ആരും പോകാത്ത കാട്ടുവഴികളിലൂടെ തീർത്തും തനിച്ചായി നടക്കാനാണ് നിനക്കിഷ്ടം. നിന്റെ തുടർച്ചയാവാനാണ് എനിക്കിഷ്ടം.നീ നടന്നു പോയ വഴിയിലൂടെ നടക്കാൻ.......നീ കണ്ട കാഴ്ചകളുടെ ബാക്കി കാണാൻ .........നീ നനഞ്ഞ മഴയുടെ ബാക്കി നനയാൻ ........നീ കേട്ട പാട്ടിന്റെ ബാക്കി കേൾക്കാൻ ........ നിനക്കറിയാമോ കാടും, കാട്ടരുവിയും, ഇരുളും, മഴയും, നിശബ്ദതയും ഒക്കെ എന്നോട് സംസാരിക്കും നീയവരോട് പങ്കു വെച്ചതിനെ കുറിച്ച്. അവരെന്നെ കുറിച്ച് അസൂയയോടെ ചോദിക്കും നീയെങ്ങനെ അവനിത്രയേറെ പ്രിയപ്പെട്ടവളായി ??? അവന്റെ പ്രിയ സംഗീതമായി??? അവന്റെ പ്രിയ ഗസലായി?????????
ഈ ചിത്രം കാണുമ്പോഴോക്കേം ആ നിമിഷങ്ങളിൽ ഉണ്ടായിരുന്ന അതേ മാനസികാവസ്ഥയിലാവും ഞാൻ. അത് പറഞ്ഞു ഫലിപ്പിക്കാൻ എനിക്ക് നിശ്ശല്ല്യ. സ്നേഹവും, സന്തോഷവും, കൌതുകവും ഒക്കെ കൂടി നിറഞ്ഞു കവിഞ്ഞിങ്ങനെ..........കാട്ടിലെ മഴ നനയണംന്ന ആ മോഹോം അങ്ങനെ സാധിച്ചു. തിരിച്ചു വരുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. സ്നേഹത്തിന്റെം,സന്തോഷത്തിന്റെം ഒക്കെ അങ്ങേയറ്റം എന്ന് പറയുന്നത് കണ്ണീരന്നെയാണ്.
ഭംഗിയുള്ള മച്ചിങ്ങകളും ഓമനത്തം നിറഞ്ഞ ഈ അടയ്ക്കാ കുട്ട്യോളേം പെറുക്കി സൂക്ഷിച്ച് എടുത്തു വെച്ചിരുന്ന ദിവസങ്ങൾ അന്നെനിക്കുണ്ടായിരുന്നു. അതിന്റെ മണോം, ഇഷ്ടം കൂടിക്കൂടി ചെറുതായി കടിക്കുമ്പോ ഉള്ള ഒരു കറ രുചീം ഒക്കെ എനിക്കിഷ്ടായിരുന്നു. ഇടയ്ക്ക് ഓരോ ഉമ്മേം വെക്കുമായിരുന്നു. കൊറേ അടയ്ക്കാ കുട്ട്യോളെ കോർത്തൊരു മാലയാക്കി പഴേ ആ കാലത്തിന്റെ ഓർമ്മയ്ക്ക് സൂക്ഷിച്ചു വെക്കായിരുന്നു എന്ന് ഈ ചിത്രം കാണുമ്പോ കാണുമ്പോ എനിക്ക് നഷ്ടബോധത്തോടെ തോന്നാണ്.







