Wednesday, December 4, 2013

നിന്ക്ക് കേക്കണ്ടേ ന്റെ വർത്താനങ്ങള് ????

ജനാലയിൽ ചേർത്തു വെച്ച മുഖത്തേക്കും അഴികളിൽ പിടിച്ച കൈ വിരലുകളിലേക്കും വന്നു പതിച്ച മഴത്തുള്ളികൾക്ക്‌ പാലപ്പൂ മണം.ഈ ദിവസങ്ങളിൽ കാറ്റിനും,മഞ്ഞിനും,മഴയ്ക്കും,രാത്രികൾക്കും ഒക്കെ  ഈ പൂമണാണ്.അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ എനിക്കേറെ പ്രിയായിരിയ്ക്കണൂ!!!!ഇത്തരം ചില ഇഷ്ടങ്ങൾക്ക് മുന്നിൽ ഞാൻ പോലുമറിയാതെ ന്റെ മനസ്സ് സ്വന്തമാക്കപ്പെട്ടു പോവുന്നു.
                                                                
അമ്പല മുറ്റത്ത് മൂന്നു പാല മരങ്ങൾണ്ട്.മൂന്നും പൂത്തിട്ടുംണ്ട് .ന്നാലും അതിലൊന്ന് ഇലകളേം കൊമ്പുകളേം കാണിക്കാത്ത വിധം പൂത്തുലഞ്ഞേക്കാണ്.സത്യം പറഞ്ഞാൽ ആ കാഴ്ച കാണാൻ വേണ്ടി മാത്രാണ് ഞാനിപ്പോ രണ്ടു നേരോം അങ്ങട് പോണേ.("ഇത് പോലെ പൂത്തുലഞ്ഞവളല്ലേ പെണ്ണേ നീയും!!!! " എന്ന നിന്റെ വാക്കുകൾ ദേ ഇപ്പഴും ന്റെ കാതിൽ ഉമ്മ വെക്കുന്നുണ്ട് കേട്ടോ). ആ കാഴ്ച്ച,ആ മണം ഒക്കെ എനിക്ക് നീയാണ്.നിന്റെ സ്നേഹാണ്.അതിങ്ങനെ എനിക്ക് ചുറ്റും,എന്റെയുള്ളിലും നിറയണം.അതെനിക്കിഷ്ടാണ് ,സുഖാണ് ,ന്റെ സന്തോഷാണ്.ഇത് പോലെ, നിറയെ പൂത്തു നിക്കണ മരങ്ങളെ,ചെടികളെ ഒക്കെ കാണുമ്പോ നിയ്ക്ക് തോന്നാറുണ്ട് ,ഞാൻ കൊതിക്കാറുണ്ട്  അത് പോലൊരു പൂമരമാവാൻ.............അന്ന് എല്ലാവരും എന്നെ കാണുമ്പോൾ അതിശയിക്കണം,അസൂയപ്പെടണം,ഒപ്പം ഇഷ്ടപ്പെടേം വേണം.

ഇന്നൊരു യാത്ര ണ്ടായിരുന്നു.പുലരാൻ കുറച്ചു നേരം കൂടിയുള്ളപ്പോഴേക്കും എണീറ്റ്‌ ഒരുങ്ങിയിറങ്ങി .മുറ്റത്ത് പവിഴമല്ലി നിറയെ വീണു കിടപ്പുണ്ടായിരുന്നു.വിരിയാൻ തയ്യാറായി ഇനിയുമൊരുപാട് പൂമൊട്ടുകൾ പല പല ചെടികളിലായി..............
എങ്കിലും ഒഴുകിയെത്തുന്ന ഈ പാല മണം...........
ഇതെന്നെ വല്ലാതെ കീഴ്പ്പെടുത്തുന്നു.ഇരുളിന്റെ വെളിച്ചത്തിൽ മഞ്ഞു പെയ്യണതും നോക്കിക്കൊണ്ട് ഞാനിങ്ങനെ പോയി. ഇത്തിരി കഴിഞ്ഞപ്പോ  മഞ്ഞിന്റെ കൂടെ മഴേം പെയ്യാൻ തൊടങ്ങി .മഞ്ഞിലിങ്ങനെ മഴ നൂലുകൾ ഇറങ്ങി വരണ കാണാൻ നല്ല ചന്തം.പോണ വഴീടെ ഇരു വശോം നിറഞ്ഞു പൂത്ത പാല മരങ്ങൾ.
കൂട്ട് വന്ന മഴയ്ക്ക് വീണ്ടും പാലപ്പൂ മണം. പൂക്കൾ പൊഴിഞ്ഞു വീഴണ കണ്ടപ്പോ ആ മഴ നൂലുകളെ കെട്ടിപ്പിടിച്ചോണ്ട് മോളീന്ന് എറങ്ങിവരാന്ന് തോന്നി. ന്ത്‌ ഭംഗ്യായിരുന്നൂന്നോ ആ കാഴ്ച്ച !!!!!
ഒരു കുഞ്ഞു പൂവീന്ന് എത്രമാത്രം മണാണ് പരക്കണത്!!!!
എനിക്ക് ശരിക്കും അതിശയം തോന്നി.അങ്ങനെ ആ യാത്ര എനിക്കൊരുപാടിഷ്ടായി.


തുണി  നനച്ചോണ്ട് നിക്കുമ്പഴാ തെങ്ങിന് പിന്നിൽ നിന്നിരുന്ന കാപ്പി ചെടിയിൽ പൂ വിരിഞ്ഞ കണ്ടെ!!!കണ്ടപ്പോ വല്യേ സന്തോഷായി നിയ്ക്ക്.എത്ര കാലായിട്ടുള്ള മോഹായിരുന്നു അത്.ആദ്യായിട്ടാ  കാപ്പിപ്പൂ കണ്ടത്.പാലപ്പൂവിന്റെ കൂട്ട് ഒരു മദിപ്പിക്കുന്ന മണം.
എനിക്കങ്ങനെ തോന്നി.പിന്നെ കുറെ നേരം കാപ്പി തോട്ടങ്ങൾക്ക് നടുവിലുള്ള ഒരു വഴിയിലൂടെ കാപ്പിപ്പൂ മണത്തിൽ കുളിച്ചു നടക്കുന്ന നമ്മളെ ഓർത്തു കൊണ്ടേയിരുന്നു.(എനിക്കൊപ്പം നീയുമെന്ന് ഇനി ഞാൻ  പറയില്ലാട്ടോ.)

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒട്ടും വിചാരിക്കാതെ ഒരു എറണാകുളം യാത്ര.അന്നെന്റെ നാട്ടിലെ ഏകാദശിയായിരുന്നു.പ്രസിദ്ധമായ തൃപ്രയാർ ഏകാദശി.ഏകാദശിക്ക് വര്വോന്ന് അവിടന്ന് മോളി അച്ചോൾ രണ്ടു മൂന്നു വട്ടം വിളിച്ചു ചോദിച്ചു. ദീപ്തിയും.അവരോടൊക്കെ ഇല്ലെന്നു പറഞ്ഞിരുന്നു. എനിക്കെന്തോ ഇപ്പഴായേ  പിന്നെ അതിലൊന്നും അശേഷം ഇഷ്ടല്യാണ്ടായേക്കണൂ . (അല്ല,പണ്ടും അത്ര ഭ്രമൊന്നും ണ്ടാരുന്നില്ല്യ).ഏകാശി ഒരിക്കലും എടുത്തില്ല ഞാൻ.ഒരു നേരം ചോറുണ്ണാൻ പറ്റീല്ല്യാച്ചാ നിയ്ക്കെന്തോ ആകെ കൂടി സങ്കടം വരും.

ഇവിടന്നു അങ്ങട്ടെക്കുള്ള വഴീൽ പാല മരം കഷ്ട്യാണ്.വാകേം,മഞ്ഞപ്പൂ മരോം,കൊന്നേം,ഒക്ക്യാണ് അധികോം.കോഴിക്കോട്ടേക്കുള്ള വഴീൽ അധികോം പാലയാണ്.പോണ വഴി ചിയാനൂർ പാടത്ത് നിറയെ വെള്ളാമ്പൽ പൂത്തിരുന്നു. അധികം വലുപ്പല്ല്യാത്ത തരം .കൊന്ന മരോം ചിലയിടത്ത്  നിറയെ പൂത്തു നിന്നിരുന്നു.എല്ലാ കാലത്തും പൂക്കണ കൊന്ന മരോം വിഷുക്കാലത്ത് മാത്രം പൂക്കണതും ണ്ട് ത്രേ!!!!!ആദ്യത്തെ കൂട്ടത്തിൽ പെട്ട ഒരു കൊന്ന തൈ മുറ്റത്ത് വെച്ചു  പിടിപ്പിക്കണം.അതിങ്ങനെ മുറ്റത്ത് ചിതറി വീണു കിടക്കണ കാണാൻ നല്ല ഭംഗീണ്ടാവും.
കാറിൽ കേട്ട് കൊണ്ടിരുന്നത് മുഴുവനും പ്രണയ ഗാനങ്ങൾ ആയിരുന്നു. വെയിലിനു കനം വെച്ചിരുന്നില്ല പോവുമ്പോൾ.അതുകൊണ്ട് യാത്ര സുഖായിരുന്നു.ജോലിക്കു  പോണോരും കുട്ട്യോളും വണ്ടികളും ഒക്കെ ആയി റോഡിൽ നല്ല തിരക്കായിരുന്നു.ഇടക്കെപ്പഴൊക്കെയോ ഉറങ്ങി പോയിരുന്നു ഞാൻ.തിരക്ക് ആവണേനു മുന്നേ തൃപ്രയാർ കടന്നു.അവിടെ പിന്നേം ന്തൊക്ക്യോ മാറ്റങ്ങൾ ണ്ടായിരിക്കുന്നു.
കണ്ണിമ പൂട്ടാതെ,ആദ്യായി കാണണ കൂട്ട് ,കണ്ണെത്തുവോളം ഞാൻ നോക്കിയിരുന്നു ആ വഴികളെ ........
ന്നെ അറിയുന്ന ആ വഴികളെ .................
ഓരോ മുക്കിലും മൂലയിലുമൊക്കെ പതിഞ്ഞിരിപ്പുണ്ട് ആ പഴയ എന്റെ ദിവസങ്ങളുടെ ഓർമ്മകൾ.
ഞാൻ കണ്ടു തോളത്തൊരു ബാഗും തൂക്കി തല അൽപ്പം ചെരിച്ച് കുനിച്ചു പിടിച്ചു കൊണ്ട് നടക്കുന്ന ആ എന്നെ............
ആ ഞാൻ  ത്ര പാവായിരുന്നൂന്നോ!!!!!
അന്നെന്റെ മുഖത്ത് ഒരു സങ്കടായിരുന്നു എപ്പഴും.
കണ്ണുകളിൽ ദൈന്യതയും, നിസ്സഹായതയും, അപകർഷതയും ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്.ഉള്ളിൽ നിറഞ്ഞിരുന്ന സ്നേഹം,കൂട്ടി വെച്ചിരുന്ന സ്വപ്‌നങ്ങൾ,മോഹങ്ങൾ ഇവ യൊന്നും പുറത്തേക്ക് വന്നതേയില്ല. അതുകൊണ്ട് തന്നെ  ന്റെ മുഖത്തിന്‌ അശേഷം ചന്തംണ്ടായിരുന്നില്ല.പക്ഷെ ഇപ്പോൾ കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് ന്റുള്ളിലെ നന്മയും സ്നേഹവും  മുഖത്ത് നിറഞ്ഞു കൊണ്ട് ന്നെ ഭംഗിയുള്ളതാക്കിയിരിക്കുന്നുവെന്ന്.ഒരിക്കൽ പറഞ്ഞ പോലെ നീ  നല്കിയതാണ് സ്നേഹിക്കുക എന്ന എന്റെയീ സ്വഭാവം. അതിലൂടെ നീയെനിക്കിന്നു സൗന്ദര്യവും നൽകിയിരിക്കുന്നു.

തൃപ്രയാർന്ന് ഇടത്തോട്ടു പോവാൻ മുതലേ എനിക്കിഷ്ടല്ല്യ.പോവാണേൽ പരമാവധി കൊടുങ്ങല്ലൂർ വരെ.അത് കഴിഞ്ഞുള്ള യാത്ര എന്റെ ഇഷ്ടമേയല്ല.എറണാകുളം ന്ന നഗരം എനിക്കെന്തോ പേടിയാണ്.വല്യേ ഒരു ലോകം.എനിക്കൊട്ടും പരിചയമില്ലാത്തതെന്തൊക്കെയോ മാത്രേ അവടുള്ളൂ . അതോണ്ട് അവിടം എനിക്കൊട്ടും ഇഷ്ടല്ല്യ .അന്ന് തിരുവനന്തപുരത്ത് പോയപ്പഴും എനിക്കിതേ മനസ്ഥിതി ആയിരുന്നു.

കൃത്യം ഒരു മണിയ്ക്ക് ഇടപ്പിള്ളി എത്തി.ശ്രീച്ചി  ന്നെ കാത്തിരിപ്പുണ്ടായിരുന്നു. അവിടെ ലീലച്ചോൾ ക്ക് മാത്രേ ഏകാശി ഒരിക്കൽ ണ്ടായിരുന്നുള്ളൂ.കണ്ടപ്പഴേ ഞാനും ശ്രീച്ചീം പരസ്പരം ചെവി തിന്നാൻ തുടങ്ങി.എന്നും വിളിക്കുന്നതാണ്,ഏറെ മിണ്ടുന്നതും ആണ്.എങ്കിലും നേരിട്ട് പറയാൻ പിന്നേം ഏറെ ബാക്കി.പുതിയ സൌഹൃദങ്ങളെ,വാട്ട്സ് ആപ്പ് കത്തികളെ,ഫേസ് ബുക്ക്‌ പോസ്റ്റുകളെ ,പിന്നെ കൊറച്ച് പരദൂഷണോം...... ഇങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു.

തൊട്ടടുത്ത രണ്ടു ദിവസങ്ങളും വളരെ മനോഹരമായതൊരുപാട് കാര്യങ്ങൾ സംഭവിച്ച ദിവസങ്ങളായിരുന്നു.ചിലർ വളരെ വേഗം ഹൃദയത്തിൽ സ്ഥാനം പിടിക്കും.ഒരു ചിരി കൊണ്ടോ,ഒരു വാക്കു കൊണ്ടോ,ഒരു  ഒക്കെ.അങ്ങനെ പ്രിയപ്പെട്ടവരായ കുറച്ചു പേരുണ്ട് ഇപ്പോൾ എന്റെ ജീവിതത്തിൽ. അതിലൊരാളാണ് സൈറത്ത.വാക്കുകളിൽ നിറയുന്നത് നന്മ മാത്രം.ചിരിയിൽ സ്നേഹം മാത്രം.അതാണ്‌ താത്തൂനെ ഓർക്കുമ്പോൾ ആദ്യം പറയാൻ എനിക്കിഷ്ടള്ളത്.മലപ്പുറത്തിന്റെ അങ്ങേ അറ്റത്തും ഇങ്ങേ അറ്റത്തും ഞങ്ങൾ കണ്ടത് ആ ലുലു മാളിൽ വെച്ച്.അതോ ഒട്ടും പ്രതീക്ഷിക്കാതെ.(ഇതിനു മുൻപ് സുജേം കീയൂനേം കണ്ടത് ഇതുപോലൊരു വല്യേ സന്തോഷായിരുന്നു.)

ആ രാത്രി ഞാനെത്ര സന്തോഷത്തോടെ ആണെന്നോ ഉറങ്ങിയത്!!!!സ്വപ്നത്തിൽ ഞാനൊരു മാലാഖേ കണ്ടു.അതിന്റെ കയ്യും പിടിച്ച് നക്ഷത്രങ്ങൾക്കിടയിലൂടെ ഞാനിങ്ങനെ പറക്കുന്നത്........നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു ന്റെ കണ്ണുകൾ.ഒടുവിലെന്നെ മാലാഖ നിറയെ താമരകൾ വിരിഞ്ഞ ഒരു കുളപ്പടവിൽ കൊണ്ടെത്തിച്ചു.അതവിടെ ന്റെ ഇല്ലത്തെ കുളപ്പടവായിരുന്നു. അത്രേയ് കണ്ടുള്ളൂ.അപ്പഴേക്കും ഞാൻ എണീറ്റു.ആ സ്വപ്നത്തെ ഞാൻ പിന്നത്തെ ഒരു ദിവസം കൊണ്ടേറെ സ്നേഹിച്ചു.താലോലിച്ചു.

പിറ്റേന്ന് വെളുപ്പിനെ അവിടന്ന് പോന്നു.ന്റെ ഇല്ലത്തെത്തി. അങ്ങടുള്ള യാത്രയിൽ ഞാൻ ഞാൻ ഉറക്കത്തിലായിരുന്നു ഭൂരി ഭാഗം സമയോം.എങ്കിലും തൃപ്രയാർ ന്ന് തിരിഞ്ഞപ്പോൾ ഞാൻ എണീറ്റിരുന്നു.ഒരു അറിയാതെ ഓടിയെത്തി ഒരു ചിരി ന്റെ ചുണ്ടിലേക്ക്.പിന്നീടതൊരു വല്യേ പുഞ്ചിരി ആവണത് ഏറ്റവും സന്തോഷത്തോടെ ഞാൻ മനസിലാക്കി.മുത്തശ്ശന്റെ ചാത്തം (ശ്രാദ്ധം) ഊട്ടുകയായിരുന്നു വല്യച്ഛൻ.കാക്കകളൊന്നും വന്നില്ല കൈ കൊട്ട്യപ്പൊ.ആദ്യൊക്കെ അത് കാണുമ്പോ നിയ്ക്ക് വിഷമം തോന്നീരുന്നു.പക്ഷെ ഇപ്പൊ ല്ല്യ.ഒന്നാമത് കാക്കകൾക്ക് ഉപ്പോ,എരിവോ,പുള്യോ ഒന്നുംല്യാത്ത കൊറേ എള്ള് കലർത്ത്യ ഈ ഒണക്ക ചോറ് കഴിച്ച് ബോർ അടിച്ച്ണ്ടാവും.പിന്നെ ഈ മൊബൈൽ ടവർ കാരണം കാക്കകൾ ഒക്കെ കൊറഞ്ഞു ത്രെ!!!ന്നാലും വന്ന്ണ്ടാവും മുത്തശ്ശൻ അത് കഴിക്കാൻ.അല്ലെ?????


മോളി അച്ചോൾ കൊറേ കപ്പ പറച്ചു തന്നു കൊണ്ടൊക്കോന്നും പറഞ്ഞ്.രണ്ടു മണിക്കൂറെ അവിടെ ഇരിക്കാൻ സമയം കിട്ട്യൊള്ളൂ .ന്നാലും ശ്ശി സന്തോഷം തോന്നി.പണ്ട് ഓണത്തിന് പൂവിടാൻ വേണ്ടി പറമ്പിൽ വല്ല പൂവുംണ്ടോന്നു തപ്പി നടന്നിരുന്ന കാലത്ത് ഒരു വെളുത്ത പൂവ് കണ്ടിരുന്നു.ഇങ്ങട് എത്ത്യേ പിന്നെ അത് കണ്ടിട്ടേല്ല്യാരുന്നു.കപ്പ പറിക്കാൻ പോയപ്പോണ്ട്ടാ ദേ നിക്കണൂ ആ പൂവ്കൊറേ കൊറേ.........എനിക്ക് പിന്നേം സന്തോഷായി.ഓടി പോയി കൊറേ ഫോട്ടോങ്ങട് എടുത്തു.പറമ്പ് പൂട്ടിക്കാൻ ഏൽപ്പിച്ച്ണ്ട് ത്രെ.അല്ലാതെ പാകല്ല്യ.നിറച്ചും തൊട്ടാവാടി ആണ്.കാലെടുത്തു വെക്കാൻ പറ്റാത്ത വിധം.ഓറഞ്ച് കൊങ്ങിണി പൂവിനേം കണ്ടു കൊറേ കാലം കൂടി.മണം കൊറഞ്ഞ പോലെ തോന്നി.

ഒറ്റ മാവും പൂത്തില്ല ഇനീം.ഒക്കേം നല്ലോം തളിർത്ത് നിക്കണൂ.ഏറ്റോം ഭംഗി ചന്ദ്രക്കാരൻ തളിർത്തത് കാണാനായിരുന്നു.മുറ്റത്തെ പടിക്കലെ പുളി നിറയെ കായ്ച്ച്ണ്ട് .പുളിങ്ങ വീണു തുടങ്ങീല്ല.

പിന്നിലെ പാടത്തിന്റെ വക്കത്തേക്ക് പോയി. പാടം മുഴോനും വെള്ളാണ്.മഴ ഇനീം തീർന്നില്ല്യാലോ!!!!പാടത്തിന്റെ നടുക്കൊരു തോടുണ്ട്.
അതിൽ നിറയെ ചോപ്പാമ്പൽ പൂത്തു നിക്കണ കണ്ടു.വല്യേ വല്യേ അക്കാ പൂ(ആമ്പൽ).ദൂരേന്നെ കാണാൻ പറ്റ്യോള്ളൂ .അങ്ങട് പോവാൻ ഒരു മാർഗോംല്ല്യായിരുന്നു.അതെനിക്ക് ശരിക്കും സങ്കടായി.
ചോപ്പാമ്പൽ കണ്ടിട്ട് അത്രേം വല്യത് കണ്ടിട്ട് ത്ര കാലായി!!!!!!!
വളരെ മൃദുവായ ഗന്ധാണ് അതിന്.പണ്ട് പറമ്പിലുള്ള ആരേലുമൊക്കെ ത്രയാന്നോ കൊണ്ട് തന്നിരുന്നേ!!!!!നീണ്ട തണ്ട് രണ്ടാക്കി പൊട്ടിച്ച് മാല ആക്കീരുന്ന ആ കാലം.നടുവിൽ ലോക്കറ്റ് എന്നപോലെ ആമ്പൽ.ചുമരിലെ ദൈവങ്ങൾക്കൊക്കെ നിരത്തി ചാർത്തി കൊടുക്കും ആ മാലകൾ.പിറ്റെ ദിവസം ഇതളുകൾ അടർത്തി എടുക്കും.കണ്ണുകൾക്ക്‌ മേലെ ഒട്ടിച്ച് വെക്കും.ഉള്ളിലെ ആ മഞ്ഞ ഭാഗം(അതിനെ ന്താ പറയാന്ന് എനിക്കിനീം നിശല്യ)തിന്നും.ഹോ.....ഒരു നിമിഷം കൊണ്ട് ഞാൻ പഴേ കുഞ്ഞു ഉമേടെ അടുത്തേക്ക് എത്തി.ക്യാമറ സൂം ചെയ്ത് കിട്ടാവുന്ന പോലൊരു ഫോട്ടോയും എടുത്ത് കൊറച്ചു നേരം കൂടി ഒന്നടുത്തു കാണാൻ സാധിച്ചില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ട് നിന്ന് തിരിച്ചു പോന്നു.

മുളയിലകളുടെ അറ്റത്തും,കുഞ്ഞ്യേ മുള്ളുകളിലും പറ്റിപ്പിടിച്ച് നിന്നിരുന്ന മഞ്ഞു തുള്ളികൾ..... അതിനേം നോക്കി നിന്ന് അൽപ്പ  നേരം.ഈ മഞ്ഞു തുള്ളീടേം,മഴ തുള്ളീടേം ഒക്കെ ഫോട്ടോ എടുക്കാൻ പഠിക്കണംന്ന് കൊറച്ചു കാലായിട്ടുള്ള ന്റെ മോഹാണ്.അത് പഠിച്ചിട്ടേ ഇനി അതിനു ശ്രമിക്കൂന്നും തീരുമാനിച്ച്ണ്ട്.മുത്തശ്ശി ണ്ടാക്ക്യ അട ദോശേം കഴിച്ച് തിരിച്ച് പോന്നു. ഏകാശി കടകൾ പോയിരുന്നില്ല.കൊറച്ച് പൊരീം ഉഴുന്നാടേം വാങ്ങിച്ച് തിരിച്ച് പോന്നു.

പോരുമ്പോൾ എന്നും ഏറ്റോം അധികം യാത്ര പറയാറുള്ളത് ഇറയത്തെ തൂണുകളോടും, പുറത്തെ മുറീലെ പടിക്കലേക്കുള്ള ജനാലകളോടും, മുറ്റത്തെ പാരിജാത്തതിനോടും, ഇല്ലത്തെ പിന്നിലെ ചന്ദ്രക്കാരനോടും, കുളത്തിനോടും, ചോപ്പാമ്പൽ നിറഞ്ഞ പാടത്തിനോടും ഒക്കെയാണ്.അതീ തവണേം ആവർത്തിച്ചു.ഇ പ്രാവശ്യം ന്തോ സങ്കടം കൊറച്ചു കൂടുതലയിരുന്നോ!!!!!!!




Sunday, October 27, 2013

സ്നേഹത്തോടുള്ള ന്റെ സ്നേഹം.

മിനിഞ്ഞാന്നത്തെ പത്രത്തിൽ ഒരു കോളത്തിൽ ഓരോരുത്തരും അവർക്കിഷ്ടമുള്ള വാക്കിനെ കുറിച്ച് പറഞ്ഞത് കണ്ടു.എനിക്കാ കോളം  ഇഷ്ടായി. ഈയിടെ കുറച്ചു കാലായിട്ട്  വാക്കുകളേം അക്ഷരങ്ങളേം കുറിച്ച് ചിന്തിക്കൽ എനിക്ക് പ്രധാനാണ് . വായനയൊക്കെ കൊറവാണെങ്കിലും എഴുതുകാന്ന കഴിവില്ലെങ്കിലും വാക്കുകളും അക്ഷരങ്ങളും ഒക്കെ എനിക്കേറെ പ്രിയപ്പെട്ടതാണ്.അവരോട് നിയ്ക്ക് വല്യേ സ്നേഹാണ്.അവ നല്ല രീതിയിൽ ഉപയോഗിക്കുന്ന ആളുകളോട്  ബഹുമാനോം ആണ്.

അത് വായിച്ചപ്പൊ ഞാനും ഓർത്തു നിയ്ക്ക് പ്രിയപ്പെട്ട വാക്കുകൾ ഏതൊക്കെന്ന്.ഏറ്റവുമിഷ്ടം "സ്നേഹം" തന്നെ.അതിന്റെ പര്യായങ്ങളേം,പല ഭാവങ്ങളേം അതിനെ വർണ്ണിക്കുന്ന,ഉപമിക്കുന്ന വാക്കുകളേം ഒക്കെ നിയ്ക്കിഷ്ടാണ്.എങ്കിൽ പോലും സ്നേഹമെന്ന പദം എന്നെ വല്ലാതെ കീഴ്പ്പെടുത്തുന്നു.ആ അനുഭവവും.സ്നേഹത്തെ കുറിച്ച് പറയുന്നവൻ യഥാർത്ഥത്തിൽ സ്നേഹമെന്തെന്ന് അറിയാത്തവനാണത്രേ!!!!!! കാരണം യഥാർത്ഥ സ്നേഹം ഒരിക്കലും വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത ഒന്നാണ്. അങ്ങനെ എന്തോ എവിടുന്നോ ഞാൻ വായിച്ച്ണ്ട്. അത് സത്യമാണെങ്കിൽ കൂടിയും ഞാൻ വൃഥാ ശ്രമിക്കാറുണ്ട് എന്റെയുള്ളിലെ സ്നേഹത്തെ വാക്കുകളിൽ നിറയ്ക്കാൻ.

ഇത്രത്തോളം മൃദുവായ എന്നാൽ മൂർച്ചയുള്ള ,അളക്കാനാവാത്ത ആഴവും പരപ്പുമുള്ള, മറ്റൊന്നിനുമില്ലാത്തത്ര വിശുദ്ധിയും സൌന്ദര്യവുമുള്ള ,
 എത്രയൊക്കെ  പറഞ്ഞാലും പിന്നേയും പറയാൻ  അവശേഷിക്കുന്ന മറ്റേത് വാക്കാണുള്ളത് !!!! എനിക്കിനിയും കണ്ടെത്താനായിട്ടില്ല .പത്മ പറഞ്ഞത് പോലെ അദൃശ്യമായ ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കിൽ .ഈ പ്രപഞ്ചത്തെ മുഴുവനും ഉൾക്കൊള്ളുന്ന ഒരു വാക്ക്.അതുകൊണ്ട് തന്നെ ആ വാക്കിനോട് എനിക്ക് തീരാത്ത ആരാധനയാണ്.സ്നേഹമെന്ന അനുഭവത്തോട്‌ തീരാത്ത സ്നേഹവും.അതെ,സ്നേഹത്തിന്റെ ഉപാസകയാണ് ഞാൻ. എനിക്കിഷ്ടമാണ് സ്നേഹത്തെ കുറിച്ച് ചിന്തിക്കാനും, സംസാരിക്കാനും, എഴുതാനും ഒക്കെ.സ്നേഹിക്കപ്പെടുന്നതിനേക്കാൾ ഇഷ്ടമാണ് സ്നേഹിക്കാൻ.ഓരോ തവണയും സ്നേഹമെന്ന വാക്കുച്ചരിക്കുമ്പോൾ , അതെഴുതുമ്പോൾ, എന്റെയുള്ളിൽ അത് നിറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇപ്പോൾ ഈ നിമിഷത്തിൽ പോലും എവിടെ നിന്നോ ഒഴുകിയെത്തുന്നുണ്ട് എന്നിലേക്കീ സ്നേഹം.

സ്നേഹവും ഇഷ്ടവും ഒന്നാണോ??????എനിക്കറിയില്ല.പ്രേമമെന്ന വാക്കിൽ ഒരു ഭക്തിയുണ്ട് .പ്രണയത്തിൽ ഒരു കാൽപനികതയും.രാഗമെന്നത് സാഹിത്യഭംഗി തുളുമ്പുന്ന ഒന്നാണ്.ഈ വാക്കുകളെല്ലാം തന്നെ  എനിക്കിഷ്ടമാണ്. ഇവയെല്ലാം സ്നേഹമെന്ന പദത്തിൽ എത്ര ഭംഗിയായി സമന്വയിച്ചിരിക്കുന്നു എന്നെനിക്ക് തോന്നാറുണ്ട്.ഇതൊക്കെ എന്റെ മാത്രം തോന്നലുകളാണ്. ഒന്നുണ്ട്, സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും തീർച്ചയായും ഭാഗ്യം വേണം. ഒപ്പം സ്നേഹത്തോളം വല്യൊരു മനസ്സും.ആ ഭാഗ്യവും ആ മനസ്സും എനിക്കുണ്ടെന്ന് എല്ലാവർക്കും എന്നോടുള്ള സ്നേഹം കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്.

സ്നേഹത്തിന്റെ ഏറ്റവും സുന്ദരമായ മുഖം സംശയമില്ലാതെ തന്നെ പറയാം അമ്മയുടേതെന്ന്.അതുകൊണ്ട് അമ്മയെന്ന വാക്കും എനിക്കേറെ പ്രിയം തന്നെ. പക്ഷെ......ആ സ്നേഹം ......എനിക്കത് നഷ്ടമാണ്.
എന്നിലേക്കെത്തിയ സ്നേഹം..........
ഇങ്ങനെയൊക്കെ  തോന്നാൻ മാത്രം സ്നേഹമെന്ന അനുഭൂതിയെ  കാലം എന്നിലേക്കെത്തിച്ചത് നിന്നിലൂടെയാണ്.
ഒരക്ഷരത്തിലൂടെ ......ഒരു വാക്കായി മാറിയ നീ...........
ഒരു വാക്കിലൂടെ ........എന്നിലെ സ്നേഹത്തെ പൂർണ്ണമാക്കിയ നീ................
നീ എത്ര മനോഹരമായ വാക്കാണ്‌!!!!!!!
മറ്റാരേക്കാളുമധികം നീയെന്നെ സ്നേഹിക്കുന്നു.
അതുകൊണ്ട് തന്നെ " നീ " എനിക്കേറെ പ്രിയപ്പെട്ട മറ്റൊരു  വാക്കാണ്‌.
നിന്നിലൂടെ പൂർണ്ണത നേടിയ എന്റെ സ്നേഹം പോലെ!!!!!

കടൽ കാണുമ്പോൾ എന്റെയുള്ളിൽ ഒരു കടലോളം സ്നേഹം നിറയുന്നു. നിന്നിലേക്ക്‌ മാത്രമായി ഒഴുകുന്നൊരു സ്നേഹക്കടൽ അപ്പോഴെന്റെയുള്ളിൽ അലയടിക്കുന്നതായി എനിക്കനുഭവപ്പെടുന്നു. അതുകൊണ്ട് കടൽ എന്ന വാക്കിനോടെനിക്കേറെ ഇഷ്ടമാണ്.
അടഞ്ഞ കണ്ണുകൾക്കുള്ളിലേക്ക് സ്വപ്നങ്ങളുടെ തേരിലേറി നീ വന്നപ്പോൾ മുതൽ, പിടിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് നിന്റെയീ മിഴികളിലുണ്ടെന്നു നീ പറഞ്ഞപ്പോൾ മുതൽ ഞാനെന്റെ മിഴികളേയും,മിഴികളെന്ന വാക്കിനേയും ഇഷ്ടപ്പെടാൻ തുടങ്ങി.നിന്നെ നിറച്ച മനസ്സിൽ , നീ നിറയ്ക്കുന്നത് നിലാവിനോളം ചന്തമുള്ള പ്രകാശമാണ്.അതുകൊണ്ട് തന്നെ നിലാവെന്ന വാക്കിനോടും എനിക്കിഷ്ടമാണ്.

മഴ കാണുമ്പോഴും,അതിൽ നനയുമ്പൊഴും എനിക്ക് തോന്നാറുണ്ട് എന്റെയുള്ളിൽ സ്നേഹം മാത്രമേ ഉള്ളൂ എന്ന് .പെയ്തു പോവുന്ന, എന്നെ നനയിച്ച  ഓരോ മഴയിലും ഞാനറിഞ്ഞ അമ്മക്കൊതി .....
നിന്റെ സ്നേഹം ഒരു തോരാമഴയെന്നും ഈ മഴ നനയാൻ ഇനിയുമൊരുപാട്  ജന്മം നേടണമെന്നുമുള്ള  നിന്റെ വാക്കുകൾ  ...........
പെയ്യാൻ കൊതിക്കുന്നൊരു കുഞ്ഞു മേഘം എപ്പോഴും നിന്റെയുള്ളിലുണ്ടെന്നും,നിന്റെ വാക്കുകൾക്കെപ്പോഴുമൊരു  മഴ നനവാണെന്നുമുള്ള പ്രിയ സുഹൃത്തിന്റെ വാക്കുകൾ .........
മഴയെന്ന വാക്ക് എന്നിലൊരുപാട് സ്നേഹമുണ്ടാക്കിയിട്ടുണ്ട്.
അതുകൊണ്ട് മഴയെനിക്ക് സ്നേഹത്തിന്റെ മറ്റൊരു വാക്കാണ്‌.

കാരണങ്ങളില്ലാതെ പലപ്പോഴും കരഞ്ഞപ്പോഴും,വിരഹം കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചപ്പോഴും, നിന്നിൽ ഞാൻ കാണുന്നതെന്നെ തന്നെയെന്ന് നാം പരസ്പരം മനസിലാക്കിയപ്പോഴും ,ആ വാക്കുകളോടൊക്കെയും  ഇഷ്ടമായി. ഓരോ നക്ഷത്രങ്ങളിലും സൌഹൃദങ്ങളുടെ മുഖങ്ങളെ ചേർത്തു വയ്ക്കാൻ തുടങ്ങിയപ്പോൾ , സന്തോഷങ്ങളുടെ പങ്കു വെക്കലുകൾ കൽക്കണ്ടം പോലെ മെല്ലെ മെല്ലെ അലിഞ്ഞ് മധുരമായി ഉള്ളിൽ ശേഷിച്ചപ്പോൾ സൌഹൃദത്തോടും ഇഷ്ടമായി.ഓരോ പൂമണങ്ങളിലും ഓർമ്മകൾ അനുഭവപ്പെട്ടപ്പോൾ, കൂട്ടി വെച്ച മഞ്ചാടി മണികൾ  നിനക്കായുള്ള കാത്തിരിപ്പെന്നു കരുതാൻ തുടങ്ങിയപ്പോൾ,ഓർമ്മകളെന്ന വാക്കെനിക്കേറെ പ്രിയമായി. എന്നെന്നുമുള്ള കുഞ്ഞു കുഞ്ഞു മോഹങ്ങളായ പളുങ്ക് വളകൾ, ശംഖു മാല, അരികിൽ തവിട് നിറമുള്ള കക്കകളൊട്ടിച്ച കണ്ണാടി , മയിൽപ്പീലിയും  അപ്പൂപ്പൻ താടിയും ഒട്ടിച്ച തൊപ്പി അവയോടുമിഷ്ടം  തന്നെ.

സ്വപ്നങ്ങളിലെ പതിവുകളായിരുന്ന ചെമ്പക മണമുള്ള കാറ്റ്,കാടിന്റെ പച്ച, മുളങ്കൂട്ടത്തിന്റെ പാട്ട് നീലാകാശവും വെള്ളി മേഘങ്ങളും ഒരിക്കലും മാറാത്ത ഇഷ്ടങ്ങൾ.കണ്‍പീലികൾ പരസ്പരം ചേർത്തു  വെച്ച് ഒരില വീഴുന്ന പോൽ  നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക്ക് മെല്ലെ വന്നു പതിയണം.അങ്ങനൊരു ചുംബനം നീയെനിക്കെന്നോ എന്റെ സ്വപ്നങ്ങളിലേതിലോ നൽകിയിട്ടുണ്ട്.പിന്നെ പിന്നെ ചുംബിക്കുക എന്ന വാക്ക് കേൾക്കുമ്പോൾ എനിക്കതാണ്‌ ഓർമ്മ വരാറ്. ഈ ഓർമ്മ കൊണ്ട് ആ വാക്കും ഇന്നെനിക്കേറെ പ്രിയമാണ്.

നഷ്ടപ്പെടലുകളും സ്നേഹം തന്നെയാണ്. നഷ്ടപ്പെടൽ തന്നെയാണ് സ്നേഹത്തിന്റെ മാറ്റ് കൂട്ടുന്നത്. പകരം  വെക്കാനാവാത്ത  എനിക്ക്സംഭവിച്ച സ്നേഹനഷ്ടങ്ങൾ...... അവയെ നൊമ്പരങ്ങൾ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. പ്രിയമേയുള്ളൂ അതിനോടും.
അതുകൊണ്ടല്ലേ ഒരേ സമയം നേട്ടവും നഷ്ടവുമായി നീയെന്നിലിങ്ങനെ..............!!!!

Thursday, September 26, 2013

കഴിഞ്ഞു പോയ ഈ മഴ ദിവസങ്ങളുടെ ഓർമ്മയ്ക്കായി .............!!!!!!

                              മഴ കൊണ്ട് മാത്രം ജനിക്കുന്ന പോസ്റ്റുകൾ ചിലതുണ്ട് എന്റെ ബ്ലോഗിൽ .........അതിലൊന്നാണ് ഇത്(ഈ വരികൾക്ക് സ്പിരിറ്റിലെ പാട്ടിനോട് കടപ്പാട്  :) ). കുറച്ചു നാളായി വാക്കുകൾ ന്നോട് കട്ടീസിലാന്നു തോന്നുന്നു. അപ്പൊ ഞാൻ, അത്യാവശ്യത്തിന് ഭംഗിയില്ലായ്മയുള്ള എന്റെയീ ചിത്രങ്ങളെ കൂട്ട് പിടിച്ച് പോസ്റ്റാൻ തീരുമാനിച്ചു. ന്നോടാ......കളി . ന്നാലും,നിയ്ക്കിഷ്ടാണ് ഞാനെടുത്ത ഈ കുഞ്ഞു ചിത്രങ്ങളെ. ഇതിൽ നോക്കിയാൽ എന്റെയീ മഴ ദിവസങ്ങളിൽ എനിക്ക് വീണ്ടും വീണ്ടും നനയാനാകും. ഈ മഴത്തുള്ളികളോട് പങ്കു വെച്ച ചിരികളിൽ വീണ്ടും മനസ് നിറയ്ക്കാനാകും . ഈ മഴത്തുള്ളികളിൽ ചേർത്ത് വെച്ച കണ്ണീരിനെ നോക്കി വീണ്ടും കണ്ണു നിറയ്ക്കാനാകും. 

 വാഴയിലയിലെ മഴത്തുള്ളികളുടെ ഭംഗി ഞാൻ ആദ്യം കണ്ടത് ഒരുപാട് പ്രിയപ്പെട്ട ഒരു ചങ്ങായീടെ ബ്ലോഗിലാണ്. ആ ഭംഗിയൊന്നും ഇതിനില്ലെങ്കിലും എനിക്ക് പ്രിയമാണ് എന്റെ മുഖത്തും ഈ മഴത്തുള്ളികൾ ഉമ്മ വെച്ചുവെന്നു എനിക്ക് തോന്നാറുണ്ട്. ന്റെ ഈ ഫോട്ടോക്ക് കണ്ണ് കിട്ടാതിരിക്കാനാണോ ആ കുഞ്ഞു കരട് അവിടെ പറ്റിച്ചേർന്നു നിക്കണേ ???????? :)

ഈ മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞ എന്റെ ഇല്ലത്തെ കുളം. മരോട്ടിക്കായുടെ മരത്തിന്റെ കൊമ്പുകളാണ് ചാഞ്ഞു നിക്കണത് . ത്രേം നല്ല കുളംണ്ടായിട്ടും ഞാൻ  നീന്തൽ പഠിച്ചില്ല . മീനിനെ പേട്യായോണ്ട് വല്തായേനു ശേഷം ഞാൻ കുളത്തിൽക്ക് ഇറങ്ങന്നെല്യ. മൂന്നു കടവുകൾ ഒക്കെ ഉള്ള നല്ല കുളായിരുന്നു . ഇപ്പൊ ആകെ കേടായി. പടവുകൾ ഒക്കെ ആകെ പൊട്ടിപ്പൊളിഞ്ഞു കേടായി . ന്നാലും എനിക്കിത് ഏറെ പ്രിയാണ്. കുഞ്ഞു കുട്ടി ആയിരുന്നപ്പോ മുത്തശ്ശീടെ കൂടെ പോയി മൂക്ക് പിടിച്ച് മൂന്നു തവണ മുങ്ങി കുളിക്കുമായിരുന്നു. പിന്നെ  ന്റെ ബടുക്കൂസ്തരങ്ങൾ കേട്ടോണ്ടിരുന്ന ഒരു ചങ്ങായിയായി. ഇപ്പോഴിപ്പോ ഇത് കാണുമ്പോ ഞാൻ അങ്ങേ അറ്റം പ്രണയിനി ആവും. കാരണം ഇപ്പൊ ഈ കുളത്തിലെ ഒരു പടവിൽ നിനക്കൊപ്പം ഇരുന്ന് നിലാവ് കാണണംന്ന് ന്റെ വല്യേ മോഹാണ്. മഴ നനയണംന്നും.

 മഴ നനഞ്ഞ മഞ്ചാടി പൂവ്. കഴിഞ്ഞ കഴിഞ്ഞ ഡിസംബറിൽ പോയപ്പോഴാണ് ഞാൻ ആദ്യായി മഞ്ചാടി പൂ കാണുന്നത്. ഈ മഴക്കാലത്ത് പോയപ്പഴും കണ്ടു. നല്ല മണമൊന്നും അല്ല .കാണാൻ നല്ലചന്തംണ്ട്ന്നു മാത്രം .



 ഈയിടെയാണ് നാലുമണി പൂക്കളെ പറയണ വേറെ പേരാണ് അസർമുല്ല എന്ന് ഞാൻ അറിഞ്ഞത്. നിന്നിലൂടെ ഇഷ്ടപ്പെട്ടു തുടങ്ങിയ ഇവയെ ഇപ്പൊ നിന്നോളം ഇഷ്ടാണ്. എനിക്ക് നിന്നോടുള്ള ഇഷ്ടം നിന്നെക്കാൾ അധികം അറിയുന്നതും ദേ എനിക്ക് പ്രിയപ്പെട്ട ഇവർക്കാണ് . മഴ നനഞ്ഞെത്ര സുന്ദരികളായാണ് ഈ നിൽപ്പ് . അല്ലെ???

 ഇങ്ങനെ ഒരോർമ്മ ഇനിയുള്ള തലമുറയ്ക്ക്‌ണ്ടാവ്വോ ?????ന്തോ.......തോന്നീല്ല്യാ. ഒരു വലിയ വൈരക്കല്ല്  പോലെ......
എത്ര നിഷ്കളങ്കം,
എത്ര സുന്ദരം,
ഒരു മഴതുള്ളി കൊണ്ട് സുന്ദരിയാക്കപ്പെട്ട ഒരില.
ഇതുപോലെയാണ് നീയും.
അലങ്കാരങ്ങൾ ഒന്നുമില്ലാത്ത എന്നെ ഏറെ മനോഹരിയാക്കുന്നു നിന്റെ പ്രണയം.
 ഈ ചിത്രം എനിക്കറിയില്ല എന്തുകൊണ്ടാണിത്ര ഇഷ്ടം എന്ന്. എന്നോടെന്തൊക്കെയോ പറയണ പോലെ തോന്നും. ന്താന്നറിയില്ല  എനിക്കിത്പ ഴയ കാലത്തെ, അച്ഛമ്മേടെ ഒക്കെ ചെറുപ്പ കാലത്തെ ഓർമ്മിപ്പിക്കും. ബ്ലാക്ക് ആൻഡ്‌ വൈറ്റ് ഫോട്ടോകൾ എടുക്കാൻ എനിക്ക് വല്യേ ഇഷ്ടാണ്. പക്ഷെ അതെങ്ങനെ എടുക്കണം എന്നൊന്നും എനിക്ക് നിശല്ല്യ. പക്ഷെ ഈ ഫോട്ടോയെ ഞാനാദ്യായിട്ടെടുത്ത ബ്ലാക്ക് ആൻഡ്‌ വൈറ്റ് ഫോട്ടോ ന്നാ വിളിക്ക്യാ!!!!!

 മുങ്ങിയും പൊങ്ങിയും അങ്ങനെ...................
എവിടെയെങ്കിലും ചെന്ന് ചേരുമായിരിക്കും,
കണക്കു കൂട്ടലുകൾ ഇല്ലാതെയുള്ള ഈ യാത്ര. ഒടുവിൽ ചെന്നടിയുന്നത് നിന്നിൽ തന്നെ ആയിരിക്കും.
നിന്നിൽ തുടങ്ങി ,
നിന്നിലൂടെ ഒഴുകി,
നിന്നിലേക്കവസാനിക്കുന്ന ഞാൻ............!!!!!
 ഒരിക്കൽ നീ പറഞ്ഞ പോലെ നമുക്ക് പോണം.
ഒരു മഴയിലൂടെ തുടങ്ങുന്ന യാത്ര.
മഴ നനഞ്ഞു കൊണ്ട് , കൈകൾ കോർത്ത്‌ പിടിച്ചു കൊണ്ട് , ഒന്നും മിണ്ടാതെ നടക്കണം.
യാത്ര തീരുന്നത് ആ പുഴയോരത്താവണം.
മഴ നനഞ്ഞ പൂക്കളിറുത്ത് മാല കെട്ടി പരസ്പരം ചാർത്തണം.
പുഴയിലേക്ക് വീണൊഴുകുന്ന പൂവിതളുകളിൽ കൈ നീട്ടി തൊടണം .
ഉള്ളിലുള്ള സ്നേഹത്തിന്റെ വറ്റാത്ത  ഉറവ നിന്നിലേക്കൊഴുകി നിന്നെ നനയ്ക്കാൻ  തുടങ്ങുമ്പോൾ,
നീയുമീ മഴയും ഒരു പോലെയെന്നെന്റെ കാതിൽ പറഞ്ഞു കൊണ്ട് കെട്ടിപ്പിടിക്കണം.
അമർത്തി ഉമ്മ വെക്കണം.
കണ്ട സ്വപ്നങ്ങളെ ആ വാകമരച്ചോട്ടിലിരുന്ന് പങ്കു വെക്കണം.
നിന്നോടുള്ള സ്നേഹം ഒടുവിലെപ്പോഴോ കവിളിൽ ഒട്ടിപ്പിടിച്ച കണ്ണീരായി മാറുമ്പോൾ, അത്   കൊണ്ടോകാൻ വീണ്ടും മഴ വരുമ്പോൾ
എന്റെ കണ്ണീരു പോലും നിന്റെയെന്നു പറഞ്ഞു നീ മഴയ്ക്ക് കൊടുക്കാതെ അവയെ എങ്ങോ ഒളിപ്പിക്കണം.

സങ്കടങ്ങൾ , ഈ കാർമേഘം പോലെ എന്റെയുള്ളിൽ നിറഞ്ഞു നിൽക്കുമ്പോൾ എന്റെ കണ്ണീരിനു  പെയ്യാൻ വേണ്ടി നീയൊരു കാറ്റാവണം.
ആ കണ്ണീർ മഴയിൽ നനയുന്ന എന്റെ മനസ്സിൽ നിറയുന്നത് വീണ്ടും നിന്നിൽ പെയ്യാൻ വേണ്ടിയുള്ള സ്നേഹത്തിന്റെ മഴക്കാറുകൾ ആവും.
അപ്പോൾ നീയെന്നെ സ്നേഹമഴ എന്ന് വിളിക്കണം.


മഴപ്പച്ച .
ഓരോ മഴയും ഓർമ്മകളാണ് .
ഓർമ്മപ്പെടുത്തലുകളുമാണ്.
ഓർമ്മകൾക്ക് പച്ച നിറമാണ്.
ഇപ്പോൾ നിന്റെ പ്രണയം നിറയ്ക്കുന്നതും പച്ച തന്നെ.
നീ നൽകിയ പച്ച എന്റെ ജീവിതത്തിനെ ഏറെ മനോഹരമാക്കുന്നുണ്ട് .




Wednesday, September 4, 2013

നീയെന്ന നോവും , അമ്മയെന്ന നഷ്ടവും............................

ഒരു ചിരി എത്ര പെട്ടെന്നാണ് കണ്ണീരിലേക്ക്  മാറുന്നത്!!!!!!!!!
ഒരു സന്തോഷം എത്ര പെട്ടെന്നാണ്  സങ്കടായി മാറീത് !!!!!!!
അതെ  ജീവിതം ഇങ്ങനെ ഒക്കെ തന്നെ എന്നറിയാം.
എന്നിട്ടും ചിലപ്പോഴൊന്നും ഉൾക്കൊള്ളാൻ ആവുന്നില്ല.
എങ്കിലും പിന്നെയും ജീവിക്കുന്നു.
നഷ്ടപ്പെടൽ മാത്രമാണ് സ്നേഹത്തിന്റെ അളവുകോൽ.
പണ്ടെപ്പോഴോ ഞാനെഴുതിയ ഒരു വരി ഇന്നു വീണ്ടും മനസ്സിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഒരു സ്നേഹമുണ്ടായിരുന്നു.
ഒരിക്കലും എന്നിൽ നിന്നും അടർന്നു പോവില്ലെന്ന് കരുതിയ ഒന്ന്.
പക്ഷെ ഇന്നത്...............

കരയാൻ തുടങ്ങിയാൽ കരയിക്കാനുള്ള ഓർമ്മകൾ വരും.
അതിലിപ്പോൾ  നീയും......................
പക്ഷെ നിന്റെ ഓർമ്മകളിൽ ചിരിക്കാനെന്ന പോലെ കരയാനും എനിക്കിഷ്ടമാണ്,കണ്ണീർ  നിറഞ്ഞു കൂടി കണ്ണുകൾ നോവുന്നത് .................
ആ നോവിൽ പലപ്പോഴും ഞാൻ പൊള്ളിപ്പോവാറുണ്ട് , 
ശ്വാസം കിട്ടാതെ പിടയാറുണ്ട്, 
ഹൃദയമിടിപ്പ്‌ നിലച്ചുപോയെന്നു തോന്നാറുണ്ട്.
എങ്കിൽ പോലും നീയെന്ന നോവിനെ എനിക്കിഷ്ടാണ്.
ഓരോ  തുള്ളി കണ്ണീരിലും നിന്നോടുള്ള സ്നേഹം മാത്രമാണ്.

നിന്നെ  മാത്രം നിറച്ചൊരു മനസ്സ് ............
നിനക്ക് മാത്രം നൽകാനായി നിറയുന്ന സ്നേഹം....................
നിന്നെ സ്നേഹിച്ചു മതിയാവുന്നേയില്ലല്ലോ !!!!!!

ജീവിതം പകുതിയോ അതിലേറെയോ എത്തിയിട്ടും
നിന്നോടോപ്പമുള്ള പ്രണയകാലമാണ് ഇപ്പോഴുമെന്റെ സ്വപ്നങ്ങളിൽ .
ആ സ്വപ്നങ്ങളുടെ  തോരാമഴയിലാണ് എന്നിലെ പച്ചപ്പ്  നിലനിൽക്കുന്നത് .
നിന്നെ മറക്കണമെങ്കിൽ  ഇനിയാ മഴ തോരണം.

പക്ഷെ നീ ............
നീ എന്നിൽ  നിന്ന് പിന്നെയും പിന്നെയും ദൂരേയ്ക്ക് ദൂരേയ്ക്ക് ............
നിന്റെ ഓർമ്മകളിൽ ഞാൻ മരിച്ചുവോ ????
എന്റെ ഓർമ്മകൾക്ക് നീ ബലിയിട്ടുവോ ?????????????

*******************************************************************************

കണ്ണീരിന്റെ ഒഴുക്കിന് ശക്തി കൂടിയത് നഷ്ടപ്പെടലുകളിൽ അമ്മ മണം നിറഞ്ഞപ്പോഴാണ്.
ആ നഷ്ടം അത് സഹിക്കാനാവണില്ലല്ലോ......
നികത്താനുമാവില്ല .
അത് നഷ്ടപ്പെട്ടാൽ ജീവിതം മുഴുവനും ഒരു അരക്ഷിതാവസ്ഥയുണ്ടാവും.
എത്രയൊക്കെയുണ്ടായാലും ജീവിതത്തിൽ ഒരു അപൂർണ്ണത തോന്നിക്കൊണ്ടേയിരിക്കും.
അതാണ്‌ അമ്മ.

അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളെ കുറിച്ച് ധാരാളം കാണാറുണ്ട്.
പക്ഷെ മക്കളെ ഉപേക്ഷിച്ച അമ്മമാരെ........
ആ മക്കളുടെ സങ്കടത്തെ,അവർക്ക്  സ്വന്തമാക്കപ്പെടുന്ന പേടിപ്പെടുത്തുന്ന ഒറ്റപ്പെടലിനെ കുറിച്ച് കേൾക്കുന്നത് അപൂർവ്വമാണ്.
മറ്റുള്ളവരുടെ മുന്നിൽ പരിഹസിക്കപ്പെട്ടു ജീവിക്കേണ്ടി വരുന്നതിന്റെ നിസ്സഹായത,
ജീവിതത്തിൽ ഒന്നുമൊന്നും ആവാനാകാതെ പോയതിന്റെ സങ്കടം, നിരാശ, തോറ്റു പോയവൾ എന്ന ചിന്ത ഒക്കെ ജീവിതാവസാനം വരേക്കും കൂടെയുണ്ടാകും.
സ്നേഹത്തിന്റെ ഒരു പങ്കു വെക്കലുണ്ട്.
അമ്മമാർക്ക് മാത്രം അറിയുന്ന ഒന്ന്.
അതിൽ നിറയുന്ന ആശ്വസിപ്പിക്കൽ ,അതിലൂടെ കൈവരുന്ന ധൈര്യം അതൊക്കെ ജീവിതത്തിനു കരുത്തു  പകരുന്ന ശക്തികളാണ്.
അതുകൊണ്ട് ഒരമ്മ ഒരിക്കലും തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഒരിക്കലും ഉള്ളിലടക്കാൻ പാടില്ല.

*********************************************************************************

ഇന്നെനിക്ക് ചുറ്റും ഒരുപാട് മനസുകളുടെ സ്നേഹമുണ്ട്, സൌഹൃദമുണ്ട്, നിന്റെ പ്രണയമുണ്ട്.
എങ്കിലും ചിലപ്പോഴൊക്കെ...............



Wednesday, July 10, 2013

വെർതെ കൊറേ.......അതും ഇതും കൂടീട്ടൊരു പോസ്റ്റ്‌ !!!!!

ഒരു പോസ്റ്റ്‌ ഇടണംന്ന് കൊറേ ദിവസായി ന്റെ ബ്ലോഗ്‌ ന്നോട് പറയണൂ.
അപ്പഴാണ് കൊറച്ച് പടംസ് ഇടാംന്ന് കരുത്യേ !!!!!!!
എനിക്ക് പ്രിയപ്പെട്ട , ഞാനെടുത്ത  കൊറച്ച് ചിത്രങ്ങൾ .
ഫേസ് ബുക്കിൽ കണ്ട്ണ്ടാവും പലരും.
ന്നാലും ബ്ലോഗിലും ഇരിക്കട്ടെ ഒന്നൂടെ...!!!!


നീലത്താമര എന്നറിയപ്പെടണ  ചെങ്ങഴീർ പൂവ് വിരിയണ കൊക്കർണ്ണി . ആമ്പല് പോലെയാണ് കാണാൻ . കുഞ്ഞു പൂവാത്രേ!!!!ഞാൻ ഇനീം ഈ പൂവ് കണ്ടില്ല. ക്ഷേത്രങ്ങളിൽ കലശങ്ങൾക്കും മറ്റും ഈ പൂവ് ആവശ്യമാണ്‌ എന്നത് കൊണ്ട് തന്നെ ഇന്നിതിന് തീവിലയാണ്.തൃപ്പടിയിൽ നാണയം വെച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ വിചാരിച്ച കാര്യം സാധിക്കുംത്രെ! പിറ്റേന്ന് പൂ വിരിയുമെന്നാണ് വിശ്വാസം. അതൊക്കെ നടക്ക്വോ????? ന്തായാലും ഈ പൂവ് ഇപ്പോഴും വിരിയാറുണ്ട് .


വെള്ള മുള്ളുകൾ!!!!!!!

ചില ഓർമ്മകൾ എന്നിൽ ഇത് പോലെ മുള്ളുകളായി ആഴ്ന്നിറങ്ങുന്നുണ്ട്.














ഒരു ദിവസം തോട്ടത്തിലൂടെ നടന്നപ്പോ കൊറേ അപ്പൂപ്പൻ താടി കിട്ടി.ഒക്കേം പെറുക്കി കൂട്ടി കവറിൽ സൂക്ഷിച്ചപ്പോ ആണ് അബദ്ധം മനസിലായെ.കൂട്ടി വെച്ചാൽ ഇത് ഇത് പോലെ വിടർന്നു കിടക്കൂല്ല.ആകെ ചുങ്ങി ഒരു ഭംഗീല്യാണ്ടാവും . അന്നത്തോടെ അപ്പൂപ്പൻ  താടി പെറുക്കൽ നിർത്തി.

കാറ്റിലിങ്ങനെ ദിക്കും ദിശയുമില്ലാതെ പറക്കുന്ന ഒരപ്പൂപ്പൻ താടി ............. പ്രാരാബ്ധങ്ങളെ കുറിച്ച് ആധി  പിടിക്കുമ്പോൾ ,,,,,,,,,,,
മോഹിച്ചിട്ടുണ്ട് അങ്ങനെ ആവാൻ ...............
കാടും മേടും കുന്നും മലയും പുഴയും ഒക്കെ കണ്ടു കൊണ്ട് അലഞ്ഞു തിരിഞ്ഞു നടക്കണം ന്നു പറയുമ്പോൾ  അവസാനം കൂട്ടി ചേർക്കാറുണ്ട് "ഒരു അപ്പൂപ്പൻ  താടി പോലെ" എന്ന് .എന്നും എപ്പഴും കൌതുകാണ് ,തീരാത്ത ഇഷ്ടവുമാണ് എനിക്കിതിനോട് .അതുകൊണ്ട് തന്നെ ഈ ചിത്രവും ഏറെ പ്രിയം.


ഈ ചിത്രം ................
എടുത്തു കഴിഞ്ഞു നോക്കിയപ്പോൾ എനിക്കത്ര വല്യെതായി ഒന്ന് തോന്നിയില്ല .പക്ഷെ പിന്നീട് കണ്ടപ്പോൾ ഒക്കേം എനിക്കെന്തൊക്കെയോ വളരെ വലിയ കാര്യങ്ങൾ ഇതെന്നോട് പറയുന്നുവെന്ന് തോന്നി.ഒപ്പം പണ്ട് കോണ്‍വെന്റ് ന്റെ മതിലിൽ എഴുതി വെച്ചിരുന്ന ഒരു വാചകവും ഓർമ്മ  വന്നു."നിന്നെ ഞാനെന്റെ ഉള്ളം കയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു ".ഒരിക്കൽ എന്തിലോ ഒരമ്മ എഴുതിയത് വായിച്ചിരുന്നു . മകന് വളരെ അപൂർവമായി മാത്രം കാണുന്ന അസുഖമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ സ്വയം സമാധാനിക്കാനായി വിശ്വസിച്ചുവത്രേ എന്നെക്കാൾ നന്നായി ഇനിയൊരാൾക്കും വളർത്താൻ കഴിയാത്തത് കൊണ്ടാകാം ദൈവം ഇവനെ എന്നെയേല്പ്പിച്ചത് ന്ന് .ആ വാക്കുകൾ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.അച്ചുവിന്റെ അമ്മയായി എന്നെ നിയോഗിച്ചതും .................!!!!!!!!!!!!!!!


ഒരു കാലമുണ്ടായിരുന്നു .......
എനിക്കും നിങ്ങൾക്കും എല്ലാം !!!!
അന്ന് നമ്മൾ ഇങ്ങനെ ഒക്കെയായിരുന്നു .
ഇലകൊണ്ട് പടം വരച്ചും, മഞ്ഞു തുള്ളികൾ കണ്ണിലിറ്റിച്ചും,
കഞ്ഞീം കറീം വെച്ചു നടന്നൊരു കാലം!!!!!!!!!
സ്ലെയ്റ്റിൽ എഴുതീത് മായ്ക്കാൻ "മാക്കില" പൊട്ടിച്ചും,സ്കൂൾ അതിരിലെ കൊടമ്പുളി മരത്തീന്ന് തളിരില പൊട്ടിച്ച് തിന്നും നടന്നിരുന്ന ഒരു കാലം !!!!!!!
അന്നാണ് ഞാവൽ പഴം തിന്ന് നാവിൽ നിറം വന്നേന് പേടിച്ചതും , ഇനീം വേണം ന്നു പറഞ്ഞ് കരഞ്ഞതും.
അന്നാണ് ഇലഞ്ഞി പൂക്കൾ  പെറുക്കി ആദ്യമായി മാല കോർത്ത് തലയിൽ  വെച്ചത്.

"നഷ്ടപ്പെടൽ  തന്നെയാണ് സ്നേഹത്തിന്റെ അളവുകോൽ!!!!!!!! "


ഓർമ്മ മണങ്ങളിൽ പറയാൻ മറന്നു പോയി മൈലാഞ്ചി മണത്തെ പറ്റി. പ്ലാവില ഞെട്ടും തേയില മട്ടും ഒക്കെ കൂട്ടിയരച്ച മൈലാഞ്ചിയിങ്ങനെ വാരി പൊത്തണം  രണ്ടു കൈകളിലും.ഒരു ദിവസം മുഴുവനും കഴുകാതെ കൊണ്ട് നടക്കണം.പിറ്റേന്ന് കൈ കഴുകി കഴിഞ്ഞാൽ തൊലിയാകെ ഒരു ചുരുളിച്ച ണ്ടാവും.അതിൽ പച്ച വെളിച്ചെണ്ണ തേക്കണം.അപ്പൊ ഒരു മണം വരും.അത് അനുഭവിച്ചു തന്നെ അറിയണം.എത്രയോ കാലങ്ങൾക്കു ശേഷമാണ് അത് വീണ്ടും അനുഭവിച്ചത്‌.ഓർമ്മയിൽ ഈ മണം ഒരിക്കലും പ്രണയത്തിന്റെതായി തോന്നിയിരുന്നില്ല .പക്ഷെ കാലങ്ങൾക്കുമിപ്പുറം ജീവിതത്തിലേക്ക് കൂട്ടായി നീയെത്തിയതിനു ശേഷം  ഈ മൈലാഞ്ചി മണം എനിക്ക് നിന്റെ പ്രണയത്തിന്റെ മണമാണ്.ഈ പച്ച എനിക്ക് നീ നൽകിയ സ്നേഹസമ്മാനവും !!!!!


ഈ രാവിൽ വെളിച്ചമേകാനുള്ള കാത്തിരിപ്പ് !!!!!!!!!!!!!

ഇരു വശവും ചെരാതുകൾ കത്തിച്ച എന്റെ വീട്ടിലേക്കുള്ള വഴി !!!!!
അതിലൂടെയാണ് ഒരിക്കൽ നീയെന്നെ തേടി വരേണ്ടത്.
ആ രാവിൽ നിലാവുദിക്കണം.
നക്ഷത്രങ്ങൾ വിരുന്നിനെത്തണം.
അങ്ങ് ദൂരെ എവിടെയോ ഒരു മഴ പെയ്യണം.
ആ മഴക്കാറ്റിൽ ചെമ്പകം മണക്കണം.
...............................
...............................
ഈ സ്വപ്നത്തിന് അവസാനമില്ല!!!!!!!!



                                                                                                     കഴിഞ്ഞ ആഴ്ച്ചയിലെ ഒരു             ദിവസം ഞാൻ എന്റെ ഇല്ലത്തേക്ക് പോയിരുന്നു.ആ പകലിൽ മഴയൊഴിഞ്ഞു നിന്ന കുറച്ചു സമയം നോക്കി മഞ്ചാടി പെറുക്കാൻ വേണ്ടി ഞാനോടി.നോക്കിയപ്പോ കയ്യെത്തിച്ച് പൊട്ടിക്കാൻ പാകത്തിൽ ദേ നിക്കണൂ ഒരു  കുല മഞ്ചാടി.ന്തൊരു ചന്താലേ കാണാൻ !!!!!!!!അപ്പൂപ്പൻ താടീം ,മഞ്ചാടീം , മഴേം നീയും ഒക്കെ തന്ന്യാണ് ന്റെ ലോകത്തിനെ മനോഹരമാക്കുന്നത്.ഇതൊന്നുമില്ലാത്ത ന്നെ എനിക്കന്നെ ഇഷ്ടാവില്യ.




ഒരു യാത്രയുടെ ഓർമ്മക്ക് !!!

ഓരോ കോഴിക്കോട് യാത്രയിലും ഞാൻ കാണുന്ന ഒരു പതിവ് കാഴ്ച്ച !!!!!
ബൈ പാസ് ലേക്ക് കടക്കുന്ന വഴി ഇരുവശവും മരങ്ങൾ  നിറഞ്ഞതാണ്‌.
ഗുൽമോഹറും ,കൊന്നയും, വാകയും പിന്നെയും എനിക്ക് പേരറിയാത്ത കൊറേ മരങ്ങൾ !!!!!!!

ചിലപ്പോ ഇരുന്നു ഉറങ്ങുന്ന ന്നെ .......
മറ്റു ചിലപ്പോൾ
റേഡിയോ മാംഗോയിലെ രഘുവിന്റെയും ലിഷ്നയുടെയും സംസാരത്തിൽ മുഴുകി, അപ്രതീക്ഷിതമായി   എനിക്കിഷ്ടപ്പെട്ട പാട്ടുകൾ അതിലൂടെ കേൾക്കുമ്പോൾ ആകെ എക്സൈറ്റട് ആയി ഒപ്പം പാടുന്ന എന്നെ................
ഇനി ചിലപ്പോൾ നിന്നെ കുറിച്ചുള്ള ഓർമ്മകളിൽ ,കണ്ണുകളിൽ നിറയുന്ന സ്നേഹവും,
ചുണ്ടിൽ അറിയാതെ വിടരുന്ന പുഞ്ചിരിയുമായി ഇരിക്കുന്ന എന്നെ .........
ഈ മരങ്ങൾ കാണാറുണ്ട്.

 ഡിസംബറിലെ മഞ്ഞു മൂടിയ
ഒരു പുലരി . ഇലകൾ  പോലും കണ്ണ് മിഴിച്ചു വരുന്നേണ്ടായിരുന്നുള്ളൂ . കോഴിക്കോട്ടേക്കുള്ള യാത്രകൾ ഇത്രയേറെ പ്രിയമാവാൻ ഈ മഞ്ഞു മൂടിയ പുലരികൾ ഒരു വലിയ കാരണമാണ്.ഈ പച്ചക്കിടയിലൂടെ കാണുന്ന  ഇളം നീല കലർന്ന മഞ്ഞും,,,,,,
മെല്ലെ മെല്ലെ ഉറക്കത്തിൽ നിന്നും എണീറ്റു വരുന്ന ഇലകളും,മരങ്ങളും ,
ഇവയിൽ നിറയുന്ന പല പൂക്കളും....................
അവയോടൊക്കെയാണ് ഈ യാത്രകളിൽ ഞാനേറ്റവുമധികം  മിണ്ടാറുള്ളത്.                                                                      
                                                                                             



ഈ ചിത്രം  എനിക്കേറെ പ്രിയപ്പെട്ട ഒന്നാണ്.
എന്തുകൊണ്ടാണെന്ന് അറിയില്ല .
ചെലപ്പോ തോന്നാറുണ്ട് എന്റെ മനസിന്റെ നേർ കാഴ്ച്ച ആണിതെന്ന്.
പിന്നെ ഇതിലെ നിറങ്ങളുടെ ആ കോമ്പിനേഷൻ എനിക്ക് വളരെ ഇഷ്ടമായ ഒന്നാണ്.
വ്യക്തയിലെ അവ്യക്തത എന്നൊക്കെ എനിക്ക് തന്നെ മനസിലാവാത്ത എന്തൊക്കെയോ ആണ് ഇതെന്നും തോന്നിയിട്ടുണ്ട്.സുജ പറഞ്ഞു ഒരു മോഡേണ്‍ ആർട്ട്‌ പോലെണ്ട്ന്ന്.പിന്നെ കീയക്കുട്ടി പറഞ്ഞു ഞാനെടുത്ത ചിത്രങ്ങളില ഏറ്റവും നന്നായെന്ന് അവൾക്ക് തോന്നീത് ഇതാന്ന്.എനിക്കൊരുപാടിഷ്ടമുള്ള ഡോണ ഫേസ് ബുക്കിൽ ലൈക്‌ തന്ന ഒരു ചിത്രം.അങ്ങനെ കുറച്ചു കാരണങ്ങൾ കൂടി ഇതിനെ ഒന്നൂടെ പ്രിയമുള്ളതാക്കുന്നു.പക്ഷെ എനിക്കേറ്റവും പ്രിയപ്പെട്ട നീയെന്താ ഇതുവരേക്കും ഇതിനെ കുറിച്ചൊന്നും പറയാത്തെ ?????? :(


ഇരുളിലെ പച്ച !!!!!
ഒരിക്കൽ ഞാൻ ഇരുളിന്റെ ഈ കറുപ്പിനെ ആയിരുന്നു ഇഷ്ടപ്പെട്ടിരുന്നത്.
പച്ചയാണ് ജീവിതത്തിന്റെ നിറം എന്നെന്നെ പഠിപ്പിച്ചത് നീയാണ്.
ഇന്ന് നീയെന്നിൽ നിറച്ച പച്ചയിലാണ് ഞാൻ................!!!!

നമ്മുടെ പ്രണയത്തിന്റെ നിറവും പച്ച തന്നെ !!!!!





നീ ................

നീയെനിക്കാരാണ്ന്ന് ചോദിച്ചാൽ ......................

നീ....
നീയെന്റെ വെളിച്ചമാണ്.
എന്നിൽ നിറയുന്ന തേജസ്സ് നിന്റെ സ്നേഹത്തിന്റെയാണ് .

ഈ തിരി വെട്ടം അണയാതിരിക്കട്ടെ!!!!!!
നീയെന്നിലെന്നും ഇത്രമേൽ വിശുദ്ധമായി  നിലനിന്നു കൊള്ളട്ടെ !!!!!!

Saturday, June 1, 2013

ഓർമ്മ മണങ്ങളും ,കൊറേ.......ഇഷ്ടംസും !!!!!!! :)

ഇന്നലെ രാത്രി കറന്റ് പോയിട്ട്  കൊറേ നേരം കഴിഞ്ഞാ വന്നെ. മഴ , ണ്ടായിരുന്നോണ്ട്  കിടക്കാൻ സുഖായിരുന്നു. ഉറക്കം ന്തോ വന്നേയില്ല ഏറെ നേരത്തേക്ക് . ജനലുകൾ തുറന്നിട്ടിരുന്നു. മഴ പെയ്യണതും കേട്ട് (മഴ പാടിയ പാട്ട് കേട്ട് ) അങ്ങനെ കിടന്നു. ഈ കഴിഞ്ഞ പൌർണ്ണമിയ്ക്ക് നിലാവും, ചന്ദ്രനും,നക്ഷത്രങ്ങളും ഒന്നും വന്നേയില്ല . എനിക്ക് പെയ്യണംന്നും പറഞ്ഞ്  അവരെ ഓടിച്ചു വിട്ട് കാണും ഈ മഴ  . എന്നിട്ടോ............മഴേം പെയ്തില്ല ഒരു കുന്തോം പെയ്തില്ല.(സിനിമേല്  രേവതി പറയണ  കൂട്ട് വായിക്കണേ ! :) ) പക്ഷെ പിറ്റേ ദിവസം എല്ലാരും മഴ കാണാതെ വന്നൂട്ടോ .മേഘങ്ങൾക്കിടയിൽ നിന്ന് പാത്തും പതുങ്ങീം ചന്ദ്രൻ ഒന്നെത്തി നോക്കും,മറയും.പിന്നേം വരും , പോവും അങ്ങനെ......

ഈ മേഘങ്ങൾ  ഇങ്ങനെ നീങ്ങണ കാണാൻ ന്ത്‌ രസാ!!!!!ചെലപ്പോ ആകെ കാക്കിരി പൂക്കിരി  വരച്ചിട്ട് പോവും. ചെലപ്പോ ഇങ്ങനെ അടുക്കി അടുക്കി.....എങ്കിലും എന്നും കാണാം ഒരു മൂലേല്  കൊറേ പടിക്കെട്ടുകൾ പോലെ ......എവടയ്ക്കോ ള്ള  വഴ്യാന്ന് തോന്നും അത് കണ്ടാ!എനിക്ക് അത് കാണുമ്പോൾ  വല്ലാത്ത അസൂയ വരും , ആ വഴി  പോയി നോക്കാൻ വല്യേ പൂതീം കേറും . 

ഞാൻ ഇതുവരേം വിമാനത്തിൽ കേറീട്ട്ല്ല . അങ്ങനൊരു മോഹോം ഈ അടുത്ത കാലം വരേം തോന്നീട്ടുംല്ല്യ . ബ്ലോഗിങ്ങ് ന്റെ ആദ്യ കാലങ്ങളിൽ ഒക്കെ എന്നും ഒരുപാട് ബ്ലോഗുകൾ  നോക്കുമായിരുന്നു. ഇപ്പൊ ആ പരിപാടി ഒക്കെ ഇല്ല്യാണ്ടായി . സമീർ ന്റെ  ബ്ലോഗിലൂടെയാണ് ഒരുപാട് ഫോട്ടോ ബ്ലോഗുകൾ കാണാൻ ഇടയായത്. അങ്ങനെ എപ്പഴോ ഒരിക്കലാ കിച്ചു ആൻഡ്‌ ചിന്നു  ന്റെ നീലാംബരി എന്ന ബ്ലോഗിൽ  വിമാനത്തിലിരുന്നെടുത്ത  മേഘങ്ങൾടെ  ഒരു ഫോട്ടോ കണ്ടത്. അത് വരേം ഞാനീ ഭൂമീല് നിന്നല്ലേ മേഘം കണ്ടിട്ടോള്ളൂ !!!!അത് കണ്ടപ്പോ ശരിക്കും ഭയങ്കര വല്യേ അതിശയണ്ടായി . പിന്നെ നസീർക്കാടെ  ബ്ലോഗിൽ  കണ്ട ഫോട്ടോകൾ , കുറച്ച് ദിവസം മുൻപ്  ഫേസ് ബുക്കിൽ  സുജ തന്ന ഒരു ഫോട്ടോയും ഒക്കെ വിമാനത്തിൽ കേറാനുള്ള  ന്റെ മോഹത്തെ കലശലാക്കി  . ആ പടിക്കെട്ട് പോൽത്തെ  മേഘങ്ങൾടെ  ഒരു  ഫോട്ടോ എടുക്കണം. ഇന്നലെ രാവിലെ നനഞ്ഞ തുണി  ഉണങ്ങാൻ വിരിക്കുമ്പൊ  ഒരു വിമാനം പോണ  കണ്ടു. അത് പോണ വഴീൽ  നേർരേഖ  വരണത് .ഈ റോക്കറ്റ്  പോവുമ്പോ കാണണ പോലെ (ഈ റോക്കറ്റ് പോണത് ഞാൻ കണ്ടിട്ടില്ലാട്ടോ ). മേഘങ്ങൾടെ ഇടേൽ  അതിനെ  ഇടയ്ക്കിടെ കാണാണ്ടാവും . അപ്പൊ ഒരു സംശയം തോന്നി  "അപ്പൊ വിമാനത്തിൽ ഇരുന്നും കൊണ്ട് ഈ മേഘങ്ങളെ  തൊടാൻ പറ്റ്വോ???". സംശയങ്ങൾ  പിന്നേം കൊറേ കൂടി. പക്ഷെ കേട്ടാൽ  എല്ലാരും ന്നെ കളിയാക്കാൻ തുടങ്ങും. അതോണ്ട് ഇനി ഒന്നും ഞാൻ പറയൂല്ല.

മഴേം ഇരുട്ടും നല്ല കോമ്പിനേഷൻ ആണ് . ഇരുട്ടിന്റെ നിശബ്ദത മഴേടെ പാട്ടിന്  ഒരു പ്രത്യേക ഫീൽ  നൽകും . വേളിയ്ക്ക്  മുൻപ്  അവിടെ എന്റെ ഇല്ലത്ത് മഴക്കാല രാത്രികളിൽ  ഈ ഒരു ഫീൽ  അനുഭവിക്കാൻ വേണ്ടി ഞാൻ ഉറങ്ങാതെ  കാതോർത്ത്  കിടന്നിട്ടുണ്ട് . അവിടെ ഉണ്ണണ മുറി  അപ്പടി ചോരും . പുറത്താണോ  ഉള്ളിലാണോ മഴാന്ന് തോന്നിപ്പോവും. ആ ചോർച്ച  ഈ തവണ ണ്ടാവില്ല . മോളി അച്ചോൾ  അവിടത്തെ പട്ടികേം കഴുക്കോലും  ഒക്കേം അഴിച്ച് ആദ്യേ ശരിയാക്കിച്ചു. പുതിയ ഓടും വെച്ചു. ഇപ്പൊ തോന്നാ അത് വേണ്ടായിരുന്നു എന്ന് . ഇരുന്നൂറിൽ അധികം വർഷം പഴക്കള്ള  ഒരു കളപ്പുരയ്ക്ക്  ഒരു ചോർച്ചേങ്കിലും  വേണ്ടേ ലെ?ഞങ്ങൾടെ  താവഴി  തൃശൂര്ന്ന്  ഇങ്ങട്ടേക്ക് താമസം മാറ്റ്യപ്പോ  കളപ്പുര താമസയോഗ്യമാക്കി മാറ്റി. ഓരോ കാലത്തും കൂട്ടി കൂട്ടി  എടുത്തു. ഇപ്പൊ കളപ്പുരേൽ  ഒരു വല്യേ ഇറയം ,തളം , കിഴക്കേ അകം,പടിഞ്ഞാറകം ,പൊറത്തെ മുറി,നടുവിലകം ,പിന്നെ 2 ഇടനാഴി ,അടുക്കള ഉണ്ണണ  മുറി  ഒക്കെണ്ട് . ഈ പേരുകളോടുള്ള  ഇഷ്ടം കൊണ്ട് മാത്രാണ് ട്ടോ  ഇത് മുഴോനും എഴുതീത്.

പറഞ്ഞു വന്നത് മഴേനേം ,ഇരുട്ടിനേം പറ്റി . ഏറേത്ത്  ഇരുന്നാൽ മഴ കാണാൻ രസാണ് . ഓടുകളിൽ നിന്നും മഴ ഒലിച്ചു  വീഴണ  കണ്ടാൽ  മഴക്കോലുകൾ കൊണ്ടൊരു അഴിയിട്ടേക്കാണ് ഏറേത്ത് ന്ന്  തോന്നും. അത്ര കൃത്യായിട്ടാണ് . പണ്ടൊക്കെ (ബടുക്കൂസ് ആയിരുന്ന കാലത്ത് -ഇപ്പഴും അതന്നെ ന്ന് ആരും പറയണ്ട.)ഇത് വടിയാന്നു കരുതി  പിടിക്കാൻ ശ്രമിച്ച്ണ്ട് .ഈ മഴേടെ ചെല നേരത്തെ ഇരമ്പല് കേട്ടാ തോന്നും എങ്ങാണ്ട്ന്നോ  ഓടിക്കിതച്ച് , തിമിർത്ത്  പെയ്യാൻ വേണ്ടി  വരാണ് ന്ന് . ചുമ്മാ ചാറുന്നെ  ഉള്ളൂന്നെ !!! അത് കണ്ടാ തോന്നും എങ്ങന്യാ പെയ്യണ്ടേന്ന് മറന്നു പോയെന്ന് . മരങ്ങൾ  പെയ്യണ  കണ്ടാലോ  ഒരു പെരുമഴ ഇപ്പൊ കഴിഞ്ഞേ ഉള്ളൂന്ന് തോന്നും  . ഇലകൾ പെയ്യിക്കണ  മഴ നനയാറുണ്ട് ഞാൻ. അവിടെ  ഇല്ലത്തേക്കുള്ള  വഴിയിൽ  പണ്ട് വലിയ മൈലാഞ്ചി മരങ്ങൾ ണ്ടായിരുന്നു. മഴ പെയ്തു കഴിഞ്ഞാ ഓടും അതിന്റെ ചോട്ടിലേക്ക് . മുഖം ഉയർത്തി പിടിച്ച്  മരം കുലുക്കും. ഇലകളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ  അങ്ങനെ ഞാൻ " ഇലകൾ പെയ്യിച്ച മഴ"യാക്കും  . ഇലകളോട്  എനിക്ക് ഒരു കാലത്ത് വല്യേ പ്രാന്തിഷ്ടം ആയിരുന്നു. ഇലകളെ ഈർക്കിൽ കൊണ്ട് കൂട്ടിക്കുത്തി  തൊപ്പിയുണ്ടാക്കുമായിരുന്നു . എല്ലാ ചെടികൾടേം  തളിരിലകൾ .....അത് കണ്ടാൽ ഞാൻ  അതിനെ പതുക്കെ തലോടും. അച്ചൂന്റെ  മുഖത്ത്  തലോടണ  കൂട്ട് !!!!!

മഴ തരണ ഉമ്മയ്ക്ക്  പലപ്പോഴും പല  സുഖാണ് . എനിക്ക്  മിക്കവാറും അമ്മ തരണ ഉമ്മേടെ  സ്നേഹാന്നാ തോന്നാ .പക്ഷെ  ചിലപ്പോ ഒക്കെ അത് നീ തരണ ഉമ്മേടെ  കൂട്ടന്ന്യാ !!!!

മഴ തൊടങ്ങിയാൽ  അവിടെ എന്റെ ഇല്ലത്ത് മുറ്റത്തേക്ക്  പുളീടെ ചീഞ്ഞ കറുത്ത ഇലേം അതിൽ , ഇളം മഞ്ഞേം,ചന്ദന നെറോം കലർന്ന പൂവും (ഈ തെങ്ങിൻ പൂക്കുലേലെ  പൂവ് പോലെ തോന്നും പുളീടെ പൂവുകണ്ടാൽ . )ഒക്കേം ഒലിച്ച്  വന്ന് ആകെ ഭംഗി കൊറവാക്കും മിറ്റം . മഴ നനഞ്ഞ പുളി  മരം കാണാൻ നല്ല ചന്താണ് . ആകെ തളിർത്ത് , നനഞ്ഞു നനഞ്ഞ് കൊമ്പുകളും തടീം ഒക്കെ കറുത്ത നിറോം ആയിട്ടങ്ങനെ. ...ഇതിനിടേല്  പറയ്ക്ക് വെച്ച നെല്ല്  അവിടവിടെ ആയി  വീണു പോയതൊക്കെ മിറ്റത്ത് കിടന്ന് മഴേത്ത് മൊളച്ച് കുഞ്ഞ്യേ ഞാറായി  നിക്കും മിറ്റത്ത് . അങ്ങനെ ആകെ കൂടി  നല്ല ഭംഗ്യാവും മിറ്റം . കുഞ്ഞായിരുന്നപ്പോ ഈ ഞാറ്  ഒക്കേം പറിച്ച് അതിനടീലെ  നെൽ വിത്തിനെ  എടുക്കും. വെർതെ  ഒരു രസം . മുത്തങ്ങേം ണ്ടാവും . അതും പറിക്കും . എനിക്കീ  നനഞ്ഞ മണ്ണ് പറ്റിപ്പിടിച്ച വേരുകളുടെ മണം  നല്ല ഇഷ്ടാണ് . ഇപ്പൊക്കെ എവട്യാ മിറ്റം !!!!ഒരിച്ചിരി പോന്നത്ണ്ടെങ്കിലോ  അപ്പൊ അതില് സിമന്റ്  തേക്കും . പക്ഷെ അവടെ ന്റെ ഇല്ലത്ത് ഇപ്പഴും അങ്ങനെ തന്നെണ്ട് ആ വല്യ മിറ്റം .

പണ്ട് അവടെ തേക്കിന്റെ ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ണ്ടായിരുന്നു . കറന്റ് പോയാൽ  അപ്പൊ അതിൽ പോയി തട്ടും ,അപ്പൊ വരികയും ചെയ്യും. ഒടുക്കം അത് വീഴാറായപ്പോ  മാറ്റി സിമന്റ് കാൽ ആക്കി. അവടെ എത്തുമ്പോൾ , പാടത്തും പറമ്പിലും ഒക്കെ നടക്കുമ്പോൾ ഇപ്പഴും ഞാൻ അറിയാതെ പാടാറുണ്ട്   "വെണ്ണിലാ ചന്ദനക്കിണ്ണം " ന്ന പാട്ട് .ഒരു കാലത്ത് ന്റെ ഏറ്റോം പ്രിയായിരുന്നു അത്. മഴയും , വെയിലും,ഇരുട്ടും,വെളിച്ചോം ഒക്കെ അവടന്നെ ആയിരുന്നു രസം . അല്ലെങ്കിലും അതൊക്കെ എല്ലാർക്കും  അങ്ങനെ തന്നെ. അല്ലെ  ? സ്വന്തം വീടിന്റെ സുഖം,നന്മ,ഒക്കെ ആർക്കാ  പറഞ്ഞാലും , അനുഭവിച്ചാലും മത്യാവാ !!!!!

ഇന്നലെ രാത്രി  മഴയ്ക്ക് മണം  കൊടുക്കാൻ ചെമ്പകം നെറച്ചും പൂത്തു . നല്ല ഒന്നാം ക്ലാസ് പ്രണയിനി യായ എനിക്ക് (ആ അഭിപ്രായം ന്റെ മാത്രം !നീയും സമ്മതിക്കില്ലേ  ഞാൻ  അങ്ങനെയാന്ന് ???)സാധാരണ ഇത്തരം അനുഭവങ്ങൾ  വരുമ്പോൾ പ്രണയം തലയ്ക്കു പിടിച്ച് ഒരു വഴിക്കാകും.പക്ഷെ ന്തോ ഇന്നലെ  ഒന്നും തോന്നീല്ല.  :( . പകരം , മനസ്സിൽ  ഒരു  ഗന്ധരാജന്റെ  പൂവ്  കാണണംന്നാ  തോന്ന്യേ !!! അതിന്റെ മണം എനിക്ക് ചുറ്റും നിറയുന്ന പോലെ തോന്നി. എനിക്കേറ്റോം  ഇഷ്ടള്ള  പൂവ് ,മണം ഒക്കെയാണ് അത്. അതിനോളം ന്നെ മോഹിപ്പിച്ച മറ്റൊരു ഗന്ധം (നിന്റെ സ്നേഹത്തിന്റെയൊഴികെ )വേറെയില്ല. മുറ്റം നിറയെ  ഒരു വശം ഗന്ധരാജനും  മറുവശം  മണമുള്ള നന്ത്യാർവട്ടോം ഇടയിൽ  നാലുമണി പൂവും (മൻസൂർ  പറയുന്നത് സത്യാ . ഈ നാല് മണി പൂവിന്  ഒരു നാട്ടിൻപുറത്ത്കാരി  പെണ്ണിന്റെ ഭാവാ!!!!!ഒരു നാണം കുണുങ്ങി പെണ്ണ് ....ന്നെ പോലേന്ന് വേണേൽ ഞാൻ കൂട്ടി പറയാം  :P  ).
കമ്മൽ പൂവും,വേലിയരികിൽ  പവിഴമല്ലീം,അശോകോം,ഇലഞ്ഞീം പാരിജാതോം,ചെമ്പകോം ഒക്കെ വേണംന്നുള്ളത്  ന്റെ വല്യേ മോഹാണ് . ഏറ്റോം  ഇഷ്ടള്ള  പൂക്കൾടെ  പേര് പറയാൻ പറഞ്ഞാൽ ഇങ്ങനെ ആയിരിക്കും ഞാൻ പറയാ . എങ്കിലും ഏറെ പ്രിയം ഗന്ധരാജനോട്  തന്നെ.

ഓരോ പൂമണങ്ങളും ഓരോരോ ഓർമ്മകളുടേതാണ് . ചെമ്പകപ്പൂവിന്റെ മണം സ്കൂൾ ഓർമ്മകൾ ആണ്. കൂട്ടുകാരികൾ തരാറുണ്ടായിരുന്ന  ചുവന്ന ചെമ്പക പൂക്കൾ . വെള്ള ചെമ്പകത്തിന്റെ മൃദുവായ മണായിരുന്നു എനിക്കിഷ്ടം . എങ്കിലും അവര് തരുമ്പോൾ വാങ്ങും . ബോക്സിൽ എടുത്തു വെക്കും.വീട്ടില് എത്തിയാൽ അലമാരയ്ക്കുള്ളിൽ  എടുത്ത് വെക്കും. വീട്ടില് ഉണ്ടായിരുന്ന വെള്ള ചെമ്പകം  മുഴോനും കൊണ്ടോയി  സ്കൂളിൽ പോവുമ്പോ പള്ളീൽ വെക്കും. അന്നൊക്കെ ബസുകളിൽ മുഴോനും വല്യേ വല്യേ ചെമ്പക മാലകൾണ്ടാവും. അങ്ങനെ ബസിലും നിറയെ ചെമ്പക മണം . 

നന്ത്യാർവട്ട  പൂക്കൾടെ മണം  എനിക്ക് രവി അഫന്റെ ഓർമ്മയാണ് . ചീട്ടു കളിക്കാൻ പഠിപ്പിച്ച  ക്രിക്കറ്റ്  പ്രാന്തനായിരുന്ന രവി അഫൻ . ഇന്നിവിടെ ഇരുന്നു ഈ പോസ്റ്റ്‌ ഇടാൻ മാത്രം ഞാൻ ആയെങ്കിൽ  അതിനൊരു കാരണം പുള്ളീടെ വാക്കുകൾ  മാത്രം. പാരിജാതത്തിന്റെ മണം ഏറെ പ്രിയപ്പെട്ട "ഞാൻ ഗന്ധർവൻ"  എന്ന സിനിമ മാത്രം.മുല്ലപ്പൂവിന്റെ മണം  ന്റെ വല്യേ വെക്കേഷൻ കാലങ്ങളുടെ ഓർമ്മകൾ ആണ് തരുന്നത്. ആ സമയത്താണ് അവിടെ മുല്ല പൂക്കാറുള്ളത് . കഷ്ടി നാല് ദിവസേണ്ടാവൂ അത്. പക്ഷെ ആ നാല് ദിവസം കിട്ടണ മുല്ല മൊട്ടുകൾക്ക്  കണക്കില്ല . പൊട്ടിക്കാനും തലേൽ വെക്കാനും ഞാൻ മാത്രം. മാല കെട്ടാൻ അത്ര നിശണ്ടായിരുന്നില്ല . ന്നാലും ഒപ്പിച്ചു പിന്നെ. ഇത് മുഴോനും വെക്കാനാച്ചാലോ എനിക്ക് തലമുടീം കൊറവായിരുന്നു . ന്നാലും ഞാൻ വെക്കും.അശോകം അടുത്തുള്ള ചേലൂർ മനേ  ഓർമ്മിപ്പിക്കും . ഇലഞ്ഞി പൂക്കൾ  പിന്നിലെ പാടത്ത്ന്ന് പണ്ടൊരിക്കൽ പെറുക്കി കൂട്ടി മാലയാക്കി ഏതോ ദൈവത്തിന്റെ ഫോട്ടോൽ  ഇട്ടത ഒര്മ്മിപ്പിക്കും. കനകാംബരോം,റോസാപ്പൂവും ,കോയമ്പത്തൂർ മുല്ലേം ഒക്കെ ന്റെ അമ്മാത്തിനെ  ഓർമ്മിപ്പിക്കും . പാലപ്പൂക്കൾക്ക്  ന്റെ ബ്ലോഗിങ്ങ് ന്റെ ആദ്യ കാല പോസ്റ്റുകളുടെ ഓർമ്മ്യാ . പുല്ലാനി പൂക്കൾ കോഴിക്കോട് യാത്രകളുടെ ഓർമ്മകളാണ്  തരുന്നത്. 
പനികൂർക്കയിലയ്ക്ക് , അരിഷ്ടത്തിന് ,രാസ്നാദി പൊടിക്ക് ഒക്കെ  ന്റെ കണ്ണീരിന്റെ ഓർമ്മമണാ !!!! :( 

ചെനച്ച മൂവാണ്ടൻ  മാങ്ങേടെ മണം,അതിന്  ഒരുപാട് ഒത്തുചേരലുകളുടെ ഓർമ്മകൾ ആണ്. അന്നൊക്കെ രാക്കൂം കൂട്ടുകാരും  വന്ന്  മാങ്ങ മുഴോനും എറിഞ്ഞു വീഴ്ത്തും. അത് നുറുക്കി അതിൽ ഉപ്പും മുളക് പൊടീം ഉള്ളീം കൂട്ടി തിരുമ്പി ഇളക്കി സെർവ്  ചെയ്യേണ്ട പണി ന്റെ ആയിരുന്നു. ന്ത്‌ വല്യേ മാങ്ങോളായിരുന്നൂന്നോ!!!(ഇപ്പഴും മാങ്ങാ കാലത്ത് ഇല്ലത്തേക്ക് പോവുമ്പോൾ   ഈ തീറ്റ മൊടക്കാറില്ല  :P . ഇവടെ ആർക്കും  ഇഷ്ടല്ല ഇമ്മാതിരിയൊന്നും  :( )കൽച്ചട്ടീൽ  വെക്കണ കുറുകിയ സാമ്പാറിന് അമ്മാത്തെ മുത്തശ്ശന്റെ  ഓർമ്മേടെ  മണാ !!!!പുളീം മുളകും തിരുമ്പുമ്പോൾ ഇപ്പഴും ആദ്യം അച്ഛമ്മേടെ  മണാ ആദ്യം മൂക്കിൽക്ക്  വരാ.അലക്കി കൊണ്ടന്ന മുണ്ടുകൾ മുത്തശ്ശി ഉടുക്കാൻ തരുമ്പോഴും അച്ഛമ്മേ  മിസ്സ്‌ ചെയ്യും .

ഇനിയുമുണ്ട്  പറയാൻ ഒരുപാട് ഓർമ്മ മണങ്ങൾ !!!ചിലതിനെ വാക്കുകൾക്കുള്ളിൽ കുരുക്കിയിടാൻ പാടാണ് .അതിങ്ങനെ മനസ്സിൽ  തുള്ളി തുളുമ്പി  ഒരു തോരാമഴയായി  നിലനിൽക്കും .

ഇടമുറിഞ്ഞിടമുറിഞ്ഞൊരു  ഇടവപ്പാതി.............
എന്നിട്ടും തിരുവാതിര ഞാറ്റുവേലയിലെ  തിരിമുറിയാ  പെയ്യൽ  പോലെ നീയും , നിന്റെ പ്രണയവും !!!!!
എന്നിൽ പെയ്യുന്ന ഒരു നോവു മഴ !!!!
നിന്റെ ഓർമ്മകൾ ബാക്കി വെക്കുന്നതിനെ എല്ലാം ഞാനിപ്പോൾ ഉപേക്ഷിക്കാൻ  ശ്രമിക്കയാണ് .........
അസാധ്യം എന്നറിഞ്ഞിട്ടും ഒരു ശ്രമം .
ഒരു പാഴ്ശ്രമം !!!

എങ്ങോട്ടോ പോവാനൊരുങ്ങുന്ന  ഒരു  തീവണ്ടീടെ  ശബ്ദം കേക്കണൂ . 
പുറത്ത്  ദേ  മഴ തുടങ്ങി!!!!!!!!! 
ഇന്ദു  പറഞ്ഞ പോലെ ഇപ്പൊ ബസിൽ  അറ്റത്തെ സീറ്റിൽ ഇരുന്നോണ്ട് ഒരു യാത്ര പോണം.  
മഞ്ഞും മഴേം കണ്ടോണ്ട്  ഒരു യാത്ര!!!!!!




Saturday, May 25, 2013

കടലോളം സ്നേഹം,കടലിന്റെ സംഗീതം............!!!!

"കടൽ കാണുമ്പോൾ ന്താ തോന്നാ?????"
"കടലോളം സ്നേഹം തോന്നും".
എന്റെ  കണ്ണുകളിൽ കൊള്ളുന്ന കടൽ  ,അതിലിങ്ങനെ ഈ  ലോകം മുഴോനും വന്നു നിറയും.അതിന്റെ സംഗീതം കാതുകളിലിങ്ങനെ  നിറയും.
അപ്പൊ എനിക്ക് കടലോളം സ്നേഹം തോന്നും ഈ ലോകത്തോട് . 

മഴ കാണുമ്പോഴും ചെലപ്പോഴൊക്കെ ഇങ്ങനെ തോന്നാറുണ്ട് .
അല്ലെങ്കിലും ഈ കടൽ ,മഴ,കാട്,പച്ച,പൂക്കൾ,സംഗീതം  ഒക്കേം  മനസ്സിൽ സ്നേഹം മാത്രല്ലേ നിറയ്ക്കൂ........???അല്ലെ????
എല്ലാരേം പോലെ എനിക്കും ഇതൊക്കെ കണ്ടാലും മതി വരാത്ത കാഴ്ച്ചകൾ,,,,,,,,,,,, 
പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ,,,,,,,,,,,,,,,,,, 
ഇഷ്ടപ്പെടാതിരിക്കാൻ വയ്യാത്ത ഇഷ്ടങ്ങൾ,,,,,,,,,,,,,,,,,, 

മണലിൽ  കാൽ മുട്ടുകളിൽ മുഖം വെച്ച് കൈകൾ  പിണച്ചു വെച്ചിരുന്ന് ......
കാറ്റിൽ  പാറി പറക്കുന്ന തലമുടിയിഴകളെ അവയുടെ ഇഷ്ടത്തിന് വിട്ടു കൊണ്ട് .......
അങ്ങ് ദൂരെ ആകാശോം കടലും ഉമ്മ വെക്കണ(ശ്രീവേദ പറഞ്ഞത് പോലെ ) കാഴ്ചയിലേക്ക്  കണ്ണുകളർപ്പിച്ച്  അങ്ങനെയിരിന്നു കൊണ്ട് ............
ഞാൻ  കേൾക്കാറുണ്ട്  കടലിന്റെ  സംഗീതം .
കേൾക്കും തോറും അതിലിങ്ങനെ അലിഞ്ഞലിഞ്ഞ്  പോവും മനസ്സ് .
വികാരങ്ങളുടെ കെട്ടുപാടുകളിൽ നിന്നും പൊങ്ങി പൊങ്ങി  ഭാരമില്ലാത്ത പോലെ ....
അപ്പൂപ്പൻ താടി പോലെ  ആകാശത്തേക്ക് ........
മേഘങ്ങൾക്കിടയിലേക്ക് ............
ഒരു വെന്മേഘത്തെക്കാൾ വെണ്മയുള്ള  പ്രാവായി എന്റെ മനസ്സിങ്ങനെ പാറി പറക്കും സ്നേഹത്തിന്റെ ലോകത്തിലേക്ക് ............,
അവിടെ എനിക്കൊപ്പം  വെളുത്ത  വല്യേ ചിറകുള്ള  മാലാഖമാർ  (കയ്യിൽ  ഒരു വടീം അറ്റത്ത് നക്ഷത്രോം അങ്ങനെയാ ന്റെ മനസിലെ മാലാഖ .ചിത്രകഥകളിലും മറ്റും എപ്പഴോ കണ്ടു പതിഞ്ഞു പോയൊരു ചിത്രം  )..............!!!

കാറ്റിന്റെ  മൂളലും,കാക്കകളുടെ ബഹളവും,തിരകളുടെ ആ........ ഒരു........ ന്താ പറയാ.......ആ ഒരു താളത്തിലുള്ള  ഒരു ബീറ്റും ഒക്കെ കൂടിയ ഒരു ഫ്യൂഷൻ മ്യൂസിക് .......അതാണ്‌ പലപ്പോഴും കടലിന്റെ എന്നെനിക്ക് തോന്നാറുണ്ട് . ചിലപ്പോ നേരെ തിരിച്ചും .നിശബ്ദതയിൽ നിറയുന്ന ഏറ്റവും  മനോഹരമായ ഒരു മെലഡി .

വാസ്കോ ഡ ഗാമ(ഇതിങ്ങൻത്തന്നെ ല്ലേ എഴുതാ??? )കണ്ട കാപ്പാട് കടൽത്തീരം, ഈ കണ്ട കാലായിട്ട് , ഞാൻ ദേ  ഈയെട്യാ കാണുന്നെ !!!!!(പക്ഷെ മിനിഞ്ഞാന്നു പേപ്പറിൽ വായിച്ചു ആ ചങ്ങായി എറങ്ങീത്  കാപ്പാടല്ല കൊയിലാണ്ടീൽ  ആണ്ന്ന്. അങ്ങനാന്നോ ???? ).അന്ന് കണ്ണൂര്ന്ന് വരുമ്പോ കണ്ട കടൽ  തീരം (തലശ്ശേരി )പോലെ  തന്നെയായിരുന്നു  കാപ്പാട് തീരവും.ഒരു കടൽ ആണെന്ന അഹങ്കാരൊന്നും  ഇല്ലാതെ  വളരെ നിശബ്ദമായി .........
ഒച്ചയുണ്ടാക്കാതെ ഓരോ തിരകളും..............എനിക്കവിടം ഏറെ ഇഷ്ടമായി . മൌനത്തിന്റെ സൗന്ദര്യവും,സംഗീതവും അവിടന്ന് ഞാനേറെ അനുഭവിച്ചു.
കടലിനും ആകാശത്തിനും ഒരേ നിറോം ,ഒരേ ഭാവോം ആയിരുന്നു . എന്റെ മനസിനും  അങ്ങനെ തന്നെ.അവിടെ കണ്ട ആ പാറക്കൂട്ടങ്ങളിലൊന്നിൽ  ചെന്നിരിക്കാൻ  വല്യേ മോഹം തോന്നി . തനിച്ചിങ്ങനെ  ഇരിക്കണം .കൂട്ടിന്  എന്റെ മൌനവും .ആ മൌനം പല വഴികളിലൂടെ  സഞ്ചരിച്ച് ഒടുവിൽ  നിന്നിലേക്കെത്തും .അപ്പോൾ അപ്രതീക്ഷിതമായി  ഒരു മഴ പെയ്യണം .നനഞ്ഞു കൊണ്ടിരിക്കുന്ന എന്നെയും തേടി നീ ഒരു കുട പിടിച്ചു കൊണ്ട്  വരണം . എനിക്കൊപ്പം ആ പാറ മുകളിൽ നീയും ഇരിക്കണം.അരികിൽ  കുട മടക്കി വെക്കണം.മഴ നനഞ്ഞു കടലിൽ  വീണൊളിക്കുന്ന  മഴനൂലുകളെ  നോക്കി നമുക്കങ്ങനെ ആ മഴ തീരുവോളം അവിടെ ഇരിക്കണം .

നേർത്ത  മഴക്കുളിരിൽ,,,,,,,,,,,,,അൽപ്പം  ഇരുണ്ട നിറമുള്ള  ആകാശത്തോടൊപ്പം ,,,,,,,,, കടലിനോടൊപ്പം,,,,,,,,,,,,,,,,,,മഴയോടൊപ്പം ,,,,,,,,,,,,,,,,,,
അങ്ങനെ  നിനക്കൊപ്പം മഴ നനഞ്ഞു കടൽ കാണണമെന്ന ന്റെ മോഹം സാധിക്കണം .(അതിനൊരിക്കൽ ഒരു മഴക്കാലത്ത്  നമുക്ക് കാപ്പാട് ബീച്ചിൽ തന്നെ പോണം ട്ടോ. :) )

കടലിന്റെ സംഗീതം ന്ന് പറഞ്ഞ് ഈയിടെ ഞാൻ ഒരു ഒരു സീ ഡി വാങ്ങിച്ചിരുന്നു .ഇൻസ്റ്റ്രുമെന്റൽ  മ്യൂസിക് ന്റെ .അതിൽ പുല്ലാങ്കുഴൽ ആയിരുന്നു പ്രധാന ശബ്ദം .രാത്രിയുടെ നിശബ്ദതയിൽ  കടലിന്റെ ശബ്ദത്തിനൊപ്പം ഒരു പുല്ലാങ്കുഴൽ നാദം ഇങ്ങനെ.............സ്വപ്നങ്ങളുടെ  ലോകത്തേക്കുള്ള  യാത്രയ്ക്കായി  മനസ്  ഒരുങ്ങാൻ തുടങ്ങുമ്പോൾ ബാക്ക് ഗ്രൌണ്ട്  സ്കോർ  ആയി  ഇതും ......!!

ന്റെ വിവരക്കേട് കൊണ്ട് ഞാൻ വിചാരിച്ചിരുന്നത്  ഈ ഷെഹനായി  വലിയ ആളുകള് മരിക്കുമ്പോൾ അതിന്   അനുശോചനമായി  വായിക്കുന്ന ഒന്നാണ്ന്നാണ്.പണ്ട് ,എ  ആർ  റഹ്മാൻ ന്റെ ബോംബെ  സിനിമേലെ തീം മ്യൂസിക് കേട്ടതിന് ശേഷാണ്  ഇൻസ്റ്റ്രുമെന്റൽ മ്യൂസിക്നോട്‌  എനിക്കൊരു പ്രത്യേക ഇഷ്ടംണ്ടായത് .വല്ലാത്തൊരു ഫീൽ ആണ്  ആ മ്യൂസിക് തരുന്നത്.പറയാൻ കഴിയാത്ത ഒന്ന് .അതിനു ശേഷം എ ആർ   ആർ  ന്റെ  വലിയ ഫാൻ ആയി ഞാൻ .റോജ,ബോംബെ ,1947 എർത്ത്, സുബൈദ (ഈ ലിസ്റ്റ് തീരാൻ ഇച്ചിരി പാടാ ),എത്ര കേട്ടാലും മതിയാവാത്ത പാട്ടുകൾ . ദേവദൂതൻലെ ആ സെവൻ ബെൽസ് ന്റെ  സംഗീതോം  എനിക്കേറെ പ്രിയാണ് .
ആദ്യ മഴയുടെ സംഗീതം എന്നും പറഞ്ഞ്  വാങ്ങിയ "വർഷ" (ഇൻസ്റ്റ്രുമെന്റൽ  ഫ്യൂഷൻ മ്യൂസിക് )യിലെ  ഓരോ പാട്ടും എത്ര  സുഖാന്നോ  കേൾക്കാൻ !!!ആദ്യ മഴേടെ  മണം ,കുളിര് ,ഒക്കെ  നിറയും നമ്മടെ ഉള്ളിൽ .യാത്രയിൽ  എപ്പോഴും കേൾക്കുന്ന  ഒന്നാണ് അത്.പുറത്ത് മഴ .കാറിനുള്ളിൽ മഴേടെ  സംഗീതം .മനസ്സിൽ നിറയെ  പ്രണയം.ചിന്തകളിൽ ,സ്വപ്നങ്ങളിൽ നീ മാത്രം .....!!!!അവ നൽകുന്ന ഒരു ചിരി ചുണ്ടിൽ  അറിയാതെ നിറയും.അവ നൽകുന്ന തിളക്കം കണ്ണുകളിൽ  നിറയും .  

ഇപ്പൊ ഗസലുകളും ,ഖവ്വാലിയും ,സൂഫി സംഗീതോം ,ഒക്കെ കൂടി  എന്നെ  വേറെ ഏതോ ഒരു ലോകത്തിലേക്ക് കൊണ്ട് വന്നിരിക്കുകയാണ് .പുറത്ത് മഴ പെയ്യുന്നത് കാണുന്നു.മോഹന വീണയിൽ പണ്ഡിറ്റ്‌ വിശ്വമോഹൻ ഭട്ട്  മഴ പെയ്യിക്കുന്നത് കേൾക്കുന്നു .ഒരു മോഹം കൂടിയുണ്ട് .ഒരു സായാഹ്നം മുതൽ  പിറ്റേന്ന് പുലരും വരെ  നമുക്കിങ്ങനെ ഒരു കടൽതീരത്ത് കഴിച്ചു കൂട്ടണം.അന്ന് നിലാവുണ്ടാവണo.ആ രാവിൽ   ഗസലുകളും,സൂഫി ഡാൻസും,(ഒരു മഴേം ആയ്ക്കോട്ടെലെ?)ഉപകരണ സംഗീതങ്ങളും ഒക്കെ കൂടി  നമ്മിൽ  ഇനിയുമൊരുപാട് സ്നേഹം നിറയ്ക്കട്ടെ!!!!

ഇടവപ്പാതി  തുടങ്ങിയതാണോന്നറിയില്ല .ഇന്ന് രാവിലെ മുതൽ മഴയാണ്.ശുകപുരം സോമയാഗം ഇന്നത്തോടെ തീരും.ഇന്ന് വൈകുന്നേരത്തോടെ യാഗശാലയ്ക്ക് തീ കൊളുത്തും .ആ പുകച്ചുരുളുകൾ  മേഘങ്ങളെ  ഉമ്മ വെക്കുമ്പോൾ  അവ  മഴ പെയ്യിക്കുംത്രേ !!!ഇന്നലെ  യാഗഭൂവിൽ  പോയി നമസ്കരിച്ചു.അവിടെ ആളുകള് ഒരുപാട് വഴിപാടുകൾ ഒക്കേം ചെയ്യ്ണ്ടായിരുന്നു.പക്ഷെ എനിക്കൊന്നും തോന്നിയില്ല.ലോക നന്മയ്ക്കു വേണ്ടിയാണ് യാഗങ്ങൾ ."इदम्  न मम (ഇദം ന മമ -ഇതെനിക്ക് വേണ്ടിയല്ല )" അങ്ങനെയാണ്  പറയുക.അതുകൊണ്ട് ന്റെ മനസ്സിൽ ഒരു മന്ത്രം മാത്രേ ണ്ടായിരുന്നുള്ളൂ .लोका समास्था  सुखिनो भवन्थु !!!!