ഇന്നലത്തോടെ കടവല്ലൂരിലെ ഈ വര്‍ഷത്തെ അന്യോന്യം സമാപിച്ചു.
ഇതുവരെ അന്യോന്യം കണ്ടിട്ടില്ല.
പ്രയോഗം,ജട,വാരമിരിക്കല്‍,കടന്നിരിക്കല്‍,എന്നിങ്ങനെ ഒക്കെ കേട്ടിട്ടേ ഉള്ളൂ.
ഒന്ന് കാണണം എന്ന് വല്യ മോഹായിരുന്നു.
നടന്നില്ല.
അത് കണ്ടില്ലെങ്കിലും കടവല്ലൂര്‍ ശ്രീ രാമസ്വാമി ക്ഷേത്രം കാണാന്‍ സാധിച്ചു.
എത്രയോ കാലമായിട്ടുണ്ടായിരുന്ന മോഹമായിരുന്നു!!!!!
ഇന്നത് നടന്നു.
ഓരോന്നിനും ഓരോ സമയമുണ്ട് ദാസാന്നു പണ്ട് വിജയന്‍ പറഞ്ഞത് സത്യാണ്.
വലിയ നല്ല ഭംഗിയുള്ള അമ്പലം.
അധികം ഉപദേവന്മാര്‍ ഇല്ല.
തികച്ചും ശാന്തത.
അതല്ലെങ്കിലും ശ്രീ രാമന്റെ അമ്പലങ്ങളില്‍ ഒക്കെ നിശബ്ദത ഒരുപാടാണ്.
വലിയ പ്രതിഷ്ഠ.
ചെന്നപ്പോള്‍ ശീവേലി ആയിരുന്നു.
തിടമ്പ് നോക്കി തൊഴുതു.
നല്ല ഭംഗിയുള്ള ഒരു മുത്തശ്ശന്‍ ആയിരുന്നു ശാന്തിക്കാരന്‍.
നല്ല വെളുത്ത താടി.
എനിക്ക് നല്ല ഇഷ്ടാണ് അങ്ങനെ ഉള്ള മുത്തശ്ശന്മാരെ.
പന്നിയൂരിലെ പോലെ,നീലാകാശത്തിന്റെ ഭംഗി വ്യക്തമായും,വൃത്തിയായും കാണാം അവിടെ നിന്നാല്‍.
കാറില്‍ ഇരുന്നു ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ മനസിന് ഒരു കുളിര്‍മ തോന്നി.
ഒരു ചാറ്റല്‍ മഴ,മഞ്ഞിന്റെ ഒരു നേര്‍ത്ത പുതപ്പു കൊണ്ട് പുതച്ച അധികം തിരക്കില്ലാത്ത നല്ല വഴി,ഒപ്പം സഞ്ചരിക്കുന്ന മേഘങ്ങള്‍ ഒക്കെ സന്തോഷമുണ്ടാക്കുന്ന കാഴ്ചകള്‍.
പണ്ടൊക്കെ എവിടെയെങ്കിലും പോവുമ്പോള്‍ (ആയിടക്കു മിക്കവാറും പാലക്കാട്ടെയ്ക്കായിരുന്നു യാത്രകള്‍)ഒപ്പം സഞ്ചരിക്കുന്ന മേഘങ്ങളേ നോക്കി സംസാരിക്കുമായിരുന്നു.
അതിനും കുഞ്ഞായിരുന്നപ്പോള്‍ അത്ഭുതമായിരുന്നു ആ കാഴ്ച.
സൂര്യനും ചന്ദ്രനും മേഘോം നക്ഷത്രങ്ങളും ഒക്കെ സഞ്ചരിക്കുമോ എന്ന സംശയം എന്നും ഉണ്ടായിരുന്നു ആ നാളുകളില്‍.
നീലാകാശത്തില്‍ വെളുത്ത മേഘങ്ങള്‍,
ചിലത് തിങ്ങി നിറഞ്ഞ്, മറ്റു ചിലത് അലസമായി പറക്കുന്ന അപ്പൂപ്പന്‍താടിക്കൂട്ടം പോലെ.
നിഷ്കളങ്കത നിറഞ്ഞ ഒരു സൌന്ദര്യം.
പോവുമ്പോഴും,വരുമ്പോഴും അത് വേണ്ടുവോളം ആസ്വദിച്ചു.
തൃശൂര്‍ക്കും,കൊടുങ്ങല്ലൂര്‍ക്കും ആയിരുന്നു യാത്ര.
ഇവിടത്തെ ഭാഷയില്‍ രണ്ടു കുറ്റൂശ്ശകള്‍ക്ക്(ഗൃഹപ്രവേശം) പോയതായിരുന്നു.
ഒന്ന് ചിറ്റേടെ,പിന്നൊന്ന് പേരശ്ശീടെ അപ്പറത്തെ ഇല്ലത്തെ.
രണ്ടും നല്ല വീടുകള്‍.
ആധുനിക രീതിയില്‍ ഉള്ളത്.
(പക്ഷെ എനിക്ക് ട്രഡീഷണല്‍ ആണ് ഇഷ്ടം.)
തൃശൂര്‍ ജില്ലയില്‍ കടന്നപ്പോള്‍ കുറെ വീടുകളുടെ മുന്നില്‍ ഇപ്പോഴും നിറയെ കണിക്കൊന്ന മരങ്ങള്‍ ഇലകളെ മറച്ച് പൂത്തു നിന്നിരിക്കുന്നത് കണ്ടു.
കണിക്കൊന്ന എനിക്കേറ്റവും ഇഷ്ടപ്പെട്ടവയില്‍ ഒന്നാണ്.
രണ്ടു ദിക്കിലും ഒരേ ആള്‍ടെ ദേഹണ്ഡം ആയിരുന്നു.
നല്ല അസ്സല് സദ്യ.
കാളനും,ഓലനും,മാങ്ങാക്കറിയും ഒക്കെ അസാധ്യ സ്വാദായിരുന്നു.
പായസം കുടിക്കാത്ത ആളാണ് പൊതുവേ ഞാന്‍.
പക്ഷെ ഇന്നത്തെ പാലട രണ്ടു ഗ്ലാസ് കുടിച്ചു.
(ഈ ജയേട്ടന്‍ ആള് ഒരു സംഭവം ആണുട്ടോ.
ഇതെങ്ങനെ ഇത്ര കൃത്യമായി?????
ജയേട്ടന്‍ എന്റെ വകയിലൊരു നാത്തൂന്റെ പ്രിയതമന്‍ ആണ്.)
ഇരിങ്ങാലക്കുടയില്‍ പുള്ളിക്കൊരു ഹോട്ടല്‍ ഉണ്ട്.
ആ വഴി പോവുമ്പോള്‍ അവിടെ കേറിക്കോളൂട്ടോ നല്ലൊരു ഊണ് തരാവും.
പേരറിയില്ല.
തിരിച്ചു വരുമ്പോള്‍ നിശബ്ദയായിരുന്നു.
ഒരിക്കല്‍ പറഞ്ഞത് പോലെ
അവനോടു സംസാരിച്ചു കൊണ്ടിരുന്നു എന്റെ മൌനം.
അവനോടു പറയാന്‍ കുറെ കാര്യങ്ങള്‍ ശ്യാമസന്ധ്യയോടു പറഞ്ഞു.
ഇളം ചുവപ്പ് നിറമുള്ള ആകാശത്തില്‍ എന്റെ കാഴ്ച്ചയുടെ അറ്റം കൊണ്ട് നിന്റെപേരും,നിന്നോടുള്ള ഇഷ്ടോം ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു.
അതിനു മുന്‍പേ പെയ്ത മഴയില്‍ നിന്നോടുള്ള മോഹങ്ങളേ നനയിച്ചു.
ഓരോ മഴത്തുള്ളികളും എന്റെ പ്രണയത്തില്‍ വീണലിഞ്ഞു കൊണ്ടിരുന്നു.
കാറ്റ് അത് മുഴുവനും നിന്നിലെക്കെത്തിക്കും.
നീ കാത്തിരിക്കൂ..................
എന്റെ ചുണ്ടില്‍ നിനക്കും എനിക്കും ഇഷ്ടമുള്ള "ചാന്തു കുടഞ്ഞൊരു" എന്ന പാട്ട് ഞാന്‍ പോലും അറിയാതെ എത്തി.
കുറച്ചു ദിവസമായി പത്രങ്ങളില്‍ നിന്നും,ടീവിയില്‍ നിന്നും ഒക്കെ മുല്ലപ്പെരിയാറിനെ കുറിച്ചു കേള്‍ക്കുന്ന നടുക്ക സത്യങ്ങള്‍ എന്നെ സങ്കടപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഇന്നത്തെ യാത്ര ആ സങ്കടം എന്നെ അറിയിച്ചതെയില്ല.
മനസ്സില്‍ സന്തോഷം നിറച്ച,
ഒരു മോഹം സാധിച്ച,
നിന്റെ ചിന്തകള്‍ കൊണ്ട് എന്റെ പ്രണയത്തെ മനോഹരമാക്കിയ
ഈയൊരു ദിനം എനിക്കേറെ ഇഷ്ടമായി.