Tuesday, May 15, 2012

വെറുതെ...........ഒരു പോസ്റ്റ്‌!!!!!

മഴ പെയ്തും പെയ്യാതെയും ദിവസങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു.
വേനലവധി ഇപ്പോള്‍ തീരും.
മഴയുടെ നാളുകളായെന്ന് ഓര്‍മിപ്പിക്കാന്‍ ഇന്ന് ഇടവം പിറന്നു.
മഴയുടെ മാസം.
ഒരു ഇടവപ്പാതിയില്‍ ജനിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്.
പക്ഷെ ഞാന്‍ എത്തിയത് ഒരു ചിങ്ങമഴയിലാണ്.
ഓണനിലാവുദിച്ച ഒരു വെളുപ്പാന്‍ കാലത്ത്.

പോപ്പിയും ജോണ്‍സും എത്തി പുതിയ പേരിട്ട കുടയിറക്കിക്കൊണ്ട് .
ഇന്ന് അതിന്‍റെ പരസ്യത്തില്‍ ഉണ്ടായിരുന്ന ആ സുന്ദരിക്കുട്ടി മരിച്ചു എന്നറിഞ്ഞപ്പോള്‍ സങ്കടം വന്നു.
ഒപ്പം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ സംഭവം അറിഞ്ഞപ്പോഴും.
ഈ ആനയൊന്നും ഉത്സവങ്ങള്‍ക്ക് വേണ്ടെന്നു തീരുമാനിക്കണം എന്ന് അത് കണ്ടപ്പോള്‍ തോന്നി.
"അതുങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുമ്പോള്‍ അവ പ്രതികരിക്കതിരുന്നതെങ്ങനെ ??????
ഈ പൊരി വെയിലത്ത്‌ ചുട്ടു പൊള്ളുന്ന ടാറിട്ട റോട്ടില്‍ നമ്മളെ നിര്‍ത്തിയാല്‍ നമ്മള്‍ സമ്മതിക്കുമോ?????"
ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു.
(ദൈവമേ പൂരപ്രേമികള്‍ ഇത് വായിച്ചാല്‍ എന്നെ നുറുക്കി നുറുക്കി ഉപ്പേരിയുണ്ടാക്കി കഴിക്കും.)

കഴിഞ്ഞു പോയ ദിവസങ്ങളില്‍ യാത്രകള്‍ ഒരുപാടുണ്ടായിരുന്നു.
കണ്ട കാഴ്ചകളും ഏറെ മനോഹരങ്ങള്‍ ആയിരുന്നു.
ചില ഇഷ്ടങ്ങളെ ഒരിക്കല്‍ കൂടി താലോലിക്കാന്‍ സാധിച്ചു.
ചിലത് കുറെ പഴയ ഓര്‍മ്മകളെ തിരികെ കൊണ്ട് തന്നു.
ഇപ്പോഴിപ്പോള്‍ ജീവിതത്തോട് ഒരുപാടു ഇഷ്ടം തോന്നുന്നു.

ആമ്പല്‍ പൂത്ത പാടത്തേക്കു പോയപ്പോള്‍ ,നടുക്കുള്ള വരമ്പിലൂടെ ഓടിനടന്നപ്പോള്‍ "അക്കാപ്പൂ "ന്നും പറഞ്ഞു നടന്ന സ്കൂള്‍ കുട്ട്യേ ഓര്‍മ്മ വന്നു.
അന്നൊക്കെ അതിനു നടുക്കുള്ള മഞ്ഞ അല്ലി തിന്നുമായിരുന്നു.
നീളമുള്ള തണ്ട് പൊട്ടിച്ച് പൊട്ടിച്ച് മാലയാക്കി നടുക്ക് പൂവ് ലോക്കറ്റ് പോലെ ആക്കി കഴുത്തില്‍ ഇട്ടു നടക്കുമായിരുന്നു.
മനസ്സില്‍ പ്രണയം എന്ന കൌതുകം നിറയാന്‍ തുടങ്ങിയപ്പോള്‍ അത്തരം മാലകള്‍ ഇല്ലത്തെ കൃഷ്ണന്‍റെ പ്രതിമയില്‍ ചാര്ത്തുമായിരുന്നു.
പച്ച നിറമുള്ള ഒരു ഫുള്‍ പാവാട ഉണ്ടായിരുന്നു.അതും കറുപ്പ് ബ്ലൌസും ഇട്ടു കുറെ നടന്നിട്ടുണ്ട്.
പാടത്ത് കൂടെ നടക്കുമ്പോള്‍ കാറ്റില്‍ പാറുന്ന പാവാട, അത് പിടിച്ച് ഓടുമായിരുന്നു.
എത്ര ഭംഗിയുള്ള ദിവസങ്ങള്‍ ആയിരുന്നു അതെല്ലാം!!!!!!!!!!
ദാവണി അന്നൊക്കെ ഇഷ്ടമായിരുന്നെങ്കിലും ഒരിക്കലും ഉടുത്തിട്ടില്ല.
സിനിമകളിലും മറ്റും കാണുന്ന നായികാ സങ്കല്‍പം.
പാടത്ത് കൂടെ ഓടി വരുന്ന പെണ്‍കുട്ടി.
ഇരുവശവും പിന്നിയിട്ട നീളമുള്ള തലമുടി.
ഇതുപോലെ ദാവണി വേഷത്തില്‍ .............
എന്നെ ഞാന്‍ ഒരുപാടു സങ്കല്പ്പിച്ചിട്ടുണ്ട് അങ്ങനെ.
പക്ഷെ സുന്ദരിയല്ല എന്ന ഒരു കോമ്പ്ലെക്സ് ആ വേഷത്തില്‍ നിന്ന് എന്നും എന്നെ പിന്തിരിപ്പിച്ചിട്ടുണ്ട്.

ഗുല്‍മോഹര്‍ നിറഞ്ഞു പൂത്ത വഴിയരികിലൂടെയുള്ള സായാഹ്നത്തിലെ നടത്തം.
ചെറിയ മരങ്ങള്‍ ആണ് മിക്കതും.
പക്ഷെ ഇലയില്ലാത്ത പോലെ ആണ് ഒന്നിലും.
പൂക്കള്‍ മാത്രം.
ശരിക്കും രക്തവര്‍ണ്ണം തന്നെ.
ഇത്രയും ചുവപ്പ് മറ്റൊന്നിലും ഞാന്‍ കണ്ടിട്ടേയില്ല.
അതുകൊണ്ട് ഓരോ ദിവസവും വൈകുന്നേരം ആവാന്‍ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി.

പ്രണയം എനിക്കിപ്പോള്‍ മഴ നനഞ്ഞ രാത്രികള്‍ നല്‍കുന്നു.
ഓരോ മഴയിലും ഞാന്‍ അറിഞ്ഞു കൊണ്ടേയിരിക്കുന്നു,കണ്ടു കൊണ്ടേയിരിക്കുന്നു,അവനെന്നോടുള്ള പ്രണയത്തെ.
ജനാല തുറന്നിട്ട് ഇരുട്ടിലേക്ക് നോക്കുമ്പോള്‍ തിളങ്ങുന്ന മഴമുത്തുകള്‍ അവന്‍റെ മിഴികളാണെന്ന് ഞാന്‍ അറിയാറുണ്ട്.
അവയെ നേരിടാനാവാതെ കണ്ണുകള്‍ അടച്ചു ഞാന്‍ നില്‍ക്കുമ്പോള്‍ ഒരു കാറ്റിലൂടെ ഒരു മഴതുള്ളി എന്‍റെ മുഖത്തേക്ക് വന്നു പതിക്കാരുണ്ട്.

ഒരു കണ്ടുമുട്ടലിനു മനസ് മോഹിക്കുന്നുണ്ട്.
സംഭവിക്കുമോ എന്നറിയാത്ത ആ കൂടികാഴ്ചയെ കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു മനസ്.
ഇന്നലെ മേഘങ്ങള്‍ക്കിടയിലൂടെ നടക്കുന്നത് സ്വപ്നം കണ്ടു.
മേഘങ്ങളുടെ ചിത്രങ്ങളെ കണ്ടത് കൊണ്ടാകാം.

ഇപ്പോള്‍ മനസ്സില്‍ തെളിയുന്നത് ജയപ്രദയുടെ മുഖം ആണ്.
ജയപ്രദയെ എനിക്കൊരുപാട് ഇഷ്ടമാണ്.
മാത്യൂസെന്ന ഭര്‍ത്താവിന്‍റെ നല്ല ഭാര്യയായ,
മനസില്‍ ഇപ്പോഴും എവിടെയോ അച്ചുവിനോടുള്ള പ്രണയം ഒരു കുഞ്ഞു മെഴുകുതിരി പോലെ കൊണ്ട് നടക്കുന്ന ഗ്രെയ്സിനെ ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ..............
അലീനയുടെ,മഹേശ്വരിന്റെ സംഗീതത്തിലെ അലീനയായി മാറിയ ജയപ്രദയുടെ മുഖം.
അതാണ്‌ ഇപ്പോള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്.
മനസ്സില്‍ ചേര്‍ത്ത് വെച്ച മറ്റൊരു സിനിമയാണ് ദേവദൂതന്‍.
ആരോ ആരോടോ എന്തോ പറയാന്‍ ആഗ്രഹിക്കുന്നു.
അലീന,അവളുടെ പ്രണയം,അതിന്‍റെ നിഷ്കളങ്കത,തീക്ഷ്ണത അങ്ങനെ എല്ലാം എനിക്ക് പ്രിയമാണ്.
ആ സപ്ത സ്വര മണികളുടെ ചന്തം,അതില്‍ നിന്നും ഉണ്ടാക്കിയ വിദ്യാസാഗറിന്റെ മനോഹര സംഗീതം അങ്ങനെ ഒക്കെ ..............
ഇന്നത്‌ കണ്ടപ്പോള്‍ ഞാന്‍ അലീനയെ പോലെ ആവാന്‍ മോഹിച്ചു.
പാടട്ടെ
എന്‍ ജീവനെ .............എങ്ങാണ് നീ..............
ഇനിയെന്ന് കാണും................വീണ്ടും...................

ഈ രാത്രിയും എന്നില്‍ നിന്ന് പോവുമ്പോള്‍
നിന്നോട് പറയട്ടെ ,
നാളെ വീണ്ടും ഒരു ദിനം കൂടി എനിക്ക് കിട്ടുമ്പോള്‍ ഇന്നത്തേക്കാള്‍ ഒരുപാട് കൂടുതല്‍ ഞാന്‍ നിന്നെ പ്രണയിക്കും!!!!!!!!!!!!!!!!







Sunday, May 6, 2012

നിലാവ് നല്‍കിയതാണീ പോസ്റ്റ്‌!!!

06-05-2012
Sunday
11-30pm

വെയില്‍ ഒഴിഞ്ഞു നില്‍ക്കുന്ന ദിവസങ്ങള്‍.
മഴയായി പെയ്യാന്‍ മടിക്കുന്ന മേഘങ്ങള്‍ നിറഞ്ഞ ആകാശം.
നിലാവിന് ഒരു നേര്‍ത്ത നീല നിറമുണ്ട്.
നീലയും കറുപ്പും കൂടിയ നിറം.
ഭൂമിയ്ക്കിപ്പോള്‍ കണ്ണന്‍റെ നിറം.
ഗുരുവായൂര്‍ക്ക് പോയിട്ട് ദിവസം കുറച്ചായി.
കാണണം കണ്ണനെ.
ഒരു ചിരി ആ മുഖത്തേക്ക് നോക്കി കൊടുക്കാനുണ്ട്.
നല്‍കിയ സന്തോഷത്തിന്‍റെ ദക്ഷിണ പോലെ......................
ഭക്തിയുടെയും,സ്നേഹത്തിന്റെയും നിവേദ്യം പോലെ................
കേള്‍ക്കാന്‍ ആഗ്രഹിച്ചത്‌ കേട്ടപ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ ആ രൂപം മാത്രമാണ്.
ഒരു കയ്യില്‍ വെണ്ണയും മറു കയ്യില്‍ ഓടക്കുഴലും പിടിച്ച ,ആരോ വരച്ചിട്ട ,എങ്ങോ കണ്ടു മറന്ന ഒരു മുഖം.
ഇപ്പോള്‍ "കൈ നിറയെ വെണ്ണ തരാന്‍" എന്ന പാട്ട് കേള്‍ക്കുന്നു.
ഇതല്ലേ ഗുരുവായൂരപ്പനെ ഇത്രേം ഇഷ്ടാവാന്‍ കാരണം.
മനസ്സില്‍ നിരീച്ചപ്പോഴേക്കും ദാ വന്നു ഒരു പാട്ടിലൂടെ.

ഇന്ന് പൌര്‍ണമിയാണ്.
വൈശാഖത്തിലെ പൌര്‍ണമി.
ചന്ദ്രന്‍ ഇന്ന് ഭൂമിയോട് ഏറ്റവുമടുത്ത് എത്തുന്നുണ്ടത്രേ.
അരലക്ഷം കിലോമീറ്റര്‍ അടുത്തേക്കെത്തി.
സൂപ്പര്‍ മൂണ്‍.

സമയം പന്ത്രണ്ടു മണി ആയി.
ഈ നിശബ്ദതക്കെന്തു ഭംഗിയാണ്!!!!
മനസ്സില്‍ പ്രണയം പുറത്തെ നിലാവ് പോലെ......................
ജനലിലൂടെ നോക്കുമ്പോള്‍ കാണാം സന്തോഷത്തോടെ ഉദിച്ചു നില്‍ക്കുന്ന ചന്ദ്രനെ.
അതിനടുത്ത് എന്നെ നോക്കി നില്‍ക്കുന്നോ എന്ന് തോന്നിക്കുന്ന നക്ഷത്രത്തെ.
നേര്‍ത്തൊരു കാറ്റ് വീശുന്നു.
അങ്ങ് ദൂരെയുള്ള വീട്ടില്‍ ഇനിയും വിളക്കണഞ്ഞിട്ടില്ല.
ആ മുറ്റത്തെ മാവിന്‍ കൊമ്പുകളെ അതിലാടുന്ന ഇലകളെ ഇവിടെയിരുന്നു വ്യക്തമായി കാണാം.

ഇന്നത്തെ ദിനം ഏറെ മനോഹരമായിരുന്നു.
ഇന്നലത്തെ സന്ധ്യ എന്നെ കരയിച്ചുവെങ്കില്‍ ഇന്നത്തെ സന്ധ്യ എന്നെ ചിരിപ്പിച്ചു.
അവന്‍റെ പ്രണയം എനിക്കൊപ്പം ഉണ്ടെങ്കില്‍ എന്‍റെ കണ്ണീരും എന്നെ ചിരിപ്പിക്കും.
"ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു............
ഈറന്‍ മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ.................."
ഏറെ ഇഷ്ടമുള്ള പാട്ടാണ്.

തോട്ടത്തിനപ്പുറത്തുള്ള പാടത്ത് നിലാവ് കൊണ്ട് മോഹിച്ച് നില്‍ക്കാന്‍ കൊതിച്ചു.
വരമ്പില്‍ വെറുതെ ഇരിക്കാനും.
ഇപ്പോള്‍ ഒരു മോഹം,പറയട്ടെ നിന്നോട്,ചോദിക്കട്ടെ നിന്നോട്????????????
പോരുന്നോ എന്‍റെ അടുത്തേക്ക്???
ഇവിടെ ഈ ഏകാന്തതയില്‍ ഈ മനോഹര നിശബ്ദതയില്‍ എനിക്കൊപ്പം കൂട്ടായി.............
നമുക്കൊരുമിച്ചു അമ്പിളി അമ്മാവനെ കയ്യിലെടുക്കാന്‍ നോക്കാന്‍.............
നേരിയ പുകമഞ്ഞില്‍ ചിത്രം വരക്കാന്‍...............
ഇളം കാറ്റില്‍ ആടാന്‍ മടിച്ചു നില്‍ക്കുന്ന ഉറങ്ങാന്‍ തുടങ്ങുന്ന കുഞ്ഞു ചെടികളിലെ ഇലകളെ തലോടാന്‍..................
നീയും വരാമോ??????

വന്നാല്‍...............
നമുക്കിവിടെ പുലരുവോളം ഇരിക്കാം.
നമ്മുടെ മൌനം ശ്രുതിയിട്ട പ്രണയ ഗാനം ആസ്വദിക്കാം.
നിന്നെ എന്‍റെ മടിയില്‍ കിടത്താം.
ഇടതിങ്ങിയ തലമുടിയിഴകളിലൂടെ എന്‍റെ വിരലുകള്‍ അലസമായി ചലിപ്പിക്കാം.
ആ സുഖത്തില്‍ നിന്‍റെ കണ്ണുകള്‍ അടയാന്‍ തുടങ്ങുമ്പോള്‍ പതിയെ ഒരു താരാട്ട് മൂളാം.
നീ ഉറങ്ങുമ്പോള്‍ ഉണരും വരെ നിന്നെ നോക്കിയിരിക്കാം.

ഇന്ന് സന്ധ്യക്ക് തറവാട്ടിലെ അമ്പലത്തില്‍ പോയി.
അയ്യപ്പ സ്വാമിയെ കണ്ടു.
നില്‍ക്കുന്ന അയ്യപ്പ പ്രതിഷ്ഠ.
ദീപാരാധന സമയം.
നിറയെ നിലവിളക്കുകള്‍ക്കിടയില്‍ ഭഗവാന്‍.
മനസിലെ സങ്കടം മുഴുവനും ഒരു നിമിഷം കൊണ്ട് പൊയ്പോയി.
മുറ്റത്തെ വലിയ അരയാല്‍ മരം.
നിറയെ ഇളം തളിരിലകള്‍.
കാറ്റില്‍ അവ വിറയ്ക്കുന്നത് കാണുമ്പോള്‍ തോന്നുന്ന കുസൃതി,കൌതുകം പറഞ്ഞാലും തീരില്ല.
ഭഗവതിക്ക് മുന്നിലെ കണിക്കൊന്ന മരത്തില്‍ രണ്ടു കുല കൊന്നപൂവുകള്‍,ഗുരുവായൂരപ്പാന്നു വിളിപ്പിച്ചു.
പിന്നില്‍ നില്‍ക്കുന്ന കോളാമ്പി പൂവുകള്‍ ഒരു നിമിഷത്തേക്ക് എന്‍റെ ഇല്ലത്തേക്ക് കൊണ്ട് പോയി.
താഴെ വീണു കിടക്കുന്ന പൂവുകള്‍ എടുത്തപ്പോള്‍ പണ്ട് ഈര്‍ക്കിലില്‍ കോര്‍ത്ത കോളാമ്പിയും ചെമ്പരത്തിയും ഇട കലര്‍ത്തിയ പൂക്കാവടികള്‍ ഓര്‍മ്മ അവന്നു.
നല്ല മണമാണ് ഈ പൂക്കള്‍ക്ക്.
പണ്ടൊക്കെ മഞ്ഞ നിറം വലിയ ഇഷ്ടമായിരുന്നു.
അതിനു കാരണം ഈ പൂക്കള്‍ ആയിരുന്നു.
അമ്പലമുറ്റത്തെ നടവരിയുടെ ഇരു വശവും കറുകയും,തഴുതാമയും മുയല്‍ച്ചെവി ചെടികളും ഇടതിങ്ങിയിരുന്നു.
ഈ തഴുതാമ തോരന്‍ നല്ല സ്വാദാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
ഇതുവരെ കൂട്ടിയിട്ടില്ല.

തറവാട്ടു മുറ്റത്തെക്കുള്ള ഇടവഴിയുടെ തുടക്കത്തില്‍ അത്ര വലുതല്ലാത്ത ഒരു ഗുല്‍മോഹര്‍ മരം നില്‍ക്കുന്നുണ്ടായിരുന്നു.
അവിടവിടെ ആയി പൂക്കളും ഉണ്ട്.
വരുന്ന വഴിയില്‍ ഇരു വശങ്ങളിലും ആയി കുറെ പൂത്തു നില്‍പ്പുണ്ടായിരുന്നു ഗുല്‍മോഹര്‍ പൂക്കള്‍.
കഴിഞ്ഞ വീണ്ടും കോഴിക്കോട്ടേയ്ക്ക് പോയപ്പോ കണ്ടു ഗുല്‍മോഹര്‍ വിരിച്ച എന്‍ എച്ച് വഴിയെ.
പറഞ്ഞു ഫലിപ്പിക്കാനാവുന്നില്ല അതിന്‍റെ ഭംഗി.
അതിനെ ഇഷ്ടപ്പെടാത്ത ആരും ഉണ്ടാവില്ല.

അയ്യപ്പ സ്വാമിയെ കണ്ടു തിരിച്ചു വരുമ്പോള്‍ കണ്ടു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്ന വല്യ ചന്ദ്രനെ.
ഇത്രേം വല്യകുട്ടി ആയേന്റെ നാണം കൊണ്ടെന്നു തോന്നിച്ചു.
അച്ചൂന് കാണിച്ചു കൊടുത്തു.
ദേ നമ്മടെ കൂടെ അമ്പിളി അമ്മാവനും വരണൂന്നും പറഞ്ഞ്.

അച്ചൂന്റെ കൂടെ അമ്പിളി അമ്മാവനേം,നക്ഷത്രങ്ങളേം കാണുമ്പോള്‍,
തുമ്പിയേം,പൂമ്പാറ്റേം,പറ്റി സംസാരിക്കുമ്പോള്‍ ഞാനും ചിലപ്പോഴൊക്കെ അവളെ പോലെ ചെറിയ കുട്ടി ആവാറുണ്ട്.
അവളോട്‌ തല്ലു കൂടുമ്പോ അമ്മ ചോദിക്കും ഇതിലാരാ കുട്ടി എന്ന്.
അവളിപ്പോ വല്യ ആളായെന്നാ ഭാവം.
ചില ഡയലോഗുകള്‍ അങ്ങനെയാണ്.
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്‌താല്‍ ഫേസ് ബുക്ക് എടുക്കാന്‍ പറയും.
angry birds കളിക്കണംത്രെ.
ഉറക്കത്തില്‍ നിന്ന് ചെലപ്പോ എണീറ്റ്‌ കരയും.
അമ്മെ സൊപ്പ(സ്വപ്നം)കണ്ടൂന്നും പറഞ്ഞ്.
അച്ചു എന്താ കണ്ടെന്നു ചോദിച്ചപ്പോ പറയാ മമ്മൂട്ടിയെന്ന്.
മമ്മൂട്ടി എന്തെ അചൂനെ കാട്ടിയെന്ന് ചോദിച്ചു.
മമ്മൂട്ടി തുള്ളീത്രേ!
അതും പറഞ്ഞ് കളിയാക്കും എപ്പഴും.
അപ്പൊ അവള്‍ "ങ്ങും"ന്ന് പറഞ്ഞ് മുഖം തിരിക്കും.
പെണങ്ങിയെന്ന പോലെ.
അവള്‍ടെ കഥകള്‍ എന്ന് പറഞ്ഞ് ഒരു പോസ്റ്റ്‌ ഇടാന്‍ പാകത്തിനുള്ള കയ്യിലിരിപ്പൊക്കെ അവള്‍ക്കുണ്ട്.

ഇന്നലെ വൈകുന്നേരം കല്യാണിക്കാവിലേക്ക് പോയിരുന്നു.
പ്രദക്ഷിണം വെച്ചിട്ട് കുറച്ചു നേരം കല്യാണിപ്പാടത്തെയ്ക്ക് നോക്കി നിന്നു.
കുട്ടികള്‍ ക്രിക്കെറ്റ് കളിക്കുന്നുണ്ടായിരുന്നു.
വെള്ള ആകാശത്തില്‍ നീല മേഘങ്ങള്‍ അവിടവിടെ ആയി അലസം കിടപ്പുണ്ടായിരുന്നു.
അമ്പലക്കുളം കണ്ടപ്പോള്‍ മനസ്സില്‍ മിനിഞ്ഞാന്ന് രാത്രി കണ്ട സ്വപ്നം ഓര്‍മ്മ വന്നു.
വെള്ളത്തിനടിയിലെ പായല്‍ കണ്ടപ്പോള്‍,
ബ്ലോഗുകളുടെ ലോകത്തില്‍ വന്നപ്പോള്‍ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ കൊണ്ട് സന്തോഷപ്പെടുത്തിയ ഒരു ബ്ലോഗില്‍ ആ പായല്‍ ചിത്രം ഉണ്ടായിരുന്നതോര്‍മ്മ വന്നു.
ആ ബ്ലോഗ്ഗര്‍ ഇപ്പോഴെന്താണാവോ ചിത്രങ്ങള്‍ ഒന്നും ഇടാത്തെ.








Saturday, April 7, 2012

യ്യോ.............പോസ്റ്റിനു നീളം കൂടിപ്പോയി.

പൂക്കള്‍ നല്‍കിയ സന്തോഷം,പുഞ്ചിരി.
(ഇതാണ് ശരിക്കും തലക്കെട്ട്‌.)

ഇന്നലത്തെ സന്ധ്യ വളരെ
സുന്ദരമായിരുന്നു.
മിനിഞ്ഞാന്നത്തെ നിലാവിനോട് ഞാന്‍ പങ്കുവെച്ചത് എന്റെ കണ്ണീരായിരുന്നു.
പക്ഷെ ഇന്നലെ ഞാന്‍ കൊടുത്തത് ഒരു ചിരിയായിരുന്നു.
ഇന്നലത്തെ നിലാവിന് ഭംഗി കൂടി.
ഇപ്പോഴിപ്പോള്‍ എന്റെ ദിവസങ്ങള്‍ എനിക്ക് പ്രിയമാവുന്നത് യാത്രകളിലൂടെയാണ്.
ഇന്നലെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ദക്ഷിണാ മൂര്‍ത്തി അമ്പലത്തിലും,ചമ്പ്രമാണം അമ്പലത്തിലും പോയി.
വളരെയധികം സന്തോഷവും,ഉല്ലാസവും,സമാധാനവും തോന്നി.
രാവിലെ മുതല്‍ എന്റെ കണ്ണുകളും,മനസും നിര്‍ത്താതെ പെയ്യുകയായിരുന്നു.
ഗുരുവായൂരപ്പനും സങ്കടായി കാണും ഞാനിങ്ങനെ കരയുന്നത് കണ്ടപ്പോള്‍.
അതാ ഇന്നലെ ഒരു കുഞ്ഞു യാത്രയ്ക്കുള്ള അവസരം എനിക്ക് തന്നത്.
കൂടെ ഇച്ചിരി സന്തോഷോം.

ഒരു വേനല്‍ മഴയ്ക്കായി കാത്തിരിക്കുകയായിരുന്നു.
എന്റെ മുറ്റത്ത്‌ വിരിഞ്ഞു എന്നെ ചിരിപ്പിക്കാനായി.
ശവം നാറി പൂവെന്നോ,കാട്ടുള്ളി പൂവെന്നോ അങ്ങനെ എന്തോ ഒരു പേരിലുള്ള ഈ പൂവ് എനിക്കൊരുപാട് പ്രിയമാണ്.

പണ്ട് എന്റെ കൌമാരങ്ങളില്‍ അവധി ദിവസങ്ങളില്‍ എന്റെ സ്വപ്‌നങ്ങള്‍ പങ്കു വെക്കുമായിരുന്നു എന്റെയീ ചങ്ങാതിയോട്‌.
അതൊക്കെ പക്ഷെ തിരിച്ചറിയുന്നത്‌ ഇപ്പോഴാണ്.
ഒറ്റയ്ക്കാവുമ്പോള്‍ ഉറക്കെ വര്‍ത്തമാനം പറയുന്ന ശീലം എപ്പോഴോ ഒരിക്കല്‍ എന്റെ സ്വഭാവത്തില്‍ കേറിക്കൂടി.
(അതൊക്കെ ഒരിക്കല്‍ എനിക്ക് നഷ്ടപ്പെട്ടിരുന്നു.
ഇപ്പൊ വീണ്ടും എന്നെ തേടി എന്റെ പല നഷ്ടപ്പെട്ട ഇഷ്ടങ്ങളും വന്നു തുടങ്ങി.)
അപ്പൊ ചുറ്റും ഉള്ളതിനോടൊക്കെ കിന്നാരം പറയും.
ഒരു രസം.
കാറ്റിലാടുന്ന ഇലകളും,മരങ്ങളും,മാങ്ങാ കുലകളും ഒക്കെ എന്റെ കൂട്ടുകാര്‍ ആയിരുന്നു.
വല്ലാതെ ഇഷ്ടം കൂടുമ്പോള്‍ അതിനെയൊക്കെ മേല്‍ അമര്‍ത്തി ഉമ്മ വെക്കും.
ഒരിക്കല്‍ അത് കണ്ടിട്ട് അച്ഛമ്മ കുറെ കളിയാക്കി.
അതില്‍ പിന്നെ ആരും കാണാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കും.
അതൊക്കെ എന്റെ സ്വന്തം സ്വകാര്യങ്ങള്‍ അല്ലെ.

ഇപ്പൊ വിരലുകളില്‍ അച്ഛമ്മയെന്ന വാക്ക് അറിയാതെ വന്നതാണ്.
ഇന്നലെ കണ്ടെയുള്ളൂ സ്വപ്നത്തില്‍.
അത് മറന്നിരിക്കുകയായിരുന്നു.
"നീ പോസ്റ്റില്‍ എന്നെ കുറിച്ചും കൂടി എഴുതൂ എന്നോര്‍മ്മിപ്പിക്കാന്‍ " ആണോ ആ പേര് എന്റെ വിരലുകളിലേക്കു വന്നത്?
എന്തെഴുതാനാ അച്ഛമ്മേ.............??????
ചിലതൊക്കെ വാക്കുകള്‍ക്കും മടിയാണ് മനസിലാക്കി തരാന്‍.
അങ്ങനെ ഒന്നാ എനിക്ക് അച്ഛമ്മയോടുള്ള സ്നേഹം.
എത്ര പറഞ്ഞാലും,മതിയാവാത്ത,തീരാത്ത ഒരു സ്നേഹം.
ഇത്ര മനോഹരമായ ഒന്നാണ് വാത്സല്യം എന്ന് ഞാന്‍ അറിഞ്ഞത് അച്ഛമ്മയില്‍ കൂടെയാ.

ഇത്രേം പാവം പിടിച്ച ആളുകള്‍ ലോകത്തിലുണ്ടെന്നു ഞാന്‍ മനസിലാക്കിയത് അച്ഛമ്മയെ അറിയാന്‍ തുടങ്ങിയപ്പോഴാ.
സ്ത്രീകള്‍ക്ക് ഏറ്റവും നല്ല ആഭരണം നൈര്‍മല്യവും,നിഷ്കളങ്കവുമായ മനസ്സാണെന്ന് എനിക്ക് മനസിലാക്കിച്ചു തന്നത് അച്ഛമ്മയാ.
വയസ്സായ ആളുകളെ സ്നേഹിക്കാനും,സഹായിക്കാനും,ബഹുമാനിക്കാനുമൊക്കെ തുടങ്ങിയത് അച്ഛമ്മ കാരണമാണ്.
വേളി കഴിഞ്ഞാലും അവിടെ ചെല്ലുമ്പോള്‍ അച്ഛമ്മ എനിക്ക് ചോറ് വായില്‍ തരും.
അച്ഛമ്മ പുളീം മുളകും ഉള്ളീം കൂടി തിരുമ്പി ചോറില്‍ കൂട്ടി തരുന്ന സ്വാദ് അതെനിക്ക് തീരാ നഷ്ടമാണ്.

നമ്മുടെ ദേശാടനത്തിലെ മുത്തശ്ശനെ എനിക്കൊരുപാടിഷ്ടമാണ്.

അതുപോലെ കാഴ്ചയിലെ.
പിന്നെ ഇപ്പൊ അച്ചൂന്റെ വൈദ്യര് മുത്തശ്ശനേം .
ഇവിടെ അടുത്ത അമ്മയൊക്കെ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന ഒരു മുത്തശ്ശി ഉണ്ട്.
മാതു മുത്തശ്ശി.
ഞാനും അച്ചൂം അങ്ങനെയ വിളിക്യാ.
ബാക്കി ഉള്ളോരൊക്കെ പേരാ.
പിന്നെ ഒരു കുഞ്ഞിമാളു അമ്മയുണ്ട്.
തിരുവാതിരക്കളിയുടെ ഉസ്താദ് ആണ്.
നാട്ടിലുള്ള പെണ്കൊടിമാരെയൊക്കെ പഠിപ്പിച്ചിട്ടുണ്ട് അവര്.
ഇപ്പോഴും അതിസുന്ദരിയാണ്.
കണ്ടാല്‍ നോക്കി നിന്ന് പോവുന്ന സൌന്ദര്യം.


പറഞ്ഞു വന്നത് ഇതൊന്നുമല്ല.
ആ പൂവ് ആ വെളുത്ത പൂവ് അതിനെ ഞാന്‍ കണ്ടത് മിനിഞ്ഞാന്നാണ്‌.
കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി.
മിക്കവാറും ആരും കാണാതെ ഒളിച്ചു നിന്നെ ഇവള് വിരിഞ്ഞു നില്‍ക്കൂ എന്ന് തോന്നുന്നു.
അവിടേം അങ്ങനെ തന്നെ ആയിരുന്നു.

വൈകുന്നേരം പെട്ടെന്ന് തീരുമാനിച്ചതാണ് ശുകപുരത്തേക്ക് പോവാന്‍.
അമ്പലം എന്ന് കേട്ടാല്‍ അച്ചൂം,അമ്മേം ചാടി വീഴും.
പിന്നെ പുറപ്പെടലൊക്കെ എളുപ്പം കഴിയും.
അങ്ങനെ അങ്ങോട്ടും പോയി.
ആദ്യം ദക്ഷിണാമൂര്‍ത്തിയെ കാണാന്‍ പോയി.

പാറിപ്പറന്നു കിടക്കുന്ന വെള്ളി മേഘങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു കീഴെ തലയുയാര്‍ത്തി നില്‍ക്കുന്ന ദക്ഷിണാ മൂര്‍ത്തി അമ്പലം.
പേപ്പറില്‍ ഒക്കെ വാര്‍ത്ത ഉണ്ടായിരുന്നു,അവിടെ രുദ്രാക്ഷം പൂത്തു എന്നതിന്റെ.
കേരളത്തിലെ ഏക ക്ഷേത്രം ദക്ഷിണാമൂര്‍ത്തി പ്രധാന പ്രതിഷ്ഠ ആയിട്ടുള്ള.
വലിയ അമ്പലം ആണ്.
ഇപ്പൊ കുറച്ചൂടെ പണി നടന്നിട്ടുണ്ട്.
സതീ വിയോഗത്തില്‍ ആ ദുഃഖത്തില്‍,കോപത്തില്‍ ഇരിക്കുന്ന ശിവന്‍.
ദുഃഖമാണ് കൂടുതലും.
അതുകൊണ്ട് അവിടെ ആഘോഷങ്ങള്‍ ഒന്നുമില്ല.
എപ്പോഴും നിശബ്ദത മാത്രം.
ഒരുപാട് സ്ഥലമുണ്ട് ക്ഷേത്രം വക.
ഒരുപാട് മരങ്ങളും.
കുളത്തിനരികില്‍ കണിക്കൊന്ന അടിമുടി പൂത്തു നിന്നിരുന്നു.
പൂവ് വാടി കൊഴിയാനും.
പുറമേ താഴേക്കു ഇറങ്ങി മറ്റൊരു ശിവ പ്രതിഷ്ഠ കൂടിയുണ്ട്.
ഒരു കീഴ്കാവ് പോലെ.
അതിനടുത് സര്‍പ്പഗന്ധിയുടെ വലിയൊരു മരമുണ്ട്.
സര്‍പ്പഗന്ധിയുടെ മറ്റൊരു പേരല്ലേ നാഗലിംഗം?
അതിനു ചുറ്റും പൂക്കള്‍ മെത്ത വിരിച്ച പോലെ പടര്‍ന്നു കിടന്നിരുന്നു.
പാലപ്പൂവ് പോലെ ഒരു പ്രത്യേക മണമാണ് അതിനും.
ഒരു ഫാന്റസി കലര്‍ന്ന മണം.
അതിലേക്കു കൌതുകത്തോടെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരാള്‍ പറഞ്ഞു അത് തൊടാനൊന്നും പാടില്ല എന്ന്.
സാധാരണ അങ്ങനെയൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അത് അനുസരിയ്ക്കാരുണ്ട്.
പക്ഷെ ഈ തവണ കേട്ടില്ല.
അതീന്നു പെറുക്കിയെടുക്കുക തന്നെ ചെയ്തു.
വാസനിച്ചു നോക്കി.

പുറമെയുള്ള ഇതളുകള്‍ ഒക്കെ കൊഴിഞ്ഞിരുന്നു.
(ഞാനെടുത്ത അതിന്റെ ചിത്രമാണ് ട്ടോ ഈ പോസ്റ്റില്‍ ഉള്ളത്.
അല്ലെങ്കിലും ഈ ബ്ലോഗിലെ പോസ്റ്റുകളിലെ ചിത്രങ്ങള്‍ ഒക്കെ എന്റെ വക തന്നെ.)
അചൂനെ തൊടീച്ചില്ല.
എന്തേലും വരികയാണെങ്കില്‍ അത് അമ്മയ്ക്ക് മതി,അച്ചൂന് വേണ്ട.
ഇന്ന് (എല്ലാ ചിത്തിര നാളിനും )അവിടെ പ്രസാദ ഊട്ടുണ്ട്.
പൂത്ത രുദ്രാക്ഷ ചെടി ചെറുതാണ്.
അവിടെ മലമാക്കാവില്‍ കണ്ടപോലത്യേ അല്ല.

വീതി കുറഞ്ഞ നീണ്ട ഇലകള്‍ ആണ് ഇതിന്റെ.
അതിന്റെ മുകളില്‍ എവിടെയോ ഒന്നോ രണ്ടോ കായുണ്ട് എന്ന് അവിടെ നന്ന ഒരാള്‍ പറഞ്ഞു.
കണ്ടില്ല.
അവിടന്ന് ചമ്പ്രമാണത്തേക്ക് പോയി.
പോവുന്ന വഴി ഒരു വീടിനു മുന്നില്‍ ചന്ദന മരം നിക്കണ കണ്ടു.
അതില്‍ നിറയെ പൂവുണ്ടായിരുന്നു.

ഞാന്‍ ആദ്യമായാണ്‌ പൂത്ത ചന്ദന മരം കാണുന്നത്.
(അതിന്റെ ഇതിലെ ഫോട്ടോ ഞാന്‍ എടുത്തതല്ല.ഗൂഗിള്‍ തന്നതാണ്.)
അത് കണ്ടപ്പോ ഞാന്‍ ആകെ എക്സൈറ്റട് ആയി.
ചമ്പ്രമാണം അമ്പലം ജയേട്ടന്‍
പൂജ കഴിക്കുന്നതാണ്.
ആ സ്വാതന്ത്ര്യം അവിടെയുണ്ട്.
അച്ചുവിന്റെ അച്ഛന്‍ ആണ് അവിടെ ശാന്തിപ്പണി തുടങ്ങി വെച്ചത്.
പിന്നെ അത് ജയേട്ടന്‍ ഏറ്റെടുത്തു.

ആദ്യമൊക്കെ അവിടെ വീടും മറ്റും കുറവായിരുന്നു.
ഒരു കാട് പോലെ ആയിരുന്നു ചുറ്റും എന്നൊക്കെ പറഞ്ഞു.
ഇപ്പൊ അത് കണ്ടാല്‍ വിശ്വസിക്കുകയെ ഇല്ല,അത്ര കണ്ട് മാറിപ്പോയി അവിടം.
അത് ശിവന്‍ ആണ്.

പടിഞ്ഞാട്ടു പ്രതിഷ്ഠയുള്ള ശിവന് കൂടുംന്നാണ് വിശ്വാസം.
ഈ പുള്ളി അപ്പൊ ശക്തിമാന്‍ ആണ്.
അവിടെ മംഗല്യ പൂജ കഴിക്കുന്നത്‌ ഗണപതിയ്ക്കാണ് .
മൂന്നു മാസത്തിനുള്ളില്‍ മംഗല്യം നടക്കുംന്നാണ് വിശ്വാസം.

ജയേട്ടന്‍ പറഞ്ഞ അറിവാണ്.അങ്ങനെ കുറെ നടന്നിട്ടും ഉണ്ടത്രേ.
അവിടന്ന് പുല്ലാനിപ്പൂവ് കിട്ടി.
ഉണങ്ങിയതും,ഉണങ്ങാത്തതും.
ദ ദാണിത്,ഈ ചിത്രങ്ങളിലെ.
കുറെ കാലായി ഈ പുല്ലാനി പൂക്കളെ ഒന്ന് അടുത്ത് കാണണംന്നു നിരീച്ചിട്ട്.

ഇന്നലെ അത് നടന്നു.
നമ്മള്‍ വിചാരിക്കുന്നതെല്ലാം നടന്നാല്‍ നമുക്കെന്തു സന്തോഷാവുംലെ???
ഇന്നലെ ഞാന്‍ അങ്ങനെ ആയിരുന്നു.????????

ഇപ്പോഴിപ്പോള്‍ മുറ്റത്തും,തോട്ടത്തിലും ഓലേഞ്ഞാലികളുടെ ബഹളമാണ്.
ഒപ്പം കൂടാന്‍ വണ്ണാത്തിക്കിളികളും.
വീടിനു ചുറ്റുമുള്ള അന്തരീക്ഷം എപ്പോഴും കിളികളുടെ ശബ്ദം കൊണ്ട് മുഖരിതമാണ്.
ഇന്ന് സന്ധ്യക്ക്‌ മറ്റൊരു അതിശയണ്ടായി.
ഒരു പെണ്മയില്‍ വന്നു.
അചൂനേം,അമ്മേം കാണാന്‍.
ഈ മയിലിന്റെ മുഖം കഴുത്തു വരെ എന്തൊരു ചന്താണ് !!!!
ആ ഒരു നീലയും,പച്ചയും നിറം.
പറയാന്‍ വയ്യ, ചേതോഹരം.
ആദ്യം വന്നപ്പോ കണ്ട സന്തോഷത്തില്‍ ഒച്ചേം വിളീം കൂട്ടി.അപ്പൊ അത് പോയി.
പിന്നെ കുറച്ചു കഴിഞ്ഞു ആദ്യേ പമ്മി പമ്മി വന്നു.
മഴക്കാറുണ്ടായിരുന്നെങ്കില്‍ ഈ മയിലാട്ടം ഒന്ന് കാണായിരുന്നു.
പീലിയില്ലെങ്കിലും ചന്തണ്ടാവുംലെ?
ഈ ഓലേഞ്ഞാലികള്ടെ തല്ലുകൂട്ടം കാരണം പെട്ടെന്ന് തന്നെ പോയി.
അടുത്തുള്ള കാട്ടില്‍ന്നാണ്.
ആ കാടൊക്കെ മനുഷ്യര് കയ്യേറി അപ്പൊ കാട്ടിലെ താമസക്കാര്‍ ഇങ്ങോട്ടും എത്തി.
ഇവിടെ അടുത്തുള്ള കുന്നൊക്കെ കാണണം.
കഷ്ടം തോന്നും മണ്ണ് മാന്തി മാന്തി ഒരു വിധായി.
ആ വശത്തെ താമസക്കാര്‍ക്കൊക്കെ അല്ലര്ജീടെ പ്രശ്നോം.

അതൊക്കെ പറയാതിരിക്കുന്നതാ ഭേദം.