Friday, November 3, 2017

എന്റെയീ ബടുക്കൂസ് തരങ്ങളാണ് എന്റെ സന്തോഷങ്ങൾ!!!

പറഞ്ഞു പറഞ്ഞ് ഇവിടുത്തെ വേട്ടേക്കരന്റേയും ഭഗവതീടേം പ്രതിഷ്ഠ ദിനം കഴിഞ്ഞു. ഇപ്പോഴിപ്പോൾ എല്ലാ ദിവസോം ഞാൻ അമ്പലത്തിൽ പോവാറുണ്ട്. അതൊരു സുഖാണ്. നേരം വെളുക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. സന്ധ്യയിൽ നിന്ന് ഇരുട്ടിലേക്കെത്തുന്നതും ഭംഗി തന്നെ. ഇരുട്ടിലേക്കെത്തുന്നതെന്ന് വേണ്ട രാത്രിയെന്നു മതി. ഇരുട്ടിലേക്ക്ന്നു പറയുമ്പോ എന്തോ ഒരു വിഷമം വരും. പെട്ടെന്നോർമ്മ വരിക ഒരു പെൺകുട്ടിയെ ആണ്. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ നൽകിയ നിസ്സഹായത കണ്ണുകളിൽ നിറച്ച് ഒരു തരി വെളിച്ചവും കടന്നുവരാത്ത ഇരുട്ടിനെ നോക്കിനിൽക്കുന്നൊരു പെൺകുട്ടിയെ............അവളെത്ര പാവമായിരുന്നു!!!!! വേണ്ട അവളവിടെ ആ ഇരുട്ടിൽ തന്നെ നിൽക്കട്ടെ. ഇന്നിപ്പോൾ പറഞ്ഞു പറഞ്ഞു സങ്കടപ്പെടാൻ വയ്യ. ഇന്നെഴുതേണ്ടത് മുഴുവനും അവളുടെ സന്തോഷങ്ങളെ കുറിച്ചാവണം. സന്തോഷങ്ങൾ ഈയിടെയായി എനിക്കേറെയുണ്ട്. എന്തിലും ഒരു നന്മ കണ്ടെത്തുക എന്നൊരു സ്വഭാവം ഈയിടെയായി എന്നിൽ കേറിക്കൂടിയതുകൊണ്ട് കുഞ്ഞു കാര്യങ്ങളിൽ പോലും എനിക്കൊരുപാട് സന്തോഷാണ്.

പുലരികളിൽ മെല്ലെ മെല്ലെ വെളിച്ചം പരക്കുന്നത് കാണുന്നത്, മേഘങ്ങൾ നീങ്ങണത്, ദൂരേന്നു മഴയിറങ്ങി വരണ കാണുന്നത്, സന്ധ്യ കനത്ത് ഇരുൾ പരക്കുന്നത്, സൂര്യരശ്മികൾ നീണ്ടു നീണ്ടു വന്നു വെയിൽ വിരിയുന്നത്, അതൊക്കെ എത്ര ഭംഗിയുള്ള കാഴ്ചകളാണ്!!!! തൊഴുതു കഴിഞ്ഞ്  കല്ല്യാണിപ്പാടം കാണുന്നതും കണ്ണിനു തണുപ്പ് തരണ ഒന്നാണ്. പല തരം പച്ചയാണ് പാടത്ത്. ഞാറുകളുടെ ഇളം പച്ചയും, മീശ പോലെ നിക്കണ വലിയ പുല്ലുകളുടെ കടും പച്ചയും, വരമ്പിലെ മഞ്ഞച്ച പച്ചയും, പാടവക്കത്ത് ചാഞ്ഞു നിക്കണ പാലമരത്തിലെ തളിരില പച്ചയുമൊക്കെയായി പലതരം പച്ചകൾ............ആ പച്ചയിലേക്ക് മഞ്ഞ് നേർത്ത പുതപ്പ് നീർത്തി കൊണ്ടുവരുന്നത് ഞാൻ ഏറെനേരം നോക്കാറുണ്ട്. വരമ്പിനിപ്പുറം മതിലുകെട്ടിയ അമ്പലക്കുളമാണ്. അതിലെ വെള്ളം ഒരു നീലിച്ച പച്ചയാണ്. മഞ്ഞു തുള്ളികൾ ഇടയ്ക്കൊന്നു വീഴുമ്പോൾ ഉണ്ടാകുന്ന കുഞ്ഞോളങ്ങൾ ഒഴിച്ചാൽ കുളം ധ്യാനിക്കയാണെന്ന പോൽ തീർത്തും അനക്കല്ല്യാണ്ടാണ്. പടവുകളെ തിരിക്കുന്ന മതിലിനു മോളിൽ പറ്റിപ്പിടിച്ച പായലുകളിലും വക്കത്തുള്ള ചെടികളിലും ഒക്കെ ഓടിപ്പോയി ചെന്നിരിക്കുന്ന, വെള്ളത്തിന് മീതെ വേഗത്തിൽ പറക്കുന്ന തുമ്പിക്കൂട്ടത്തെ കാണുമ്പോൾ മിടുക്കരായി രാവിലെ നേരത്തെ എണീറ്റ് വർക്ക്ഔട്ട് ചെയ്യുകയാണെന്ന് തോന്നാറുണ്ട്.  മഞ്ഞു പുകേം ഗണപതിഹോമത്തിന്റെ പുകേം കൂടിച്ചേർന്ന് ആകാശത്തോട്ട് പൊങ്ങി കാണാതാകുന്നതും എനിക്ക് പ്രിയപ്പെട്ട ദൃശ്യമാണ്.

ഒരു മണ്ഡലകാലം കൂടി ഇങ്ങെത്താറായി. ഇനിയുള്ള ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും എവിടെനിന്നെങ്കിലുമൊക്കെ അയ്യപ്പനാമം കേട്ടോണ്ടായിരിക്കും. മഞ്ഞിന്റെ തണുപ്പിൽ ഈറൻ കാറ്റിൽ കുളിർന്നു കൊണ്ട്  ശരണം വിളി കേൾക്കാൻ എനിക്കിഷ്ടാണ്. കേൾക്കുമ്പോൾ അറിയാതെ ഞാനും കൂടെ വിളിക്കാറുണ്ട് സ്വാമിയേ ശരണമയ്യപ്പാന്ന്. ഇവിടങ്ങളിലെ അമ്പലങ്ങളിലൊക്കെ അഖണ്ഡനാമജപം ണ്ടാവും. ഇക്കൊല്ലം അച്ചൂനെ മല ചവിട്ടിക്കണംന്നുണ്ട്. സാധിച്ചാൽ സന്തോഷം. തീർത്തും അപ്രതീക്ഷിതമായി അത്രയധികം സ്നേഹിക്കുന്ന ഒരാളെ കാണുക.... ഫോൺ വിളിക്കുമ്പൊ പറയണമെന്നാഗ്രഹിച്ചത് പലപ്പോഴും പറയുവാനാകാതെ.... വാക്കുകളിൽ മൗനം കടുങ്കെട്ടിട്ട് മുറുക്കുമ്പോൾ പറയാതെ തന്നെ മനസിലാക്കി സംസാരിക്കുക .... പ്രിയപ്പെട്ടൊരാൾ വിചാരിക്കാത്തൊരു നിമിഷത്തിൽ വന്നു കെട്ടിപ്പിടിച്ചുമ്മ വെക്കുക...... അങ്ങനേയിരുന്ന് എന്തൊക്കെയോ ആലോചിച്ച് പെട്ടെന്ന് മനസ്സ് ശൂന്യമാവുമ്പൊ അത്രയധികം ഇഷ്ടമുള്ള പാട്ട് നമ്മിലേക്കെത്തുക....ഒരു തയ്യാറെടുപ്പുകളുമില്ലാത്തൊരു യാത്ര പോവുക....... നിനക്ക് വേണ്ടിയെന്ന് കേൾക്കാനാഗ്രഹിക്കുമ്പോൾ കേൾക്കാൻ പറ്റുക.....അത്രമേൽ ഭംഗിയുള്ളൊരു സമ്മാനം കിട്ടുക........ വല്ലാതെ വിശന്നിരിക്കുമ്പോൾ അത്രയും സ്വാദുള്ള ദോശ കഴിക്കാൻ സാധിക്കുക.....കണ്ണിൽ വെള്ളം വരുന്നത്ര ചിരിക്കാനും ചിരിപ്പിക്കാനും ഒരാളുണ്ടാവുക..........ഒറ്റപ്പെടൽ എന്ന സങ്കടത്തോന്നലിൽ നിസ്സഹായപ്പെടുമ്പോൾ ചേർത്തു നിർത്താനൊരാളുണ്ടാകുക... ഇല്ലെന്നറിയാമെങ്കിലും വെറുതെ ഒരു പ്രതീക്ഷയെ കണ്ണിൽ നിറച്ച് മെയിൽ ബോക്സ് തുറന്നു നോക്കുമ്പോൾ  ഒട്ടുമൊട്ടും വിചാരിക്കാതെ പ്രിയമുള്ളൊരാളുടെ വായിച്ചാലും തീരാത്തത്ര വല്ല്യ മെയിൽ വന്നു കിടക്കുന്നതു കാണുക...... എന്റെയിഷ്ടങ്ങളെയെല്ലാം അറിയുമ്പോൾ ഇതൊക്കെ എന്റേം ഇഷ്ടങ്ങളാണല്ലൊ എന്ന് നമുക്കത്രയും ഇഷ്ടമുള്ളൊരാൾ പറയുന്നത് കേൾക്കുക...........ഇതെല്ലാം എനിക്കിപ്പോഴെന്റെ സന്തോഷങ്ങളാണ്. ജീവിതം ഇതുപോലത്തെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുടെ ആകെത്തുകയാകുന്നത് ഇങ്ങനെയൊക്കെ ആവ്വൊ!!!!!


കെടക്കാൻ‌ പോകുന്നേനു മുൻപേ ഉമ്മറത്തെ മുറ്റത്തേക്കൊന്നു പോയി നോക്കാറുണ്ട് ദിവസവും. അപ്പോഴാണ് രാത്രിയ്ക്ക് മണം കൊടുക്കാൻ വേണ്ടി പവിഴമല്ലിമൊട്ടുകൾ വിരിയാൻ തയ്യാറായി നിൽക്കുക.വെളുപ്പിനേ എണീറ്റ് വാതിൽ തുറക്കുന്നത് ആ പൂമണം വീണ്ടും എനിക്ക് മുന്നിലേക്ക് നിറയാനാണ്. എന്റെ ദിവസങ്ങളുടെ ആരംഭവും അവസാനവും ഇങ്ങനെയൊക്കെയാണ്. വെളിച്ചായി കഴിഞ്ഞാൽ കാണാം മുറ്റം നിറയെ വീണു കിടക്കുന്ന, മഞ്ഞുമ്മ വെച്ച പവിഴമല്ലി പൂക്കളെ. നല്ല ഭംഗിയുള്ള കാഴ്ച്ചയാണത്. കൊമ്പിലൊന്നു തൊട്ടാൽ‌ മതി പൂക്കളിങ്ങനെ ഉതിർന്നു വീഴാൻ.....പെറുക്കിയെടുത്ത് ചിലപ്പോഴൊക്കെ മാല കോർക്കും.ചിലപ്പൊ വെറുതെ കൂട്ടിവെക്കും. ഇനി ചിലപ്പൊ നീയെന്റെ മുഖത്തേക്കെറിയുകയെന്നു വിചാരിച്ച് ഞാൻ തന്നെ എന്റെ മുഖത്തേക്കിടും. ചിലപ്പൊ കമ്മലായി കാതിൽ ഒട്ടിച്ചു വെക്കും. വല്ലാണ്ട് പ്രാന്ത് മൂക്കുമ്പൊ മഞ്ഞളില പൊട്ടിച്ച് അറ്റം കൂട്ടിക്കെട്ടി വഞ്ചി പോലെയാക്കി അതിൽനിറയെ ഇത് നിറയ്ക്കും. അതും നോക്കിയിരുന്ന് അതിൽ കേറിയൊരു യാത്ര കിനാവ് കാണും. പണ്ട് കോളേജ് കാലത്ത് പതിവായി പോകുമായിരുന്ന ഒരു കടയുണ്ടായിരുന്നു. അവിടെ ധാരാളം ആശംസാ കാർഡുകൾ ഉണ്ടായിരുന്നു. ആ കൂട്ടത്തിലൊരു പിറന്നാളാശംസ കാർഡ് മേടിച്ച് ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിട്ടുണ്ട്. ഒരു പെൺകുട്ടി പുറം തിരിഞ്ഞു നിൽക്കുന്നതാണ് ചിത്രം. നീണ്ട സ്വർണ്ണത്തലമുടിയിഴകളിൽ നിറയെ പവിഴമല്ലി പോലുള്ള പൂക്കൾ കുറെ തിരുകി വച്ചിരിക്കുന്നു. എനിക്കത് ഒരുപാടിഷ്ടായി. ആരും സമ്മാനിക്കാനില്ലാത്തോണ്ട് ഞാൻ തന്നെ അതെനിക്കായി മേടിച്ചു. ഇപ്പഴും അതെന്റെ കയ്യിലുണ്ട്. അതുപോലെ എന്റെ മുടിയിഴകളിലും നിറയെ പവിഴമല്ലിപ്പൂക്കളെ തിരുകി വെക്കണം ന്ന് കൊതിച്ച്ണ്ട്. എനിക്കിഷ്ടാണ് ഇതുപോലെയുള്ള എന്റെ പ്രാന്തിഷ്ടങ്ങളെ..........  നിനക്കൊ???????

അമ്പലപ്പറമ്പിലെ പാലകൾ രണ്ടും പൂക്കാനുള്ള ദിവസങ്ങളെണ്ണി കാത്തുനിൽപ്പു തുടങ്ങീട്ട് കുറച്ചീസായി. ഓരോ കൊമ്പുകളേം ഇലകളേം കണ്ടാലറിയാം എന്നെ കൊതിപ്പിക്കാനുള്ള അവരുടെ പൂക്കാലത്തിനുള്ള തിടുക്കം. ഇടയ്ക്കുള്ള മഴ പെയ്യലു കാണുമ്പോൾ അവരുടെ ഉള്ളിൽ ആധിയാവും. എനിക്കാണേലോ പെയ്യാതാവുമ്പോഴാണ് ആധി. ത്ലാവർഷം എന്ന് പറയണ ഐറ്റം ഇതുവരേം നേരം പോലെ പെയ്തിട്ടില്ല.ഇനി ഈ കൊല്ലോം വെള്ളം വറ്റിയാൽ കിണറ്റിൽ റിംഗും കൂടി ഇറക്കാൻ പാകല്ല്യാന്ന് അന്നേ ആ റിംഗുകാരൻ പറഞ്ഞ്ണ്ട്. കിണർ റീചാർജിങ്ങ് പരിപാടി ശരിയായതുംല്ല്യ. മുറ്റത്ത് ആദ്യായി മന്ദാരം വിരിഞ്ഞു. കട്ടയിതളുകളുള്ള കടും ചുവപ്പാർന്ന  ചെമ്പരത്തിയും ആദ്യായിട്ടിന്നു വിരിഞ്ഞു. കുഞ്ഞു‌ നന്ത്യാർവട്ടം, നീലേം വെള്ളേം ശംഖുപുഷ്പം ഒക്കെം നിറയേ ണ്ടായി. എന്നാലും സന്തോഷം കുറച്ചധികം തോന്നിയത് ഇല കാണാത്ത വിധം പൂത്ത നാലുമണിപ്പൂക്കളെ കണ്ടപ്പഴാണ്. നിനക്കത്ര പ്രിയപ്പെട്ടതെന്ന ഒറ്റക്കാരണം കൊണ്ട് ഞാനെന്റെ മുറ്റം നിറയെ നാലുമണിച്ചെടികളെ നടാൻ തീരുമാനിച്ചു.ഓരോ പൂവും വിരിയുമ്പോൾ എന്റെയുള്ളിൽ നിന്നോടുള്ള സ്നേഹം കൂടിക്കൊണ്ടേയിരിക്കും. കാത്തിരിപ്പുകൾക്കൊടുവിൽ നീയെന്നെ കാണാൻ വരുമ്പോൾ നിന്റെ കൈക്കുമ്പിൾ നിറയ്ക്കാൻ വേണ്ടത്ര പൂക്കൾ അന്നും വിരിയുമായിരിക്കുമല്ലേ??? 

തനിച്ചിരിക്കുമ്പോൾ മുഴുവൻ വരികളും അറിയുന്ന പാട്ടുകൾ പാടുകയും അതാസ്വദിക്കലും ആണ് ഇപ്പോഴത്തെ പുതിയൊരു ഇഷ്ടം. നന്നായിണ്ടല്ലോ ഉമ്മൂ ന്ന് ഞാനെന്റെ തോളിൽ തട്ടി പറയാറുണ്ട്. കണ്ണാടിയിലെ എനിക്ക് ഞാൻ ഫ്‌ളൈയിങ് കിസ് കൊടുക്കാറുണ്ട്. റാണി പദ്മിനിയിലെ  "ഒരു മകര നിലാവായ് തളിരില തഴുകൂ.......  പെരുമഴ ചെവിയോർക്കും പുതുനിലമായ് നിൽപ്പൂ ഞാൻ..................." എന്ന പാട്ട്  കാതിലിങ്ങനെ നിറയുകയാണ്. ആദ്യമായ് കേട്ടപ്പഴേ അസ്ഥിക്ക് പിടിച്ചൊരു പാട്ടാണിത്. ഇന്ന് മുഴുവനും ഇത് പഠിക്കലായിരുന്നു പണി. ഇനിയും ശരിയായില്ല. എന്നാലും ശ്രമിച്ചോണ്ടേയിരിക്കുന്നു. ഇത് പോലെ ആ വണ്ടി കൂടി ഒന്നോടിക്കാൻ പഠിച്ചൂടെ ന്ന് ഇവിടൊരാള് ചോദിക്കുന്നുണ്ട്. വണ്ടിയിൽ കാഴ്ചകളും നോക്കി ഇരിക്കാനും, കേക്കണ പാട്ടിനു ഒപ്പം മൂളാനും, ഇടയ്ക്കൊന്ന് ഒറങ്ങാനും ഓടിക്കണ ആൾക്കുള്ള സീറ്റിലിരുന്നാൽ സാധിക്കൂല്ലല്ലൊ ന്ന് ഞാൻ. മോഹോക്കെണ്ട്. ഇരുവശോം കാടിന്റെ പച്ച മണക്കണ വഴിയിലൂടെ ഒരു ലക്ഷ്യവുമില്ലാതെ വണ്ടിയോടിച്ചു പോവാൻ. അതൊക്കെ അതിമോഹമാണെന്ന് ഞാനെന്നേ എന്നെ പഠിപ്പിച്ചു കഴിഞ്ഞു. ഇത് പോലെ അതിമോഹങ്ങൾടെ ഒരു വല്ല്യേ ലിസ്റ്റ്ണ്ട് ന്റെ കയ്യിൽ. ചിത്രകാരിയാവുക, ശിൽപ്പിയാവുക, ഫ്ലൂട്ട് വിദ്വാൻ ആവുക, കഥക് നൃത്തം ചെയ്യാൻ സാധിക്കുക, നെയ്ച്ചർ ഫോട്ടോഗ്രാഫർ ആവുക, നോർത്തേൺ ലൈറ്റ്സ് കാണുക, എവറസ്റ്റിൽ പോയി എന്റേം എന്റെ നിന്റേം പേരെഴുതി വെക്കുക, എല്ലാ കുഞ്ഞുങ്ങൾടെ മുഖത്തും ചിരിയും സന്തോഷവും നിറയ്ക്കുക, എല്ലാവരുടെ സങ്കടങ്ങളും ഇല്ലാതാക്കാൻ സാധിക്ക്യാ, അങ്ങനെ കൊറേ............... ഈ ലിസ്റ്റ്  ഇതൊന്നും പെട്ടെന്ന് തീരൂല്ല എങ്കിലും ഇടയ്ക്കിങ്ങനെ എടുത്തു നോക്കുന്നതും ഒരു കുഞ്ഞു സന്തോഷം തന്നെ.






11 comments:

  1. ബട്കൂസിന്റെ നല്ലൊരു പോസ്റ്റ് കൂടി...
    ഇഷ്ടം <3

    ReplyDelete
  2. സൗഹൃദങ്ങൾ എന്നും നിലനിർത്തുവാനാവട്ടെ...

    ReplyDelete
    Replies
    1. വിനുവേട്ടാ ഞാൻ പോസ്റ്റിന്റെ നീളം കുറച്ചു. വിനുവേട്ടൻ പറഞ്ഞതിനെ കുറിച്ചുള്ള ഭാഗങ്ങൾ ആ വെട്ടിക്കളയലിൽ പോയീട്ടോ. സ്നേഹം :)

      Delete
    2. അതെന്താ, സൌഹൃദം കിനാവള്ളിയായി മാറിയോ...? :)

      Delete
  3. 'പണ്ട് കോളേജ് കാലത്ത് പതിവായി പോകുമായിരുന്ന
    ഒരു കടയുണ്ടായിരുന്നു. അവിടെ ധാരാളം ആശംസാ കാർഡുകൾ
    ഉണ്ടായിരുന്നു. ആ കൂട്ടത്തിലൊരു പിറന്നാളാശംസ കാർഡ് മേടിച്ച്
    ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിട്ടുണ്ട്. ഒരു പെൺകുട്ടി പുറം തിരിഞ്ഞു
    നിൽക്കുന്നതാണ് ചിത്രം. നീണ്ട സ്വർണ്ണത്തലമുടിയിഴകളിൽ നിറയെ പവിഴമല്ലി
    പോലുള്ള പൂക്കൾ കുറെ തിരുകി വച്ചിരിക്കുന്നു. എനിക്കത് ഒരുപാടിഷ്ടായി. ആരും
    സമ്മാനിക്കാനില്ലാത്തോണ്ട് ഞാൻ തന്നെ അതെനിക്കായി മേടിച്ചു. ഇപ്പഴും അതെന്റെ
    കയ്യിലുണ്ട്. അതുപോലെ എന്റെ മുടിയിഴകളിലും നിറയെ പവിഴമല്ലിപ്പൂക്കളെ തിരുകി വെക്കണം
    ന്ന് കൊതിച്ച്ണ്ട്. എനിക്കിഷ്ടാണ് ഇതുപോലെയുള്ള എന്റെ പ്രാന്തിഷ്ടങ്ങളെ....!'
    വെറുതെയല്ല വെറും ബട്കകൂസ്സായത് ...!

    ReplyDelete
    Replies
    1. ഓ....... ഇങ്ങളും‌ കൂട്യേ ബാക്കിണ്ടായുള്ളൂ കളിയാക്കാൻ :/ :(

      Delete
  4. കവിത തുളുമ്പുന്ന എഴുത്ത് ..ആശംസകൾ

    ReplyDelete
  5. ഹുയ്യയ്യോ!!!!ഇതെന്നാ എഴുത്താ ഉമേച്ചീ??അസൂയ കൊണ്ട്‌ ഞാൻ ഉരുകിപ്പോയി.ഇന്നലെ വായിച്ചു,ഇന്ന് വായിച്ചു,ഇനിയും വായിക്കണം ഈ അതിമനോഹരമായ എഴുത്ത്‌.എത്ര നന്മയുണ്ടെങ്കിലാ ഇത്ര നിഷ്കളങ്കമായെഴുതാൻ സാധിക്കുക?!?!?!?

    ReplyDelete
  6. ഇഷ്ടങ്ങളും സ്വപ്നങ്ങളും ചേർത്തൊരു മാല കൊരുത്ത് വച്ചിരിക്കുന്ന പോലെ... എന്നത്തേയും പോലെ ഹൃദ്യം. ഇഷ്ടം ഉമകുട്ടീ.

    ബ്ലോഗിൽ വർഷത്തിലൊരിക്കൽ മാത്രം പോസ്റ്റിടാനും എന്റെ നല്ല സ്നേഹിതരെ വായിക്കാനുമെത്തുന്ന മാവേലിയാകുന്നു ഞാൻ എന്ന തെറ്റ് ഏറ്റുപറഞ്ഞുകൊണ്ട് ... സ്നേഹപൂർവ്വം,

    ReplyDelete