Friday, March 9, 2012

നിലാവുള്ള ഈ രാത്രിയില്‍ നിന്നോട് പറഞ്ഞത്..................

ഇന്നത്തെ രാത്രിയ്ക്കെന്തൊരു ഭംഗി!!!!!
നിലാവും,നേര്‍ത്ത കാറ്റും,പിന്നെ എന്‍റെ പ്രണയവും...............

ഇരുളിന് കനം വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍,മുറ്റത്തു കൂടി വെറുതെ നടന്നു.
ഒറ്റയ്ക്ക് നടക്കാന്‍ വല്ലാതെ മോഹിച്ചു.
ആകാശം നോക്കി,നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞുകൊണ്ട് അങ്ങനെ.................
ചന്ദ്രന്‍ പൂര്‍ണ്ണ രൂപത്തില്‍............,
ഇന്ന് പൌര്‍ണമിയാണല്ലോ എന്നോര്‍ത്തു.
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചും,തെളിഞ്ഞും എന്നെ നോക്കി ചിരിച്ചു.
മുറ്റത്തെ വലിയ തെങ്ങിന്‍റെ ചോട്ടില്‍ ഓലകള്‍ക്കിടയിലൂടെയുള്ള ആ ചിരി നോക്കി ഞാന്‍ ഏറെ നേരം നിന്നു.
മുഴുവനും തെളിഞ്ഞതിന്റെയാണോ എന്നറിയില്ല അവന്‍ ആകെ സന്തോഷവാനായിരിക്കുന്നു.
ഹൃദയം തുറന്നുള്ള ചിരി ഈ ചന്ദ്രന്റെ സന്തോഷം പോലെ..................
എത്ര ഭംഗിയാണ് കാണാന്‍.!!!!!!!!!
നിലാവ് പോലുള്ള ചിരി എന്ന് പറയുന്നത് എത്ര നല്ല ഒരു പ്രയോഗമാണ് എന്നോര്‍ത്തു.
നിഷ്കളങ്കത നിറഞ്ഞ അന്തരീക്ഷം.
നേര്‍ത്ത തണുപ്പുള്ള കാറ്റ് വീശി.
അങ്ങ് ദൂരെ എവിടെയോ ഒരു മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു.
എവിടെയാണ്???????????
അതോ എന്‍റെ മനസിലെ,അവന്‍ പെയ്യിച്ച പ്രണയത്തിന്‍റെ മഴ ഈ കാറ്ററിഞ്ഞതാണോ?????
അതെയെന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടു.
പുളിയിലകള്‍ ആണ് ആദ്യം ഉറങ്ങുക.
സന്ധ്യയാവുമ്പോഴേയ്ക്കും കണ്ണുകള്‍ അടച്ചെന്ന പോലെ ഇലകള്‍ കൂമ്പി ഉറക്കം തൂങ്ങിയിരിക്കും.
നെഞ്ചില്‍ ഇപ്പോള്‍ അന്ന് കണ്ട അമ്പല പ്രാവുകളുടെ കുറുകല്‍ കേള്‍ക്കാം.
അവയുടെ ചിറകടിയൊച്ച കേള്‍ക്കാം.
രാവിലെ കണ്ട കാഴ്ച ഓര്‍ത്തു.
ഇന്ന് രാവിലെ ടാങ്കില്‍ വെള്ളം നിറഞ്ഞതിന്റെ ബാക്കി താഴെ വീണു കേട്ടികിടന്നപ്പോള്‍ അതില്‍ മുങ്ങാനായി കരിയിലക്കിളികളും,രണ്ടു ഓലവാലന്‍ കിളികളും വന്നിരുന്നു.
വെള്ളം നനച്ച അവയുടെ ദേഹം കുടഞ്ഞു ഭംഗിയാക്കാന്‍ അപ്പുറത്തെ കറിവേപ്പ് മരത്തിലെ കൊമ്പില്‍ പോയിരുന്നു.
ചിറകു കുടഞ്ഞു സുന്ദരിയായ പെണ്കിളിയെ കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍ പ്രനയാര്‍ദ്രമായി നോക്കുന്നത് കണ്ടു.
ചിറകുകള്‍ ഒതുക്കി അവ കൊക്കുകളുരുമ്മാന്‍ ശ്രമിക്കുന്നതും.

തെങ്ങിന്‍റെ ചോട്ടില്‍ ഒരു ചെറിയ മുല്ലവള്ളിയുണ്ട്.
അതില്‍ നിറയെ പൂക്കള്‍ വിരിഞ്ഞു അപ്പോഴേക്കും.
പ്രണയം മിഴികളില്‍,ചുണ്ടില്‍,നോക്കില്‍ ഒക്കെ നിറയാന്‍ ഇതില്പരം ഇനിയെന്ത് വേണം!!!!!!!
മനസിലെ വാതിലിനുള്ളില്‍ അക്ഷമനായി നില്‍ക്കുന്ന പ്രണയം,ആ ഓര്‍മ്മകള്‍ വാതില്‍ തള്ളി തുറന്നു പുറത്തേക്കു പോയി.
അതെ,എന്‍റെ പ്രണയം ഇപ്പോള്‍ അതിന്റെ സ്വാന്ത്ര്യമാഘോഷിക്കുകയാണ്.
ഇന്നതും ഹോളി ആഘോഷിക്കുകയാണ്.
നിന്‍റെ സ്നേഹത്തിന്‍റെ നിറങ്ങള്‍ വാരിവിതറിക്കൊണ്ട്............
അവന്‍റെ ശബ്ദം കേട്ടപ്പോള്‍,അവനോടു സംസാരിക്കുമ്പോള്‍ ഞാന്‍ ഒരു കൌമാരക്കാരിയാവുന്നതായി തോന്നി.
നെഞ്ചില്‍ ഒരു പടപടപ്പ്‌,ശബ്ദത്തില്‍ ഒരു വിറയല്‍,നാണം കൊണ്ട് വാക്കുകള്‍ മുറിഞ്ഞു പോവുന്നു.
പലപ്പോഴും ഒരു മൂളല്‍ മാത്രം.............
ഒരു പതിനേഴുകാരി കാമുകിയെ പോലെ................
എന്നെ കാണാന്‍ അവന്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍ എന്‍റെയുള്ളില്‍ വാക്കുകള്‍ പുറത്തേയ്ക്ക് വരാനാവാതെ വിഷമിച്ചു.
എനിക്ക് തരാന്‍ ഒരു നനുത്ത ചുംബനം അവന്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്‍റെ മിഴികള്‍ താനേ അടഞ്ഞു പോയി.
അവന്‍റെ സ്നേഹം അതെത്ര നിഷ്കളങ്കമാണ് ഈ നിലാവ് പോലെ എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.
എത്ര മനോഹരമാണ് ഈ ചന്ദ്രനെ പോലെ എന്ന് ഞാന്‍ അറിയുന്നു.
നാളുകള്‍ക്കു ശേഷം ഞാന്‍ അറിയുന്നു നിന്‍റെ പ്രണയത്തിന്‍റെ സന്തോഷം.
നിന്‍റെ പ്രണയത്തിന്‍റെ സൌരഭ്യം.
എന്‍റെ വാക്കുകളിലെ ഭംഗി നീ പറഞ്ഞപ്പോള്‍,
അത് നിന്നെ ഏറെ സന്തോഷിപ്പിക്കുന്നു എന്നറിഞ്ഞപ്പോള്‍
എന്‍റെ മനസ് നിനക്കായി വാക്കുകള്‍ കൊരുത്തു കൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ടവനെ.......................
നിന്നെക്കാള്‍ പ്രിയപ്പെട്ടതൊന്നും എനിക്കില്ല.
നിനക്ക് വേണ്ടിയല്ലാത്തതൊന്നും ഈ എന്നില്‍ ഇല്ല.
ഇതിലും കൂടുതല്‍ ഇനി ഞാന്‍ എങ്ങനെയാണു നിന്നെ പ്രണയിക്കേണ്ടത്??????
ഇപ്പോള്‍ നീയെനിക്കരികില്‍ ഉണ്ടായിരുന്നെങ്കില്‍,ഈ വെറ്റിലക്കൊടിയിലെ തളിര്‍ വെറ്റില പൊട്ടിച്ച്
വാസന ചുണ്ണാമ്പു തേച്ച് കളിയടയ്ക്ക കൂട്ടി നിന്‍റെ വായില്‍ വെച്ച് തന്നേനെ..............
നിന്‍റെ കാതില്‍ പറഞ്ഞേനെ നിന്നെ ഞാന്‍ ഒരുപാടു പ്രണയിക്കുന്നുവെന്ന്.
കാണിച്ചു തന്നേനെ എന്‍റെ കവിളുകള്‍ നിന്‍റെ പ്രണയം കൊണ്ട് ചുവന്നത്.






Tuesday, March 6, 2012

മനോഹരമായിരുന്നു തൃശൂരിലേയ്ക്കുള്ള യാത്ര.............!!!!!!

വെയിലിന്റെ തീക്ഷ്ണത ഒന്ന് കുറഞ്ഞപ്പോള്‍ ആയിരുന്നു യാത്ര.
വാകപ്പൂക്കള്‍ നല്‍കിയ മൃദു മെത്ത പോലുള്ള വഴിയിലൂടെ,
അവ നല്‍കിയ കുടയുടെ തണലിലൂടെ കാര്‍ പോയിക്കൊണ്ടിരുന്നു.
(കുട എന്ന വാക്ക് അനുവിനെ ഓര്‍മ്മിപ്പിച്ചു.
അനുവിന്റെ കുടകളോടുള്ള ഇഷ്ടം പറഞ്ഞ പോസ്റ്റ്‌ എത്ര രസമായിരുന്നു!!!!!)
വളവു കഴിഞ്ഞപ്പോള്‍ ഇരു വശവും നെല്‍പ്പാടങ്ങള്‍ ആയിരുന്നു.
(ആലപ്പാട്ടെ കോള്‍ പാടങ്ങള്‍ ഓര്‍മ്മ വന്നു.
അവിടെ പഴ ചങ്ങായിക്കോ അതോ അയാള്‍ടെ ചങ്ങായിക്കോ,അങ്ങനെ ആര്‍ക്കോ ഒരു ഫാം ഹൌസ് ഉണ്ടെന്നു ഒരിക്കല്‍
പറഞ്ഞതും,പിന്നീട് കണ്ടതും ഓര്‍മ്മ വന്നു.)
ചിലര്‍ കൃഷി നഷ്ടമെന്നു പറഞ്ഞു ഒക്കെ നികത്തി വീട് വെയ്ക്കുന്നു.വാഴയും,തെങ്ങും നടുന്നു.
മറ്റു ചിലര്‍ കൃഷിയോടുള്ള ഇഷ്ടം കാരണം ഇല്ലാത്ത പൈസ കൊടുത്ത് പാട്ടത്തിനെടുത്ത് നെല്ല് വിതയ്ക്കുന്നു.

വഴിയുടെ ഇരുവശവും വിഷു എത്താറായി എന്നോര്‍മ്മിപ്പിക്കാന്‍ കണിക്കൊന്നകള്‍ ഇലകളും കൊമ്പുകളും കാണാനാവാത്ത വിധത്തില്‍ പൂത്തിരുന്നു.
വാകമരങ്ങളുടെ കൊമ്പുകളും,ചില്ലകളും കാണാന്‍ എത്ര രസമാണ്!!!!!!
ചിലതെല്ലാം ഞരമ്പുകള്‍ പോലെ.........
പിന്നെ കുറെ തേക്കുകള്‍ കണ്ടു.
ഇലകള്‍ അധികം ഇല്ലാത്ത തേക്കുകള്‍...
പിന്നെ നിറയെ കായ്ച്ച പുളികള്‍,പ്ലാവുകള്‍ ഒക്കെ അവിടവിടെ ആയി............
അതിരുകളില്‍ മുഴുവനും ശീമക്കൊന്നയുടെ വലിയ മരങ്ങള്‍ മുഴുവനും പൂത്തു നിന്നിരുന്നു.
ഇളം റോസ് നിറമുള്ള കുലകുലയായി നിറയെ പൂവ്.
ഇടയിടയ്ക്കു ചെറിയ ചെറിയ മൂവാണ്ടന്‍ മാവുകളും ഉണ്ടായിരുന്നു.
ചിലതില്‍ മാങ്ങകളും.കണ്ണിമാങ്ങ പ്രായം കഴിഞ്ഞതും അത്ര വലുതല്ലാത്തതും ആയ മാങ്ങകള്‍ ഒറ്റയ്ക്കൊറ്റയ്ക്കു തൂങ്ങി നിന്നിരുന്നു.
ഇലയില്ലാത്ത മുരിക്ക്‌ മരങ്ങള്‍ അവിടവിടെ ആയി നിന്നിരുന്നു.

വെളുത്ത ആകാശത്തിന് കീഴെ വലിയ മരങ്ങളില്‍ കുഞ്ഞു കുഞ്ഞു കൊമ്പുകളില്‍ കടും ചുവപ്പ് നിറമുള്ള മുരിക്കിന്‍ പൂക്കുലകള്‍
ആ കാഴ്ച നല്ല ചന്തമുണ്ടായിരുന്നു.
എല്ലാ മരങ്ങളും പൂക്കുന്ന,കായ്ക്കുന്ന നാളുകള്‍..................
വേനലിന്‍റെ ചൂടിലും മനസിനെ കുളിരണിയിക്കുന്ന കാഴ്ചകള്‍............!!!!!!!!!

ഈ മനോഹര കാഴ്ചകള്‍ കണ്ടു കൊണ്ടൊരു യാത്ര.
തൃശ്ശൂരിലേക്ക്............
അവിടന്ന് എന്‍റെ ഇല്ലത്തേക്ക്..................

യാത്രകള്‍ എത്ര മനോഹരമാണ്!!!
അത് ഇഷ്ടപ്പെട്ടയിടത്തെയ്ക്കാവുമ്പോള്‍ ഒന്നൂടെ രസമാവും.
തൃശ്ശൂരിലെ ഓരോ മണല്‍ തരിക്കും,മുക്കിനും,മൂലക്കും ഒക്കെ ഭംഗിയാണ്.
പറഞ്ഞാലും തീരാത്ത കൌതുകമാണ്.
മെയ്‌ ഒന്നിനാണ് ഈ തവണ തൃശ്ശൂര്‍ പൂരം.
പൂങ്കുന്നവും,കണിമംഗലവും,റൌണ്ടും,തേക്കിന്‍കാട് മൈതാനവും,ഒന്നും പറഞ്ഞാലും,കണ്ടാലും മതിയാവില്ല.
പുഴക്കല്‍ പാടത്തിന്റെ ചങ്കിനു മേലെ വരാന്‍ പോവുന്ന ശോഭ സിറ്റി.
അത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഹൃദയം തകര്‍ന്നു.
ടൌണ്‍ഷിപ്പൊക്കെ ഇങ്ങനെ പാടവും,മറ്റും ഇല്ലാതാക്കിക്കൊണ്ട്‌ വേണോ എന്ന ചിന്ത എന്നെ കുറെ നേരത്തേക്ക് വലച്ചുകൊണ്ടിരുന്നു.

ഹൈവേക്കടുത്തുള്ള ഒരു അമ്പലത്തിലാണ് ഇപ്പൊ അമ്മാവനും മകനും പൂജ കഴിക്കുന്നത്‌..
അവരുടെ അവിടേക്ക് ആദ്യമായാണ്‌ പോവുന്നത്.
അമ്മാവന്‍ വല്യ ജ്യോത്സന്‍ ആണ്.
അവരുടെ വീടിന്‍റെ പിന്നില്‍ വലിയ മാവുണ്ട്.
ചന്ത്രക്കാരന്റെ ജനുസ്സില്‍ പെട്ട ഒന്നാണ്.
അവിടെ എന്‍റെ ഇല്ലത്തുള്ള ആ മാവാണ് എന്ന് തോന്നുന്നില്ല.
ഇനിയിപ്പോ കൂടുതല്‍ അറിയില്ലാട്ടോ.
അതിന്‍റെ കണ്ണിമാങ്ങ കൈ കൊണ്ട് പൊട്ടിക്കാന്‍ പാകത്തില്‍ കുറെ നിന്നിരുന്നു.
കടുമാങ്ങയുടെ പ്രയംകഴിഞ്ഞതിനാല്‍ ഇനി അതിനു ശ്രമിക്കണ്ട.
എങ്കിലും കുറച്ചു പൊട്ടിച്ചു കൊണ്ട് വന്നു.

പത്തു വയസ്സില്‍ താഴെയുള്ള പ്രായത്തിലെപ്പോഴോ ആണ് ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലേക്ക് പോയിട്ടുള്ളത്.
പിന്നെ പോവാനെ സാധിച്ചിട്ടില്ല.
ആ ആഗ്രഹം ഞായറാഴ്ച സാധിച്ചു.
അമ്മയെ കണ്ടു.
ഞങ്ങളെ അനുഗ്രഹിക്കാന്‍ പുറത്തു നില്‍പ്പുണ്ടായിരുന്നു.
ഓലക്കുടയോക്കെ ചൂടി.
എത്ര തേജസ്സാണ് തിടമ്പിനു എന്നോര്‍ത്തു.
ഓര്‍മ്മകളില്‍ എവിടെയോ അവ്യക്തമായി ആ അമ്പലവും അതിനു ചുറ്റും ഉണ്ടെന്നു അവിടം കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു.
എത്ര വലിയ ചുറ്റമ്പലം ആണ്.
നാഗ തറയ്ക്ക് ചുറ്റും പുണ്യാഹ ചുണ്ടങ്ങ നട്ട് പിടിപ്പിച്ചിട്ടുണ്ട്.
അവിടവിടെ ആയി പേരാലും,ആരായാലും ഐശ്വര്യത്തോടെ നിന്നിരുന്നു.
ശീവേലി കഴിഞ്ഞു ഉള്ളില്‍ എത്തിയപ്പോള്‍ തിരുമേനി പ്രസാദത്തോടൊപ്പം നേദിച്ച പഴ കഷ്ണം കൂടി തന്നിരുന്നു.
അത് കണ്ടപ്പോ അച്ചു ഹാപ്പി ആയി.
പുറത്തു ഗണപതി ഹോമത്തിന്റെ പ്രസാദം ഒരു ഉരുളിയില്‍ വെച്ചിരുന്നു.
അതും ഒരു നുള്ള് എടുത്തു.
അവിടന്ന് ആറാട്ടുപുഴയ്ക്ക് പോയി.

1430-മത്തെ പൂരം ആണ് ഏപ്രില്‍ നാലാം തീയതി ആറാട്ടുപുഴയില്‍ നടക്കാന്‍ പോവുന്നത്.
ഭൂമിയില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും ഒരുമിക്കുന്ന ദേവമേള.
ആറാട്ടുപുഴ പൂരം കാണണം എന്നത് ഒരിക്കലും നടക്കാത്ത മോഹങ്ങളുടെ കൂട്ടത്തിലെ ഒന്നാണ്.
ദൈവങ്ങള്‍ എല്ലാരും ആറാട്ടു നടത്തുമ്പോള്‍ ആ കൂടെ മറ്റുള്ളവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും.
അമ്മാത്ത് അടുത്താണെങ്കിലും ആ അമ്പലം ഇതുവരെ കണ്ടിരുന്നില്ല.
തൃപ്രയാര്‍ തേവര്‍ നെടുനായകത്വം വഹിക്കുന്ന മറ്റുള്ളവരെല്ലാം അണിചേര്‍ന്ന് നില്‍ക്കുന്ന ആറാട്ടുപുഴ പാടം ഇതുവരെ കണ്ടിരുന്നില്ല.
കണ്ടപ്പോള്‍ മനസ്സില്‍ പറഞ്ഞാലും തീരാത്ത സന്തോഷമായിരുന്നു.
ചന്ദനം ചാര്‍ത്തിയ ശാസ്താവിന്‍റെ മുഖം അതിസുന്ദരമായിരുന്നു.
അവിടന്നും പ്രസാദം കിട്ടി.

അങ്ങനെ ആ രണ്ടു മോഹവും സാധിച്ചു.
പിന്നെ പോയത് കൂടല്‍മാണിക്യത്തിലേയ്ക്കാണ്.
"ഓം നമോ ഭഗവതേ സംഗമേശായ" എന്ന് മുന്നിലെ വാതിലില്‍ എഴുതി വച്ചിരുന്നു.
അവിടെ അന്ന് പ്രതിഷ്ഠ ദിനം ആയിരുന്നു.
മുന്നില്‍ തൃപ്രയാറിലെ പോലെ വലിയ ഉരുളന്‍ തൂണുകള്‍..,വലിയ തുലാഭാര തട്ട് ഒക്കെ ഉണ്ടായിരുന്നു.
ചുവരില്‍ തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാടിന്റെ വലിയ ഫോട്ടോയും.
അതുകണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
ഞാന്‍ പ്ലസ്‌ ടൂ സമയത്തോ മറ്റോ ആണ് കൂടല്‍മാണിക്യത്തിലേക്ക് ആദ്യമായി പോയത്.
നാലമ്പല ദര്‍ശനത്തിന്‍റെ ഭാഗമായി.
വലിയ ചുറ്റമ്പലം,കുലീപനി തീര്‍ഥകുളം,എപ്പോഴും താമര മാല ചാര്‍ത്തി നില്‍ക്കുന്ന സംഗമേശ രൂപംഇതൊക്കെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നു.
അന്നും അങ്ങനെ തന്നെ ആയിരുന്നു.
അമ്പലത്തിന്‍റെ മുന്നില്‍,നീളത്തില്‍ താമരമാല നീട്ടി വെച്ചിരുന്നു.
രണ്ടു വശത്തും തൂക്കുകയും ചെയ്തിരുന്നു.
മുന്നില്‍ സ്ത്രീകള്‍ ഇരുന്നു സംഗമേശന്‍റെ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉറക്കെ ഉറക്കെ ചൊല്ലിയിരുന്നു.
അതുകേട്ടു കൊണ്ട് കുറെ പേര്‍ ചുറ്റും ഇരുന്നിരുന്നു.
എത്ര തിരക്ക് വന്നാലും അവിടെ തോന്നില്ല,അത്രയേറെ സ്ഥലം ഉള്ളത് കാരണം.
നട അടച്ചിരിക്കുകയായിരുന്നു.
തുറന്നപ്പോള്‍ കണ്ടു ഉള്ളില്‍ നിറയെ വിളക്കുകള്‍,
അതിനു നടുവില്‍ നില്‍ക്കുന്ന വലിയ ഒരു താമര മാല കൊണ്ട് മാത്രം അലങ്കരിച്ച സംഗമേശനെ.
ഭഗവന്‍ എന്നതിനേക്കാള്‍ ഉപരി ആ മുഖത്ത് ജ്യേഷ്ഠനോടുള്ള ബഹുമാനം,ഭക്തി ഒക്കെ ഉണ്ടെന്നു തോന്നി.
മുന്നിലെ കൂത്തമ്പലം എത്ര വലുതാണ്‌.!!!!!!
മുറ്റത്ത്‌ കൂട്ടം കൂടി ഒരുപാട് അമ്പലപ്രാവുകള്‍ ഉണ്ടായിരുന്നു.
ദേവനും അനുരാഗിയായ അമ്പലപ്രാവുകള്‍.
(എത്ര നല്ല വരികള്‍!!!!!!!!!!!)
ചാരനിറത്തിലും,തൂ വെള്ള നിറത്തിലും ആയി ഒരുപാടൊരുപാട്.
ഊരകത്തമ്പലത്തിലും,ആറാട്ട്‌ പുഴയിലും ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നു അമ്പലപ്രാവുകള്‍..
അച്ചു ഇപ്പൊ ഇടയ്ക്കിടെ പറയുന്ന ഡയലോഗ് ആണ് "ഒന്നും വേണ്ട സമാധാനം മാത്രം മതി" എന്ന്.
അപ്പൊ ഏടത്തി പറയും അതിനു ഒരു വെള്ള പ്രാവിനെ പറത്തി വിടാന്‍...
പ്രാവുകളെ കാണുമ്പോള്‍ മനസ്സില്‍ സന്തോഷവും,സമാധാനവും തോന്നുന്നു എന്നത് സത്യാണ്.
(അത് പറഞ്ഞപ്പഴാ ഓര്‍മ്മ വന്നെ.
ഇന്ന് തുണി കഴുകിക്കൊണ്ട് നിന്നപ്പോള്‍,രാവിലെ തോട്ടത്തിലെ പ്ലാവിന്റെ ഏറ്റവും താഴത്തെ കൊമ്പില്‍ ഒരു വന്നിരുന്നു.
ആദ്യമായിട്ടല്ല കാണുന്നത്.
എങ്കിലും ഇന്ന് കുറെ നേരം കണ്ടു.
കണ്ടാല്‍ നാകമോഹന്‍ പക്ഷിയെ പോലെ ആണ്.
വെള്ളയ്ക്ക് പകരം ഓറഞ്ച് നിറമാണ്.
അത്ര വലുപ്പമില്ല.
ഇനി നാകമോഹനിലെ പെണ്‍പക്ഷി ആവുമോ?
അറിയില്ല.
എന്തായാലും അതിസുന്ദരിയാണ് അത്.)

അവിടുന്നിറങ്ങി ഉടുപ്പി ഹോട്ടെലില്‍ നിന്നും അച്ചൂം അമ്മേം ഓരോ മസാല ദോശയും കാപ്പിയും കഴിച്ചു.
പിന്നെ നേരെ അച്ചൂന്റെ അച്ചോള്‍ടെ അടുത്തേക്ക്.
അവിടന്ന് നേരെ എന്‍റെ ഇല്ലത്തേക്കും.

വൈകുന്നേരം തട്ടകത്തമ്മയെ കാണാന്‍ പോയി.
പോവുന്ന വഴി പഴയ എല്‍ പി സ്കൂളിലെ സഹപാഠികളുടെ വീടുകള്‍ കണ്ടു.
അവരെയൊക്കെ ഓര്‍ത്തു.
കാലങ്ങള്‍ക്ക് ശേഷം ഫേസ് ബുക്കില്‍ എത്തിയപ്പോള്‍ അവരോടൊക്കെ വീണ്ടും സംസാരിക്കാന്‍ തുടങ്ങി.
നേരില്‍ കാണുമ്പോള്‍ ഒരുപക്ഷെ ഇന്നും മിണ്ടിയെന്നു വരില്ല.

ഭഗവതീടെ തേജസ്സു കൂടി കൂടി വരുന്നു.
നാടിന്റെ ഐശ്വര്യവും.
ചുവന്ന പട്ടില്‍ മുത്തുകളും കല്ലുകളും അലുക്കുകളും ഒക്കെ കൊണ്ട് അലങ്കരിച്ച പാവാടയും,കുഞ്ഞു ഞൊറികള്‍ അടുക്കി ചേര്‍ത്ത ദാവണിയും ആയിരുന്നു വേഷം.
ഒരൊറ്റ മാലയെ ചാര്‍ത്തിയിരുന്നുള്ളൂ.
മുളക് ചെമ്പരത്തികള്‍ അടുക്കി കോര്‍ത്ത ഒരു മാല മാത്രം.
ചുവന്ന പട്ടിന് നടുവില്‍ ഒരു പച്ച വര പോലെ അതിന്‍റെ ഞെട്ടുകള്‍ നിന്നപ്പോള്‍ നല്ല ഭംഗിയുണ്ടായിരുന്നു കാണാന്‍...
ആ മാല പിന്നീട് വേദയില്‍ ചാര്‍ത്തിക്കോളൂ എന്നും പറഞ്ഞ് ശാന്തിക്കാരന്‍ തന്നു.

തിരിച്ചു വരുമ്പോള്‍ മനസ്സില്‍ ഒരുപാട് സമാധാനം തോന്നി.
ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല.
അത് ഈശ്വരന്‍ കാണാതെ വരുമോ????????????
ഇല്ല.
അനുഗ്രഹിക്കും.
ആ ഒരു വിശ്വാസം............,മനസ്സില്‍ ഒരു നിലവിളക്ക് കൊളുത്തി.

ഇന്നലെ ഗുരുവായൂരില്‍ ഉത്സവം തുടങ്ങി.
രണ്ടു ദിവസം മുന്‍പേ സഹസ്രകലശവും.
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉള്ളിലേക്ക് കടത്തില്ലെന്നു പറഞ്ഞപ്പോള്‍ പോകേണ്ടിയിരുന്ന യാത്ര മാറ്റി വെച്ചു.
ഇന്നേ വരെ കണ്ടില്ല ഉത്സവം.
വിളക്കും,പഴുക്കാമണ്ടപത്തിലേക്കുള്ള എഴുന്നള്ളിപ്പും,ആനയോട്ടവും ഒക്കെ കേട്ടിട്ടേയുള്ളൂ.
ഈ തവണ കണ്ണന്‍ എന്ന ആനയാണത്രെ ആനയോട്ടത്തില്‍ ഒന്നാമന്‍ ആയതു.
ശ്രീഭൂതബലിയുടെ ഭാഗമായിട്ടാണ് പഴുക്കാമണ്ടപത്തിലേക്ക് എഴുന്നള്ളിക്കുന്നത്.
ആലവട്ടവും,വെഞ്ചാമരവും,മുത്തുക്കുടയും ഒക്കെ ചൂടി,
സ്വര്‍ണമണ്ഡപത്തില്‍ വീരാളിപ്പട്ട് വിരിച്ചതിനു മുകളില്‍ കണ്ണന്റെ തങ്കതിടമ്പ് എഴുന്നള്ളിച്ചു കൊണ്ടിരുത്തും.
ദീപസ്തംഭം,പന്ത്രണ്ടു വെള്ളി കുത്ത് വിളക്കുകള്‍ ,ചന്ദനം,കര്‍പ്പൂരം,അഷ്ടഗന്ധം,ഒക്കെ ദിവ്യമായ ദീപധൂപപ്രഭ നിറയ്ക്കുന്ന അന്തരീക്ഷം.
ഒരു മഹാരാജാവും,അദ്ദേഹത്തിന്റെ ദര്‍ബാറും ഒക്കെ ഓര്‍മ്മിപ്പിക്കുന്ന അന്തരീക്ഷം.
വാദ്യകലകളും ഒക്കെ അരങ്ങേറും ആ സമയം ആ മുന്നില്‍...
ഭഗവാനോട് ഈ സമയം അപേക്ഷിക്കുന്നതെന്തും സാധിക്കുമെന്ന വിശ്വാസം ജന സഹസ്രങ്ങളെ ആണ് ആ മുന്‍പില്‍ എത്തിച്ചിരിക്കുക.
പുലര്‍ച്ചെ വരെ എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടു തൊഴാം, നില്‍ക്കാം.
അതൊക്കെ ഒരു ഭാഗ്യമാണ്.

കാണാനാവുമായിരിക്കും എന്നെങ്കിലും.
ഒരിക്കല്‍ പറഞ്ഞത് പോലെ ഇഷ്ടപ്പെട്ടതിനു വേണ്ടി,ഇഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഉള്ള കാത്തിരിപ്പ്‌,
അതൊരു സുഖമാണ്,സന്തോഷമാണ്.
മനസ്സില്‍ ഒരായിരം റോസാപൂക്കള്‍ നല്‍കുന്ന സുഗന്ധം.
നാളെ ആറ്റുകാല്‍ പൊങ്കാലയാണ്.
ചോറ്റാനിക്കര മകം ആണ്.
ചിനക്കത്തൂര്‍ പൂരം ആണ്.
കാള വരവുകള്‍ പ്രധാനം.
അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉള്ള ഒരു ദിവസം.
അവിടെയൊന്നും ഇതുവരെ പോയിട്ടില്ല.
പോവണം.
അച്ചുവിന് വേണ്ടി ഒരു പൊങ്കാല ഇടാനുണ്ട്.
അന്ന് അമൃതയില്‍ വെച്ച് മനസ്സില്‍ വിചാരിച്ചതാണ്.
ചെയ്യണം.

കൂട്ടുകാരന്റെ ശബ്ദം നാളുകള്‍ക്കു ശേഷം കേട്ടപ്പോള്‍ ഹൃദയം നിറയെ പൂത്തിരി കത്തി.
മാലപടക്കം പൊട്ടി.
ഇപ്പഴത്തെ ഭാഷയില്‍ ഒരു വലിയ (തിരുപ്പതിയില്‍ നിന്ന് കിട്ടുന്ന പോലത്തെ) ലഡ്ഡു പൊട്ടി.
എന്നില്‍ നിന്നും ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന എന്നോടുള്ള അവന്‍റെ പ്രണയം അവനറിയാതെ എന്നില്‍ പെയ്തുകൊണ്ടിരുന്നു.
അവന്‍റെ വാക്കുകളിലൂടെ,ശബ്ദത്തിലൂടെ.....................
മനസ്സില്‍ സന്തോഷം അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടം പോലെ ഭംഗിയായി,ശബ്ദത്തോടെ,കുളിര്‍പ്പിച്ച്,നനയിച്ച് പെയ്തുകൊണ്ടിരുന്നു.

കൂട്ടുകാരാ................
എന്‍റെ ഈ യാത്രയിലും ഞാന്‍ നിന്നെ ഓര്‍ത്തു കൊണ്ടിരുന്നു.
നീയൊപ്പമുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ മനോഹരമായേനെ.
എങ്കിലും സാരമില്ല.
നിന്‍റെ ഓര്‍മ്മകള്‍ മതിയെനിക്ക് സന്തോഷിക്കാന്‍..

Saturday, February 18, 2012

നിന്‍റെ കണ്ണുകളിലെ തിളങ്ങുന്ന കൃഷ്ണമണികളില്‍ എന്‍റെ മുഖം ഞാന്‍ തന്നെ കാണുമ്പോള്‍
ഞാന്‍ അറിയുന്നു ഞാന്‍ എത്ര വിരൂപയായെന്ന്.
എന്തെന്നാല്‍ എന്‍റെ നേരെ നോക്കുന്ന നിന്‍റെ കണ്ണുകളില്‍
ഒരിക്കല്‍ എനിക്ക് വേണ്ടി നീ തെളിയിച്ച സ്നേഹദീപങ്ങള്‍ ഇല്ല.
നിന്‍റെ സ്നേഹമായിരുന്നു എന്‍റെ സൌന്ദര്യമെന്നു ഇപ്പോള്‍ നിന്നോട് പറയാതെ വയ്യ.
നിന്നോട് പറയട്ടെ ഇനി നീയെന്നെ നോക്കരുത്.
എന്‍റെ വൈരൂപ്യം കാണാന്‍ എനിക്കിഷ്ടമില്ല.



Wednesday, February 8, 2012

കാറ്റ് കൊണ്ട് പോയത് മുത്തശ്ശന്റെ അടുത്തേക്കും അവിടുന്ന് അമ്മാത്തെക്കും..............

വെയിലിനു കനം വെയ്ക്കുന്നതുവരെ കാറ്റാണ്.
വൃശ്ചികത്തിലെ കാറ്റ് പോലെ....................
രാവിലെ നനുത്ത തണുപ്പും,ഇളം ചൂടും,കാറ്റും.
അതൊരു സുഖമാണ്.

കാറ്റിലാടുന്ന തെങ്ങിന്‍റെ മുകള്‍ വശം,ഓലതുമ്പുകള്‍,കറുത്തിരുണ്ട് നില്‍ക്കുന്ന കവുങ്ങിന്‍ ഓലകള്‍ക്കിടയിലെ നല്ല ഓറഞ്ച് നിറത്തിലെ പഴുത്ത അടയ്ക്കക്കുലകള്‍, ഒക്കെ കാണാന്‍ നല്ല ചന്തമാണ്.
ചിലപ്പോള്‍ നോക്കി നില്‍ക്കാറുണ്ട്.
മുറ്റത്ത്‌ ഒരു കവുങ്ങുണ്ട്,അത്ര വലുതല്ലാത്ത.
കളിയടയ്ക്ക ഉണ്ടാവുന്ന കവുങ്ങ്.
രണ്ടു കുലയുണ്ടായി.
നല്ല ചുവന്ന നിറത്തില്‍ പാകമാവാത്ത ഈന്തപ്പഴം പോലെ തോന്നും അത് കണ്ടാല്‍...
ഇവിടത്തെ കളം പാട്ടിനു പാട്ട് പന്തല്‍ അലങ്കരിക്കാന്‍ അത് കൊണ്ട് പോയിരുന്നു.
കുരുത്തോലക്കിടയില്‍ ചുവന്ന അടയ്ക്കക്കുലകള്‍.. നല്ല ഭംഗിയായിരുന്നു.

കറുത്ത കളിയടയ്ക്ക കുഞ്ഞായിരുന്നപ്പോള്‍ കുറെ കഴിച്ചിട്ടുണ്ട്.
മൂന്നും കൂട്ടി.................
അമ്മാത്തെ മുത്തശ്ശന്‍ മുറുക്കുന്ന കാര്യത്തില്‍ കേമനായിരുന്നു.
ഇപ്പോഴും വിശേഷങ്ങള്‍ക്ക് സദ്യ കഴിഞ്ഞാല്‍ ഒന്ന് മൂന്നും കൂട്ടും.
മുത്തശ്ശനെ ഓര്‍ക്കും ആ മുറുക്കാന്‍ തട്ട് കാണുമ്പോള്‍...
മുത്തശ്ശനെ ഓര്‍ക്കുമ്പോള്‍ കൂടെ ആ കൈപ്പുണ്യം നിറഞ്ഞ സാമ്പാര്‍ ഓര്‍മ്മ വരും.
കറുത്ത കല്‍ച്ചട്ടിയില്‍ നല്ല കുറുകിയ സാമ്പാര്‍...
ആ സ്വാദ് വേറെ ഇവിടുന്നും അറിഞ്ഞിട്ടില്ല എന്ന് ഇപ്പോള്‍ മനസിലാക്കുന്നു.
അമ്മയ്ക്കും കുറച്ചൊക്കെ കിട്ടിയിട്ടുണ്ട്.
പക്ഷെ അത് നന്നായി അറിയാന്‍ വിധി സമ്മതിച്ചില്ല.

അമ്മാത്തില്ലത്ത് ഇറയത്തായി ഒരു വല്യ ചാര്കസേരയുണ്ട്.
അവിടന്നാണ് ഞാന്‍ ആദ്യമായി ചാര്കസേര കണ്ടത്.
മുത്തശ്ശന്‍ അതിലാണ് ഇരിക്കുക.
വീട് ഒരു ചെറുതാണ്.
ഇറയത്തു രണ്ടു അറ്റത്തും തിണ്ണയുണ്ട്.
മഴ പെയ്യുമ്പോള്‍ തൂവാലയടിക്കാതിരിക്കാന്‍ പനയോല കൊണ്ട് മെനഞ്ഞ തട്ട് കെട്ടിയിരുന്നു.
മുറ്റത്തിന്റെ അങ്ങേ അറ്റത്തായി കിണറുണ്ട്.
പടിക്കല്‍ രണ്ടു തൂണ് ഉണ്ടായിരുന്നു.
അതിന്‍റെ മുകളില്‍ സിംഹത്തിന്‍റെ രൂപം ഉണ്ടാക്കി വെച്ചിരുന്നു.

തിണ്ണയില്‍ ചാരുകസേരയുടെ അടുത്ത് മുറുക്കാന്‍ ചെല്ലം ഉണ്ടായിരുന്നു.
വെറ്റിലയും,അടയ്ക്കയും,ചുണ്ണാമ്പും,പുകലയും ഇപ്പോഴും അതില്‍ നിറഞ്ഞിരുന്നു.
എന്നെ കാണുമ്പോള്‍ മുത്തശ്ശന്‍ പറയും മുറുക്കാനെടുത്തു ചതച്ചു കൊടുക്കാന്‍.
അതിനായി ഒരു കുഞ്ഞു ഇരുമ്പു കത്തിയും അതിലുണ്ടായിരുന്നു.
മുത്തശ്ശന്റെ കൂടെ ഒന്ന് മൂന്നും കൂട്ടും.
വെറ്റിലയുടെ മണം എനിക്കൊരുപാടിഷ്ടമാണ്.

മുത്തശ്ശന്‍ നല്ല സദ്യ ഉണ്ടാക്കുമായിരുന്നു.
മുത്തശ്ശന്റെ മാങ്ങാക്കറിയും,പുളിയിഞ്ചിയും ഒക്കെ അസാധ്യമായിരുന്നു.
തനി നാട്ടിന്‍ പുറത്തുകാരന്‍,നിഷ്കളങ്കന്‍,ശുദ്ധന്‍ അങ്ങനെ ഒക്കെ ആയിരുന്നു മുത്തശ്ശന്‍..
അതൊക്കെ ഇപ്പോഴാണു മനസിലാവുന്നത്.
മുറുക്കി കേടായ പല്ലുകള്‍ മുഴുവനും കാനിച്ചുകൊണ്ടേ മുത്തശ്ശന്‍ ചിരിക്കുമായിരുന്നുള്ളൂ.
കറുത്ത് വണ്ണത്തില്‍ ഒട്ടും സുന്ദരനല്ലാത്ത ഒരാള്‍..
(പക്ഷെ മനസ്സോ.............ശുദ്ധ പശുവിന്‍ പാല് പോലെ വെളുത്ത്............)
മുത്തശ്ശി വെളുത്തു മെലിഞ്ഞിട്ടും.

അടുത്തുള്ള ചിറ്റെങ്കര അമ്പലത്തില്‍ മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു കഴകവും,വിളക്ക് വെയ്പ്പും ഒക്കെ.
പൂജയോ,മറ്റൊന്നുമോ അവിടെ ഉണ്ടായിരുന്നില്ല.
ആരും തൊഴാനും പോവാറില്ല.
ഇപ്പൊ,കാലങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോ എന്തായി എന്നറിയില്ല.
മുത്തശ്ശി എന്നും അവിടെ അടിച്ചു തുടയ്ക്കും,വിളക്ക് വെക്കും.
ഒരു മാല ചാര്‍ത്തും.
കൃഷ്ണനാണെന്ന് തോന്നുന്നു പ്രതിഷ്ഠ.
ആ ശ്രീ കോവിലിനുള്ളില്‍ ഞാന്‍ ഒക്കെ കേറിയിട്ടുണ്ട്.
ഈ പറഞ്ഞതൊക്കെ എനിക്കൊരു പത്തില്‍ അഞ്ചില്‍ താഴെ പ്രായമുള്ളപ്പോഴത്തെ കഥകളാണ് കേട്ടോ.
ഇപ്പൊ കാലം കുറെ ആയി.
ദേവസ്വം ഒക്കെ ഏറ്റെടുത്തോന്നൊരു സംശയണ്ട്.
കൂടുതലായി നിശ്ശല്യ.
കണ്ടാല്‍ പോലും അറിയുമെന്ന് തോന്നുന്നില്ല.

ആ അമ്പലത്തിന്‍റെ കാര്യം പറയുമ്പോള്‍ വേറൊന്നു കൂടി പറയണം.
അവിടെ മുറ്റത്ത്‌ രണ്ടു വലിയ അരളി അമരം നിന്നിരുന്നു.
(ഇവിടെ അതിനെ കുങ്കുമാപ്പൂവേന്നാത്രേ പറയുന്നേ.)
ഇലയില്ലാത്ത മരത്തില്‍ ഒന്നില്‍ നിറയെ വെളുത്തതും,മറ്റേതില്‍ ചുവന്നതും ആയ അരളിപ്പൂക്കള്‍ നിറയെ പൂത്തു നില്‍ക്കും.
താഴെ വീണ വാടാത്ത പൂക്കള്‍ പെറുക്കിയെടുത്ത് ഈര്ക്കിലയില്‍ കോര്‍ക്കും.
പൂക്കാവടി എന്നും പറഞ്ഞു അതും പിടിച്ചു കൊണ്ട് നടക്കും.
മഞ്ഞ കോളാമ്പിയും,ചെമ്പരത്തിയും ഒക്കെ ഈ കൂടെ കോര്‍ക്കും.
ഒരു രസം.

വെളുത്ത പൂക്കള്‍ക്ക് മറ്റെതിനെക്കാളും വല്ലാത്ത വിശുദ്ധിയുണ്ട്.
നൈര്‍മല്യം,നിഷ്കളങ്കത അങ്ങനെയൊക്കെ അവയ്ക്ക് കൂടുതലാണ്.
ഗന്ധര്‍വനെ ഓര്‍മ്മിപ്പിക്കുന്ന മണമാണ് അരളിപ്പൂക്കള്‍ക്ക്.
ഒരു പതിവ്രതയുടെ സൌന്ദര്യമുണ്ട് വെളുത്ത അരളി പൂവിന്.
ചുവപ്പിനാണെങ്കില്‍ പ്രണയത്തിന്‍റെ ഭാവവും.
(ഈ പൊട്ടത്തരമൊക്കെ എനിക്ക് മാത്രമേ തോന്നുള്ളൂ.)

അടുത്തുള്ള അമ്പലത്തിലേക്ക് മാല കെട്ടി കൊടുക്കാറുണ്ടായിരുന്നു അവിടന്ന്.
മുത്തശ്ശീം,മുത്തശ്ശനും,ചിറ്റമാരും ഒക്കെ കൂടും.
നനച്ച ദര്‍ഭ പുല്ലില്‍,ചെറിയ നന്ത്യാര്‍വട്ടവും,നല്ല തെച്ചിയും,തുളസിയും ഇടവിട്ടും,ഒറ്റയ്ക്കും കെട്ടും.
മുത്തശ്ശനും,മുത്തശ്ശിയും ഒരുമിച്ചു നാരായണീയം ജപിക്കും.
പൂക്കള്‍ ചേര്‍ത്ത് കൊടുക്കാന്‍ ഞാനും കൂടും.
പിറ്റേന്ന് അത് അമ്പലത്തില്‍ കൊടുക്കാനും.

അമ്മാത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വളരെ കുറച്ചേയുള്ളൂ.
ഇതിനു മുന്‍പ് ഒരിക്കല്‍ എഴുതിയതും ഇതൊക്കെ തന്നെയാണെന്ന് തോന്നുന്നു.
ഒരു കളിയടയ്ക്കയില്‍ നിന്നുണ്ടായതാണ് ഈ ഓര്‍മ്മകള്‍ മുഴുവനും.
ഈ ഓര്‍മ്മകള്‍ ചിലപ്പോള്‍ വെടിക്കെട്ട്‌ പോലെ ആണ്.
ഒരു വലിയ അമിട്ടില്‍ നിന്ന് തുടങ്ങും.
പിന്നെ വലുതോ ചെറുതോ എന്നാ വ്യത്യാസമില്ലാതെ പൊട്ടി തുടങ്ങും.
ഒടുവില്‍ കലാശക്കൊട്ടില്‍ വാക്കുകള്‍ കൊണ്ട് നിരത്താനാവാത്ത വിധം മനസ്സില്‍ നിറയും.

രണ്ടു മൂന്നു ദിവസങ്ങളായി എന്‍റെ സായാഹ്നങ്ങള്‍ മനോഹരങ്ങളായിരുന്നു.
അന്ന് നവാ മുകുന്ദനെ കണ്ടു.
പിറ്റേന്ന് കാലങ്ങള്‍ക്ക് ശേഷം കൂട്ടുകാരിയോട് സംസാരിക്കാന്‍ സാധിച്ചു.
മനസ്സില്‍ പ്രകാശം നിറയ്ക്കുന്ന അവളുടെ വാക്കുകളുടെ മനോഹാരിത നേരിട്ട് കേട്ട് സന്തോഷിച്ചു.
കൂട്ടുകാരീ.............നിന്നോട് പറഞ്ഞോട്ടെ......
"നീ ഇപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു."
ഇന്നലെ അമ്പലത്തില്‍ ഗുരുതിയോടൊപ്പം ലക്ഷദീപം തെളിയിച്ചത് കണ്ടു.
ചെരാതില്‍ നിറയെ എണ്ണയില്‍ ആളാതെ,ആടാതെ കത്തുന്ന തിരികളുടെ പ്രകാശം മനസ്സില്‍ നിന്നും ആത്മാവിലേക്കിറങ്ങി.
ഹൃദയം നിറഞ്ഞ ഭക്തി,സ്നേഹം,ഒക്കെ ആ കാഴ്ച തന്നു.
കല്യാണി അതിസുന്ദരി ആയിരുന്നു.
അച്ചുവും,അമ്മയും കൂടി അമ്പലത്തിന്‍റെ ഉള്ളില്‍ വരിയായി വെച്ചിരുന്ന ചെരാതുകള്‍ കത്തിച്ചു.
മനസ്സില്‍ സന്തോഷം നിറയാന്‍ ഇത്രയൊക്കെ പോരെ????????????





Sunday, February 5, 2012

എന്നെ കടന്നു പോയ ഒരു ദിനം

ഇന്ന് അനുവിന്റെ ബ്ലോഗില്‍ കണ്ടു മൂക്കുതല ഭഗവതി ക്ഷേത്രത്തിന്‍റെ ചിത്രം.
പിന്നെ മനസ്സില്‍ മുഴുവനും കുറെ നേരത്തേക്ക് അവിടെ പോയതിന്‍റെ ഓര്‍മ്മകള്‍ ആയിരുന്നു.
കണ്ണേങ്കാവ് ക്ഷേത്രം.
അതാ പേര്.
താഴെ കീഴ്ക്കാവ്.
കഴിഞ്ഞ ആഴ്ചയായിരുന്നു അവിടത്തെ പൂരം.
കരിങ്കാളി വരവുകള്‍ ആണ് അവിടെ പ്രധാനം.
ഒരു വഴിപാടാണ് അത്.
ഒരുപാടൊരുപാട് ഉണ്ടാകും.
വ്രതമെടുത്ത് ചിട്ടയോടെയാണ് വേഷം കെട്ടുക.
ചിലപ്പോള്‍ കയ്യില്‍ കോഴിയേം പിടിക്കും.
അറിയാതെയെങ്കിലും ദേവീടെ നട മറഞ്ഞു നിന്നാല്‍ ദേഷ്യപ്പെടും.
വാളും,ചിലമ്പും,ധരിച്ച് ,കുരുത്തോല കെട്ടിയ കിരീടം വെച്ച്,ചുവപ്പും,കറുപ്പും പട്ടുടുത്ത്,
ഭയാനകമായ ദേവീ ഭാവം.
ഒപ്പം നീണ്ട മൂക്ക് കുരുത്തോല കൊണ്ട് ഉണ്ടാക്കി കെട്ടിയ മൂക്കുംചാത്തനും ഉണ്ടാവും.
കാണുമ്പോഴേ പേടിയാണ്.
ഒരു താണ്ടവം പോലെയുള്ള നൃത്തം.
ഇടയ്ക്കിടെ അലര്‍ച്ചയും,കൂവലും.
അച്ചു കാണുമ്പോഴേ കരയാന്‍ തുടങ്ങും.
ഇവിടെ പൂരത്തിന്‍റെ തലയ്ക്കു തലേന്നേ മൂക്കുംചാത്തന്‍ വരും.
തലേന്ന് തിര പൂതന്‍ വരും.
അന്ന് കരിങ്കാളിയും.
അരിയും,നെല്ലും,വസ്ത്രവും,നാണയവും കൊടുക്കും.
വാളില്‍ പണം വെച്ച് എല്ലാവരും നമസ്കരിക്കും.
ഇവിടെ മൂക്കോലയിലെ(മൂക്കുതല ലോപിച്ച്) അത്രയ്ക്കൊന്നും ഉണ്ടാവില്ല.
അവിടത്തെ കീഴ്ക്കാവ് കണ്ടാല്‍ ശരിക്കും നമുക്ക് പേടി തോന്നും.
കാടിന് നടുവില്‍,വല്ലാത്ത നിശബ്ദതതയോടെ............


കല്യാണിക്കാവിലെ പൂരവും കഴിഞ്ഞു.
കണ്ടവരൊക്കെ പറഞ്ഞു ഗംഭീരമായെന്ന്.
ദീപാരാധനയും,വെടിക്കെട്ടും,മേളവും,ഒക്കെ അസ്സലായി എന്ന് പറഞ്ഞു.

ദേ ഇങ്ങനെയായിരുന്നു ഈ തവണത്തെ ദീപാരാധന.










പക്ഷെ സങ്കടമുണ്ടാക്കുന്ന ഒരു സംഭവം ഉണ്ടായി.
എഴുന്നള്ളിക്കാന്‍ കൊണ്ട് ഒരു ആനയ്ക്ക് തീരെ പാടില്ലാതിരിക്കുകയായിരുന്നു.
പഴുപ്പ് വന്നു ഉണങ്ങാതെ വലിയ മുറിവായീത്രേ.
അതില്‍ പ്രാനിയും ഈച്ചയും,മറ്റും വന്നിരുന്നു അതിനെ ബുദ്ധിമുട്ടിച്ചു.
പാപ്പാന്‍‌ കേറാന്‍ നോക്കുമ്പോള്‍ അതിനു കാലിടറിയിരുന്നുവത്രേ.
ഒരു മാംസക്കഷ്ണം അതീന്നു വീണു എന്നും പറഞ്ഞു.
ഇതെഴുതുമ്പോഴേ എന്‍റെ കണ്ണുകള്‍ നിറയുന്നു.
ഈ മനുഷ്യര്‍ ഇത്ര ദയാഹീനരാണോ?????????
പണത്തിനു വേണ്ടി.......................
ഞാന്‍ ഈ കരള്‍ പിടയ്ക്കുന്ന കാഴ്ച കണ്ടില്ല.
അച്ചൂന് പേടിയായ കാരണം ഞാന്‍ പോയില്ല അമ്പലത്തിലേക്ക്.
ആനയെ പിന്നെ കൂട്ടിയില്ലെന്നു പറഞ്ഞു.
പിറ്റേന്ന് വേറെ അമ്പലത്തിലേക്ക് കൊണ്ടുപോവുന്ന വഴി അത് വീണു.
ചെരിഞ്ഞെന്നാ നാട്ടില്‍ പാട്ടായെ.
പക്ഷെ തളര്‍ന്നു വീണതാ.
അതിന്റെ മുതലാളി വന്നു എന്നും മറ്റും കേട്ടു.
പിന്നെ എന്താ ഉണ്ടായേ എന്ന് അറിഞ്ഞില്ല.
ഗുരുവായൂര് നിന്നാ കൊണ്ട് വന്നെ എന്നും ആരോ പറയണ കേട്ടു.
കേശവന്‍റെ ആത്മാവും ഗുരുവായൂരപ്പനും ഇതൊന്നും പൊറുക്കില്ല.

ഇതൊന്നും എഴുതേണ്ടിയിരുന്നില്ല.
മനസ്സില്‍ ഉണ്ടായിരുന്ന സന്തോഷം പോയി.

ഇന്ന് ഞാന്‍ സന്തോഷിച്ചു കുറെയേറെ.
നിളയുടെ തീരങ്ങളിലേക്ക് വീണ്ടും പോയപ്പോള്‍.................................
ആ മണല്‍ പരപ്പിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍.............................
ചെഞ്ചായത്തില്‍ മുങ്ങിയ സൂര്യനെ കണ്ടപ്പോള്‍...................
സൂര്യനും ചന്ദ്രനും പരസ്പരം നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍...................
നവാ മുകുന്ദനെ കണ്ണ് നിറയെ കണ്ടപ്പോള്‍.............................
ഹരേ കൃഷ്ണ സംഘത്തിന്‍റെ ഭജന കേള്‍ക്കാന്‍ സാധിച്ചപ്പോ.................
അതിനെക്കാളുപരി ഈ യാത്രയില്‍ മുഴുവനും അച്ചൂന് ഉണ്ടായ സന്തോഷവും,ചിരിയും, കണ്ടപ്പോള്‍.......................
നവാ മുകുന്ദനെ കാണുമ്പോള്‍ ഗുരുവായൂരപ്പനെ ഓര്‍ക്കും.
വെണ്ണ കയ്യില്‍ പിടിച്ച് ഓടുന്ന ഒരു ഉണ്ണിയെ ഓര്‍ക്കും.
"കൈ നിറയെ വെണ്ണ തരാന്‍........""" എന്ന പാട്ട് അച്ചൂനും എനിക്കും ഒരേപോലെ പ്രിയമാണ്.
അവള്‍ എന്നെക്കൊണ്ട് അത് പാടിക്കാറും ഉണ്ട്.
ഇന്നത്തെ സായാഹ്നം നെഞ്ചോട്‌ ചേര്‍ക്കുന്നു.
ഒരു ദിവസം കടന്നു പോവുന്നത് ഇങ്ങനെയാവണം.







Sunday, January 29, 2012

മൃതിയടഞ്ഞവക്കെന്തു സ്വപ്‌നങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! !!!!!!എന്ത് മോഹങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!

മേലെ വീട്ടിലെ ആള്‍ടെ മകന്‍ വീട് വെയ്ക്കുന്നതിനായി ആ തൊടിയിലെ തെങ്ങും മറ്റു മരങ്ങളും എല്ലാം വെട്ടി മാറ്റി.

മരം മുറിക്കുന്ന ശബ്ദം കേട്ടപ്പോള്‍,

കേട്ട് കൊണ്ടേ ഇരുന്നപ്പോള്‍ മനസ്സാകെ തളരുന്നത് പോലെ തോന്നി.

അതിനും ജീവനില്ലേ,

ജീവിക്കാനുള്ള മോഹമുണ്ടാവില്ലേ,

ആശകളും,പ്രതീക്ഷകളും,സ്വപ്നങ്ങളും ഉണ്ടാകില്ലേ??????

ആ ചിന്ത എന്നെ കരയിച്ചു.

എത്രയോ കാലങ്ങള്‍ കൊണ്ടുണ്ടായതാണ്!!!!!!!!!!!!

ഒരു നിമിഷം കൊണ്ട്................

അതില്ലാതെ ആയില്ലേ?????

തന്നതൊരുപാടായിരുന്നു.

പക്ഷെ കൊടുത്തതോ ???????????????

ക്രൂരത മാത്രം.

നഷ്ടങ്ങള്‍ മാത്രം.

ഇനിയൊരു മഴ,വെയില്‍,കാറ്റ്,ഒരു സ്വപ്നം മാത്രം.

മൃതിയടഞ്ഞവക്കെന്തു സ്വപ്‌നങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

എന്ത് മോഹങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!

അല്ലെ???????????????

തളിരിലകള്‍,മുള പൊട്ടിയ കായ്കള്‍,മൊട്ടിട്ട പൂവുകള്‍ ഒക്കെ

താഴെ വീണു കിടക്കുന്നത് കാണുമ്പോള്‍

അവയുടെ ഒരോന്നിന്റെയും ഇടനെഞ്ചു പിടഞ്ഞിരിക്കും.

ഹൃദയം തകര്‍ന്ന കരച്ചില്‍ ദൈവം കാണാതെ വരുമോ????????????

അതെ,മനുഷ്യര്‍ക്ക്‌ മാത്രമേ ഇത്രത്തോളം ക്രൂരത കാണിക്കാനാവൂ.

ഇതൊന്നും കാണാതിരിക്കാനാവൂ...........

ആ കാഴ്ച എന്നെ വല്ലാതെ സങ്കടപ്പെടുത്തി.

മനസിനെ ആകെ മരവിപ്പിച്ചു.

തനിക്കു പ്രയോജനമില്ലാത്തതിനെ ഒക്കെ വെട്ടി മാറ്റുന്ന മനുഷ്യന്‍.!,

അതില്‍ അതിശയോക്തിയില്ല.

ജീവന്‍ തന്നവരെ,ജീവിതം തന്നവരെ വരെ ഇല്ലാതാക്കുന്ന കാലം.

സ്വന്തം സുഖത്തിനും ആര്‍ത്തിക്കും വേണ്ടി മാത്രം ജീവിക്കുന്നവര്‍..............................................

അപ്പോള്‍ ഒരു മരത്തിനു അവരുടെ മുന്നില്‍ ജീവനോ,ജീവിതമോ ഇല്ല.

പിന്നെങ്ങനെ അതിന്‍റെ കണ്ണീരും,കരച്ചിലും

കാണും!!!!!!!!!!!!!!

കേള്‍ക്കും!!!!!!!!!!!!!!


Monday, January 16, 2012

ഇന്നലെ എന്‍റെ മരണമായിരുന്നു.............

ഒരിക്കല്‍ കൂടി ഞാന്‍ മരിച്ചു.
അതിന്നലെ ആയിരുന്നു.
എന്‍റെ പ്രാണന്‍ കൂടൊഴിഞ്ഞപ്പോള്‍ ഞാന്‍ തനിച്ചായിരുന്നു.
അവസാന തുള്ളി വെള്ളം എന്‍റെ ചുണ്ടിലിറ്റിയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല.
കണ്ണുകള്‍ അടയ്ക്കാനും നിവര്‍ന്നു കിടന്നിരുന്ന കയ്യുകള്‍ പിണച്ചു വെയ്ക്കാനും ആരുമുണ്ടായിരുന്നില്ല.
എന്തിനു നീയെന്നെ ഇട്ടേച്ചു പോയെന്നു ചോദിയ്ക്കാന്‍.,
നീയില്ലെങ്കില്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിയ്ക്കാന്‍,
എനിക്ക് വേണ്ടി രണ്ടു തുള്ളി കണ്ണുനീര് പൊഴിക്കാന്‍
നീയെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്,
ഞാന്‍ ആഗ്രഹിച്ചു പോയി.
എന്‍റെ മരണം എന്നെ തന്നെ സങ്കടപ്പെടുത്തി.

ഞാന്‍ ഓര്‍ക്കുന്നു,അറിയുന്നു,മനസിലാക്കുന്നു.
എന്‍റെ മരണം എന്നും ഇങ്ങനെ തന്നെ ആയിരുന്നു.
എന്‍റെ ജീവിതം പോലെ തന്നെ ഒറ്റപ്പെടലിന്‍റെ വിങ്ങലുകളില്‍...................................

മരിക്കാന്‍ എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു.
ഓരോ മരണവും എന്നെ തോല്‍പ്പിച്ചു സ്വന്തമാക്കിയപ്പോഴും ഞാന്‍ ജീവിക്കാന്‍ മോഹിച്ചത് നിന്നെ കുറിച്ച് ഓര്‍ക്കുമ്പോഴായിരുന്നു.
പക്ഷെ..............
ഇന്നലെ..............
നീയെന്നെ,
നിന്‍റെ വാരിയെല്ലില്‍ നിന്നും "നിനക്ക് വേണ്ടി സൃഷ്ടിയ്ക്കപ്പെട്ട"
എന്ന് നീ പറഞ്ഞിരുന്ന എന്നെ......... നീ ഉപേക്ഷിച്ചപ്പോള്‍
മരണത്തെ ഞാന്‍ സ്നേഹിച്ചു തുടങ്ങി.
ഞാന്‍ ആഗ്രഹിച്ചപ്പോള്‍ എന്നെ തേടിയെത്തി എന്‍റെ മരണം.
ഇതിനു മുന്‍പ് അവന്‍ വന്നു കൊണ്ട് പോയപ്പോള്‍ ഒക്കെയും ഞാന്‍ കരഞ്ഞിരുന്നു.
പോകാതിരിക്കാന്‍ ശ്രമിച്ചിരുന്നു.
പക്ഷെ ഈ തവണ ഒരു മാത്ര പോലും ചിന്തിക്കാതെ ഞാന്‍ കൂടെ പോയി.
എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല.
എനിക്ക് നഷ്ടപ്പെട്ട പുഞ്ചിരി തിരിച്ചെത്തി.
അവന്‍റെ ലോകം കാണാന്‍ എനിക്കെന്തോ തിടുക്കമായിരുന്നു.

എന്‍റെ മരണം എന്നോട് പറഞ്ഞു "നിന്നെ ഞാന്‍ കൊണ്ട് പോവുന്നു.
എന്തെന്നാല്‍ ഞാന്‍ നിന്നെ അവനെക്കാള്‍ ഇഷ്ടപ്പെടുന്നു.
സ്നേഹിക്കുന്നു.
നിനക്കായി കാത്തിരിക്കുന്നു.
എനിക്കും നിനക്കും മാത്രം കാണാനുള്ള,അനുഭവിക്കാനുള്ള ഒരു ലോകത്തില്‍
ഇനി നീ എന്നോടൊപ്പം ജീവിക്കും.

അവിടെ നിന്‍റെ പേരെഴുതി,
നിന്‍റെ മുഖത്തെ വരച്ചു വെച്ച്,
നിനക്ക് വേണ്ടി നിന്‍റെ ഇഷ്ടങ്ങള്‍ ഒരുക്കി വെച്ച്,
നിനക്ക് വേണ്ടി ഞാന്‍ ജീവിക്കും.
പക്ഷെ നിനക്ക് വേണ്ടി കാത്തിരിക്കില്ല.
നീ വരുമെന്ന് പ്രതീക്ഷിക്കില്ല.
നീ നിന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം.
അതാണ്‌ എന്‍റെ സന്തോഷം.
നിന്‍റെ ചുണ്ടിലെ ചിരി,കണ്ണുകളിലെ നന്മ,ഹൃദയത്തിലെ കടലോളം ഉള്ള സ്നേഹം.........
അതൊരിക്കലും നിന്നില്‍ നിന്ന് നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ല.
നിന്നെ ഇത്രയേറെ സ്നേഹിക്കാതിരിക്കാനും...............!!!!!!!!!!!!!!!!!!!!!!!!!!!!