Thursday, July 26, 2012

എല്ലാവരോടും നന്ദി പറയാന്‍ നീയാണെന്നെ ഓര്‍മ്മിപ്പിച്ചത്


ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടായിരത്തിയേഴില്‍,
തുടങ്ങുന്നു പറയാന്‍ പോവുന്ന കാര്യങ്ങള്‍.
അന്ന് പേപ്പറില്‍ വായിച്ചു വിനീത് ശ്രീനിവാസന്ഓര്‍ക്കുട്ടില്‍ആയിരംഫ്രണ്ട്സ്ആയി എന്ന്.
പിന്നെ ഓര്‍ക്കുട്ടിനെ കുറിച്ചും.
അപ്പോഴാണ്‌ അങ്ങനെ ഒരു സംഭവം അറിയുന്നത്.
ഇവിടെ കമ്പ്യൂട്ടര്‍ ഇല്ലായിരുന്നു.
അതോണ്ട് പിന്നെ അത് വിട്ടു.
പിന്നീടു കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ www.orkut.com അടിച്ചു നോക്കി.
അങ്ങനെ അതില്‍ പോയി ചേര്‍ന്നു.
ഒരു ചങ്ങായിയോടു പറഞ്ഞു ഞാന്‍ ദേ ഓര്‍ക്കുട്ടില്‍ എത്തി എന്ന്.
പിന്നെ അയാള്‍ ആണ് അതിലെ പരിപാടികള്‍ ഒക്കെ പറഞ്ഞു തന്നത്.
പിന്നൊരിക്കല്‍ ആണ് ബ്ലോഗ്‌ എന്ന വാക്ക് കേള്‍ക്കുനത്.
അതും പേപ്പറില്‍ നിന്ന് തന്നെ.
ബ്ലോഗ്‌ എന്നൊരു കാര്യം ഉണ്ട്,
നമുക്ക് തന്നെനമ്മുടെവാക്കുകളെ,
നമ്മുടെഎഴുത്തുകളെ ഒക്കെ പബ്ലിഷ്ചെയ്യാം,അങ്ങനെഒക്കെ..........
കേട്ടപ്പോള്‍ ഒരു രസമായി തോന്നി.
അപ്പൊ അതിലും ചെന്ന് ചേരാന്‍ തോന്നി.
പക്ഷെ എങ്ങനെ എന്ന് അറിയില്ല താനും.
പ്രാവശ്യോം ചങ്ങായി സഹായിച്ചു.
അങ്ങനെ ബ്ലോഗിലും എത്തി.
പക്ഷെ അന്ന് എന്ത് എങ്ങനെ എന്നൊന്നും അറിയുമായിരുന്നില്ല.
ഉണ്ടാക്കിയ ബ്ലോഗ്‌ അപ്പൊ തന്നെ പൂട്ടി.
പിന്നീട് കൂട്ടുകാരന്‍ കാണിച്ചു തന്നു എങ്ങനെയാണ് ബ്ലോഗെന്ന്.
അങ്ങനെ വളരെ കുറച്ച അറിവുമായി തുടങ്ങി.
മലയാളത്തില്‍ എഴുതാന്‍ നിശ്ശല്യാത്ത കാരണം കൊണ്ട് അതും എങ്ങും എത്താതെ നിന്നു.

പിന്നേം ബ്ലോഗ്‌ മോഹം മനസ്സില്‍ വളര്‍ന്നു കൊണ്ടിരുന്നു.
ഒടുവില്‍ വീണപൂവിനു ജന്മം നല്‍കി.
ആരോടും പറഞ്ഞില്ല.
ആര്‍ക്കാണോ അങ്ങനെയൊന്നു ഉണ്ടാക്കിയെ ആ ആളും അറിഞ്ഞില്ല.
വായില്‍ തോന്നിയതെന്ന് പറയുന്നപോലെ എഴുതിക്കൊണ്ടേയിരുന്നു.
ഒരു ദിവസം എന്നെ ഞെട്ടിച്ചുകൊണ്ട് ഒരാള്‍ കമന്റ്‌ ഇട്ടു.
അത് വരെ കമന്റ്‌ ഇടാന്‍ അറിയുമായിരുന്നില്ല.
അയാള്‍ തന്നെ ആയിരുന്നു ആദ്യത്തെ ഫോളോവരും.
എന്തെഴിതിയാലും അയാള്‍ വന്നു കമന്റ്‌ ഇടും.
എനിക്ക് തന്നെ ചിരി വന്നു അത് കണ്ടിട്ട്.
ഈ പൊട്ട പോസ്റ്റുകള്‍ക്ക്‌ ആരേലും കമന്റ്‌ ഇടുമോ എന്നോര്‍ത്ത്.........
ബടുക്കൂസ് തന്നെ എന്ന് ചിന്തിച്ചു.
പിന്നെ കൂട്ടുകാരന്റെ ബ്ലോഗ്‌ നോക്കുന്നത് പതിവാക്കി.
അവിടന്നാണ് ശരിക്കും ബ്ലോഗിങ്ങ് എന്താന്നു മനസിലായത്.
മോഹിപ്പിക്കുന്ന ബ്ലോഗുകള്‍ കുറെ കണ്ടു.
അയാള്‍ക്ക്‌ ശേഷം പിന്നെ അറിയുന്ന ചിലരൊക്കെ വന്നു നോക്കാന്‍ തുടങ്ങി.

തുടക്കത്തില്‍ നിന്നോട് പറയാന്‍ മാത്രമുള്ള വാക്കുകളെ ആണ് ഞാന്‍ ഇതില്‍ എഴുതിയിരുന്നത്.
നീ അറിയാന്‍,നിന്നെ അറിയിക്കാന്‍,ഒരിക്കലും തീരാത്ത നിന്നോടുള്ള എന്‍റെ പ്രണയം അങ്ങനെ എനിക്കും,നിനക്കും ഇടയിലെ നമുക്ക് മാത്രമായ്............

അന്നും ഇന്നും എന്നും എന്‍റെ ബ്ലോഗ്‌ എന്‍റെ സ്വാര്‍ത്ഥതയാണ്.
എന്നെ കുറിച്ചു മാത്രം.
എന്‍റെ ഇഷ്ടങ്ങള്‍,വിശേഷങ്ങള്‍,പ്രണയം,സ്വപ്‌നങ്ങള്‍,മോഹങ്ങള്‍,
സങ്കടങ്ങള്‍ അങ്ങനെ എന്നെ കുറിച്ച് മാത്രം.
ഭൂമിയില്‍ ഞാന്‍ മാത്രേ ഉള്ളൂ എന്ന മട്ടില്‍...
(അതുകൊണ്ട് എന്‍റെ ബ്ലോഗ്‌ കാരണം മറ്റുള്ളവര്‍ക്ക് സങ്കടങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല.)
വീണപൂവെന്ന പേര് എനിക്കേറെ ഇഷ്ടമുള്ള ഒന്നാണ്.
വാടി വീണ ഒരു പൂവാണ് ഞാനെന്നു എനിക്കെന്നും തോന്നാറുണ്ട്.
എന്‍റെ അപകര്‍ഷതാ ബോധം കൊണ്ടാവാം അത്.
എനിക്കങ്ങനെ ആയാല്‍ മതി എന്നും.
ആരും കാണാതെ,ആരും അറിയാതെ,ആരേം ബുദ്ധിമുട്ടിക്കാതെ...............

തുടക്കത്തില്‍ പേര് ചേര്‍ക്കാതെ ആണ് പോസ്റ്റ്‌ ഇട്ടിരുന്നത്.
പിന്നെ അനഘാ എന്ന പേര്.
ഒടുവില്‍ ഉമ.
എന്‍റെ പേര് ഉമ എന്ന് തന്നെയാണ് ട്ടോ.
വന്നവരെല്ലാം പറഞ്ഞിരുന്നു എന്‍റെ പ്രണയം ഏറെ മനോഹരമാണെന്ന്.
പ്രണയത്തിന്റെ അപ്പോസ്തലയെന്നു ഒരിക്കല്‍ ഒരാള്‍ കമന്റ്‌ ഇട്ടിരുന്നു.
ഓരോ വാക്കിലും പ്രിയനോടുള്ള ഇഷ്ടം എത്ര മാത്രം നിറഞ്ഞിരിക്കുന്നു എന്ന് മറ്റൊരാള്‍ പറഞ്ഞിരുന്നു.
എന്നെ പോലെ ഒരു പ്രണയിനിയെ വേണമെന്ന് ഇനിയൊരാളും.
എന്‍റെ പ്രണയം എത്ര മനോഹരം എന്ന് പറഞ്ഞു കേള്‍ക്കുന്നത് തന്നെ ആയിരുന്നു എനിക്കെന്നും സന്തോഷം.
ഒരിക്കല്‍ കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു നിന്നെക്കാളും സന്തോഷം,അഭിമാനം ഒക്കെ എനിക്കാണെന്ന്.
നീ വാക്കുകളില്‍ നിറയ്ക്കുന്ന ആ ആള്‍ ഞാന്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കെന്നോടു തന്നെ വലിയ ഇഷ്ടം തോന്നുന്നു എന്ന്.
അതെ ഇന്നും ഞാന്‍ സമ്മതിക്കുന്നു.
എന്‍റെ വാക്കുകളിലെ ഭംഗി,നിറയുന്ന പ്രണയം,അതിന്റെ ആഴം ഒക്കെ നിനക്ക് മാത്രം സ്വന്തം.
നീ നല്‍കിയ സ്നേഹത്തില്‍ നിന്നും മാത്രം ജന്മം കൊണ്ടത്.
അതുകൊണ്ടാണ് ഞാന്‍ ഒരിക്കല്‍ പറഞ്ഞത്.
"ദൈവം കയ്യൊപ്പിട്ട പ്രണയം"-എന്ന്.

ഒരുപാട് സൌഹൃദങ്ങള്‍,ഫോലോവേര്സ് ,കമന്റ്സ് അങ്ങനെ ഒന്നും ഇന്ന് ഈ നിമിഷം വരെ ബ്ലോഗില്‍ നിന്നും മോഹിച്ചിട്ടില്ല.
ചിലരുടെ ബ്ലോഗുകള്‍ കാണുമ്പോള്‍ ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലെ എഴുതാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന്.
അവരെയൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന്.
അതുകൊണ്ട് മാത്രം ചില സൌഹൃദങ്ങളെ തേടി ചെന്നിട്ടുണ്ട്.
ചിലത് തേടിയെത്തിയിട്ടും ഉണ്ട്.
ചിലരെ ഇന്നും അറിയില്ല.
എങ്കിലും അവര്‍ക്കായി മനസ്സില്‍ ഒരുപാട് സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഉണ്ട്.
ആരോടും പരാതിയും ,പരിഭവവും,ദേഷ്യവും ഒന്നും ഇല്ല.
ചിലര്‍ തന്ന മുറിവുകളുടെ വേദന കുറയ്ക്കാന്‍ മറ്റു ചിലരുടെ സ്നേഹം മരുന്നാകുന്നു.

എഡിറ്റ്‌ പോസ്റ്സ് എന്ന ഓപ്ഷന്‍ ഇല്ലെങ്കില്‍ ഇപ്പോള്‍ എന്‍റെ ബ്ലോഗിലെ പോസ്റ്റുകളുടെ എണ്ണം നാന്നൂറോ അഞ്ഞൂറോ ഒക്കെ ആയേനെ.
വീണപൂവിനെ കാണാന്‍ ആളുകള്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ കൊറേ പോസ്റ്റുകള്‍ ഒക്കെ കളഞ്ഞു.
ചില വരികള്‍ വല്ലാതെ പൈങ്കിളിയാവുന്നു എന്ന് തോന്നുമ്പോള്‍. ............
അതൊക്കെ കളഞ്ഞു.
വെട്ടിയും തിരുത്തിയും ഇപ്പോള്‍ ഇരുന്നൂറില്‍ ഒതുക്കി.

ആരോടും നന്ദി പറഞ്ഞിട്ടില്ല,വന്നതിനും,കണ്ടതിനും,കൂടെ നിന്നതിനും,രണ്ടു വാക്ക് പറഞ്ഞതിനും ഒന്നും.
ചിലര്‍ എല്ലാ കമന്റുകള്‍ക്കും ഉത്തരം നല്‍കിക്കൊണ്ട് അവരുടെ മര്യാദ കാണിക്കുമ്പോള്‍ ഞാന്‍ ഇവിടെ അത് മറന്നു ഇരിക്കുകയായിരുന്നു.
അത് തെറ്റാന്നു മനസിലാക്കിയപ്പോള്‍ മുതല്‍ ഞാനും നല്ല കുട്ടിയായി.

ഇപ്പൊ എന്താ ഇങ്ങനെ ഒരു പോസ്റ്റ്‌ എന്ന് ചോദിച്ചാല്‍ ........
ഈ പോസ്റ്റ്‌ ഇത് അവള്‍ക്കു വേണ്ടിയാണ്.
വീണപൂവില്‍ നിന്നും ഒരു ദിവസം തുടങ്ങുന്ന ,
വീണപൂവിലെ ചിലതെല്ലാം അവള്‍ടെ ജീവിതത്തിലും അപ്രതീക്ഷിതമായി സംഭവിച്ചുവെന്ന് പറയുന്ന അവള്‍ക്കു വേണ്ടി മാത്രം.
മൌനം പൊതിഞ്ഞ കൂട്ടില്‍ ഒറ്റക്കായിരുന്നു അവള്‍..,
അവളുടെ ഏകാന്തതയില്‍ അവള്‍ക്കു സന്തോഷംനല്‍കിയത് വീണപൂവാണത്രേ.
കഴിഞ്ഞ കുറെ കാലമായി ഞാന്‍ അറിയാതെ എന്നെ പിന്തുടര്‍ന്നിരുന്നവള്‍.....,
എന്നെ സ്നേഹിച്ചിരുന്നവള്‍.!!!!!!!
എന്‍റെ പോസ്റ്റ്‌ വൈകിയപ്പോള്‍ ആണ് അവള്‍ എന്നോട് മിണ്ടിയത്.
എനിക്ക് സുഖമല്ലേ എന്ന അവളുടെ ചോദ്യത്തിലെ സ്നേഹം ഞാന്‍ ഇപ്പോള്‍ ഒരുപാടറിയുന്നു.
എത്ര നിസ്വാര്‍ത്ഥമാണ് അവളുടെ സ്നേഹം.
(പറയാതെ വയ്യ,എനിക്ക് നിന്നോടുള്ളത് പോലെ.)
അവളെ ഞാന്‍ കണ്ടിട്ടേയില്ല.
എങ്കിലും ഓമനത്തമുള്ള ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവളെ ഞാന്‍ നെഞ്ചിലേക്ക് ചേര്‍ക്കുന്നു.
ഒരിക്കല്‍ എന്നെ കാണാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്.
അവള്‍ എനിക്ക് അച്ചുവിനെ പോലെ,അമ്മുവിനെ പോലെ ഒക്കെയാണ്.
കൂട്ടുകാരീ നിന്നോട് പറയട്ടെ നീയെനിക്ക് ഒരു മഞ്ഞു തുള്ളിയെ പോലെയാണ് .
ആ നിഷ്കളങ്കതയും,പരിശുദ്ധിയും നിറഞ്ഞ നിന്നെ മറ്റെന്തു വിളിക്കാന്‍!!!!!!!!!!!
എന്‍റെയീ വാക്കുകള്‍ ഈ പോസ്റ്റ്‌ ഇത് നിനക്ക് വേണ്ടി മാത്രം.
എല്ലാവരോടും നന്ദി പറയാന്‍ നീയാണെന്നെ ഓര്‍മ്മിപ്പിച്ചത്.

ബ്ലോഗിലൂടെ വീണപൂവിനെ കാണാത്ത ഒരു കൂട്ടുകാരിയെ കിട്ടി.
അവള്‍ക്കു മുന്നില്‍ മാത്രമാണ് ഞാന്‍ എന്നെ കാണിച്ചത്.
അവളുടെ സ്നേഹം,സൗഹൃദം ഒക്കെ വളരെ പെട്ടെന്നാണ് എന്നില്‍ വേരുകള്‍ ആഴ്ത്തിയത്.
അതെന്നെ ഇപ്പോഴും ആശ്ചര്യപ്പെടുത്തുന്നു.
ഇന്ന്അവള്‍ക്ക് എന്നെ ,എന്നെക്കാള്‍ നന്നായി അറിയാം.
എന്‍റെ മൌനത്തിന്‍റെ നോവറിയാം.
അവളോടും നന്ദി പറയുന്നു.
എന്നെ ഇത്രയേറെ സ്നേഹിക്കുന്നതിന്............
നിറമാര്‍ന്ന ദിനങ്ങള്‍ നമുക്കായി ഇനിയും ഏറെയുണ്ടാവട്ടെ!!!!!

ഏറെ സ്വാധീനിച്ച ബ്ലോഗുകള്‍ ഇനിയും ഏറെയുണ്ട്.
പ്രണയവും,മഴയും,മാതൃസ്നേഹവും നിറയുന്ന,പ്രകൃതിയെ വര്‍ണ്ണിക്കുന്ന,
മനസിന്റെ വിവിധ തലങ്ങള്‍ നിറയുന്ന കഥകള്‍ ഉള്ള,യാത്രാ വിവരണങ്ങള്‍ഏറ്റവും ഭംഗിയായി പറയുന്ന,
ഒരൊറ്റ പോസ്റ്റുകൊണ്ട് ഏറെ കൊതിപ്പിച്ച ....................
അങ്ങനെ പല ബ്ലോഗുകള്‍ ...............

വായന ഇപ്പോള്‍ ഈ പെട്ടിക്കുള്ളില്‍ ഒതുങ്ങി.
എന്‍റെ ലോകവും.
ചിലപ്പോഴൊക്കെ നിന്നില്‍ മാത്രമായും...!!!!

ഈ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങിയത് രണ്ടാഴ്ച മുന്‍പാണ്.
ഇന്നാണ് പോസ്റ്റാന്‍ കഴിഞ്ഞത്.
പേര് പറഞ്ഞു നന്ദി അറിയിക്കുന്നില്ല ആരെയും.
ഏറ്റവും ലളിതമായി പറയുന്നു ഞാന്‍ എന്‍റെ നന്ദി.
ഇതിലെ വന്നവരോടോക്കെ ........
എല്ലാവരോടുമെന്റെ സ്നേഹം അറിയിക്കുന്നു.
അറിഞ്ഞു കൊണ്ടല്ലെങ്കിലും ആരെയെങ്കിലും എന്‍റെ വാക്കുകള്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

വീണപൂവിലെ അവസാന പോസ്റ്റ്‌ ആവണം ഇതെന്ന് കരുതിയിരുന്നു.
മോശമെന്ന് പറയിപ്പിക്കുന്നതിനു മുന്‍പേ അവസാനിപ്പിക്കല്‍..
പക്ഷെ അങ്ങനെ നിര്‍ത്താന്‍ പറ്റുന്ന ഒന്നല്ല എനിക്കിതുമായുള്ള ബന്ധം എന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു.
ഒരിക്കല്‍ ഒരാള്‍ കമന്റ്‌ ഇട്ടിരുന്നു.
ഇത് ഈ ബ്ലോഗ്‌ നിന്‍റെ ചങ്ങാതിയാണ്.
നീ പറയുന്നത് മുഴുവനും കേട്ട് കൊണ്ടിരിക്കുന്ന,നിനക്കെന്തും പറയാന്‍ പറ്റുന്ന,നിന്‍റെ മാത്രം ചങ്ങാതി.
അങ്ങനെയെങ്കില്‍ എങ്ങനെ നിന്നെ ഞാന്‍ ഉപേക്ഷിക്കും..................അല്ലെ???????

Sunday, July 8, 2012

ഒരു പൊട്ട പോസ്റ്റ്‌.. അല്ലെ ????


....ന്നാല്‍ ഈ ഫേസ് ബുക്ക്‌ ആള് കേമന്‍ തന്നെട്ടോ.
ഈ നോസ്ടാല്‍ജിയ കൂട്ടാന്‍ ഓരോരുത്തര് ഓരോന്നും കൊണ്ട് പോസ്റ്റും അതില്‍..
ഈയിടെ ഒരു പടം കിട്ടി.
പല്ലാങ്കുഴി പലകയുടെ.
പണ്ട് എന്‍റെ സ്ഥിരം കളി ആയിരുന്നു അത്.
കൂടാന്‍ വല്യമ്മയും ഉണ്ടായിരുന്നു.
പലകയ്ക്ക് പകരം കടലാസ്സില്‍ വരച്ചിട്ടായിരുന്നു ആണ് കളിച്ചിരുന്നത്.
രണ്ടാള്‍ക്കെ കളിയ്ക്കാന്‍ പറ്റൂ.
ഒരാള്‍ക്ക്‌ ഏഴു കളം.
പിന്നെ രണ്ടു കോമണ്‍ കളം.
മൊത്തം പതിനാറു കളംസ്.
അവനോന്റെ കളങ്ങളില്‍ ഏഴു വീതം വെക്കണം.
ഞാന്‍ മഞ്ചാടിക്കുരുവോ,പുളിങ്കുരുവോ ആണ് എടുത്തിരുന്നത്.
ആദ്യത്തേതില്‍ നിന്ന് ഏഴും എടുത്ത് ഓരോന്ന് ഓരോ കളത്തില്‍ വെക്കണം.അങ്ങനെ വെച്ച് വരുമ്പോള്‍ അടുത്ത കളം കാലിയാണെങ്കില്‍ തൊട്ടടുത്ത കളത്തിലെ മുഴുവനും കിട്ടും.
അങ്ങനെ അങ്ങനെ വല്യ സംഭവാണ്‌ ഈ കളി.
പണ്ട് പാര്‍വതിദേവി ശിവ ഭഗവാനോടൊപ്പം കളിച്ചിരുന്നുവത്രേ ഈ കളി.
ഈ ദൈവങ്ങള്‍ക്ക് കളിക്കാനൊക്കെ സമയണ്ടാവുമോ ?????
ഞാന്‍ എന്നോട് തന്നെ ചോദിക്കാറുള്ള ചോദ്യങ്ങളില്‍ ഒന്ന്.
ഉത്തരം പതിവുപോലെ "ആ........ആര്‍ക്കറിയാം!!!!!!"
എന്‍റെ കൂടെ കളിക്കാന്‍ ബിന്ദു അച്ചോള്‍ പഠിപ്പിച്ചിരുന്ന ഷാനവാസേട്ടനും വരുമായിരുന്നു.
കള്ളക്കളി കളിച്ച് എന്നോട് തല്ലു കൂടും.
എന്നെ "ഉംസ്" ന്നായിരുന്നു വിളിച്ചിരുന്നെ.
പുള്ളി ഇപ്പൊ വല്യ ബിസ്സിനസ്സ്കാരനായി.

കാലങ്ങള്‍ക്ക് ശേഷം ആ കളിയുടെ ചിത്രം കണ്ടപ്പോള്‍ ആ ദിവസങ്ങളെ ഓര്‍ത്തു.
ഷാനവാസേട്ടനെ ഓര്‍ത്തു.
ഉംസ് എന്നാണു ബിന്ദു അച്ചോള്‍ മൊബൈലില്‍ എന്‍റെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത്.
നല്ലോം കുഞ്ഞായിരുന്നപ്പോള്‍ ഉമ്മാച്ചു,ഉമ്മുഖുല്‍സു ന്നൊക്കെ വിളിക്കാറുണ്ട് ചേച്ചിമാരോക്കെ.
ഉമ്മുഖുല്സുനു വിളിക്കുമ്പോള്‍ എനിക്ക് തോന്നും ഞാന്‍ ഒരു ഉമ്മക്കുട്ടിയാന്നു.
"തെക്കോ തെക്കൊരിക്കല്‍"" " എന്ന പാട്ടിലെ.
അച്ചൂനും,അമ്മയ്ക്കും ഏറെ ഇഷ്ടാണ് ആ പാട്ട്.
എന്തൊരു നിഷ്കളങ്കതയാണ് ആ പാട്ടിനും,അതിലെ കുട്ടികള്‍ക്കും.

വീണ്ടും ഗുരുവായൂര്‍ക്ക് പോയി.
ഒരു വെള്ളിയാഴ്ച വൈകുന്നേരം.
കണ്ണനെ ഈ തവണയും കണ്ടു .
എന്തൊരു ഭംഗിയാണ് കാണാന്‍.
കൊടുക്കുന്ന വെണ്ണയും,പഞ്ചാരയും,പായസവും ,കദളിപ്പഴവും ഒക്കെ കഴിച്ച് കഴിച്ച് കണ്ണന്‍ നല്ലോം വണ്ണം വെച്ചു.
ഇത്ര ചെറുപ്പത്തിലെ ഷുഗറും,കൊളസ്ട്രോളും വരുത്തണോന്നു ചോദിച്ചു ഞാന്‍...
അപ്പൊ ന്നെ നോക്കി ഒരു ചിരി,ഒരു രസല്ലേ ന്നു ചോദിച്ചോണ്ട് അച്ചു ചിരിക്കുന്ന പോലെ.....
ഗണപതിക്ക്‌ ചന്ദനം ചാര്‍ത്തിയത് നല്ല ഭംഗീണ്ടായിരുന്നു.
കൃഷ്ണ തുളസിയിലയും,തെച്ചിപൂവും,അരച്ച ചന്ദനവും പ്രസാദമായി കിട്ടിയപ്പോള്‍ ആ വിശുദ്ധിയില്‍ എന്‍റെ മനസും അലിഞ്ഞു ചേര്‍ന്നു.
എന്‍റെ മനസും മറ്റൊരു പൂവായി കണ്ണന് നേദിക്കാനായി ആ മുന്നിലേക്ക്‌ വച്ചു.
പ്രസാദം തന്നപ്പോള്‍ ശാന്തിക്കാരന്‍ എന്‍റെ കഴുത്തിലെ ചെറുതാലി നോക്കി ചോദിച്ചു എവ്ടത്ത്യാ?ന്ന്.
സ്ഥലം പറഞ്ഞു.
ഒന്ന് രണ്ടു ഇല്ലങ്ങള്‍ടെ പേര് പറഞ്ഞ് അതറിയുമോന്നു ചോദിച്ചു.
അറിയുംന്നു പറഞ്ഞു.

പുറത്തിറങ്ങിയപ്പോള്‍ കണ്ണന്‍ മഴയായി എനിക്ക് മുന്നില്‍..............................
കണ്ടാലും മതി വരാത്ത കാഴ്ച.
കൂവള മരത്തില്‍ മഴ പെയ്യുന്ന നോക്കി കുറെ നേരം ഇരുന്നു.
അതിനപ്പുറത്ത് കണ്ണനെ പോലെ തന്നെ വണ്ണം വെച്ച ഒരു ആനയും നിന്നിരുന്നു.
മഴ നനയുന്ന രസത്തിലായിരുന്നു ആന.
മഴ ഇഷ്ടമില്ലാത്തതായി ആരും തന്നെ ഇല്ല എന്ന് ഞാന്‍ ഓര്‍ത്തു.
മഴ എല്ലാര്‍ക്കും സ്വന്തമാണ്.
എല്ലാവരും പറയുന്നു മഴയെ-എന്‍റെ ,എനിക്കായി,എന്നൊക്കെ.
ഞാനും.
മഴയില്‍ എല്ലാവരും സ്വാര്‍ത്ഥരാണ്.
മഴയെ പ്രണയിക്കാന്‍ ഒരു മത്സരമാണ്.
മഴ ആരെയാവും പ്രണയിക്കുന്നത്‌.?????????

ഞാന്‍ മഴയെ പ്രണയിക്കുന്നത് നിന്നെ ഓര്‍ക്കുമ്പോള്‍ ആണ്.
നീ എന്നില്‍ നിറയുമ്പോള്‍ ആണ്.
ഞാന്‍ നിന്നെ പ്രണയിക്കുന്നത് മഴ പോലെയും.
മഴ കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട് എന്‍റെ പ്രണയം അതിന്‍റെ പാരമ്യത്തിലെത്തിയെന്നു.
മഴ എന്താന്നു ചോദിച്ചാല്‍ എന്‍റെ ഉത്തരം ചിലപ്പോ അങ്ങനെ ആയിരിക്കും.

മഴയിലൂടെ ഞാന്‍ വീണ്ടും നിന്നിലേക്കെത്തി.
എനിക്ക് മുന്നില്‍ ഒരു മഴയായി ദാ നീയും .

പണ്ട് ബിന്ദു അച്ചോള്‍ടെ കഴുത്തില്‍ ചെറുതാലി കാണുമ്പോള്‍ ഞാന്‍ ചോദിക്കും എനിക്കൊന്നു ഇടാന്‍ തരുമോന്ന്.
എനിക്കത്ര ഇഷ്ടമുള്ള ഒന്നായിരുന്നു അത്.
അന്തര്‍ജനങ്ങളെ അത് ധരിക്കുമായിരുന്നുള്ളൂ.
പെണ്‍കൊട കഴിയാത്ത കുട്ട്യോള്‍ ഇടാന്‍ പാടില്ല.
സ്വര്‍ണ ചരടില്‍ നിറയെ താലികള്‍ കോര്‍ത്ത ഒരു മാലയാണ് ചെറു താലി.
താലി വിവാഹിതകള്‍ അല്ലെ ധരിക്കുക.
അതുകൊണ്ടാണ് അങ്ങനെ പറയുന്നത്.
അതിടാന്‍ വേണ്ടി മാത്രം വേളിയാവാന്‍ മോഹിച്ചിരുന്നു അന്നൊക്കെ.
മുണ്ടും വേഷ്ടിയും,ഇല ക്കുറിയും,ദശപുഷ്പവും,മൂന്നും കൂട്ടി ചുവപ്പിച്ച ചുണ്ടുകളും.
ആഹാ.......!!!!!എനിക്കിഷ്ടമാണ് അങ്ങനെ നല്ല അസ്സല് ആത്തെമ്മാരാവാന്‍.......
അതുകൊണ്ട് തന്നെ തിരുവാതിരയാണ് എനിക്ക് ഏറ്റോം പ്രിയപ്പെട്ടതും.
ഇത്തരം പഴമകളെ എനിക്കിഷ്ടമാണ് സ്വന്തമാക്കാന്‍.
എന്‍റെ ഈ പഴമ പ്രേമം കാണുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് ഞാന്‍ വീ ടി ആ പ്രശസ്ത നാടകം എഴുതുന്നതിനു മുന്‍പ് ജനിക്കേണ്ട ആളായിരുന്നു എന്ന്.

വെളുത്ത നൂലില്‍ കോര്‍ത്ത അഞ്ചു മണികളും രണ്ട് താലികളും ചേര്‍ന്നതാണ് അന്തര്‍ജനങ്ങളുടെ താലി.
അച്ഛന്‍ വേളി കഴിപ്പിച്ചു കൊടുക്കുക എന്ന സങ്കല്‍പ്പത്തില്‍ അച്ഛന്‍ ആണ് കുട്ടീടെ കഴുത്തില്‍ താലി കെട്ടുക.
ഉണ്ണി കുട്ടീടെ കൈ പിടിക്കുക എന്നതാണ് പ്രധാനം വേളിയില്‍..
പാണിഗ്രഹണം.
കൈ പിടിച്ച് ഏഴു വലം വെക്കുമ്പോള്‍ ഓരോന്നിനും ഓരോ മന്ത്രങ്ങള്‍ ഉണ്ട്.
ഓരോന്നിന്റെയും അവസാനം "സഹധര്‍മം ചരത" എന്ന് പറയും.
എത്ര മനോഹരമായ ഒന്നാണ് അത്.

പണ്ടൊക്കെ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഒന്നായിരുന്നു വേളി.
പിന്നെ നാലായി.
അച്ഛമ്മേടെ അങ്ങനെ ആയിരുന്നു.
മറക്കുട ചൂടി അലക്കിയ മുണ്ട് കൊണ്ട് മുഖം മറച്ച് .....അങ്ങനെയൊക്കെ.
(അഗ്നിസാക്ഷി,പരിണയം ഒക്കെ ഓര്‍മ്മ വരുന്നു ഇപ്പോള്‍.) )...)
ഇപ്പൊ പിന്നേം വെട്ടി കുറച്ചു.
ഒരു ദിവസമാക്കി.
തലേന്ന് അയനിയൂണ്,പിറ്റേന്ന് വേളി,അന്ന് തന്നെ കുടിവയ്പ്പ്,നാലാം ദിനം മൊതക്കുടി.
ആദ്യമായി കാണുന്നവര്‍ക്ക് വളരെ രസം തോന്നുംട്ടോ.
നല്ല രസമാണ്.

തലേന്ന് രാവിലെ വധുവിനും വരാനും ഉണ്ടാവും അവരവരുടെ ഇല്ലത്ത് ഐനൂണ്.(ഷോര്‍ട്ട് ഫോം.)
നടുക്ക് വധു/വരന്‍ ഇരിക്കും.ഇരു വശത്തും രണ്ടു കുട്ടികള്‍...
മുതിര്‍ന്നവര്‍ വന്നു വാല്‍ക്കണ്ണാടിയുടെ തുമ്പ് കൊണ്ട് എണ്ണയൊഴിച്ച് കൊടുക്കും.നെറുകയില്‍.
ആര്‍പ്പും,കുരവയുമായി,വിളക്കും,അഷ്ടമംഗല്യവും പിടിച്ച് കുളിക്കാന്‍ പോവും.
അന്ന് കുളങ്ങള്‍ ആയിരുന്നല്ലോ.
ഇപ്പൊ വീടിയോക്കുള്ള ഷൂട്ടിംഗ് സീനുകള്‍ ആയി അതൊക്കെ.
അതിനു ശേഷം വിളക്കിനു മുന്നില്‍ വന്നിരിക്കും.
കണ്ണെഴുതി,പൊട്ടു തൊട്ട്,ദശപുഷ്പം വെച്ച് സ്വര്‍ണമിട്ട് ഒരുങ്ങും.
പിന്നെ ഊണ് കഴിക്കും.
നാലും വെച്ചുള്ള സദ്യ.
പിന്നെ അന്നത്തെ ദിനം ഊണില്ല.
ഭക്ഷണമെയില്ല.
ഒരിക്കലൂണ് എന്ന രീതി.
അതിനു ശേഷം തിരുവാതിര കളിക്കാം.
പിന്നെ ആയിരം തിരി തെറുക്കല്‍.,പാര്‍വതി സ്വയംവര കീര്‍ത്തനം പാടി കൊണ്ട് വേണം.
സുമംഗലികള്‍ ഒക്കെ കൂടും തിരിയുണ്ടാക്കാന്‍..
ഈ ആയിരം തിരികള്‍ കൂട്ടിക്കെട്ടി ഒരു വലിയ തിരി പോലെ ആക്കും.
അത് കത്തിച്ച് പിറ്റേന്ന് ഒരു നായര് സ്ത്രീ വരാന് പിന്നില്‍ കത്തിച്ച് ഉഴിയും.
അതിനെ പറയുന്ന പേരാണ് പാനക്കുടം ഉഴിയുക എന്ന്.

അതിനു ശേഷം അഭിവാദ്യം.
ആദ്യം അച്ഛന്‍റെ,പിന്നെ മറ്റുള്ളവരുടെ,ഒടുക്കം അമ്മയുടെ.
അമ്മയ്ക്ക് ശേഷം മറ്റാരുടെം കാലു തൊട്ട് വന്ദിക്കാന്‍ പാടില്ല.
പിറ്റേന്ന് വേളി.
അത് കഴിഞ്ഞാല്‍ കുടിവയ്പ്പ്.
വരന്‍റെ ഇല്ലത്തേക്ക് പോവുന്നത്.
ചെന്ന് കഴിഞ്ഞാല്‍ വരന്‍റെ അമ്മ അപ്പവും അടയും നേദിക്കും.
ചെറിയ ആണ്‍കുട്ടിയെ മടിയില്‍ ഇരുത്തി വധുവും അമ്മയ്ക്കൊപ്പം കൂടും നേദിക്കാന്‍ .
നേദിക്കല്‍ കഴിഞ്ഞാല്‍ ഉണ്ണികള്‍ അപ്പമെടുക്കാന്‍ ഓടി വരും.
പിന്നെ പാലും പഴവും കൊടുക്കും വരനും വധുവിനും മുതിര്‍ന്നവര്‍..,അത് കഴിഞ്ഞാല്‍ തിരുവാതിര കളിക്കും.
ചിലയിടത്ത് കൂടുതല്‍ ചടങ്ങുകള്‍ ഉണ്ടാകും.
ഓരോരുത്തരുടെ സൗകര്യം അനുസരിച്ച് കൂട്ടുന്നു,കുറക്കുന്നു.
പണ്ടൊക്കെ ഇതെല്ലാം ഒന്നൂടെ വിസ്തരിചോണ്ട്ആയിരുന്നു.
എനിക്കിഷ്ടാണ് ഇതൊക്കെ അതിന്റേതായ രീതിയില്‍ ചെയ്യാന്‍.
അച്ചൂന്റെ വേളി പഴയ കൂട്ട് എല്ലാ ക്രിയകളോടും(ചടങ്ങുകളെ അങ്ങനെയാണ് പറയുക.) കൂടി നടത്തണം.
ഒരു രസം.
അച്ചൂന്റെ വേളിക്കു എല്ലാരേം വിളിക്കാംട്ടോ.
വന്നേക്കണം.

വിചാരിച്ചതൊന്നും അല്ല പറഞ്ഞു വന്നത്.
ആ.......ഇനിയിപ്പോ പോട്ടെ.
ഈ പോസ്റ്റ്‌ ഇങ്ങനെ മതി.
എനിക്ക് വയ്യ വെട്ടാനും,തിരുത്താനും.
ഇതിപ്പോ എവിടെ ചെന്ന് അവസാനിപ്പിക്കണം എന്ന് അറിയാതായീലോ ഗുരുവായൂരപ്പാ......!!!!!

ഈ വഴി വരുന്നവരുടെ ശ്രദ്ധയ്ക്ക്,
വായിച്ചു മടുക്കുന്നതിനു ചീത്ത പറഞ്ഞു പോവല്ലേ.
ഒരു തല്ലിപ്പൊളി പോസ്റ്റ്‌ ആയി പോയി.
ക്ഷമി...!!!!!!!













Thursday, July 5, 2012

നിന്നോട് പറയാനുള്ള വിശേഷങ്ങള്‍................!!!!!!!!

മുന്നില്‍ പെയ്യുന്ന മഴയെ നോക്കി കാറിനുള്ളില്‍ ഞാന്‍ ഇരുന്നു.

"ദേവീ ആത്മരാഗമേകാം............" എന്ന അതിമനോഹരമായ പാട്ട് കേട്ട് കൊണ്ടുള്ള യാത്ര ഏറെ സുഖമായിരുന്നു.

ഒരുപാടു പ്രിയമുള്ള ചിത്രമാണ് ഞാന്‍ ഗന്ധര്‍വന്‍.

ആ ഒരു ഫാന്റസി തന്നെയാണ് അതില്‍ ഏറെ ഇഷ്ടമായത്.

ഗന്ധര്‍വന്‍റെ പ്രണയം.

പിന്നെ ചില സീനുകള്‍,സംഭാഷണങ്ങള്‍,പാട്ടുകള്‍,അങ്ങനെയൊക്കെ.

മുറിയില്‍ എത്തുന്ന മിന്നാ മിനുങ്ങിനെ കണ്ടു കൊതിക്കുമ്പോള്‍ അവള്‍ക്കു ചുറ്റും ഒരായിരം മിന്നാ മിനുങ്ങുകളുടെ വെളിച്ചം നിറയ്ക്കുന്ന ഗന്ധര്‍വനെ ഏതു പെണ്ണാ മോഹിക്കാത്തത്!!!!!!!

പ്രണയം എത്ര മനോഹരമാണ്!!!!ഞാന്‍ ഓര്‍ത്തു.


നിന്നെ കുറിച്ചെഴുതാന്‍ വാക്കുക്കളെ കാത്തു കൊണ്ടിരിക്കുമ്പോള്‍ വന്നെത്തിയത് ദാ ഒരു മഴയാണ്.

അടഞ്ഞ വാതിലിന്‍ വിടവിലൂടെ,മഴയുടെ ശബ്ദം മുട്ടി വിളിക്കുന്നു.

ഞാറ്റുവേല മഴയുടെ ശക്തിയില്ലെങ്കിലും മഴ പെയ്തിരുന്നു പലപ്പോഴായി............
കാത്തിരുന്നും,നോക്കിയിരുന്നും,കളിക്കാന്‍ കൂടിയും ഒടുക്കം പനി പിടിച്ചു.
മഴയുടെ സമ്മാനമല്ലേ!!!!
ഇഷ്ടത്തോടെ വാങ്ങി.

ഒരു വിളിക്കപ്പുറം എനിക്കൊപ്പം മറ്റൊരാള്‍ കൂടി മഴയില്ലാത്ത നാട്ടിലിരുന്നു ഈ മഴ അറിയുന്നുണ്ട്.
കാണുന്നുണ്ട്.
അനുഭവിക്കുന്നുണ്ട്.
"നിന്നിലൂടെ ഈ മഴ നനയാന്‍ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു"വെന്ന് അവന്‍ പറഞ്ഞപ്പോള്‍ അവനു വേണ്ടി ഞാന്‍ ഒരു മഴയാവാന്‍
ശ്രമിക്കുകയായിരുന്നു.
മുറ്റത്തെ മഴ നനഞ്ഞ എല്ലാ പൂക്കളുടെം ചിത്രങ്ങള്‍ എടുത്തു.
അവനെ കാണിക്കാന്‍.,അവനെ കൊതിപ്പിക്കാന്‍........................
ഇലകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഒരു വെള്ള ചെമ്പകം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു "നിന്‍റെ പ്രണയം ഈ പൂവ് പോലെ എത്ര നിര്‍മ്മലമാണെന്ന്...."
കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.
അവനോടു പറഞ്ഞു.
ഇത് എന്‍റെ പ്രണയമാണ്.

കൈകുടന്നയില്‍ പവിഴമല്ലി പൂക്കള്‍ നിറച്ചു പിടിച്ച ചിത്രം കണ്ടപ്പോള്‍ അവന്‍ ചോദിച്ചു, "എന്‍റെ പെണ്ണെ നിക്കെന്താ വട്ടാണോ" എന്ന്.
ചിരിയോടെ ഞാന്‍ പറഞ്ഞു ഇത് നിനക്കാണ്.

മനസ്സില്‍ സൂര്യനെ പോലെ ജ്വലിക്കുന്ന പ്രണയവും കൊണ്ട് നീ വരുമ്പോള്‍...................
അപ്പോള്‍ നിന്‍റെ മേല്‍ ഞാന്‍ ഈ പവിഴമല്ലി പൂക്കള്‍ വര്‍ഷിക്കും.
കാല്‍ വിരല്‍ നിലത്തൂന്നി ഞാന്‍ ഒന്നുയര്‍ന്നു നിന്‍റെ നെറ്റിയില്‍ ഉമ്മ വെക്കും.
അപ്പോള്‍ ഒഴിഞ്ഞു കിടന്നിരുന്ന എന്‍റെ കാതുകളില്‍ നീ രണ്ടു പൂക്കള്‍ എടുത്ത് കമ്മല്‍ പോലെ ഒട്ടിച്ചു വെക്കണം.
പിന്നെ ഒരു പൊട്ടു പോലെ നെറ്റിയില്‍,
ഒടുവില്‍ ഒന്നെടുത്ത് എന്‍റെ തലമുടിയിഴകളില്‍ തിരുകിയും വെക്കണം.

നീ വരുമ്പോള്‍ മഴയുണ്ടാവുമോ??????
അറിയില്ല.
ഉണ്ടാവണം എന്നാഗ്രഹിക്കുന്നു.
എങ്കിലല്ലേ മഴ നനഞ്ഞുകൊണ്ട് നിന്നെ കാത്തു നില്‍ക്കാന്‍ എനിക്ക് സാധിക്കൂ!!!
എങ്കിലല്ലേ ഒരു കുടക്കീഴില്‍ എന്നോ............. ഒന്നായ മനസുള്ള നമുക്ക് ഒരു ശരീരമായും നടക്കാന്‍ സാധിക്കൂ!!!
മഴ തുള്ളികള്‍ പതിച്ച എന്‍റെ മുഖത്ത് നീ നല്‍കുന്ന ഇളം ചൂടുള്ള ചുംബനത്തിന്റെ സുഖം അപ്പോഴല്ലേ അറിയാന്‍ സാധിക്കൂ!!!

(മഴയോട് പറയട്ടെ,
ഒരു തിരിമുറിയാ പെയ്ത്ത് നീ അന്ന് പെയ്യണം.
അതിനായി ഇപ്പോള്‍ പെയ്തില്ലെങ്കിലും എനിക്ക് വേണ്ടില്യാ.....)

ഇപ്പോള്‍ ഒരു മോഹം.
ഒരു സൈക്കിളില്‍ അല്ലെങ്കില്‍ ഒരു ബൈക്കില്‍ മഴ നനഞ്ഞുകൊണ്ട് നമുക്കൊരു യാത്ര പോണം.
(അപ്പോള്‍ മുഖത്ത് പതിക്കുന്ന മഴ തുള്ളികള്‍ കാറ്റിലൂടെ വന്നു നല്‍കുന്ന വേദന എന്നെ ചിരിപ്പിക്കാരുണ്ട്.
മഴ തുള്ളികളും വേദനിപ്പിക്കുന്നോ എന്നോര്‍ത്ത്.)

കാട്ടില്‍ പെയ്യുന്ന മഴ കാണാന്‍,
മഴ ബാക്കി വെച്ചത് ഇരുവശത്തുമുള്ള മരങ്ങള്‍ പെയ്യിക്കുന്ന വഴിയിലൂടെ ..............
കടലില്‍ പെയ്യുന്ന മഴ കാണാന്‍ നനഞ്ഞ മണലിലൂടെ ............ .
ഞാറു നിറഞ്ഞ പാടങ്ങളില്‍ പെയ്ത മഴയില്‍ നനഞ്ഞ കൊറ്റികള്‍ കൂട്ടത്തോടെ പറന്നു പൊങ്ങുന്നത് കാണാന്‍,
പാടവരമ്പിലൂടെ ............
ഒക്കെ നമുക്ക് പോവണം.
നിന്നോടൊപ്പം കാണാന്‍ എനിക്കെത്ര മഴക്കാഴ്ചകള്‍ ആണ് ഇനിയും ബാക്കിയുള്ളത്!!!


(കാര്‍മേഘത്തിനിടയിലൂടെ വരാന്‍ ശ്രമിക്കുന്ന സൂര്യന്‍റെ കുഞ്ഞു വെളിച്ചം നീ കണ്ടിട്ടില്ലേ?
കവുങ്ങുകള്‍ക്കിടയിലൂടെ,തെങ്ങോലകള്‍ക്കിടയിലൂടെ, മാവിന്‍ കൊമ്പുകള്‍ക്കിടയിലൂടെ അത് കാണാന്‍ എന്ത് രസമാണെന്നോ!!!!!
അത് കാണുമ്പൊള്‍ മനസ്സില്‍ തോന്നുന്ന വികാരം എന്താണെന്ന് എനിക്കിനിയും മനസിലായില്ല.
ദൈവത്തിന്റെ അടയാളം,പ്രകാശം എന്നാണ് ഞാന്‍ അത് കാണുമ്പോള്‍ എന്നോട് തന്നെ പറയാറുള്ളത്.)

നിന്നോട് പറയാന്‍ ഇനിയും വിശേഷങ്ങള്‍ ഏറെയുണ്ട്.
തോട്ടം മുഴുവനും മുക്കുറ്റി നിറഞ്ഞു.
പൂക്കള്‍ തല പൊക്കി നോക്കി തുടങ്ങിയിരിക്കുന്നു.
പടിക്കല്‍ മുഴുവനും നിലപ്പനയും.
നിലപ്പനയിലെ കുഞ്ഞു മഞ്ഞ പൂക്കള്‍ക്കെന്തു വിശുദ്ധഭാവമാണ്!!!!
"ഒരു കര്‍ക്കിടകം വീണ്ടും എത്താറായി ആത്തെമ്മാരെ" എന്ന് പറയുന്നു അവരൊക്കെ എന്നോട്.
നിനക്കറിയാമോ എനിക്കേറെ ഇഷ്ടമാണ് എന്നെ അങ്ങനെ വിളിക്കുന്നത്‌...
അമ്പലമുറ്റം മുഴുവനും കറുക നിറഞ്ഞു.
കറുക തുമ്പിലെ മഴ തുള്ളികള്‍,പ്രഭാതത്തിലെ മഞ്ഞു തുള്ളികള്‍ ഒക്കെ കാലുകളില്‍ തൊടുമ്പോള്‍
എന്നില്‍ വീണ്ടും വീണ്ടും പ്രകൃതിയോടുള്ള(ഒപ്പം നിന്നോടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.) പ്രണയം നിറയാരുണ്ട്.
അമ്പലക്കുളത്തിലെ വെള്ളം ഇപ്പോള്‍ ഒരു ഇളം നീല നിറമായിരിക്കുന്നു.
അതില്‍ നിറയെ പരല്‍ മീനുകളും ഉണ്ട്.
(അതിനേം കൂടി ഓടിച്ചിട്ടേ ഞാന്‍ ഒന്ന് കാലു കഴുകന്‍ പോലും ഇറങ്ങൂ...എനിക്ക് പേടിയാ മീനിനെ.)
പടവുകളില്‍ ഇരുന്നു നിന്നെ സ്വപ്നം കണ്ടു ചിരിക്കാന്‍ മനസ് മോഹിക്കുന്നു അവിടെയെത്തുമ്പോള്‍..
പാടത്തിനു അരികില്‍ വെള്ളിലംതാളി പടര്‍ന്നു നില്‍ക്കുന്നുണ്ട്.
നിറയെ വെളുത്ത ഇലകള്‍ കൊണ്ടും,ഓറഞ്ച് നിറമുള്ള പൂക്കള്‍ കൊണ്ടും.
അതൊക്കെ കണ്ടപ്പോ അച്ഛമ്മേ ഓര്‍ത്തുട്ടോ .
അപ്പൊ സങ്കടം വന്നു.

ആ......പിന്നേയ് ഇവിടെ ഒരു അമ്മപ്പൂച്ചേം,കുട്ടിപ്പൂച്ചേം എത്തിയിട്ടുണ്ട്.
മഴ പെയ്യുമ്പോള്‍ പിന്നിലെ മേശപ്പുറത്തു വന്നു കിടക്കും.
മഴയില്ലാത്ത ഒരു പകലില്‍ നോക്കുമ്പോള്‍ അമ്മ പഠിപ്പിക്യാണ് കൊച്ചിനെ.
പിന്നിലെ ഇരുമ്പാംപുളിയുടെ മരത്തില്‍ കേറി അതിലൂടെ ഓടുംപുറത്തു കേറാന്‍..
ഞാന്‍ അതും നോക്കി കൊറേ നേരം ഇരുന്നു.
പിന്നെ ഒരു കുന്നന്‍ വാഴ കൂടി കുലച്ചു.
കുടപ്പനിലെ തേന്‍ കുടിക്കാന്‍ ഇന്ന് സന്ധ്യക്കും കൂടി ഒരു വല്യ വവ്വാല് വന്നു.
എനിക്ക് പേടിയാണ് വവ്വാലിനെ.
ന്നാലും ഞാന്‍ വാതിലിന്‍റെ പിന്നില്‍ വന്നു നിന്ന് എത്തി നോക്കി.
എല്ലാരും ന്നെ കളിയാക്കി അതും പറഞ്ഞ്.
അത് സാരല്യ നിക്ക് പേടിയായിട്ടല്ലേ!!!!!

പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ പങ്കു വെക്കാന്‍ ഇനിയുമുണ്ട്.
കാതോര്‍ത്തിരിക്കാന്‍ നീയുണ്ടെന്ന അറിവ് എന്നെ പ്രണയിനിയാക്കുന്നു.
നിറമുള്ള സ്വപ്‌നങ്ങള്‍ കൊണ്ട് നീയെന്റെ നിദ്രയുടെ പടിവാതില്‍ക്കല്‍ നില്‍പ്പുണ്ട്.
ഇനി നീയും ഞാനും മാത്രം...!!!!!!!!!!