Saturday, April 7, 2012

യ്യോ.............പോസ്റ്റിനു നീളം കൂടിപ്പോയി.

പൂക്കള്‍ നല്‍കിയ സന്തോഷം,പുഞ്ചിരി.
(ഇതാണ് ശരിക്കും തലക്കെട്ട്‌.)

ഇന്നലത്തെ സന്ധ്യ വളരെ
സുന്ദരമായിരുന്നു.
മിനിഞ്ഞാന്നത്തെ നിലാവിനോട് ഞാന്‍ പങ്കുവെച്ചത് എന്റെ കണ്ണീരായിരുന്നു.
പക്ഷെ ഇന്നലെ ഞാന്‍ കൊടുത്തത് ഒരു ചിരിയായിരുന്നു.
ഇന്നലത്തെ നിലാവിന് ഭംഗി കൂടി.
ഇപ്പോഴിപ്പോള്‍ എന്റെ ദിവസങ്ങള്‍ എനിക്ക് പ്രിയമാവുന്നത് യാത്രകളിലൂടെയാണ്.
ഇന്നലെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ദക്ഷിണാ മൂര്‍ത്തി അമ്പലത്തിലും,ചമ്പ്രമാണം അമ്പലത്തിലും പോയി.
വളരെയധികം സന്തോഷവും,ഉല്ലാസവും,സമാധാനവും തോന്നി.
രാവിലെ മുതല്‍ എന്റെ കണ്ണുകളും,മനസും നിര്‍ത്താതെ പെയ്യുകയായിരുന്നു.
ഗുരുവായൂരപ്പനും സങ്കടായി കാണും ഞാനിങ്ങനെ കരയുന്നത് കണ്ടപ്പോള്‍.
അതാ ഇന്നലെ ഒരു കുഞ്ഞു യാത്രയ്ക്കുള്ള അവസരം എനിക്ക് തന്നത്.
കൂടെ ഇച്ചിരി സന്തോഷോം.

ഒരു വേനല്‍ മഴയ്ക്കായി കാത്തിരിക്കുകയായിരുന്നു.
എന്റെ മുറ്റത്ത്‌ വിരിഞ്ഞു എന്നെ ചിരിപ്പിക്കാനായി.
ശവം നാറി പൂവെന്നോ,കാട്ടുള്ളി പൂവെന്നോ അങ്ങനെ എന്തോ ഒരു പേരിലുള്ള ഈ പൂവ് എനിക്കൊരുപാട് പ്രിയമാണ്.

പണ്ട് എന്റെ കൌമാരങ്ങളില്‍ അവധി ദിവസങ്ങളില്‍ എന്റെ സ്വപ്‌നങ്ങള്‍ പങ്കു വെക്കുമായിരുന്നു എന്റെയീ ചങ്ങാതിയോട്‌.
അതൊക്കെ പക്ഷെ തിരിച്ചറിയുന്നത്‌ ഇപ്പോഴാണ്.
ഒറ്റയ്ക്കാവുമ്പോള്‍ ഉറക്കെ വര്‍ത്തമാനം പറയുന്ന ശീലം എപ്പോഴോ ഒരിക്കല്‍ എന്റെ സ്വഭാവത്തില്‍ കേറിക്കൂടി.
(അതൊക്കെ ഒരിക്കല്‍ എനിക്ക് നഷ്ടപ്പെട്ടിരുന്നു.
ഇപ്പൊ വീണ്ടും എന്നെ തേടി എന്റെ പല നഷ്ടപ്പെട്ട ഇഷ്ടങ്ങളും വന്നു തുടങ്ങി.)
അപ്പൊ ചുറ്റും ഉള്ളതിനോടൊക്കെ കിന്നാരം പറയും.
ഒരു രസം.
കാറ്റിലാടുന്ന ഇലകളും,മരങ്ങളും,മാങ്ങാ കുലകളും ഒക്കെ എന്റെ കൂട്ടുകാര്‍ ആയിരുന്നു.
വല്ലാതെ ഇഷ്ടം കൂടുമ്പോള്‍ അതിനെയൊക്കെ മേല്‍ അമര്‍ത്തി ഉമ്മ വെക്കും.
ഒരിക്കല്‍ അത് കണ്ടിട്ട് അച്ഛമ്മ കുറെ കളിയാക്കി.
അതില്‍ പിന്നെ ആരും കാണാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കും.
അതൊക്കെ എന്റെ സ്വന്തം സ്വകാര്യങ്ങള്‍ അല്ലെ.

ഇപ്പൊ വിരലുകളില്‍ അച്ഛമ്മയെന്ന വാക്ക് അറിയാതെ വന്നതാണ്.
ഇന്നലെ കണ്ടെയുള്ളൂ സ്വപ്നത്തില്‍.
അത് മറന്നിരിക്കുകയായിരുന്നു.
"നീ പോസ്റ്റില്‍ എന്നെ കുറിച്ചും കൂടി എഴുതൂ എന്നോര്‍മ്മിപ്പിക്കാന്‍ " ആണോ ആ പേര് എന്റെ വിരലുകളിലേക്കു വന്നത്?
എന്തെഴുതാനാ അച്ഛമ്മേ.............??????
ചിലതൊക്കെ വാക്കുകള്‍ക്കും മടിയാണ് മനസിലാക്കി തരാന്‍.
അങ്ങനെ ഒന്നാ എനിക്ക് അച്ഛമ്മയോടുള്ള സ്നേഹം.
എത്ര പറഞ്ഞാലും,മതിയാവാത്ത,തീരാത്ത ഒരു സ്നേഹം.
ഇത്ര മനോഹരമായ ഒന്നാണ് വാത്സല്യം എന്ന് ഞാന്‍ അറിഞ്ഞത് അച്ഛമ്മയില്‍ കൂടെയാ.

ഇത്രേം പാവം പിടിച്ച ആളുകള്‍ ലോകത്തിലുണ്ടെന്നു ഞാന്‍ മനസിലാക്കിയത് അച്ഛമ്മയെ അറിയാന്‍ തുടങ്ങിയപ്പോഴാ.
സ്ത്രീകള്‍ക്ക് ഏറ്റവും നല്ല ആഭരണം നൈര്‍മല്യവും,നിഷ്കളങ്കവുമായ മനസ്സാണെന്ന് എനിക്ക് മനസിലാക്കിച്ചു തന്നത് അച്ഛമ്മയാ.
വയസ്സായ ആളുകളെ സ്നേഹിക്കാനും,സഹായിക്കാനും,ബഹുമാനിക്കാനുമൊക്കെ തുടങ്ങിയത് അച്ഛമ്മ കാരണമാണ്.
വേളി കഴിഞ്ഞാലും അവിടെ ചെല്ലുമ്പോള്‍ അച്ഛമ്മ എനിക്ക് ചോറ് വായില്‍ തരും.
അച്ഛമ്മ പുളീം മുളകും ഉള്ളീം കൂടി തിരുമ്പി ചോറില്‍ കൂട്ടി തരുന്ന സ്വാദ് അതെനിക്ക് തീരാ നഷ്ടമാണ്.

നമ്മുടെ ദേശാടനത്തിലെ മുത്തശ്ശനെ എനിക്കൊരുപാടിഷ്ടമാണ്.

അതുപോലെ കാഴ്ചയിലെ.
പിന്നെ ഇപ്പൊ അച്ചൂന്റെ വൈദ്യര് മുത്തശ്ശനേം .
ഇവിടെ അടുത്ത അമ്മയൊക്കെ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന ഒരു മുത്തശ്ശി ഉണ്ട്.
മാതു മുത്തശ്ശി.
ഞാനും അച്ചൂം അങ്ങനെയ വിളിക്യാ.
ബാക്കി ഉള്ളോരൊക്കെ പേരാ.
പിന്നെ ഒരു കുഞ്ഞിമാളു അമ്മയുണ്ട്.
തിരുവാതിരക്കളിയുടെ ഉസ്താദ് ആണ്.
നാട്ടിലുള്ള പെണ്കൊടിമാരെയൊക്കെ പഠിപ്പിച്ചിട്ടുണ്ട് അവര്.
ഇപ്പോഴും അതിസുന്ദരിയാണ്.
കണ്ടാല്‍ നോക്കി നിന്ന് പോവുന്ന സൌന്ദര്യം.


പറഞ്ഞു വന്നത് ഇതൊന്നുമല്ല.
ആ പൂവ് ആ വെളുത്ത പൂവ് അതിനെ ഞാന്‍ കണ്ടത് മിനിഞ്ഞാന്നാണ്‌.
കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി.
മിക്കവാറും ആരും കാണാതെ ഒളിച്ചു നിന്നെ ഇവള് വിരിഞ്ഞു നില്‍ക്കൂ എന്ന് തോന്നുന്നു.
അവിടേം അങ്ങനെ തന്നെ ആയിരുന്നു.

വൈകുന്നേരം പെട്ടെന്ന് തീരുമാനിച്ചതാണ് ശുകപുരത്തേക്ക് പോവാന്‍.
അമ്പലം എന്ന് കേട്ടാല്‍ അച്ചൂം,അമ്മേം ചാടി വീഴും.
പിന്നെ പുറപ്പെടലൊക്കെ എളുപ്പം കഴിയും.
അങ്ങനെ അങ്ങോട്ടും പോയി.
ആദ്യം ദക്ഷിണാമൂര്‍ത്തിയെ കാണാന്‍ പോയി.

പാറിപ്പറന്നു കിടക്കുന്ന വെള്ളി മേഘങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു കീഴെ തലയുയാര്‍ത്തി നില്‍ക്കുന്ന ദക്ഷിണാ മൂര്‍ത്തി അമ്പലം.
പേപ്പറില്‍ ഒക്കെ വാര്‍ത്ത ഉണ്ടായിരുന്നു,അവിടെ രുദ്രാക്ഷം പൂത്തു എന്നതിന്റെ.
കേരളത്തിലെ ഏക ക്ഷേത്രം ദക്ഷിണാമൂര്‍ത്തി പ്രധാന പ്രതിഷ്ഠ ആയിട്ടുള്ള.
വലിയ അമ്പലം ആണ്.
ഇപ്പൊ കുറച്ചൂടെ പണി നടന്നിട്ടുണ്ട്.
സതീ വിയോഗത്തില്‍ ആ ദുഃഖത്തില്‍,കോപത്തില്‍ ഇരിക്കുന്ന ശിവന്‍.
ദുഃഖമാണ് കൂടുതലും.
അതുകൊണ്ട് അവിടെ ആഘോഷങ്ങള്‍ ഒന്നുമില്ല.
എപ്പോഴും നിശബ്ദത മാത്രം.
ഒരുപാട് സ്ഥലമുണ്ട് ക്ഷേത്രം വക.
ഒരുപാട് മരങ്ങളും.
കുളത്തിനരികില്‍ കണിക്കൊന്ന അടിമുടി പൂത്തു നിന്നിരുന്നു.
പൂവ് വാടി കൊഴിയാനും.
പുറമേ താഴേക്കു ഇറങ്ങി മറ്റൊരു ശിവ പ്രതിഷ്ഠ കൂടിയുണ്ട്.
ഒരു കീഴ്കാവ് പോലെ.
അതിനടുത് സര്‍പ്പഗന്ധിയുടെ വലിയൊരു മരമുണ്ട്.
സര്‍പ്പഗന്ധിയുടെ മറ്റൊരു പേരല്ലേ നാഗലിംഗം?
അതിനു ചുറ്റും പൂക്കള്‍ മെത്ത വിരിച്ച പോലെ പടര്‍ന്നു കിടന്നിരുന്നു.
പാലപ്പൂവ് പോലെ ഒരു പ്രത്യേക മണമാണ് അതിനും.
ഒരു ഫാന്റസി കലര്‍ന്ന മണം.
അതിലേക്കു കൌതുകത്തോടെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരാള്‍ പറഞ്ഞു അത് തൊടാനൊന്നും പാടില്ല എന്ന്.
സാധാരണ അങ്ങനെയൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അത് അനുസരിയ്ക്കാരുണ്ട്.
പക്ഷെ ഈ തവണ കേട്ടില്ല.
അതീന്നു പെറുക്കിയെടുക്കുക തന്നെ ചെയ്തു.
വാസനിച്ചു നോക്കി.

പുറമെയുള്ള ഇതളുകള്‍ ഒക്കെ കൊഴിഞ്ഞിരുന്നു.
(ഞാനെടുത്ത അതിന്റെ ചിത്രമാണ് ട്ടോ ഈ പോസ്റ്റില്‍ ഉള്ളത്.
അല്ലെങ്കിലും ഈ ബ്ലോഗിലെ പോസ്റ്റുകളിലെ ചിത്രങ്ങള്‍ ഒക്കെ എന്റെ വക തന്നെ.)
അചൂനെ തൊടീച്ചില്ല.
എന്തേലും വരികയാണെങ്കില്‍ അത് അമ്മയ്ക്ക് മതി,അച്ചൂന് വേണ്ട.
ഇന്ന് (എല്ലാ ചിത്തിര നാളിനും )അവിടെ പ്രസാദ ഊട്ടുണ്ട്.
പൂത്ത രുദ്രാക്ഷ ചെടി ചെറുതാണ്.
അവിടെ മലമാക്കാവില്‍ കണ്ടപോലത്യേ അല്ല.

വീതി കുറഞ്ഞ നീണ്ട ഇലകള്‍ ആണ് ഇതിന്റെ.
അതിന്റെ മുകളില്‍ എവിടെയോ ഒന്നോ രണ്ടോ കായുണ്ട് എന്ന് അവിടെ നന്ന ഒരാള്‍ പറഞ്ഞു.
കണ്ടില്ല.
അവിടന്ന് ചമ്പ്രമാണത്തേക്ക് പോയി.
പോവുന്ന വഴി ഒരു വീടിനു മുന്നില്‍ ചന്ദന മരം നിക്കണ കണ്ടു.
അതില്‍ നിറയെ പൂവുണ്ടായിരുന്നു.

ഞാന്‍ ആദ്യമായാണ്‌ പൂത്ത ചന്ദന മരം കാണുന്നത്.
(അതിന്റെ ഇതിലെ ഫോട്ടോ ഞാന്‍ എടുത്തതല്ല.ഗൂഗിള്‍ തന്നതാണ്.)
അത് കണ്ടപ്പോ ഞാന്‍ ആകെ എക്സൈറ്റട് ആയി.
ചമ്പ്രമാണം അമ്പലം ജയേട്ടന്‍
പൂജ കഴിക്കുന്നതാണ്.
ആ സ്വാതന്ത്ര്യം അവിടെയുണ്ട്.
അച്ചുവിന്റെ അച്ഛന്‍ ആണ് അവിടെ ശാന്തിപ്പണി തുടങ്ങി വെച്ചത്.
പിന്നെ അത് ജയേട്ടന്‍ ഏറ്റെടുത്തു.

ആദ്യമൊക്കെ അവിടെ വീടും മറ്റും കുറവായിരുന്നു.
ഒരു കാട് പോലെ ആയിരുന്നു ചുറ്റും എന്നൊക്കെ പറഞ്ഞു.
ഇപ്പൊ അത് കണ്ടാല്‍ വിശ്വസിക്കുകയെ ഇല്ല,അത്ര കണ്ട് മാറിപ്പോയി അവിടം.
അത് ശിവന്‍ ആണ്.

പടിഞ്ഞാട്ടു പ്രതിഷ്ഠയുള്ള ശിവന് കൂടുംന്നാണ് വിശ്വാസം.
ഈ പുള്ളി അപ്പൊ ശക്തിമാന്‍ ആണ്.
അവിടെ മംഗല്യ പൂജ കഴിക്കുന്നത്‌ ഗണപതിയ്ക്കാണ് .
മൂന്നു മാസത്തിനുള്ളില്‍ മംഗല്യം നടക്കുംന്നാണ് വിശ്വാസം.

ജയേട്ടന്‍ പറഞ്ഞ അറിവാണ്.അങ്ങനെ കുറെ നടന്നിട്ടും ഉണ്ടത്രേ.
അവിടന്ന് പുല്ലാനിപ്പൂവ് കിട്ടി.
ഉണങ്ങിയതും,ഉണങ്ങാത്തതും.
ദ ദാണിത്,ഈ ചിത്രങ്ങളിലെ.
കുറെ കാലായി ഈ പുല്ലാനി പൂക്കളെ ഒന്ന് അടുത്ത് കാണണംന്നു നിരീച്ചിട്ട്.

ഇന്നലെ അത് നടന്നു.
നമ്മള്‍ വിചാരിക്കുന്നതെല്ലാം നടന്നാല്‍ നമുക്കെന്തു സന്തോഷാവുംലെ???
ഇന്നലെ ഞാന്‍ അങ്ങനെ ആയിരുന്നു.????????

ഇപ്പോഴിപ്പോള്‍ മുറ്റത്തും,തോട്ടത്തിലും ഓലേഞ്ഞാലികളുടെ ബഹളമാണ്.
ഒപ്പം കൂടാന്‍ വണ്ണാത്തിക്കിളികളും.
വീടിനു ചുറ്റുമുള്ള അന്തരീക്ഷം എപ്പോഴും കിളികളുടെ ശബ്ദം കൊണ്ട് മുഖരിതമാണ്.
ഇന്ന് സന്ധ്യക്ക്‌ മറ്റൊരു അതിശയണ്ടായി.
ഒരു പെണ്മയില്‍ വന്നു.
അചൂനേം,അമ്മേം കാണാന്‍.
ഈ മയിലിന്റെ മുഖം കഴുത്തു വരെ എന്തൊരു ചന്താണ് !!!!
ആ ഒരു നീലയും,പച്ചയും നിറം.
പറയാന്‍ വയ്യ, ചേതോഹരം.
ആദ്യം വന്നപ്പോ കണ്ട സന്തോഷത്തില്‍ ഒച്ചേം വിളീം കൂട്ടി.അപ്പൊ അത് പോയി.
പിന്നെ കുറച്ചു കഴിഞ്ഞു ആദ്യേ പമ്മി പമ്മി വന്നു.
മഴക്കാറുണ്ടായിരുന്നെങ്കില്‍ ഈ മയിലാട്ടം ഒന്ന് കാണായിരുന്നു.
പീലിയില്ലെങ്കിലും ചന്തണ്ടാവുംലെ?
ഈ ഓലേഞ്ഞാലികള്ടെ തല്ലുകൂട്ടം കാരണം പെട്ടെന്ന് തന്നെ പോയി.
അടുത്തുള്ള കാട്ടില്‍ന്നാണ്.
ആ കാടൊക്കെ മനുഷ്യര് കയ്യേറി അപ്പൊ കാട്ടിലെ താമസക്കാര്‍ ഇങ്ങോട്ടും എത്തി.
ഇവിടെ അടുത്തുള്ള കുന്നൊക്കെ കാണണം.
കഷ്ടം തോന്നും മണ്ണ് മാന്തി മാന്തി ഒരു വിധായി.
ആ വശത്തെ താമസക്കാര്‍ക്കൊക്കെ അല്ലര്ജീടെ പ്രശ്നോം.

അതൊക്കെ പറയാതിരിക്കുന്നതാ ഭേദം.




























































































































































Wednesday, April 4, 2012

കോഴിക്കോടും,എന്റെ ഇല്ലോം,പിന്നെ പതിവുപോലെ നീയും.

അമ്മ പറഞ്ഞത് ശരിയാണ് ആ പൂവ് കണ്ടാല്‍ ശരിക്കും പുലാന്തിപൂവുപോലെ തന്നെയുണ്ട്.
പൂവെന്നു പറഞ്ഞാല്‍ കഴിഞ്ഞ പോസ്റ്റിലെ പമ്പര പൂവ്.
പൂവാണോ ഇലയാണോ എന്ന് മനസിലാവാതെ നിറച്ചും നില്‍ക്കുന്ന പുലാന്തി വള്ളികള്‍ .................
ഒരു ഗ്രാമീണ കാഴ്ച.
കോഴിക്കോട് പോവുമ്പോള്‍ യൂണിവേഴ്സിറ്റി കഴിഞ്ഞുള്ള (ഇനി ആ സ്ഥലം യൂണിവേഴ്സിറ്റിയുടെ ആണോ എന്നറിയില്ല കേട്ടോ.)കാട് പോലെ നിറച്ചും മരങ്ങള്‍ തിങ്ങിയ ആ പറമ്പില്‍ പുല്ലാനി വള്ളികള്‍ പൂത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ സത്യമായും ആ യാത്ര എനിക്കൊരുപാടിഷ്ടമായി.
നിറയെ മരങ്ങള്‍ ഇരുവശത്തും.
ഒരു കുഞ്ഞു മരം കണ്ടു.
അതില്‍ ഇലകളെ ഇല്ല.
നിറയെ കായ്കള്‍ മാത്രം,മഞ്ഞ നിറത്തില്‍ നന്നേ ചെറിയ കായ്കള്‍.
അത് കണ്ടപ്പോള്‍ അവിടെ എന്റെ ഇല്ലത്തെ കുളത്തിലേക്ക്‌ ചാഞ്ഞു നിന്നിരുന്ന സോപ്പിന്‍ കായ് മരമോര്‍ത്തു.
(അവിടെ കുളത്തില്‍ ഈ മരവും,മരോട്ടിക്കായ് മരവും വലുതായി ചാഞ്ഞു നിന്നിരുന്നു.)
അതിനു ഇവിടെ എന്തോ ഒരു പേരുണ്ട് .
അത് ഞാന്‍ മറന്നു.
വിളക്കും മറ്റും തേയ്ക്കാന്‍ നല്ലതാന്നു അച്ഛന്‍ പറഞ്ഞു.
ഇവിടെ തറവാട്ടിലും ഉണ്ട്.
പോയപ്പോ അച്ഛന്‍ പറിച്ചു കൊണ്ട് വന്നിരുന്നു.
വിമ്മും,എക്സോയും മറ്റും ഉള്ളപ്പോള്‍ ആരാ ഈ ചാരവും ഇത്തരം കായ്കള്‍ കൊണ്ടും മറ്റും പാത്രം തേയ്ക്കാന്‍ പോവുന്നെ.
അതൊക്കെ ഒരു കാലം.
പണ്ടൊക്കെ കോഴിക്കോട് പോവുക എന്ന് പറഞ്ഞാല്‍ ദേഷ്യം ആയിരുന്നു.
മിക്കവാറും ബസില്‍ കേറിയാല്‍ തുടങ്ങും ശര്‍ദ്ദിയും മറ്റും.
പൊതുവേ വടക്കോട്ടേക്ക് പോവുന്നത് കുറവാണ്.
അവിടെ അധികം ബന്ധു ജനങ്ങള്‍ ഇല്ലാത്ത കൊണ്ടാകാം.ആകെ നാല് തവണയെ അങ്ങോട്ടേക്ക് പോയിട്ടുള്ളൂ.
അതില്‍ രണ്ടെണ്ണം കുഞ്ഞിലെ ആണ്.
പിന്നെ ഒരിക്കല്‍ വേദവ്യാസാ വിദ്യാലയത്തില്‍ ഒരു കോഴ്സിനു.
പിന്നെ ഇഗ്നോയുടെ ബീ എഡ് എന്ട്രന്‍സ് പരീക്ഷയ്ക്കും.
അപ്പോഴൊന്നും പോവുന്ന വഴിയുടെ ഇരു വശത്തേക്കും നോക്കിയിട്ടേയില്ല.
ബ്ലോഗുകളുടെ ലോകത്തേക്ക് വന്നപ്പോള്‍ പ്രിയപ്പെട്ട പല ബ്ലോഗുകളും ഈ വശത്ത് നിന്നും ഉള്ളതാണെന്ന കാരണം ഈ യാത്രയില്‍ കോഴിക്കോടിനെ കാണാന്‍ പ്രേരിപ്പിച്ചു.
കോട്ടക്കല്‍ എത്തിയപ്പോള്‍ മനസ്സില്‍ , നന്മ നിറഞ്ഞ വാക്കുകള്‍ മാത്രം എഴുതാന്‍ അറിയുന്ന ഒരാളെ ഓര്‍മ്മ വന്നു.
കോട്ടക്കുന്നില്‍ പുഷ്പമേള നടക്കുന്നുണ്ട്.
കാണാനൊരു മോഹം തോന്നി.
നല്ല രസമായിരിക്കും ഒരുപാട് പൂക്കള്‍ക്ക് നടുവില്‍.
സുഗന്ധങ്ങള്‍ക്ക് നടുവില്‍.
നിറങ്ങള്‍ക്ക് നടുവില്‍.
നാടുകാണി ചുരത്തിനു ഇരുവശവും ഉള്ള മുളങ്കാടുകള്‍ കത്തി നശിച്ചുവെന്ന് പേപ്പറില്‍ കണ്ടു.
സങ്കടം വന്നു.
എനിക്കേറെ ഇഷ്ടമാണ് മുളങ്കാട്‌.
മുളകളുടെ ആട്ടവും,കാറ്റിലുള്ള മൂളലും.
അവയുടെ തളിര്‍ ഇലകള്‍ മുള്ള് പോലെ നില്‍ക്കുന്നതില്‍ തൊടാന്‍ ഒരു രസമാണ്.
സൂചി കുത്തുന്ന പോലെയുള്ള വേദന.
ചില വേദനകള്‍ ചിലപ്പോഴൊക്കെ സുഖമാണ്.
ദൈവം അച്ചുവിനെ നല്‍കിയ വേദന.
അവന്‍ നല്‍കിയ പ്രാണന്‍ പിടഞ്ഞു പോയ വേദന.
അങ്ങനെ ചിലതെല്ലാം ....................

പിന്നീട് നഗരത്തിലേക്ക് എത്തിയപ്പോള്‍ വാക്കുകളില്‍ കോഴിക്കോടിന്റെ നന്മയും സൗന്ദര്യവും നല്‍കിയ മറ്റൊരാളെ ഓര്‍ത്തു.
ഒരു പക്ഷെ ആ ബ്ലോഗിലൂടെ ആണ് ഞാന്‍ ഈ നഗരത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതെന്ന് തോന്നുന്നു.
ഒരിക്കല്‍ കഥാനായകന്‍ പറഞ്ഞിട്ടുണ്ട്.
അവിടെ ഏതോ ഒരു നല്ല ഹോട്ടലില്‍ ഏറ്റവും നല്ല സ്ട്രോബെറി ഷെയ്ക്ക് കിട്ടുമെന്നും.
ആ ഹോട്ടല്‍ ഏതാണെന്ന് അവിടെയെത്തിയപ്പോള്‍ ഓര്‍ത്തു.
മാനാഞ്ചിറ സ്കുയര്‍ ഫീറ്റ്‌ കണ്ടപ്പോള്‍ എനിക്കിഷ്ടമായി.
അവിടെ ഒരു സായാഹ്നം ഞാന്‍ ആഗ്രഹിച്ചു.
കോഴിക്കോട് പോയത് കാഴ്ചകള്‍ കാണാനായിരുന്നില്ല.
പക്ഷെ എന്റെയീ യാത്രയില്‍ അതിന്റെ നന്മയെ കണ്ടെത്താന്‍ എനിക്ക് ഒരു പൊടിയ്ക്കു കഴിഞ്ഞു.

അവിടന്ന് നേരെ വെച്ച് പിടിച്ചു ഇങ്ങോട്ട്,എന്റെ ഇല്ലത്തേക്ക്.
വീട്ടിലേക്കുള്ള വഴി ബ്ലോക്കാവുമെന്നതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് പോയത്.
അതിലൂടെ പണ്ട് ഞാന്‍ പ്ലസ് ടൂവില്‍ പഠിക്കുന്ന കാലത്ത് ട്യൂഷന് പോയിരുന്നു.
ആ രണ്ടു കൊല്ലങ്ങള്‍ ഓര്‍മ്മയിലെക്കൊടിയെത്തി.
അവിടെയാണ് ദീപുവിന്റെ വീട്.
ദീപു എനിക്കേറെ പ്രിയമുള്ള കൂട്ടുകാരന്‍.
സുഹൃത്ത് എന്നതിന്റെ എല്ലാ അര്‍ത്ഥങ്ങളും അറിഞ്ഞ അതനുസരിക്കുന്ന ഒരു പുള്ളി.
ഒരു നാട്ടിന്‍ പുറത്തുകാരന്‍.
സത്യന്‍ അന്തിക്കാട് സിനിമകളിലെ ഒരു കഥാപാത്രമായെ തോന്നു.

കുറച്ചു കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ കാണുകയാണ് എന്റെ ഇല്ലത്തെ പൂരം,ഇല്ല അങ്ങനെ പറയാന്‍ പറ്റില്ല,പറ.
ഞാന്‍ ആണ് ഏറ്റവും അവസാനം എത്തിയ ആള്.
വഴിയൊക്കെ കുരുത്തോലയും,അലങ്കാര വെളിച്ചവും ചേര്‍ത്ത് മനോഹരമാക്കിയിരുന്നു.
വാഴപ്പോള കൊണ്ടൊരു കുഞ്ഞു പന്തല്‍ പടിക്കല്‍ ഉണ്ടാക്കിയിരുന്നു.
കൊന്നപ്പൂക്കള്‍ നിറയെ തൂക്കിയിരുന്നു.
ചെരാതുകളും നിറയെ കത്തിച്ചിരുന്നു.
ചെന്നപ്പോ ദീപ്തി നല്ല ദാവണിയൊക്കെ ഉടുത്ത് റെഡി ആയിരിക്കുന്നു.
പിറന്നാളിന്റെ കേക്ക് മുറിക്കാന്‍.
ഉമ ചേച്ചി വന്നിട്ടേ മുറിക്കുള്ളൂന്നും പറഞ്ഞിരിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും സന്തോഷമായി.
എല്ലാരേം കണ്ടു.
വര്‍ത്തമാനം പറഞ്ഞു.
രാത്രി പന്ത്രണ്ടര ആയി ശ്രീരാമന്‍ വന്നപ്പോ.
ഞാന്‍ എപ്പഴും പറയുന്ന പോലെ പുള്ളി ഒരു വല്യേട്ടന്‍ തന്നെ.
മഹാരാജാവ് തന്നെ.
അത്രയും തലയെടുപ്പോട് കൂടിയാണ് ആ വരവ്.
ആര്‍ക്കും ബഹുമാനം തോന്നുന്ന ഒന്ന്.
തീവെട്ടിയും,പരിവാരങ്ങളും,സേവകരും ഒക്കെയായി ഒരു വലിയ ആനയുടെ മുകളില്‍ ഏറി ഏറ്റവും തിളക്കമുള്ള പട്ടു കുട ചൂടിയുള്ള ആ ഇരിപ്പ് വാക്കുകള്‍ക്കും അപ്പുറം ആണ്.
ഇന്നിപ്പോ അവിടെ ആറാട്ട്‌ പുഴ പാടത്ത് നായക സ്ഥാനം വഹിച്ചു കൊണ്ടൊരു നില്‍പ്പുണ്ടാകും പുള്ളീടെ.
കാണാന്‍ ഏറെ മോഹിച്ച കാഴ്ച.
ഇന്നലെ അന്തിക്കാട് ഭഗവതിയും വന്നിരിക്കും അങ്ങോട്ടേക്ക്.
എത്ര കാലായി ആ അമ്മെ കണ്ടിട്ട്.
കൊല്ലത്തിലൊരിക്കലെ കാണാറുള്ളൂ.
ഇപ്പൊ കുറെ കാലായി അതും മുടങ്ങി.
ഭഗവതി വരുന്നത് ആരും അറിയില്ല.
ഒച്ചേം വിളീം ബഹളോം ഇല്ലാതെ ആളുകള്‍ അധികം ഇല്ലാതെ ഒരു പാവം ആനയുടെ പുറത്തേറിയുള്ള വരവ്.
പറയും കുറവാണ്.
ഒന്ന് അച്ഛമ്മയുടെ വകയാണ് എല്ലാ വര്‍ഷവും.
ശ്രീരാമന് ഈ തവണ അമ്പതു പറയോടടുത്ത് നിറച്ചിരുന്നു.
നെല്ലും,അരിയും,മലരും.
ബാക്കി ദ്രവ്യങ്ങള്‍ ഒന്നും ഇന്നേവരെ ഉപയോഗിച്ചിട്ടില്ല.
ഒരു പൂപ്പറ വേണം എന്നത് എന്റെ ഒരു മോഹാണ്.
പക്ഷെ അത് പതിവല്ലാത്തതിനാല്‍ ആരോടും പറഞ്ഞിട്ടില്ല.

ഈ തവണ സ്നേഹതീരത്ത് വെച്ചാണ് ബീച്ച് ഫെസ്ടിവല്‍ നടക്കുന്നത്.
അച്ചു ആദ്യമായി കണ്ട കടല്‍തീരം ആണ് അവിടം.
അതിനടുത്ത് എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരന്‍ ഉണ്ട്.
നാദു.

ദീപ്തിയുടെ പിറന്നാള്‍ വിഭവ സമൃദ്ധം ആയിരുന്നു.
സാമ്പാറും,മത്തങ്ങാ എരിശ്ശേരിയും,മാമ്പഴ കൂട്ടാനും,ഇടിച്ചക്ക തോരനും,കടുമാങ്ങ ,പുളിയിഞ്ചിയും ഗോതമ്പ് പായസവും.
നേരം ഒരുപാട് വൈകിയതിനാല്‍ കഴിക്കാനേ തോന്നിയില്ല.
ഉച്ചൂം,ദാമു അഫനും ഒക്കെ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷാണ് പറ കൂടുന്നത്.
ശ്രീലയുടെം,അനവദ്യയുടെം,അച്ചൂന്റെം.ശാരികെടെം,ആദ്യത്തെ പറയാ.
നന്ദ സ്മാര്‍ട്ട്‌ ആയിരുന്നു.

ഇന്നലെ രാവിലെ ഞാന്‍ മൈനയെ കണ്ടു.
എത്ര കാലമായി ഒരു മൈനയെ കണ്ടിട്ട്,ഞാനോര്‍ത്തു.
കുളക്കോഴിയേം കണ്ടു.
ഇതിനെ രണ്ടിനേം ഇവിടെ കാണാറേയില്ല .
അപ്പൊ പിന്നെ ആ സന്തോഷം പറയേണ്ടല്ലോ.
പക്ഷെ കണ്ടത് ഒറ്റ മൈനയെ ആണ്.
അങ്ങനെ കണ്ടാല്‍ ദുഃഖം വരുമത്രേ.
ഇനിയെന്ത് വരാന്‍,ഞാന്‍ ഓര്‍ത്തു.
അപ്പൊ പിന്നെ വല്യ ടെന്‍ഷന്‍ തോന്നിയില്ല.
ഇന്നിപ്പോ രാവിലെ ഇവിടെ ആ വെളുപ്പും കറുപ്പും കലര്‍ന്ന കുഞ്ഞു കിളികള്‍ കണ്ടമാനം വന്നിരുന്നു.
(ഈ അതല്ലേ വണ്ണാത്തിക്കിളി?)
കരിവേപ്പിലും,ആര്യവേപ്പിലും,കടപ്ലാവിലും ആയി.
ഇവിടെ എവിടെയോ ഇന്ന് അവരുടെ കൂട്ടത്തിലെ ആരുടെയെങ്കിലും കല്യാണം ഉണ്ടായിരുന്നുവെന്നു തോന്നുന്നു.
എന്തായിരുന്നു കലപില.
കുറെ കഴിഞ്ഞപ്പോ പോയി.
പിന്നെ ഒരു പക്ഷിയെ കണ്ടു,കറുപ്പ് നിറമുള്ള തലയില്‍ കുഞ്ഞു പൂവുള്ള നീണ്ട വാലുള്ള ആ വാല് അവസാനത്തില്‍ രണ്ടായി പിരിഞ്ഞു തൂവലുകള്‍ പോലെയുള്ള ഒരു ഐറ്റം.
ഈ ഇരട്ടവാലന്‍ ഇതാണോ?
സംഭവം ഉഷാറാണ്.(അതെ ഈ ഇരട്ടവാലന്‍ കിളി തന്നെയാണ് അത്.ഞാനിപ്പോ ഗൂഗിളില്‍ നോക്കി.)


ഇല്ലത്തെക്കുള്ള ഓരോ യാത്രയും നിന്റെ ഓര്‍മ്മകളെ കൂടുതല്‍ കൂടുതല്‍ നെഞ്ചോട്‌ ചേര്‍ക്കാനുള്ളതാണ്.
നീയില്ലാതെ അതൊരിക്കലും പൂര്‍ണമാവില്ല.
നിന്റെ കൂടെ നടന്ന ആ വഴി അതിന്റെ അവസാനത്തില്‍ വച്ച് എന്റെ കയ്യിലേക്ക് നീ നല്‍കിയ ഇളം ചൂടില്‍ പൊതിഞ്ഞ ആ നനുത്ത ഉമ്മ അതെല്ലാം വീണ്ടും എനിക്ക് കിട്ടി.
എന്റെ സ്നേഹം വീണ്ടും വീണ്ടും നിര്‍മ്മലമാവുകയായിരുന്നു
നിന്റെ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും നിലവിളക്കിലെ തിരിയായി തെളിഞ്ഞു കത്തുകയായിരുന്നു.
നിന്നെ കാണാന്‍ നിന്റെ ശബ്ദം കേള്‍ക്കാന്‍ മനസ് തുടിച്ചു തുടങ്ങി.
മഴ പെയ്തില്ല അന്ന് രാത്രി.
മനസ്സില്‍ അതിനും വേണ്ടി പ്രണയം പെയ്തു നിറഞ്ഞു കവിയാന്‍ തുടങ്ങി.

നിന്നോട് ചോദിക്കട്ടെ???????????
വരുന്നോ എന്നെ കാണാന്‍???????????
കസവ് കരയുള്ള കോടി മുണ്ടുടുത്ത്,ആകാശത്തിന്റെ നീല നിറമുള്ള ഷര്‍ട്ട്‌ ഇട്ടു അന്നത്തെ പോലെ ഒരു ചാറ്റല്‍ മഴയിലൂടെ നീ വരുന്നത് ഞാന്‍ ഇന്നലേം സ്വപ്നം കണ്ടു.
മഴതുള്ളി പതിച്ച നിന്റെ നെറ്റിയില്‍ എന്റെ ചുണ്ടുകള്‍ അമര്ത്താന്‍ ഞാന്‍ മോഹിച്ചു.
കൈവിരല്‍ തുമ്പില്‍ എന്നെ ഒളിപ്പിച്ചു നീ കൊണ്ട് വന്ന ആ ഇറ്റു തുള്ളികളെ എന്റെ മുഖത്തേക്ക് നീ തെറിപ്പിച്ചപ്പോള്‍ ,
ഞാന്‍ കണ്ണുകള്‍ അടച്ച് മുഖം വശത്തേക്ക് തിരിച്ചപ്പോള്‍,
നിന്റെ മുഖത്തെ പുഞ്ചിരിയുടെ ഭംഗി കൂടുന്നുണ്ടായിരുന്നു.
എനിക്കെന്താ കൊണ്ട് വന്നെ എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞു നീ.
പിണങ്ങിയ പോല്‍ ഞാന്‍ നിന്നപ്പോള്‍ എവിടെനിന്നോ എടുത്ത കുറെ മഞ്ചാടി മണികള്‍ നീയെന്റെ നെറുകയിലൂടെ എന്റെ മേല്‍ വര്‍ഷിച്ചു നീ.
ഇതില്‍ പരം എന്നെ സന്തോഷിപ്പിക്കാനൊന്നും വേണ്ടെന്നു അറിയുന്നവനെ,
നിന്നോട് പറയട്ടെ നിന്നെ കാണിച്ച ഈ സ്വപ്നനത്തിനും ഞാന്‍ ദൈവത്തിനോട് നന്ദി പറയുന്നു.
ഈ പ്രണയം എത്ര മനോഹരം!!!!!!!!!!!!!!!!!!!
അനിര്‍വചനീയമായ ഒരനുഭൂതി.








.




Friday, March 30, 2012

പമ്പരപൂവ്

ഇതാണ് ഞാന്‍ രണ്ടു ദിവസം മുന്‍പെഴുതിയ പോസ്റ്റിലെ ആ പമ്പരം പോലെ കറങ്ങുന്ന പൂവെന്നു പറഞ്ഞ സംഭവം.
ഞാന്‍ പറഞ്ഞത് ശരിയല്ലേ കാണാന്‍ നല്ല ഭംഗിയില്ലേ?
പേര് എനിക്കറിയാത്ത കാരണമാണ് ഈ പേരിട്ടത് കേട്ടോ.ആരെങ്കിലും പറഞ്ഞാല്‍ മാറ്റാമേ!!!

Wednesday, March 28, 2012

പോരുന്നോ.........??????ഇന്നത്തെ ഉച്ചയൂണ് നമുക്ക് മനോഹരമാക്കാം.

മുറ്റത്തെ ആര്യവേപ്പിനെ ചുറ്റി ഒരു വള്ളിചെടിയുണ്ട്.
നിറയെ പൂക്കളും ഉണ്ടതില്‍..
ഒരിക്കല്‍ അമ്മയും അച്ഛനും കാണിപ്പയ്യൂരില്ലത്തേക്ക് പോയപ്പോ അവിടെ നിന്നും കൊണ്ട് വന്നതാണത്രേ.
പേര് അമ്മയ്ക്കറിയില്ല.
അതിന്‍റെ പൂവ് അങ്ങ് പൊക്കത്തില്‍ ആണ്.
താഴെ വീഴുമ്പോഴേക്കും നിറം മാറിയിരിക്കും.
ഇളം വയലറ്റ് നിറം ആണ് ശരിക്കും.
പക്ഷെ വീഴുന്നത് മറ്റൊരു നിറത്തില്‍ ആണ്.
ഉണങ്ങിയ ഇലകളുടെ നിറമുള്ള ഇതളുകള്‍ ഉള്ള ഒരു കുഞ്ഞു പൂവ്.
മുഴുവനും വിടര്‍ന്നുകൊണ്ടാണ് കാണുന്നത്.
അത് വീഴുന്നത് എപ്പോഴും പമ്പരം കറങ്ങി വീഴുന്ന പോലെയാണ്.
അപ്പൊ അതിനു പമ്പരപ്പൂവ് എന്ന് പേരിട്ടു ഞാന്‍..

അനവദ്യയുടെ ചോറൂണിനു പോയപ്പോ കാലങ്ങള്‍ക്ക് ശേഷം കണ്ട കുറെ പേര്‍.....................................
ശരിക്കും ഒരുപാട് സന്തോഷം തോന്നി.
ഓര്‍ക്കാന്‍ ആ പഴയ വേനലവധി ദിനങ്ങള്‍ ഓടിയെത്തി.
അന്ന് ഞങ്ങള്‍ എത്രപേരായിരുന്നു!!!!!!!
മൂവാണ്ടനും,ചന്ത്രക്കാരനും,വല്യമ്മയുണ്ടാക്കുന്ന പൊക്കുവടയും,ഞങ്ങള്‍ എല്ലാരും കൂടി ഉണ്ടാക്കുന്ന അരിയുണ്ടയും ഒക്കെ
ഓര്‍മ്മയിലേക്ക് ഓടിയെത്തി.
ഒരാള്‍ കഞ്ഞി വെള്ളം കുടിക്കാനെടുത്താല്‍ എല്ലാരും എടുക്കും.
ഒരാള്‍ നാളികേര പൂളെടുത്താല്‍ അപ്പൊ ബാക്കിയെല്ലാരും എടുക്കും.
രാത്രി കിടക്കുമ്പോള്‍ തലയിണ വലിക്കും.
ചീട്ടു കളി ആയിരുന്നു പ്രധാനം.
എനിക്കെത്ര ചേച്ചിമാരാണെന്നോ!!!!!!
ലിസ,ലത,ലീന,രാജശ്രീ,ജയശ്രീ,വൃന്ദ,ശ്രീജ,സൌമ്യ,പിന്നെ ബിന്ദു,മോളി,അമ്മിണി,അച്ചോള്‍മാര്,
ഞാന്‍ രമ്യ,രാക്കു,സുജിത്,അനിയന്‍ ചേട്ടന്‍,സുഭാഷേട്ടന്‍,രണ്‍ജി ചേട്ടന്‍,സുനില്‍ ചേട്ടന്‍,സുധി ചേട്ടന്‍,രവി അഫന്‍ അങ്ങനെ ഒരു വലിയ ഗാങ്ങ്.
കടലാസ്സില്‍ രാജാവും,റാണിയും എഴുതിയുള്ള കളി,മൈലാഞ്ചിയിടല്‍,അന്താക്ഷരി,ഡിംഷേരാട്സ്,ചീട്ടു കളി ഇതൊക്കെയാണ് പ്രധാനം.
പറ വരുമ്പോള്‍ ഉമ്മറം നിറയെ ആളുകള്‍..
പറ നിറക്കാന്‍ നിറയെ ആണുങ്ങളും.
പന്തല്‍ അലങ്കരിക്കാനുള്ള പൂക്കളും ഇലകളും ഒക്കെ പൊട്ടിക്കാന്‍ എത്ര ആള്‍ക്കാരാണെന്നോ!!!!!
ഇപ്പൊ ആരും ഇല്ല.
ഈ പറഞ്ഞവരെ ഒക്കെ കാണുന്നതെ അപൂര്‍വ്വം.
ചിലരൊക്കെ ദൈവത്തിനൊപ്പം.

ഞായറാഴ്ച നാട്ടില്‍ പോയി,മുത്തശ്ശിയെ കൊണ്ടാക്കാന്‍...
അപ്പൊ പറയ്ക്കുള്ള പന്തല്‍ ഇട്ടിരിക്കുന്ന കണ്ടു.
ഇല്ലം പൂട്ടിയിട്ടിരിക്കുന്നത് കൊണ്ടാകാം അവിടമൊക്കെ ശരിക്കും വേനല്‍ അതിന്‍റെ ശക്തി തെളിയിച്ചിരിക്കുന്നു.
മുറ്റം മുഴുവനും ഉണങ്ങിയ പുല്ല്.
പറമ്പിലെ മണ്ണ് പാറപോലെ കട്ടകള്‍ ആയി.................
മരങ്ങളില്‍ ഇലകള്‍ ഒന്നുമില്ല.
കണ്ണിനെയും ഉഷ്ണിപ്പിക്കുന്ന കാഴ്ചകള്‍..
കടപ്ലാവില്‍ ഉണ്ടായ കടച്ചക്കകള്‍ മുഴുവനും കൊഴിഞ്ഞു വീണു.
എത്ര നനച്ചിട്ടും കാര്യല്യ.
ഒക്കെ വീണു.

തിങ്കളാഴ്ചയാണ് പറ വരുന്നേ.
നാട് കാണാന്‍ ഇറങ്ങുന്ന ശ്രീരാമന്‍..
പോണം.
മുത്തശ്ശി പറയുന്നുണ്ട് വേനല്‍ മഴ പെയ്യാന്‍ പോവുന്നത് അപ്പോഴായിരിക്കുമെന്ന്.
എപ്പഴായാലും ഒന്ന് പെയ്താല്‍ മതിയായിരുന്നു.
ഈ ചൂട് വയ്യ.
ഈ തവണ പുതിയ അംഗങ്ങള്‍ ഒക്കെ കൂടുന്നുണ്ട്.
അച്ചുവും.
അച്ചു ഇതേവരെ കണ്ടില്ല,അമ്മേടെ ഇല്ലത്തെ ഈ കുഞ്ഞു പൂരം.

ഹൈവേയുടെ ഇരുവശവും വലിയ മരങ്ങള്‍ യാത്രക്ക് ശരിക്കും ആശ്വാസമാണ്.
ആര്യവേപ്പും,വാകയും.
അവിടവിടെ ആയി കൊന്ന കണ്ടമാനം പൂത്തിരിക്കുന്നു.
പക്ഷെ വിഷു ആവുമ്പോഴേക്കും ഒക്കെ കൊഴിയുമെന്ന് തോന്നുന്നു.
ഈ തവണ ഗുല്‍മോഹര്‍ അധികം പൂത്തില്ലെന്നു തോന്നുന്നു.
അധികമൊന്നും കണ്ടില്ല.
വാക കണ്ടമാനം ഉണ്ട്.

കൊടുങ്ങല്ലൂരിലെ കാവ് തീണ്ടലിന് ഇത്ര മാത്രം ആളുകള്‍ വരുമെന്ന് ഞായറാഴ്ചയാണ് ഞാന്‍ അറിഞ്ഞത്.
ഇതിത്ര വലിയ സംഭവമാണെന്നും.
ഒരുപാട് കോമരങ്ങളെ കണ്ടു.
ചുവന്ന പട്ടും ,വാളും,ചിലമ്പിന്റേം അരമണിയുടെയും ശബ്ദത്തില്‍.......................................
ശരിക്കും എനിക്ക് വല്ലാതെ പേടിയായി.
ദേവീയെന്നു വിളിച്ച്,
ആ പാട്ട് പാടി,
(ആ പാട്ട് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല.
കാറിന്‍റെ ഗ്ലാസ്‌ കേറ്റിയിട്ടു.
ഇപ്പൊ പണ്ടത്തെ അത്രയൊന്നും ഇല്ല എന്ന് മുത്തശ്ശി പറഞ്ഞു.
ഒരിക്കല്‍ ഏടത്തി ഒരു യാത്രയില്‍ ഇവര്‍ക്കിടയില്‍ പെട്ട് പോയ സംഭവം പറഞ്ഞിരുന്നു.
ബസില്‍ നിലത്തും സീറ്റിലും ഒക്കെ ഇരുന്നു പാടുന്നത് കണ്ടുവെന്നും കേട്ടുവെന്നും ഒക്കെ പറഞ്ഞു.
നമുക്ക് പേടി തോന്നുമെന്നും.
അത് ശരിയാണ്,ചിലരുടെ ഭക്തി അങ്ങനെയാണ്.
കുംഭമേളയുടെ ചിത്രങ്ങള്‍ കാണുമ്പോഴേ എനിക്ക് പേടിയാണ്.
നാഗാ സന്ന്യാസിമാരെ പ്രത്യേകിച്ചും.)
മുഖത്ത് ഭക്തിയും,ദേവീ ഭാവവുമായി നടന്നു നീങ്ങുന്ന കോമരങ്ങള്‍....................................
ഭക്തി ഏതെല്ലാം വിധത്തിലാണെന്ന് ഓര്‍ത്തു.
ഇന്നലെ മാതൃഭൂമിയില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും കണ്ടു.
വാളില്‍ നെറ്റി മുട്ടിച്ച് മുട്ടിച്ച് ചോര നിറഞ്ഞു നില്‍ക്കുന്ന ഫോട്ടോ.
അപ്പഴാണ് ഇതിനു,ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളും വരുമെന്ന് അറിഞ്ഞത്.
ഇവിടെ ഗുരുതിക്കു അങ്ങനെയാണ്.
വെളിച്ചപ്പാടന്മാര്‍ തുള്ളി തുള്ളി അവസാനം സ്വയം മുറിവേല്‍പ്പിക്കാന്‍ തുടങ്ങും.
എല്ലാം സാത്വികമായി തന്നെയാണ് നല്ലത്.
ശാന്തിയോടെയും,സമാധാനത്തോടെയും,നിശബ്ദതതയോടെയും.

ഇവിടെ മാങ്ങ കഴിഞ്ഞു തുടങ്ങി.
മാമ്പഴം വീഴുന്നത് കുറഞ്ഞു തുടങ്ങി.
ഇപ്പൊ മിക്കവാറും മാമ്പഴകൂട്ടാന്‍ ആണ് എന്നും ഉച്ചക്ക്.
പ്രിയപ്പെട്ടവനെ ഓര്‍ത്തു.
അവനു പ്രിയമാണ് മാമ്പഴകൂട്ടാന്‍.,ഒപ്പം കടുമാങ്ങയും,പപ്പടവും.

കൂട്ടുകാരാ.................
ഇവിടെ നിനക്ക് വേണ്ടി ഞാന്‍ അതെല്ലാം കരുതിയിട്ടുണ്ട്.
നീ വന്നാല്‍ നല്ല തളിര്‍ വാഴയിലയില്‍ ചൂട് ചോറിന്റെ കൂടെ ഇതെല്ലാം ഞാന്‍ വിളമ്പി തരാം.
ഒപ്പം കഴിക്കാന്‍ കൂടാം.
കൈ കഴുകി തുടയ്ക്കാന്‍ എന്‍റെ മുണ്ടിന്‍റെ കോന്തല തരാം.
നീ കഴിച്ചു വെച്ച ഇലയില്‍ ചോറ് വിളമ്പി ആരും കാണാതെ എനിക്ക് കഴിക്കണം.
ഊണിനു ശേഷം മധുരത്തിനായി നല്ല പഞ്ചാര പായസവും, നിനക്കിഷ്ടമുള്ള ഞാലിപ്പൂവന്‍പഴവും നല്‍കാം.
മൂന്നും കൂട്ടാന്‍ നല്ല ഇളം തളിര്‍ വെറ്റിലയും,കളിയടയ്ക്കയും,വാസന ചുണ്ണാമ്പും നല്‍കാം.
അങ്ങനെ ഇന്നത്തെ ഉച്ചയൂണ് നമുക്ക് മനോഹരമാക്കാം.




Friday, March 23, 2012

അമ്പല വിശേഷങ്ങളും,തിരിച്ചു കിട്ടിയ സൌഹൃദങ്ങളും.

അനു പറയുന്ന പോലെ പ്രഭാതത്തിലെ ക്ഷേത്ര ദര്‍ശനം ഒരു നല്ല അനുഭവമാണ്.
ഒരു ഉണര്‍വും ഉന്മേഷവും ഒക്കെ ഉണ്ടാക്കുന്നു.
ചുറ്റുമുള്ളവരെ നോക്കി ചിരിക്കാന്‍ തോന്നിപ്പിക്കുന്നു.
ഇന്നലത്തെ ദിവസം അങ്ങനെ ഒന്നായിരുന്നു.
മുഴുവനും ആയില്ലെങ്കിലും.

"വേദ" എത്തിയതിനു ശേഷം മാസത്തിലൊരിക്കല്‍ പോവാറുണ്ട് ഗുരുവായൂര്‍ക്ക്.
ഉത്സവത്തിന്റെ തിരക്കും ഇവിടത്തെ തിരക്കും കൂടി കാരണം കുംഭമാസത്തിലെ പോക്ക് നടന്നില്ല.
ഒരുതവണ നിര്‍മാല്യം ആയിരുന്നു തോഴന്‍ കഴിഞ്ഞത്.
പിന്നത്തെ തവണ വാകച്ചാര്‍ത്തും.
ഈ പ്രാവശ്യം ഇത് രണ്ടും കഴിഞ്ഞു ഉഷപൂജയും ഒക്കെ കഴിഞ്ഞ അലങ്കാര കൃഷ്ണനെ ആണ് കണ്ടത്.
പൊന്നോടക്കുഴലും മറു കയ്യില്‍ വെണ്ണയും പിടിച്ച് നില്‍ക്കുന്ന ബാലഗോപാലന്‍..
നടയടച്ചപ്പോള്‍ പാടിക്കൊണ്ടിരുന്ന സോപാന സംഗീതം ഇടയ്ക്കയുടെ താളത്തില്‍ കേട്ട് കൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഭക്തി മാത്രം.
സോപാന സംഗീതം കേട്ടാലും മതിയാവാത്ത ഒന്നാണ്.
ഇടയ്ക്ക തന്നെയാണ് അതിനേറ്റവും ചേര്‍ന്ന വാദ്യം.
അങ്ങോട്ട്‌ പോവുമ്പോള്‍ ശങ്കരന്‍ നമ്പൂതിരിയുടെ കീര്‍ത്തനങ്ങള്‍ ആണ് കേട്ടത്.
ഇങ്ങോട്ട് പോരുമ്പോള്‍ ഹരിഗോവിന്ദന്റെ ശ്രീ കൃഷ്ണ സോപാന സംഗീതവും.
"അടിമലരിണ തന്നെ അടിയനോരഭയം" എന്ന് എത്ര ഭക്തിയോടെയാണ് അദ്ദേഹം പാടുന്നതെന്നോര്‍ത്തു.
അച്ചൂന് മഞ്ചാടി വാരാനായിരുന്നു ധൃതി മുഴുവനും.
കുറച്ചു നേരം ക്യൂവില്‍ നിന്നാലും ആ മുഖമൊന്നു കാണാന്‍ കഴിഞ്ഞപ്പോ എന്തൊരു സന്തോഷമായിരുന്നു!!!!!!!!!
തൊഴല് കഴിഞ്ഞപ്പോ അവിടെയിരുന്നു വിഷ്ണു സഹസ്ര നാമം ജപിച്ചു.
അതൊക്കെ പതിവ് രീതികള്‍ ആണ്.
ഇതു അമ്പലത്തില്‍ പോയി തൊഴുതാലും അത് കഴിഞ്ഞാല്‍ ആ അമ്പലത്തില്‍ തന്നെ കുറച്ചു സമയമിരിക്കണംത്രേ.
താളിയോല എന്ന പുസ്തകത്തില്‍ കണ്ടതാണ്.
അതിനു പറയാന്‍ ഒരു കാരണവും ഉണ്ട്.
അതിപ്പോ മറന്നു പോയി.

ആദ്യമായാണ്‌ നെല്ലുവായ്ക്ക് പോവുന്നത്.
ഒരു ചെറിയ അമ്പലം.
ധന്വന്തരീ മൂര്‍ത്തി.
ആദ്യത്തെ ഡോക്ടര്‍ പുള്ളിയാണോ?
ആടിയ എന്ന ,മുക്കുടി നിവേദ്യം, ചാര്‍ത്തിയ വെണ്ണ ഒക്കെ വഴിപാടു പ്രസാദങ്ങള്‍ ആണ്.
മുക്കുടിയും എണ്ണയും ആയില്ലെന്ന് പറഞ്ഞു ശാന്തിക്കാരന്‍..
വെണ്ണ തന്നു.
നല്ല തൂവെള്ള നിറത്തില്‍ ,ഞാന്‍ ആദ്യമായാണ് അത്തരം വെണ്ണ കാണുന്നെ.
അച്ചു അത് മുഴുവനും കഴിച്ചു അവിടെയിരുന്ന്.
ഉപദേവന്മാര്‍ ആയി വരാഹ മൂര്‍ത്തി മാത്രം.
മുറ്റത്ത്‌ നിന്നിരുന്ന ആല്‍മരത്തിലെ തളിരിലകള്‍ അമ്പലത്തിനു മുകളിലെ ഇരുണ്ട വെളിച്ചത്തില്‍ തട്ടി തിളങ്ങുന്നുണ്ടായിരുന്നു.
നേരം അപ്പോഴും പുലര്ന്നിരുന്നില്ല.
ആകാശം നിറയെ നക്ഷത്രങ്ങള്‍. കാണാമായിരുന്നു.
പൊങ്ങി വരാന്‍ കാത്തിരിക്കുന്ന സൂര്യന്‍. നല്‍കുന്ന ഇളം ഓറഞ്ച് നിറം .
ഭൂമി സുന്ദരിയായിരുന്നു.

ഞങ്ങള്‍ ചെല്ലുമ്പോള്‍ നിര്മാല്യമായിരുന്നു.
അത് കഴിഞ്ഞു വെണ്ണയും ഒക്കെ ചാര്‍ത്താന്‍ തുടങ്ങുന്നെയുണ്ടായിരുന്നുള്ളൂ.
വാര്യര് വന്നില്ലെന്ന് തോന്നുന്നു.
മാലയും ഒന്നും ഉണ്ടായിരുന്നില്ല.
നെല്ലുവായ് ഏകാദശി പ്രധാനമാണ്.
ഗുരുവായൂരും,തൃപ്രയാറും പോലെ.

കടവല്ലൂര്‍ ശ്രീരാമനെ കാണാന്‍ പെട്ടെന്ന് തീരുമാനിച്ചതാണ്.
ശ്രീരാമന്റെ അമ്പലങ്ങളില്‍ എപ്പോഴും വല്ലാത്ത നിശബ്ദതയാണ്.
എനിക്കൊരുപാടിഷ്ടമാണ് അവിടെ പോകാന്‍.
ഇന്നലെ അതും പറ്റി.
അവിടെയും കുറെ ആല്‍മരങ്ങള്‍ ഉണ്ട്.
പഴയ ഇലകള എല്ലാം കൊഴിഞ്ഞു വീണ്ടും നിറയെ തളിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഏറ്റവും മുകളില്‍ ഒരു കിളിക്കൂട്‌ കണ്ടു.
കാക്കയുടെ ആണെന്ന് തോന്നുന്നു.
അവിടുത്തെ അമ്പലക്കുളം ഈ തവണയാണ് കണ്ടത്.
എനിക്കൊട്ടും ഇഷ്ടപ്പെട്ടില,
അതിനെ വേണ്ട വിധമൊന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നി.
അവിടെയും ഏകാദശി തന്നെ പ്രധാനം.
അതൊക്കെ കഴിഞ്ഞു.
രാത്രി രണ്ടു മണിക്ക് പോയിട്ട് രാവിലെ ഏഴു മണി ആയപ്പോഴേക്കും എത്തി.
അടുത്ത ആഴ്ച തിരുവില്വാമാലക്ക് പോവാമെന്നു പറഞ്ഞു അച്ചൂന്റെ അച്ഛന്‍.,കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
കുത്താംപുള്ളി ഗ്രാമം,അവിടെ നെയ്യുന്ന മുണ്ടും വേഷ്ടികള്‍ ഒക്കെ എന്നെ ഒന്ന് പൊട്ടിക്കാന്‍ പ്രേരിപ്പിച്ചു.

ഞായറാഴ്ചയാണ് കൊടുങ്ങല്ലൂരിലെ മീന ഭരണി.
തലേന്ന് കാവുതീണ്ടല്‍..,കോഴിക്കല്ല് മൂടലൊക്കെ കഴിഞ്ഞെന്നു തോന്നുന്നു.
വാളും, ചിലമ്പും,ധരിച്ച ചുവന്ന പട്ടുടുത്ത കോമരങ്ങള്‍ പേടിയാണെങ്കിലും എനിക്കിഷ്ടവുമാണ്.
എനിക്കൊരുപാടിഷ്ടമുള്ള അമ്പലങ്ങളില്‍ ഒന്നാണ് അത്.
കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം അമ്പലത്തില്‍ ഒരിക്കലെ പോയിട്ടുള്ളൂ.
രമ്യ പോയിട്ടുണ്ട് പള്ളിയറ തൊഴാന്‍..,വിവാഹം നടക്കാത്ത പെണ്‍കുട്ടികള്‍ അത് തൊഴുതാല്‍ നല്ലതെന്നാണ് വിശ്വാസം.

കണ്ണകി എന്ന കഥാപാത്രം എന്നെ ഒരുപാട് ആകര്‍ഷിച്ച ഒന്നാണ്.
ആ കഥയും.
പണ്ട് ടീവിയില്‍ കണ്ടിട്ടുണ്ട്.
ജയരാജിന്റെ കണ്ണകി എന്ന സിനിമയും (കഥ ഇതല്ലെങ്കില്‍ കൂടി )എനിക്കിഷ്ടമാണ്.
അതിലെ പാട്ടുകളും.
അച്ചൂന്റെ ഫേവറിറ്റ് ആണ് അതിലെ "പൂ പറിക്കാന്‍ പോരുമോ" എന്ന പാട്ട്.

ഈ തവണ ദൈവങ്ങളോട് എല്ലാവരോടും ഒരു അപേക്ഷ വെച്ചിരുന്നു.
പുതിയ കൂട്ടുകാരന് പ്രണയ സാഫല്യം നല്‍കണേയെന്ന് .
ഹൃദയം നിറഞ്ഞ നന്മയും,സ്നേഹവും ഉള്ള അവനെ സ്നേഹിക്കാന്‍ ,അവനു സ്നേഹിക്കാന്‍ ദൈവം നല്‍കിയ ആ മാലാഖ കൊച്ചിനെ അവന്റെ കയ്യിലേക്ക്
കൈ പിടിച്ചു കൊടുക്കാന്‍ അവരുടെ വീട്ടുകാര്‍ക്ക് തോന്നണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു.
നമ്മള്‍ സ്നേഹിക്കുന്നവരുടെ പുഞ്ചിരി കാണാന്‍ നമ്മളെത്രയധികം ആഗ്രഹിക്കുന്നു!!!!!!!!!

ഒരുപാട് സൌഹൃദങ്ങള്‍ എനിക്ക് ഉണ്ടെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.
പക്ഷെ ഇപ്പോള്‍ മനസിലായി അത് തെറ്റാണെന്ന്.
അപ്പോള്‍ മുതല്‍ ഞാന്‍ സൌഹൃദങ്ങളെ ഇഷ്ടപ്പെടാതിരിക്കാന്‍ തുടങ്ങി.
എങ്കിലും പഴയതില്‍ ചിലതെല്ലാം വൈരം പോലെ തിളങ്ങുന്ന സൌഹൃദങ്ങള്‍ തന്നെ.
ആ കൂടെ കൂടാന്‍ മറ്റു ചിലര്‍ കൂടി.
ഇപ്പോള്‍ ഞാന്‍ സമ്പന്നയാണ്.
സൌഹൃദത്തിന്റെ കാര്യത്തില്‍..
നല്ല ഒരു ചങ്ങാതി ആയിരം ചങ്ങാതിമാര്‍ക്കു തുല്യം.
അപ്പൊ വിരലില്‍ എണ്ണാവുന്ന കുറച്ചു പേരുണ്ടെങ്കിലോ??????????????

ഇതിനിടയില്‍ എനിക്കെന്നെന്നും പ്രിയപ്പെട്ടതാകുംയിരുന്ന ഒരു സൗഹൃദം ഞാന്‍ കാണാതെയും അറിയാതെയും പോയി.
ഒരുപാട് വൈകിയെങ്കിലും ഇപ്പൊ ആ ചങ്ങാത്തവും എനിക്ക് സ്വന്തം.

ഒരിക്കല്‍ എന്റെ സൌഹൃദങ്ങളുടെ നിലം ഇപ്പോള്‍ തരിശായിരിക്കുന്നു എന്ന് പറഞ്ഞ ഞാന്‍
ഇപ്പോള്‍ അത് മാറ്റിപ്പറയുന്നു.
എന്റെ സൌഹൃദങ്ങള്‍ വീണ്ടും എന്നെ ചിരിപ്പിക്കാന്‍ തുടങ്ങി.
അവ വീണ്ടും മനസ്സില്‍ വസന്തം നല്‍കാന്‍ തുടങ്ങി.