍ മതീലോ. കഷ്ടകാലത്തിനു പറയുന്ന ഉത്തരം തെറ്റായതൊക്കെ സിസ്റ്റര്‍ എഴുതേണ്ടി വരില്ലേന്നായിരുന്നു ന്‍റെ വിചാരം.ചിലപ്പോ സിസ്റ്റര്‍ക്ക് ഓര്‍മ്മെല്യാണ്ട് എല്ലാത്തിനും ശരിയുത്തരം എഴുതിയാലോ ന്നും ഞാന്‍ വെറുതെ മോഹിച്ചു. പക്ഷെ ഞാന്‍ പറഞ്ഞതന്നെയ് എഴുതിയൊള്ളൂ .അതിനു അന്ന്  നാല്‍പ്പത്തി മൂന്നു മാര്‍ക്ക് കിട്ടി എനിക്ക്. ഇപ്പഴും അത് നല്ല ഓര്‍മ്മയാണ്.


                 കോണ്‍വെന്റില്‍  വല്യേ സ്റ്റ്രിക്റ്റ് ആണ്.എന്നും യൂണിഫോം നിര്‍ബന്ധം.ഹെഡ്മിസ്‌ട്രെസ്സ് ന്‍റെ ഫീസ്റ്റ്ന് മാത്രേ കളര്‍ ഡ്രസ്സ്‌ പാടുള്ളൂ.നല്ല ഭംഗിയുള്ള ഉടുപ്പുകള്‍ ഒന്നും ഇല്ലാതിരുന്നതിനാലാവും എനിക്കെന്നും യൂണിഫോം മതീന്നായിരുന്നു.ഓരോ ദിവസോം ഓരോ പ്രാര്‍ത്ഥന ആണ് പാടുക.പത്താം ക്ലാസില്‍ എത്തുമ്പോള്‍ ഒന്നൂടെ കര്‍ശനാവും.പഠനവും പ്രാര്‍ത്ഥനയും മാത്രം.യു പി കുട്ട്യോള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതണ കുട്ട്യോള്‍ടെ പേരെഴുതി കൊടുക്കും.ഓരോ കുട്ടിക്കും ഓരോ പേര്.ആ കുട്ടി ആ കുട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കണം.ഞാന്‍ എഴില്‍ ആയിരുന്നപ്പോ എനിക്ക് കിട്ടീത് ദീപ ചേച്ചിയെ ആയിരുന്നു.ഞാന്‍ പത്തില്‍ ആയിരുന്നപ്പോ ന്നെ കിട്ടീത് ആര്‍ക്കാണാവോ!!!!!അത് നേരാം വണ്ണം പ്രാര്‍ഥിച്ചില്ലന്നാ തോന്നണേ!!!!നിയ്ക്ക് ഫസ്റ്റ് ക്ലാസ്സ്‌ മാര്‍ക്കേ കിട്ടിയുള്ളൂ!!!! :(

                  പിന്നെയാണ് സംഭവ ബഹുലമായ വി എച്ച് എസ് ഇ കാലം വന്നെ.അത് വല്യേ തമാശയാണ്.ബസ് കേറി പഠിക്കാന്‍ പോയത്, ആങ്കുട്ട്യോളും ഒപ്പം പഠിക്കാന്‍ വന്നത് ഒക്കെ അപ്പഴാണ്.നാല് വരെ ന്നു പറഞ്ഞാല്‍ ചെറിയ കുട്ട്യോള്‍ അല്ലെ!!!!!!!പതിനൊന്നില്‍  ആണേല്‍ വല്യേ കുട്ട്യോളും ആയി.അന്നൊക്കെ ന്തൊരു പേടി ആയിരുന്നൂന്നോ!!!!!!പിന്നത്തെ കൊല്ലം ആണ് അവരോടൊക്കെ മിണ്ടാന്‍ തുടങ്ങിയത്.ആ രണ്ടു കൊല്ലോം ന്റെ കൂട്ടുകാരി ആശ ആയിരുന്നു.അവള്‍ടെ വലത്തേ കയ്യില്‍ തൂങ്ങിയാണ് ഞാന്‍ എപ്പഴും നടക്കുക.എന്തിനും ഏതിനും ആശ വേണം.പ്ലസ് ടൂ കഴിഞ്ഞ് നേഴ്സറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് നു പോയി.അതാണ്‌ ന്‍റെ ഇന്നത്തെ സ്വഭാവത്തിലേക്ക് എന്നെ എത്തിച്ചേ!!!!ആ കണ്ട കാലം മുഴോനും മിണ്ടാതിരുന്ന,പാവമായി ഇരുന്ന ഞാന്‍ പിന്നെ നോണ്‍ സ്റ്റോപ്പ്‌ കത്തിയായി. അത്യാവശ്യം സ്മാര്‍ട്ട്‌ ആയി(ന്നാലും അപ്പഴും ഇപ്പഴും എപ്പഴും ന്റെ ഈ ബടുക്കൂസ്തരം മാറിയില്ല. :( പിന്നെ അന്നും ഇന്നും (എന്നും?)ഞാന്‍ പാവംന്ന്  തന്നെയാണ് എല്ലാരും പറയുന്നേ!!!!!).പിന്നെ ഡിഗ്രീ ആയപ്പഴേക്കും ഞാന്‍ നല്ല മിടുക്കി കുട്ടി ആയീട്ടോ(ഛെ  ഈ മിടുക്കി എന്ന  പരിപാടി അന്നുണ്ടായിരുന്നെകില്‍ പങ്കെടുത്ത് സമ്മാനം മേടിക്കായിരുന്നു!!!!എനിക്കതിലെ ജഡ്ജ്സ് നെ നല്ല ഇഷ്ടാണ്).


                ഇതിനിടേല്‍  കൈ ഒടിഞ്ഞ കഥ പറഞ്ഞില്യാലോ!!!!!!അത് ഏഴാം ക്ലാസില്‍ പഠിക്കണ സമയത്താണ്.അവിടെ ന്‍റെ വീടിന്‍റെ മുറ്റത്ത് ഒരു തെങ്ങ് എങ്ങനെയോ വീണു.അതിന്‍റെ തലയൊക്കെ (ഓലേം, തേങ്ങേം, പൂക്കുലേം, അങ്ങനെ ഒക്കേം)വെട്ടി മാറ്റി വെറുതെ തടി മാത്രാക്കി അവിടെ ഇട്ടിരുന്നു. ഞങ്ങള്‍ പിള്ളേരെല്ലാം കൂടി അതിന്‍റെ ആ അറ്റത്ത് ഇരുന്നിങ്ങനെ ആടും. പൊങ്ങീം താഴ്ന്നും ഇങ്ങനെ നല്ല രസാണ്. അങ്ങനെ ആടിക്കൊണ്ടിരുന്നപ്പോ എല്ലാരും പെട്ടെന്ന് അതീന്നു ഇറങ്ങി.ഞാന്‍ ബോധല്യാണ്ട് പാട്ടും പാടി അങ്ങനെ ഇരിക്യായിരുന്നു.എല്ലാരും ഇറങ്ങിയ ശക്തീല് ഞാനാ വീണു.കൈ കുത്തിയങ്ങട്  വീണു.അടുത്തുള്ള ഓമന വന്നിട്ട് കൈ വേദന മാറാന്‍ ഉഴിഞ്ഞു തന്നു.കൊറച്ചു കഴിഞ്ഞപ്പോ കൈ നീര് വെച്ച് വീര്‍ത്തു.പിന്നെയാ ആശുപത്രീല്‍ പോയി പ്ലാസ്റ്റര്‍ ഇട്ടേ.ഇപ്പഴും ന്‍റെ വലത്തേ കൈ വല്ലാതെ തിരിക്കാന്‍ പറ്റാറില്ല .അപ്പഴൊക്കേം ഞാന്‍ ഈ കഥ ഓര്‍ക്കും. ഇത് പോലെ നെറ്റിയിലും ഉണ്ട് ഒരു മുറിവിന്‍റെ ശേഷിപ്പ്.അത് ഒന്നര വയസ് പ്രായള്ള കാലത്ത്ണ്ടായതാത്രേ !!!!അന്ന് കളപ്പുരേടെ ഇറയത്ത്‌ നെല്ല് പരത്തിയിട്ടിരുന്നു.അതിലൂടെ നടന്ന്‍ വഴുക്കി വീണ് തൂണിന്റെ മൂലയില്‍ തട്ടി.കൊറേ സ്റ്റിച്ച് ഒക്കേം ഇട്ടു.അതോണ്ടൊരു ഉപകാരം ആയത് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ അടയാളം ചോദിച്ചതിനു ഇത് കാണിക്കാന്‍ പറ്റി എന്നതാണ്.

                ചില മുറിവുകള്‍ ശേഷിപ്പിക്കുന്ന അടയാളങ്ങള്‍ പിന്നീട് നമുക്കേറെ പ്രിയപ്പെട്ടതാവുന്നു.ആ മുറിവുകളും,അത് നല്‍കുന്ന ഓര്‍മ്മകളും ഒക്കെ ഒരിക്കലും വിട്ടു പോകില്ല.അത് ഇത്തരം കുഞ്ഞു കുഞ്ഞു പാടുകള്‍ ആയാലും,സ്നേഹിക്കുന്നവര്‍ നല്‍കുന്ന-തൊടുമ്പോഴൊക്കെയും ചോര വാര്‍ന്നൊലിക്കുന്ന ഓര്‍മ്മകള്‍ ആയാലും അങ്ങനെ തന്നെ.അത്തരം
ഒരുപാട് അടയാളങ്ങളാല്‍ സമ്പന്നമാണ് എന്‍റെ ജീവിതം.

ഓരോ കണ്ണീര്‍ തുള്ളിയിലും ഒരുപാട്  നോവുകള്‍...............
ഓരോ നോവിലും  ഒരുപാട്  ഓര്‍മ്മകള്‍............
ഓരോ ഓര്‍മ്മയിലും ഒരുപാട് സ്നേഹങ്ങള്‍ .................
ഓരോ സ്നേഹത്തിലും "നഷ്ടപ്പെട്ടവള്‍" എന്ന ഞാന്‍!!!!!!!!!!


                  "നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താതെ നേടിയതിനെ കുറിച്ച് ചിന്തിക്കൂ."എന്നും എല്ലാവരും എന്നോട് പറഞ്ഞിട്ടുള്ള ഒന്നാണിത്. ശരിയാണ് .നേടിയത് ഒത്തിരിയാണ്‌.എങ്കിലും.............



ഓരോ മുറിവും എനിക്ക് പ്രിയപ്പെട്ടതാണ്.
എന്തെന്നാല്‍ അതില്‍ ഞാന്‍ എന്‍റെ സ്നേഹം നിറച്ചിരിക്കുന്നു.



                 

Tuesday, January 15, 2013

ഇല്ലത്ത് പോയേന്റെ ശ്ശി വിശേഷങ്ങള്‍!!!


03-01-2013
10-pm
ഈ രാത്രി...........
ഇന്നത്തെ ഈ രാത്രി ഏറെ സുന്ദരം.ജനാലയിലൂടെ പുറത്തേക്കു നോക്കി ഇങ്ങനെ നില്‍ക്കാന്‍ എനിക്കെന്തിഷ്ടാണെന്നോ!!!പടിക്കലെക്കുള്ള വഴി ഈ രാത്രിയിലും ഏറെ വ്യക്തം.മുഴുവനില്ലാത്ത ചന്ദ്രനും നക്ഷത്രങ്ങളും നല്‍കിയ നേര്‍ത്ത നിലാ വെളിച്ചം.മേഘങ്ങള്‍ ഒഴിഞ്ഞ ആകാശം എന്ന് തോന്നി.നക്ഷത്രങ്ങള്‍ ഏറെയുണ്ട് .കുറച്ചു മുന്‍പ് പവര്‍ കട്ട് സമയത്ത് മുറ്റത്തൂടെ നടന്നു.ഈ നക്ഷത്രങ്ങളെ എണ്ണിക്കൊണ്ട് .ഒറ്റക്കുള്ള ഈ നടത്തം,ജനലിലൂടെ പുറത്തേക്കു നോക്കി നില്‍പ്പ് ഇതെല്ലാം കാലത്തെ തിരിച്ചു പിടിക്കാനുള്ള എന്‍റെ ചില കുഞ്ഞു ശ്രമങ്ങള്‍ ആണ്.ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇവിടേക്കുള്ള എന്‍റെ ഈ വരവ്.എന്നെ എന്നെക്കാള്‍ അറിയാം ഇവിടത്തെ ഓരോ മണല്‍ തരിക്കും.

ഈ തനിച്ചാകലിനു ഒരു സുഖമുണ്ട് .കഴിഞ്ഞു പോയതൊക്കെയും വരിവരിയായി ആ വഴിയിലൂടെ എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു.മഞ്ഞു പെയ്യുന്നുണ്ട്.ഓര്‍മ്മകളുടെ ഒരു മഴ എന്‍റെ ഉള്ളിലും.കാണുകയാണ് ഞാന്‍ എന്‍റെ ബാല്യ കൌമാരങ്ങളെ ......എന്‍റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങളെ ,കൌതുകങ്ങളെ .......അന്നത്തെ എന്‍റെ വലിയ വലിയ സങ്കടങ്ങളെ ,സന്തോഷങ്ങളെ .......അങ്ങനെ എന്‍റെ ജീവിതത്തെ തന്നെ .നിരന്നു നില്‍ക്കുന്നു എനിക്ക് മുന്നില്‍ എന്നെ കടന്നു പോയ ,എനിക്കൊപ്പം നിന്ന എന്‍റെ പ്രിയപ്പെട്ടവരെ ......മുപ്പതു വര്‍ഷത്തെ ജീവിതം ഒരു വലിയ കാലയളവാണെന്ന് എനിക്കപ്പോള്‍ തോന്നി.ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല എന്നും.ഇപ്പോള്‍ ഈ നിമിഷം മരിച്ചാലും വേണ്ടില്ല എന്നും തോന്നുന്നു.

തനിച്ചാകുന്ന  ഇത്തരം ചില സമയങ്ങള്‍ ഏറെ മനോഹരമാണ്.നമുക്ക് നമ്മളെ തന്നെ കാണാന്‍ കഴിയും.കടന്നു വന്ന വഴികള്‍,കണ്ടു മുട്ടിയ മുഖങ്ങള്‍,അനുഭവിച്ചറിഞ്ഞ സ്നേഹ വാത്സല്യങ്ങള്‍ എല്ലാം ഇങ്ങനെ തെളിഞ്ഞു വരും.മുന്നോട്ടുള്ള ജീവിതത്തിനു ഇടക്കൊരു പിന്നോട്ട് നോട്ടം നല്ലതാണ്.ആ നിമിഷങ്ങളില്‍ ഉള്ളില്‍ ആരോടൊക്കെയോ ഉള്ള,ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെട്ട ദേഷ്യവും,അകല്‍ച്ചയും,പരിഭവങ്ങളും ഒക്കേം ഇല്ലാതാവും.ചിലതോര്‍ക്കുമ്പോള്‍ തോന്നിപ്പോകും ഇതിനേക്കാള്‍ മനോഹരമായി നമുക്ക് ആ നിമിഷത്തെ അല്ലെങ്കില്‍ ആ സംഭവത്തെ നേരിടാമായിരുന്നു എന്നൊക്കെ.ചിലപ്പോള്‍ കരച്ചില്‍ വരും.ചിലപ്പോ ചിരിയും.മനസ്സില്‍ ഒരു ചെരാതില്‍ ശാന്തിയുടെ ഒരു തിരി വെളിച്ചം സ്നേഹമെന്ന എണ്ണയില്‍ മുങ്ങി അങ്ങനെ കത്തും.ആ നിമിഷങ്ങളില്‍ ആണ് ജീവിതത്തിന്‍റെ മനോഹാരിത മനസിലാവുക.ഇപ്പോള്‍..........ഈ രാത്രി,ഈ നിമിഷങ്ങളില്‍ ഞാന്‍ ഇതെല്ലാം അറിയുകയാണ് അറിഞ്ഞു കൊണ്ടിരിക്കുകയാണ്...!!!!

ഇന്ന് നിന്നോട് സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഇതുവരെ കാണാത്ത ഒരു കാഴ്ച കണ്ടു.കിഴക്ക് വശത്തെ വലിയ മാവ് പൂക്കാന്‍ തുടങ്ങുന്നേയുള്ളൂ .ഏറ്റവും മുകളിലെ കൊമ്പുകളില്‍ മാത്രം വലിയ പൂക്കുലകള്‍ ഉണ്ട്.ഇലകള്‍ക്കിടയില്‍ നിറയെ തിളക്കം.ഞാന്‍ ശരിക്കും അതിശയിച്ചു നക്ഷത്രങ്ങള്‍ എന്താ അനങ്ങുന്നെ എന്നാ ആദ്യം ഓര്‍ത്തെ.(ബടുക്കൂസ് അല്ലെ അതിനപ്പറോം ചിന്തിക്കും.)പിന്നെ തോന്നി പൂക്കള്‍ ആണോന്ന് .ഇത്രേം മിന്നാമിനുങ്ങുകളെ ഒരുമിച്ച് കാണാന്‍ പറ്റുംന്ന് ഞാന്‍ നിരീച്ചേയില്ല .ഇരുട്ടില്‍,മാവില്‍,നിറയെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്ന  മിന്നാമിനുങ്ങുകള്‍ ......ഒന്നോര്‍ത്തു നോക്കൂ എന്തൊരു ഭംഗിയാണ് അല്ലെ????എനിക്ക് ഒരുപാട് സന്തോഷായി.കണ്ണുകള്‍ നിറഞ്ഞൊഴുകി.(ഈയിടെ ദീപ്തി ചോദിച്ചു എനിക്ക് പ്രാന്ത്ണ്ടോന്ന്.കാരണം സന്തോഷം ണ്ടാക്കിയ ഒരു കാര്യം അവളോട്‌ ഞാന്‍ പറഞ്ഞത് കരഞ്ഞോണ്ടായിരുന്നു)

ഈ രാത്രിയുടെ അവസാനത്തില്‍ ഈ നിലാവില്‍ നടന്നു വരുന്ന നിന്‍റെ നിഴല്‍ രൂപം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടോ?????

ചില പ്രതീക്ഷകള്‍ ജീവിതത്തിന് രുചി നല്‍കുന്ന അപൂര്‍വ കൂട്ടാണെന്ന് എനിക്ക് തോന്നാറുണ്ട്.അത് പ്രണയത്തിന് മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നും.ആരും വരാനില്ല എന്നറിഞ്ഞിട്ടും ആരോ വരുമെന്ന എന്‍റെയീ പ്രതീക്ഷയും അതില്‍ നിന്നുണ്ടായത് തന്നെ.
ഒരു പുലര്‍ മഴയില്‍ നനഞ്ഞ്.............
ഒരു നിലാമഞ്ഞിന്‍ കുളിരില്‍ മുങ്ങി ..........
അങ്ങനെ വെറുതെ........... കുറെ പ്രതീക്ഷകള്‍ !!!!!!

04-01-2013
2-pm
രാവിലെ നല്ല മഞ്ഞുണ്ടായിരുന്നു.കൊറേ നേരം കിടക്കണം എന്ന് തോന്നിയെങ്കിലും വേഗം എണീറ്റു.ഇങ്ങോട്ട് വരുന്നത് ഇത്തരം ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ചിലപ്പോ തോന്നാറുണ്ട്.നേരം വൈകി എണീക്കാന്‍,മടി പിടിച്ച് ഇരിക്കാന്‍,മഞ്ചാടി പെറുക്കാന്‍,പറമ്പ് മുഴോനും ചുറ്റി നടക്കാന്‍,അവളുടെ നാകമോഹന്‍ പക്ഷികളെ കാണാന്‍,മോളിഅച്ചോള്‍ടെ ചീര തോരന്‍ കൂട്ടാന്‍,അച്ഛമ്മ ഉണ്ടായിരുന്നപ്പോള്‍ ആ കയ്യോണ്ട് വായില്‍ തരുന്ന ചോറുണ്ണാന്‍,സിനിമ കാണാന്‍,പിന്നെ ഓരോ മുക്കിലും,മൂലയിലും,മണ്ണിലും,മരത്തിലും,ഒക്കെ ഞാന്‍ ഒളിപ്പിച്ച എന്‍റെ ഓര്‍മ്മകളെ ലാളിക്കാന്‍ അങ്ങനെ കുറെ എന്‍റെ ഇഷ്ടങ്ങള്‍.........എന്‍റെ ചെറിയ വലിയ ലോകം.

നീണ്ട ഇറയം മുഴോനും പൊടിയാണ്.
കാറ്റ് വീശുമ്പോള്‍ മുറ്റത്തെ പൂഴി മണ്ണിന്‍റെ വികൃതി.ചെരുപ്പിടാതെ മുറ്റത്തൂടെ നടന്നു.പിന്നെ ആരും കാണാതെ ഒരു പണി കാണിച്ചു.മണ്ണ് വാരി പാദങ്ങള്‍ അതില്‍ പൂഴ്ത്തി അങ്ങനെയിരുന്നു.രാവിലെ ആയതിനാല്‍ മണ്ണിന് നല്ല തണുപ്പാണ്.എന്തൊരു രസായിരുന്നു!!!!!!!!!!!!!!!മുറ്റമടിക്കാന്‍ സാവിത്രി വന്നപ്പോഴാണ് എണീറ്റത്.പറമ്പ് മുഴോനും  ഒന്ന് ചുറ്റിയടിച്ചു. ഇപ്പഴേ കൊടും വേനല്‍ ആയ പോലെയാണ്.മാവില്‍ മാത്രേ പച്ച നിറം കണ്ടുള്ളൂ.കഴിഞ്ഞ മഴയത്ത് മോളി അച്ചോള്‍ മുറ്റം മുഴോനും വരമ്പ് കീറി പച്ചക്കറി നട്ടിരുന്നു.അതൊക്കെ പറിച്ചു കളഞ്ഞ് ട്രാക്ടര്‍ കൊണ്ട് അവിടൊക്കെ ആകെ ശരിയാക്കി.അതോണ്ടെന്തായി .............ഒരു ഭംഗി ഇല്ലാതായി മുറ്റത്തിന്.കണ്ടാല്‍ മുറ്റോം  പറമ്പും ഒക്കേം ഒരേ കൂട്ട്......പുളിയില്‍ നിറയെ പുളിങ്ങ ഉണ്ട്.താഴേം കൊറേ വീണു കിടപ്പുണ്ട്.ആരെങ്കിലും ഒക്കെ പെറുക്കും.ആ പുളിയാണ് ഒരുപാടു വീടുകളിലെ കൂട്ടാനുകളില്‍ രുചി കൂട്ടുന്നത് .രാവിലെ മുത്തശ്ശി കാപ്പീം  പലഹാരോം ആയാല്‍  ഉള്ള വിളി സാവിത്ര്യേ .......ന്ന്.അതിപ്പോഴും അങ്ങനെ തന്നെ .സാവിത്രീടേം രാമ കൃഷ്ണന്റെം അസുഖം മാറിയോ ആവോ !!!!കുഞ്ഞിപൊന്നിയ്ക്ക് അശേഷം വയ്യാണ്ടായി.ഓര്‍ക്കുകയാണ് പണ്ടൊക്കെ എനിക്കെന്തു ദേഷ്യായിരുന്നു അവരോടൊക്കെ.ആരോടും  ചോദിക്കാതെ തേങ്ങേം,ഓലേം ,മടലും,മാങ്ങേം പുളീം ഒക്കേം പെറുക്കി കൊണ്ടോകും.ടീ വി കാണാന്‍ വന്നിരുന്നാലോ മീനിന്‍റെ നാറ്റോം.പക്ഷെ ഇപ്പൊ അവരുടെ അവസ്ഥ മനസിലാവുന്നു.അവരോട് ദേഷ്യം തോന്നിയേനു കുറ്റബോധംണ്ട്.കുഞ്ഞു കുട്ടി ആയിരുന്നപ്പോഴത്തെ തെറ്റല്ലേ .... അതൊക്കെ ദൈവം ക്ഷമിച്ചോളുംലെ?

തിരുവാതിരക്കു പെയ്ത മഴ അത് ഇവിടെ വന്നില്ല.മഴക്കാറ് മാത്രേ ഇണ്ടായുള്ളൂ .അത് മാവ് പൂത്തതൊക്കെ കൊഴിച്ചു.ന്നാലും മാവ് പിന്നേം പൂത്തു തുടങ്ങി.ഉമ്മറത്തെ പറമ്പിലെ മൂവാണ്ടന്‍  മാവും കൂവളോം എവിടെ പോയി????ഞാന്‍ ഇപ്പഴാ അത് ശ്രദ്ധിച്ചേ.മോളി അച്ചോള്‍ പറഞ്ഞു അത് ഒരു ഇടിവെട്ടില്‍ പോയി എന്ന്.അത് കളയാന്‍ മാത്രം എന്നാ ഇടിവെട്ടിയെ????എനിക്ക് സങ്കടായി.ആ മൂവാണ്ടന്‍ മാവ് ഓര്‍മ്മകളിലെ നല്ലയിടങ്ങളിലെ പ്രധാന കഥാപാത്രമാണ്.എന്നാലും സമാധാനിച്ചു അതിന്‍റെ അന്ത്യം ഞാന്‍ അറിഞ്ഞില്ലല്ലോന്ന്.അത് മനുഷ്യരുടെ കയ്യോണ്ട് ആയിരുന്നില്ലല്ലോ എന്നോര്‍ത്ത്.

പാടത്തേക്ക് ഇറങ്ങാന്‍ നോക്കി.നടന്നില്ല.അതില്‍ ഇപ്പഴും ചേറാണ്.ന്നാലും കുറച്ചു ദൂരം പോയി.കുളം ആകെ കേടായി.അവിടെ ഒക്കെ പ്ലാസ്റ്റിക്‌ കുപ്പികള്‍.പടവുകള്‍ ഒക്കേം പൊട്ടി പൊളിഞ്ഞു.ആകെ കാട് പിടിച്ചു.വാഴയും മറ്റും നനയ്ക്കാന്‍ മാത്രേ അതീന്നു വെള്ളം എടുക്കുന്നുള്ളൂ എന്ന് തോന്നുന്നു.എത്ര കടുത്ത വേനലിലും അത് പൂര്‍ണമായും ഒരിക്കലും വറ്റിയിട്ടില്ല എന്നാണു ഓര്‍മ്മ.അടുത്ത് നില്‍ക്കുന്ന പനയില്‍ നിറയെ പനന്നൊങ്കുണ്ട്.പണ്ടൊക്കെ ഇഷ്ടായിരുന്നു.ഇപ്പൊ ഇഷ്ടല്ല അത്.സര്‍പ്പക്കാവ് ആകെ ഒതുങ്ങിയ പോലെ ആയി.അതിനപ്പുറത്തുള്ള പറമ്പ് പണ്ട് അച്ഛന്‍ വിറ്റതാണ്.ആ ആള്‍ മതില്‍ കെട്ടി തിരിച്ച കാരണം കാവ് ഒതുങ്ങിയ പോലെ ആയി.കാവിന്റെ പിന്നിലെക്കുള്ള വഴിയും അടച്ചു.അപ്പൊ മഞ്ചാടിക്കുരു പെറുക്കാന്‍ ചുറ്റി വളഞ്ഞു പോണം.എനിക്കതൊരു പ്രശ്നമേയല്ല.ഞാന്‍ പോയി.കയ്യില്‍ അച്ചു,ക്യാമറ,ഫോണ്‍ ഒക്കെ ണ്ടെങ്കില്‍ കൂടിയും.അച്ചൂനെ അവിടെ ഇരുത്തി.ഞാന്‍ ഒരു മൂലയ്ക്കല്‍ നിന്ന് മഞ്ചാടി പെറുക്കല്‍ കര്‍മ്മം തുടങ്ങി.കൊറേ വീണു കിടപ്പുണ്ടായിരുന്നു.ഉള്ളിലെ ആര്‍ത്തി ആഹ്ലാദമായി നിറഞ്ഞുവെങ്കിലും ഞാന്‍ തിരക്ക് കൂട്ടാതെ പെറുക്കിയെടുത്തു.നിറയെ തൊട്ടാവാടി ആണ്.കൈ അവിടേം ഇവിടേം ഒക്കെ മുറിഞ്ഞു.എങ്കിലും പെറുക്കി.കുറേ ............എനിക്കൊപ്പം ദീപ്തീം കൂടി.കൊല്ലം ഇത്രേം ആയിട്ടും ന്‍റെ ഇത്തരം ഇഷ്ടങ്ങള്‍ എന്തെ ഇനീം മാറീല്യ ????
എന്‍റെ ഇത്തരം ഇഷ്ടങ്ങളെ നിനക്കിഷ്ടാണോ????ഞാന്‍ ഒരിക്കല്‍ പോലും  ചോദിച്ചില്ല്യ അത്.

മതില് കെട്ടി തിരിച്ചിട്ട സ്ഥലം കൊടുക്കാനുള്ളതാത്രേ!!!!!തെങ്ങ് കേറാന്‍ വന്നിരുന്ന  രാജന്‍ ഇപ്പൊ റിയല്‍ എസ്റ്റെറ്റ് പരിപാടി ആണ്.ആ സ്ഥലത്തിന് സെന്‍റിന് ഒന്നര ലക്ഷം ഉറുപ്പ്യണ്ട്ത്രെ !!!!ന്‍റെ കണ്ണ് തള്ളി.ഒപ്പം മനസ്സില്‍ ഒരു ലഡ്ഡുവും പൊട്ടി.പാടത്തിനും,കാവിനും  അടുത്ത് കിടക്കുന്ന ഈ സ്ഥലത്തിന് ഇത്രേം കിട്ടുമെങ്കില്‍ റോഡ്‌ സൈഡില്‍ ഉള്ള ന്‍റെ ഭൂമിക്ക് എത്ര കിട്ടും എന്നോര്‍ത്ത്.കാര്‍ന്നോര്‍മാര്‍ക്ക് നന്ദി പറഞ്ഞു.പാടത്തിനടുത്ത് നിറയെ ശീമക്കൊന്ന പൂത്തിട്ടുണ്ട് കൈതക്കൂട്ടത്തിനടുത്ത് നിക്കണ ഇലഞ്ഞി മരം നിറയെ തളിര്‍ത്തേക്കുന്നു.  പൂക്കാനായി തളിര്‍ത്ത് നില്‍ക്കും.പക്ഷെ പൂക്കില്ല .ഒരു  കാത്തിരിപ്പ് പോലെ.നേരത്തെ പറഞ്ഞ ഒരിക്കലും വരാത്ത ആരെയോ ആണോ അതും ................?????????

തോടിന്‍റെ വക്കില്‍ മുളങ്കൂട്ടം നല്ല ഭംഗിയില്‍ വഴിയൊരുക്കി നില്‍ക്കുന്നു.കണ്ടപ്പോള്‍ വന്ദനം സിനിമയിലെ  സീന്‍ ഓര്‍മ്മ വന്നു.പതിവിനു വിപരീതമായി ഈ തവണ ഞാന്‍ എന്റേം അച്ചൂന്റേം ചിത്രങ്ങള്‍ ആണ് എടുത്തത്‌.എനിക്ക് പ്രിയപ്പെട്ട ഓരോ കാര്യങ്ങളിലും കാഴ്ചകളിലും ഞാനും അവളും വേണം എന്നൊരു മോഹം.ജനലിനപ്പുറത്തെ വല്യേ മൂവാണ്ടന്‍ മാവില്‍ പല തരത്തിലുള്ള കിളികളെ ഒരുമിച്ചു കണ്ടു.ഇന്ന് അവരുടേം കുടുംബശ്രീ മീറ്റിംഗ് ആണോ?രാധ വല്യമ്മേം,മോളി അച്ചോളും അതിനു പോയേക്കുവാണ്.രണ്ടു നാക മോഹന്‍ പക്ഷികള്‍,ഓലേഞ്ഞാലികള്‍,വണ്ണാത്തിക്കിളികള്‍,കരിയിലക്കിളികള്‍,മരംകൊത്തി,പൊന്മാന്‍ വാലറ്റം കത്രിക പോലെയുള്ള പക്ഷി,പിന്നെ എനിക്ക് പേരറിയാത്ത ഏതൊക്കെയോ കൂടിയും.സത്യത്തില്‍ വല്യേ അതിശയായിട്ടോ!!!!!!

രാധവല്യമ്മേടെ വീട് ഇപ്പൊ നല്ലോം ഭംഗിയായി.ബാല്‍ക്കണിയിലെ ചാരുപടിയില്‍ മുഖം ചേര്‍ത്ത് മുളകര്‍ട്ടനുകള്‍ടെ മറവില്‍ കൊറേ നേരം അങ്ങനെ ഇരുന്നു.മുറ്റത്ത്  വല്യേ ഒട്ടുമാവുണ്ട്.അതും നിറയെ പൂത്തേക്കുന്നു.തറവാട്ടില്ലം കണ്ടാല്‍ കഷ്ടം തോന്നും.വീടിനും,ചുറ്റും നില്‍ക്കുന്ന മരങ്ങള്‍ക്കുമെല്ലാം ജീവനും ആത്മാവും ഉണ്ടെന്നു  തോന്നും.കാരണം  അവയൊന്നും ഇപ്പൊ നേരാം വണ്ണം കായ്ക്കുന്നില്ല.വീട് കണ്ടാല്‍ കരഞ്ഞോണ്ട് നില്‍ക്കുന്ന പോലെ തോന്നും.പഴയ കാലം ഓര്‍ത്ത് അതിന്‍റെ ആത്മാവ് തേങ്ങിക്കൊണ്ടേ ഇരിക്കുകയാണ് എന്നെനിക്കു തോന്നി.

അപ്പൂപ്പന്‍ താടി ഉണ്ടാകുന്ന മരം ആകെ ഉണങ്ങി.എന്നാലും അതില്‍ കായുണ്ട്.അതിലെ കുഞ്ഞു കുഞ്ഞു വിത്തുകള്‍ പോട്ടുന്നതില്‍ നിന്നാണ് അപ്പൂപ്പന്‍ താടി ഉണ്ടാകുന്നെ.ഇത് പൂവാണോ?അതെനിക്കിനീം അറിയില്ല.സ്വപ്നത്തിലെ വീട് സത്യമാവുമ്പോള്‍  മതിലിനു പകരം നിറയെ മഞ്ചാടി മരങ്ങള്‍,അപ്പൂപ്പന്‍ താടി മരങ്ങള്‍ ഒക്കേം വെച്ച് പിടിപ്പിക്കണം.പിന്നേം ഉണ്ട് മരങ്ങളുടെ ലിസ്റ്റ്.പൂക്കളും മരങ്ങളും  പച്ചക്കറിയും ഒക്കെ നിറയെ നില്‍ക്കുന്ന ഒരു വീടും തൊടീം.ന്‍റെ ഒരു സ്വപ്നം.സ്വപ്‌നങ്ങള്‍ അങ്ങനെ ഒരുപാട്.............

10-pm 
കടല് നോക്കി നിന്നപ്പോള്‍ ഓരോ തിരയടിക്കുന്നതും എന്‍റെ ഉള്ളിലാണെന്ന് തോന്നി.അവ നനയിക്കുന്നത് നിന്നെയാണെന്നും.നോക്കിയിരിക്കും തോറും എന്‍റെ കണ്ണുകളും ഒരു കടലാവാന്‍ തുടങ്ങിയിരുന്നോ?????ഒരിക്കല്‍ പറഞ്ഞത് പോലെ കാരണങ്ങള്‍ ഇല്ലാതെ കരയാന്‍ എനിക്കിഷ്ടമാണ്.
അതൊരു സുഖമാണ്.ഒന്ന് കണ്ണീരൊഴിഞ്ഞാല്‍ എന്‍റെയുള്ളില്‍ വീണ്ടും ഒരു കടലോളം സ്നേഹം നിറയും.

ഇളം ഓറഞ്ച് നിറം മെല്ലെ മെല്ലെ ആകാശം മുഴുവനായി പടരുന്നത് നോക്കിയിരുന്നപ്പോള്‍, കടലിലേക്ക്‌ മറയുന്ന സൂര്യനെ നോക്കിയിരുന്നപ്പോള്‍,ഞാന്‍ ഓര്‍ത്തു.ഒരിക്കല്‍ നിന്നോടൊപ്പം എനിക്ക് കടല്‍ കാണണം.എനിക്കുറപ്പാണ്,അന്ന്.....ഇനിയും സാധ്യമാവാത്ത എന്‍റെ മറ്റൊരു മോഹം കൂടി സാധിക്കും."മഴ നനഞ്ഞ് കടല്‍ കാണുക"എന്നത്."കടല്‍" എന്ന കഥ,അതിന്നു വായിച്ചു.പണ്ടെന്നോ വായിച്ചിട്ടുണ്ട്.ഒരിക്കല്‍ ഷാജി എന്‍ കരുണ്‍ അത് സിനിമയാക്കുന്നു എന്നൊക്കെ കേട്ടിരുന്നു.കാണാന്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് അന്നയും റസൂലും.പേരിനോടുള്ള ഇഷ്ടം കൊണ്ട്.പിന്നെ ഒരു പ്രണയ കഥയാണ്‌ എന്ന് കേട്ടത് കൊണ്ടും.ഇന്നലെ കണ്ട ഒഴിമുറിയും നല്ല സിനിമയാണ്.

നാളെ തിരിച്ചു പോണം.ഈ രാത്രിയില്‍ ഈ ഇഷ്ടങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ച് കിടക്കണം.ഇവയൊന്നും നഷ്ടമാവരുത്.കാരണം ഇതൊക്കെയാണ് എന്‍റെ ജീവിതത്തിനു നിറം നല്‍കുന്നത്.എന്നെ ഞാന്‍ ആക്കുന്നത്.ജീവിക്കാന്‍ ഇഷ്ടപ്പെടുത്തുന്നത്.

ഒരിക്കല്‍ കൂടി ഒരിക്കലും ചോദിക്കാത്ത രണ്ടു ചോദ്യങ്ങള്‍ നിന്നോട് ചോദിക്കട്ടെ???????
എന്‍റെയീ ഇഷ്ടങ്ങള്‍ നിനക്കിഷ്ടമായോ????????
എന്‍റെയീ ലോകം നിനക്കിഷ്ടമായോ????????????

Sunday, December 23, 2012

മഴയും മഞ്ഞുമായി നമുക്കിങ്ങനെ ഒരുപാട് കാലം സ്നേഹിക്കാം!!!!!!!!!!!

കൂവ പൊടിയാക്കി വച്ചു .
കായക്കുല വെട്ടി പഴുപ്പിക്കാന്‍ വച്ചു .
കാവിത്തും,ചേനയും,ചേമ്പും,ഒക്കേം പറിച്ചു വച്ചു.
തിരുവാതിരയ്ക്കുള്ള സാധനങ്ങള്‍ ഒക്കേം ആയി എന്ന് പറയുന്ന കേട്ടു.
ഞാന്‍ ഓര്‍ത്തു ഇതൊക്കെ കഴിക്കാന്‍ വേണ്ടിയാണോ തിരുവാതിരയെ 
കാത്തിരിക്കുന്നെ ???????
എന്‍റെ  ഉത്തരം "ഞാന്‍ അതിനല്ല" എന്ന് മാത്രമായിരുന്നു.
അതെനിക്കൊരു സമര്‍പ്പണം ആണ്.
എന്‍റെ  സ്നേഹത്തിനു ഞാന്‍ നല്‍കുന്ന ബഹുമാനം.

ദിവസങ്ങള്‍ എത്ര വേഗാണ് കടന്നു പോകുന്നത്!!!!!!
വിഷൂം,ഓണോം ,കഴിഞ്ഞു ദാ  ക്രിസ്മസും,തിരുവാതിരേം ഒക്കെ ആയെക്കുന്നു.
അടുത്ത മാസം ഒടുവ് കല്യാണിക്കാവ് പൂരോം.
മണ്ഡല കാലം മുതല്‍ ചുറ്റുവിളക്കും തുടങ്ങും.
അച്ചൂന് ശംഖ്,ചെണ്ട,വെടി ഇത് മൂന്നും പേടിയാ.
അതോണ്ട്  ദീപാരാധന കണ്ട കാലം മറന്നു.

അച്ചൂന് ഇപ്പൊ പുതിയൊരു പണി തുടങ്ങിയിട്ടുണ്ട്.

ഉമ്മറത്തോ പിന്നിലത്തെ ഇറയത്തോ ഇരിക്കുവാണെങ്കില്‍ അപ്പൊ 
മിറ്റത്തെയ്ക്ക് കല്ലുകള്‍ ചുമ്മാ എറിയുക .

ഇത് കണ്ടിട്ട് അമ്മേം,ഏടത്തീം പറയും അവള്‍ കഴിഞ്ഞ ജന്മം ഹജ്ജിനു 
പോയപ്പോള്‍ മിനായില്‍ പിശാചിന് നേരെ കല്ലെറിയല്‍ കര്‍മം നടത്താന്‍ പറ്റി
 കാണില്ല എന്ന്.
ഇന്നലെ വൈകുന്നേരം അവള്‍ എന്നോട് പറയുവാ ഉമേ കുറച്ച് കല്ലെടുത്ത്‌ താ 
എനിക്ക് മിനായില്‍ കല്ലെറിയാനാ എന്ന്.

എനിക്ക് ചിരി വന്നു.
ഒപ്പം അതിശയോം.

ഈ പെണ്ണ് ഇതൊക്കെ ഓര്‍ത്തു വെയ്ക്കുന്നുണ്ടല്ലോ എന്ന് കണ്ടിട്ട്.

രാവിലെയാക്കി ഇപ്പൊ അമ്പലത്തില്‍ പോക്ക്.
നല്ല മഞ്ഞാണ് ആ സമയത്ത്.
രാത്രിയും അതെ കൂട്ടിനു നല്ല നിലാവുംണ്ട്.
ഈയിടെ ആയി ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയം കാണാറുണ്ട്.
(ചന്ദ്രനും ചന്ദ്രികേം!!!!) 
ഇന്നലെ നല്ലോംണ്ടായിരുന്നു.
ഇന്ന് അത്രേം ഇല്ല .
അത് മുന്‍പുംണ്ടായിരുന്നോന്നറിയില്ല ,ഞാനിപ്പഴാ ശ്രദ്ധിച്ചേ!!!!!
ഇപ്പൊ എന്നും രാത്രി കൊറേ നേരം മുറ്റത്ത്  നില്‍ക്കും ആകാശോം നോക്കിക്കൊണ്ട്.
അതൊരു സുഖാണ്.
ഒരുപാട് നക്ഷത്രങ്ങള്‍,നിലാവില്‍ കുളിച്ച തെങ്ങുകള്‍,കവുങ്ങുകള്‍,മൂവാണ്ടന്‍ മാവ്,വടക്കോറത്തെ പാടം ഒക്കേം കണ്ണിനു തണുപ്പ് നല്‍കുന്ന കാഴ്ചകള്‍.
വീടിന്‍റെ  പടിവരെ നടക്കാന്‍ തോന്നാറുണ്ട് ഈ രാത്രികളില്‍.
ഒറ്റയ്ക്ക്(അല്ലെങ്കില്‍ നിനക്കൊപ്പം മാത്രം!!!!) നടക്കാന്‍ നല്ല രസമാണ്.
ഓര്‍മ്മകളെല്ലാം ഒരുമിച്ച് ഇങ്ങനെ വന്നു നില്‍ക്കും മുന്നിലേക്ക്.
അവിടെ എന്‍റെ ഇല്ലത്തെ മുറ്റത്ത് അങ്ങനെ കൊറേ നടന്നിരുന്നു പണ്ട്.
എന്തായിരുന്നു  അന്നൊക്കെ ഞാന്‍ ഓര്‍ത്തോണ്ട്  നടന്നിരുന്നത് !!!!!
ഇപ്പൊ അതൊന്നും ഓര്‍മ്മയില്ല.
ഒക്കേം ഒരു കാലം.

അന്നൊക്കെ ഞാന്‍ തനിച്ചായിരുന്നു.
ആ കാലത്തൊക്കെ ആഗ്രഹിച്ചിരുന്നു മിണ്ടാനും,കൂട്ട് കൂടാനും ,എന്‍റെ  മൌനം പോലും മനസിലാക്കാന്‍ കഴിയുന്നതും ആയ  ആരേലുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന്.
പക്ഷെ ഇന്ന് നേരെ തിരിച്ചാണ് ചിന്തിക്കുന്നത്.
അത് അഹങ്കാരം കൊണ്ടാണെന്ന് കരുതരുത്.
എന്തോ......അങ്ങനെ  തോന്നുന്നു.
അനു പറഞ്ഞപോലെ എല്ലാ കാലത്തും എല്ലാരും എപ്പോഴത്തെയും പോലെ ആയിരിക്കുക അസാധ്യം.
അപ്പൊ ചിന്തകളിലും മാറ്റങ്ങള്‍ വരും .
(പക്ഷെ ഒന്ന് പറയാം മാറ്റമില്ലാത്തത് ..........
അത് നിന്നോടുള്ള എന്‍റെ സ്നേഹം.
കാലങ്ങള്‍ക്കും അപ്പുറം നിലനില്‍ക്കുന്ന ഒന്ന്.)
ഇപ്പൊ ആരാലും അറിയപ്പെടാതെ ഒരു മൂലേല് വീണ പൂവായിരുന്നാല്‍ മതി.


ഈ വര്‍ഷം ............
ജീവിതത്തിലേക്ക്  നന്മയും,സ്നേഹവും നിറഞ്ഞ ഹൃദയമുള്ള  ഒരുപാട് നല്ല സൌഹൃദങ്ങളെ കൂട്ടി ചേര്‍ത്തു .
ഒപ്പം ഒരു വല്യ നിധിയും കിട്ടി. :)


എല്ലാരും ചോദിക്കുന്നു ബ്ലോഗില്‍ എന്താ പുതിയ പോസ്റ്റ്‌ കാണാത്തെ  എന്ന്.
സത്യം പറഞ്ഞാല്‍ ഞാന്‍ ഈയിടെ ആയി ബ്ലോഗിലേക്ക് വരാറേയില്ല .
ഇപ്പോഴല്ലേ  അറിഞ്ഞേ ഈ ബ്ലോഗ്‌ എന്ന് പറയുന്നത് ഒരു നിസാര കാര്യം അല്ലാന്ന്.
അങ്ങനെ തോന്നീത് എഴുതാനുള്ള ഒരു സ്ഥലല്ല എന്ന് .
ഓരോരുത്തര് എന്ത് ഗൌരവായിട്ടാന്നോ ബ്ലോഗിനെ കാണുന്നെ !!!
ബ്ലോഗിലെ പോസ്റ്റുകളെ എത്ര ഗൌരവമായാണ് വായിക്കുന്നത്,എഴുതുന്നത്.
ഞാനോ.........!!!!!!!!!!
ഒള്ള  പൊട്ടത്തരം മുഴോനും എഴുതി അതിന്‍റെ  വില കളയുന്നു.
അതോണ്ട്  ഈ പരിപാടി നിര്‍ത്തിയാലോ എന്ന് വീണ്ടും ആലോചിച്ചു.
തോന്നിയത് എഴുതാന്‍ സ്വന്തായി ഫേസ് ബുക്ക്‌ ഉണ്ടല്ലോ!!!!(അല്ലെ?)
എനിക്ക് ഒരു വല്യ എഴുത്തുകാരി ആവണം എന്ന മോഹോന്നും ഇല്ല.
മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്ന ഒന്നും തന്നെ എന്‍റെ  പോസ്റ്റില്‍ ഉണ്ടാവില്ല എന്നും അറിയാം.
അപ്പൊ പിന്നെ ഈ പണി നിര്‍ത്തുന്നതല്ലേ ബുദ്ധി?????
ഞാന്‍ എന്നോട് തന്നെ കുറച്ചു നാളായി ചോദിക്കാന്‍ തുടങ്ങുന്നു.

പണ്ടൊക്കെ ദിവസോം എഴുതി നറച്ചോണ്ട് ഇരുന്നതാ.
ഇപ്പൊ അത് നിന്നു.
പഴേ പോലെ തോന്നിയത് പോസ്റ്റാനുള്ള ധൈര്യം ഇല്ല്യ.
കാരണം ആരൊക്കെയോ  വായിക്കുന്നു എന്ന ചിന്ത തന്നെ.
എന്നെ സമാധാനിപ്പിക്കാന്‍,സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നറിയില്ല പോസ്റ്റുകള്‍ നന്നാവുന്നു എന്ന് ചിലരൊക്കെ പറയുകയും ചെയ്യുന്നു.
അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കെന്തോ വല്യേ നാണാണ്,ഒപ്പം പേടിയും.
ഒരു സ്വാതന്ത്ര്യം നഷ്ടപ്പെട്ട പോലെ.
അതുകൊണ്ട് ആരോടും അങ്ങോട്ട്‌ കേറി പറയാറെയില്ല ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന്.
ഇപ്പൊ,ഇപ്പൊ ബ്ലോഗര്‍ ആണോന്നു ചോദിച്ചാലും ഞാന്‍ അല്ലെന്നെ പറയൂ.
പണ്ട് ഞാന്‍ icici ല്‍   ഇന്‍ഷൂറന്‍സ്  ഏജെന്റ്  ആയിരുന്നപ്പോഴും അങ്ങനെ ആയിരുന്നു.
ആരേലും ഇങ്ങട് ചോദിച്ചാല്‍ മാത്രേ പോളിസി കാര്യം പറയുമായിരുന്നുള്ളൂ.
അതോണ്ടെന്തായി ആരും പറയില്ല ഉമ കാരണം പോളിസി എടുത്ത് ഒരു വഴി ആയി എന്ന്.
അതൊരു വല്യേ സമാധാനാണ്.

ഇടയ്ക്ക് രണ്ടു മൂന്നു ദിവസം നല്ല മഴക്കാറ് ഉണ്ടായിരുന്നു.
അത് കണ്ടപ്പോ ഇവിടെ അമ്മേം ഏടത്തീം തുടങ്ങി മഴേടെ അമ്മെ ചീത്ത പറയാന്‍.
മാവ് പൂത്തതൊക്കെ പോവാന്‍ വേണ്ടിയാവും എന്നും പറഞ്ഞ് അമ്മേം ഏടത്തിയും ആ കാറിനെ ഓടിച്ചു വിട്ടു.
അത് പോയോട്ത്ത്ന്ന്  ഒക്കേം ഇതന്നെ കേട്ട് കാണും,പാവം.
ഇനി ആ മഴക്കാറ് ഒന്ന് വരണേല്‍ എത്ര കാലം കാത്തിരിക്കണാവോ !!!!!!!!!!!
അതിനെന്നും കുറ്റാ ....വന്നാലും വന്നില്ലെങ്കിലും!!!!!!!

അമ്പലത്തിലെ കുളത്തില്‍ ഈയിടെ ആണ് ഇറങ്ങിയത് .
അച്ചു കരഞ്ഞപ്പോള്‍ ഒരു ദിവസം 
അപ്പഴാണ് ഒരു വല്യേ  മത്സ്യത്തെ കണ്ടത്.
അതിന്‍റെ  പേര് കണ്ണന്‍ന്നാത്രേ!!!!!!
ഞാന്‍ ആദ്യായ കണ്ണന്‍ന്നൊക്കെ ഒരു മത്സ്യത്തിന് പേര് കേള്‍ക്കുന്നേ !!!
(ഇപ്പൊ ദേ  ബ്ലോഗര്‍ കണ്ണനെ ഓര്‍ത്തു. :) )
ന്നാ ഇത് കഴിക്കുന്നോരെ സമ്മതിക്കണംട്ടോ.
അതിന്‍റെ  ആ മണോം സഹിച്ച് കഴിക്കുന്നേല്.
അടുത്തൂടെ പോവാനെ വയ്യ.
അപ്പൊ എങ്ങനെ കഴിക്കാന്‍ സാധിക്കുന്നു!!!!!
ഇനി പോവുമ്പോ ഒരു മീനൂട്ട് വഴിപാട് നടത്തണം.
കുറെ കാലായി .

നാളെ വീണ്ടും കോഴിക്കോട്ടേക്ക് ..............
വെട്ടം വീഴും മുന്‍പേ പോവും.
വെയിലുദിക്കുന്നേനു മുന്നേ തിരിച്ചെത്തും .
എങ്കിലും എനിക്കിഷ്ടമാണ് ആ യാത്ര.
അടിക്കടിയുള്ള കോഴിക്കോട് യാത്രകള്‍  എന്നെ കോഴിക്കോടിന്‍റെ പ്രണയിനിയാക്കി.
അതിന്‍റെ  കൂടെ കരീമിക്കാനേം ഫൈസീനെം അവരുടെ ഉസ്താദ്‌ ഹോട്ടലും കണ്ടപ്പോ കോഴിക്കോടിനോട് കട്ട പ്രേമായി.
ഈയിടെ ഫേസ് ബുക്കില്‍ ജിത്തു ഇട്ട കോഴിക്കോട് ബീച്ചിന്‍റെ ഒരു ഫോട്ടോ കണ്ടപ്പോ പിന്നേം ഒട്ടി.

അതേയ് ഇതിനിടേല് നിന്നോട് പറയാനുള്ള കാര്യം പറയാന്‍ മറന്നു .
അടുത്ത അവധിക്കാലം ആഘോഷിക്കാന്‍ നീ ഒരു മഞ്ഞു കാലത്തില്‍ വന്നാല്‍ മതീട്ടോ.
അന്ന് നമുക്ക് പോണം.
മഞ്ഞു മൂടിയ കാട്ടു വഴികള്‍ കാണാന്‍................
മഞ്ഞിറങ്ങിയ പച്ച നിറഞ്ഞ താഴ്വര കാണാന്‍..............
മഞ്ഞില്‍ കുളിഞ്ഞ പുഴയില്‍ മുങ്ങാന്‍..............
മഞ്ഞുടുത്ത പൂക്കള്‍ക്ക് നടുവില്‍ രണ്ടു തുമ്പികളായി പറന്നുയരാന്‍..........
മഞ്ഞു നീങ്ങുന്ന കാഴ്ച കാണാന്‍ പാട വരമ്പില്‍ പോയിരിക്കാന്‍ ...............
ഈ മഞ്ഞു കാലത്ത് തോന്നിയ കുറെ മഞ്ഞുമോഹങ്ങള്‍.

പക്ഷെ ഞാന്‍ മഴയാണെന്നല്ലേ നീ പറയുന്നത്????????
എനിക്ക് നീയാണ് മഴ.
എന്നില്‍ നിറഞ്ഞു  പെയ്യുന്ന സ്നേഹമഴ.
ഒരു പൂവാകാന്‍ ചിലപ്പോള്‍ ഒക്കെ ഞാന്‍ മോഹിക്കും.
നീ തൊടുമ്പോള്‍ മാത്രം വിരിയുന്ന,
നീ ഉമ്മ വെക്കുമ്പോള്‍ മാത്രം സുഗന്ധം പരത്തുന്ന  ഒരു പൂവ്.
ഒരിക്കല്‍ പറഞ്ഞത് പോലെ
നിനക്ക് നിവേദിക്കാന്‍ വേണ്ടി മാത്രമുണ്ടായ  ഒരു കുഞ്ഞു പൂവ്.

പണ്ടൊക്കെ ക്രിസ്മസ് ആയാല്‍,ന്യൂയര്‍ ആയാല്‍ എത്ര ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ ആയിരുന്നു വാങ്ങുമായിരുന്നെ !!!!!
കാര്‍ഡ്‌ ഷോപ്പില്‍ കേറിയാല്‍ ശക്തന്‍ മാര്‍ക്കെറ്റിലെ പച്ചക്കറി കടകളുടെ മുന്നിലെത്തി അന്തം വിട്ടു നില്‍ക്കാറുള്ള പോലെ ആയിരുന്നു നിന്നിരുന്നത് .
നല്ല ഫ്രഷ്‌ ചീരയെ(എന്ടോസള്‍ഫാന്‍ അടിച്ചതാണെങ്കിലും)കാണുന്ന സന്തോഷായിരുന്നു  ഓരോ കാര്‍ഡും  എടുത്തു നോക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്നത്
കൂട്ടത്തില്‍ ഏറ്റവും സുന്ദരമായ വാക്കുകള്‍ ചേര്‍ത്ത കാര്‍ഡ്‌ തപ്പിയെടുക്കും പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍.
ഒരുപാട് ആര്‍ഭാടമുള്ള കാര്‍ഡുകള്‍ എനിക്കിഷ്ടമേ ആയിരുന്നില്ല.
ഞാന്‍ വാങ്ങിയിരുന്ന കാര്‍ഡുകള്‍ ഏറ്റവും ലളിതമായിരുന്നു.
എന്‍റെ  കാര്‍ഡ്‌ സെലെക്ഷന്‍ നല്ലതാന്നു എല്ലാവരും പറഞ്ഞിരുന്നു.
(അല്ലേലും നീ പറഞ്ഞപോലെ എന്‍റെ  ഏതു  സെലെക്ഷനാ മോശം!!!!
ഒക്കേം ഒന്നാം തരം  അല്ലെ????
അതിന്‍റെ  ഏറ്റവും നല്ല ഉദാഹരണമല്ലേ നീ!!!!!!!!!!!)
ഇപ്പൊ ഒരു കാര്‍ഡ്‌ കണ്ടിട്ടും വാങ്ങിയിട്ടും അയച്ചിട്ടും എന്‍റെ പേരില്‍ വന്നിട്ടും ഒക്കെ എത്ര കാലായി!!!!!!!!!!!!!
ഈ ക്രിസ്മസ് കണ്ടപ്പോള്‍ ഒരു മോഹം ഒരു കാര്‍ഡ്‌ വാങ്ങാന്‍.
നിനക്കയക്കാന്‍.
അതിനുള്ളില്‍ നിന്നോടുള്ള സ്നേഹം എഴുതി അറിയിക്കാം.
ഹൃദയം നിറഞ്ഞ ആശംസകളും.

എന്‍റെ  വഴിയിലെ സന്ദര്‍ശകരെ ...........
എല്ലാവര്‍ക്കും  എന്‍റെ  ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ക്രിസ്മസ്, നവവത്സര ആശംസകള്‍ !!!!!!


അവിടെ തലസ്ഥാനത്ത് ഇപ്പോഴും ഉറക്കമില്ലാതെ ഒരുപാട് പേര്‍ ഒരു നന്മയ്ക്കായി.............
നന്മ വറ്റാത്ത മനസുകള്‍ ഏറെയുണ്ട് ഈ ലോകത്തില്‍.
അവര്‍ക്കൊപ്പം ഞാനും എന്‍റെ പ്രാര്‍ത്ഥനയും..............

Thursday, November 29, 2012

കാലം തെറ്റി പെയ്ത ഒരു മഴ.



നനയാന്‍ കൊതിച്ചപ്പോള്‍ പെയ്ത മഴകളൊക്കെ

സൌഹൃദങ്ങളുടെതായിരുന്നു.

എന്നില്‍ എന്നും നിറഞ്ഞു പെയ്തിരുന്നത് പ്രണയത്തിന്റെയും.

കണ്ണീരൊളിപ്പിക്കാന്‍ വേണ്ടി കാത്തിരുന്നപ്പോള്‍ ,എന്നെ പോലും

അറിയിക്കാതെ അവയെ ഒളിപ്പിച്ച മഴയ്ക്ക്‌ അമ്മേടെ മണായിരുന്നു.

അങ്ങനെ എന്‍റെ മഴയ്ക്ക്‌ അവകാശികള്‍ ഏറെ.


നിറങ്ങള്‍ നഷ്ടപ്പെട്ട ഒരു കാന്‍വാസ് പോലെ ആയിരുന്നു ജീവിതം.

സ്വപ്നങ്ങളില്‍ കണ്ടിരുന്നത് ഒരു തുരുത്തില്‍ ഒറ്റയ്ക്കായി പോയ ,

മറ്റൊരു ദ്വീപായി മാറിയ എന്നെയും.

പച്ച നഷ്ടപ്പെട്ട കാടിന്‍റെ,

കത്തിയമര്‍ന്ന പച്ച മരങ്ങളുടെ,ഇലകളുടെ മണത്തെ ആയിരുന്നു ഞാനെന്നും

ശ്വസിച്ചിരുന്നത്.

കണ്ണുകള്‍ അടച്ച് ഞാന്‍ എന്നെ തന്നെ നോക്കുമ്പോള്‍ കണ്ടിരുന്നത് ഒരു മഴ

പോലും തൊടാത്ത,വരണ്ടു വിണ്ടു കീറിയ ഭൂമിയെ ആയിരുന്നു.

എനിക്ക് കിട്ടിയതെല്ലാം സ്നേഹത്തിന്‍റെ പടുവിത്തുകള്‍ ആയിരുന്നു.

എങ്കിലും എന്‍റെ കണ്ണീരെന്ന വെള്ളം തേവി ഞാന്‍ അവയെ മുളപ്പിച്ചു .

എന്‍റെ കിനാവുകളുടെ പാടം പൂക്കാന്‍ ഈ പടുമുളകള്‍ മതിയെന്ന് ഞാന്‍

വെറുതെ വിശ്വസിച്ചു.

ഇടനെഞ്ചിലെന്നും കേട്ടിരുന്ന ഒരു അരിപ്രാവിന്റെ കുറുകല്‍

പിന്നീടെപ്പോഴോ കേള്‍ക്കാതായി.

അറിയാന്‍ ഏറെ വൈകി  ചിറകറ്റു വീണെന്ന്.

പിടഞ്ഞു മരിച്ചെന്ന് .

പാടാന്‍ കൊതിച്ചപ്പോഴോന്നും ശബ്ദം പുറത്തേക്കു വന്നതേയില്ല.

മനസ്സില്‍ ഒരു വീണയുണ്ടായിരുന്നു .

സ്നേഹ രാഗങ്ങളെ മാത്രം ശ്രുതി ചേര്‍ക്കുന്ന ഒരു വീണ.

പിന്നീടെപ്പോഴോ അതും നഷ്ടമായി.


എന്നില്‍ നിറഞ്ഞിരുന്ന നിരാശയുടെ കാണാകയങ്ങളില്‍  പെട്ടുഴറിയ എന്‍റെ

മനസ്സില്‍,

അപകര്‍ഷതയുടെ വലിയ ചുഴികളില്‍ പെട്ട് പോയ എന്നിലെ എന്നില്‍ ഒരു

മഴ പെയ്തു.

കാലം തെറ്റി പെയ്ത ഒരു മഴ.

എന്‍റെ  ജീവിതത്തെ തന്ന,

എന്നില്‍ ഇനിയും വറ്റാത്ത നന്മയും,സ്നേഹവും ഉണ്ടെന്നെന്നെ അറിയിച്ച

ഒരു മഴ.

അതെ,ഇന്ന് എന്നില്‍ പെയ്യുന്ന ഓരോ മഴയ്ക്കും അവകാശികള്‍ ഉണ്ട്.


ഓരോ മഴയിലും ഞാന്‍ അറിയുന്നുണ്ട് നിന്‍റെ പ്രണയത്തിന്‍റെ പാരമ്യതയെ .


ഒരിക്കല്‍ നിഷേധിക്കപ്പെട്ട മാതൃത്വത്തെ .


സൌഹൃദങ്ങളുടെ നിഷ്കളങ്കതയെ.